Tuesday, December 3, 2024

ad

Homeകവര്‍സ്റ്റോറിരാഷ്ട്രീയ ഫെഡറലിസത്തിനായും ഒന്നിച്ചു പോരാടണം

രാഷ്ട്രീയ ഫെഡറലിസത്തിനായും ഒന്നിച്ചു പോരാടണം

കൃഷ്ണ ബെെരെ ഗൗഡ (കർണാടക റവന്യൂ മന്ത്രി)

മ്മളെല്ലാവരെയും ഒന്നിച്ചുകൊണ്ടുവന്നതിന് കേരള സർക്കാരിന് എന്റെ അകമഴിഞ്ഞ നന്ദി. 5 സംസ്ഥാനങ്ങളെ ഇങ്ങനെ ഒന്നിച്ചുകൊണ്ടുവരുന്നത് അനായാസം നടക്കുന്ന കാര്യമല്ല. വളരെയേറെ ആസൂത്രണവും ഏകോപനവും വേണ്ട, വളരെയേറെ പരിശ്രമം ആവശ്യമായ ഒന്നാണത്. ആയതിനാൽ ശ്രമകരമായ ഈ പ്രവർത്തനം ഏറ്റെടുത്തതിന് സംസ്ഥാനത്തെയാകെയും കേരളത്തിന്റെ ധനമന്ത്രിയെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. നാം പ്രധാനമായും നമ്മളെപ്പറ്റിയായിരിക്കും ചിന്തിക്കുന്നത്; എന്നാൽ നമ്മുടെ സ്വന്തം താൽപര്യം ചിലപ്പോൾ കൂട്ടായ താൽപര്യത്തോട് പൊരുത്തമുള്ളതായിരിക്കും.

എന്നാൽ പൊതുവായ താൽപര്യവും പൊതുവായ കാഴ്ചപ്പാടുമുള്ള ഒരുകൂട്ടം ആളുകളെ ഒന്നിച്ചുകൊണ്ടുവരുന്നതിന് വളരെയേറെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും ആവശ്യമാണ്;അത്തരമൊരു കാര്യം വളരെ ഫലപ്രദമായി ഡോ. തോമസ് ഐസക് നിർവഹിച്ചു; നമ്മളെയെല്ലാം ഇതിനുമുൻപ് ഇവിടേക്ക് ഒരുമിച്ചു കൊണ്ടുവന്നപ്പോഴായിരുന്നു അത്; ഇവിടെ എത്തുന്നത് എപ്പോഴായാലും സന്തോഷമുള്ള കാര്യമാണ്; അദ്ദേഹം സ്ഥാപിച്ച ആ പാരമ്പര്യം ഇപ്പോഴും തുടരുകയാണ്. എനിക്കതിൽ സന്തോഷമുണ്ട്; കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നതിനുമുൻപ്, ഈ വേദിയിൽ സന്നിഹിതരായിട്ടുള്ള എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികളോട് ആദരണീയനായ എന്റെ മുഖ്യമന്ത്രിയിൽനിന്നുള്ള ഒരഭ്യർഥന അവതരിപ്പിക്കാനുണ്ട്. കാരണം, നമ്മുടെ കൂട്ടായ താൽപര്യം അവതരിപ്പിക്കുന്നതിനും നീതി ലഭ്യമാക്കുന്നതിനും വേണ്ടി നമ്മൾ ഇവിടെ നടത്തുന്ന പരിശ്രമം ഒരു പ്രാവശ്യത്തേക്കുവേണ്ടി മാത്രമുള്ള ഒന്നാകരുത്.

പതിനഞ്ചാം ധനകാര്യ
കമ്മീഷന്റെ അവഗണന
കഴിഞ്ഞതവണ നാം തിരുവനന്തപുരത്ത് ഒത്തുകൂടിയപ്പോൾ നമുക്കവതരിപ്പിക്കാൻ ഒരു വിഷയമുണ്ടായിരുന്നു; അതേപോലെ തന്നെ നാം കാര്യങ്ങൾ അവതരിപ്പിച്ചു; എന്തുചെയ്യണമെന്ന് അവർക്കും അറിയാമായിരുന്നു. നാം കാര്യങ്ങൾ അവതരിപ്പിക്കുന്നു; ദെെവം അതിൽ വിധി കൽപ്പിക്കുന്നു എന്നാണല്ലോ. അതേപോലെ തന്നെ, കഴിഞ്ഞ ധനകാര്യ കമ്മീഷൻ നമ്മുടെ പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ അവജ്ഞയോടെ തള്ളിക്കളയുകയും ഇപ്പോൾ ഇവിടെ ഇരിക്കുന്ന നമ്മൾ എല്ലാവരെയും ശിക്ഷിക്കുകയുമാണുണ്ടായത്. അതുകൊണ്ടുതന്നെ ഈ പ്രാവശ്യം നമുക്കാർക്കും ശുഭപ്രതീക്ഷ വച്ചുപുലർത്താനാവില്ല. ആയതിനാൽ നമ്മുടെ ഈ പരിശ്രമം തുടർന്നേ പറ്റൂ. അതിനാൽ തന്നെ നമ്മുടെ അടുത്ത കൂടിച്ചേരലിന് കർണാടകം ആതിഥേയരാകും; അവിടെ വെച്ച് നമുക്ക് നമ്മുടെ ചിന്തകൾക്കും ആശയങ്ങൾക്കും കൂടുതൽ വ്യക്തത വരുത്താം; അങ്ങനെ നാം ഇവിടെ നടത്തുന്ന ഈ നീക്കം കൂടുതൽ ശക്തമായി തുടരാം.

ഇവിടെ നമ്മൾ നടത്തുന്നത് നമുക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള ഒരഭ്യർഥനയാണ്. തമിഴ്നാട്ടിൽ നിന്നുള്ള നമ്മുടെ ആദരണീയനായ തങ്കം തെന്നരശ് ഇതിനകം ചൂണ്ടിക്കാണിച്ചതുപോലെ, ഇത് നമുക്കും നീതി വേണമെന്നുള്ള ഒരഭ്യർഥനയാണ്. കാരണം നമ്മുടെ ഈ രാജ്യത്തിനുവേണ്ടി അളവറ്റ സംഭാവന നൽകുന്നവരാണ് നമ്മളെല്ലാം; ധനപരമായും തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടും പലവിധത്തിലുള്ള അവസരങ്ങളൊരുക്കിക്കൊണ്ടും ദേശീയ ജിഡിപിക്ക് ക്രമാതീതമായി സംഭാവന നൽകിക്കൊണ്ടും കേന്ദ്രത്തെ ശാക്തീകരിക്കുന്നവരാണ് നമ്മളെല്ലാം. അങ്ങനെ നമ്മുടെ രാജ്യത്തിന്റെയാകെ ക്ഷേമത്തിനായി നമ്മളും അളവറ്റ വിഹിതം നൽകുന്നുണ്ട്.

