Tuesday, December 3, 2024

ad

Homeകവര്‍സ്റ്റോറിധനകാര്യ ഫെഡറലിസം 
സംരക്ഷിക്കാൻ

ധനകാര്യ ഫെഡറലിസം 
സംരക്ഷിക്കാൻ

കെ എൻ ബാലഗോപാൽ

കോൺക്ലേവിൽ പങ്കെടുക്കുന്നതിന് വിലപ്പെട്ട സമയം ചെലവഴിക്കുന്ന നിങ്ങളോരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ തന്നെ രേഖപ്പെടുത്തട്ടെ.

ഈ കോൺക്ലേവ് വിളിച്ചു കൂട്ടുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചതിന് രണ്ട് മുഖ്യകാരണങ്ങളുണ്ട്. രാജ്യത്തിന്റെ ധനകാര്യ സംവിധാനത്തിലെ വഷളായിക്കൊണ്ടിരിക്കുന്ന അസന്തുലിതാവസ്ഥയിലേക്ക് രാഷ്ട്രത്തിന്റെയാകെ ശ്രദ്ധ ക്ഷണിക്കുകയെന്നതാണ് ആദ്യത്തെ ലക്ഷ്യം.

ഇന്ത്യയുടെ ധനകാര്യ സംവിധാനത്തിൽ ലംബമായും തിരശ്ചീനമായും അസന്തുലിതാവസ്ഥ നിലനിൽക്കുന്നതിനെക്കുറിച്ച് നിങ്ങൾക്കെല്ലാം ബോധ്യമുണ്ടാവുമല്ലോ. കാലം കഴിയുന്തോറും അവ വഷളായി വരികയാണ്. 15–ാം ധനകാര്യ കമ്മീഷന്റെ ശുപാർശയോടുകൂടി അത് ഏറ്റവും വഷളായ ഒരവസ്ഥയിലേക്ക് എത്തുകയാണ്. രാജ്യത്ത് നിലനിൽക്കുന്ന സഹകരണാത്മക ഫെഡറലിസം എന്ന സംവിധാനം ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യത്ത് ഇപ്പോൾ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ, കേരളം ഒറ്റയ്ക്കല്ല. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും അവിടെ അധികാരത്തിലിരിക്കുന്നത് ഏത് രാഷ്ട്രീയ പാർട്ടിയാണെങ്കിലും ഇതേവരെ കേട്ടുകേൾവിപോലും ഉണ്ടായിട്ടില്ലാത്തത്ര മോശപ്പെട്ട വിധത്തിലാണ് ധനകാര്യ ഞെരുക്കംമൂലമുള്ള ബുദ്ധിമുട്ടനുഭവിക്കുന്നത്. സംസ്ഥാന സർക്കാരുകൾ തങ്ങൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വം പ്രത്യേകിച്ച് സമൂഹത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന് ഏറെ പാടുപെടുകയാണ്.

ഈ വിഷയം ഞങ്ങൾ ഇന്ത്യയിലെ ഉന്നതനീതിപീഠത്തിനുമുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തുനിന്നുള്ള ബഹുമാന്യരായ അംഗങ്ങളുടെ സഹായത്തോടുകൂടി പാർലമെന്റിൽ ഈ വിഷയങ്ങൾ അവതരിപ്പിക്കാനും ഞങ്ങൾ ശ്രമിച്ചു. ഡൽഹിയിൽ ഇതിൽ കേന്ദ്രീകരിച്ച് ഞങ്ങളൊരു പൊതുയോഗവും സംഘടിപ്പിച്ചു; എല്ലാ ഭാഗങ്ങളിൽനിന്നും ഇതിന് അതിവിപുലമായ പിന്തുണയാണ് ലഭിച്ചത്. ഇതിനകം ഞങ്ങൾ ഏറ്റെടുത്ത ഇത്തരം പരിശ്രമങ്ങളുടെ തുടർച്ചയാണ് ഈ കോൺക്ലേവ്.

