Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിഒരു സംസ്ഥാനവും പിന്തള്ളപ്പെടരുത്

ഒരു സംസ്ഥാനവും പിന്തള്ളപ്പെടരുത്

സർദാർ ഹർപാൽ സിങ് ചീമ (പഞ്ചാബ് ധനകാര്യമന്ത്രി)

ളരെ പ്രധാനപ്പെട്ട ഈ കോൺക്ലേവ് സംഘടിപ്പിച്ചതിനും നമുക്കേവർക്കും ഉൗഷ്മളമായ ആതിഥ്യമരുളിയതിനും കേരള ഗവൺമെന്റിനോട് എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഞാൻ ആരംഭിക്കട്ടെ. എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന നിർണായകമായ വിഷയങ്ങളിൽ നമുക്ക് ഇടപെടാനുള്ള ഒരു വേദിയാണ് ഈ ഒത്തുചേരൽ. ഇതിന് മുൻകെെയെടുത്ത കേരളത്തിന്റെ നേതൃത്വത്തെ ഞാൻ അഭിനന്ദിക്കുന്നു. 16–ാം ധനകാര്യ കമ്മീഷന് ആതിഥ്യം വഹിക്കാനും അതുമായി സംവദിക്കാനുമുള്ള അവസരം പഞ്ചാബിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ആ ചർച്ചയ്ക്കിടെ, ഞങ്ങളുടെ സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ധനപരമായ സുസ്ഥിതിയും ഭരണനിർവഹണവും മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ചും ഞങ്ങൾ അവതരിപ്പിച്ചു. പഞ്ചാബിന്റെ ആഗ്രഹാഭിലാഷങ്ങളും അതിന്റെ സാധ്യതകളും കമ്മീഷനിലുള്ള ഞങ്ങളുടെ പ്രതീക്ഷകളും അവതരിപ്പിക്കാനുള്ള അവസരം ആ ആശയവിനിമയത്തിലൂടെ ഞങ്ങൾക്ക് ലഭിച്ചു.

16–ാം ധനകാര്യ കമ്മീഷനുമായുള്ള ഞങ്ങളുടെ ആശയവിനിമയത്തിനിടെ, എല്ലാ സംസ്ഥാനങ്ങളെയും മൊത്തത്തിൽ ബാധിക്കുന്ന പല വിഷയങ്ങളും ഉയർത്തിക്കാട്ടാൻ ഞങ്ങൾക്കു കഴിഞ്ഞു. സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന്, നാം ഏറ്റെടുക്കുന്ന സാമൂഹികവും വികസനപരവുമായ ചെലവുകളും നമുക്കു ലഭ്യമായ വിഭവങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ്. മതിയായ വിഭവങ്ങൾ സ്വരൂപിക്കുന്നതിനുള്ള നമ്മുടെ ശേഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു അപാകതയാണ്.