നമ്മുടെ ഈ സംരംഭത്തോട് ഒപ്പം നിൽക്കാത്ത ചിലയാളുകൾ നമ്മളെ ഏതെല്ലാം വിധത്തിൽ പ്രലോഭിപ്പിക്കാൻ ശ്രമിച്ചാലും അതിനൊന്നും വഴിപ്പെടാത്ത കടുത്ത യൂണിയൻ പക്ഷപാതികളാണ് (യൂണിയനിസ്റ്റുകളാണ്) നമ്മളെല്ലാം. ഇവിടെ എത്തിയിട്ടുള്ള നമ്മളെല്ലാം കടുത്ത യൂണിയനിസ്റ്റുകൾ തന്നെയെന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. നമ്മുടെ ഈ യൂണിയൻ, ഈ രാജ്യം വിജയിക്കണമെന്നും ലോകത്തിലെ തന്നെ മികച്ച ഒന്നാകണമെന്നും തന്നെയാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. എന്നാൽ കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ നീതി നൽകുന്നതാണ് നല്ലത്.

കേന്ദ്രത്തിനായി നാം എന്താണോ സംഭാവന ചെയ്യുന്നത്, അതിനു തുല്യ നിലയിലുള്ളതായിരിക്കണം നമുക്ക് തിരികെ കിട്ടേണ്ടത്. പൂർണമായും തുല്യമായത് തിരികെ കിട്ടണമെന്ന് നാം ആവശ്യപ്പെടുന്നില്ല; നമുക്കുള്ളതിനു തുല്യമായിട്ടില്ലാത്ത മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നമ്മളെല്ലാം തയ്യാറാണ്. ഇക്കാര്യത്തിൽ സംഭാവന നൽകാൻ നമ്മൾ സന്നദ്ധരാണ്; എന്നാൽ, അതേസമയം തന്നെ, നമ്മളെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിന് സംഭാവന നൽകുന്നത് നല്ല നിലയിൽ തുടരുകയും വേണം; നമ്മുടെ സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ കേന്ദ്രത്തിന് ക്രമാതീതമായത്ര വലിയ തുക സംഭാവന നൽകാൻ കഴിയും. അതിനാൽ ഇന്ത്യൻ യൂണിയന്റെ താൽപര്യം കണക്കിലെടുക്കുകയാണെങ്കിൽ, നമ്മുടെ സംസ്ഥാനങ്ങളിൽ ചിലതിന്റെ താൽപര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതും പരിപോഷിപ്പിക്കപ്പെടേണ്ടതും അനേ-്യാന്യ വിനിമയം നടത്തപ്പേടേണ്ടതുമാവശ്യമാണ്. അപ്പോൾ നീതിക്കായുള്ള ഒരനേ-്വഷണമാണിത്; ഫെഡറലിസത്തിനായുള്ള ഒരു മുറവിളിയാണിത്; കാരണം, ആത്യന്തികമായും ഫെഡറലിസം എന്നത് ഈ യൂണിയനിലെ എല്ലാ അംഗങ്ങളെയും തുല്യമായിട്ടല്ലെങ്കിൽപോലും ന്യായമായ വിധത്തിലെങ്കിലും പരിഗണിക്കുന്നതായിരിക്കണം. അതിനാൽ, ഇവിടെ ഈ കൂട്ടായ വേദിയിലൂടെ അത് നേടിയെടുക്കാനാണ് നാം ശ്രമിക്കുന്നത്. ഇതാണ് നാം മുന്നോട്ടുവെക്കുന്ന ആശയം.

ജിഡിപിക്ക് കർണാടകത്തിന്റെ
സംഭാവന മികച്ചത്
ഞാനീ പറയുന്ന കാര്യങ്ങൾ സാധൂകരിക്കുന്നതിനായി ഞാൻ പ്രതിനിധീകരിക്കുന്ന കർണാടക സംസ്ഥാനത്തിന്റെ ഉദാഹരണം തന്നെയെടുക്കാം. യൂണിയനിൽ ആകെയുള്ള ജനസംഖ്യയുടെ 5 ശതമാനത്തോളമാണ് കർണാടകത്തിലുള്ളത്. ഞങ്ങൾ ജനസംഖ്യയുടെ 5 ശതമാനത്തോളമാണെങ്കിലും ദേശീയ ജിഡിപിയുടെ 8.5 ശതമാനത്തോളവും ഞങ്ങളുടെ സംഭാവനയാണ്. ഇനി ഞങ്ങളുടെ നികുതി സംഭാവനയുടെ കാര്യമെടുത്താൽ, പ്രത്യക്ഷ നികുതിയുടെ കാര്യത്തിൽ ചില തർക്കങ്ങളുണ്ടെങ്കിലും പരോക്ഷ നികുതി നന്നായി നിർണയിക്കപ്പെട്ടിട്ടുണ്ട്.

ജനസംഖ്യയുടെ 5 ശതമാനവും ജിഡിപിയുടെ 8.5 ശതമാനവുമുള്ള ജിഎസ്ടിയുടെ അഖിലേന്ത്യാ പൂളിലേക്ക് ഞങ്ങൾ നൽകുന്ന വിഹിതം 9.54 ശതമാനമാണ്. അങ്ങനെ ദേശീയ ജിഎസ്ടി പൂളിലേക്ക് ജനസംഖ്യയുടെ ഇരട്ടിയോളമാണ് ഞങ്ങൾ നൽകുന്നത്. അതാണ് യൂണിയന്റെ ആവശ്യത്തിലേക്ക് ഞങ്ങൾ നൽകുന്ന സംഭാവന.

എല്ലാ തരത്തിലുമുള്ള നികുതികളെ (പ്രത്യക്ഷ നികുതികളും പരോക്ഷ നികുതികളും) ഒരുമിച്ച് ചേർത്താൽ പ്രതിവർഷം നാലര ലക്ഷം കോടിയോളം രൂപ കർണാടകം നൽകുന്നതായാണ് ഞങ്ങൾ കണക്കാക്കുന്നത്. അതേസമയം ഞങ്ങൾക്ക് കേന്ദ്രത്തിൽ നിന്നുള്ള വിഹിതമായി ലഭിക്കുന്നതാകട്ടെ ഏകദേശം 40,000 കോടി രൂപക്കും 45,000 കോടി രൂപക്കും ഇടയ്ക്കുള്ള തുക മാത്രമാണ്; ഇതിനു പുറമേ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ രൂപത്തിൽ മറ്റൊരു പതിനയ്യായിരം കോടി രൂപയും കിട്ടുന്നു. അപ്പോൾ 100 രൂപ യൂണിയന് അങ്ങോട്ട് കൊടുക്കുമ്പോൾ, യൂണിയനിൽനിന്ന് ഞങ്ങൾക്ക് തിരികെ കിട്ടുന്നത് ഏകദേശം 14–15 രൂപയാണ്. എന്നാൽ മറ്റു ചില സംസ്ഥാനങ്ങൾക്കാകട്ടെ, അവർ യൂണിയന് 100 രൂപ നൽകുമ്പോൾ തിരികെ 300–400 രൂപ വരെ ലഭിക്കുന്നു. എനിക്ക് ആരോടും വഴക്കും തർക്കവുമൊന്നുമില്ല. ഞാൻ ആവശ്യപ്പെടുന്നത് നീതിയാണ്; ഞാൻ നൽകുന്ന ഓരോ 100 രൂപയ്ക്കും പകരമായി 100 രൂപയൊന്നും ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ വിഹിതം 14–15 രൂപയിൽനിന്ന് ചുരുങ്ങിയത് 20–25 രൂപയെങ്കിലുമാക്കി വർധിപ്പിക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ. പതിനഞ്ചാം ധനകമ്മിഷൻ കർണാടകം ഉൾപ്പെടെ ചില സംസ്ഥാനങ്ങളോട് കടുത്ത അനീതിയാണ് കാണിച്ചത്.

