Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിഅറിയാനും അറിയിക്കാനുമാണ്, വാദിക്കാനും ജയിക്കാനുമല്ല

അറിയാനും അറിയിക്കാനുമാണ്, വാദിക്കാനും ജയിക്കാനുമല്ല

സ്വാമി സത്യവ്രതന്‍ (1924 ലെ ലോക സര്‍വ്വമത സമ്മേളനത്തില്‍ നടത്തിയ സ്വാഗത പ്രസംഗം)

മാന്യമഹാജനങ്ങളേ,

ഏറ്റവും സന്തോഷാവഹവും എന്നാല്‍ ഏറ്റവും ഗൗരവതരവുമായ ഒരു കൃത്യനിര്‍വഹണത്തിനാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുമ്പാകെ വന്നു നില്‍ക്കുന്നത്. ഈ സര്‍വ്വമത മഹാസമ്മേളനത്തിനു വന്നുകൂടിയിരിക്കുന്ന മാന്യ ജനങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയാണ്, എന്റെ കൃത്യം. കേരളരാജ്യത്തെ സംബന്ധിച്ചിടത്തോളം അതിദുര്‍ല്ലഭമായ ഒരു മഹാ സമ്മേളനമാണ് ഇന്നും നാളെയുമായി ഇവിടെ നടക്കാന്‍ പോകുന്നതെന്നു ഞാന്‍ വിശേഷിച്ച് പറയണമെന്നില്ലല്ലോ. കേവലം ഉപരിസൂചിതമായ അഭൂതപൂര്‍വത്വവും, അതിദുര്‍ല്ലഭത്വവും കൊണ്ടുള്ള വൈശിഷ്ട്യം മാത്രമേ ഈ സമ്മേളനത്തിനുള്ളു എന്ന് നിങ്ങളാരും വിചാരിക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഭൂഗോളത്തിന്റെ സമസ്ത ഭാഗങ്ങളിലും ഒരു യുഗപകര്‍ച്ചയെന്ന പോലെ മഹത്തായ ഒരു അസ്വസ്ഥത വ്യാപിച്ചിരിക്കുന്നതായി നാം കാണുന്നുണ്ട്. ചിന്തകന്മാരും പ്രവാചകന്മാരും ശാസ്ത്രജ്ഞന്മാരും ഈ അസ്വസ്ഥതക്കു നിദാനം നിര്‍ണ്ണയിക്കുകയും നിവാരണം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. പ്രബലന്മാര്‍ ദുര്‍ബലന്മാരെ കീഴടക്കി ഭരിക്കുന്ന രാജ്യഭരണ രീതിയുടെ ദോഷകോപമാണ് ഈ അസ്വസ്ഥതയ്ക്കു നിദാനമെന്നു രാജ്യതന്ത്രജ്ഞന്മാരും, മുതലാളന്മാര്‍ തൊഴിലാളികളെ സ്വഗുണത്തിനു മാത്രമായി മര്‍ദ്ദിക്കുന്നതിന്റെ ഫലമാണ് ഈ അസ്വസ്ഥതയെന്ന് ധനതത്ത്വശാസ്ത്രജ്ഞന്മാരും, സാമുദായികങ്ങളായ അസമത്വങ്ങളാണ് അസ്വസ്ഥതയുടെ നിദാനമെന്ന് സമുദായ നേതാക്കന്മാരും, ആദ്ധ്യാത്മിക വിജ്ഞാനത്തിന് അഗണ്യത കല്പിച്ച് ഭൗതീക വിജ്ഞാനത്തിന് പ്രാമുഖ്യം നല്‍കിയിരിക്കുന്ന പാശ്ചാത്യ പരിഷ്കാരത്തിന്റെ പ്രചാരമാണ് നിദാനമെന്ന് ജ്ഞാനികളായ പ്രവാചകന്മാരും, ഇതൊന്നുമല്ല ആകാശചാരികളായ ചില ഗോളങ്ങള്‍ രാശിചക്രത്തിന്റെ ചില മര്‍മ്മ സ്ഥാനങ്ങളില്‍ സംക്രമിച്ചു യോഗം ചേര്‍ന്നതിന്റെ അനിഷ്ടഫലമാണ് ഈ അസ്വസ്ഥതയുടെയെല്ലാം നിദാനമെന്നു ജ്യോതിഷകന്മാരായ ദൈവജ്ഞന്മാരും അഭിപ്രായപ്പെടുന്നു. ഊഹിക്കപ്പെട്ട നിദാനം ശരിയായാലും അല്ലെങ്കിലും ഉപദിഷ്ടമായ നിവാരണോപായം ഫലപ്രദമായാലും ഇല്ലെങ്കിലും സാര്‍വത്രികവും, സാര്‍വ്വജനീനവുമായ ഈ അസ്വസ്ഥതയ്ക്കു നിവാരണമുണ്ടാക്കി ജനസമുദായത്തിനു സ്വസ്തി നല്‍കേണ്ടത് രാജ്യതന്ത്രജ്ഞന്മാരുടേയും, ധനതത്ത്വജ്ഞന്മാരുടേയും സമുദായനേതാക്കന്മാരുടേയും മതാചാര്യന്മാരുടേയും ചുമതലയാണെന്നുള്ളതിന് യാതൊരു സംശയവുമില്ല. എല്ലാവരും എല്ലാ വഴിക്കും കൂടെ പ്രവര്‍ത്തിച്ച് കുഴപ്പമുണ്ടാക്കാതെ പ്രവൃത്തി വിഭജന സിദ്ധാന്തമനുസരിച്ച് ഓരോരുത്തരും ഓരോ കര്‍മ്മ പദ്ധതി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നത് അധികം ഫലപ്രദമായിരിക്കും എന്നുള്ളതിന് യാതൊരു സംശയവുമില്ലല്ലോ.

ഭഗവാന്‍ ശ്രീനാരായണപരമഹംസന്‍ ചിരന്തനമായ തപസ്സും നിത്യമായ ബ്രഹ്മചര്യവും അനുഷ്ഠിച്ച് അദ്ധ്യാത്മ തത്ത്വചിന്തകളില്‍ ദത്തബുദ്ധിയായി കേരളീയ ജനതാമധ്യത്തില്‍ സ്വജീവിതം നയിച്ചുവരുന്ന ഒരു അത്യുത്തമനായ മതോപദേഷ്ടാവാണെന്നുള്ള വിവരം സര്‍വ്വസമ്മതമാണല്ലോ. പാവനചരിതനായ ആ പരമഹംസന്റെ മതതത്ത്വചിന്ത വിചാരണകളില്‍ ഒരു നിഷ്ഠയുണ്ടായിരുന്നത് അവിടുന്നു തന്നെ മനസ്സിനോടു പദ്യരൂപവും പ്രാര്‍ത്ഥനാരൂപവുമായി ഇങ്ങനെ അരുളി ചെയ്തിട്ടുണ്ട്.

‘പലമതസാരവുംമേകമെന്നു പാരാ–
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തിപറഞ്ഞുപാമരന്മാ–
രലവതുകണ്ടലയാതമര്‍ന്നിടേണം

ഗുരുദേവന്‍ ഒരു ഹിന്ദുവായി ജനിച്ചു. മറ്റുള്ളവരുടെ ദൃഷ്ടിയാല്‍ ഒരു ഹിന്ദുവായി ജീവിക്കുന്നു എങ്കിലും അഹിന്ദുമത സിദ്ധാന്തങ്ങളെയും ഗ്രഹിക്കാവുന്നിടത്തോളം ഗ്രഹിച്ചു. സകലമതങ്ങളുടെയും പരമോദ്ദേശ്യം ഒന്നുതന്നെയെന്നും ഏതു മനുഷ്യനെയും ലോകത്തിന് ഉപകാരമുള്ള ഒരു ഉത്തമ പൗരനാക്കിയോ, സംസാരബന്ധ വിമുക്തനായ മുമുക്ഷുവാക്കിയോ തീര്‍ക്കുന്നതിന് ഏതു മതത്തിനും ശക്തിയുണ്ടെന്നും ആഭ്യന്തരതത്ത്വങ്ങളെ സംബന്ധിച്ചല്ല കേവലം ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് മാത്രമാണ് മതകലഹങ്ങള്‍ എന്നും അറിഞ്ഞ് സ്വശിഷ്യന്മാരോടും സ്വഭക്തന്മാരോടും അതിനെത്തന്നെ ഉപദേശിച്ചുവരികയാണു ചെയ്യുന്നതെന്ന് അവിടത്തെ അടുത്ത് പരിചയമുള്ള ആരോടും ഞാന്‍ വിശേഷിച്ച് പറയണമെന്നില്ലല്ലോ. ഇതിനെ അടിസ്ഥാനമാക്കി ‘ഒരു ജാതി ഒരു മതം, ഒരു ദൈവം’ എന്ന് ഗുരുദേവന്‍ അരുളി ചെയ്തിട്ടുള്ള ധര്‍മ്മോപദേശത്തെ സ്വശിഷ്യന്മാര്‍ ഇപ്പോള്‍ മുദ്രാവാക്യമായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രം, ഭാഷ മുതലായ ഭേദങ്ങള്‍ നിമിത്തം സാഹോദര്യവും, സമുദായബന്ധവും ശിഥിലമായിരിക്കുന്ന ആധുനിക ലോകം സനാതനമായ ഈ ധര്‍മ്മോപദേശത്തെ ഇന്നോ, നാളെയോ ഇനി ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടോ, ഒരു ആയിരത്താണ്ടു കഴിഞ്ഞിട്ടോ സ്വീകരിക്കുന്നതെന്ന് നിശ്ചയമില്ലെങ്കിലും, ജാതിഭേദം നിമിത്തമായ അസ്വസ്ഥതയുടെ ശമനം ഈ ഉപദേശ സ്വീകരണത്താലല്ലാതെ ലോകത്തില്‍ സംഭവിക്കുകയില്ലെന്നുള്ളത് നിര്‍വിവാദം തന്നെയാണെന്ന് ആലോചനാബുദ്ധിയുള്ള ആര്‍ക്കും അനായാസേന ഗ്രഹിക്കാവുന്നതാകുന്നു. ഈ ഉപദേശം എത്ര പാവനവും പരമാര്‍ത്ഥവുമെന്ന് സ്വശിഷ്യന്മാര്‍ക്ക് പൂര്‍ണബോധം വരുത്തുവാന്‍ ഏതാദൃശ്യമായ ഒരു മതമഹാസമ്മേളനം ഉപയുക്തമായി തീരുമെന്നു കണ്ടിട്ടാണ് ഈ സമ്മേളനം, ഉണ്ടാകണമെന്ന് ഭഗവന്‍ ശ്രീനാരായണ പരമഹംസന്‍ അവിടത്തെ അന്തേവാസികളായ ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്.

