Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിജ്ഞാനവഴിയിലെ മോക്ഷദീപം

ജ്ഞാനവഴിയിലെ മോക്ഷദീപം

ബ്രഹ്മചാരി സൂര്യശങ്കർ (ശിവഗിരി മഠം)

കോടിക്കണക്കിന് മനുഷ്യർ ഭൂമിയിൽ ജന്മം കൊള്ളുമ്പോൾ, അതിൽ ചിലർ ലോകത്തിനുതന്നെ വെളിച്ചമാകും. തണലുതരുന്ന മഹാവൃക്ഷമാകും. അവർ കാലഭേദമില്ലാതെ വെയിലുകൊണ്ട്- മറ്റുള്ളവർക്കു തണൽ തന്നുകൊണ്ടേയിരിക്കും… ജീവിതത്തിൽ അസ്വസ്ഥതകൾ പടരുമ്പോൾ നമുക്ക് ആ മഹാവൃക്ഷത്തിന്റെ ചുവട്ടിൽ പോയി അല്പനേരം മൗനമായി ഇരിക്കാൻ തോന്നും. അങ്ങനെ ലോകത്തിനു മുഴുവൻ അനുകമ്പയുടെ സുഗന്ധം പരത്തുന്ന മഹാവൃക്ഷമാണ് നാരായണഗുരു.

ഗുരു ഇന്നും ജീവിക്കുന്നു. ജീവിക്കുന്നത് നമ്മളിലൂടെയാണ്. നമ്മിലെ കാരുണ്യമുള്ള ഹൃദയംതന്നെയാണ് ഗുരു. ആ ഗുരുവിനെ കൈവിടാതിരിക്കുക. ആ ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുക, അലിവുള്ളവരായിരിക്കുക. അപരന്റെ ദുഃഖം കേൾക്കുമ്പോൾ കണ്ണുകലങ്ങുന്നുണ്ടെങ്കിൽ, അതു തന്റെതന്നെ ദുഃഖമായി കാണുന്നുവെങ്കിൽ നാം ഗുരുവിന്റെ വഴിയിലാണ്. എവിടെയെല്ലാം സമത്വത്തെപ്പറ്റി സംസാരിക്കുന്നുവോ, സ്നേഹത്തെപ്പറ്റി സംസാരിക്കുന്നുവോ, അനുകമ്പയെക്കുറിച്ചു ചിന്തിക്കുന്നുവോ, എവിടെയെല്ലാം മനുഷ്യർ ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ, എവിടെയെല്ലാം ശത്രുക്കളെ സ്നേഹിക്കണം എന്നു പറയുന്നുവോ എവിടെയെല്ലാം സമാധാനത്തിന്റെ ശാന്തി മന്ത്രം മുഴങ്ങിക്കേൽക്കുന്നുവോ, എവിടെയെല്ലാം നന്മകളുണ്ടോ അവിടെയെല്ലാം ഗുരു ജ്വലിച്ചുനിൽക്കുന്നു. ലോകത്തിലെ സകല നന്മകളെയും ഹൃദയത്തോട് ചേർത്തുവെയ്ക്കാനും അറിവിൽ നിന്നും അലിവിലേക്കുയരാനുമാണ് ഗുരു നമ്മെ പഠിപ്പിക്കുന്നത്.

ഗുരുവിന്റെ ജീവിതം തന്നെയാണ് ഗുരു നൽകുന്ന ഏറ്റവും വലിയ സന്ദേശം. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയുമെല്ലാം മതിലുകൾ ഇല്ലാതെയായി മനുഷ്യകുലം ഏകമാകണമെന്നും, യാതൊരു ഭേദചിന്തയുമില്ലാതെ സകലരും പരസ്പരം സ്നേഹിക്കുന്ന ഒരു ലോകം സ്വപ്നം കാണുകയും ചെയ്യുന്ന സകലരുടെയും ഒരിക്കലുമസ്തമിക്കാത്ത പ്രത്യാശയായി, മാനവികതയുടെ മഹാപ്രകാശമായി, കോടിസൂര്യപ്രഭയോടെ കാലാതീതമായ ഗുരുദർശനം ഇന്നും നിലകൊള്ളുന്നു.

അപൂർവ വ്യക്തിത്വം
ചരിത്രത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു നാരായണഗുരു. ഗുരുവിന്റെ ഓരോ പ്രവൃത്തിയിലും നിറഞ്ഞു നിന്നിരുന്നത് അനുകമ്പയായിരുന്നു. പരമസത്യമായി ഗുരു കണ്ട അറിവുപോലും നിലകൊള്ളുന്നത് അനുകമ്പയിലാണ്. അനുകമ്പാരാഹിത്യമാണ് സകല ദുഃഖങ്ങൾക്കും മൂലകാരണം എന്നറിഞ്ഞതിനാൽ അനുകമ്പയ്ക്ക് വിരുദ്ധമായ സകലതിനെയും ഗുരു നിഷേധിച്ചുകൊണ്ടേയിരുന്നു. മാനവികത എന്ന ആശയത്തിന് അനുകമ്പയുടെ ഭാഷ്യം ചമച്ച ഗുരു മനുഷ്യ കേന്ദ്രീകൃതമായ വ്യവസ്ഥ അഥവാ മനുഷ്യന് പ്രാധാന്യം നൽകുന്ന വ്യവസ്ഥ എന്നതിനേക്കാൾ “എല്ലാവരും ആത്മസഹോദരർ”(ജീവകാരുണ്യപഞ്ചകം-1) എന്ന ഉദാത്തമായ ചിന്തയിലേക്ക് മനുഷ്യകുലത്തെ ആനയിക്കുന്നു. മനുഷ്യകുലത്തിന് കുറുകെ ഉയർന്ന ഏറ്റവും വലിയ മതിലായിരുന്നു ചാതുർവർണ്യം. ആ ജീർണ വ്യവസ്ഥയ്ക്കു പകരം ഗുരു പ്രതിഷ്ഠിക്കുന്നത് മനുഷ്യത്വത്തെയും സാഹോദര്യത്തെയുമാണ്. “മനുഷ്യാണാം മനുഷ്യത്വം ജാതി” (ജാതിനിർണ്ണയം-1) എന്നിടത്തും “സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം” എന്നിടത്തും നമുക്ക് ഈ ആശയം കാണാനാകും.