പകയോടെ മോദി സർക്കാർ
പതിനഞ്ചാം ധനകമ്മിഷൻ കടുത്ത വെട്ടിക്കുറവ് വരുത്തിയത് കർണാടകത്തിനാണ്. വീതം വയ്ക്കലിൽ ഞങ്ങളുടെ വിഹിതം 23 ശതമാനത്തോളം വെട്ടിക്കുറച്ചു. കേരളത്തോടും ഇത്തരമൊരു പെരുമാറ്റമാണുണ്ടായത്. എന്നാൽ കേരളത്തിന് റവന്യു കമ്മി ഗ്രാന്റായി മുപ്പത്തിയേഴായിരം കോടിയോളം രൂപ ലഭിച്ചു; ഇത് കർണാടകത്തിന് ലഭിച്ചില്ല. കാര്യങ്ങൾ ഗൗരവത്തോടെ കാണാത്തത് മുൻ ധനകമ്മീഷന്റെ ചെയർമാൻ കർണാടകത്തോട് അനുകമ്പ കാണിച്ചത് തങ്ങൾ കർണാടകത്തോട് കടുത്ത അനീതി പ്രകടിപ്പിച്ചതുകൊണ്ടായിരിക്കണം. കാര്യങ്ങളെ ഗൗരവത്തിലെടുക്കാത്ത പ്രകൃതം കാരണമാകാം കർണാടകത്തിൽ പ്രത്യേക ഗ്രാന്റായി അവർ 11,495 കോടിയോളം രൂപ ശുപാർശ ചെയ്തത്. ധനകമ്മീഷൻ കർണാടകത്തോട് ചെയ്ത അനീതി പോരാഞ്ഞിട്ട് യൂണിയൻ ഗവൺമെന്റിന്റെ വകയായും അനീതിയുണ്ടായി. അവർ തങ്ങളുടെ വകയായി കർണാടകത്തെ പിന്നെയും അപഹസിച്ചു; യൂണിയൻ ഗവൺമെന്റിന്റെ ഏറ്റവുമധികം നിർദയമായ വെട്ടിക്കുറവുണ്ടായത് കർണാടകത്തിന്റെ കാര്യത്തിലാണ്; ധനകമ്മീഷന്റെ ശുപാർശകളെ യൂണിയൻ ഗവൺമെന്റ് അവഗണിക്കുകയും കർണാടകത്തിനു നൽകാൻ ധനകമ്മീഷൻ ശുപാർശ ചെയ്ത 11,495 കോടി രൂപ തരാതെ അവഗണിക്കുകയും ചെയ്തു.

ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനെല്ലാം പുറമെ, നിങ്ങൾക്ക് ശക്തമായ സാമ്പത്തികാടിത്തറയുണ്ടെന്നും നിങ്ങൾ സ്വന്തമായി വിഭവ സമാഹരണം നടത്തുന്നുവെന്നുമാണ് അവർ ഞങ്ങളോട് പറയുന്നത്. അരവിന്ദ് സുബ്രഹ്മണ്യനും നമ്മളെല്ലാവരും ഇവിടെയുണ്ട്. ഡോ. തോമസ് ഐസക്കും ഇവിടെയുണ്ട്; അദ്ദേഹം എപ്പോഴും നമ്മൾ ആരെയുംകാൾ അധികം ജാഗ്രതയുള്ളയാളാണ്. നമ്മളെല്ലാം സന്തോഷപൂർവമാണ് ജിഎസ്ടി സംവിധാനത്തിന് കീഴടങ്ങിയത്; ഇന്ന് നമ്മൾ സന്തുഷ്ടരുമാണ്. നമ്മൾ അന്നെടുത്ത തീരുമാനത്തിൽ പശ്ചാത്തപിക്കുന്നയാളല്ല ഞാൻ; പക്ഷേ, നമ്മുടെ സംസ്ഥാനങ്ങൾക്കാവശ്യമായ, നമ്മുടേതായ വിഭവസമാഹരണം നടത്തുമ്പോൾ നമ്മുടെ കരങ്ങൾ ബന്ധിക്കപ്പെടുകയാണ്.

ജിഎസ്ടിയെക്കുറിച്ച് പറയുകയാണെങ്കിൽ, വീണ്ടും കർണാടകത്തിന്റെ ഉദാഹരണം തന്നെ നമുക്കെടുക്കാം. ഞങ്ങൾ കണക്കാക്കുന്നത്, ജിഎസ്ടി അവതരിപ്പിക്കുന്നതിന് തൊട്ടുമുൻപും ജിഎസ്ടി കൊണ്ടുവന്ന് 6 – 7 വർഷത്തിനുശേഷം ഇന്നും കർണാടകം പോലെയുള്ള ഒരു സംസ്ഥാനത്തിന് 20,000 – 22,000 കോടിയോളം രൂപ പ്രതിവർഷം നഷ്ടപ്പെടുകയാണ്. പഞ്ചാബ് കഴിഞ്ഞാൽ ജിഎസ്ടി കൊണ്ടുവന്നത് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് കർണാടകത്തെയാണ്; ഞങ്ങൾക്ക് പ്രതിവർഷം ഇരുപതിനായിരം – ഇരുപത്തിരണ്ടായിരം കോടിയോളം രൂപ നഷ്ടപ്പെടുന്നു.

ദേശീയ പൂളിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ നികുതിപിരിവ് വർധിച്ചിരിക്കുകയാണ്; ജിഎസ്ഡിപിയുടെ (മൊത്തം സംസ്ഥാന ആഭ്യന്തരോൽപാദനം) അടിസ്ഥാനത്തിലായാലും മറ്റേത് മാനദണ്ഡമനുസരിച്ചായാലും ഞങ്ങളുടെ നികുതി പിരിവ് വർധിച്ചിരിക്കുകയാണ്. എന്നാൽ ഞങ്ങൾക്ക് നിലനിൽക്കാൻ കിട്ടുന്നതാകട്ടെ താരതമേ-്യന കുറയുകയാണ്; ജിഎസ്ടി ഘടന, ചെന്നു ചേരേണ്ടയിടം എന്ന തത്വം (ഉപഭോക്തൃ സംസ്ഥാനം) എന്നിങ്ങനെയുള്ളവയാണ്. അതിനുകാരണം, അപ്പോൾ, പരോക്ഷ നികുതിയുടെ കാര്യത്തിലും എന്റെ കരങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.