രാജ്യത്തെ മറ്റു സംസ്ഥാന സർക്കാരുകളും സമാനമായ നടപടികൾ തുടങ്ങാൻ ആലോചിക്കുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തെ ധനകാര്യ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ നമ്മളെല്ലാം പ്രതിബദ്ധതയുള്ളവരാണ്; അങ്ങനെയായാൽ മാത്രമേ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നത് ശക്തിപ്പെടുത്താനാകൂ. വാസ്തവത്തിൽ, സംസ്ഥാനങ്ങളെ ശാക്തീകരിക്കുന്നത് മാത്രമാണ്, ഇന്ത്യയെ ധനപരമായി ശാക്തീകരിക്കാനുള്ള ഒരേയൊരു വഴി.

പതിനാറാം ധനകാര്യ കമ്മീഷന് സമർപ്പിക്കേണ്ട സംസ്ഥാനത്തിന്റെ മെമ്മോറാണ്ഡത്തെ സംബന്ധിച്ച് വിപുലമായ കൂടിയാലോചന നടത്തുകയാണ് ഈ കോൺക്ലേവിന്റെ രണ്ടാമത്ത ലക്ഷ്യം. ബഹുമാന്യരായ മന്ത്രിമാരും പ്രശസ്തരായ അക്കാദമിക്കുകളും സീനിയർ ബ്യൂറോക്രാറ്റുകളും ഉൾപ്പെടെ ആദരണീയരായ നിരവധി അതിഥികൾ സന്നിഹിതരാണ്. ആതിഥേയർ എന്ന നിലയിൽ മുഖ്യമായും ഞങ്ങളുടെ ഉത്തരവാദിത്വം ഇതാകെ കേൾക്കുകയും ഉയർന്നുവരുന്ന വിലപ്പെട്ട നിർദ്ദേശങ്ങൾ രേഖപ്പെടുത്തുകയുമാണ്. അതിനാൽ, ഒന്നോ രണ്ടോ പ്രധാന പോയിന്റുകൾ മുന്നോട്ടുവയ്ക്കുന്നതിനപ്പുറം വിശദമായ ഒരവതരണത്തിന് ഞാനിപ്പോൾ തുനിയുന്നില്ല.

ഈ സംവിധാനത്തിലെ കുത്തനെയുള്ള (ലംബമായ) അസന്തുലിതാവസ്ഥ സംബന്ധിച്ച ഒരു കാര്യം ആദ്യമേ തന്നെ ഞാനിവിടെ അവതരിപ്പിക്കാം.

പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിരീക്ഷിച്ചതുപോലെ, രാജ്യത്തെ മൊത്തം പൊതു ചെലവഴിക്കലിന്റെ 62 ശതമാനത്തോളമാണ് ഇന്ത്യയിലെ സംസ്ഥാനങ്ങൾ നടത്തുന്നത്; അതേസമയം അവയുടെ റവന്യൂ വിഹിതം വെറും 37 ശതമാനം മാത്രമാണ്. എന്നാൽ അതിനുശേഷം എന്താണ് സംഭവിച്ചത്? കുത്തനെയുള്ള അസന്തുലിതാവസ്ഥ പിന്നെയും വഷളായിരിക്കുകയാണ്.

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വിഭജിച്ച് നൽകേണ്ട വിഹിതത്തിൽ പല വിധത്തിൽ യൂണിയൻ ഗവൺമെന്റ് വെട്ടിക്കുറവ് വരുത്തുകയാണ്.സെസും സർച്ചാർജുകളും ഓഹരി വിറ്റഴിക്കൽ, പൊതു ആസ്തികളുടെ വിറ്റഴിക്കൽ, റിസർവ് ബാങ്കിന്റെ ലാഭം എന്നിങ്ങനെയുള്ള സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ടതില്ലാത്ത സ്രോതസുകളിലൂടെയാണ് യൂണിയൻ ഗവൺമെന്റ് വരുമാന സമാഹരണം നടത്തുന്നത്.

വിഭജിക്കാവുന്ന വരുമാന വിഹിതത്തിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നതെങ്കിലും സെസിന്റെയും സർച്ചാർജുകളുടെയും വിഹിതം വർധിപ്പിച്ചുകൊണ്ടിരിക്കുന്നതുമൂലം യഥാർഥത്തിൽ 30 ശതമാനത്തോളം മാത്രമേ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നുള്ളൂ.

