നമ്മുടെ ഫെഡറൽ വ്യവസ്ഥയുടെ നട്ടെല്ലാണ് ധനകാര്യ ഫെഡറലിസം എന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് ധന കെെമാറ്റവുമായി ബന്ധപ്പെട്ടുള്ളത് കേവലം സാങ്കേതികമായ ഒന്നല്ല. അത് നിഷ്പക്ഷതയുടെയും സ്വയംനിർണയത്തിന്റെയും ഇന്ത്യൻ ഫെഡറലിസത്തിന്റെ തന്നെ ഭാവിയുടെയും വിഷയമാണ്. നാം ഇന്നിവിടെ സമ്മേളിക്കുമ്പോൾ നമ്മുടെ ഭരണഘടനാ നിർമാതാക്കളുടെ ഇതേക്കുറിച്ചുള്ള വീക്ഷണം എന്തായിരുന്നുവെന്ന് വീണ്ടും വിലയിരുത്തേണ്ടത് അനിവാര്യമാണ്. കേന്ദ്ര –സംസ്ഥാന ബന്ധത്തിൽ അവരുടെ വീക്ഷണം എത്ര മാത്രം പ്രതിഫലിച്ചിട്ടുണ്ട് എന്നും നാം ഇപ്പോൾ എവിടെയാണ് എത്തിനിൽക്കുന്നത് എന്നും പരിശോധിക്കേണ്ടതുണ്ട്.
ധനക്കെെമാറ്റം സംബന്ധിച്ച ഭരണഘടനാ വീക്ഷണം
നമ്മുടെ ഭരണഘടനയ്ക്ക് രൂപംനൽകിക്കൊണ്ടിരുന്ന സമയത്തുതന്നെ, ഭരണഘടനാ നിർമാതാക്കൾ സംസ്ഥാനങ്ങളെ ശാക്തീകരിക്കുന്നതിന് ആരോഗ്യകരമായ ധനക്കെെമാറ്റം അനിവാര്യമാണെന്ന കാര്യത്തിൽ ആഴത്തിൽ അവബോധമുള്ളവരായിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും അവരവരുടേതായ മേഖലകളിൽ ശക്തമാകണമെന്നാണ് ഭരണഘടനാ നിർമാണസഭയിൽ നടന്ന ചർച്ചകളിൽ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ബി ആർ അംബേദ്കർ ഊന്നിപ്പറഞ്ഞത്. തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് വിഭവങ്ങൾ അനിവാര്യമാണ്. അതേക്കുറിച്ച് അംബേദ്കർ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ‘‘സംസ്ഥാനങ്ങളുടെ സ്വയംനിർണയാവകാശം യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ അധികാരങ്ങളും പരിമിതമായേ മതിയാകൂ. അതല്ലെങ്കിൽ അത് (കേന്ദ്ര സർക്കാർ) സംസ്ഥാനങ്ങളുടെ അധികാരത്തിനുമേൽ ആധിപത്യം സ്ഥാപിക്കാൻ ഇടയാക്കും.’’