അപ്പോൾ എന്താണ് ചെയ്യേണ്ടത്? മദ്യം, ഇന്ധനം, ഒന്നോ രണ്ടോകൂട്ടം രജിസ്ട്രേഷനുകൾ എന്നിവയാണ് നമുക്ക് അവശേഷിച്ചിട്ടുള്ളത്; അവയ്ക്കാകട്ടെ നമ്മുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും നമ്മുടെ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള നമ്മുടെ ബാധ്യതകൾ നിറവേറ്റാനുള്ള ശേഷിയുമില്ല. ഇവിടെ എത്തിയിട്ടുള്ള നമ്മുടെയെല്ലാം സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനം വളരെ ഉയർന്നതാണ്; നമ്മുടെ വികസനവും ഉയർന്നതാണ്. കേരളത്തിലെ മാനവ വികസനം രാജ്യത്തു തന്നെ ഏറ്റവും മുൻനിരയിലാണ്. എന്തുകൊണ്ടാണത്? നമ്മൾ ഈ മേഖലകളിലെല്ലാം നിക്ഷേപം നടത്തിയതുകൊണ്ടാണ്. ഈ മേഖലകളൊന്നും തന്നെ ഒരു പ്രാവശ്യം നിക്ഷേപം നടത്തി ഉപേക്ഷിക്കാൻ പറ്റുന്നവയല്ല. ഈ നിക്ഷേപങ്ങളെല്ലാം നിരന്തരം നടത്തിക്കൊണ്ടിരിക്കേണ്ടവയാണ്. ഇന്നുപോലും അതാവശ്യമാണ്. അങ്ങനെ ചെയ്തില്ലയെങ്കിൽ രാജ്യത്തിനാകെ ആവശ്യമായ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തല സൗകര്യങ്ങളും മാനവ വികസനവും പ്രദാനം ചെയ്യാൻ നമുക്കാവില്ല.

അതിനാൽ ഈ സംസ്ഥാനങ്ങളുടെ ക്ഷേമം നമ്മുടെ സംസ്ഥാനങ്ങൾക്ക് മാത്രമല്ല നിർണായകമായത്, മറിച്ച് ദേശീയ പുരോഗതിക്കും അവ നിർണായകമാണ്. അതുകൊണ്ടാണ് പതിനാലാം ധനകമ്മീഷൻ അത് 41 –42 ശതമാനത്തിലേക്ക് ഉയർത്തിയതിനെക്കുറിച്ച് വലിയ ചർച്ചയുണ്ടായത്. എന്നാൽ ഇവിടെയിരിക്കുന്ന എന്റെ സഹപ്രവർത്തകരെല്ലാം ചൂണ്ടിക്കാണിച്ചതുപോലെ തന്നെ യൂണിയൻ ഗവൺമെന്റ് കഴിഞ്ഞ പത്തുവർഷക്കാലം സെസുകളിലൂടെയും സർച്ചാർജുകളിലൂടെയുമാണ് ഒട്ടേറെ പരോക്ഷ നികുതിദായകരെ, പ്രത്യേകിച്ചും ഇന്ധനങ്ങളുടെ കാര്യത്തിൽ ഉപയോഗിച്ചത്.

വീതം വയ്ക്കലിൽ യൂണിയൻ സർക്കാരിന് നേട്ടം
യൂണിയൻ ഗവൺമെന്റിന്റെ മൊത്തം നികുതി വരുമാനത്തിലേക്ക് നോക്കുകയാണെങ്കിൽ, യഥാർഥത്തിൽ സംസ്ഥാനങ്ങൾക്ക് വീതംവച്ച് നൽകിയത് 32 ശതമാനത്തിലും കുറവാണ്; 42 ശതമാനം എന്ന വീതം ഉണ്ടായതേയില്ല.മുൻ ധനകമ്മീഷന്റെ കാലഘട്ടത്തിലേക്ക് നോക്കിയാൽ വീതംവയ്ക്കുന്നതിനായി ശുപാർശ നൽകപ്പെട്ടതിൽ മൂന്നോ നാലോ ശതമാനത്തിന്റെ വ്യത്യാസമുണ്ട്. ഇപ്പോഴത് പൂർണമായും പത്തുശതമാനമാണ്. സംസ്ഥാനങ്ങൾക്ക് വീതംവെച്ചു നൽകുന്നത് കുറയുന്നതിനു കാരണം യൂണിയൻ ഗവൺമെന്റ് സെസുകളും സർച്ചാർജുകളും ഈടാക്കുന്നതാണ്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ യൂണിയൻ ഗവൺമെന്റ് സെസുകളും സർച്ചാർജുകളും പിഴിഞ്ഞെടുക്കുന്നതുമൂലം കർണാടകത്തിന് നഷ്ടമായത് 53,000 കോടിയോളം രൂപയാണ്. അതിനാൽ ധനകമ്മീഷൻ കർണാടകത്തിലേക്ക് വന്നപ്പോൾ സെസുകളുടെയും സർച്ചാർജുകളുടെയും വിഷയം ഞങ്ങൾ ചൂണ്ടിക്കാണിച്ചു – ഭരണഘടനാപരമായ ഒരു വ്യവസ്ഥ അതിനുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി; സെസുകളും സർച്ചാർജുകളും ഈടാക്കുന്നതിന് ന്യായീകരണമുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കി. എന്നാൽ, അതേസമയം തന്നെ നിരവധി സന്ദർഭങ്ങളിൽ കൺട്രോളർ ആൻഡ് ആഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി & എജി) ചൂണ്ടിക്കാണിച്ചിട്ടുള്ളത്, യൂണിയൻ ഗവൺമെന്റ് സെസുകളും സർച്ചാർജുകളും ഈടാക്കുന്നത് എന്തിനുവേണ്ടിയാണോ അതിനായി അവ ഉപയോഗിക്കാതെ വകമാറ്റുകയാണെന്നാണ്. അതിനാൽ ഞങ്ങൾ അഭ്യർഥിച്ചത് സെസുകളും സർച്ചാർജുകളും ഈടാക്കുന്നത് 5 ശതമാനമാക്കി നിയന്ത്രിക്കണമെന്നും 5 ശതമാനത്തിലധികമുള്ള സെസുകളും സർച്ചാർജുകളും സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകാവുന്ന പൂളിന്റെ ഭാഗമാക്കണമെന്നും ധനകമ്മീഷൻ ശുപാർശ ചെയ്യണമെന്നാണ്.
അങ്ങനെ ചെയ്തില്ലെങ്കിൽ, സെസുകളിലൂടെയും സർച്ചാർജുകളിലൂടെയും യൂണിയൻ ഗവൺമെന്റ് സംസ്ഥാനങ്ങളുടെ ന്യായമായ നികുതി വിഹിതം നിഷേധിക്കുന്നത് തുടരും. അതേസമയം തന്നെ സെസും സർച്ചാർജും ഈടാക്കുന്നതിന് ചില ന്യായീകരണങ്ങളുണ്ടെന്ന് ഞങ്ങൾക്കറിയാം; അതുകൊണ്ടാണ് പരമാവധി 5 ശതമാനം വരെ കേന്ദ്ര സർക്കാരിന് ഈ ജനങ്ങളിൽ നിന്ന് പിരിക്കാമെന്നും അതിനുപരിയായി പിരിക്കുന്നത് വിഭജിക്കാവുന്ന പൂളിന്റെ ഭാഗമാക്കണമെന്നും ഞങ്ങൾ നിർദ്ദേശിച്ചത്.

