Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിശ്രീശങ്കരനിൽ നിന്ന് ശ്രീനാരായണനിലേക്ക്

ശ്രീശങ്കരനിൽ നിന്ന് ശ്രീനാരായണനിലേക്ക്

ഇ എം എസ്

തിവുപോലെ ഈ വർഷവും ശ്രീനാരായണഗുരുവിന്റെ ജന്മദിനം സംസ്ഥാന വ്യാപകമായി ആഘോഷപൂർവം കൊണ്ടാടി. ശ്രീനാരായണസന്ദേശമെന്ന് തങ്ങൾ കരുതുന്നതിനെ വ്യാഖ്യാനിക്കാൻ പ്രസംഗകർ പാടുപെട്ടു. പക്ഷേ കേരളത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ ചരിത്രത്തിൽ ശ്രീനാരായണനുള്ള സമുന്നത സ്ഥാനം പുറത്തുകൊണ്ടുവരുന്നതിൽ മിക്ക പ്രസംഗകരും പരാജയപ്പെട്ടു.

ശ്രീനാരായണനെ ശരിക്കും അറിയണമെങ്കിൽ കേരളം സൃഷ്ടിച്ച മറ്റൊരു സന്ന്യാസിവര്യനോട്-, ശങ്കരാചാര്യരോട്– അദ്ദേഹത്തെ താരതമ്യപ്പെടുത്തണം. രണ്ടുപേരും കേരളത്തിന്റെ സൃഷ്ടികളായ മഹാപ്രതിഭകളാണ്. കേരളത്തെ മാറ്റിമറിക്കുന്നതിൽ രണ്ടുപേരും താന്താങ്ങളുടെ വ്യക്തിപരമായ സംഭാവന നൽകി.

പക്ഷേ അവരിരുവരും പ്രതിനിധാനം ചെയ്‌ത ദർശനങ്ങൾ, അവയിൽനിന്നുളവായ സാമൂഹ്യമാറ്റങ്ങൾ എന്നിവ പരസ്‌പര വിരുദ്ധങ്ങളായിരുന്നു. ശ്രീശങ്കരന്റെ ദർശനത്തെ നിഷേധിച്ചുകൊണ്ടാണ് ശ്രീനാരായണന്റെ ദർശനം രൂപപ്പെട്ടത്.

ഈ വിലയിരുത്തൽ കേട്ടാൽ പലരും നെറ്റിചുളിച്ചേക്കും. ശ്രീശങ്കരനെപ്പോലെ ശ്രീനാരായണനും ആത്മീയതയുടെ പ്രതീകമായ സന്ന്യാസിവര്യനായിരുന്നുവെന്നാണ് പൊതുധാരണ. ആ സ്ഥിതിക്ക് ശ്രീശങ്കരന്റെ തുടർച്ചയായി മാത്രമേ ശ്രീനാരായണനെ കാണാൻ കഴിയുകയുള്ളുവെന്ന വാദം ഉത്ഭവിച്ചേക്കാം. എന്നാൽ, അവരുടെ ദർശനങ്ങൾ ശരിയായി വിലയിരുത്തണമെങ്കിൽ അവ പ്രായോഗികതലത്തിൽ എവിടെയെത്തി എന്ന് നോക്കണം.

പ്രായോഗിക ജീവിതത്തിൽ നിന്നെല്ലാം ഉയർന്നുനിന്നുകൊണ്ടുള്ള ഒരു ചിന്താധാരയാണ് ദർശനമെന്നാണ് പൊതുപ്രചാരണം. അത് ശരിയല്ല. കാൾ മാർക്‌സ് സൂചിപ്പിച്ചതുപോലെ, ദാർശനികർ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുക മാത്രമല്ല മാറ്റിമറിക്കുകകൂടി ചെയ്യുന്നു എന്നതാണ് വാസ്തവം. ശ്രീശങ്കരനും ശ്രീനാരായണനും ഒരുപോലെ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുകയും മാറ്റിമറിക്കുകയും ചെയ്‌ത പ്രഗത്ഭമതികളാണ്. വ്യാഖ്യാനത്തിന്റേ തും മാറ്റിമറിക്കലിന്റേതുമായ ഈ പ്രപഞ്ചവീക്ഷണത്തിന്റെ കാര്യത്തിലാണ് ശ്രീശങ്കരനും ശ്രീനാരായണനും തമ്മിൽ വൈരുധ്യമുള്ളത്.