അംബേദ്കറുടെ ഈ ഉൾക്കാഴ്ചയ്ക്ക് ഇന്ന് ഏറെ പ്രാധാന്യം കെെവന്നിരിക്കുകയാണ്. ധനവിഭവങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും ശരിയായ രീതിയിൽ പങ്കുവയ്ക്കണമെന്ന കാര്യമാണ് നമ്മുടെ ഭരണഘടനയുടെ അനുഛേദം 280 അടിവരയിട്ടുപറയുന്നത്. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, ഈ തത്വത്തിന് ശോഷണം സംഭവിക്കുന്നതിനാണ് സമീപ വർഷങ്ങളിലായി നാം സാക്ഷ്യം വഹിക്കുന്നത്. ധനകാര്യത്തിൽ സംസ്ഥാനങ്ങൾക്കുമേൽ കേന്ദ്രത്തിന്റെ വർദ്ധിച്ചുവരുന്ന അധീശത്വം മൂലം സംസ്ഥാനങ്ങൾക്ക് അവയുടെ വികസനലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ ധനവിഭവങ്ങൾ ലഭ്യമാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
കേന്ദ്ര നികുതികളിൽ
സംസ്ഥാനങ്ങളുടെ വിഹിതത്തിലെ ചോർച്ച
കേന്ദ്ര നികുതിയിൽ സംസ്ഥാനങ്ങളുടെ വിഹിതം 32 ശതമാനത്തിൽനിന്ന് 42 ശതമാനമായി പതിനാലാം ധനകാര്യകമ്മീഷൻ വർധിപ്പിച്ചു; സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു എന്ന പ്രതീതിയാണ് അതുളവാക്കിയത്. എന്നാൽ യാഥാർഥ്യത്തിൽനിന്ന് വളരെ അകലെയാണ് ഇത്. ഉപാധിരഹിത ഗ്രാന്റിൽനിന്ന് ഉപാധിയോടെയുള്ള ഗ്രാന്റിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ ക്രമീകരണമെന്ന് കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നു മാത്രമല്ല, സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളുമായി, സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട വർധിച്ച നികുതിയുടെ വിഹിതം തട്ടിക്കിഴിക്കപ്പെട്ടിട്ടുമുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ റവന്യൂ നികുതിയുടെ 28 ശതമാനത്തിലേറെയും സെസുകളും സർചാർജുകളുമാണ്. സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട നികുതി വിഹിതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
ചരക്കുസേവന നികുതി (ജിഎസ്ടി) എന്ന സമ്പ്രദായം കൊണ്ടുവന്നതുതന്നെ നികുതി ലളിതമാക്കുന്നതിനും സംസ്ഥാനങ്ങൾക്ക് അവയുടെ നികുതി വിഹിതം ശരിയായ രീതിയിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ്. എന്നാൽ ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ നിലവിലുള്ള താമസം മൂലം സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ദുരിതമാണ് നേരിടേണ്ടിവരുന്നത്; സംസ്ഥാനങ്ങൾക്ക് അവയുടെ ബജറ്റുകൾ ഫലപ്രദമായ രീതിയിൽ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും
ധനകാര്യ കമ്മീഷന്റെ
അവാർഡിലെ അനീതിയും
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 30 ശതമാനവും സംഭാവന ചെയ്യുന്നത് രാജ്യത്തിന്റെ ജനസംഖ്യയുടെ 19.6 ശതമാനമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണ്. ജനസംഖ്യ കുറയ്ക്കുന്നതിൽ ഗണ്യമായ വിജയം നേടാൻ കഴിഞ്ഞ ഈ സംസ്ഥാനങ്ങൾ തങ്ങളുടെ നേട്ടത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയാണ്. പതിനൊന്നാം ധനകാര്യകമ്മീഷന്റെ കാലത്ത് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെയാകെ നികുതി വിഹിതം 21.073 ശതമാനമായിരുന്നത് പതിനഞ്ചാം ധനകാര്യകമ്മീഷന്റെ കാലത്ത് 15.800 ശതമാനമായി കുറഞ്ഞു.
മെച്ചപ്പെട്ട ഭരണത്തിലൂടെയും സാമൂഹ്യ നിക്ഷേപങ്ങളിലൂടെയും ജനസംഖ്യവർദ്ധനവിനെ വിജയകരമായി തടയാൻ സാധിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിനു തുല്യമാണ് 2011ലെ ജനസംഖ്യയെ മാനദണ്ഡമാക്കി നികുതി വിഹിതം കെെമാറുക എന്നത്. ഇത് കേവലം ഒരു അനീതി മാത്രമല്ല–സദ്ഭരണത്തെ നിരുൽസാഹപ്പെടുത്തലുമാണ്. ഭാവി ധനകാര്യ കമ്മീഷനുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നേട്ടങ്ങൾ തിരിച്ചറിയുകയും അതിനനുസരിച്ച് നികുതി കെെമാറ്റ ഫോർമുലയിൽ മാറ്റംവരുത്തുകയും ചെയ്തേ മതിയാവൂ.