ഇനി നമുക്ക് തിരശ്ചീനമായ (Horizontal) വിതരണത്തിന്റെ കാര്യത്തിലേക്ക് വരാം; നമ്മളിൽ അധികം പേർക്കും ഇതും നഷ്ടപ്പെട്ടിരിക്കുകയാണ്; ഞാൻ മുൻപു പറഞ്ഞതുപോലെ നമ്മൾ അങ്ങോട്ട് കൊടുക്കുന്നതിന്റെ 15 ശതമാനത്തോളമാണ് തിരികെ കിട്ടുന്നത്; എന്നാൽ മറ്റു സംസ്ഥാനങ്ങൾക്ക് വിഭവങ്ങൾ കെെമാറുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അതവർക്ക് ആവശ്യമാണ്. എന്നാൽ, അതോടൊപ്പം തന്നെ നീതിയോടെയുള്ള പരിഗണനയും പുരോഗതിയും പെർഫോമൻസും തമ്മിലുള്ള സന്തുലനം നിലനിൽക്കേണ്ടതാണ്. അങ്ങനെ ഉണ്ടാകുന്നില്ലെങ്കിൽ, നമ്മൾ ധാർമികമായ ഒരപകടാവസ്ഥയിൽ ചെന്നു പതിക്കും; നമ്മൾ നികുതി പിരിച്ച് കെെമാറുന്നത് തുടരുകയും അനേ-്യാന്യമുള്ള സഹകരണമില്ലാതെ ഏകപക്ഷീയമായ ഉത്തേജനം (incentive) നൽകുന്നത് തുടരുകയുമാണെങ്കിൽ ധാർമികമായ വിപത്തിൽ നമ്മൾ ചെന്നെത്തും.

ഇപ്പോൾ, ഭരണഘടനയുടെ നിർദ്ദേശകതത്വം അനുച്ഛേദം 38 (2) യൂണിയൻ ഗവൺമെന്റിനോട് നിർദ്ദേശിക്കുന്നത് പ്രത്യേകിച്ചും സംസ്ഥാനങ്ങളുടെ വരുമാനത്തിലെ അസമത്വങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കണമെന്നും സംസ്ഥാനങ്ങൾ തമ്മിലും പ്രദേശങ്ങൾ തമ്മിലും എല്ലാ ഇന്ത്യക്കാർക്കുമിടയിലുമുള്ള അസമത്വം ഇല്ലാതാക്കാൻ പ്രയത്നിക്കണമെന്നുമാണ്; അതുപ്രകാരമാണ് പരസ്പരമുള്ള വിഭവ കെെമാറ്റം സംബന്ധിച്ച ആശയം ഉയർന്നുവന്നത്.

അരവിന്ദ് സുബ്രഹ്മണ്യൻ ചൂണ്ടിക്കാണിച്ചത് നമ്മൾ 1960കളിലേക്ക് തിരിഞ്ഞുനോക്കുകയും ദേശീയ ശരാശരി വരുമാനമെടുക്കുകയുമാണെങ്കിൽ പരമദരിദ്രമായ സംസ്ഥാനത്തിന് ദേശീയ ശരാശരി വരുമാനത്തിലും 30 ശതമാനം കുറവായിരിക്കും; അതേസമയം, ഏറ്റവുമധികം സമ്പത്തുള്ള സംസ്ഥാനത്തിന് ദേശീയ ശരാശരി വരുമാനത്തെക്കാൾ 30 ശതമാനം അധികം ലഭിക്കുമെന്നുമാണ്. കഴിഞ്ഞ 50 വർഷത്തിലധികമായി, നമ്മൾ പുനർവിതരണത്തിൽ മാത്രമാണ് ഊന്നുന്നത‍്. അപ്പോൾ ചോദ്യം ചെയ്യപ്പെടാത്ത പുനർവിതരണത്തിന്റെ ഈ 50 വർഷത്തിനുശേഷവും എവിടെയാണ് നമ്മൾ ചെന്നെത്തിയത്!

നമ്മളെല്ലാം ശരാശരി തലത്തിൽ എത്തുന്നത് ഉറപ്പാക്കാനായി പ്രവർത്തിക്കണമെന്നാണ് ഭരണഘടന ആവശ്യപ്പെടുന്നത്; എല്ലാ ഇന്ത്യക്കാരും, അവർ ഇന്ത്യയുടെ ഏതു ഭാഗത്ത് ജീവിക്കുന്നവരാണെങ്കിലും എല്ലാവരും, സാമ്പത്തിക അവസരങ്ങളുടെയും ഉപജീവന സൗകര്യങ്ങളുടെയും കാര്യത്തിൽ പരസ്പരം കൂടുതൽ അടുത്തുവരികയാണ്. 1960ൽ ഞങ്ങൾ 30 ശതമാനം കുറവായവരും 30 ശതമാനം അധികമുള്ളവരുമായിരുന്നു. സർവോപരി, അനിയന്ത്രിതമായ പുനർവിതരണത്തിന്റെ ഈ വർഷങ്ങൾക്കുശേഷം, സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസം മെെനസ് 60ൽ നിന്ന് പ്ലസ് തൊണ്ണൂറിലേക്ക് ഉയർന്നു. അതിനാൽ, പുനർവിതരണത്തിലും നീതിയിലുമുള്ള ഈ ഊന്നൽ യഥാർഥത്തിൽ ഓരോ ഇന്ത്യക്കാരന്റെയും ജീവിതസാഹചര്യത്തിൽ ഒരു അഭിവൃദ്ധിയും ഉണ്ടാക്കിയില്ല; നമ്മളെയെല്ലാം ഒന്നിച്ചു കൊണ്ടുവന്നിട്ടുമില്ല; വാസ്തവത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള വിടവ് വർധിച്ചിരിക്കുകയാണ്.

അതിനാൽ, ഈ അനുഭവങ്ങളുടെ വെളിച്ചത്തിലും കഠിന യാഥാർഥ്യങ്ങളുടെ അടിസ്ഥാനത്തിലും നാം ഒന്നാമതായും അപേക്ഷിക്കുന്നത് പുരോഗതിയും പെർഫോമൻസും കാര്യക്ഷമതയും ഉള്ളതിന്റെ പേരിൽ ശിക്ഷിക്കപ്പെടരുതെന്നാണ്.

