അരനൂറ്റാണ്ടോളമായി ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ ജ്വലിച്ചുനിന്ന അഗ്നിനക്ഷത്രമാണ് സെപ്തംബർ 12ന് മാഞ്ഞുപോയത്. വാക്കുകൾകൊണ്ട് വിശേഷിപ്പിക്കാനാവാത്തത്ര കനത്ത നഷ്ടമാണ് സഖാവ് സീതാറാമിന്റെ അകാലത്തിലുള്ള വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. ആ നഷ്ടം കേവലം സിപിഐ എമ്മിനോ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കോ മാത്രമല്ല, ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കാകെയാണ്.
ഇന്ത്യയെ ആഴത്തിൽ അറിഞ്ഞ സീതാറാം യെച്ചൂരി ഇന്ത്യയെന്ന ആശയത്തിന്റെ തന്നെ കാവലാളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിന്നു. നമ്മുടെ നാട് കോർപ്പറേറ്റ് – വർഗീയ കൂട്ടുകെട്ടിന്റെ സേ-്വച്ഛാധിപത്യവാഴ്ചയുടെ പിടിയിൽനിന്ന് കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരിക്കെയാണ് ആ പോരാട്ടത്തിന്റെ മുന്നിൽ നിന്ന നായകൻ ഓർക്കാപ്പുറത്ത് മൺമറഞ്ഞത്.
1984ൽ വിദ്യാർഥി സംഘടനാ ദേശീയ നേതാവായിരിക്കെ തന്നെ സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെത്തിയ സീതാറാം പാർട്ടിയുടെ നിർണായകമായ നിരവധി പ്രമേയങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചുവെന്നത് അനിഷേധ്യമായ വസ്തുതയാണ്. ദേശീയ രാഷ്ട്രീയ രംഗത്തേക്കുള്ള, സിപിഐ എം കേന്ദ്ര കമ്മിറ്റിയിലേക്കും കേന്ദ്ര സെക്രട്ടറിയറ്റിലേക്കുമുള്ള അദ്ദേഹത്തിന്റെ വരവ് ലോകരാഷ്ട്രീയത്തെ തന്നെ പിടിച്ചുലച്ച സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും പതനത്തിന്റെയും ശിഥിലീകരണത്തിന്റെയും കാലത്തായിരുന്നു. ആ സംഭവഗതികളിലേക്ക് നയിച്ച വിഷയങ്ങളെക്കുറിച്ച് വിശകലനം ചെയ്ത് കൃത്യമായ നിലപാടെടുത്ത ലോകത്തിലെ തന്നെ ആദ്യത്തെ പാർട്ടിയാണ് സിപിഐ എം. ആ നിലപാടിലേക്ക് എത്തിച്ചേരുന്നതിൽ പാർട്ടിയുടെ ആദ്യ തലമുറ നേതാക്കൾക്കൊപ്പം നിർണായകമായ പങ്കുവഹിച്ച ദൃഢചിത്തനായ മാർക്സിസ്റ്റ് _ ലെനിനിസ്റ്റാണ് സഖാവ് സീതാറാം. അതുമായി ബന്ധപ്പെട്ട പ്രമേയങ്ങളും രേഖകളും, ചെന്നെെ പാർട്ടി കോൺഗ്രസ്സിലെ ‘‘പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ’’ സംബന്ധിച്ച പ്രമേയം ഉൾപ്പെടെ തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും അദ്ദേഹം തന്നെ.
ഇതേ കാലത്തുതന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കരിനിഴൽ വിരിച്ചുകൊണ്ട് സംഘപരിവാറിന്റെ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉയർച്ചയും ഒപ്പം നവലിബറലിസത്തിന്റെ പിടിമുറുക്കലും സംഭവിച്ചത്. ഹിന്ദുത്വ കോർപ്പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിന്റെ സേ-്വച്ഛാധിപത്യവാഴ്ച അരങ്ങു നിറഞ്ഞ് നിൽക്കവെ, അതിന്റെ ജനപിന്തുണ ഇടിയുമ്പോഴും കൂടുതൽ ആക്രമണാത്മകമായി, രാജ്യത്തെയാകെ വിഴുങ്ങാൻ തക്കംപാർത്തിരിക്കുന്ന വേളയിലണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കോർപ്പറേറ്റ് – നവലിബറൽ വാഴ്ചയുടെയും സേ-്വച്ഛാധിപത്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത എതിരാളികളിൽ മുൻനിരക്കാരനായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ കാലമായി സഖാവ് യെച്ചൂരി നിറഞ്ഞുനിന്നത്.
