ശ്രീനാരായണഗുരുവിനെ സന്ദര്‍ശിക്കാന്‍ മഹാത്മാഗാന്ധി ശിവഗിരിയില്‍ വരുന്നത് 1925 മാര്‍ച്ചിലാണ്. എ.കെ. ഗോവിന്ദദാസിന്റെ ‘ഗാന്ധ്യാശ്രമം’ എന്ന ഭവനത്തില്‍ വച്ചാണ് കൂടിക്കാഴ്ചയ്ക്കുളള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നത്. ഭവനത്തിന്റെ പരിസരം മുഴുവന്‍ വെള്ളമണ്ണ് വിരിച്ച് വെടിപ്പാക്കി. സ്വാമി നേരത്തെതന്നെ ആശ്രമത്തിലെത്തിച്ചേര്‍ന്നിരുന്നു. ഗാന്ധിജിയുടെ ആഗമനം കാണുന്നതിന് ധാരാളമാളുകള്‍ റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടുകയുണ്ടായി. ആശ്രമപരിസരവും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. സന്ദര്‍ശനസമയമായ മൂന്നരമണിക്കു തന്നെ ഗാന്ധിജിയുടെ കാര്‍ ‘ഗാന്ധ്യാശ്രമത്തിന്റെ’ മുന്‍വശത്തു വന്നു നിന്നു. ആദ്യം കാറില്‍ നിന്ന് ഇറങ്ങിയത് സി. രാജഗോപാലാചാരിയായിരുന്നു. പിന്നാലെ ഒരൊറ്റ ഖദര്‍മുണ്ടു മാത്രം ധരിച്ച ഗാന്ധിജി പ്രസരിപ്പാര്‍ന്ന മന്ദസ്മിതത്തോടു കൂടി പുറത്തിറങ്ങി. അവിടെ കൂടിയിരുന്നവരുടെ അഭിവാദനങ്ങള്‍ കൂപ്പുകൈയോടെ സ്വീകരിച്ചതിനുശേഷം അദ്ദേഹം ഗാന്ധ്യാശ്രമത്തിന്റെ പൂമുഖത്തേക്കു നടന്നു. അദ്ദേഹത്തെ സ്വീകരിക്കാനായി സ്വാമി മുന്‍വശത്ത് ഇറങ്ങിനിന്നിരുന്നു. രണ്ടു കൈകളും നീട്ടി അദ്ദേഹം മഹാത്മജിയെ സ്വീകരിച്ചു. സ്വാമി ശിഷ്യന്മാരിലൊരാള്‍ മഹാത്മജിയുടെ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. അതിനുശേഷം ഹാളിനുള്ളില്‍ നിലത്ത് ഖദര്‍വിരിപ്പണിഞ്ഞ പുല്ലുപായയില്‍ എല്ലാപേരും ഉപവിഷ്ടരായി. ആ രണ്ടു മഹാപുരുഷന്മാരുടെയും സംഭാഷണത്തില്‍ ദ്വിഭാഷിയായി വര്‍ത്തിച്ചത് എന്‍. കുമാരനായിരുന്നു.
കൂടിക്കാഴ്ചയിലെ സംഭാഷണം അപ്പാടെ ചുവടെ ചേര്‍ക്കുന്നു:
‘‘ഇംഗ്ലീഷുഭാഷ അറിയില്ല അല്ലേ” എന്ന് ആമുഖമായി ഗാന്ധിജി ചോദിച്ചു. ‘‘ഇല്ല” എന്ന് സ്വാമി. മഹാത്മജിക്ക് സംസ്കൃതം അറിയുമോ എന്ന് സ്വാമിയും അന്വേഷിച്ചു. ‘ഇല്ല’ എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന്, അവര്‍ സംഭാഷണം ആരംഭിച്ചു.
‘ഗാന്ധിജി: ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ?
ഗുരുദേവന്‍: ഇല്ല.
ഗാന്ധിജി: അയിത്തം ഇല്ലാതാക്കാന്‍ വൈക്കത്തു നടക്കുന്ന സത്യാഗ്രഹ പ്രസ്ഥാനത്തില്‍ സ്വാമിജിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടോ?
