വര്ഗ്ഗാശയം നിര്‍വചിക്കാനും, ആ വിഷയത്തില്‍ സുസ്ഥാപിത ശാസ്ത്രീയതത്ത്വങ്ങളായി, ലോകത്തിലെ ജീവശാസ്ത്രജ്ഞരും, പാരമ്പര്യശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും, സമുദായശാസ്ത്രജ്ഞരും, നരവംശശാസ്ത്രജ്ഞരും സമ്മതിക്കുന്ന ഏറ്റവും അടുത്തകാലത്തെ കണ്ടുപിടിത്തങ്ങളെ ചുരുക്കിപ്പറയുവാനുമായി യുനെസ്കൊ എന്ന ഐക്യരാഷ്ട്ര വിദ്യാഭ്യാസ–ശാസ്ത്രീയ–സാംസ്കാരിക സംഘടന ഒരു സര്‍വ്വരാജ്യ ശാസ്ത്രജ്ഞ സമിതിയെ നിയമിച്ചു. ആ സമിതിയുടെ തീരുമാനങ്ങള്‍ വച്ചുകൊണ്ട് യുനെസ്കൊ ഒരു പ്രസ്താവന ഈയിടെ പുറപ്പെട്ടുവിച്ചിട്ടുള്ളത് നിങ്ങളില്‍ അധികംപേരും വായിച്ചിരിക്കുമെന്നു കരുതുന്നു. അതിലെ കാതലായ ചില അഭിപ്രായങ്ങള്‍ നിങ്ങളുടെ ഓര്‍മ്മ പുതുക്കുവാന്‍ ഇവിടെ ഉദ്ധരിക്കാം. ജനങ്ങളുടെ സംസ്കാരങ്ങളിലുള്ള വ്യത്യാസങ്ങള്‍ പാരമ്പര്യം കൊണ്ടുണ്ടാകുന്നതല്ല. മനോഭാവം സംബന്ധിച്ചും ഭിന്നജനങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നു തെളിഞ്ഞിട്ടില്ല. വ്യക്തിത്വത്തിനും സ്വഭാവത്തിനും വര്‍ഗ്ഗമില്ല. എല്ലാ ജനങ്ങളിലും ധാരാളമായി പലതരം വ്യക്തികളും സ്വഭാവമാതൃകകളും കാണാം. വര്‍ഗ്ഗസങ്കരം ആദികാലം മുതല്‍ക്കേ നടന്നുപോന്നിട്ടുണ്ട്. അതു ദോഷഫലം ചെയ്യുന്നു എന്നു തെളിഞ്ഞിട്ടില്ല. വര്‍ഗ്ഗം വസ്തുതയല്ല സങ്കല്പമാണ്. ജീവശാസ്ത്രപരമായും സാമൂഹ്യമായും മനുഷ്യരെല്ലാം ഒന്നാണ്. അത് അംഗീകരിക്കയും അതുപ്രകാരം പ്രവര്‍ത്തിക്കയും ചെയ്യേണ്ടത് ആധുനിക മനുഷ്യന്റെ ഒന്നാമത്തെ ആവശ്യമായിരിക്കയാണ്. ഈ അഭിപ്രായങ്ങളെ വിലയിരുത്തുവാന്‍ നിങ്ങള്‍ക്ക് ഏറ്റവും ഉദാത്തമായ മാതൃകയാണ് ഗുരുവരുള്‍. സ്വതന്ത്രചിന്തയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ഗുരുക്കന്മാര്‍. അദ്ദേഹം കോരിയൊഴിച്ചു നിറച്ച കിണറായിരുന്നില്ല. സ്വതേ ഊറുന്ന ഉറവയായിരുന്നു. ജാതിമൂലം ജനങ്ങള്‍ ഒന്നിനു താഴെ ഒന്നായി പല ഭാഗങ്ങളായി നിന്ന് മീതേ മീതേയുള്ളവര്‍ താഴെ താഴെയുള്ളവരെ തലപൊക്കാന്‍ സമ്മതിക്കാതെ ചവിട്ടിത്താഴ്ത്തുന്നത് അദ്ദേഹം കണ്ടു. മതംമൂലം ജനങ്ങള്‍ പലഭാഗങ്ങളിലായി അകന്നു നിന്നു അന്യോന്യം സ്പര്‍ദ്ധിക്കുന്നതും അദ്ദേഹം കണ്ടു. അതെല്ലാം ശരിവെയ്ക്കാനുള്ള പ്രമാണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിച്ചിട്ടില്ല. അതു ശരിയല്ലെന്നു