ദൈവം, പരലോകം മുതലായവയെ പരാമർശിച്ചുകൊണ്ടുള്ള ആത്മീയ വീക്ഷണത്തിന്റെ കാര്യത്തിൽ– ആശയവാദത്തിൽ– ഒരേതട്ടിൽ നിൽക്കുന്നവരാവാം ശ്രീശങ്കരനും ശ്രീനാരായണനും. അദ്വൈതവേദാന്തത്തിന്റെ ദർശനത്തെയാണ് അവരിരുവരും മുറുകെപ്പിടിച്ചതെന്നുപറയാം. പക്ഷേ, ആ ദർശനത്തിന്റെ അടിസ്ഥാനത്തിൽ ശ്രീശങ്കരൻ ചെയ്തത് ജാതിസമൂഹത്തിന്റെയും അതിനെ ആസ്പദമാക്കി രൂപപ്പെട്ട ആശയപ്രപഞ്ചത്തിന്റെയും അടിത്തറ ഉറപ്പിക്കുകയായിരുന്നു. ശ്രീനാരായണനാകട്ടെ, ജാതിസമൂഹത്തിന്റെയും അതിൽ നിന്നുളവായ ആശയപ്രപഞ്ചത്തിന്റെയും അടിതകർക്കുകയാണ് ചെയ്‌തത്.

ജാതിസമൂഹത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ബുദ്ധദർശനത്തെ താത്വികമായും പ്രായോഗികമായും തകർത്ത് ജാതിസമൂഹത്തെ അരക്കിട്ടുറപ്പിക്കുകയാണ് ശ്രീശങ്കരൻ ചെയ്തത്. ശ്രീനാരായണനാകട്ടെ, ശ്രീബുദ്ധൻ ഉയർത്തിയതും ശ്രീശങ്കരൻ താഴ്ത്തിക്കെട്ടിയതുമായ ജാതിവിരുദ്ധ കലാപക്കൊടി വീണ്ടും ഉയർത്തി. ജാതിസമൂഹ സർവാധിപത്യത്തിന്റെ തുടക്കമായിരുന്നു ശ്രീശങ്കരദർശനമെങ്കിൽ; ആ സമൂഹത്തിന്റെ അന്ത്യം ശ്രീനാരായണനോടുകൂടി തുടങ്ങുകയായിരുന്നു.

കേരളത്തിലെ ഈഴവരുടെ ദാർശനികനും സാമുദായിക നേതാവുമായാണ് അദ്ദേഹത്തെ ആരാധകന്മാരും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കാറ്. പക്ഷേ ഈയാണ്ടത്തെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന യോഗങ്ങളിലൊന്നിൽ ഞാൻ ചൂണ്ടിക്കാണിച്ചതുപോലെ, കേരളത്തിലെ ഈഴവരുടെ സ്വകാര്യ സ്വത്തല്ല ശ്രീനാരായണൻ.

ബംഗാളിൽ രൂപംകൊണ്ട് ആധുനിക നവോത്ഥാനത്തിന്റെ തിരിയിൽനിന്നു കത്തിജ്വലിച്ച കേരളത്തിലെ നവോത്ഥാന തീയായിരുന്നു ശ്രീനാരായണൻ. കഴിഞ്ഞ ഒരു നൂറ്റാണ്ടോളം കാലം കേരളത്തിൽ വളർന്നു പന്തലിച്ച സാമൂഹ്യപരിഷ്‌കാരം, സാംസ്‌കാരിക മുന്നേറ്റം, രാഷ്ട്രീയബോധം, സാംസ്‌കാരിക പുരോഗതി എന്നിവയ്ക്കെല്ലാം വഴികാട്ടിയത് അദ്ദേഹത്തിന്റെ ഉപദേശങ്ങളായിരുന്നു.