ജിഎസ്ടി കൊണ്ടുവന്നത് ഒരു നാഴികക്കല്ലായ പരിഷ്-കാരമായിരിക്കെത്തന്നെ അത് സംസ്ഥാനങ്ങളുടെ ധനപരമായ കാര്യങ്ങളിലുള്ള സ്വയംഭരണാവകാശത്തെ പരിമിതപ്പെടുത്തുകയും ചെയ്തു. ജിഎസ്ടി നഷ്ടപരിഹാര സംവിധാനം അവസാനിക്കുന്നതോടുകൂടി ഈ നിയന്ത്രണം പ്രത്യേകിച്ചും രൂക്ഷമായി. പഞ്ചാബ് മുഖ്യമായും ഒരു കാർഷിക സംസ്ഥാനമായതിനാൽ ജിഎസ്ടി നടപ്പിലാക്കുന്നതിനുമുമ്പുണ്ടായിരുന്ന അതിന്റെ നികുതി അടിത്തറയിൽ ഗണ്യമായ ഇടിവുണ്ടായതിന്റെ അനുഭവം നമുക്കുണ്ട്. മറ്റ് സംസ്ഥാനങ്ങളും വിവിധ രൂപത്തിലുള്ള നഷ്ടങ്ങൾ നേരിടുന്നുണ്ടെന്ന കാര്യവും എനിക്കുറപ്പുണ്ട്. 16–ാം ധനകാര്യകമ്മീഷൻ ഈ വിഷയം പൂർണമായും പരിഗണനയിലെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സംസ്ഥാനങ്ങളുടെ ധനകാര്യ സ്വയംനിർണയാവകാശം കേന്ദ്രം കവർന്നെടുക്കുക മാത്രമല്ല, ഞങ്ങളുടെ കാര്യത്തിൽ മണ്ഡി ഫീസിന്റെയും റൂറൽ ഡവലപ്മെന്റ് ഫീസിന്റെയും ചില കേന്ദ്രാവിഷ്-കൃത പദ്ധതികളുടെയും കാര്യത്തിലും സംസ്ഥാനങ്ങൾക്ക് അർഹമായ വിവിധ കുടിശ്ശികകൾ കേന്ദ്രം പിടിച്ചുവെച്ചിരിക്കുകയാണ്. ഇത്തരം പ്രവൃത്തികൾ ദീർഘകാലം തുടർന്നാൽ അത് സംസ്ഥാനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും.

ഓരോ സംസ്ഥാനത്തിനും അതിന്റേതായ പ്രത്യേക വെല്ലുവിളികളുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക സന്തുലിതത്വം ഉറപ്പാക്കുന്നത് പരിഗണനയിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു അതിർത്തി സംസ്ഥാനം എന്ന നിലയിൽ പഞ്ചാബിന് ദെെർഘ്യമേറിയതും തന്ത്രപ്രധാനവുമായ അതിർത്തിയുണ്ടെന്ന സവിശേഷമായ വെല്ലുവിളിയുണ്ട്. പ്രദേശം അതിർത്തി വേലി കൊണ്ടടയ്ക്കപ്പെട്ടിരിക്കുന്നത് ഞങ്ങളുടെ വികസനസാധ്യതകളെ കൂടുതൽ സങ്കീർണമാക്കുന്നു. വിഭവങ്ങളുടെ വകയിരുത്തലിൽ നീതി ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങളുടെ ഈ സവിശേഷ പ്രശ്നങ്ങൾ കമ്മീഷന്റെ നിർദേശങ്ങളിൽ ഉൾപ്പെടുത്തണം.

കൂടാതെ നിലവിൽ ഡിവിസിബിൾ പൂളിന്റെ 41% എന്നതിൽനിന്നും മുകളിൽ നിന്നു താഴേക്കുള്ള വീതംവയ്ക്കൽ കൂടുതൽ ഉയർന്ന വിഹിതത്തിലേക്കു വർധിപ്പിക്കുന്നതിന് 16–ാം ധനകാര്യകമ്മീഷനിൽ നിർബന്ധം ചെലുത്തുന്നതിന് ഇവിടെ കൂടിയിട്ടുള്ള എല്ലാ സംസ്ഥാനങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണ്; അത്തരത്തിൽ വർധിക്കുന്ന വിഹിതം ഓരോ സംസ്ഥാനവും ചെലവഴിക്കേണ്ട തുക പ്രതിഫലിപ്പിക്കണം. സംസ്ഥാനങ്ങളിലുടനീളം സാമ്പത്തിക സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ഡിവിസിബിൾ പൂളിൽ സെസുകൾ, സർചാർജുകൾ, തെരഞ്ഞെടുത്ത നികുതിയേതര വരുമാനം തുടങ്ങിയ ചില വരവിനങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്.