കേന്ദ്രാവിഷ്കൃത പദ്ധതികൾ
സംസ്ഥാന സ്വയംഭരണത്തെ
ശ്വാസംമുട്ടിക്കുന്നു
കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാന ധനവിനിയോഗത്തിനുമേൽ കേന്ദ്ര സർക്കാരിന്റെ പിടിമുറുക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. ഈ പദ്ധതികളിൽ ചിലത് നല്ല ഉദ്ദേശ്യത്തോടെയുള്ളവയാണ്. എന്നാൽ അതതു സംസ്ഥാനത്തിന്റെ സവിശേഷതകൾക്ക് തീരെ യോജിക്കാത്ത മാർഗനിർദേശങ്ങളുമായാണ് അവ വരിക. അടിയന്തരശ്രദ്ധ ആവശ്യമുള്ള മേഖലകളിൽനിന്ന് വിലപിടിച്ച വിഭവങ്ങൾ ഗതിമാറ്റാൻ സംസ്ഥാന ബജറ്റുകളെ നിർബന്ധിതമാക്കുന്നതാണ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പലതിന്റെയും മാനദണ്ഡം.
കേന്ദ്രാവിഷ്കൃത പദ്ധതികൾ ഊതിപ്പെരുപ്പിച്ചുകൊണ്ടിരിക്കുകയാണ് സമീപവർഷങ്ങളിലായി. 2024–25 ൽ തെലങ്കാന സംസ്ഥാനത്തിന്റെ കേന്ദ്രാവിഷ്കൃത പദ്ധതി ഗ്രാന്റ് 4.80 ലക്ഷം കോടി രൂപയായി വർധിച്ചു. അതേസമയം ധനകാര്യകമ്മീഷൻ ഗ്രാന്റ് 1.32 ലക്ഷം കോടി രൂപയായി കുറഞ്ഞു. കേന്ദ്ര നിയന്ത്രിത പദ്ധതികളിലെ അനുപാതമല്ലാത്ത വർധനവ് സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ അട്ടിമറിക്കുന്നുവെന്നു മാത്രമല്ല ഫെഡറൽ സന്തുലനാവസ്ഥയെ ദുർബലമാക്കുകയും ചെയ്യുന്നു.
ലോക്-സഭാ മണ്ഡല
പുനർനിർണയം എന്ന
രാഷ്ട്രീയഭീഷണി
നമ്മൾ പ്രത്യേകിച്ച് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ 2026നു ശേഷം അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു വലിയ ഭീഷണിയാണ് മണ്ഡല പുനർനിർണയം. ജനസംഖ്യാ വർധനവിനെ വിജയകരമായി തടഞ്ഞ കർണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കുമെന്ന ഭീഷണി മണ്ഡലങ്ങളുടെ പുനർനിർണയത്തിനുള്ള പ്രക്രിയ ഉയർത്തുന്നുണ്ട്.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കാൻ അതിടയാക്കും; ലോക്-സഭയിൽ നമ്മുടെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ നിർണായകമായ കുറവ് അത് വരുത്തും. അതേസമയം ജനസംഖ്യാ വർദ്ധനവ് കൂടിയ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബീഹാർ എന്നിവ പോലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ ലോക്-സഭാ സീറ്റുകൾ ലഭിക്കുകയും ചെയ്യും. വക്രീകരിക്കപ്പെട്ട ഈ പുനർനിർണയം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അരികുവത്കരിക്കുന്നതാണ്; ഭരണമികവിലൂടെ ജനസംഖ്യാവർധനവിനെ തടഞ്ഞ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന മറ്റൊരു നടപടിയാണിത്.
ഇത് കേവലം അംഗസംഖ്യയുടെ വിഷയമല്ല; പ്രാതിനിധ്യം, പക്ഷപാതമില്ലായ്മ, നീതി എന്നിവയുടെ വിഷയമാണ്. അമേരിക്കയിൽ ജനസംഖ്യാ വ്യത്യാസം ഉണ്ടെങ്കിലും കോൺഗ്രസിൽ ഓരോ സ്റ്റേറ്റിനും കുറഞ്ഞത് ഇത്ര പ്രതിനിധികൾ എന്നത് ഉറപ്പാക്കുന്നുണ്ട്; ചെറിയ സ്റ്റേറ്റുകൾക്കും ഫെഡറൽ ഗവൺമെന്റിന്റെ തീരുമാനമെടുക്കലിൽ അഭിപ്രായം പറയാനുള്ള അവസരം ഉറപ്പാക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ സമാനമായ രീതിയിൽ സംരക്ഷിക്കപ്പെടാൻ ആവശ്യമായ നടപടിക്കായി നാം കൂട്ടായി ആവശ്യമുന്നയിക്കേണ്ടതുണ്ട്.