കാലത്തിനു മുന്നേ സഞ്ചരിച്ചിരുന്ന ഗുരു കാലത്തോടൊപ്പം പരിണമിക്കുകയും ചെയ്തു. ഗുരുവും ഗുരുവിന്റെ ദർശനവും ഓരോരുത്തരെയും ചേർത്തുനിർത്താനുള്ള സാകല്യബോധത്താൽ അയവുള്ളതായിരുന്നു. ഗുരുവിന്റെ മഹാസൗന്ദര്യവും അതാണ്. മതശാഠ്യത്തിന്റെ കാറ്റുപോലും ഗുരുദർശനത്തെ തട്ടിയില്ല. ഒരു ദർശനം അവതരിപ്പിച്ച് “ഇത് മാത്രം ശരി, ഇതു മാത്രമേ മറ്റുള്ളവരും പിന്തുടരാവൂ” എന്ന് ഒരിക്കൽ പോലും ഗുരു പറഞ്ഞില്ല. “ഇതു തെറ്റ്, അത് തെറ്റ്, ഇതുമാത്രം ശരി” എന്ന സമ്പ്രദായമല്ല ഗുരു പിന്തുടർന്നിരുന്നത്, പകരം “ഇതു ശരി, അത് ശരി, ഇതെല്ലാം ചേർന്ന വലിയ ശരി ഇത്” എന്ന അപരിചിതവും നൂതനവും എന്നാൽ കാലോചിതവുമായ ദർശനമായിരുന്നു. ഗുരുവിന്റേത്. സകല നന്മകളെയും സ്നേഹാശ്ലേഷണം ചെയ്യുന്നതായിരുന്നു ഗുരുവിന്റെ വഴി. അതിന്റെ മകുടോദാഹരണമാണ് അനുകമ്പാദശകം.

തന്നെ അനുകൂലിക്കാത്തവരെയും ചേർത്തു നിർത്തിയെന്നു മാത്രമല്ല “അവർ പറഞ്ഞതും ശരിയാണ്” എന്നുപറയുവാൻ യാതൊരു മടിയും ഗുരു കാണിച്ചിരുന്നില്ല. എന്നു മാത്രവുമല്ല “ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്” എന്നും അദ്ദേഹം പറയുന്നുണ്ട്. മതത്തിനു ഗുരു നൽകുന്ന അർത്ഥം/വ്യാഖ്യാനം “അഭിപ്രായം” എന്നാണ്. അങ്ങനെ നോക്കുമ്പോൾ അഭിപ്രായസ്വാതന്ത്ര്യം എന്നാൽ എന്താണെന്ന് ഒരു ജീവിതം കൊണ്ടുതന്നെ കാണിച്ചുതരുന്നു ആ മഹാഗുരു. “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന വാക്കുകളിലും ഈ ആശയത്തിന്റെ ആത്മാവിനെ കാണുവാൻ കഴിയും. എന്നാൽ “പല മതസാരവുമേകം” എന്ന ആത്മോപദേശശതകത്തിലെ വരികളിലാണ് പ്രസ്തുത ആശയം പരകോടിയിലെത്തുന്നത്.

ഗുരുവിന്റെ മതദർശനം
ഹിന്ദു സന്ന്യാസിപരമ്പരയിലെ ഒരു ഋഷിയായി ശ്രീ നാരായണഗുരുവിനെ കാണാനാവില്ല. ബുദ്ധനെപ്പോലെയും ക്രിസ്തുവിനെപ്പോലെയുമുള്ള ലോകഗുരുപരമ്പരയാണ് ഗുരുവിന്റേത്. മാനവികതയിലും ഉറുമ്പിനു പോലും ദ്രോഹം വരുത്താത്ത ദീനാനുകമ്പയിലും ആമഗ്നമാണ് മഹിതമായ ഗുരുദർശനം. ഗുരുവിന്റേത് അദ്വൈതവാദമായിരുന്നില്ല, സകലതിനേയും ഉൾക്കൊള്ളുന്ന പ്രഭാമയമായ അദ്വൈത ദർശനമായിരുന്നു. ആത്മോപദേശശതകത്തിലെ 44-49 വരെയുള്ള പദ്യങ്ങളിൽ ഗുരു തന്റെ മതദർശനം വരച്ചിടുന്നുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്: കാഴ്ചയില്ലാത്തവർ ആനയുടെ ഏതെങ്കിലും അവയവത്തിൽ സ്പർശിച്ചു നോക്കിയിട്ട് പലതരം യുക്തികൾ ഉന്നയിച്ച് കലഹിക്കുന്നതുപോലെ, അജ്ഞാനികൾ പല മതങ്ങളുടെയും സാരാംശം ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാതെ അലയുന്നു. ഒരു മതത്തിന്റെ തത്വം മറ്റൊരു മതക്കാരനു നിന്ദ്യമായി തോന്നും, മറിച്ചും സംഭവിക്കും. രണ്ടിന്റെയും ആന്തരതത്വം അറിയുന്നതുവരെ മാത്രമേ ഈ ഭ്രമം നിലനിൽക്കുകയുള്ളൂ. വാദയുദ്ധം കൊണ്ട് ഒരു മതത്തെയും മറ്റൊരു മതത്തിന് തോൽപ്പിക്കാൻ കഴിയില്ല. പരമതനിന്ദകർ ഈ കാര്യം ഓർക്കാതെ വെറുതെ വാദിച്ചു തുലയും. എല്ലാവരും പറയുന്നത് ഒരു മതമാകണമെന്നാണെന്ന കാര്യം ആരും ഓർക്കുന്നില്ല. പരമതഖണ്ഡനം എന്ന ഉദ്ദേശ്യമില്ലാതെ തുറന്ന മനസ്സോടെ ഏതു മതത്തെ സമീപിച്ചാലും ഗ്രാഹ്യാംശം കാണും. ഒരേ ചൈതന്യം എല്ലാവരിലും സ്പന്ദിക്കുന്നു. അപ്പോൾ എല്ലാവരുടെയും അനുഭവത്തിലും ഐകരൂപ്യം വരണം. മതം മനുഷ്യന്റെ അനുഭവമാകയാൽ അതിലും സമാനത വരുന്നത് സ്വാഭാവികം മാത്രം. ലോകർക്ക് മുഴുവൻ സ്വീകാര്യമായിട്ടുള്ള മതം ആത്മസുഖമാണ്. അതിനാൽ മതം ഒന്നേയുള്ളൂ എന്നറിയാതെ പരമതനിന്ദയ്ക്കുവേണ്ടിയുള്ള വാദങ്ങളിൽ മുഴുകി പാപിയായിത്തീരരുതെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് മതമീമാംസ എന്ന വിഷയം ഗുരു ഉപസംഹരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ദാർശനിക കൃതിയുടെ ഹൃദയഭാഗത്തു തന്നെ ഇങ്ങനെയൊരു വിഷയത്തെ ഗുരു പ്രതിഷ്ഠിച്ചു എന്നതിൽ നിന്നു തന്നെ അതിന്റെ പ്രാധാന്യം സുവ്യക്തമാണ്.