ഈ സമ്മേളനത്തെ സംബന്ധിച്ചു ഞങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ‘അറിയാനും അറിയിക്കാനുമാണ്, വാദിക്കാനും ജയിക്കാനുമല്ല’ ഈ സമ്മേളനമെന്നു പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നതു മഹാജനങ്ങള്‍ ഓര്‍ക്കുമല്ലോ. സൃഷ്ടിയുടെ അപൂര്‍ണ്ണതയാലോ പ്രകൃതിനിയമങ്ങളെ തെറ്റിനടക്കാനുള്ള പ്രലോഭനങ്ങളാലോ മനുഷ്യന് കായികമായും, മാനസികമായും പല രോഗങ്ങളും വന്നു സംഭവിക്കുകയും, അവ സന്തതികളില്‍ പരമ്പരായി പകര്‍ന്നു പോകുകയും ചെയ്യുന്നുണ്ട്. കായികങ്ങളായ രോഗങ്ങളുടെ നിദാനവും, നിവാരണോപായങ്ങളും അറിഞ്ഞവരെ വൈദ്യന്മാരെന്നും, മാനസികങ്ങളായ രോഗങ്ങളുടെ നിദാനവും നിവാരണോപായങ്ങളും അറിഞ്ഞവരെ വൈദികന്മാരെന്നും നാം പറഞ്ഞുവരുന്നു. കായിക രോഗങ്ങളുടെ നിവാരണത്തിനു ഹൈഡ്രോപതി, ഹോമിയോപ്പതി, അലോപ്പതി, ആര്യവൈദ്യം, യുനാനിവൈദ്യം മുതലായ ചികിത്സാക്രമങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ടല്ലോ. ഈ ചികിത്സാക്രമങ്ങളില്‍ ഓരോന്ന് വശമാക്കിയ വൈദ്യന്മാര്‍ അതാതു ചികിത്സാക്രമങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ചു ശ്രേഷ്ഠമെന്നുല്‍ഘോഷിക്കാറുണ്ടെങ്കിലും രോഗാര്‍ത്തനായ മനുഷ്യന്‍ തന്റെ പിതാക്കന്മാര്‍ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന ചികിത്സാക്രമം ഏതെന്നോ ആ ചികിത്സാക്രമം ഉത്ഭവിച്ച ദേശം ഏതെന്നോ അതു കണ്ടുപിടിച്ച ദിവ്യവൈദ്യന്‍ ആരെന്നോ ആലോചിക്കാതെ ഏതു ചികിത്സാക്രമം അനുസരിച്ചുള്ള ഔഷധവും രോഗശമനത്തിനായി ഉപയോഗിക്കുകതന്നെ ചെയ്യുന്നു. പാശ്ചാത്യന്മാരായ ക്രൈസ്തവ ഭിഷഗ്വരന്‍മാരുടെ ചികിത്സാസമ്പ്രദായമാണ് അലോപ്പതി എന്നുള്ള വിചാരത്താല്‍ അത് പഠിക്കുന്നതിനോ പ്രയോഗിക്കുന്നതിനോ ഒരു ഹിന്ദു ഭിഷഗ്വരന്‍ മടിക്കുന്നില്ല. അതുപോലെ തന്നെ ആര്യവൈദ്യവും ഹിന്ദുക്കളുടെ വൈദ്യമാണെന്നു പറഞ്ഞു വയസ്കര മൂസ്സിന്റെ ചികിത്സയെ ക്രിസ്ത്യാനികളാരും ഉപേക്ഷിക്കുന്നില്ല. അഷ്ടാംഗഹൃദയം ഒരു ബൗദ്ധമത ഗ്രന്ഥമായതുകൊണ്ട് ഏകാദശിക്കു വായിച്ചുകൂടായെന്ന് മലയാളി ബ്രാഹ്മണര്‍ ഒരു കടുത്ത ഭ്രഷ്ട് അതിനു കല്പിച്ചിട്ടുണ്ടെങ്കിലും അവര്‍ അഷ്ടാംഗഹൃദയം വായിക്കാതെയോ, വായുമുട്ടല്‍ വരുന്ന ഏകാദശി നാളില്‍ ആണെങ്കില്‍ അന്ന് ധന്വന്തരി ഗുളിക സേവിക്കാതെയോ ഇരിക്കുന്നില്ല. കായിക രോഗങ്ങള്‍ക്ക് ചികിത്സാക്രമം ഏതു മതക്കാരനായ വൈദ്യന്റേത് എന്ന് അന്വേഷിക്കാതെ രോഗശമനത്തിനു ഫലസിദ്ധിയുള്ള ഒരു ഔഷധവും സേവിക്കുന്നതിനു മനുഷ്യന്‍ മടിക്കേണ്ടതില്ലെങ്കില്‍ മനസികരോഗത്തിന്റെ വിഷയത്തില്‍ ആ പ്രമാണം എന്തുകൊണ്ട് സ്വീകരിച്ചുകൂടാ എന്നുള്ള ചോദ്യത്തിന് ഉത്തരം പറവാന്‍ മാനസികരോഗ ചികിത്സകരായ വൈദികന്മാര്‍ക്കും ഒരു ചുമതലയുണ്ടെന്നു സമ്മതിച്ചേ തീരൂ. സോക്രട്ടീസും, സ്പെന്‍സറും, കാന്റും, സ്വീഡന്‍ബെര്‍ഗും യുറോപ്യന്മാരായതുകൊണ്ട് അവരുടെ തത്ത്വ ജ്ഞാനഗ്രന്ഥങ്ങള്‍ വായിച്ചു തത്ത്വാനേഷണം ചെയ്യുന്നതിന് ഹിന്ദുക്കള്‍ക്കോ, ബാദരായണാചാര്യനും, ശങ്കരാചാര്യരും ഹിന്ദുക്കളായതു കൊണ്ട് അവരുടെ തത്ത്വ ജ്ഞാനഗ്രന്ഥങ്ങള്‍ വായിച്ചു തത്ത്വാനേഷണം ചെയ്യുന്നതിന് യുറോപ്യന്മാര്‍ക്കോ ഒരു മടിയുമില്ല. തത്ത്വ ജ്ഞാനഗ്രന്ഥങ്ങള്‍ (Philosophy), മനഃശാസ്ത്രഗ്രന്ഥങ്ങള്‍ (Psy-chology), ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ (Ethics), ഇവ ഏതു മതക്കാരന്റേതായാലും മറ്റേതു മതക്കാരനും വായിച്ചു തത്ത്വത്തെ ഗ്രഹിക്കാം. ഈ മൂന്നു തരം ഗ്രന്ഥങ്ങളും വെളിപ്പെടുത്തുന്ന തത്ത്വങ്ങളുടെ കലര്‍പ്പില്ലെങ്കില്‍ കേവലം നിര്‍ജ്ജീവങ്ങളായിത്തീരുന്ന മതഗ്രന്ഥങ്ങള്‍ ഒരു മതക്കാരന്റേതു മറ്റൊരു മതക്കാരനു എന്തുകൊണ്ട് വായിച്ചു തത്ത്വം ഗ്രഹിച്ചുകൂടാ എന്നും അങ്ങനെ ഗ്രഹിച്ച തത്ത്വങ്ങള്‍ ജീവിത കൃത്യങ്ങളില്‍ പ്രായോഗികമാക്കി തീര്‍ത്തുകൂടാ എന്നും ശ്രീനാരായണ ശിഷ്യന്മാരായ ഞങ്ങള്‍ക്ക് വളരെ സംശയമുണ്ട്. ദര്‍ശനങ്ങള്‍, ശാസ്ത്രങ്ങള്‍, കലാവിദ്യകള്‍ മുതലായ വിജ്ഞാന വര്‍ദ്ധനയ്ക്ക് ഉപയുക്തങ്ങളായ ഗ്രന്ഥങ്ങള്‍ ദേശഭേദവും മതഭേദവും ജാതിഭേദവും ഗണിക്കാതെ എല്ലാ മതക്കാര്‍ക്കും മനുഷ്യജാതിയുടെ പൊതുസ്വത്തായി അവയെ ഗണിക്കുകയും വിജ്ഞാന അഭിവൃദ്ധിക്കായി അവയെ കൈകാര്യം ചെയ്യുന്നതു പോലെ ആദ്ധ്യാത്മികവിദ്യാ പ്രതിപാദകമായ മതഗ്രന്ഥങ്ങളും മനുഷ്യജാതിയുടെ പൊതുസ്വത്തായി ഗണിക്കുകയും, ജ്ഞാനാഭിവൃദ്ധിക്കായി അവയെ കൈകാര്യം ചെയ്യുകയും ചെയ്യാമെന്നാണ് ഞങ്ങളുടെ വിനീതമായ വിശ്വാസം. ഈ വിശ്വാസം അബദ്ധമാണെന്ന് ആരെങ്കിലും സയുക്തികം ചൂണ്ടിക്കാണിച്ചു തന്നാല്‍ അതിനെപ്പറ്റി പുനരാലോചന ചെയ്യുന്നതിന് ഞങ്ങള്‍ സാദരം സന്നദ്ധരാണെന്ന വിവരവും പ്രസ്താവിച്ചു കൊള്ളട്ടെ.