ഡിവിസിബിൾ പൂളിന്റെ വകയിരുത്തലിനായുള്ള പദ്ധതി 16–ാം ധനകാര്യകമ്മീഷൻ ആസൂത്രണം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വികസനപരമായ അളവുകോലിന്റെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിന് സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതിനു മാത്രമല്ല, തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് പിന്തുണ ആവശ്യമായ സംസ്ഥാനങ്ങൾക്ക് യഥേഷ്ടം വിഭവങ്ങൾ ലഭ്യമാക്കുകയും ചെയ്യണം. പുരോഗതിനേടുന്ന സംസ്ഥാനങ്ങൾ പ്രതിഫ-ലം നൽകുകയെന്ന ഒരു സമതുലിത സമീപനം ആവശ്യം തന്നെ. എന്നാൽ അത് വിഭവങ്ങളുടെ അഭാവമോ ചരിത്രപരമായ പ്രതികൂലാവസ്ഥകളോ മൂലം ഒരു സംസ്ഥാനവും പിന്തള്ളപ്പെടുന്നില്ല എന്നത് ഉറപ്പാക്കിക്കൊണ്ടാവണം.

കമ്മീഷനുമായുള്ള ഞങ്ങളുടെ ചർച്ചയിൽ ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് നിയമം (FRBM Act) കൂടുതൽ ഉൾച്ചേർക്കലിന്റേതാക്കി മാറ്റാൻ ചില നിർദേശങ്ങൾ ഞങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. 16–ാം ധനകാര്യകമ്മീഷൻ പരിഗണനയിലെടുക്കേണ്ട മറ്റൊരു മേഖലയാണ് ദുരന്തനിവാരണം (ഡിസാസ്റ്റർ മാനേജ്മെന്റ്). ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും ശബ്ദം ഒരു യോജിച്ച വേദിയിൽ ഉയർത്താൻ കഴിയും വിധത്തിലുള്ള ഒരു സംവിധാനം അനിവാര്യമാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ ഫെഡറൽ ഘടനയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾ വഷളാവുകയാണ്. പ്രത്യേകിച്ച് ജിഎസ്ടി നടപ്പാക്കിയതിനുശേഷം. യൂണിയൻ ഗവൺമെന്റിന്റെ കേന്ദ്രീകരണ പ്രവണത പ്രസിദ്ധമാണല്ലോ. മനോഹരമായ നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ ഘടന എന്തുവില കൊടുത്തും സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ ധനകാര്യ കമ്മീഷൻ ആലോചിക്കണം. നമ്മുടെ ഭരണഘടനയിൽ ഉള്ളടങ്ങിയിട്ടുള്ള ശക്തമായ ഫെഡറൽ ഘടന പുനഃസ്ഥാപിക്കുന്നതിനും അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നാം ധനകാര്യ കമ്മീഷനിൽ സമ്മർദം ചെലുത്തണം.

അവസാനമായി, മുന്നോട്ടുള്ള പാതയിൽ എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചു പുരോഗമിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ മാത്രമേ ഇന്ത്യയുടെ, ആഗോള നായകത്വം എന്ന അതിന്റെ കാഴ്ചപ്പാട് നേടിയെടുക്കാനാകൂ എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഈ യാത്രയിൽ ഒരു സംസ്ഥാനവും പിന്തള്ളപ്പെടരുത്; കാരണം നാം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോൾ മാത്രമേ നമ്മുടെ രാജ്യത്തിന്റെ യഥാർഥ ശക്തിയെന്തെന്ന് തിരിച്ചറിയാനാകൂ.

നമ്മുടെ രാജ്യത്തിന്റെ പുരോഗതി സംബന്ധിച്ച ഗൗരവമേറിയ വിഷയങ്ങളിൽ ഇടപെടാനും അതിൽ സഹകരിക്കാനും ഉത്കൃഷ്ടമായ അവസരം നൽകിയ കേരള സർക്കാരിനും ഇവിടെ കൂടിയിട്ടുള്ള എല്ലാവർക്കും ഞാൻ ഒരിക്കൽ കൂടി നന്ദിപറയുന്നു. ഈ കോൺക്ലേവിന് ആതിഥ്യമരുളിയ കേരള സംസ്ഥാനത്തിനും നിങ്ങൾക്കേവർക്കും നന്ദി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × two =

Most Popular