മതങ്ങൾക്ക് നഷ്ടമായ മാനവികമൂല്യങ്ങളെ ‘ഒരു മതം’ എന്ന ആശയത്തിൽ ഗുരു പുനഃപ്രതിഷ്ഠിക്കുന്നു. നന്നായിത്തീർന്ന മനുഷ്യനെയും ജാതിഭേദവും മതദ്വേഷവുമില്ലാത്ത, സാഹോദര്യമുള്ള ഒരു ലോകത്തെയും ഗുരു സ്വപ്നം കണ്ടു. ശ്രീ നാരായണഗുരു മതപരമായ ജീവിതമായിരുന്നില്ല നയിച്ചത്. മതവത്കരിക്കപ്പെട്ട പലതിനെയും ഗുരു മതാതീതമാക്കി. ക്ഷേത്രങ്ങളോട് ചേർന്ന് എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ച് പഠിപ്പിക്കാനും ക്ഷേത്രം പള്ളിയുടെ മാതൃകയിൽ പണിയാനും ആവശ്യപ്പെട്ടു. ജാതിയും മതവും ഉപേക്ഷിച്ചവർക്കു മാത്രമേ സന്ന്യാസം നൽകാവൂ എന്ന് വ്യവസ്ഥ ചെയ്ത ഗുരു, മതാതീത സന്ന്യാസത്തിന്റെ പുതിയ പരമ്പരയ്-ക്കാണ് തുടക്കം കുറിച്ചത്. ഏണസ്റ്റ് കെർക്കിന്റെ പേര് പോലും മാറ്റാതെ കോട്ടും സ്യൂട്ടും ടൈയും സന്ന്യാസവസ്ത്രമായി കൊടുക്കുവാൻ ഹിന്ദുമത സന്ന്യാസത്തിൽ വ്യവസ്ഥയില്ല. എന്നാൽ, ഗുരുവിന്റെ മതാതീത സന്ന്യാസത്തിൽ അത് സ്വാഭാവികമായിരുന്നു.

ശിഷ്യനാകാൻ മതംമാറി ഹിന്ദുവായി വന്ന ഖാദറിനെ തിരികെ മുസ്ലീമാക്കിയ ശേഷം ഗുരു തന്റെ ശിഷ്യനാക്കി. അതുപോലെ തന്നെ ചാക്കോയെയും. “നമ്മുടെ ശിഷ്യനാകുവാൻ മതം മാറേണ്ടതില്ല’ എന്നതായിരുന്നു ഗുരുവിന്റെ ദർശനം. “നമുക്ക് സന്ന്യാസം നൽകിയത് ബ്രിട്ടീഷുകാരാണ്-’ എന്നും ഗുരു ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി. സന്യാസിസംഘ രൂപീകരണത്തിനും ഗുരുവിന്റെ കൃതികൾ സമാഹരിക്കുന്നതിനും ചുക്കാൻ പിടിച്ച മഹാനായ ശിഷ്യൻ സ്വാമി ജോൺ ധർമ്മതീർത്ഥർ അന്ത്യവിശ്രമം കൊള്ളുന്നത് പാളയം സി.എസ്.ഐ പള്ളിയുടെ സെമിത്തേരിയിലാണ് എന്നതും സ്മരണീയമാണ്. മതാതീതമായ തീർത്ഥാടനം ഗുരുവിന്റെ മറ്റൊരു പാവനമായ സങ്കല്പമായിരുന്നു. വരും കാലത്തിനു വേണ്ടത് ഗുരു പറഞ്ഞതുപോലെ സർവമതങ്ങളുടെയും നന്മകൾ സ്വാംശീകരിച്ചുകൊണ്ടുള്ള നവീനമായൊരു മതമാണ്.

ചാതുർവർണ്യരഹിതമായ ‘ശുദ്ധ ഹിന്ദുമതം’ എന്ന സങ്കല്പത്തിനായുള്ള ശ്രമങ്ങൾ ഗുരുവിന്റെ കാലം മുതലേ ആരംഭിക്കുന്നുണ്ട് . എങ്കിലും അത് ‘ഉപ്പില്ലാ കടൽ സൃഷ്ടിക്കുന്നതുപോലെ അസാധ്യമാണ്’ എന്നാണ് സഹോദരൻ അയ്യപ്പന്റെ അഭിപ്രായം. ബാഹ്യമായ മതംമാറ്റത്തെ ഗുരു അനുകൂലിച്ചിരുന്നില്ലെങ്കിലും “മതം ഇഷ്ടം പോലെ ഉണ്ടെന്നും ഇല്ലെന്നും പറയുവാനുള്ള സ്വാതന്ത്ര്യം വേണം’ എന്ന അഭിപ്രായത്തെ അദ്ദേഹം സമാശ്ലേഷിച്ചു. ഗുരുവിനു മതമുണ്ടായിരുന്നു! എന്നാലത് ഇന്ന് നിലനിൽക്കുന്ന എതെങ്കിലും സംഘടിത മതമായിരുന്നില്ല. പലമതസാരവുമേകമെന്നറിഞ്ഞ ഗുരുവിനെ ഉൾക്കൊള്ളുവാൻ കെല്പുള്ള ഒരു മതവും ഇന്നുവരെ ഉണ്ടാകാത്തതിനാൽ ഗുരു ഇന്നും മതാതീതൻ തന്നെ! ‘‘സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല, മതത്തിന് അവൻ പ്രമാണമാണ്’’ എന്ന ഗുരുവചനവും പ്രസക്തമാണ്. ഗുരുവിന്റെ മതദർശനം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ‘‘മറ്റൊരാളുടെ മതത്തെ നമ്മൾ എങ്ങനെ കാണണം?’’ എന്നതാണ്. സർവ്വമതപാഠശാലയും സർവ്വമതസമ്മേളനവുമെല്ലാം ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് ഈ ചിന്തയാണ്!.