സഹജമായ കാരുണ്യശീലവും ധര്‍മ്മബോധവും സ്വതന്ത്രനായ അദ്ദേഹത്തോട് പറഞ്ഞു. ശരിയല്ലാത്തതു ആരു പറഞ്ഞാലും, എന്തില്‍ പറഞ്ഞാലും, ഏത് ഭാഷയില്‍ പറഞ്ഞാലും ശരിയാകയില്ലെന്നു അദ്ദേഹം അറിഞ്ഞു. ശരികേട് ശരിയാക്കാന്‍ അദ്ദേഹം വെറുതേ മെനക്കെട്ടില്ല. പരിഹരിക്കാനുളള മാര്‍ഗ്ഗം മാത്രമാണ് അദ്ദേഹം ആരാഞ്ഞത്. അവയ്ക്ക് ചുറ്റും കണ്ട വ്യത്യാസങ്ങളുടേയും അകൽചകളുടെയും, മേലു – കീഴുകളുടെയും, ശുദ്ധാശുദ്ധഗണനകളുടെയും വിഷമങ്ങളില്‍ നിന്ന് സകലരേയും മോചിപ്പിക്കുന്ന മാര്‍ഗ്ഗമാണ് ആരാഞ്ഞത്, അതില്‍ ഒരു വിഭാഗീയചിന്തക്കും സ്ഥാനമില്ലായിരുന്നു. ജാതികൊണ്ടോ മതംകൊണ്ടോ മനുഷ്യര്‍ ഭിന്നസമുദായങ്ങളാകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം കണ്ടു. ജാതി ആര്‍ക്കും ആവശ്യമില്ലാത്തതാണ്, മതം വേണമെങ്കില്‍ ആളുകള്‍ സ്വയം അനുഷ്ഠിക്കേണ്ടതാണ്. അതുകൊണ്ടു ജാതി ഇല്ലാതാക്കുകയും മതം വ്യക്തികാര്യമാക്കുകയും ചെയ്ത എല്ലാ സമുദായങ്ങളും തമ്മില്‍ കലര്‍ന്നു ഒന്നാകണം. അങ്ങിനെ അല്ലാതെ സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നതകളും അകല്‍ച്ചകളും മേലുകീഴുകളും പോകയില്ല. ഈ ഐക്യം സാധിക്കാന്‍ അദ്ദേഹം താഴെ പറയുന്ന ഒരു ആശയസംഹിത നിര്‍ദ്ദേശിച്ചു.
1. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
2. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
3. മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങിനെയിരുന്നാലും അവരുടെ ജാതിഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന്നു യാതൊരു ദോഷവുമില്ല. ഇതെല്ലാം അസാദ്ധ്യമായ ആദര്‍ശമായിട്ടല്ല, പ്രായോഗികമായ സാമുദായിക പരിഷ്കാരപദ്ധതിയായിട്ടാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ജനിച്ച സമുദായമായതുകൊണ്ട് അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ എളുപ്പം പ്രചരിക്കാന്‍ ഇടയായ ഈഴവരുടെ ഇടയില്‍ ആ ഉപദേശങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ശ്രീനാരായണ സന്ദേശം ആദര്‍ശം മാത്രമല്ല, പ്രായോഗിക പദ്ധതിയുമാണെന്നു മനസ്സിലാക്കാം. ഈഴവര്‍ക്കും ജാതി നിര്‍ബ്ബന്ധവും മത നിര്‍ബ്ബന്ധവും ഉണ്ടായിരുന്നു. ആ വക വികാരങ്ങള്‍ അവരില്‍ ഇളക്കിവിടാന്‍ ഇപ്പോഴും സാധിക്കുന്നുണ്ടല്ലോ. ശ്രീനാരായണസന്ദേശ പ്രചാരണം കൊണ്ടു മറ്റു ഹിന്ദുക്കളുടെയും മറ്റു മതക്കാരുടെയും ഇടയില്‍ ഇല്ലാത്തമാതിരി മാറ്റങ്ങള്‍ ജാത്യാചാരം സംബന്ധിച്ചും മതവിശ്വാസം സംബന്ധിച്ചും ഈഴവരുടെ ഇടയില്‍ വന്നിട്ടുണ്ട്. ഏതു സമുദായക്കാര്‍ക്കും ഈഴവരില്‍ ചേരാം. മിക്കവാറും ഈഴവര്‍ നടത്തുന്ന മിശ്രവിവാഹങ്ങള്‍ക്കേ സമുദായ സ്വീകരണം കിട്ടുന്നുള്ളൂ. ഈഴവന്‍ പുറത്തുനിന്നു വിവാഹം ചെയ്താലും ആ വിവാഹങ്ങളിലെ ദമ്പതിമാര്‍ക്ക് അഭയം ഈഴവ സമുദായം മാത്രമാണ്. അന്യമതക്കാരെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാനോ, അന്യമതക്കാരെ വിവാഹം ചെയ്യാനോ ഈഴവര്‍ക്കു ശുദ്ധികര്‍മ്മമൊ മതംമാറ്റലോ ഇല്ല. ജര്‍മ്മന്‍ കൃസ്ത്യന്‍ യുവതിയും ഈഴവയുവാവും തമ്മില്‍ ശ്രീനാരായണഗുരുവിന്റെ സാന്നിദ്ധ്യത്തില്‍ ശിവഗിരിയില്‍ വെച്ചു നടന്ന വിവാഹത്തില്‍ ഒരു ശുദ്ധികര്‍മ്മവും മതം മാറ്റലും ഉണ്ടായിരുന്നില്ലെന്നുള്ളതു നിങ്ങള്‍ക്കു ഓര്‍മ്മയുണ്ടല്ലോ? ശുദ്ധികര്‍മ്മം അജ്ഞത മാത്രമല്ല നിന്ദയുമാണ്. ഒരു വെറും ഭോഷ്ക്. ഈഴവരുടെ വകക്ഷേത്രങ്ങളില്‍ ഹിന്ദുസമുദായങ്ങള്‍ക്കെല്ലാം മാത്രമല്ല മറ്റു മതക്കാര്‍ക്കും പ്രവേശനമുണ്ട്. അങ്ങനെ ഒരു പരിഷ്കാരം ക്ഷേത്രങ്ങളില്‍ വരുത്തണമെന്നു പറഞ്ഞാല്‍ മറ്റു ചില സമുദായങ്ങളിലുള്ള പരിഷ്കാരികള്‍ തന്നെ സ്തംഭിച്ചു വീണേയ്ക്കും. ഈഴവര്‍ക്കു ഇത്ര മാറ്റം വരാമെങ്കില്‍ ആ മാറ്റം അവിടെ നില്ക്കണമെന്നില്ല. അതു ശ്രീനാരായണസന്ദേശത്തിന്റെ പരമലക്ഷ്യം വരെതന്നെ പോകും. ഈഴവരില്‍ വരുത്താന്‍ സാധിക്കുന്ന മാറ്റം മറ്റുള്ളവരിലും വരുത്താം. ശ്രീനാരായണസന്ദേശം കേട്ട് ഉണര്‍ന്നവ്യക്തി മതത്തിന്റെയും, ജാതിയില്ലാ സാമൂഹിക ജീവിതത്തിന്റെയും വഴിക്കു മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്ന ജനങ്ങള്‍ അവരുടെ ഗതിയില്‍ നിന്നു പതറാതിരുന്നാല്‍ ആ വഴിക്കു മറ്റുള്ളവരും തിരിയാതിരിക്കയില്ല. ആശയത്തോളം ഊക്കുള്ള ശക്തി വേറെഇല്ല. ഇന്നു കൊറിയായില്‍ നടക്കുന്നത് ആശയങ്ങളുടെ യുദ്ധമാണ്. സത്യവും, ആവശ്യവുമായ ആശയത്തിന്റെ പ്രചരണവും ആരു തുടങ്ങിയാലും ക്രമേണ എല്ലാവരിലും പരക്കും. ശ്രീനാരായണസന്ദേശത്തിലെ ആദര്‍ശ പ്രകാരമുള്ള സാമൂഹിക ജീവിതം അവലംബിക്കാതെ, ഇന്ന് ഇന്ത്യയിലെ സമുദായ പ്രശ്നത്തിനു പരിഹാരമുണ്ടാകയില്ല. അതുകൊണ്ട് അതു വരിക തന്നെ ചെയ്യും.
ശ്രീനാരായണസന്ദേശം നടപ്പിലാക്കാനുള്ള ഏര്‍പ്പാടുകളില്‍ ഒന്നായിട്ടാണല്ലോ ശിവഗിരി തീര്‍ത്ഥാടന പ്രസ്ഥാനം തുടങ്ങിയിരിക്കുന്നത്. ആ ലക്ഷ്യത്തില്‍നിന്നു തെറ്റാതെ അതു വളര്‍ന്നാല്‍ കൊള്ളാം. ജനങ്ങളുടെമേല്‍ സ്വാധീനമുള്ള നല്ല പ്രസ്ഥാനങ്ങളെ ക്രമേണ മതപ്പെടുത്തിയും, വാണിജ്യപ്പെടുത്തിയും അന്ധവിശ്വാസങ്ങള്‍ക്കു കരംചുമത്തുന്നതും, അന്ധരെ അന്ധര്‍ നയിക്കുന്നതും ഏര്‍പ്പാടുകളാക്കാറുണ്ട്. അങ്ങനെയുള്ള അധഃപതനം ഈ തീര്‍ത്ഥാടനത്തിനു വരാതെ നോക്കണം. ശ്രീനാരായണ ദൃഷ്ടാന്തത്തിലെ പാഠങ്ങള്‍ പഠിക്കാനും പകര്‍ത്താനും പരിശീലിക്കാനും മാത്രമായി ഉഴിഞ്ഞിട്ട അവസരമായി തീര്‍ത്ഥാടനകാലം തീര്‍ത്ഥാടകര്‍ ഉപയോഗിക്കുമെങ്കില്‍ അത് അവര്‍ക്കും അവര്‍ വഴി മറ്റുള്ളവര്‍ക്കും ഗുണംചെയ്യും. ശ്രീനാരായണനില്‍ നിന്നും നമ്മള്‍ പഠിക്കുന്ന ഒന്നാമത്തെ പാഠം നിര്‍മ്മല ജീവിതത്തിന്റെ വിജയമാണ്. ശ്രീനാരായണൻ ബാഹ്യാഭ്യന്തര പരിശുദ്ധിയുടെ പരിപാകമായിരുന്നു. മനുഷ്യര്‍ നല്ലവരാകണമെന്നായിരുന്നു അദ്ദേഹം ജീവിതം കൊണ്ടും ഉപദേശംകൊണ്ടും നമ്മളെ പ്രധാനമായി പഠിപ്പിച്ചത്. വലിയ സ്ഥാപനങ്ങളും ചെറിയ മനസ്സുകളും യോജിച്ചുപോകയില്ല എന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്. ചീത്ത മനസ്സുകളൊക്കെ എത്ര അറിവും സാമര്‍ത്ഥ്യവുമുള്ളവരായാലും ചെറിയ മനസ്സുകളാണ്. ഡെമോക്രസിയും മറ്റും പരാജയപ്പെടുന്നതു ചീത്തമനസ്സുകളുടെ ബാഹുല്യംകൊണ്ടു മാത്രമാണ്. വലിയ മനസ്സുകള്‍ക്ക്, അതായത് നല്ല മനസ്സുകള്‍ക്ക്പ്രാബല്യം വരാതെ ഒരു വലിയ ഏര്‍പ്പാടും വിജയിക്കയില്ല. നല്ല മനസ്സു സ്വതേ വിശാലമായിരിക്കും.