ശ്രീനാരായണ ദർശനത്തിന്റെ സത്ത താഴെ കൊടുക്കുന്ന മൂന്ന് ഉപദേശങ്ങളിൽ ചുരുക്കാമെന്ന് തോന്നുന്നു: “ജാതി ചോദിക്കരുത്, പറയരുത്”; “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’: “മതമേതായാലും മനുഷ്യൻ നന്നായാൽ മതി.’ ശ്രീശങ്കരന്റെ ദർശനത്തിനെതിരെ ശ്രീനാരായണൻ വിളിച്ച കാഹളം ഈ മൂന്ന് ഉപദേശങ്ങളിൽ തെളിഞ്ഞുകാണാം.

ജാതിമതാദി വിഭാഗീയ ചിന്തകൾക്കതീതമായി കേരളീയർ കേരളീയരായും ഭാരതീയർ ഭാരതീയരായും ജീവിക്കാൻ തുടങ്ങുകയെന്ന ആശയം ഉപയോഗിച്ചാണ് ശ്രീനാരായണൻ “പ്രപഞ്ചത്തെ മാറ്റിമറിക്കാൻ’ ശ്രമിച്ചത്.

കേരളത്തിലെ ശ്രീനാരായണനെപ്പോലെ ബംഗാളിലെ രാമകൃഷ്ണ‌വിവേകാനന്ദന്മാരും പഞ്ചാബിലെ ദയാനന്ദസരസ്വതിയും അതുപോലെ മറ്റോരോ സംസ്ഥാനത്തും അതാതിന്റേതായ ദാർശനികരും പ്രപഞ്ചത്തെ മാറ്റിമറിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവരെല്ലാം ചേർന്നു രൂപപ്പെടുത്തിയതാണ് അഖിലേന്ത്യാതലത്തിലുള്ള സാമൂഹ്യ പരിഷ്കാരം, സാംസ്‌കാരികരംഗത്തെ നവോത്ഥാനം, സാമ്പത്തിക രാഷ്ട്രീയമണ്ഡലങ്ങളിലെ വിപ്ലവപ്രസ്ഥാനം എന്നിവയടക്കം ഇന്ത്യൻ സമൂഹത്തിന്റെ പുത്തൻ ഉയിർത്തെഴുന്നേൽപ്. അതിന്റേതായ ചങ്ങലയിലെ പ്രധാന കണ്ണികളായിരുന്നു രാജാ റാംമോഹൻറായിയും വിവേകാനന്ദനും പോലുള്ള മറ്റു സാംസ്‌കാരിക നേതാക്കളെപ്പോലെ കേരളത്തിലെ ശ്രീനാരായണനും.