ഗുരുവിന്റെ മതദർശനത്തെപ്പറ്റി ചരിത്രത്തെ അഗാധമാക്കിയ ഗുരു എന്ന പുസ്തകത്തിൽ കെ.പി.അപ്പൻ ഇങ്ങനെ നിരീക്ഷിക്കുന്നു:

‘”മതമേതായാലും എന്ന പ്രയോഗത്തിൽ മുഴങ്ങുന്നത് മതത്തിനു നേരേയുള്ള ഉദാസീനമായ നിലപാടാണ്. മതത്തെ അവഗണിക്കുന്ന കാഴ്ചപ്പാടാണ്; മതത്തെ ആശ്രയിക്കാത്ത ലോകവീക്ഷണമാണ്. അത് ഗുരുവിന്റെ ആദ്ധ്യാത്മവിദ്യതന്നെയായിരുന്നു. മതം മനസ്സിന്റെ കാര്യമാണെന്ന് ഗുരുവിനറിയാമായിരുന്നു. മനുഷ്യവർഗ്ഗം മതങ്ങളെക്കാൾ ശ്രേഷ്ഠമാണെന്നും ഗുരു വിശ്വസിച്ചു. അതുകൊണ്ട് നന്നായിത്തീരേണ്ട മനുഷ്യനെക്കുറിച്ചാണ് ഗുരു സ്വപ്നം കണ്ടത്. മതത്തിന്റെ സഭാപണ്ഡിതനാകാൻ ഗുരു ആഗ്രഹിച്ചില്ല. ആദ്ധ്യാത്മികകാര്യങ്ങളിൽ സംഘടിതമതങ്ങൾ പ്രകടിപ്പിച്ചുകൊണ്ടിരുന്ന സങ്കുചിതത്വം ഗുരുവിനെ വേദനിപ്പിച്ചിരുന്നു. മതം നില നില്ക്കണമെങ്കിൽ അത് മതമാനവികതയായി നിലനില്ക്കണമെന്ന് ഗുരു ആഗ്രഹിച്ചു. മതയാഥാസ്ഥിതികത്വത്തിന്റെ നിഷേധത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂ എന്നും ഗുരുവിന് അറിയാമായിരുന്നു. അതിനാൽ പുതിയൊരു മതനിരപേക്ഷ സനാതനധർമ്മമാനവികത അദ്ദേഹം അവതരിപ്പിച്ചു. മനുഷ്യസ്നേഹം എന്ന ദൈവത്തെ പ്രാപിക്കുന്നതിനു മത യാഥാസ്ഥിതികത്വം തടസ്സമാണെന്ന് ഗുരു മനസ്സിലാക്കിയിരുന്നു. മനുഷ്യന്റെ പരാജയത്തിൽ നിന്നാണ് സംഘടിതമതം കരുത്താർജ്ജിക്കുന്നത്. മതം അടിസ്ഥാനപരമായി മതേതര സംസ്കാരത്തിന് എതിരാണ്. മതത്തിന്റെ ചരിത്രം ആത്മീയമായ അധഃപതനത്തിന്റെ ചരിത്രമാണെന്ന് ഗബ്രിയേൽ വാഹനിയൻ പറഞ്ഞു. സംഘടിതമതത്തിന്റെ ചരിത്രത്തിൽ പുണ്യനാശത്തിന്റെ ചരിത്രമാണ് ഗുരു കണ്ടത്. ഈ ചുറ്റുപാടിൽ നിന്നുകൊണ്ട് മതം ആവശ്യമാണെന്ന വാദത്തെ താൻ നിഷേധിക്കുന്നു എന്നാണ് ഗുരു സൂചിപ്പിച്ചത്. “മതമേതായാലും..’ എന്ന പ്രയോഗത്തിൽ മനുഷ്യൻ മതത്തെ ആശ്രയിക്കാതെ നില്ക്കണം എന്ന അനുശാസനമാണ് ധ്വനിക്കുന്നത്. ഇതാണ് ഗുരുവിന്റെ മതനിരപേക്ഷദർശനം. സംഘടിതമതത്തിന്റെ സംസ്കാരത്തിൽനിന്നു മോചിപ്പിച്ചെടുത്ത ഒരു മതദർശനം, ഒരു ദൈവദർശനം, ഒരു മനുഷ്യദർശനം, ഒരു അനുകമ്പാദർശനം – ഇതെല്ലാമാണ് ഗുരുവിന്റെ ചിന്ത ലോകത്തോട് പറയാൻ ആഗ്രഹിച്ചത്.