നല്ല പെർഫോമൻസിന് ശിക്ഷ
പക്ഷേ, ഓരോ ധനകമ്മീഷനിലും ഇതാണ് സംഭവിക്കുന്നത്. നന്നായി കാര്യങ്ങൾ നിർവഹിക്കുന്നവർ ആരായാലും ഓരോ ധനകമ്മീഷനും അവരുടെ വിഹിതം വെട്ടിക്കുറയ്ക്കുന്നതാണ് പതിവ്. അതിനാൽ നല്ല പെർഫോമൻസിന്റെ പേരിൽ നിങ്ങൾ ശിക്ഷിക്കപ്പെടുകയാണെങ്കിൽ, അത് മെച്ചപ്പെട്ട പെർഫോമൻസും കാര്യക്ഷമതയും ഇല്ലാതാക്കും; അതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ നൽകപ്പെടുന്ന സന്ദേശം, നല്ല നിലയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തപ്പെടുമെന്നാണ്; അപ്പോൾ എവിടെയാണ് പെർഫോമൻസിനും പുരോഗതിക്കുമുള്ള ഇൻസെന്റീവ്? നേരെമറിച്ച് മോശപ്പെട്ട പെർഫോമൻസിന് അനിയന്ത്രിതമായി സമ്മാനം നൽകുന്നുമുണ്ട്. അങ്ങനെ ഇത് സൃഷ്ടിക്കുന്നത്, പുരോഗതി ഉണ്ടാക്കാതിരിക്കുന്നതിനുള്ള തലതിരിഞ്ഞ ഇൻസെന്റീവാണ്; തൽഫലമായി, ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ കാര്യമായ പുരോഗതിയൊന്നും കെെവരിക്കുന്നില്ല. അതിനാൽ ഞങ്ങൾക്ക് നിർദ്ദേശിക്കാനുള്ളത്, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നത് നിയന്ത്രിക്കണമെന്നാണ്;

അതിനാൽ നാം ശ്രമിക്കേണ്ടത് സമതുലിതാവസ്ഥയും പുനർവിതരണവും ഇല്ലാതാക്കാനല്ല. ഊന്നൽ നൽകുന്നതിനും വ്യക്തത വരുത്തുന്നതിനുമായി പറയാനുള്ളത് നമ്മൾ പുനർവിതരണത്തിനൊപ്പം തന്നെയെന്നാണ്.

പുനർവിതരണത്തിൽ നാം വിശ്വസിക്കുന്നുണ്ട്; സമതുലിതാവസ്ഥയിലും നമുക്ക് വിശ്വാസമുണ്ട്; എന്നാൽ അതേസമയം തന്നെ, സമതുലിതാവസ്ഥയെ പുരോഗതിക്കും പെർഫോമൻസിനും കാര്യക്ഷമതയ്ക്കുമുള്ള ഇൻസെന്റീവുകളുമായി തുലനം ചെയ്യാവുന്നതാണ്. ഇതിന്റെയൊന്നും പേരിൽ ആരും ശിക്ഷിക്കപ്പെടരുത്. അതിനാൽ, നാം ശ്രമിക്കേണ്ടത് നീതിയും പെർഫോമൻസും സന്തുലിതാവസ്ഥയിലാക്കാനാണ്. അതാണ് ധനകമ്മീഷനോട് ഈ വിഷയങ്ങളെല്ലാം പരിശോധിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. അപ്പോൾ നാം ഇതെങ്ങനെ കെെവരിക്കും? ഇത് കെെവരിക്കാൻ കഴിയുന്ന രണ്ട് മാർഗങ്ങളെക്കുറിച്ച് ഞങ്ങൾ അവർക്കുമുന്നിൽ നിർദ്ദേശം വച്ചു. ഒരുകാര്യം, യൂണിയൻ ഗവൺമെന്റിന് നമ്മുടെ സംസ്ഥാനങ്ങൾ നൽകേണ്ട നികുതി വിഹിതത്തിന്റെ അളവ് നിശ്ചയിക്കുകയെന്നതാണ്. ജിഎസ്ടി സംബന്ധിച്ച ഡാറ്റ ലഭ്യമാണ്. പ്രത്യക്ഷ നികുതികളുടെയും അളവ് നിശ്ചയിക്കാനാവും എന്നെനിക്ക് ഉറപ്പാണ്; അപ്പോൾ വിഭജിക്കാവുന്ന പൂളിലേക്ക് സംസ്ഥാനം യൂണിയന് നൽകേണ്ടതെത്രയാണോ ആ വിഹിതത്തിന്റെ ചുരുങ്ങിയത് 60 ശതമാനമെങ്കിലും ആ സംസ്ഥാനങ്ങൾക്ക് തിരികെ വീതിച്ച് നൽകണം.

ആ നിലയിൽ ഒരനുപാതം ഉണ്ടായിരിക്കണം; നിങ്ങൾ അവശേഷിക്കുന്ന 40 ശതമാനമെടുത്ത് പുനർവിതരണം ചെയ്യുക; ഞങ്ങൾ പുനർവിതരണത്തിനെതിരല്ല. എന്നാൽ വിഭജിക്കാവുന്ന പൂളിലേക്ക് യൂണിയന് ഞങ്ങൾ നൽകുന്ന വിഹിതത്തിൽ (യൂണിയൻ വിഹിതത്തെക്കുറിച്ചൊന്നും ഞാൻ പറയുന്നില്ല) നിന്ന് യൂണിയൻ വിഹിതം നമുക്ക് മാറ്റിവയ്ക്കാം; വിഭജിക്കാവുന്ന പൂളിൽ അവശേഷിക്കുന്നത്, സംസ്ഥാനങ്ങൾ ആ പൂളിലേക്ക് സംഭാവന നൽകുന്നതിന്റെ 60 ശതമാനം അവയ്ക്ക് തിരിച്ചു നൽകണം.

ഇൗ രീതിശാസ്ത്രം അൽപം സങ്കീർണമാണെങ്കിൽ, ജിഎസ്ഡിപി കണക്കുകളുണ്ടല്ലോയെന്ന് ഞങ്ങൾ ധനകാര്യ കമ്മിഷനോട് നിർദേശിച്ചു. ജിഎസ്ഡിപി കണക്കുകളെക്കുറിച്ച് ഞങ്ങൾക്ക് തർക്കമുണ്ടെങ്കിലും അത് ദേശീയമായി അംഗീകരിക്കപ്പെട്ടതുകൊണ്ടാണ് ഞങ്ങൾ അക്കാര്യം പറഞ്ഞത്.