അതില്‍ സ്നേഹത്തിനല്ലാതെ ദ്വേഷത്തിനും ഉപകാരത്തിന്നല്ലാതെ ദ്രോഹത്തിനും ഇടമുണ്ടായിരിക്കയില്ല. നമ്മളെല്ലാം ആദ്യമായി നല്ലവരാകേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ എത്രയുണ്ടെന്നു നിങ്ങള്‍ക്കു അറിയാമല്ലോ. നല്ലവരാകേണ്ടത് ആദ്യം അവരവര്‍ തന്നെയാണ്. ഇപ്പോള്‍ നമ്മളോരോരുത്തരും താനൊഴിച്ചു ബാക്കിയുള്ളവരെല്ലാം നന്നാകണമെന്നു പറയുന്ന ഉപദേശികള്‍ മാത്രമായിരിക്കയാണ്. അതല്ല ശ്രീനാരായണന്റെ ദൃഷ്ടാന്തം പഠിപ്പിക്കുന്നത്. സ്വതന്ത്രചിന്തയാണ് ശ്രീനാരായണനില്‍നിന്നു പഠിക്കാനുള്ള വേറൊരു പാഠം. സ്വതന്ത്രചിന്തയെന്നുവെച്ചാല്‍ ശാസ്ത്രീയമായ ചിന്തയെന്നേ അര്‍ത്ഥമുള്ളൂ. ഒരിക്കല്‍, ശ്രീനാരായണനെ ഒരു കുഗ്രാമത്തിലെ ജനങ്ങള്‍ ക്ഷണിച്ചുകൊണ്ടു പോയപ്പോള്‍ ഞാനും പോയിരുന്നു. അന്ന് അവിടെ വളരെ ഭൂതാവേശക്കാരെ കൊണ്ടുവന്നു. ശ്രീനാരായണന്‍ ചിലര്‍ക്കു മരുന്നു നിര്‍ദ്ദേശിച്ചു. ചിലരുടെ ഉപദ്രവം സാരമില്ലെന്നും താനേ പോകുമെന്നും പറഞ്ഞു. ഇങ്ങനെ ഓരോ പ്രകാരത്തില്‍ അവരെ പിരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇവിടെ പള്ളിക്കൂടമില്ലേ, വെള്ളം നല്ലതല്ലേ എന്നു ചോദിക്കയുണ്ടായി. വിദ്യാഭ്യാസമില്ലായ്മ കൊണ്ടുള്ള അന്ധതയോ പരിസരദോഷം കൊണ്ടുള്ള അനാരോഗ്യ സ്ഥിതിയോ ആയിരിക്കണം ഭൂതാവേശം എന്നു പറയുന്ന വികാരമുള്ളവര്‍ അവിടെ അത്ര അധികം ആകാന്‍ കാരണം എന്ന് അദ്ദേഹം ഉറക്കെ ചിന്തിച്ചതിന്റെ ഫലമാണ് ഈ ചോദ്യം. ഈ മാതിരി അന്വേഷണ ബുദ്ധി ഇപ്പോഴും മതം സംബന്ധിച്ച കാര്യങ്ങള്‍ വരുമ്പോള്‍ പഠിച്ചവരുടെ ഇടയിലും വളരെ വിരളമായേ കാണാറുള്ളു. അതു വരുത്തേണ്ടിയിരിക്കുന്നു.
കേരളത്തില്‍ കുറേക്കാലം തുടര്‍ച്ചയായി നടന്ന യുക്തിവാദപരമായ പ്രചരണങ്ങളുടെ ഫലമായി ശമിച്ചു തുടങ്ങിയിരുന്ന പല അന്ധവിശ്വാസങ്ങളും വീണ്ടും ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അതു ശ്രീനാരായണന്‍ തുറന്ന മാര്‍ഗ്ഗത്തില്‍ നിന്നു തിരിച്ചു പോകലാണ്. ശ്രീനാരായണന്‍ വെട്ടിയ കാടിന്റെ കുറ്റികള്‍ വീണ്ടും കിളിര്‍പ്പിക്കലാണ്. ശ്രീനാരായണനെപ്പറ്റിയുള്ള പഠനത്തില്‍തന്നെ നാം ശ്രീനാരായണ മാര്‍ഗ്ഗം അനുസരിക്കണം. അരുവിപ്പുറത്തു ശിവപ്രതിഷ്ഠ, പിന്നെ വര്‍ക്കല സരസ്വതിപ്രതിഷ്ഠ, അതുകഴിഞ്ഞു