ഗുരുവിന്റെ വെല്ലുവിളി ദൈവശാസ്ത്രത്തിൽ പുതിയൊരു വിമോചനസന്ദർഭം സൃഷ്ടിച്ചു. അത് അങ്ങേയറ്റം സൗമ്യനായ ഒരു സന്ന്യാസിയുടെ തീവ്രദൈവശാസ്ത്രമായിരുന്നു. ഗുരുവിനോടു സത്യസന്ധരായിരുന്നവർ ഈ സത്യം മനസ്സിലാക്കിയിരുന്നു. പ്രഭയും കണ്ണാടിയും പ്രതിഷ്ഠിച്ച് ഹിന്ദുമതത്തിലെ ആരാധനാസമ്പ്രദായത്തെ പിടിച്ചുകുലുക്കുകയും ‘ഓം’ എന്നെഴുതി സംഘടിതമതത്തിന്റേതല്ലാത്ത സനാതനദർശനത്തെ ഗുരു ചരിത്രസ്മൃതിയിൽ നിർത്തുകയും ചെയ്തു. അതുപോലെ ഹിന്ദുതീവ്രവാദമാണ് മനുഷ്യന്റെ ഏറ്റവും വലിയ നിർഭാഗ്യം എന്ന അവസ്ഥയിൽ ഹിന്ദുമതം ചെന്നെത്തുമോ? ചരിത്രത്തിന്റെ സന്ദേഹമായിരുന്നു ഇത്. ഇത് ജ്ഞാനക്കണ്ണാൽ അല്ലെങ്കിൽ ചരിത്രദൃഷ്ടിയാൽ കണ്ടുകൊണ്ടായിരിക്കണം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മനുഷ്യദർശനം ഗുരു മുൻകൂറായി രൂപപ്പെടുത്തിയത്.

മനുഷ്യന് അവൻ ജീവിക്കുന്ന ലോകത്തെക്കാൾ കൂടുതൽ നല്ല ലോകം എങ്ങനെ സൃഷ്ടിക്കാൻ കഴിയും എന്നാണ് ഗുരു ആലോചിച്ചത്. മനുഷ്യനുവേണ്ടി തീവ്രദൈവശാസ്ത്രജ്ഞനായ ഗുരു മതത്തെ അവഗണിക്കുകയായിരുന്നു. “മതമേതായാലും…’ എന്ന പ്രയോഗത്തിലെ ഉദാസീനതയുടെ സ്വരം മതത്തിന്റെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള കടുത്ത വിമർശനമായിരുന്നു. മനുഷ്യാവസ്ഥയിൽ ഊന്നിക്കൊണ്ട് ഗുരു നടത്തിയ ഏറ്റവും പ്രധാനപ്പെട്ട മതവിമർശനം കൂടിയായിരുന്നു അത്. മതം നിലനില്ക്കുന്നുണ്ടായിരിക്കാം. ഇല്ലായിരിക്കാം. എന്നാൽ മനുഷ്യന് അതുകൊണ്ടു പ്രയോജനമൊന്നുമില്ലെന്ന വിശ്വാസം ഗുരുവിലൂടെ കടന്നുപോയിരുന്നു. നമ്മുടെ കാലഘട്ടത്തിൽ ദൈവം മൗനത്തിലാണെന്ന് ഹൈഡർ പറഞ്ഞു. ഗുരുവിന്റെ കാലത്ത് മതം മൗനത്തിലാകുകയായിരുന്നു. യോഗിയുടെ ചരിത്രദൃഷ്ടി അതു കണ്ടെത്തിയിരുന്നു. മതരഹിതമായൊരു ഹൈന്ദവത അല്ലെങ്കിൽ സനാതനധർമ്മം ഗുരു സ്വപ്നം കണ്ടിരുന്നു. ഇക്കാര്യത്തിൽ ഗുരുവിനെ നമുക്ക് ഒരു നീതിയായി സ്വീകരിക്കാൻ കഴിയും. ആധുനിക മനുഷ്യന്റെ സാംസ്കാരികമുദ്ര മതേതരത്വംതന്നെയാണ്. ഈ മതേതരത്വം ഗുരുവിന് സനാതനധർമ്മത്തെക്കാൾ വലുതായിരുന്നു. മനുഷ്യന് അവന്റെ വിശ്വാസത്തെ മതേതരമായി മനസ്സിലാക്കാൻ കഴിയുമോ? എന്ന ചോദ്യം ഗുരു ഉന്നയിച്ചിരുന്നു. തീവ്ര ആത്മവിദ്യയുടെ ഈ ചോദ്യം നമ്മുടെ പണ്ഡിതസദസ്സ് ശ്രദ്ധിച്ചില്ല. അതിനാൽ ആ ചോദ്യം ആദ്ധ്യാത്മികചർച്ചയായി ചരിത്രത്തിലേക്കു കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അത് മതയാഥാസ്ഥിതികത്വത്തിന്റെ അന്ത്യമാകുമായിരുന്നു. ഈ നിലപാടിലാണ് ഗുരുചിന്തയുടെ ഉത്തരഘട്ടം രൂപപ്പെട്ടത്. ഇനി ക്ഷേത്രങ്ങൾ വേണ്ട എന്ന് ഗുരു പറഞ്ഞു. മതേതരമായ പ്രസാദാത്മകത്വത്തിനുവേണ്ടി ഗുരു ചിലതിനോടു കാണിച്ച പവിത്രമായ അനാദരവായിരുന്നു അത്. അങ്ങനെ ഭൂമി കേന്ദ്രമാക്കിയുള്ള പ്രപഞ്ചഘടനാശാസ്ത്രം പഴയ ഫാഷനായതുപോലെ മതം കേന്ദ്രമാക്കിയുള്ള ജീവിതശൈലി ഗുരുവിന്റെ ചിന്തയിൽ പഴയ ഫാഷനായി. ഇപ്പോൾ മതത്തെ ഭക്തിനിർഭരമായ ആദരവോടെ മനുഷ്യവ്യക്തി ഓർമ്മിക്കുന്നില്ല. മതത്തെക്കുറിച്ച് ആളുകൾ പറയാറുണ്ട്. മതം വിഷയമാണ്; എന്നാൽ യാഥാർത്ഥ്യമല്ല. ഇത് പ്രത്യക്ഷമായിത്തീർന്ന അവകാശവാദങ്ങളുടെ തുടക്കമായിരുന്നു. അതുകൊണ്ടാണ് രാഷ്ട്രീയക്കാർ ഇപ്പോൾ മതനിരപേക്ഷ വീക്ഷണത്തെ ആവേശത്തോടെ ഉയർത്തിക്കാണിക്കുന്നത്.