ചുവടെ ചേർക്കുന്ന സംഭവവികാസങ്ങൾ ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്:

l പ്ലാനിങ് കമ്മീഷനെ ഇല്ലാതാക്കിയത്.

l എഫ്ആർബിഎം ആക്ട് പാസാക്കിയത്; എന്നാൽ 2003നുശേഷം ഇതേവരെ ഒരു വർഷം മാത്രമേ യൂണിയൻ ഗവൺമെന്റ് ഈ നിയമം സ്വയം നടപ്പാക്കിയുള്ളൂ.

l സർവോപരി, രാജ്യത്ത് ജിഎസ്-ടി നടപ്പാക്കിയത്.

l ഏറ്റവുമൊടുവിൽ, ബജറ്റിനു പുറത്തുനിന്ന് വായ്പയെടുക്കുന്നതിലുള്ള കേന്ദ്രത്തിന്റെ സമീപനം.

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ധനപരമായ സ്വയംനിർണയാവകാശത്തെ കൃത്യമായി നിഷേധിക്കുന്ന പ്രധാനപ്പെട്ട നാഴികക്കല്ലുകളാണ് ഇവ.

എത്രയും വേഗം യൂണിയൻ ഗവൺമെന്റ് പിന്തിരിയേണ്ട സ്വാഗതാർഹമല്ലാത്ത മറ്റൊരു പ്രവണതയുമുണ്ട്. സംസ്ഥാനങ്ങൾക്ക് മൊത്തം ലഭിക്കുന്ന ഗ്രാന്റുകളിൽ ഉപാധിരഹിതമായ ധനകമ്മീഷൻ ഗ്രാന്റുകളുടെ വിഹിതം 2009–10ൽ 31.2 ശതമാനമായിരുന്നത് 2023–24ൽ 17.4 ശതമാനമായി കുറഞ്ഞു. എന്നാൽ ഉപാധികളോടെയുള്ള ഗ്രാന്റുകളുടെ വിഹിതത്തിൽ തത്തുല്യമായ വർധന വരുത്തുന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ; ഇതേ കാലഘട്ടത്തിൽ 68.2 ശതമാനത്തിൽനിന്ന് 82.6 ശതമാനമായാണ് അത് വർധിച്ചത്.

ജനങ്ങളുടെ മൊത്തത്തിലുള്ള വികസനവും ക്ഷേമവും ഉപദേശീയമായ (സംസ്ഥാനങ്ങൾ) സംവിധാനങ്ങളെയാണ് നിശ്ചയമായും ആശ്രയിച്ചിരിക്കുന്നത്; അത്തരം സംവിധാനങ്ങളാണ് ജനങ്ങളുമായി അടുത്തുനിൽക്കുന്നത്; അവശ്യ പൊതുസേവനങ്ങൾ നൽകുന്നതിന് ഇവയെയാണ് പ്രാപ്തമാക്കേണ്ടത്.

ഇന്ത്യയിൽ ധനപരമായ ഫെഡറലിസത്തിന് വിരുദ്ധമായി മേൽ സൂചിപ്പിച്ച കാര്യങ്ങൾ വർധിച്ച തോതിൽ മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ ധനപരമായ ഫെഡറൽ ബന്ധങ്ങൾ ‘‘സഹകരണാത്മക ഫെഡറലിസ’’ത്തിൽനിന്ന് ‘‘കീഴ്പ്പെടുത്തൽ ഫെഡറലിസ’’ത്തിലേക്കോ ‘‘ബലം പ്രയോഗിച്ച് നിയന്ത്രിക്കുന്ന ഫെഡറലിസ’’ത്തിലേക്കോ പരിവർത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ധനപരമായ അധികാരത്തിന്റെ ഇത്തരത്തിലുള്ള കേന്ദ്രീകരണമാണ്, നമ്മുടെ ഭരണഘടനയിൽ ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനത്തിന്റെ ധനപരമായ വിശേഷാധികാരം ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനുമായി ബഹുമാനപ്പെട്ട സുപ്രീംകോടതിയെ സമീപിക്കാൻ കേരളത്തെ നിർബന്ധിതമാക്കിയത്.

പതിനാറാം ധനകാര്യ കമ്മീഷന്റെ പരിശോധനാവിഷയം (Terms of Reference) കൃത്യമായും ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിൽ നിൽക്കുന്നതാണ്. ഭരണഘടനാപരമായ പശ്ചാത്തലത്തിൽനിന്നുകൊണ്ട് പതിനാറാം ധനകാര്യ കമ്മീഷൻ, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചും സാന്ദർഭികമായ വശങ്ങൾ വേണ്ട വിധം പരിശോധിച്ചും തങ്ങളുടെ ശുപാർശ സമർപ്പിക്കും.