ഈ പ്രകൃതത്തില്‍ മറ്റൊരു സംഗതി കൂടെ നാം ഏറ്റവും ഗൗരവമായി ആലോചിക്കേണ്ടതായിട്ടുണ്ട്. മനുഷ്യന്‍ ചിന്താശീലമുള്ള ഒരു ജീവിയാകുന്നു. ശരീരത്തെ പ്രവൃത്തിരഹിതമാക്കി സ്വസ്ഥതയില്‍വെച്ചു കൊണ്ടിരിക്കുന്നതിനു നമുക്ക് കഴിയുമെങ്കിലും എത്ര ഉദാസീനമായ അവസ്ഥയിലും മനസ്സിനെ പ്രവൃത്തിരഹിതമാക്കി വച്ചുകൊണ്ടിരിക്കുവാന്‍ നമുക്ക് കഴിയുന്നില്ല. ശിശുക്കള്‍ ആകാശത്തില്‍ നോക്കി വിസ്മയിക്കുകയും ‘അതെന്ത്, ഇതെന്ത്’ എന്ന് ജിജ്ഞാസയോടുകൂടെ ഓരോന്ന് ചോദിക്കുകയും ശരിയോ തെറ്റോ ആയ ഒരു ഉത്തരം കൊണ്ട് തൃപ്തിപ്പെടുകയും വീണ്ടും ചോദ്യങ്ങള്‍ തുടരുകയും ചെയ്യുന്നതുപോലെ ലോകത്തിന്റെ ശൈശവാവസ്ഥയില്‍ തുടങ്ങി മനുഷ്യജാതി ‘ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി, ഇതെങ്ങനെ നില്‍ക്കുന്നു എങ്ങനെ അവസാനിക്കുന്നു’ എന്ന് ചോദിക്കാനും അവയ്ക്കു ശരിയെങ്കിലും തെറ്റെങ്കിലും ഒരു ഉത്തരം കണ്ടുപിടിക്കാനും കണ്ടുപിടിച്ച ഉത്തരങ്ങള്‍ ശരിയോ എന്ന് പരിശോധിക്കുവാന്‍ വേണ്ടി വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കാനും തുടങ്ങി. ഈ ചോദ്യങ്ങള്‍ക്കു ലഭിച്ച ഉത്തരങ്ങളില്‍വെച്ച് ഏറ്റവും വിസ്മയാവഹങ്ങളായ ചില ഉത്തരങ്ങളാണ് ഈശ്വരനെയും, ആത്മാവിനെയും, പുനര്‍ജന്മത്തെയും, കര്‍മ്മഫലത്തെയും, സ്വര്‍ഗ്ഗനരകങ്ങളെയും, സംസാരത്തെയും, നിര്‍വാണത്തെയും കുറിച്ചുള്ള ഉത്തരങ്ങള്‍. മനുഷ്യന്‍ അക്ഷരവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പായി അവനു ലഭിച്ചിട്ടുള്ള ഉത്തരങ്ങളില്‍ എത്രയോ എണ്ണം നമുക്ക് പിന്തുടര്‍ച്ചയായി ലഭിക്കാതെ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എങ്കിലും നമുക്കു ജീവിതാവധി അനുഭവിച്ചു സുഖിക്കുവാന്‍ വേണ്ടതില്‍ തുലോം അധികം ഉത്തരങ്ങള്‍ പിതൃസ്വമായി ശേഷിച്ചിട്ടുണ്ട്. ഇങ്ങനെ ശേഷിച്ച പ്രശ്നോത്തര ഭണ്ഡാരമായ പിതൃസ്വത്താണ് ലോകത്തില്‍ ഇന്നുള്ള സകല മതഗ്രന്ഥങ്ങളും. അവ മനുഷ്യജാതിക്കു പൊതുവിലുള്ള പിതൃസ്വത്താകുന്നതല്ലാതെ അവ ശാഖാവീതം ഭാഗം വെച്ച് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കൈവശക്കാര്‍ പറയും പോലെയോ, ഭാവിക്കും പോലെയോ ഓരോ പ്രത്യേക മതക്കാരുടെ പ്രത്യേക സ്വത്തുക്കള്‍ ആകുന്നതല്ല. പൂര്‍വപിതാക്കന്മാരെക്കുറിച്ചുള്ള ഭക്തി ബഹുമാനാദരങ്ങളോടു കൂടി ഈ പിതൃസ്വത്ത് മനുഷ്യജാതി പൊതുവെ അനുഭവിച്ച് ആത്മസുഖം അനുഭവിക്കേണ്ടതായിരിക്കേ അവയുടെ ഓരോ ഭാഗം ഓരോ ശാഖക്കാര്‍ കൈവശപ്പെടുത്തി വച്ചുകൊണ്ടു ശേഷം ശാഖക്കാര്‍ക്ക് അസുഖമുണ്ടാകുന്ന വിധം അതിനെ വിനിയോഗിക്കുന്നത് സര്‍വ്വസന്തതികള്‍ക്കുമായി സങ്കല്പിച്ച് ആ സ്വത്തു സമ്പാദിച്ച പൂര്‍വ പിതാക്കന്മാര്‍ക്ക് തന്നെ ഹിതകരമായ ഒരു കാര്യമായിരിക്കുമോ?

തത്വജ്ഞാനത്തിനും, ശാസ്ത്രജ്ഞാനത്തിനും, യുക്തിവാദ കുശലതയ്ക്കും ഇപ്പോഴത്തെപോലെ അഭിവൃദ്ധിയുണ്ടായിട്ടില്ലായിരുന്ന കാലങ്ങളില്‍ ജീവിച്ചിരുന്ന ബുദ്ധിമാന്മാരും ചിന്തകന്മാരും ഊഹാപോഹങ്ങള്‍ കൊണ്ടും, പരീക്ഷ കൂടാതെയുള്ള നിരീക്ഷണം കൊണ്ടും കണ്ടുപിടിച്ച അദ്ധ്യാത്മപരങ്ങളായ പ്രശ്നോത്തരങ്ങള്‍ എല്ലാ മതഭണ്ഡാരങ്ങളിലും കലര്‍ന്നു കിടപ്പുണ്ട്. വാസ്തവമെന്നു വളരെക്കാലം വിശ്വസിച്ചിരുന്ന ചില സിദ്ധാന്തങ്ങള്‍ അനന്തര കാലങ്ങളില്‍ ഖണ്ഡിക്കപ്പെട്ടതായും നാം കാണുന്നുണ്ട്. ആത്മതത്ത്വ പ്രതിപാദകങ്ങളായും അല്ലാതെയുമുള്ള പൗരാണികന്മാരുടെ അര്‍ത്ഥവാദ കഥകള്‍ കവികളുടെ ഭാവനാശക്തിയില്‍ കൂടി, അണുപ്രാണികള്‍ ഭൂതക്കണ്ണാടിയില്‍ കൂടി എന്ന പോലെ സഹസ്രഗുണ ഗരിമാവ് കൈക്കൊണ്ട് ആധുനികന്മാര്‍ക്ക് അസംബന്ധമെന്നു തോന്നാവുന്ന രൂപത്തെ പ്രാപിച്ച് മതഗ്രന്ഥങ്ങളില്‍ കലര്‍ന്നു കിടപ്പുണ്ട്. ഒരു കഥാബീജം തന്നെ ദേശാതിക്രമണം ചെയ്ത് പല മതഗ്രന്ഥങ്ങളിലും പല പരിണതിയെ പ്രാപിച്ചു കിടക്കുന്നതായും നാം കാണുന്നുണ്ട്.

പൗരാണികന്മാരില്‍ പലര്‍ക്കും പരിചയമുള്ള ഒരു ചെറിയ ദൃഷ്ടാന്തം മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

