Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിസംസ്ഥാനങ്ങളോട് 
നീതി പുലർത്തണം

സംസ്ഥാനങ്ങളോട് 
നീതി പുലർത്തണം

തങ്കം തെന്നരശ്

തിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് തങ്ങളുടേതായ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതിന് സമാന നിലപാടുകളുള്ള സംസ്ഥാനങ്ങളുടെ ഇത്തരമൊരു കോൺക്ലേവ് സംഘടിപ്പിച്ചതിന് കേരള ഗവൺമെന്റിനോട് ഞാനെന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിക്കുവാനാഗ്രഹിക്കുകയാണ്. പങ്കെടുക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും തങ്ങളുടേതായ ആശങ്കകൾ പങ്കുവയ്ക്കാനും ഉയർത്തുവാനും ഉത്തമമായൊരു അവസരം ഈ പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നു.

2) നിങ്ങൾക്കെല്ലാം അറിയുന്നതുപോലെ, യൂണിയൻ ഗവൺമെന്റും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരങ്ങളുടെയും കടമകളുടെയും വിതരണത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ഭരണസംവിധാനത്തിൽ സഹജമായൊരു അസന്തുലിതാവസ്ഥയുണ്ട്. സമൂഹത്തിന്റെ വികസനവുമായും ഒപ്പംതന്നെ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹിക ക്ഷേമം തുടങ്ങിയ പൊതു സേവനങ്ങളുടെ വിതരണവുമായും ബന്ധപ്പെട്ട കടമകളുടെ ഭൂരിഭാഗവും സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്ക്കപ്പെടുമ്പോൾ, റവന്യൂ ഉൽപാദനവുമായി ബന്ധപ്പെട്ട അധികാരങ്ങളുടെ ഭൂരിഭാഗവും യൂണിയൻ കെെയടക്കിയിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് തുടരെത്തുടരെവന്ന ധന കമ്മീഷനുകൾ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നികുതി വരുമാനത്തിന്റെ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമം നടത്തി വന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഈ നികുതി വരുമാനത്തിന്റെ വിതരണം 41 ശതമാനം എന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു തീരുമാനം കൈക്കൊണ്ട് ആദ്യ നാലു വർഷത്തിൽ മൊത്തം നികുതി വരുമാനത്തിന്റെ 31.42% മാത്രമാണ് ഫലപ്രദമായി യൂണിയനിൽ നിന്ന് സ്റ്റേറ്റിലേക്ക് വിട്ടുകിട്ടിയിട്ടുള്ളത്.

3) ഒരു വശത്ത്, സെസ്സും സർചാർജുകളും വർധിപ്പിക്കുന്നതുമൂലം കേന്ദ്രത്തിൽനിന്ന് സംസ്ഥാനങ്ങളിലേക്കുള്ള നികുതി വിഹിതത്തിന്റെ വിതരണം ഫലത്തിൽ കുറഞ്ഞിരിക്കുകയാണ്. മറുവശത്ത്, തിരിച്ചുള്ള ഫണ്ടിങ്, അതായത് കേന്ദ്രം സ്പോൺസർ ചെയ്ത പദ്ധതികളിന്മേൽ സംസ്ഥാന ഗവൺമെന്റുകൾ കേന്ദ്രത്തിനു നൽകേണ്ട വിഹിതം, അതിലെ വിഹിത വിതരണ രീതിയിൽ മാറ്റം വരുത്തിയതുമൂലം വർദ്ധിച്ചിരിക്കുകയാണ്. ഇത് സംസ്ഥാനങ്ങൾക്ക് ഇരട്ട ആഘാതം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഭരണഘടനയിൽ അനുശാസിക്കുന്ന മേഖലകളിൽ നിലവിലുള്ളതും പുതുതായി രൂപം നൽകുന്നതുമായ സംസ്ഥാന പദ്ധതികൾക്ക് ധനവിന്യാസത്തിനുള്ള സാധ്യതകളെ ഇത് കുറയ്ക്കുന്നു.

തങ്കം തെന്നരസു തമിഴ്നാട് ധനകാര്യ മന്ത്രി

4) കേന്ദ്രത്തിൽനിന്ന് സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്ന നികുതിയിൽ 50 ശതമാനം വിഹിതം സംസ്ഥാനങ്ങൾ കൂട്ടത്തോടെ ആവശ്യപ്പെടേണ്ടത് അനിവാര്യമായിരിക്കുകയാണ്. വിവേചനാധികാരത്തോടെയുള്ള ഗ്രാന്റുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നുവെന്നുറപ്പാക്കുവാൻ നമ്മൾ കമ്മീഷനെ പ്രേരിപ്പിക്കേണ്ടിയിരിക്കുന്നു; അതുപോലെതന്നെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതും വസ്തുനിഷ്ഠവുമായ വിഭവങ്ങളുടെ കൈമാറ്റം വർദ്ധിപ്പിക്കുന്നു എന്നതുറപ്പാക്കുവാനും നമ്മൾ കമ്മീഷനെ പ്രേരിപ്പിക്കേണ്ടിയിരിക്കുന്നു.സെസ്സുകളെയും സർച്ചാർജുകളെയും ഇത്തരത്തിൽ ഉപയോഗിക്കുന്നത് തടയുന്നതിന് കമ്മീഷൻ ഒരു സംവിധാനം രൂപപ്പെടുത്തുകയും അതേസമയംതന്നെ സംസ്ഥാനങ്ങളുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനനുയോജ്യമായ നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യേണ്ടതുണ്ട്.