വെയിറ്റേജ് എങ്ങനെ നൽകണം
നീതിയും ന്യായവും സംബന്ധിച്ച്- ഉൽക്കണ്ഠയുള്ളതിനാൽ നിങ്ങൾക്ക് തുല്യമായ വെയ്റ്റേജ് നൽകാവുന്നതാണ്. ജിഎസ്ഡിപി കണക്കിലെടുത്ത് നിങ്ങൾ തുല്യമായ വെയ്റ്റേജ് നൽകണം. ജിഡിപിയിലേക്കുള്ള സംസ്ഥാനങ്ങളുടെ വിഹിതത്തെ ധനകമ്മിഷന്റെ കണക്കുകളിലെ ഘടകമാക്കുകയും നമ്മുടെ ജിഡിപി വിഹിതത്തിലേക്ക് തുല്യമായ വെയ്റ്റേജ് നൽകുകയും വേണം. ഇതിൽ ഏതെങ്കിലുമൊരു ഫോർമുല സ്വീകരിക്കുകയാണെങ്കിൽ നമ്മുടെ സംസ്ഥാനങ്ങൾക്ക് അത് നീതി ഉറപ്പാക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്; മാത്രമല്ല സ്വീകരിക്കുന്ന സംസ്ഥാനങ്ങൾക്കും ഇത് നീതി ഉറപ്പാക്കും. അവർക്ക് കൊടുക്കുന്നത് വെട്ടിക്കുറയ്ക്കണമെന്നല്ല ഞങ്ങൾ പറയുന്നത്; ന്യായമായ നടപടികൾ സ്വീകരിച്ച് ഞങ്ങളുടെ വിഹിതം വർധിപ്പിക്കണമെന്നേ പറയുന്നുള്ളൂ. ഇത് പുനർവിതരണം ലഭിക്കുന്ന സംസ്ഥാനങ്ങളെയും പരിരക്ഷിക്കും; ഞങ്ങളുടെ അഭിപ്രായത്തിൽ ഇത് വിഹിതം നൽകുന്ന സംസ്ഥാനങ്ങളെയും പരിരക്ഷിക്കും.

കർണാടകത്തിന്റെ നിർദ്ദേശങ്ങൾ കൂടുതൽ തീവ്രമാണെന്നുണ്ടെങ്കിൽ, ഇതു സംബന്ധിച്ച് ഞാനൊന്ന് വ്യക്തത വരുത്താം. ഈ പറഞ്ഞതിലൊന്നും തീവ്ര സ്വഭാവമുള്ള കാര്യമൊന്നുമില്ല; കാരണം ആദ്യത്തെ 8–9 ധനകമ്മിഷനുകൾ ദേശീയ പൂളിലേക്ക് സംസ്ഥാനത്തിന്റെ വിഹിതം കൂടി കണക്കിലെടുത്തിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. അതായിരുന്നു പൊതുവായ രീതി. ഞാൻ ഈ പറഞ്ഞത് തെറ്റാണെന്നുണ്ടെങ്കിൽ ആരെങ്കിലും അത് തിരുത്തുന്നത് നന്നായിരിക്കും.

എന്നാൽ യൂണിയൻ ഗവൺമെന്റിന്റെ വിഭജിക്കാവുന്ന പൂളിലേക്ക് വിഹിതം നൽകുന്ന സംസ്ഥാനത്തിന് വെയ്റ്റേജ് നൽകുന്ന രീതി കഴിഞ്ഞ ചില ധനകമ്മീഷനുകളാണ് കൊണ്ടുവന്നതെന്നാണ് ഞാൻ കരുതുന്നത്. ആദ്യത്തെ 8 – 9 കമ്മീഷനുകൾ ഇപ്പോഴത്തേതുപോലെ ആയിരുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. അതിനാൽ ഞങ്ങൾ ആവശ്യപ്പെടുന്നത് അത്തരമൊരു പരിഗണന വീണ്ടും കൊണ്ടുവരണമെന്നാണ്; ആ പരിഗണനയ്ക്ക് മുൻഗണന നൽകണമെന്നു പോലും ഞങ്ങൾ ആവശ്യപ്പെടുന്നില്ല. പ്രഥമ പരിഗണന നൽകണമെന്നൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല.

യൂണിയൻ ഗവൺമെന്റിന് ഞങ്ങൾ നൽകുന്നതിന് അനുയോജ്യമായ തുല്യ നിലയിലുള്ള വെയ്റ്റേജ് ഞങ്ങൾക്ക് നൽകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അങ്ങനെയാകുമ്പോൾ ഞങ്ങൾ നൽകുന്ന വിഹിതത്തിനനുസരിച്ചുള്ള ന്യായമായ വീതം തിരികെ ലഭിക്കും; അങ്ങനെയായാൽ ഞങ്ങൾ സാമൂഹികമായും സാമ്പത്തികമായും ഭൗതികമായും തുടർന്നും വികസിക്കും; ഞങ്ങൾ വികസിക്കുകയാണെങ്കിൽ അതിന്റെ നേട്ടം രാജ്യത്തിനുമുണ്ടാകും; കാരണം ഞങ്ങൾ പൊന്മുട്ടയിടുന്ന താറാവുകളാണ്; ഞങ്ങൾ യൂണിയൻ ഗവൺമെന്റിനായി പൊന്മുട്ടയിടുന്നു; നിങ്ങൾ ഞങ്ങളെ പരിരക്ഷിക്കുകയാണെങ്കിൽ, അതിന്റെ നേട്ടം രാജ്യത്തിനാകെയുണ്ടാകും. ഞങ്ങളുടെ സ്ഥിതി മെച്ചമായാൽ അതിന്റെ നേട്ടം രാജ്യത്തിനാകെയുണ്ടാകും;പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കും അതിന്റെ നേട്ടമുണ്ടാകും.

തെലങ്കാന ഇതിനകം തന്നെ അവരുടെ നിവേദനം ധനകമ്മീഷന് നൽകിക്കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. രണ്ടു ദിവസത്തിനുമുൻപ് ചർച്ച നടന്നിരുന്നു. ധനകമ്മീഷനുമായുള്ള ഞങ്ങളുടെ ചർച്ചയിൽ ഉന്നയിച്ച ചില പോയിന്റുകളാണിവ. ധനകമ്മീഷനോട് നീതിപുലർത്തിക്കൊണ്ടുതന്നെ പറയട്ടെ, നീതിയും കാര്യക്ഷമതയും സമതുലിതമാക്കണമെന്ന ഞങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാൻ അവർ സന്നദ്ധരാണെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. സംസ്ഥാനങ്ങളുടെ സംഭാവനകൾ അംഗീകരിക്കാൻ അവർ സന്നദ്ധരാവുകയാണ്. ഞാൻ കരുതുന്നത് ചില രീതിയിലുള്ള പുനഃപരിശോധനയ്ക്കും അവർ തയ്യാറാകുമെന്നാണ്. പതിനഞ്ചാം ധനകാര്യകമ്മീഷൻ ചെയ്തു കൂട്ടിയ കടുത്ത അനീതിയും ദ്രോഹവുമെല്ലാം ഭാഗികമായെങ്കിലും പതിനാറാം ധനകാര്യ കമ്മീഷൻ തിരുത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്; പൊതുവെ നമുക്കനുകൂലമായതെന്തെങ്കിലും ഈ കമ്മീഷനിൽ നിന്നുണ്ടാകുമെന്ന വലിയ പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളത്.

ധനകാര്യ ഫെഡറലിസം 
എവിടെ എത്തിനിൽക്കുന്നു?
എന്നിരുന്നാലും നാം ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ശബ്ദമുയർത്തണമെന്നു തന്നെയാണ് ഞാൻ കരുതുന്നത്; കാരണം, ധനകാര്യ ഫെഡറലിസത്തിന്റെ കാര്യത്തിൽ നാം ഇന്നെത്തി നിൽക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ദശാസന്ധിയിലാണ്. അതെ, നാമിന്ന് നിർണായകമായ ഒരു ദശാസന്ധിയിൽ തന്നെയാണ്; ഒരു വശത്ത്, ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത് ധനകാര്യ ഫെഡറലിസത്തെക്കുറിച്ചാണ്. എന്നാൽ ഏറെ വെെകാതെ നമുക്ക് രാഷ്ട്രീയ ഫെഡറലിസത്തെക്കുറിച്ചും ചർച്ച ചെയ്യേണ്ടതായി വരും. തമിഴ്നാട് സർക്കർ ഇതിനകം തന്നെ നിയമസഭയിൽ ഒരു പ്രമേയം പാസാക്കിക്കഴിഞ്ഞു. അവരപ്പോലെ തന്നെ ലോക്-സഭാ മണ്ഡല പുനർനിർണയത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ഞങ്ങളും അതീവ ഉൽക്കണ്ഠാകുലരാണ്.

1971 മുതൽ രാജ്യത്ത് നിലനിന്നിരുന്ന അഭിപ്രായ സമന്വയത്തെ പതിനഞ്ചാം ധനകമ്മീഷൻ ഇല്ലാതാക്കിയതുപോലെ ഒന്നാണ് സംഭവിക്കാൻ സാധ്യതയുള്ളത്; 1971 ലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭരണഘടന ഭേദഗതി ചെയ്ത് ജനസംഖ്യാപരമായ പുരോഗതി ഉണ്ടായതിന്റെ പേരിൽ ശിക്ഷിക്കപ്പെടരുത് എന്ന് ഉറപ്പുവരുത്തിയത്. പാർലമെന്റിലെ സീറ്റുകളുടെ എണ്ണം മരവിപ്പിച്ചിരിക്കുകയാണ്; എന്നാൽ ഇപ്പോൾ നാം കരുതുന്നത് ആ വിഷയം പുനഃപരിശോധിച്ചേക്കാമെന്നാണ്. അതിനാൽ വരാൻ പോകുന്ന സെൻസസ് പ്രകാരം നിയോജകമണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയമുണ്ടായാൽ നമുക്കെല്ലാം പാർലമെന്റിലെ നമ്മുടെ പ്രാതിനിധ്യം കുറയാൻ സാധ്യതയുണ്ട്.

ഒരുവശത്ത് സാമ്പത്തികമായുള്ള നമ്മുടെയെല്ലാം സംഭാവനയുടെ ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുമ്പോൾ, മറുവശത്ത് യൂണിയനിലെ നമ്മുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയാനുള്ള വ്യക്തമായ സാധ്യതയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഫെഡറലിസവുമായി ബന്ധപ്പെട്ട ഈ വിഷയങ്ങൾ – ന്യായത്തിന്റെയും നീതിയുടെയും ഒപ്പം എല്ലാവരുടെയും പ്രശ്നങ്ങളെ ആദരവോടെ പരിഗണിക്കുന്നതിന്റെയും വിഷയങ്ങൾ – മൊത്തത്തിൽ തന്നെ കൂടുതൽ നിർണായകമായ പ്രാധാന്യം കെെവരിച്ചു കഴിഞ്ഞ ഒരു ദശാസന്ധിയിലാണ് നാം എത്തിയിരിക്കുന്നത്. അതിനാൽ പതിനാറാം ധനകാര്യ കമ്മീഷൻ ചർച്ചകളെ തുടർന്ന് സംഭവിക്കുന്നതെന്തായാലും രാഷ്ട്രീയ ഫെഡറലിസവുമായി ബന്ധപ്പെട്ട ചിലതും ഇതിനൊപ്പം വരാനിടയുണ്ട്; നമ്മുടെ സാമ്പത്തിക പ്രാതിനിധ്യവും രാഷ്ട്രീയ പ്രാതിനിധ്യവും ഉറപ്പാക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്നുണ്ടെങ്കിൽ നിരവധി വർഷങ്ങൾ നീണ്ടുനിൽക്കുന്ന നീതിക്കായുള്ള പോരാട്ടം ആവശ്യമാക്കുന്നതാണിത്.

അങ്ങനെ നാമിന്ന് ഇവിടെ ഒത്തുചേരുന്നത് നിർണായകമായ ഒരു ദശാസന്ധിയിലാണ്; ഇവിടെ നമ്മൾ നടത്തുന്ന നീക്കങ്ങൾക്ക് പല സംസ്ഥാനങ്ങളെയും സംബന്ധിച്ചിടത്തോളം ഒട്ടേറെ പ്രാധാന്യമുണ്ട്; അടുത്ത പ്രാവശ്യം നാം ബംഗളൂരുവിൽ ഒത്തുചേരുമ്പോൾ ഈ മേശയ്ക്കുചുറ്റും കൂടുതൽ സംസ്ഥാനങ്ങളെ കൊണ്ടുവരാൻ കഴിയും; നമ്മുടെ ശബ്ദങ്ങൾക്ക് കൂടുതൽ ശ്രദ്ധയാകർഷിക്കാനും കഴിയും. നമ്മളെ ശ്രദ്ധിച്ചാൽ മാത്രം പോര. നമ്മുടെ വാക്കുകൾ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ ആ ദിശയിൽ നാം കൂടുതൽ പ്രവർത്തനം നടത്തേണ്ടതുണ്ട്; ഇക്കാര്യത്തിൽ കുറച്ചു മുന്നോട്ടുപോവുകയും ആദ്യ ചുവടുവയ്ക്കുകയും ചെയ്തിരിക്കുകയാണ് കേരളം. അതിനാൽ നമ്മളെയെല്ലാം ഇവിടെ ഒന്നിച്ചു കൊണ്ടുവന്നതിന് മുൻകെെയെടുത്ത കേരളത്തിന്റെ നടപടിയെ ഞാൻ വീണ്ടും അഭിനന്ദിക്കുന്നു.

കേരളം ഇവിടത്തെ പ്രതിപക്ഷ നേതാവിനെക്കൂടി ഈ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്; ഇത് കേരള ജനതയ്ക്കുള്ള ഉഭയപക്ഷ സഹകരണത്തെയാണ് കാണിക്കുന്നത്; കേരളത്തിലെ ജനങ്ങൾക്കുവേണ്ടി മാത്രമല്ല ഇവിടെ എത്തിയിട്ടുള്ള സംസ്ഥാനങ്ങളിലെയെല്ലാം ജനങ്ങൾക്ക് നീതി തേടിയുള്ള സഹകരണമാണിത്. ഞാൻ മുൻപു പറഞ്ഞതുപോലെ നമ്മുടെ കൂട്ടായ നീക്കങ്ങൾ നമുക്കെല്ലാം ഒരുപോലെ ഗുണകരമായ ചില അനുകൂല ഫലങ്ങളുണ്ടാക്കുമെന്ന ശുഭപ്രതീക്ഷയാണ് ഞങ്ങൾക്കുള്ളത്. എന്റെ ദീർഘമായ ഈ വാക്കുകൾ സശ്രദ്ധം കേട്ടിരുന്ന നിങ്ങൾക്കെല്ലാം എന്റെ നന്ദി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − twelve =

Most Popular