അതേസമയം തന്നെ, കാലത്തിനനുസരിച്ച് മാറിവരുന്ന ആവശ്യങ്ങൾക്കനുസൃതമായും സാമ്പത്തികമായ അനിവാര്യതകൾ കണക്കിലെടുത്തും ആ സ്ഥാപനങ്ങൾ ഉരുത്തിരിയുകയും മാറുകയും ചെയ്യണമെന്ന വസ്തുതയെയും നാം കണക്കിലെടുക്കേണ്ടതാണ്.

ധനകാര്യക്കമ്മീഷൻ 1951ൽ നമ്മുടെ രാജ്യത്ത് സ്ഥാപിക്കപ്പെട്ട ഒരു സ്ഥാപനമെന്ന നിലയിൽ, അടിസ്ഥാനപരമായ പൊതുസേവനങ്ങൾക്കുള്ള വ്യവസ്ഥ ഉറപ്പാക്കിക്കൊണ്ട‍് സംസ്ഥാനങ്ങൾ തുല്യനിലയിലുള്ള വികസനത്തിന് സൗകര്യമൊരുക്കണമെെന്നതായിരുന്നു പ്രധാനമായും കണക്കിലെടുത്തത്. സംസ്ഥാനങ്ങൾക്ക് വളരെ പരിമിതമായ ശേഷിയാണുള്ളത്. എന്നാൽ, കാലക്രമേണ ഈ രാജ്യത്ത് സംസ്ഥാനങ്ങൾ തുടക്കംകുറിച്ച പല നയങ്ങളും പരിപാടികളും ദേശീയ അജൻഡയായി അംഗീകരിക്കപ്പെട്ട ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്. കാലങ്ങൾകൊണ്ട് സംസ്ഥാനങ്ങൾ പടുത്തുയർത്തിയ ശേഷിയുടെ ശരിക്കുമുള്ള ഒരു സൂചനയാണിത്.

എന്നിട്ടും സംസ്ഥാനങ്ങൾക്ക് താരതമേ-്യന മുൻകെെയുള്ള പല മേഖലകളിലേക്കും യൂണിയൻ ഗവൺമെന്റ് കടന്നുകയറുന്നത് വർധിച്ചുവരുന്നതായാണ് നമുക്ക് നിരീക്ഷിക്കാനാവുന്നത്.

മുഖ്യവികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സംസ്ഥാന സർക്കാരുകളുടെ പങ്ക് അംഗീകരിപ്പിക്കുകയെന്നതാണ് ഈ കാലത്തെ നമ്മുടെ ആവശ്യം; രാഷ്ട്ര നിർമിതിയിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തം, വർധിച്ചുവരുന്ന കുത്തനെയുള്ള അസന്തുലിതാവസ്ഥ കുറയ്ക്കൽ എന്നിവയും ഇന്നത്തെ ആവശ്യങ്ങളാണ്.

അതിനാൽ രാജ്യത്ത് സംസ്ഥാനങ്ങളുടെ പങ്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്നിരിക്കെ വിഭജിക്കാവുന്ന വരുമാനത്തിൽ നിന്നുള്ള സംസ്ഥാനങ്ങളുടെ വിഹിതം ചുരുങ്ങിയത് 50 ശതമാനമെങ്കിലും ഉറപ്പാക്കേണ്ടത് ആവശ്യമാണ്. അതോടൊപ്പം തന്നെ സെസിന്റെയും സർച്ചാർജുകളുടെയും വിഹിതം പരമാവധി 5 ശതമാനമാക്കി പരിധി നിശ്ചയിക്കേണ്ടതും അനിവാര്യമായ കാര്യമാണ്.

സ്വാതന്ത്ര്യം ലഭിച്ച കാലത്ത് കേരളം ദേശീയ ശരാശരിയിലും കുറഞ്ഞ പ്രതിശീർഷ വരുമാനത്തോടുകൂടിയ രാജ്യത്തെ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു. അതിനുശേഷം സംസ്ഥാനത്തുണ്ടായ വികസനത്തിന്റെ കഥ ഇവിടെ വിശദീകരിക്കാതെ തന്നെ പരക്കെ അറിയപ്പെടുന്നതാണ്. വികസനത്തിന്റെ കേരള മാതൃക കെെവരിച്ച നേട്ടങ്ങൾ വ്യാപകമായി അറിയപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതുമാണ്.