ഗുരുവിന്റെ സന്ന്യാസം മതസ്ഥാപനങ്ങളുടെ പിന്തുണയില്ലാതെ ആവിർഭവിച്ചതാണ്. മതം ഇല്ല, അതുകൊണ്ട് എന്തുമാകാം എന്നല്ല ഗുരു പറഞ്ഞത്. മതമില്ല, അതുകൊണ്ട് മനുഷ്യനു കൂടുതൽ ഉത്തരവാദിത്വമുണ്ടെന്നാണ് ഗുരു പഠിപ്പിച്ചത്. മതമില്ലാതെ സന്ന്യാസിയാകാൻ കഴിയുമോ? എന്ന ചോദ്യത്തിന് ചരിത്രത്തിൽ നിന്നു കിട്ടിയ വലിയ ഉത്തരമാണ് ഗുരു.’’

ക്ഷേത്രങ്ങൾ
ക്ഷേത്രത്തിൽ കയറുന്നതു പോയിട്ട് വഴിയിൽക്കൂടി നടക്കുവാൻ പോലും അവകാശമില്ലാതിരുന്ന കാലം! സാധുമനുഷ്യരുടെ വേദനകളും യാതനകളും ഹൃദയം പൊട്ടിയുള്ള നിലവിളികളും കേൾക്കുവാൻ ദൈവങ്ങൾ പോലും ഇല്ലാതിരുന്ന കാലം! ഉള്ളതാകട്ടെ, മത്സ്യവും മാംസവും മദ്യവും സേവിക്കുന്ന പ്രാകൃത ദൈവസങ്കൽപ്പങ്ങൾ. അതിനാൽ, മനുഷ്യരും അത്തരമൊരു ജീവിതശൈലി തുടർന്നുപോന്നു. ശുചിത്വമില്ല, വിദ്യാഭ്യാസമില്ല. വരുമാനമുള്ള ജോലിയില്ല, ഐക്യമില്ല; എന്നുവേണ്ട, തലമുറകളായി തങ്ങളുടെ ജനത അനുഭവിക്കുന്ന അടിമത്ത വ്യവസ്ഥിതികളൊക്കെ, ദൈവകല്പിതവും ചോദ്യം ചെയ്യപ്പെടുവാൻ പാടില്ലാത്തതുമാണെന്ന ചാതുർവർണ്യനിയമം അക്ഷരംപ്രതി ശരിയെന്നു കരുതിപ്പോന്നതിനാൽ, “തങ്ങൾ ചങ്ങലകളിലാണ്” എന്ന ബോദ്ധ്യംപോലും അവർക്കില്ലായിരുന്നു. ഇത്തരം വ്യവസ്ഥിതികൾക്കെല്ലാം ആധാരമായിരുന്ന ചാതുർവർണ്യമാണ് മനുഷ്യനെ പലതട്ടുകളായി തിരിച്ചത്.

മനുഷ്യസാഹോദര്യത്തിനു തടസ്സം നിൽക്കുന്നത് ജാതിവ്യവസ്ഥിതിയും അതിന്റെ മാതാവും പിതാവുമായ ചാതുർവർണ്യവുമാണെന്നു തിരിച്ചറിഞ്ഞ ഗുരു, തന്റെ ജാതിനശീകരണയജ്ഞത്തിന്റെ സമാരംഭം കുറിച്ചതു ക്ഷേത്രങ്ങളിൽ നിന്നുമായിരുന്നു. അധഃസ്ഥിതർക്കു പ്രവേശനം നൽകാത്ത ക്ഷേത്രത്തിനു മുമ്പിൽ സമരം ചെയ്ത് അവരെ ക്ഷേത്രത്തിൽ കയറ്റുകവഴി, പാരമ്പര്യ രീതികളെയും ചാതുർവർണ്യനിയമങ്ങളെയും പ്രാണവായുപോലെ സ്വീകരിക്കുന്ന ക്ഷേത്രങ്ങൾക്കു യാതൊരു മാറ്റവും സംഭവിക്കുവാൻ പോകുന്നില്ലെന്ന്- ഗുരുവിന് അറിയാമായിരുന്നു. വ്യവസ്ഥാപിതമായ ക്ഷേത്രങ്ങളുടെ പരിമിതികളെ കൃത്യമായി തിരിച്ചറിയുകയും തന്റെ ദർശനത്തെയും കാഴ്ചപ്പാടുകളെയും ഉൾക്കൊള്ളുവാനുള്ള വ്യാപ്തി അത്തരം ക്ഷേത്രങ്ങൾക്ക് ഇല്ലെന്ന ബോധ്യവുമാണ് പുതിയ ക്ഷേത്രങ്ങൾ നിർമിക്കുക എന്ന നവീന ആശയത്തിലേക്ക് ഗുരുവിനെ നയിച്ചതെന്നു കരുതാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചരിത്രം തളംകെട്ടിക്കിടന്ന കാലത്തിനു ശേഷം കേരളചരിത്രം മാറിമറിഞ്ഞത് ഗുരു നടത്തിയ ഒരു പ്രതിഷ്ഠയിലൂടെയായിരുന്നു. മനുഷ്യന്റെ ആത്മീയദാഹത്തെ ശമിപ്പിക്കുന്നതോടൊപ്പം അവരെ ഭൗതികമായിക്കൂടി ഉയർത്തുന്ന സങ്കേതങ്ങളായി ഇത്തരം പൊതുയിടങ്ങൾ മാറിത്തീർന്നു. തലമുറകളുടെ അഗാധമനഃശാസ്ത്രം മനസ്സിലാക്കിയ ഗുരു പഴയമാതൃകകൾക്കു വിപരീതമായി വലിയൊരു ആശയലോകത്തെ ക്ഷേത്രത്തോടൊപ്പം ചേർത്തുവെയ്ക്കുകയും ക്ഷേത്രകവാടത്തിൽ ഭിന്നിപ്പിന്റെ നിയമങ്ങൾക്കു പകരം സാഹോദര്യത്തിന്റെ സമത്വസംഗീതം എഴുതിവെയ്ക്കുകയും ചെയ്തു. മലയാളിക്ക് ഈ മാതൃകാസ്ഥാനം അപരിചിതമായിരുന്നുവെങ്കിലും പിന്നീടത് ഏകലോകസ്വപ്നത്തിന്റെ പ്രകാശഗോപുരമായി മാറിത്തീർന്നു. എന്നാൽ ഇന്ന് ഗുരുവിന്റെ പേരിൽ നിലനിന്നിരുന്ന ഗുരുമന്ദിരങ്ങൾ ക്ഷേത്രങ്ങളായി പരിണമിക്കുകയും അവ ബ്രാഹ്മണാചാരങ്ങൾക്ക് കീഴ്‌പ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഗുരു ഇല്ലാതാക്കിയ പൗരോഹിത്യമേധാവിത്വം ഗുരുവിന്റെ പേരിൽ തന്നെ തിരികെ വന്നുകൊണ്ടുമിരിക്കുന്നു. ഈ അവസരത്തിൽ ഗുരുവിന്റെ ക്ഷേത്രസങ്കല്പം ഏറെ പ്രസക്തമാണ്.

