ഓഡി (Audi Car) കാർ ഉൽപാദന കേന്ദ്രം അടച്ചുപൂട്ടിയതിനെതിരെ സെപ്റ്റംബർ 16ന് ബ്രസ്സൽസിന്റെ തെരുവുകളിൽ പതിനായിരക്കണക്കിന് തൊഴിലാളികൾ അണിനിരുന്നു.
ഏതാണ്ട് 3000 ത്തോളം പേരുടെ തൊഴിലവസരം ഇല്ലാതാക്കുന്ന രീതിയിൽ ബെൽജിയത്തിലുള്ള ഉൽപാദന കേന്ദ്രങ്ങൾ അടച്ചുപൂട്ടുവാനുള്ള കമ്പനിയുടെ പദ്ധതിക്കെതിരെയാണ് തൊഴിലാളികൾ അടിയന്തരമായി അണിനിരന്നതെങ്കിലും കാലങ്ങളായി ട്രേഡ് യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം യൂറോപ്യൻ യൂണിയന്റെ വ്യാവസായിക നയങ്ങളുടെ പരാജയമാണ്. ഓഡിയുടെ പേരെന്റ് കമ്പനിയായ വോക്‌സ്‌വാഗൺ ഈയടുത്തകാലത്ത് യൂറോപ്പിലെ തങ്ങളുടെ കമ്പനിയുടെ പ്രവർത്തനങ്ങൾ കുറയ്ക്കുവാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. നിലനിൽക്കുന്ന സാമൂഹിക കരാറുകളിൽ നിന്ന് പിൻവലിയുക എന്നത് ഈ പദ്ധതിയിൽ പ്രധാനപ്പെട്ട ഒന്നാണ്. ഓട്ടോമോട്ടീവ് മേഖലയിലെ തൊഴിൽസുരക്ഷയെയാകെ അട്ടിമറിക്കുന്ന ഒരു തീരുമാനമാണ് ഇത്. തൊഴിലുകളും തൊഴിൽസുരക്ഷയും ആകെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിന് പുറമേ വോക്‌സ്‌വാഗൺ ചെയ്ത മറ്റൊരു കാര്യം 2023ൽ ഏതാണ്ട് മൊത്തം 1200 കോടി യൂറോയോളം വരുന്ന റെക്കോർഡ് ഓഹരികൾ വിറ്റഴിക്കുക എന്നതാണ്.
വ്യാവസായികമേഖലയിലെ ഇത്തരം മാറ്റങ്ങളുടെ ഭാരമാകെ തൊഴിലാളികളുടെ തലയിൽ വെച്ചുകെട്ടില്ലായെന്ന് വ്യാവസായിക ഭീമന്മാരും യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് ട്രേഡ് യൂണിയനുകളും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആവശ്യപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ അഡ്ജസ്റ്റ്മെന്റുകൾ വരുത്തേണ്ടത് തൊഴിലാളികളുടെ മേൽ ആവരുത് എന്ന് വർക്കേഴ്സ് പാർട്ടി ഓഫ് ബെൽജിയത്തിൽ അംഗവും ബ്രസൽസിലെ ഓഡി പ്ലാന്റിന്റെ മുൻജീവനക്കാരനുമായ റോബിൻ തോന്നിയാവു പറയുന്നു.
വ്യാവസായിക മേഖലയിൽ യൂറോപ്പിൽ നേരിടുന്ന തകർച്ചയ്ക്ക് കാരണം യൂറോപ്യൻ യൂണിയന്റെ വ്യാവസായിക നയമാണെന്നും അത് കൂടുതലും യൂറോപ്യൻ കമ്പോളത്തിൽ ചൈനയുടെ ഇലക്ട്രിക് വാഹനങ്ങൾ കടന്നുവരുന്നതിനെ തടയുന്നതിൽ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതാണെന്നും ട്രേഡ് യൂണിയൻ പ്രവർത്തകർ പറയുന്നു. മറിച്ച് തങ്ങളുടെ രാജ്യത്തിന്, പ്രദേശങ്ങൾക്ക്, മേഖലയ്ക്ക് ആവശ്യമായത് എന്തൊക്കെയാണ് എന്നതിലോ എല്ലാവർക്കും ഉയർന്ന സുരക്ഷിതത്വമുള്ള തൊഴിലുകൾ നൽകുന്നതിലോ അത്തരത്തിൽ വ്യാവസായിക രംഗത്തെ സമ്പന്നമാക്കുന്നതിലോ ഒന്നും തന്നെ വ്യാവസായിക ഭീമന്മാരും യൂറോപ്യൻ യൂണിയന്റെ വ്യാവസായികനയവും കേന്ദ്രീകരിക്കുന്നില്ല എന്ന് ട്രേഡ് യൂണിയനുകൾ പറയുന്നു. യൂറോപ്പിന് സമ്പന്നമായ ഒരു വ്യാവസായിക തന്ത്രം വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അത് യൂറോപ്പിന്റെ ഭാവിയെ സുരക്ഷിതമാക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും ട്രേഡ് യൂണിയനുകളും മറ്റ് സാമ്പത്തിക രാഷ്ട്രീയ നിരൂപകരും ആവർത്തിച്ച് വെളിപ്പെടുത്തുന്നു. എന്തുതന്നെയായാലും വ്യാവസായികരംഗത്ത് നേരിടുന്ന ചെറുതിൽ തുടങ്ങി വലുതിൽ വരെ എത്തിനിൽക്കുന്ന പിന്നോട്ടടികളുടെ ഭാരം തൊഴിലാളികളുടെ തലയിൽ കെട്ടിവയ്ക്കുകയും തൊഴിൽസുരക്ഷയും തൊഴിലുകളുടെ എണ്ണവും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന വ്യാവസായിക ഭീമന്മാരുടെ സമീപനത്തിനെതിരായും ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കുന്ന യൂറോപ്യൻ യൂണിയന്റെ വ്യാവസായിക നയപരാജയത്തിനെതിരായും ശക്തമായ ജനകീയവികാരം യൂറോപ്പിലാകമാനം ഉയർന്നുവന്നിട്ടുണ്ട്. l