ദിനരാത്രങ്ങള്‍, മാസങ്ങള്‍, ഋതുക്കള്‍, സംവത്സരങ്ങള്‍, മുതലായ കാലഭേദങ്ങള്‍ ഭൂഭ്രമണങ്ങള്‍ നിമിത്തം സൂര്യനുണ്ടാകുന്ന സ്ഥിതിഭേദത്താല്‍ സംഭവിക്കുന്നതാണെന്ന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ നിര്‍ണ്ണയിച്ചു. സൂര്യനില്‍ നിന്നും കാലമുണ്ടാകുന്നു എന്നുള്ള ജ്യോതിഷിക സിദ്ധാന്തം ഒരു അര്‍ത്ഥവാദ കഥാബീജമായപ്പോള്‍ സൂര്യന്റെ മകനാണ് കാലനെന്നും ജീവശക്തികള്‍ക്കു ക്ഷയം സംഭവിക്കുന്ന കാലം വരുമ്പോള്‍ മരണം സംഭവിക്കുന്നു എന്നുമുള്ള വസ്തുത കൂടെ ചേര്‍ത്തു സൂര്യപുത്രനായ കാലന്‍ നമ്മെ മരിപ്പിക്കുന്ന പിതൃപതിയെന്നും കഥയുണ്ടായി. മരണം നമുക്ക് ഹിതകരമായ സംഭവമല്ല. അഹിതകരനായ കാലന് ഭയങ്കര സ്വരൂപം കല്‍പ്പിച്ച് കറുത്ത നിറവും മഹിഷ വാഹനവുമാക്കി കയറും കാരിരുമ്പുലക്കയും ആയുധമായും സങ്കല്പിച്ചു. ഇങ്ങനെ പിതൃപതിയായ കാലന് പിതൃക്കള്‍ക്ക് അവരുടെ ജീവിതകാലത്തില്‍ അവര്‍ അനുഷ്ഠിച്ച ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് അനുരൂപമായ ശിക്ഷാരക്ഷകള്‍ നല്കാനുള്ള അധികാരം കൂടെ നല്കാഞ്ഞാല്‍ കഥ പൂര്‍ത്തിയാകുകയില്ലല്ലോ എന്ന് കരുതി കാലനെ ധര്‍മ്മരാജാവായി അഭിഷേകവും കഴിച്ചു. രാജാവായാല്‍ ഒരു മേലെഴുത്തുപിള്ളയെ കൂടാതെ കഴിയുകയില്ലല്ലോ. മനഃശാസ്ത്ര പ്രകാരം മനസ്സ് സകല കര്‍മ്മങ്ങളുടെയും ചിത്രത്തെയും ഗോപനം ചെയ്തുവെയ്ക്കുന്ന ഒരു വസ്തുവാണ്. ആ മനസ്സു തന്നെയാണ് താന്താങ്ങളുടെ ധര്‍മ്മകര്‍മ്മങ്ങള്‍ക്ക് അനുരൂപമായ സുഖദുഃഖങ്ങള്‍ മനുഷ്യനെ അനുഭവിപ്പിക്കുന്നത്. കര്‍മ്മചിത്രങ്ങളെ ഗോപനം ചെയ്യുന്ന മനസ്സിനെ ചിത്രഗുപ്തനാക്കി, യമധര്‍മ്മരാജാവിന്റെ വലിയ മേലെഴുത്തു പിള്ളയായും നിയമിച്ചു. രാജാവിന് രാഷ്ട്രവും, രാജധാനിയും, കിങ്കരന്മാരും, കച്ചേരികളും വേണമെന്നുള്ള വ്യവസ്ഥ അനുസരിച്ച് വേണ്ട സാമഗ്രികളെല്ലാം മുറയ്ക്ക് ശേഖരിച്ചപ്പോള്‍ അതിവിസ്തീര്‍ണ്ണമായ നരകസാമ്രാജ്യം വിഭവസമ്പൂര്‍ണ്ണമായി; കാലനെക്കുറിച്ചുള്ള ഈ കഥ അസീരിയന്മാരുടെ പുരാണത്തില്‍ ചേര്‍ന്നപ്പോള്‍ മറ്റൊരു രൂപഭേദം സംഭവിച്ചു. ഹിന്ദുക്കള്‍ക്ക് കാലന്‍ സൂര്യപുത്രനായ യമനാണ്. അസീരിയന്മാര്‍ക്കു കാലന്‍ നവഗ്രഹങ്ങളിലൊന്നായ ശനിയാണ്. സൂര്യന്റെ ഭാര്യ ഛായയാണ്. ഛായാപുത്രനാണ് ശനി. ഹിന്ദുക്കളുടെ കാലനും, അസീരിയന്മാരുടെ കാലനും തമ്മില്‍ സ്വല്പമേ വ്യത്യാസമുള്ളൂ. ഹിന്ദുക്കളുടെ കാലന്‍ സൂര്യപുത്രനും, അസീരിയന്മാരുടെ കാലന്‍ സൂര്യന്റെ ഭാര്യയുടെ പുത്രനുമാണ്. ഛായാപുത്രനായ ശനിക്കു കാലന്‍ എന്ന പര്യായം സംസ്കൃതത്തില്‍ പ്രസിദ്ധമാണെങ്കിലും കാലനും, ശനിയും, ഹിന്ദുക്കള്‍ക്ക് ഒരു ദേവനുമല്ല; അവര്‍ തമ്മില്‍ ജേഷ്ഠാനുജന്മാരുമല്ല . എന്നാല്‍, ഹിന്ദുക്കളുടെ കാലന്റെ ജോലി തന്നെയാണ് അസീരിയന്മാരുടെ ശനിയുടെ ജോലി. ശനിയാഴ്ച ശനിയുടെ ദിവസമായതു കൊണ്ട് അസീരിയന്മാര്‍ക്ക് അതൊരു ദുര്‍ദിനമായിത്തീര്‍ന്നു. യാതൊരു ശുഭകര്‍മ്മത്തിനും ആ ദിവസം കൊള്ളുകയില്ലെന്ന് അസീരിയന്മാര്‍ക്കിടയില്‍ വിശ്വാസം വളര്‍ന്നപ്പോള്‍ ആ ദിവസം യാതൊരു വേലയും ചെയ്യാതെ സ്വസ്ഥമായിരിക്കാനുള്ള ശപിക്കപ്പെട്ട ദിവസമായിരുന്നു. ഈ ശനിയാഴ്ച യഹൂദന്മാര്‍ക്ക് പരിശുദ്ധമായ സാബത്ത് ആയിത്തീര്‍ന്നതും, ക്രിസ്ത്യാനികള്‍ക്ക് സാബത്ത് ഞായറാഴ്ച ആയിത്തീര്‍ന്നതും എല്ലാവരും അറിഞ്ഞിരിക്കുന്ന കാര്യമാണല്ലോ. ഒരു അര്‍ത്ഥവാദകഥ പലരൂപാന്തരത്തെ കൈക്കൊണ്ട് പല മതക്കാരുടെ ഇടയില്‍ പലതരം വിശ്വാസങ്ങള്‍ക്കും, ആ വിശ്വാസമനുസരിച്ച് പലതരം ആചാരങ്ങള്‍ക്കും എങ്ങനെ ഇടവരുത്തുന്നു എന്ന് ഈ ദൃഷ്ടാന്തത്തില്‍ നിന്നു നമുക്ക് ഏകദേശം മനസിലാക്കാന്‍ കഴിയുന്നതാണ്. ഓരോ മതക്കാരുടെയും പുരാണകഥകളില്‍ നവീനന്മാരുടെ ശാസ്ത്രജ്ഞാനവും ആ യുക്തിവാദ കുശലതയും കൊണ്ട് പരിശോധിച്ചു നോക്കുമ്പോള്‍ അയുക്തികങ്ങളും അസംഭവ്യങ്ങളും ആയിത്തോന്നാവുന്ന പല കഥകളും ഉണ്ടെങ്കിലും അവ എല്ലാവരുടെ പുരാണങ്ങള്‍ക്കുമുള്ള ഒരു സാമാന്യ ലക്ഷണമാണെന്നു സമ്മതിക്കാനുള്ള ഔദാര്യബുദ്ധിയില്ലാത്തതു നിമിത്തം സംഭവിക്കുന്ന മതകലഹങ്ങള്‍ എത്രയെന്നുള്ളതിനു യാതൊരവസാനവുമില്ല.

മതമത്സരത്തിന്റെ ഒരു ചെറിയ ദൃഷ്ടാന്തം എന്റെ ഒരു സ്നേഹിതന്‍ പറഞ്ഞതിനെ ഞാനിവിടെ ഉദ്ധരിച്ചു കൊള്ളട്ടെ. ഒരിക്കല്‍ ആ സ്നേഹിതന്‍ തീവണ്ടിയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ മഹാവിഷ്ണുവിന്റെ പ്രളയാനന്തര ശയനത്തെക്കുറിച്ച് മറ്റൊരു സ്നേഹിതനുമായി സംസാരിക്കാന്‍ ഇടവന്നു. അവരുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന രണ്ടു ക്രൈസ്തവ സഹോദരന്മാര്‍ എന്റെ സ്നേഹിതനോടു ചോദിച്ചു – ‘‘എന്താണ് നിങ്ങളുടെ മഹാവിഷ്ണുവിന് വെള്ളത്തില്‍ കിടക്കുമ്പോള്‍ ഒരു ആലില കൂടി താങ്ങായി വേണ്ടിവന്നത്. അതില്ലെങ്കില്‍ വിഷ്ണു മുങ്ങിച്ചത്തു പോകുമോ?’’

ഈ ചോദ്യത്തിന് സ്നേഹിതന്‍ ഉടന്‍ തന്നെ പ്രത്യുത്തരവും പറഞ്ഞു:– ‘‘ആദിയില്‍ ഭൂമി ഇരുളും പാഴുമായിരുന്ന കാലത്ത് എന്താണ് നിങ്ങളുടെ യഹോവയുടെ ആത്മാവ് വെള്ളങ്ങളുടെ മുകളില്‍ ആവസിച്ചിരുന്നത്? വെള്ളങ്ങളുടെ താഴെ ആയാല്‍ ശ്വാസം മുട്ടി ചത്തുപോകുമെന്നു വിചാരിച്ചാണോ? ഈ യുക്തിപ്രത്യുക്തികളെക്കൊണ്ട് പരസ്പരം പൗരാണിക വിശ്വാസങ്ങളെ പരിഹസിച്ച സ്നേഹിതന്മാര്‍ അവരുടെ മതങ്ങളില്‍ പ്രത്യക്ഷത്തില്‍ ഭിന്നമായിക്കാണുന്ന ഈ ലോകോല്‍പത്തികഥയുടെ അത്ഭുതകരമായ സാമ്യത്തെക്കുറിച്ച് അത്ഭുതപ്പെട്ടില്ലല്ലോ എന്നാണ് നാം അത്ഭുതപ്പെടേണ്ടതായിരിക്കുന്നത്.