വിവാഹം
ലളിതമായ വിവാഹ സമ്പ്രദായമാണ് ഗുരു മുന്നോട്ട് വെയ്ക്കുന്നത്. പരസ്പരം സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർ ഒരുമിച്ച് ജീവിക്കുന്നതിന് ജാതിയോ മതമോ സംസ്കാരമോ ദേശഭാഷകളോ യാതൊന്നും തടസ്സമല്ല എന്നതായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്.

“മനുഷ്യരുടെ മതം വേഷം ഭാഷ മുതലായവ എങ്ങനെയിരുന്നാലും, അവരുടെ ജാതി ഒന്നായതുകൊണ്ട്, അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.” – എന്ന് സഹോദരൻ അയ്യപ്പന് ഗുരു സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ ഈ സന്ദേശത്തിൽ നിന്നു തന്നെ ഗുരുവിന്റെ കാഴ്ചപ്പാട് വ്യക്തമാണ്: മനുഷ്യനും മനുഷ്യനും തമ്മിൽ സാഹോദര്യമുദിക്കണം.

ജാതി – മതഭേദങ്ങൾ 
ഇല്ലാതെയാകണം
‘‘പൗരസ്ത്യരും പാശ്ചാത്യരും തമ്മിൽ ഒന്നിക്കണം അങ്ങനെ ലോകം ഒന്നാകണം” – ഇതായിരുന്നു ഗുരുവിന്റെ ഉദാത്ത സങ്കല്പം. ക്ഷേത്രത്തിൽ വിവാഹം നടത്തുക എന്ന സമ്പ്രദായത്തിന് തുടക്കം കുറിച്ചത് നാരായണഗുരുവാവായിരുന്നു. വർക്കല ശിവഗിരി ശാരദാ മഠത്തിൽ വച്ച് പരവൂരുകാരനായ കരുണാകരന്റെയും ജർമ്മനിക്കാരിയായ മാർഗരറ്റിന്റെയും വിവാഹം നടത്തിക്കൊടുത്താണ് ഗുരു മാതൃക കാണിച്ചത്. വിവാഹത്തിന് പത്തുപേർ മതിയാകും എന്ന് പറയുക വഴി ലളിതമായ വിവാഹത്തിനാണ് ഗുരു പ്രാധാന്യം നൽകുന്നത്. അതോടൊപ്പം വിവാഹത്തിന് ധൂർത്തടിക്കാൻ ഉദ്ദേശിക്കുന്ന തുക വധൂവരന്മാരുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ പാസ് ബുക്ക് അവർക്ക് നൽകാവുന്നതാണ് എന്നും സൂചിപ്പിക്കുന്നുണ്ട്. ഇന്നു നടക്കുന്ന വിവാഹ ധൂർത്തുകൾ കാണുമ്പോൾ ഗുരുവിന്റെ ഈ സന്ദേശത്തെ ജനങ്ങൾ വേണ്ട വിധത്തിൽ ചെവിക്കൊണ്ടിട്ടില്ല എന്നത് വ്യക്തമാണ്. “ഒരു മംഗളകർമ്മത്തിലും ധൂർത്ത് പാടില്ല” എന്നത് ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമായിരുന്നു. അവയിലേക്ക് മടങ്ങാൻ കോവിഡ് കാലത്തെങ്കിലും കഴിഞ്ഞു എന്നത് ആശ്വാസകരമാണ്.

മരണം
പരേതന്റെ/പരേതയുടെ കുടുംബത്തിൽ എല്ലാവരും ചെന്ന് 10 ദിവസം പ്രാർത്ഥിക്കണം എന്നായിരുന്നു ഗുരുവിന്റെ സങ്കല്പം. ആത്മാവിന്റെ മോക്ഷത്തിനായുള്ള പ്രാർത്ഥനയല്ല ജീവിച്ചിരിക്കുന്നവർക്ക് മനസ്സമാധാനത്തിനു വേണ്ടിയാണ് അത്തരം കൂട്ടപ്രാർത്ഥനകൾ നടത്തുന്നത്. മരിച്ച വ്യക്തിയുടെ പേരിൽ അടിയന്തരങ്ങൾ നടത്തരുത് എന്നും ഗുരു ഓർമിപ്പിക്കുന്നുണ്ട്. പകരം അതിനായി ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന തുക ഏതെങ്കിലും ധർമ്മ സ്ഥാപനങ്ങൾക്കായി സംഭാവന ചെയ്യാവുന്നതാണ് എന്നും ഗുരു നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ കഷ്ടം എന്നുപറയട്ടെ ഇന്ന് മരിച്ച വ്യക്തിയുടെ പേരിൽ ലക്ഷങ്ങളുടെ പൂജയും പരിഹാരക്രിയകളും മറ്റുമാണ് നടക്കുന്നത്. മാത്രവുമല്ല മരിച്ച ആളുടെ പേരിൽ വലിയ അടിയന്തരങ്ങളും നടന്നു പോരുന്നു. ഇവിടെയെല്ലാം തിരസ്കരിക്കപ്പെടുന്നത് ഗുരുദർശനമാണ് എന്ന സത്യം പലരും മറന്നു പോകുന്നു.