കടമെടുപ്പിനുമേൽ കേന്ദ്രത്തിന്റെ
കർക്കശമായ നിയന്ത്രണം
സംസ്ഥാനങ്ങളുടെ കടമെടുപ്പിനുമേൽ കേന്ദ്രത്തിന്റെ കർക്കശമായ നിയന്ത്രണമാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു മേഖല. ഭരണഘടനയുടെ അനുഛേദം 393 (3) അനുസരിച്ച് കേന്ദ്ര സർക്കാരിൽനിന്ന് സംസ്ഥാനങ്ങൾ വായ്പ എടുത്തിട്ടുണ്ടെങ്കിൽ ആ സംസ്ഥാനങ്ങൾ, മറ്റു വായ്പകൾ എടുക്കാൻ കേന്ദ്രത്തിന്റെ അനുവാദം തേടണം. ധനകാര്യഅച്ചടക്കം ഉറപ്പാക്കാനാണ് ഭരണഘടന ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ കേന്ദ്ര സർക്കാർ തന്നെ ധനകാര്യ അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ഇന്നത്തെ യാഥാർഥ്യം. കേന്ദ്രത്തിന്റെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 6.4 ശതമാനമായി തുടരുകയാണ്. ഫിസ്-കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് ആക്ട് അനുസരിച്ച് സംസ്ഥാനങ്ങൾക്കാകാവുന്ന പരിധിയുടെ വളരെ ഉയർന്ന തോതാണിത്.
സംസ്ഥാനങ്ങളോട് നിർദേശിക്കപ്പെട്ട മൂന്നുശതമാനം എന്ന പരിധിക്കുള്ളിൽ ധനക്കമ്മി ഒതുക്കി നിർത്താൻ തെലങ്കാന പോലെയുള്ള സംസ്ഥാനങ്ങൾക്ക് മിക്കപ്പോഴും സാധിക്കുന്നുണ്ട്. എന്നിട്ടും ഈ സംസ്ഥാനങ്ങളുടെ കടമെടുപ്പിനുമേൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ. ഇത് തികച്ചും അന്യായമായ അസന്തുലിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ധനക്കമ്മിയുടെ പരിധി ആവർത്തിച്ച് കേന്ദ്ര സർക്കാരിന് അതിലംഘിക്കാമെങ്കിൽ അടിയന്തര പശ്ചാത്തല വികസനത്തിനും ക്ഷേമപരിപാടികൾക്കും വേണ്ടി വായ്പെടുക്കാൻ സംസ്ഥാന സർക്കാരുകളെ എന്തുകൊണ്ട് അനുവദിച്ചുകൂടാ? ഈ അസന്തുലിതാവസ്ഥ തിരുത്തപ്പെടുക തന്നെ വേണം.
കേന്ദ്രത്തിന്റെ
ഭരണഘടനാ ഉത്തരവാദിത്വം
സംസ്ഥാനങ്ങൾക്കുമേൽ ധനകാര്യ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഉദ്യമമുണ്ടായേക്കാമെന്ന കാര്യം നമ്മുടെ ഭരണഘടനാ നിർമാതാക്കൾ മുൻകൂട്ടി കണ്ടിട്ടില്ല. ഭരണഘടനയുടെ 280–ാം അനുഛേദം അനുശാസിക്കുന്നത്, ധനവിഭവങ്ങളുടെ നിഷ്-പക്ഷവും കുറ്റമറ്റതുമായ വിതരണം ധനകാര്യകമ്മീഷൻ ഉറപ്പുവരുത്തണമെന്നാണ്. ഈ തത്വം ഉയർത്തിപ്പിടിക്കുന്നതിലുള്ള കേന്ദ്ര സർക്കാരിന്റെ വീഴ്ച, സംസ്ഥാനങ്ങളുടെ വികസനപ്രവർത്തനങ്ങൾക്ക് വിഘാതമായിരിക്കുകയാണ്. ധനകാര്യ കേന്ദ്രീകരണം നമ്മുടെ ധനകാര്യ സ്വയംനിർണയാവകാശത്തെ തകർക്കുമെന്നു മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിനു രൂപംനൽകുന്ന ഫെഡറൽ ഘടനയെ അത് അട്ടിമറിക്കുകയും ചെയ്യും.