മാനവ വികസന സൂചികയിലും സുസ്ഥിര വികസനലക്ഷ്യസൂചിക (SDG India)യിലും കേരളത്തിന് ഒന്നാം റാങ്കാണ്; പ്രതീക്ഷിത ആയുർദെെർഘ്യത്തിന്റെയും ശിശുമരണനിരക്കിന്റെയുമെല്ലാം കാര്യത്തിൽ അമേരിക്കയോടുപോലും കേരളത്തെ താരതമ്യപ്പെടുത്താവുന്നതാണ്. മനുഷ്യമൂലധനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതുമൂലം സംസ്ഥാനത്തിന് ഗണ്യമായത്ര റവന്യൂ ചെലവ് ആവശ്യമായി വരുന്നു. എന്നാൽ നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിലും സംസ്ഥാനം സംഭാവന ചെയ്തു. പക്ഷേ, മനുഷ്യമൂലധനത്തിലെ നമ്മുടെ നിക്ഷേപം വലിയതോതിൽ രാഷ്ട്രനിർമിതിയെ സഹായിച്ചിട്ടുണ്ട്. നമ്മുടെ പ്രവാസി തൊഴിലാളികൾ രാഷ്ട്രത്തിന്റെ വിദേശനാണയ സമ്പാദ്യത്തിൽ ഗണ്യമായ സംഭാവന നൽകുന്നുണ്ട്.

സാമ്പത്തികവളർച്ചയിലും അതുപോലെ തന്നെ പ്രതിശീർഷ വരുമാനത്തിലും ദേശീയ ശരാശരിയേക്കാൾ കേരളം തികച്ചും നല്ല നിലയിലാണ്, മികച്ച അവസ്ഥയിലാണ്. ദൗർഭാഗ്യവശാൽ കേരളത്തിന്റെ ഈ നേട്ടങ്ങൾ, സംസ്ഥാന ഖജനാവിനെ സംബന്ധിച്ചിടത്തോളം വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണ്.

കേരളം കെെവരിച്ച നേട്ടങ്ങളുടെ പേരിൽ സംസ്ഥാനം ശിക്ഷിക്കപ്പെടുകയാണ്. വിഭജിക്കാവുന്ന വരുമാന വിഹിതത്തിന്റെ വലിപ്പത്തിൽ കുറവ് വരുന്നതിനെക്കുറിച്ച് ഞാൻ മുൻപുതന്നെ സൂചിപ്പിച്ചതാണല്ലോ. വീതം വയ്ക്കാവുന്ന അപ്പത്തിന്റെ വലിപ്പത്തെക്കുറിച്ചാണത്. സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കാവുന്ന വിഹിതത്തിൽ കേരളത്തിനു ലഭിക്കുന്നത് എത്രയാണ്?

രാജ്യം പിന്തുടരുന്ന ധനപരമായ തുല്യതപ്പെടുത്തൽ തന്ത്രം സംസ്ഥാനത്തിന് എതിരായി മാറിയിരിക്കുകയാണ്. വർഷങ്ങളായി വിഭജിക്കാവുന്ന ധനവിഹിതത്തിലെ കേരളത്തിന്റെ വിഹിതം കുത്തനെ കുറഞ്ഞുവരികയാണ്.

പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.8 ശതമാനമായിരുന്ന കേരളത്തിന്റെ നികുതി വിഹിതം 15–ാം ധനകാര്യ കമ്മീഷന്റെ കാലമായപ്പോൾ 1.9 ശതമാനമായി – ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തി. കേവല സംഖ്യയിൽ പ്രകടമാക്കപ്പെടുന്ന നഷ്ടം തന്നെ ഭീമമായ തുകയാണ്; സംഭ്രമജനകവുമാണ്. എന്നാൽ, പല സംസ്ഥാനങ്ങളുടെയും, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ, അനുഭവം ഇതുതന്നെയാണ്.