2015ൽ അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറിയാകുന്നതുവരെ സിപിഐ എമ്മിന്റെ അന്താരാഷ്ട്ര വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന സഖാവിന് ലോകത്തെ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റു പാർട്ടികളുമായി, അവയുടെ നേതൃത്വവുമായി അടുത്ത സൗഹൃദവും ബന്ധവുമാണുണ്ടായിരുന്നത്. അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ മറ്റു കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളും ചെെന, ക്യൂബ, സിറിയ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാരുൾപ്പെടെയുള്ള ഒട്ടേറെ നയതന്ത്ര പ്രതിനിധികൾ എത്തിയത് ആ ബന്ധത്തിന്റെ ഊഷ്മളതയുടെ നിദർശനമാണ്. ലോകത്തെ സാമ്രാജ്യത്വ വിരുദ്ധ വിമോചന പോരാട്ടങ്ങൾക്കൊപ്പം എന്നും വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്ന അദ്ദേഹം സാമ്രാജ്യത്വത്തെയും മുതലാളിത്ത കൊളളകളെയും തുറന്നുകാണിക്കുന്നതിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
അദ്ദേഹം ഒരു സാധാരണ രാഷ്ട്രീയക്കാരനായിരുന്നില്ല. എല്ലാ അർഥത്തിലും അടിയുറച്ച ഒരു കമ്യൂണിസ്റ്റായിരുന്നു. രാഷ്ട്രീയക്കാർക്കിടയിൽ അദ്ദേഹത്തെപ്പോലെയുള്ളവർ വളരെ ചുരുക്കം പേർ മാത്രമേയുണ്ടാവൂ. പാവങ്ങൾക്കുവേണ്ടി എന്നും പടപൊരുതിയിരുന്ന അദ്ദേഹം ചൂഷണരഹിതമായ, പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത ഒരു നല്ല നാളെ സ്വപ്നം കണ്ട് അത് യാഥാർഥ്യമാക്കാനുള്ള പോരാട്ടത്തിലായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം 12 വർഷത്തെ പാർലമെന്ററി ജീവിതത്തിനിടയിൽ പാർലമെന്റിനുള്ളിലും പുറത്തും ഒരേപോലെ അനീതിക്കും അടിച്ചമർത്തലുകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ, ചടുലമായ ഇടപെടലുകൾ നടത്തിയ പോരാളികളിലൊരാളുമായിരുന്നു അദ്ദേഹം. അനാർഭാടമായ ജീവിതം നയിച്ച ലാളിത്യത്തിന്റെ പ്രതീകമായിരുന്നു സഖാവ് സീതാറാം യെച്ചൂരി. പണത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനങ്ങളിൽ നിന്ന് എന്നും അകന്നുനിന്നുവെന്നതാണ് അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കുന്നത്.
വിദ്യാർഥികൾക്കും അക്കാദമിക സമൂഹത്തിനും ഒരേപോലെ പ്രിയപ്പെട്ടവനായിരുന്നു സഖാവ് സീതാറാം. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അന്തിമോപചാരമർപ്പിക്കാൻ അദ്ദേഹത്തിന്റെ ഭൗതികശരീരം എത്തിച്ചപ്പോൾ വികാരവായ്-പ്പോടെ, ‘‘കോമ്രേഡ് സീതാറാം അമർ രഹേ’’ എന്ന മുദ്രാവാക്യം വിളികളോടെ ആയിരങ്ങൾ കണ്ണീരിൽ കുതിർന്ന വിടനൽകിയതിൽ ആ അടുപ്പവും സ്നേഹവുമാണ് പ്രകടമായത്. രാജ്യത്തെ അക്കാദമികരിൽ പ്രമുഖയായ പ്രൊഫ. റൊമീല ഥാപ്പറിനെപ്പോലുള്ളവർ, ടീസ്റ്റ സെത്തൽവാദിനെയും പ്രൊഫ. സായ്ബാബയെയും പോലെയുള്ള മനുഷ്യാവകാശ പ്രവർത്തകരും ഒപ്പം സാധാരണ കർഷകരും തൊഴിലാളികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാമേഖലകളിൽ നിന്നുള്ളവർ കണ്ണീരോടെ അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലും പാർട്ടിയാഫീസിലും എത്തിയത് രാജ്യത്തെ എല്ലാ വിഭാഗം ആളുകൾക്കും പ്രിയപ്പെട്ടവനായിരുന്നതുകൊണ്ടാണ്.