ജാതി മതാദി വിഭാഗീയപരിഗണനകൾക്കതീതമായ മനുഷ്യനന്മയാണ് ശ്രീനാരായണ ദർശനത്തിന്റെ സാരസർവസ്വം. അതിനെ പല തരത്തിലും വ്യാഖ്യാനിച്ച ശ്രീനാരായണ ശിഷ്യന്മാരുണ്ട്. മേൽജാതിക്കാർക്കെതിരെ കീഴ്‌ജാതിക്കാരെ അണിനിരത്തുന്നിതിനുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ; കേരളത്തിന്റെ ഒരു ഭാഗത്തു കൊടികുത്തി വാണ ജന്മിമേധാവിത്വത്തിനെതിരെ ഉയർന്നുവന്ന കുടിയാൻ പ്രസ്ഥാനവും അതിന്റെ പരിഷ്‌കൃതരൂപമായ കർഷക–-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും; ഇന്ത്യയെയാകെ ബ്രിട്ടീഷ് മേധാവിത്വത്തിൽ നിന്നും നാട്ടുരാജ്യപ്രജകളെ ദിവാൻ ഭരണത്തിൽ നിന്നും മോചിപ്പിച്ച് കേരളത്തിന്റെയും മറ്റു ഭാഷാസംസ്ഥാനങ്ങളുടെയും ഐക്യം കെട്ടിപ്പടുക്കൽ; അതിവേഗത്തിൽ വളർന്നുവന്ന വ്യവസായങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും ഇടത്തരം ജീവനക്കാരുടെയും ജീവിതനിലവാരം ഉയർത്തൽ; അധ്വാനിക്കുന്ന ബഹുജനങ്ങളെ (മഹാത്മാഗാന്ധിയുടെ ഭാഷയിൽ ദരിദ്രനാരായണന്മാരെ) സംഘടിപ്പിച്ച് അവരെ ചൂഷണത്തിൽ നിന്ന് വിമുക്തരാക്കൽ; “കല കലയ്ക്കുവേണ്ടി’ എന്ന സിദ്ധാന്തത്തെ ശക്തിയുക്തം എതിർത്തു ചൂഷണ വിരുദ്ധമായ പുത്തൻ സമൂഹത്തിന്റേതായ സാഹിത്യവും കലകളും ശാസ്ത്രങ്ങളും വളർത്തിയെടുക്കൽ. ഇതെല്ലാമുൾക്കൊള്ളുന്ന ഒരു പുതിയ കേരളം സൃഷ്ടിച്ചെടുക്കലാണ് ശ്രീനാരായണന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, “മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ മുതലായ ഉപദേശങ്ങളുടെ ലക്ഷ്യമായി ശ്രീനാരായണൻ ജീവിച്ച കാലത്തും പിന്നീടും രൂപപ്പെട്ടത്.

ഇതിന്റെ സൃഷ്ടിയാണ് ഇന്ന് കേരളത്തിൽ നിലവിലുള്ള സംഘടിത തൊഴിലാളി- കർഷകാദി ബഹുജന പ്രസ്ഥാനങ്ങൾ, അവയ്ക്ക് സഹായവും ശക്തിയും നൽകുന്ന രാഷ്ട്രീയപാർടികൾ, അവ രൂപപ്പെടുത്തിയ ഇടതുപക്ഷജനാധിപത്യ മുന്നണി മുതലായവ. അതുകൊണ്ട് കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ ശ്രീനാരായണ ദർശനം ആത്മാർഥമായി ഉൾക്കൊള്ളുന്ന സർവരും തൊഴിലാളി- കർഷകാദി ബഹുജനങ്ങളുടെ സംഘടിത പ്രസ്ഥാനങ്ങളുടെയും അവയ്ക്ക് പിന്തുണ നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും കൂടെ നിൽക്കണം.

ഈ സത്യം മനസ്സിലാക്കാതെ, ബഹുജന പ്രസ്ഥാനങ്ങളെയും അവയ്ക്ക് ശക്തിപകരുന്ന രാഷ്ട്രീയപാർടികളെയും ശക്തിയായെതിർക്കുന്ന ചില “ശ്രീനാരായണ ശിഷ്യന്മാർ’ കേരളത്തിലുണ്ടെന്നത് ദുഃഖകരമായ സത്യമാണ്. പക്ഷേ, ശ്രീനാരായണന്റെ ദർശനങ്ങളുടെ അന്തഃസത്ത മനസ്സിലാക്കി ദരിദ്രനാരായണന്മാരെ സേവിക്കുക എന്ന മുഖ്യകടമ ഏറ്റെടുത്ത പൊതുപ്രവർത്തകരും നമ്മുടെ നാട്ടിലുണ്ടെന്നത് നമുക്ക് പ്രോത്സാഹനം നൽകുന്നു.

1993 സപ്‌തംബർ 19

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 − 3 =

Most Popular