ഭാവിയിൽ പിന്നിലായി പോയവരെ കെെപിടിച്ചുയർത്തുമ്പോൾ തന്നെ സംസ്ഥാനങ്ങളുടെ പെർഫോമൻസിനെ മാനിക്കുന്ന വിധത്തിലുള്ള ഒരു തന്ത്രം ആവശ്യമാണ്.

തിരശ്ചീനമായ വകയിരുത്തലിന്റെ കാര്യത്തിലേക്കു വരുമ്പോൾ നിലവിലുള്ള മാനദണ്ഡത്തിൽ അതീവഗൗരവമായ പരിമിതികളുണ്ട്. ഉദാഹരണത്തിന്, വീതം വയ്ക്കാനുള്ള മൊത്തം വകയിരുത്തലിന്റെ 45 ശതമാനവും വരുമാന മാനദണ്ഡം അടിസ്ഥാനമാക്കിയാണ്. ഉയർന്ന വരുമാനമുള്ള സംസ്ഥാനങ്ങൾക്ക് കുറഞ്ഞ വിഹിതമാണ് ലഭിക്കുന്നത്; ഏറ്റവും ചുരുങ്ങിയ അടിസ്ഥാന പൊതുസേവനങ്ങൾ നൽകുന്നതിന് അവയ്ക്ക് ഉയർന്ന നികുതി വരുമാന സാധ്യതയുണ്ടെന്ന സങ്കൽപ്പത്തിലാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഉയർന്ന വരുമാനമുള്ള സംസ്ഥാനങ്ങളുടെ നികുതി അടിത്തറയിൽ ക്രമാനുഗതമായി കുറവുണ്ടാകുന്നതായാണ്. അവ ഇരട്ടശാപമാണ് നേരിടുന്നത്. നികുതി അടിത്തറയിൽ ഇടിവുണ്ടാകുമ്പോൾ തന്നെ അവയുടെ പ്രത്യക്ഷത്തിലുള്ള വരുമാന വിഹിതത്തിലും ഇടിവുണ്ടാകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വരുമാന മാനദണ്ഡം പുനഃപരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കൂടുതൽ വലിപ്പമുള്ള സംസ്ഥാനങ്ങൾക്ക് പൊതുസേവനങ്ങൾ ലഭ്യമാക്കാൻ പ്രതികൂലമായ ഘടകങ്ങളുണ്ട് എന്ന് കരുതുമ്പോഴും അതിലും ഗൗരവതരമായ പ്രശ്നങ്ങളുണ്ട്. എന്നിരുന്നാലും പൊതുസേവനങ്ങൾ ഉറപ്പാക്കുന്നതിന് ചെറിയ സംസ്ഥാനങ്ങളും കൂടുതൽ തുക ചെലവിടാൻ നിർബന്ധിതരാകുന്നുണ്ട് എന്ന വസ്തുത ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഉദാഹരണത്തിന്, കേരളത്തിൽ ഒരു കിലോമീറ്റർ ഹെെവേ നിർമാണത്തിനു വേണ്ടിവരുന്ന ചെലവ്, 100 കോടി രൂപയാണ്; അതേസമയം ദേശീയ ശരാശരി 30 കോടി രൂപ മാത്രവും. ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ വിസ്തൃതിക്കൊപ്പം ജനസാന്ദ്രതയും കൂടി പരിഗണിക്കപ്പെടേണ്ടതുണ്ടെന്നാണ് ഇത് കാണിക്കുന്നത്.

ചർച്ച ചെയ്യപ്പെടേണ്ട ഇത്തരം നിരവധി വിഷയങ്ങളുണ്ട്. ഈ ഓരോ വിഷയത്തിലും നമ്മുടെ ആദരണീയരായ അതിഥികൾക്ക് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ടാകും. നിങ്ങൾ പറയുന്നത് കേൾക്കാനായി ഞങ്ങൾ കാതോർത്തിരിക്കുകയാണ്. രാഷ്ട്രത്തെയാകെ ഉത്കണ്ഠപ്പെടുത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതും രാജ്യത്ത് ശരിക്കുമുള്ള സഹകരണാത്മക ഫെഡറലിസം കെട്ടിപ്പടുക്കാൻ സഹായകമായതുമാകും പതിനാറാം ധനകാര്യകമ്മീഷൻ ശുപാർശകളെന്ന് നമുക്ക് ആത്മാർഥമായി പ്രതീക്ഷിക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − five =

Most Popular