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുന്നതിന് നാം കൂട്ടായി മുന്നോട്ടുപോകേണ്ടതുണ്ട്. കേന്ദ്ര നികുതി വിഹിതത്തിൽ കൂടുതൽ വിഹിതം സംസ്ഥാനങ്ങൾക്കു നൽകണമെന്ന് നാം കൂട്ടായി ആവശ്യപ്പെടേണ്ടതുണ്ട്. നികുതി കെെമാറ്റം 41 ശതമാനത്തിൽ നിന്ന് 50 ശതമാനമായി വർധിപ്പിച്ചേ മതിയാകൂ എന്ന് നാം ആവശ്യപ്പെടണം. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിനാനുപാതികമായ വിഹിതം കെെമാറ്റം ചെയ്യപ്പെടാവുന്ന ധനനികുതിയിൽ നമുക്ക് ലഭിക്കണമെന്ന് നാം ആവശ്യപ്പെട്ടേ മതിയാകൂ. ശരിയായതും കൃത്യവും വ്യക്തവുമായ മാനദണ്ഡമതായിരിക്കണം. സംസ്ഥാനങ്ങളുമായി വിഹിതം പങ്കുവയ്ക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വർധിച്ചുവരുന്ന ശ്രമങ്ങളെ നാം ചെറുത്തേ മതിയാകൂ.
എന്നു മാത്രമല്ല ലോക്-സഭാ മണ്ഡല പുനർനിർണയത്തിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അരികുവത്കരിക്കാനുള്ള ഏതു നീക്കത്തിനെതിരെയും നാം ഒന്നിച്ചേ മതിയാകൂ. അവസാനമായി, ധനക്കമ്മി വർധിക്കാതെ പരിധിക്കുള്ളിൽ പിടിച്ചുനിർത്തിയതിലൂടെ സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്ന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ കടമെടുക്കലിന് കൂടുതൽ സ്വയംനിർണയാവകാശം നേടുന്നതിനായി നാം കൂട്ടായി സമ്മർദം ചെലുത്തേണ്ടതുണ്ട്.
പിന്നാക്ക സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഭവങ്ങൾ ആവശ്യമുണ്ടെന്ന കാര്യത്തിൽ നമുക്കാർക്കും സംശയമില്ല. എന്നാൽ സംസ്ഥാന വിഷയങ്ങൾക്ക് ചെലവഴിക്കുന്ന തുകയിൽ 10 മുതൽ 20 ശതമാനംവരെ കുറവു വരുത്തിയും സെസുകളിൽനിന്നും സർചാർജുകളിൽനിന്നും ലഭിക്കുന്ന തുകയിൽനിന്ന് ഒരു ഫണ്ട് രൂപീകരിച്ചുകൊണ്ടും കേന്ദ്ര സർക്കാരിന് അനായാസം അതിനുള്ള തുക കണ്ടെത്താവുന്നതേയുള്ളൂ.
അത് കേവലം സാങ്കേതികമായ അഡ്-ജസ്റ്റ‍്മെന്റുകളുടെ വിഷയമല്ല. അത് നീതിയുടെയും പക്ഷപാതമില്ലായ്മയുടെയും ഇന്ത്യയുടെ ഫെഡറലിസത്തിന്റെ ഭാവിയുടെയും വിഷയമാണ്. സംസ്ഥാനങ്ങൾക്ക് അവയുടേതായ വികസനപ്രവർത്തനങ്ങൾക്കാവശ്യമായ ധനവിഭവങ്ങളും സ്വയംഭരണാവകാശവും ഉറപ്പാക്കേണ്ടത് നാം പ്രതിനിധീകരിക്കുന്ന ജനങ്ങളോടുള്ള നമ്മുടെ കടമയാണ്, പ്രതിബദ്ധതയാണ്. അതിലൂടെ മാത്രമേ നമുക്ക് നമ്മുടെ ഭരണഘടനാ നിർമാതാക്കളുടെ ശരിയായ ദർശനം, എല്ലാ പൗരരുടെയും പൊതുനന്മയ്ക്കായി കൂട്ടായി പ്രവർത്തിക്കുന്ന ശക്തവും സമൃദ്ധവുമായ സംസ്ഥാനങ്ങളുടെ യൂണിയൻ എന്നത് പൂർത്തീകരിക്കാനാവൂ. l