മതകലഹങ്ങളുടെ പ്രാചീന ഭയങ്കര സ്വഭാവത്തിനും ഇപ്പോഴത്തെ സുഖകരമല്ലാത്ത മത്സരത്തിനും തമ്മില്‍ വലുതായ വ്യത്യാസമുണ്ടെന്ന് നാം ആശ്വസിച്ചേ തീരൂ. സാമ്രാജ്യശക്തികളുടെ സഹായത്തോടു കൂടെ മതപ്രചാരണം നടത്തിവന്ന പ്രാചീന പുരോഹിത രാജാക്കന്മാര്‍ മതത്തിന്റെ നാമധേയത്തില്‍ നടത്തിയിട്ടുള്ള സമരവൃത്താന്തങ്ങള്‍ എല്ലാ മത ചരിത്രത്തെയും ഏറെക്കുറെ മലിനമാക്കിത്തീര്‍ത്തിട്ടുണ്ട്. എന്നാല്‍, പുരോഹിതാധികാരവും രാജാധികാരവും ഏകത്ര ലയിച്ചിരിക്കുന്നത് ആപല്‍ക്കരമെന്നു മനസ്സിലാക്കി ആധുനിക പരിഷ്കൃത ജനസമുദായങ്ങളെല്ലാം ആ രണ്ടധികാരങ്ങളെയും തമ്മില്‍ വേര്‍പെടുത്തി. മതവിഷയകമായ കാര്യങ്ങളില്‍ ഗവമെന്റുകള്‍ നിഷ്പക്ഷനില അനുവര്‍ത്തിക്കണമെന്നുള്ളത് നവീന രാജ്യമീംമാംസയിലെ നിഷ്കര്‍ഷയേറിയ ഒരു സിദ്ധാന്തമായപ്പോള്‍ മതസമരങ്ങളില്‍ നിന്നും, തന്മൂലമുള്ള അനര്‍ത്ഥങ്ങളില്‍ നിന്നും മനുഷ്യ ജാതിക്കു മോചനം ലഭിച്ചു. ഭിന്നമതങ്ങള്‍ തമ്മിലുള്ള പിന്നത്തെ മത്സരരീതി ഓരോ മതസാഹിത്യത്തിലും കലര്‍ന്നു കിടക്കുന്ന ഇതിഹാസകഥകളുടെ അയുക്തിയെയും അസംഭാവ്യതയെയും കുറിച്ചു കഴിയുന്നത്ര ശക്തിയേറിയ ഭാഷയിലും, ചിലപ്പോള്‍ ആഭാസമെന്നു പറയാവുന്ന രീതിയിലും പുസ്തകങ്ങളും, ലഘുലേഖനങ്ങളും പരസ്യം ചെയ്തും, മിക്കവാറും അതേ രീതിയില്‍ തന്നെ പ്രസംഗങ്ങള്‍ ചെയ്തും പരമതദൂഷണം ചെയ്തും കഴിയുകയായിരുന്നു. ഈ പ്രസ്ഥാനം മൂലം എല്ലാ മതങ്ങളുടെയും ദോഷഭാഗങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാക്കുവാനും, ഗുണഭാഗങ്ങള്‍ മങ്ങി മതവിശ്വാസം സാമാന്യജനങ്ങളില്‍ വിരളമായിത്തീരുവാനും ഇടവന്നു. ഈ ദിശയും കടന്ന് ഇപ്പോഴത്തെ മത്സരരീതി, പുറമെ ശാന്തമെങ്കിലും അകമെ അസുഖകരമായ മറ്റൊരു വഴിയാക്കി തീര്‍ത്തിട്ടുണ്ട്. മതപരിവര്‍ത്തന സംരംഭം കൊണ്ടുള്ള അസുഖം ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രം അനുഭവിച്ചിരുന്നത് മതാഭിമാനികളായ ചില ഹൈന്ദവനേതാക്കളുടെ ഉത്സാഹത്താല്‍ ഇപ്പോള്‍ അഹിന്ദുക്കളും അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞാനത്തിനും, തത്ത്വജ്ഞാനത്തിനും, പരിഷ്കാരത്തിനും എത്രതന്നെ പ്രചാരവും അഭിവൃദ്ധിയും ഉണ്ടായിട്ടും മതപരിവര്‍ത്തന വിഷയത്തില്‍ ഇത്രവലിയ സംരംഭം എല്ലാ മതക്കാര്‍ക്കും ഉണ്ടാവാനുള്ള യഥാര്‍ത്ഥ കാരണം എന്തെന്ന് അന്വേഷിക്കുന്നത് രസാവഹമായിരിക്കും.

മതം ഒരു അദ്ധ്യാത്മകാര്യമാണെന്നാകുന്നു എല്ലാവരും പറയുകയും വിശ്വസിക്കുകയും ചെയ്തുവരുന്നത്. എല്ലാ മത സ്ഥാപകന്മാരും തങ്ങളുടെ മതത്തെ മോക്ഷമാര്‍ഗ്ഗമായിട്ടു തന്നെയാണ് തങ്ങളുടെ ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചു തുടങ്ങിയത്. സകലമോഹങ്ങളും പരിത്യജിച്ചവനു മാത്രമേ നിര്‍വാണമുള്ളുവെന്ന് ബുദ്ധമുനി നിഷ്കര്‍ഷയായി ഉപദേശിച്ചു ‘‘സര്‍വ്വത്തേയും ഉപേക്ഷിച്ച് എന്റെ പിന്നാലെ വരുവിന്‍’’എന്ന് ക്രിസ്തു തന്റെ ശിഷ്യന്മാരെ വിളിച്ചു. ത്യാഗിക്കല്ലാതെ മോക്ഷമില്ലെന്നുള്ളത് ഹിന്ദു മതത്തിലെ ഏതു ശാഖക്കാര്‍ക്കുമുള്ള നിര്‍വിവാദമായ സിദ്ധാന്തമാകുന്നു. സൾഫ്യൂരിക്ക് ആസിഡ് (ഗന്ധകാമ്ലം) കണ്ടുപിടിക്കുന്നത് ശാസ്ത്രജ്ഞനാണ്. എന്നാല്‍ മൂലധനം മുടക്കി അതു ധാരാളമായി സംഭരിച്ചു ലോകമെല്ലാം വിതരണം ചെയ്ത് ആദായമുണ്ടാക്കുന്നത് മുതലാളന്മാരാണ്. ശാസ്ത്രതത്ത്വങ്ങളെ എന്നപോലെ തന്നെ അദ്ധ്യാത്മതത്ത്വങ്ങളെയും അവ കണ്ടുപിടിച്ച മഹാത്മാക്കളല്ലെങ്കിലും, കൊണ്ടുനടന്ന ബുദ്ധിമാന്മാര്‍ അത്യന്തം ആദായകരങ്ങളായ വാണിജ്യ സാധനങ്ങളാക്കി ‘ഉത്തമം കുശലം വിദ്യ’ എന്നുള്ള പ്രമാണത്തെ, ‘മദ്ധ്യമം കൃഷി വാണിഭ’ ത്തേക്കാള്‍ വ്യഭിചരിപ്പിച്ചു ആദായമുണ്ടാക്കി തീര്‍ത്തു. ഈ ബുദ്ധിമാന്മാരാണ് പുരോഹിതന്മാരെന്നു ലോകത്തില്‍ പ്രസിദ്ധന്മാരായി തീര്‍ന്നവര്‍. എല്ലാവരും അങ്ങനെയുള്ളവരാണെന്നു ഞാന്‍ പറയുന്നില്ല. വളരെപ്പേര്‍ അങ്ങനെയുള്ളവരാണ്.

മതസ്ഥാപകന്മാരായ മഹാത്മാക്കളുടെ അദ്ധ്യാത്മ സിദ്ധാന്തങ്ങള്‍ ജനസമ്മതങ്ങളായി തീര്‍ന്നുവെന്നു കണ്ടപ്പോള്‍ ആ സിദ്ധാന്തങ്ങളെ ജനങ്ങള്‍ക്കുപദേശിക്കുവാനുള്ള പാവനമായ ജോലി, കൈയേറ്റ പുരോഹിതന്മാര്‍ ആ ജോലി അത്യന്തം ആദായകരമായ ഒരു ‘ഉത്തമ കുശലം വിദ്യ’യെന്നു അനായാസേന മനസ്സിലാക്കി. എങ്ങനെയുള്ള ഏര്‍പ്പാടുകള്‍ എല്ലാം ഉണ്ടാക്കിയാല്‍ ആ ജോലി അധികമധികം ആദായകരമാക്കിത്തീര്‍ക്കാമോ അങ്ങനെയുള്ള ഏര്‍പ്പാടുകളെല്ലാം അവരുണ്ടാക്കിത്തീര്‍ത്തു. മതങ്ങളോട് അനുബന്ധിച്ചിട്ടുണ്ടായിട്ടുള്ള മിക്ക തന്ത്രമന്ത്രാദികളുടെയും വിശ്വാസാചാരങ്ങളുടെയുമെല്ലാം ആഗമം ഇങ്ങനെയാകുന്നു. ജ്ഞാനോപദേശം ചെയ്കയെന്നുള്ളിടത്തോളം കൊണ്ട് പുരോഹിതന്മാരുടെ ജോലി അവസാനിച്ചിരുന്നുവെങ്കില്‍ മതനിമിത്തമായുള്ള ഭിന്നിപ്പുകള്‍ അന്നു ജനസമുദായത്തില്‍ ഇത്രമാത്രം അസ്വാസ്ഥ്യകാരണമായിത്തീരുകയില്ലായിരുന്നു.