5)തമിഴ്നാടിന്റെ അനുഭവത്തിൽ, മാറിമാറി വന്ന ധന കമ്മീഷനുകൾ മെച്ചപ്പെട്ട പെർഫോമൻസിന്റെ പേരിൽ സംസ്ഥാനത്തെ തുടർച്ചയായി ശിക്ഷിക്കുകയാണ്. ഒമ്പതാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേന്ദ്രത്തിൽ നിന്നും തമിഴ്നാട് സംസ്ഥാനത്തിന് കിട്ടേണ്ട നികുതി വരുമാനവിഹിതം 7.931% ആയിരുന്നത് പതിനഞ്ചാം ധന കമ്മീഷന്റെ കാലത്ത് കേവലം 4.079 ശതമാനത്തിലേക്ക് വെട്ടിച്ചുരുക്കി. തുടർച്ചയായ ഈ വെട്ടിച്ചുരുക്കൽ തമിഴ്നാടിന് 3.57 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്; അതായത് ഞങ്ങളുടെ നിലവിലുള്ള കടത്തിന്റെ 43 ശതമാനത്തിന് തുല്യമായ തുക. ഇത് സംസ്ഥാനത്തിന്റെ ധനരംഗത്ത് നികത്താനാകാത്ത ഭാരമേൽപ്പിച്ചു. മാത്രമല്ല, പൂർണ്ണമായ കരുത്ത് നേടിയെടുക്കാനുള്ള സംസ്ഥാനത്തിന്റെ നഷ്ടപ്പെട്ട അവസരത്തെയും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.

6) സംസ്ഥാനങ്ങൾ തമ്മിലോ സംസ്ഥാനങ്ങൾക്കിടയിലോ ഉള്ള വിഹിതത്തിന്റെ കാര്യം നിശ്ചയിക്കുമ്പോൾ നീതിയും കാര്യക്ഷമതയും തമ്മിൽ ഒരു സമതുലിതാവസ്ഥ സൃഷ്ടിക്കേണ്ടത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തുതന്നെയായാലും പുനർവിതരണത്തിൽ അമിതമായി ഊന്നുന്നത് പെർഫോമൻസില്ലാത്തവർക്ക് ഇൻസെന്റീവുകൾ തെറ്റായി നൽകുന്നതിനിടയാക്കുക മാത്രമല്ല, മറിച്ച് നിർണായകമായ വികസന വിഭവങ്ങളുള്ള മേഖലകൾ ദ്രുതഗതിയിൽ വളരുന്നതില്ലാതാക്കുകയും ചെയ്യും. അതിവേഗം വളരുന്ന പ്രദേശങ്ങളുടെ വളർച്ച അപര്യാപ്തമായ വിഭവങ്ങൾ മൂലം തടസ്സപ്പെടുത്തപ്പെടുമ്പോൾ പുനർവിതരണത്തിന്റെ പ്രബലമായ ഗുണഭോക്താക്കൾ അടക്കം രാജ്യമാകെയാണ് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത്.

7) ദരിദ്ര സംസ്ഥാനങ്ങൾക്ക് പുനർവിതരണം നടത്തുന്നതിനുള്ള ഈ ഒരു സമീപനം ഓരോ ധന കമ്മീഷനും കൈക്കൊള്ളാറുണ്ട് എന്നുള്ളത് ചൂണ്ടിക്കാണിക്കേണ്ടത് പ്രധാനമാണ്; എന്നാൽ ഈ സമീപനം കൈക്കൊള്ളുമ്പോൾ പോലും ദരിദ്ര സംസ്ഥാനങ്ങളിൽ നിശ്ചിത വികസന തോത് കൈവരിക്കാൻ ആകുന്നില്ല. കമ്മീഷൻ അതിന്റെ സമീപനത്തെക്കുറിച്ച് പുനഃപരിശോധന നടത്തുകയും പെർഫോമൻസിനനുസരിച്ച് ഇൻസെന്റീവ് നൽകുന്ന വിധത്തിലുള്ള ഒരു ചട്ടക്കൂട് അംഗീകരിക്കുകയും ചെയ്യണം; മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതിനേക്കാൾ എല്ലാ സംസ്ഥാനങ്ങൾക്കും ഒന്നിച്ച് അഭിവൃദ്ധിപ്പെടാൻ കഴിയുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാനും ഈ സമീപനത്തിന് കഴിയും.

8) ഈ കോൺക്ലേവിൽ സൃഷ്ടിപരമായ ഒരു സംവാദത്തിന് സാധ്യമാകുമെന്ന് ഞാൻ കരുതുന്നു. നീതിയെയും വളർച്ചയെയും പിന്തുണയ്ക്കുന്ന, എല്ലാ സംസ്ഥാനങ്ങൾക്കും അവയുടെ പൂർണ്ണമായ സാധ്യത കെെവരിക്കാനാകുമെന്ന് ഉറപ്പാക്കുന്ന കൂടുതൽ സന്തുലിതമായൊരു സമീപനത്തിനു വേണ്ടിയുള്ള സമ്മർദ്ദം ചെലുത്തുവാൻ ഒന്നിച്ചുനിന്നാൽ നമുക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + four =

Most Popular