ഉജ്വല പ്രഭാഷകനും എഴുത്തുകാരനും ഒപ്പം ഉശിരൻ പോരാളിയുമായിരുന്നു സീതാറാം. രാഷ്ട്രീയരംഗത്ത് കക്ഷിഭേദമില്ലാതെ എല്ലാവരുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ നയതന്ത്രമികവ് പല ഘട്ടങ്ങളിലും കോർപറേറ്റ്–ഹിന്ദുത്വശക്തികൾക്കെതിരായ കൂട്ടായ്മയ്ക്ക് രൂപം നൽകുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നുവെന്നതും അവിതർക്കിതമായ വസ്തുതയാണ്. 2004ലെ യുപിഎ–ഇടത് ഏകോപനസമിതിയിൽ പങ്കെടുക്കുകയും പൊതുമിനിമം പരിപാടിക്ക് രൂപം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്ത യെച്ചൂരിയാണ് ദേശീയ തൊഴിലുറപ്പ് നിയമം, വനാവകാശനിയമം, വിദ്യാഭ്യാസാവകാശ നിയമം, ഭക്ഷ്യ സുരക്ഷാനിയമം എന്നിവ പോലെയുള്ള ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും അവകാശങ്ങളുറപ്പാക്കാനുള്ള പരിപാടികൾ അതിലുൾപ്പെടുത്താൻ, ഒപ്പം വിവരാവകാശ നിയമംപോലെയുള്ള ജനാധിപത്യത്തിന്റെ സുതാര്യതയ്ക്കുവേണ്ടിയും അഴിമതി തടയാനുമുള്ള നിയമം എന്നിവ അതിൽ ഉൾപ്പെടുത്താനും മുഖ്യപങ്കുവഹിച്ചത് യെച്ചൂരി ആയിരുന്നു എന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്.
കാശ്മീരിന്റെ പ്രത്യേകാവകാശം ഉറപ്പാക്കുന്ന അനുഛേദം 370 ഉം 35എ യും റദ്ദ് ചെയ്ത് ജമ്മുകാശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളയുകയും ആ സംസ്ഥാനത്തെയാകെ വലിയൊരു തടവറയാക്കി മാറ്റുകയും ചെയ്തപ്പോൾ അതിനെതിരായ നിയമനടപടിയുൾപ്പെടെയുള്ള പോരാട്ടങ്ങൾക്കും മുഖ്യനേതൃത്വം നൽകിയത് സിപിഐ എം ജനറൽ സെക്രട്ടറിയെന്ന നിലയിൽ സീതാറാമായിരുന്നു. പൗരത്വത്തിൽ മതം കൂട്ടിക്കലർത്തി ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ അടിത്തറ തന്നെ മാന്താനുള്ള വർഗീയ സേ-്വച്ഛാധിപത്യ സർക്കാരിന്റെ നടപടികൾക്കെതിരായ പോരാട്ടവേദികളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു.
കോർപ്പറേറ്റ്– ഹിന്ദുത്വ –സേ-്വച്ഛാധിപത്യ വാഴ്ചയ്ക്കെതിരായ കൂട്ടായ്മയ്ക്ക് രൂപംനൽകുന്നതിന്റെ മാർഗദർശിയും മുൻനിര നായകനും സഖാവ് സീതാറാം ആയിരുന്നുവെന്നത് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം ഒരുപോലെ സമ്മതിക്കുന്ന യാഥാർഥ്യമാണ്. അത്തരമൊരു കൂട്ടായ്മ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ട നിർണായകമായ ഒരു ദശാസന്ധിയിലാണ് നാടിന്റെ ആ നേതാവ് അകാലത്തിൽ വിടപറഞ്ഞത്. തന്റെ ജീവിതത്തിലുടനീളം അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും ആശയങ്ങളും യാഥാർഥ്യമാക്കാനുള്ള പ്രവർത്തനത്തിൽ മുഴുകുക മാത്രമാണ് അദ്ദേഹത്തിന്റെ ഓർമ ശാശ്വതമാക്കാനുള്ള മാർഗം. ആ അനശ്വര സ്മരണയ്ക്കുമുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു. പ്രിയ സഖാവേ, വിട ! ♦