എന്നാല്‍ ജ്ഞാനോപദേശം ഒരു ‘കുശല വിദ്യ’യായി ചമഞ്ഞപ്പോള്‍, വണിക്കുകള്‍ അവരുടെ ചരക്കു ചെലവാക്കുവാന്‍ അധികം പറ്റുവരവുകാരെ ഉണ്ടാക്കുന്നതിനു ശ്രമിക്കുന്ന മാതിരിയില്‍, പുരോഹിതന്മാരും അവരുടെ മതത്തില്‍ പറ്റിനില്‍ക്കുന്നവരായ ജനങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമം തുടങ്ങി. ഒരു മതത്തില്‍ എത്രകണ്ട് ജനങ്ങള്‍ വര്‍ദ്ധിക്കുന്നുവോ അത്രകണ്ട് ആ മതത്തിനു ശക്തി വര്‍ദ്ധിക്കുന്നു. ശക്തി വര്‍ദ്ധിച്ച മതം മുക്തിമാര്‍ഗ്ഗങ്ങളില്‍ വെച്ചു മുഖ്യമായ മതമെന്നു വന്നപ്പോള്‍ മുക്തിമാര്‍ഗ്ഗത്തിന്റെ യുക്തിമാര്‍ഗ്ഗത്തിലേയ്ക്കു മനുഷ്യബുദ്ധിക്കു പ്രവേശനമേ ഇല്ലാതായിത്തീര്‍ന്നു. മഹാത്മാക്കളായ മതസ്ഥാപകന്മാര്‍ പാരത്രികമായ മോക്ഷ മാര്‍ഗ്ഗത്തിന് ഉപയോഗിച്ച അദ്ധ്യാത്മജ്ഞാനം കേവലം ലൗകികമായ സമുദായശക്തി വര്‍ദ്ധനയ്ക്കായി പുരോഹിതന്മാര്‍ ഉപയോഗിച്ചു തുടങ്ങി. മതം ഒരു അദ്ധ്യാത്മകാര്യമെന്നുള്ള അവസ്ഥ വിട്ടു കേവലം ഒരു സമുദായകാര്യമായി അധഃപതിച്ചു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ചരിത്രാരംഭകാലം മുതല്‍ക്കേ അവസ്ഥ ഇതായിരുന്നുവെന്നും ചരിത്രപണ്ഡിതന്മാര്‍ മുക്തകണ്ഠം ഘോഷിക്കുന്നു. രാജാക്കന്മാര്‍ക്ക് അവരുടെ സാമ്രാജ്യം ലോകം മുഴുവന്‍ വ്യാപിപ്പിച്ച് ഭൂഗോളം മുഴുവന്‍ ഏകച്ഛത്രാധിപത്യമാക്കിത്തീക്കണമെന്ന് ആഗ്രഹമുള്ളതു പോലെതന്നെ മതാദ്ധ്യക്ഷന്മാര്‍ക്കും ലോകം മുഴുവന്‍ ഏകമതസാമ്രാജ്യമാക്കിത്തീര്‍ക്കണമെന്ന് ആഗ്രഹമുള്ളതുപോലെ തോന്നുന്നു. രാജാക്കന്മാരുടെ സാമ്രാജ്യമോഹം യുദ്ധങ്ങള്‍ക്കും ഛിദ്രങ്ങള്‍ക്കും ഇടവരുത്തുന്നതു പോലെതന്നെ, മതാദ്ധ്യക്ഷന്മാരുടെ സാമ്രാജ്യമോഹവും യുദ്ധങ്ങള്‍ക്കും ഛിദ്രങ്ങള്‍ക്കും ഇടവരുത്തുന്നു. രാജ്യസാമ്രാജ്യം അന്യരാജ്യസാമ്രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി നിര്‍ണ്ണയിച്ചു വേര്‍തിരിക്കുന്നതു മൂലം രാജ്യകലഹങ്ങള്‍ ചില കാലങ്ങളിലേ സംഭവിക്കാറുള്ളുവെന്നൊരാശ്വാസമുണ്ട്. മത സാമ്രാജ്യത്തിന് ദേശാതിര്‍ത്തി നിര്‍ണ്ണയമേയില്ല. തന്മൂലം എല്ലാ മതസാമ്രാജ്യങ്ങളും ചുഴലിക്കാറ്റില്‍ തിരമാലകളെപ്പോലെ പരസ്പരം ആക്രമിച്ച് എപ്പോഴെന്നില്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു. ഈ അവസ്ഥയില്‍ നിന്നു മനുഷ്യസമുദായത്തിന് മോചനം ലഭിക്കണമെങ്കില്‍ മതം ഒരു സമുദായകാര്യമെന്ന നിലവിട്ട് അതു കേവലം ഒരു അദ്ധ്യാത്മകാര്യമായിത്തീരണം. അങ്ങനെ തീരണമെങ്കില്‍ ഒരു ഹിന്ദുവിന്റെ മകനായതുകൊണ്ട് ഒരുവന്‍ ഹിന്ദുവായിത്തീരുന്നു എന്നുള്ള ഗണനവിട്ട് ഹിന്ദുമതം വിശ്വസിച്ചവനായതുകൊണ്ട് അവന്‍ ഹിന്ദുവായിത്തീരുന്നുവെന്നുള്ള അവസ്ഥ വരണം. ഇന്ത്യയില്‍ ഇരുപത്താറു കോടി ഹിന്ദുക്കള്‍ (1924) ഉണ്ട്. അവരില്‍ എത്രപേര്‍ക്കു ഹിന്ദുമതത്തിലെ അദ്ധ്യാത്മോപദേശങ്ങളെപ്പറ്റി അറിവുണ്ട്? എങ്കിലും മതബോധം ലേശമില്ലാത്ത ജനങ്ങളെക്കൂടി കണക്കാക്കി ഹിന്ദുക്കളുടെ സംഖ്യ നിര്‍ണ്ണയിക്കുകയും അറിവില്ലായ്മ മൂലം അവര്‍ കാണിക്കുന്ന ഗോഷ്ഠികള്‍ കൂടി ഹിന്ദുക്കളുടെ മതമാണെന്നു ഗണിക്കുകയും ചെയ്തുകൊണ്ട് ഹിന്ദുമതം ദുഷിച്ചു പോയെന്ന് എല്ലാവരുടേയും നിലവിളിക്ക് നിദാനമായ ദോഷകോപം എത്രയും വ്യക്തമാണ്. ഓരോ മതത്തിന്റെയും പേരു പറഞ്ഞു നടക്കുന്നവരില്‍ ഭൂരിഭാഗവും അവരുടെ വല്യച്ഛന്റെ മതത്തിന്റെ പേരു പറയുകയല്ലാതെ തങ്ങളുടെ മതത്തിന്റെ പേരു പറയുകയല്ല ചെയ്യുന്നത്. ആത്മജ്ഞാനവര്‍ദ്ധനയ്ക്ക് അദ്ധ്വാനിക്കേണ്ട മതോപദേഷ്ടാക്കന്മാര്‍ അവരുടെ ബുദ്ധിയേയും ശക്തിയേയും ധനത്തേയും സമുദായസാമ്രാജ്യം വിപുലമാക്കാനുള്ള അദ്ധ്വാനത്തില്‍ വിനിയോഗിച്ചതിന്റെ അനിഷ്ടഫലമാണ് നാം ഇന്നു കാണുന്നത്.

ഇതിനു നിവാരണോപായം ഒന്നേയുള്ളു. ലോകത്തില്‍ ഇതേവരെ ഉണ്ടായിട്ടുള്ള മതങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠം ഏതെന്നു രാമനുവേണ്ടി കൃഷ്ണന്‍ തീരുമാനിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ച് ഭിന്നമതങ്ങള്‍ പഠിച്ചറിഞ്ഞശേഷം രാമനുവേണ്ടി രാമനും, കൃഷ്ണനുവേണ്ടി കൃഷ്ണനും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാമ–കൃഷ്ണന്മാര്‍ക്ക് നല്‍കണം. എന്നാല്‍, രാമ–കൃഷ്ണന്മാര്‍ക്കു ഈ തീരുമാനം വിവേകപൂര്‍വ്വം ചെയ്യുന്നതിനുള്ള പൂര്‍ണ്ണമായ സൗകര്യം നാം ഉണ്ടാക്കിക്കൊടുക്കേണ്ടതാണ്. എല്ലാ മതങ്ങളും എല്ലാവര്‍ക്കും പഠിക്കുവാനുള്ള സ്ഥാപനങ്ങളെ ഉണ്ടാക്കുകയും ഓരോ മതത്തിലും പ്രത്യേക വിദഗ്ദ്ധതയുള്ളവരെ അതാതു മതം വെളിപ്പെടുത്തുന്ന അദ്ധ്യാത്മതത്ത്വങ്ങളെയും മുക്തിമാര്‍ഗ്ഗത്തേയും വിശദീകരിച്ച് കൊടുക്കുന്ന ഉപദേഷ്ടാക്കന്മാരായി നിയോഗിക്കുകയും വേണം. ഈ അഭിപ്രായം ശ്രീനാരായണപരമഹംസര്‍ക്കു വളരെനാള്‍ മുമ്പേ ഉണ്ടായിരുന്നതാണെങ്കിലും അതിനെ പരസ്യമായി പ്രഖ്യാപനം ചെയ്യുന്നതിനുള്ള ഒരു സമുചിത സന്ദര്‍ഭത്തെ അവിടുന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

‘വാദിക്കാനും ജയിക്കാനുമല്ല’ അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനമെന്നു ഞങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത് എന്തുകൊണ്ടെന്ന് മഹാജനങ്ങള്‍ക്ക് ഇപ്പോള്‍ വിശദമായെന്നു വിശ്വസിക്കുന്നു.