മദ്യം
“മദ്യം വിഷമാണ് അത് ഉണ്ടാക്കരുത്. കൊടുക്കരുത്, കുടിക്കരുത്” എന്ന സന്ദേശത്തിലൂടെ ലഹരിക്കെതിരായ വലിയ സന്ദേശമാണ് ഗുരു നൽകുന്നത്. മദ്യം എന്ന വാക്കുകൊണ്ട് എല്ലാത്തരത്തിലുള്ള ലഹരികളെയുമാണ് ഗുരു സൂചിപ്പിക്കുന്നത്. മദ്യം വിഷമാണ് എന്ന പ്രസ്താവനയിലൂടെ മരണത്തിനു തുല്യമായി മദ്യത്തെ ഗുരു കാണുന്നു. മദ്യത്തിന്റെ നിലനിൽപ്പുതന്നെ ഉപഭോഗത്തിലാണ്. ഉപഭോഗം ഉള്ളതുകൊണ്ടാണ് ഉൽപാദനവും വിതരണവും നടക്കുന്നത്. അതിനാൽ കുടിക്കാതിരിക്കുക എന്നുള്ളതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. അങ്ങനെ ആയാൽ സ്വാഭാവികമായും വിതരണവും ഉൽപാദനവും നിലച്ചു പോകുന്നതാണ്. അതുകൊണ്ടുതന്നെ ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നീ മൂന്നു വാക്കുകളിലൂടെ ഉത്പാദനത്തെയും വിതരണത്തെയും ഉപഭോഗത്തെയും കുറിക്കുന്നു. വിദ്യാഭ്യാസം കൊണ്ട് ഉന്നതമായ പദവികളിൽ നമ്മൾ എത്തിച്ചേരുമ്പോഴും മദ്യം വിഷമാണെന്നും മദ്യത്തിന്റെ കുപ്പിയിൽ എഴുതിയിരിക്കുന്ന “മദ്യപാനം ആരോഗ്യത്തിന് ഹാനികരം” എന്നും “Smoking kills” എന്നും മനസ്സിലാക്കാൻ നമുക്ക് സാധിച്ചിക്കുന്നില്ല. അതിനാൽ നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസം തന്നെ പാഴായിപ്പോകുന്നു എന്ന് വ്യക്തമാണ്. അതിനാൽ മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും നമ്മെ തകർത്തു കളയുന്ന, നമ്മുടെ ജീവന് ഭീഷണിയായ മദ്യം മുതലായ ലഹരി വസ്തുക്കളെ ജീവിതത്തിൽ നിന്നും അകറ്റിനിർത്തേണ്ടത് അനിവാര്യമാണ്.

ഏകലോകസങ്കല്പം
പത്തൊമ്പതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വെളിച്ചമായിരുന്നു നാരായണഗുരു. അനുകമ്പയുടെ ചരിത്രത്തിൽ ഗുരുവിന്റെ സ്ഥാനം ഉന്നതമാണ്. “ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പ” എന്ന ആ മഹാ കാരുണ്യമാണ് ഗുരുദർശനത്തിന്റെ സാരമായിരിക്കുന്നത്. ഗുരുവിന്റെ ചിന്തകൾ ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ തടവറകളിൽ ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ച് എന്നെന്നും സ്വപ്നം കണ്ടത് മനുഷ്യരാശിയെ സകല ഭേദങ്ങൾക്കും അതീതമായി മുഴുവനായി ചേർത്തുനിർത്തുന്ന ഒരു ഏകലോകത്തെയായിരുന്നു. അതുകൊണ്ടുതന്നെ ഗുരു യുദ്ധത്തിന് എതിരായിരുന്നു.

“പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന
ബുദ്ധി വേണം.” (ആത്മോപദേശ ശതകം -46)

ആത്മോപദേശശതകത്തിലെ ഈ വരികളിലൂടെ യുദ്ധങ്ങളുടെ നിരർത്ഥകതയെയും ഗുരു വ്യക്തമാക്കുന്നുണ്ട്. ഇന്നത്തെ സമൂഹത്തിൽ ഈ കാഴ്ചപ്പാടിന് വലിയ പ്രസക്തിയാണുള്ളത്. “പോരാട്ടങ്ങൾ കൊണ്ട് നാശമേ വിതയ്ക്കൂ എന്ന് മനുഷ്യൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു” എന്നും ഗുരു നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. “ജാതിഭേദം…” എന്നു തുടങ്ങുന്ന അരുവിപ്പുറം സന്ദേശത്തിലൂടെയും ഏകലോക സങ്കൽപ്പത്തെയാണ് ഗുരു സ്വപ്നം കാണുന്നത്. മതം ഉപേക്ഷിച്ചവരും ഇന്ന് ഉറ്റു നോക്കുന്നത് മാനവികമായ ഒരു ദർശനത്തെ യാണ്. ആ ദർശനത്തെ ലോകർക്കെല്ലാം കണ്ടെത്താൻ പറ്റുന്ന ആത്യന്തിക സ്ഥാനം ഗുരുദർശനമാണ്. ഗുരുദർശനം ഒരു നൂറ്റാണ്ടോടുകൂടി അവസാനിക്കുന്നില്ല. പകരം അത് കാലത്തിനൊപ്പം സഞ്ചരിച്ച് കാലാതീതമായി അനുകമ്പാർദ്രമായി ഇനി വരുന്ന കാലത്തിന്റെ പ്രകാശമായി നിലകൊള്ളുന്നതാണ്. ആ മഹാപ്രകാശത്തിന്റെ ദീപ്തിയിൽ പ്രകാശിതമാകാൻ ലോകത്തിന് കഴിയട്ടെ, ജ്ഞാനവഴിയിലെ മോക്ഷദീപമായി ഗുരുവിന്റെ ചിന്തകൾ പ്രകാശിക്കട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − eight =

Most Popular