Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെഹോണ്ടുറാസിൽ പുരോഗമന ഗവൺമെന്റിനു പിന്തുണയുമായി പതിനായിരങ്ങൾ

ഹോണ്ടുറാസിൽ പുരോഗമന ഗവൺമെന്റിനു പിന്തുണയുമായി പതിനായിരങ്ങൾ

ആര്യ ജിനദേവൻ

ഹോണ്ടുറാസിലെ പുരോഗമന ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനുവേണ്ടി വലതുപക്ഷവും അമേരിക്കയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വവും ചേർന്ന് നടത്തുന്ന അട്ടിമറി ശ്രമങ്ങൾക്കെതിരായി തലസ്ഥാനമായ ടെഗുസിഗൽപ്പയിൽ സെപ്റ്റംബർ 14ന് പതിനായിരങ്ങൾ അണിനിരന്നു. സിയോമാറാ കാസ്ട്രോയുടെ പുരോഗമന ഗവൺമെന്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അണിനിരന്ന ഈ ജനങ്ങൾ ബാഹ്യശക്തികളുടെ കൂട്ടുപിടിച്ചുകൊണ്ട് രാജ്യത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനുവേണ്ടി വലതുപക്ഷം നടത്തുന്ന ഗൂഢപദ്ധതികൾക്കെതിരായ സമരപ്രഖ്യാപനമായിരുന്നു അത്. വലതുപക്ഷം രാജ്യത്തു നടത്തുന്ന അട്ടിമറി ശ്രമങ്ങൾക്ക് ചുക്കാൻപിടിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ അമേരിക്കൻ ഗവൺമെന്റ് നടത്തുന്നുവെന്ന് യുഎസ് അംബാസിഡറായ ലൗറ ഡോഗുവിന്റെ പ്രസ്താവനയിലൂടെ വ്യക്തമായിട്ടുള്ളതാണ്. ഹോണ്ടുറാസ് കോൺഗ്രസിലെ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ആയിട്ടുള്ള ജെറാർദോ ടോറിസ് പറയുന്നത്, സിയോമാറ കാസ്ട്രോ ഗവൺമെന്റിനെ അസ്ഥിരപ്പെടുത്തുന്നതിന് വേണ്ടിയുള്ള വ്യക്തമായ ഉദ്ദേശ്യം അമേരിക്കൻ ഗവൺമെന്റിന് ഉണ്ടെന്നാണ്. തങ്ങളുടെ രാജ്യത്തിന്റെ പ്രസിഡന്റായ സിയോമാറ കാസ്ട്രോയുടെ തീരുമാനങ്ങൾക്കെതിരായ സമ്മർദ്ദ പ്രവർത്തനങ്ങളുടെ ഒരു നീണ്ടനിര തന്നെ അമേരിക്ക രാജ്യത്ത് നടപ്പാക്കുന്നുണ്ട് എന്നും ജെരാർദോ ടോറിസ് എടുത്തു പറയുന്നു.

മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ ലിബ്ര പാർട്ടിയുടെ (Liberty and Refoundation Party) നേതൃത്വത്തിൽ പുരോഗമന ഗവൺമെന്റ് അധികാരത്തിൽ വന്നതോടുകൂടിയാണ് അമേരിക്കയുടെ നേതൃത്വത്തിൽ വലതുപക്ഷ ശക്തികൾ ശക്തമായ ഗൂഢപദ്ധതികളുമായി മുന്നോട്ടിറങ്ങിയത്. നിലവിലെ ആരോപണം, മയക്കുമരുന്ന് അടക്കമുള്ള ചില പ്രത്യേക കേസുകളുമായി ബന്ധപ്പെട്ട പ്രതികളെ അമേരിക്കൻ ഗവൺമെന്റിന് കൈമാറും എന്ന് ഉറപ്പുനൽകുന്ന ഒരു കരാർ, അതായത് അമേരിക്കൻ ഗവൺമെന്റുമായുള്ള എക്സ്ട്രഡിഷൻ എഗ്രിമെൻറ് (extradition agreement) സിയോമാറ ഗവൺമെന്റ് റദ്ദുചെയ്തതുമായി ബന്ധപ്പെട്ടാണ്. തങ്ങളുടെ ഗവൺമെന്റിനെ അസ്‌ഥിരപ്പെടുത്തുവാനും പുരോഗമനപക്ഷത്തു നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകരെ കൈകാര്യം ചെയ്യുവാനുമുള്ള ആയുധമായി അമേരിക്കൻ ഗവൺമെന്റ്‌ ഈ കരാറിനെ ഉപയോഗപ്പെടുത്തുന്നു എന്നുകണ്ട കാസ്ട്രോ പ്രസ്തുത കരാർ റദ്ദ് ചെയ്തിരുന്നു. ഇപ്പോൾ വലതുപക്ഷം മുന്നോട്ടുവച്ചിരിക്കുന്ന ആരോപണം ഗവൺമെന്റിൽ ഔദ്യോഗിക പദവി വഹിക്കുന്ന ചിലർക്ക് ക്രിമിനൽ ഗ്രൂപ്പുകളുമായി ബന്ധമുണ്ട് എന്നതാണ്. പാർലമെറ്റംഗവും കോൺഗ്രസ് സെക്രട്ടറിയുമായിട്ടുള്ള കാർലോസ് സെലായ 2013ൽ പങ്കെടുത്ത ഒരു യോഗത്തിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടവരും പങ്കെടുത്തിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങൾ മുന്നോട്ടുവെച്ചപ്പോൾ സെലായ താൻ 2013ൽ പങ്കെടുത്ത ഈ യോഗം ഒട്ടും തന്നെ ഔദ്യോഗികമായിരുന്നില്ല എന്നും അതുമായി നിലവിലെ പ്രസിഡന്റ്‌ സിയോമാറ കസ്ട്രോയ്ക്കോ മുൻ പ്രസിഡന്റും തന്റെ ജ്യേഷ്ഠനുമായ മാനുവൽ സെലയക്കോ യാതൊരുവിധ ബന്ധവുമില്ലെന്നും ആ യോഗം തികച്ചും വ്യക്തിപരമായിരുന്നെന്നും വ്യക്തമാക്കുകയുണ്ടായി. ഇത്തരം ഒരു ആരോപണം ഉയർന്ന സാഹചര്യത്തിൽ മയക്കുമരുന്ന് കടത്തുമായി തന്റെ പ്രസ്ഥാനമായ ലിബർട്ടി ആൻഡ് റീ ഫൗണ്ടേഷനും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്ന് തെളിയിക്കുന്നതിനുവേണ്ടി അന്വേഷണം നേരിടുന്നതിനായി കോൺഗ്രസ് അംഗത്വവും സെക്രട്ടറി സ്ഥാനവുമടക്കമുള്ള രാഷ്ട്രീയപദവികളിൽ നിന്നെല്ലാംതന്നെ രാജിവെക്കുവാൻ താൻ തയ്യാറാണെന്നറിയിക്കുകയുണ്ടായി. രാജ്യത്ത് മുന്പ് അധികാരത്തിൽ വരികയും 2009ൽ സാമ്രാജ്യത്വം പട്ടാളത്തെ ഉപയോഗിച്ചുകൊണ്ട് അട്ടിമറിക്കുകയും ചെയ്ത പ്രസിഡന്റ് മാനുവൽ സെലായയുടെ സഹോദരനാണ് കാർലോസ് സെലായ. കോൺഗ്രസ് അംഗത്വവും കോൺഗ്രസ് സെക്രട്ടറി സ്ഥാനവും രാജിവെച്ചുകൊണ്ട് അന്വേഷണം നേരിടാൻ തയ്യാറാണ് എന്നുപറയുന്ന കാർലോസ് സെലായ അമേരിക്കൻ ഗവൺമെന്റിന് ആവശ്യമായി വന്നാൽ അമേരിക്കൻ നീതിന്യായ വ്യവസ്ഥയുടെ കീഴിൽപോലും ഹാജരാകുവാൻ തനിക്കു മടിയില്ല എന്നും വ്യക്തമാക്കുകയുണ്ടായി. കാർലോസ് സെലായയുടെ മകൻ ഹൊസൈ മാനുവൽ സെലായ ഡിഫൻസ് സെക്രട്ടറി ആയിരിക്കുന്നു എന്നത് അടുത്ത വിഷയമാക്കി ഉയർത്തിക്കൊണ്ടുവന്നു വലതുപക്ഷം. പക്ഷേ ഉടൻതന്നെ ഡിഫൻസ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും നീതിന്യായ വ്യവസ്ഥ അനുസരിച്ചുള്ള ശക്തവും സുതാര്യവുമായ അന്വേഷണം നേരിടാൻ തയ്യാറാവുകയും ചെയ്‌തു, ഹൊസെ മാനുവൽ. എന്നാൽ ഇതൊന്നും പോരാ, അന്വേഷണവും നടത്തേണ്ട, അതിനു മുൻപു തന്നെ ഇവരെ അമേരിക്കയ്ക്ക് കൈമാറണമെന്ന നിലപാട് യുഎസ് ഗവൺമെണ്ടും ഹോണ്ടുറാസിലെ വലതുപക്ഷവും ചേർന്ന് കൈക്കൊണ്ടപ്പോഴാണ് തികച്ചും യുക്തക്കെ്‌ നിരക്കാത്തതും ജനാധിപത്യവിരുദ്ധവുമായ രാജ്യത്തിന്റെ പരമാധികാരത്തിന് എതിരും ആയിട്ടുള്ള എക്‌സ്ട്രഡിഷൻ എഗ്രിമെന്റ്‌ (extradition) പ്രസിഡന്റായ സിയോമാറ കാസ്ട്രോ റദ്ദുചെയ്തത്. അതിനെത്തുടർന്ന് രാജ്യത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെ അസ്ഥിരപ്പെടുത്തുന്നതിനു വേണ്ടി വിദേശശക്തികൾ നടത്തുന്ന ഇടപെടലിനെതിരെ കാസ്ട്രോ ഗവൺമെന്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സെപ്റ്റംബർ 15ന് രാജ്യത്താകെ ബഹുജനപ്രക്ഷോഭം നടത്തുവാൻ ലിബ്ര പാർട്ടി തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് സെപ്റ്റംബർ 14ന് രാജ്യത്തിന്റെ തലസ്ഥാനമായ ടെഗുസിഗൽപ്പയിൽ ലിബ്ര പാർട്ടിയുടെ നേതൃത്വത്തിൽ വൻ ജനകീയ പ്രക്ഷോഭം നടന്നത്. വലതുപക്ഷം അധികാരമോഹികൾ ആണെന്നും 2026ലെ തിരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യമെന്നും കാസ്ട്രോ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയുണ്ടായി. ലിബ്ര പാർട്ടിയെയും വർഷങ്ങളോളം രാജ്യത്ത് അധികാരത്തിലിരുന്ന വലതുപക്ഷത്തെയും വേർതിരിച്ചറിയേണ്ടതുണ്ടെന്നും വലതുപക്ഷം രാജ്യത്തെ പാവപ്പെട്ട ജനതയെ കൊള്ളയടിച്ചുകൊണ്ട് അധികാരത്തിനുവേണ്ടിയും മറ്റു സുഖസൗകര്യങ്ങൾക്കുവേണ്ടിയും സദാ എന്തും ചെയ്യുവാൻ തയ്യാറായിട്ടുള്ളവരാണെന്നും അവർ മാധ്യമങ്ങളെയടക്കം കൂട്ടുപിടിച്ചുകൊണ്ട് രാജ്യത്തെ പുരോഗമന ഗവൺമെന്റിനെതിരായി ശക്തമായ അട്ടിമറി ശ്രമങ്ങളാണ് നടത്തുന്നതെന്നും അതിനെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്തുതോൽപ്പിക്കണമെന്നും സിയോമാറ ജനങ്ങളോട് വ്യക്തമാക്കുകയുണ്ടായി. എന്തുതന്നെയായാലും അമേരിക്കയുടെ നേതൃത്വത്തിൽ വലതുപക്ഷം രാജ്യത്ത് നടപ്പാക്കുന്ന അട്ടിമറിശ്രമങ്ങളെ ചെറുത്തുകൊണ്ട് രാജ്യത്തെ ജനങ്ങൾ പുരോഗമന ഗവൺമെന്റിന് നൽകിയ പിന്തുണയായി, ഐക്യദാർഢ്യമായി സെപ്റ്റംബർ 14ലെ പ്രക്ഷോഭം മാറുകയുണ്ടായി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × five =

Most Popular