ഈ സന്ദര്‍ഭത്തിലും ഇവിടെവച്ചും ഇങ്ങനെ ഒരു സമ്മേളനത്തിനു ശ്രമം ചെയ്യുവാനുണ്ടായ ഹേതു എന്തെന്നുള്ളതിനെ കുറിച്ചും രണ്ടു വാക്കു പറഞ്ഞു. കൊള്ളട്ടെ: ഏകദേശം രണ്ടായിരത്തിമുന്നൂറു കൊല്ലം മുമ്പേ ബുദ്ധമതവും ജൈനമതവും, രണ്ടായിരം കൊല്ലം മുമ്പേ ക്രിസ്തുമതവും യഹൂദമതവും, ആയിരത്തി ഇരുന്നൂറുകൊല്ലം മുമ്പേ മുഹമ്മദുമതവും ഈ കേരള രാജ്യത്തില്‍ കുടിയേറി. മറ്റു രാജ്യങ്ങളില്‍ സംഭവിച്ചതു പോലെയുള്ള ഭയങ്കരങ്ങളായ മതകലഹങ്ങളൊന്നും ഇവിടെ സംഭവിച്ചതായി ഇതേവരെ വെളിപ്പെട്ടിട്ടുള്ള ദേശ ചരിത്രങ്ങളിലൊന്നും നാം കാണുന്നില്ല. മതവിഷയമായ ഭയങ്കര കലഹങ്ങളിലൊന്നിലും ഏര്‍പ്പെട്ടിട്ടില്ലാത്തവര്‍ എന്നുള്ള അഭിമാനകരമായ പാരമ്പര്യം കേരളീയര്‍ക്കുള്ളതിനെ നാം മേലിലും പാലിച്ചു കൊണ്ട് പോകേണ്ടതാണ്. അതോടു കൂടി ഭാരതീയരായ മറ്റു ഹിന്ദുക്കള്‍ക്കാര്‍ക്കും ഇല്ലാത്ത ഒരു വിശേഷവും കേരളീയരായ ഹിന്ദുക്കള്‍ക്കുണ്ട്. കേരളത്തിന് പുറമെ ശൈവനും ശാക്തേയനും വൈഷ്ണവനും ഭിന്നമതക്കാരെപ്പോലെ കഴിഞ്ഞുകൂടുമ്പോള്‍ കേരളീയന്‍ ശൈവന്റെ ഭസ്മക്കുറി തേച്ച് അതിന്മേല്‍ വൈഷ്ണവന്റെ ഗോപിക്കുറിയും വരച്ചു, അതിനകത്തു ശാക്തേയന്റെ സിന്ദൂരപൊട്ടും തൊട്ട്, ശാക്തേയന്റെ ഭഗവതി ക്ഷേത്രത്തില്‍ ചെന്നിരുന്നു ശൈവന്റെ ശനിപ്രദോഷ സന്ധ്യയില്‍ വൈഷ്ണവന്റെ ഭഗവത്ഗീത പാരായണം ചെയ്യുന്ന കൗതുകകരമായ കാഴ്ച മതഭ്രാന്തില്ലാത്ത ഏതു ഹിന്ദുവിനെയാണ് ആഹ്ലാദഭരിതനാക്കി തീര്‍ക്കാത്തത്? മതങ്ങള്‍ തമ്മിലുള്ള മത്സരം കൂടാതെ കഴിയാനുള്ള പാരമ്പര്യം മാത്രമല്ല ഭിന്നമതങ്ങളെ കൂട്ടിയുരുക്കി ഏകമതമാക്കി തീര്‍ക്കുവാനുള്ള പാരമ്പര്യവും കേരളീയര്‍ക്കുണ്ടെന്നല്ല ഇത് വെളിപ്പെടുത്തുന്നത്. പക്ഷേ ജ്യോതിഷക്കാര്‍ പറയും പോലെ മറ്റു കാര്യങ്ങളില്‍ ഒരു ‘ബുദ്ധിമൗഢ്യവും’ കൂടെ അവര്‍ക്കുള്ളത് ഇവിടെ പ്രകൃതമല്ലാത്തതിനാല്‍ അതിനെപ്പറ്റി ഒന്നും പറയുന്നില്ല.

ആലുവാപ്പുഴ, അതും സ്ഫടികസദൃശ്യമായ ജലം കൊണ്ട് പശ്ചിമതീരമെങ്ങും പ്രസിദ്ധിയുള്ള ഒരു പയസ്വിനിയാകുന്നു. വേനല്‍ക്കാലത്തു ശരീരസുഖാര്‍ത്ഥം കുളിച്ചു താമസിക്കാനായി സമ്പന്നന്മാരും പ്രഭുക്കന്മാരുമായ പലരും ഇവിടെ വന്നു ചേരാറുണ്ട്. ശിവരാത്രി സംബന്ധിച്ച് അനവധി ഹിന്ദുക്കളും ജനക്കൂട്ടമുള്ളതു കൊണ്ട് ഒട്ടു വളരെ കച്ചവടക്കാരും കാഴ്ച കാണാനായി ധാരാളം അഹിന്ദുക്കളും ആലുവാപ്പുഴയുടെ മനോഹരവും വിശാലവുമായ പുളിനത്തില്‍ വന്നു ചേരാറുണ്ട്. ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തി പലമതക്കാരും തങ്ങളുടെ മതത്തിന്റെ മാഹാത്മ്യത്തെ പ്രഖ്യാപനം ചെയ്യുവാനോ, തരമുണ്ടെങ്കില്‍ അന്യമതത്തിന്റെ മര്‍മ്മം നോക്കി ഒളിയമ്പു തറയ്ക്കാനോ, മതപ്രസംഗങ്ങളും നടത്തി വരുന്നുണ്ട്. പുഴയുടെ തെക്കേക്കരയിലുള്ള ഈ പന്തലില്‍ ഇരുന്നുകൊണ്ടുനോക്കിയാല്‍ വടക്കേക്കരയില്‍ നടക്കുന്ന ഈ കോലാഹലങ്ങളെല്ലാം നമുക്ക് പ്രത്യക്ഷമായി കാണാവുന്നതാണ്. 2300 വര്‍ഷം മുമ്പു തുടങ്ങി രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്കു മുമ്പുവരെ ഇതിനും സ്വല്പം വടക്കുള്ള ഭാരതപ്പുഴയുടെ കരയിലെ തിരുനാവായ് മണപ്പുറത്തു വച്ച് നടന്നു വന്നിരുന്ന മാമാങ്ക മഹോത്സവത്തെ കേരളത്തിന്റെ പുരാതന ചരിത്രജ്ഞാനമുള്ളവര്‍ ഒരു പക്ഷേ ഈ സന്ദര്‍ഭത്തില്‍ സ്മരിച്ചു എന്ന് വരാവുന്നതാണ്. ഗ്രീക്കു തത്ത്വജ്ഞാനിയായ പ്ലേറ്റോവിന്റെ റിപ്പബ്ലിക്കിനെക്കുറിച്ച് വളരെയെല്ലാം വാഴ്ത്തുകയും നവീന രാജ്യാമീമാംസാ ശാസ്ത്രത്തിലെ ഡെമോക്രസി (ജനപ്രഭുത്വഭരണം) തങ്ങളുടെ കണ്ടുപിടുത്തമെന്ന് അഭിമാനിക്കുകയും ചെയ്യുന്ന യൂറോപ്യന്മാര്‍ 2000 കൊല്ലങ്ങള്‍ക്കു മുമ്പ് കേരളീയര്‍ തങ്ങളുടെ രാജാവിനെ പന്തീരാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന മാമാങ്കത്തില്‍ വച്ച് തങ്ങള്‍ തന്നെ തിരഞ്ഞെടുത്തു വാഴിക്കുകയായിരുന്നു പതിവെന്ന് അറിഞ്ഞിട്ടുണ്ടോയെന്നു സംശയമാണ്. ആ ജനപ്രഭുത്വകാലവും, കേരളീയരുടെ സ്വാതന്ത്ര്യസൂര്യനും അസ്തമിച്ചു അന്ധകാരം ബാധിച്ചിട്ടു കാലം എത്രയോ ആയി. എങ്കിലും, ഒരു പഴയ നല്ല കാലത്തിന്റെ സ്മരണ കേരളീയര്‍ക്ക് ഇപ്പോഴും ഉണ്ട്. കൃത്രിമം എഴുതാന്‍ കെല്പില്ലാത്ത ഒരു പ്രാകൃതകവിയുടെ ഓണപ്പാട്ടില്‍ കാണുന്ന പുരാതന കേരളീയരുടെ രാജ്യഭരണാദര്‍ശം എത്ര വിശിഷ്ടമായിരുന്നുവെന്ന് എന്നു ആലോചിച്ചു നോക്കുക:

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം

ഇത്യാദി കേരളീയരുടെ ദേശാഭിമാനത്തെയും സ്വാതന്ത്ര്യ ശീലത്തെയും ഉജ്ജ്വലിപ്പിക്കുന്നതിനുപയുക്തമായിരുന്ന ആ പ്രാചീന മാമാങ്കമഹോത്സവത്തെ കേരളീയര്‍ വിസ്മരിച്ചു കളഞ്ഞതിന്റെ ശിക്ഷയായിട്ടായിരിക്കാം ‘മാനുഷരെല്ലാരുമൊന്നു പോലെ എന്നുള്ള’ ബുദ്ധിമൗഢ്യം’ കേരളീയരെ ബാധിച്ചത് കേരളീയരുടെ ആ മാമാങ്കമഹോത്സവം ഘോഷിക്കുന്ന കാലം തന്നെയാണ് ഈ ശിവരാത്രിയാഘോഷ കാലവും എന്ന് ഒരു സമാധാനം നമുക്കില്ലെന്നില്ല. പക്ഷേ ജീവനുള്ള ഒരാളെ ജീവനോടുകൂടെ കാണുന്ന കാഴ്ചകയ്ക്കും ആ ആളിന്റെ വികൃതമായ മൃതരൂപം വച്ചുകാണുന്ന കാഴ്ചയ്ക്കും തമ്മില്‍ മഹത്തായ അന്തരം ഉണ്ടല്ലോ. ഹിന്ദുക്കളുടെ മതോല്‍ത്സവങ്ങളുടെ ജീവന്‍ മാത്രമല്ല; ആത്മാവു കൂടി ഇപ്പോള്‍ നശിച്ചു പോയിരിക്കുന്നു. ഇന്നിവിടെ കൂടിയിരിക്കുന്ന ഈ മതമഹാസമ്മേളനം ആലുവായിലെ ശിവരാത്രി മഹോത്സാവത്തിന് ഒരാത്മചൈതന്യം നല്‍കുവാന്‍ ഉപയുക്തമായിത്തീര്‍ന്നിട്ടുണ്ടെന്നു നിര്‍മ്മത്സരന്മാരെല്ലാം സമ്മതിക്കുന്നതാണ്. ഹിന്ദുമതം, ബുദ്ധമതം, ക്രിസ്തുമതം, മുഹമ്മദ് മതം ഈ എല്ലാ മതങ്ങളുടെയും അനുയായികള്‍ ഇന്നിവിടെ കൂടിയിട്ടുണ്ട്. എത്ര സൗഹാര്‍ദ്ദത്തോടും സഹോദരഭാവത്തോടും കൂടെയാണ് നാം എല്ലാവരും ഇവിടെ സമ്മേളിച്ചിരിക്കുന്നത്! നിയതിയിലുള്ള സുദൃഢമായ വിശ്വാസം കൊണ്ട് ഞാനൊരു സംഗതി കൂടെ ഈ ആലുവയെക്കുറിച്ച് പറഞ്ഞു കൊള്ളട്ടെ. ക്രിസ്ത്യാനികളുടെ വകയായി ഒരു യൂണിയന്‍ കോളേജും മുഹമ്മദിയരുടെ വകയായി ഒരു അറബിക് കോളേജും ഹിന്ദുക്കളുടെ വകയായി ഒരു സംസ്കൃത കോളേജും ഈ ആലുവായില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. കേരളീയരായ ഹിന്ദു–മുസ്ലിം–ക്രൈസ്തവര്‍ തമ്മില്‍ തമ്മില്‍ മൈത്രിയോടുകൂടെ കഴിഞ്ഞു കൂടുന്ന മനോഹരമായ ദൃഷ്ടാന്തം ലോകത്തിനു കാണിച്ചുകൊടുക്കണമെന്നു നിയതി തന്നെ ഉദ്ദേശിച്ചിട്ടില്ലായിരുന്നെങ്കില്‍ ഈ മൂന്നു മതക്കാരുടെയും കോളേജുകള്‍ ഇങ്ങനെ ഇവിടെ സ്ഥാപിക്കപ്പെടുവാന്‍ ഇടവരികയില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. അദ്വൈതമത പ്രബോധകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മം കൊണ്ടു പവിത്രമായ ഈ നദീതീരത്തില്‍ ശ്രീനാരായണ പരമഹംസന്റെ അദ്വൈതാശ്രമം ഇപ്പോള്‍ നിങ്ങള്‍ കാണുന്നുണ്ടല്ലോ. ബുദ്ധമുനിയുടെ ഹൃദയവും, ശങ്കരാചാര്യരുടെ ബുദ്ധിയും ചേര്‍ന്നെങ്കിലല്ലാതെ ഭാരതീയരുടെ മതം പൂര്‍ണ്ണമാകയില്ലെന്നാണ് വിശ്വവിഖ്യാതനായ സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും ക്രിസ്തുവിന്റെ സ്നേഹവും, മുഹമ്മദിന്റെ സാഹോദര്യവും ചേര്‍ന്നെങ്കിലല്ലാതെ ലോകശാന്തിക്കുപയുക്തമായ മനുഷ്യജാതിയുടെ മതം പൂര്‍ണ്ണമാകയില്ലെന്നാണ് ശ്രീനാരായണപരമഹംസന്‍ സിദ്ധാന്തിക്കുന്നത്.

മഹാജനങ്ങളെ, ഇതില്‍ കൂടുതലായി ഈ മഹാസമ്മേളനം ഇവിടെ നടത്തുവാന്‍ ശ്രമിച്ച ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ചു ഞങ്ങള്‍ക്ക് യാതൊന്നും പറവാനില്ല. ഈ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി ഇന്നിവിടെ സന്നിഹിതനായിരിക്കുന്ന വന്ദ്യപുരുഷനെ തിരഞ്ഞെടുത്തതിന്റെ ഔചിത്യത്തെക്കുറിച്ച് അദ്ദേഹത്തെ നല്ലവണ്ണം അറിയുന്ന നിങ്ങളോട് ആരോടും വിശേഷവിധിയായി യാതൊന്നും പറഞ്ഞറിയിക്കേണ്ടതായിട്ടില്ല. തിരുവിതാംകൂര്‍ ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും ന്യായാധിപനായിരുന്ന് സര്‍വ്വസമ്മതമായ വിധം ന്യായം നടത്തിയിരുന്ന ഈ മഹാന്‍ (അന്ന് തിരുവിതാംകൂർ ഹെെക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സർ ടി സദാശിവ അയ്യർ – പത്രാധിപർ) ന്യായമായി ആര്‍ജ്ജിച്ച യശസ്സും വിശ്രമവും അനുഭവിച്ച് ഒരു ഉത്തമ ഹിന്ദുവിന്റെ മാതിരിയില്‍ ‘വാര്‍ദ്ധകെ മുനില്പത്തി’ സ്വീകരിച്ച് അദ്ധ്യാത്മക ചിന്തകനായും, ഒരു പ്രസിദ്ധ സമുദായ പരിഷ്കാരിയായും ഇപ്പോള്‍ സ്വജീവിതം നയിച്ചു വരികയാണെന്നുള്ള വിവരം പ്രസിദ്ധമാണല്ലോ. ജാതി–മത വ്യത്യാസം കൂടാതെ സമസ്ത ഭാരതീയരാലും ഒരുപോലെ ആദരണീയനായി ഇദ്ദേഹത്തെ പോലെ ഒരു മഹാബ്രാഹ്മണന്‍ ഇന്ന് തെക്കേ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നില്ല എന്നുള്ള വിവരം ഞാന്‍ പ്രത്യേകിച്ചു പറയണമെന്നില്ല! ശ്രീനാരായണ പരമഹംസരുടെ ആശ്രമ സമീപം അദ്ധ്യാത്മജ്ഞാനവും ന്യായബുദ്ധിയും തികഞ്ഞ ഏതാദൃശ്യനായ ഒരു മഹാബ്രാഹ്മണന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഈ മഹാസദസ്സ് ഒരു ബ്രഹ്മ സദസ്സുതന്നെയാണ്. ലോകശാന്തിക്കുപയുക്തങ്ങളായ ധര്‍മ്മാധര്‍മ്മങ്ങളെയും അദ്ധ്യാത്മതത്ത്വങ്ങളെയും കുറിച്ച് ബ്രഹ്മസദസ്സില്‍ മഹര്‍ഷിമാര്‍ ചേര്‍ന്നിരുന്ന് ധര്‍മ്മ പ്രവചനം ചെയ്യുംപോലെ ഓരോ ധര്‍മ്മ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അതാതു മാര്‍ഗ്ഗാനുയായികളുടെ ധര്‍മ്മ പ്രവചനങ്ങള്‍ ഇന്നും നാളെയുമായി നമുക്ക് ഇവിടെവച്ച് കേള്‍ക്കാവുന്നതാണ്.

അദ്ധ്യക്ഷപാദങ്ങള്‍ക്കാകട്ടെ, പ്രാസംഗികന്മാരായ ഗുരുജനങ്ങള്‍ക്കാകട്ടെ, മാന്യന്മാരായ മറ്റ് അതിഥികള്‍ക്കാകട്ടെ അവരുടെ സ്ഥിതിക്കും ഹിതത്തിനും ഞങ്ങളുടെ ആഗ്രഹത്തിനും അനുരൂപമായ ആതിത്ഥ്യം ചെയ്യുന്നതിനു ഞങ്ങള്‍ക്കു സാധിച്ചിട്ടില്ല. ചെയ്താല്‍ കൊള്ളാമെന്നുള്ള ഞങ്ങളുടെ ആഗ്രഹത്തെ ചെയ്തതിനു തുല്യമായി അംഗീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമെന്നുള്ള അപേക്ഷയോടു കൂടെ എല്ലാവര്‍ക്കും ഞങ്ങളുടെ വിനയാന്വിതവും ഹാര്‍ദ്ദവുമായ സ്വാഗതം പറഞ്ഞുകൊണ്ട് വിരമിച്ചുകൊള്ളുന്നു.

(ശ്രീനാരായണ ഗുരുവിന്റെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും നേരില്‍ കണ്ടു ചോദ്യം ചെയ്യാനായി 1916ല്‍ ആലുവാ അദ്വൈതാശ്രമത്തില്‍ എത്തിയ ചങ്ങനാശ്ശേരിക്കാരന്‍ അയ്യപ്പന്‍പിള്ളയാണ് ഗുരുവിന്റെ ഏറ്റവും വിശ്വസ്തനും അരുമ സംന്യാസി ശിഷ്യനുമായ സത്യവ്രതസ്വാമി ആയി മാറിയത്. പ്രഭാഷണ കലയുടെ മാസ്മരിക ശക്തി സ്വായത്തമാക്കിയിരുന്ന സത്യവ്രത സ്വാമികള്‍ മികച്ച സംഘാടകനും ഊര്‍ജ്ജസ്വലനായ ഗുരുധര്‍മ്മ പ്രചാരകനും ആയിരുന്നു. സര്‍വമത സമ്മേളന സംഘാടക സമിതി സെക്രട്ടറി കൂടി ആയിരുന്നു സ്വാമി സത്യവ്രതന്‍). 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × five =

Most Popular