ഗുരുദേവന്‍: ഇല്ല
ഗാന്ധിജി: ആ പ്രസ്ഥാനത്തില്‍ കൂടുതലായി എന്തെങ്കിലും ചേര്‍ക്കണമെന്നോ, എന്തെങ്കിലും മാറ്റം വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ?
ഗുരുദേവന്‍: അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണ് നമ്മുടെ അറിവ്. അതിനാല്‍, അതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് അഭിപ്രായമില്ല.
ഗാന്ധിജി: അധഃകൃതവര്‍ഗ്ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിന് പുറമെ മറ്റെന്തെല്ലാംകൂടി വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായമെന്നറിഞ്ഞാല്‍ കൊള്ളാം.
സ്വാമി: അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന്പക്ഷമില്ല, നന്നാകാനുള്ള സൗകര്യം മറ്റെല്ലാവര്‍ക്കുമെന്നപോലെ ഉണ്ടാകണം.
ഗാന്ധിജി: അക്രമരഹിതമായ സത്യാഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശ സ്ഥാപനത്തിന് ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്, സ്വാമിജിയുടെ അഭിപ്രായം എന്താണ്?
ഗുരുദേവന്‍: ബലപ്രയോഗം നല്ലതാണെന്ന് നാം കരുതുന്നില്ല.
ഗാന്ധിജി: ഹൈന്ദവ ധര്‍മ്മശാസ്ത്രങ്ങളില്‍ ബലപ്രയോഗം വിധിച്ചിട്ടുണ്ടോ?
ഗുരുദേവന്‍: രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും, അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്. എന്നാല്‍, സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായീകരിക്കുകയില്ല.
ഗാന്ധിജി: മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യ ലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ?
ഗുരുദേവന്‍: മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതുകാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നല്ലതാണെന്ന് പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
ഗാന്ധിജി: ആദ്ധ്യാത്മിക മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?
ഗുരുദേവന്‍: അന്യമതങ്ങളിലും മോക്ഷ മാര്‍ഗ്ഗമുണ്ടല്ലോ?
ഗാന്ധിജി: അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷപ്രാപ്തിക്ക് പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം?
സ്വാമി: ആദ്ധ്യാത്മികമായ മോക്ഷപ്രാപ്തിക്ക് ഹിന്ദുമതം ധാരാളം പര്യാപ്തം തന്നെ. പക്ഷേ, ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇച്ഛിക്കുന്നത്.
ഗാന്ധിജി: അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യത്തിന്റെ കാര്യമല്ലേ? അതിരിക്കട്ടെ. ആദ്ധ്യാത്മികമോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമെന്ന് സ്വാമിജിക്കഭിപ്രായമുണ്ടോ?
സ്വാമി: ഇല്ല. ആദ്ധ്യാത്മികമോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമില്ല.
ഗാന്ധിജി: ലൗകീകമായ സ്വാതരന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അത് സഫലമാകാതെ വരുമോ?
സ്വാമി: അത് സഫലമാകാതെ വരികയില്ല. അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണ്ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരുമെന്നു തന്നെ പറയണം.
ഗാന്ധിജി; (ചിരിച്ചുകൊണ്ട്) എന്റെ ആയുഷ്കാലത്തു തന്നെ അതു സഫലമാകുമെന്നാണ് എന്റെ വിശ്വാസം, അധഃകൃതവര്‍ഗ്ഗക്കാരില്‍ത്തന്നെ അയിത്താചാരമുണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?
സ്വാമി: എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പുലയസമുദായത്തിലെയും പറയസമുദായത്തിലെയും കുട്ടികള്‍ മറ്റുള്ളവരോടെപ്പം ശിവഗിരിയില്‍ താമസിച്ചു പഠിച്ചുവരുന്നു. മറ്റുള്ളവരുമൊത്ത് അവര്‍ ആരാധനകളില്‍ സംബന്ധിക്കുകയും ചെയ്യുന്നു.
ഗാന്ധിജി: വളരെ സന്തോഷം. ♦