മുരുക്കുംപുഴ സത്യം മുതലായ പദങ്ങളുടെ പ്രതിഷ്ഠ, അനന്തരം കളവങ്കോടു കണ്ണാടി പ്രതിഷ്ഠ, ആലുവായില്‍ ഒരു പ്രതിഷ്ഠയും ഇല്ലായ്ക. ഇതെല്ലാം യാദൃച്ഛിക സംഭവങ്ങളായിട്ടല്ല, സ്വതന്ത്രമായ ഒരു മഹാമനസ്സിനുണ്ടായ പരിണാമത്തിലെ പല ദശാപരിധികളായിട്ടാണ് എടുക്കേണ്ടത്. ശ്രീനാരായണന്‍ പറയേണ്ടതെല്ലം പറഞ്ഞു. അതെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാല്‍ മതി എന്നും വച്ചുകൂടാ. അത് ശ്രീനാരായണദൃഷ്ടാന്തത്തിന്നു കടകവിരുദ്ധമായിരിക്കും. മനുഷ്യസമുദായം പുതിയ പുതിയ പ്രശ്നങ്ങള്‍ ഉദിച്ചും പുതിയ പുതിയ തീരുമാനങ്ങള്‍ കണ്ടും എന്നും മുന്നോട്ടു പൊയ്കൊണ്ടിരിക്കുകയാണ്. എന്നെന്നേയ്ക്കുമായും എല്ലാറ്റിന്നുമായും ഉള്ള ഒറ്റമൂലി തീരുമാനം മനുഷ്യപുരോഗതിയില്‍ ഇല്ല. വിപ്ലവപരമായ മാറ്റങ്ങളാല്‍ പൊതുവേ മനുഷ്യസമുദായ ഗതിയിേലോ പ്രത്യേക ജനങ്ങളുടെ ഗതികളിലോ പുതിയ വഴികള്‍ വെട്ടിത്തുറന്ന പല മഹാന്മാരെയും വച്ച് അവര്‍ തുറന്ന മാര്‍ഗ്ഗങ്ങള്‍തന്നെ അവരുടെ അനുയായികളുടെ ഭക്തിപാരവശ്യം അടച്ചുകളഞ്ഞിട്ടുണ്ട്.
ലോകത്തില്‍ ഒരു ക്രിസ്ത്യാനിയേ ഉണ്ടായിട്ടുള്ളൂ, ആ ക്രിസ്ത്യാനിയെ ക്രൂശിക്കയും ചെയ്തു എന്ന് ആരോ പറഞ്ഞിട്ടുള്ളത് ഈ അനുഭവം ഓര്‍ത്തിട്ടായിരിക്കണം. ശ്രീനാരായണന്‍ തുറന്ന മാര്‍ഗ്ഗം ശ്രീനാരായണനെ വെച്ച് അടയ്ക്കാന്‍ ഇടവരാതിരിക്കട്ടെ. ശ്രീനാരായണനില്‍ നിന്നു പഠിക്കേണ്ട പല പാഠങ്ങളും പറയാനുണ്ടെങ്കിലും ഒന്നുമാത്രം കൂടി പറഞ്ഞു ഇപ്പോഴേ തന്നെ നീണ്ട ഈ പ്രസംഗം അവസാനിപ്പിക്കാം. അതു ശ്രീനാരായണന് സര്‍വരോടുമുള്ള സ്നേഹമാണ്. ഇപ്പോള്‍ നമ്മുടെ രാജ്യത്തു ചില സമുദായങ്ങള്‍ തമ്മില്‍ വെറുപ്പും വിരോധവും കുറെ വര്‍ദ്ധിച്ചിട്ടുണ്ട് എല്ലാ സമുദായങ്ങളും ഒന്നാകണമെന്നുള്ള ശ്രീനാരായണാദര്‍ശനം സാക്ഷാത്കരിക്കുവാന്‍ ദീര്‍ഘകാലമായി വേലചെയ്തുണ്ടിരിക്കുന്ന നമ്മളെല്ലാം ആ ലക്ഷ്യം ഉടനെ സാധിച്ചില്ലെങ്കിലും സമുദായ സൗഹാര്‍ദ്ദം വ്രതമാക്കേണ്ടതാണ്. വെവ്വേറെ നില്‍ക്കുന്നനിലയില്‍ ഭിന്നസമുദായങ്ങള്‍ക്കു പ്രത്യേകം ആവശ്യങ്ങള്‍ സാധിക്കാനുണ്ടാവാം. അതിനു സമുദായവൈര്യങ്ങളും വിരോധങ്ങളും സൃഷ്ടിക്കേണ്ട ആവശ്യമില്ല. ഒരു സമുദായത്തിന്റെ വൈരത്തിനു പരിഹാരമായിട്ടാണ് മറ്റൊരു സമുദായം വൈരം കാണിക്കുന്നതെന്നു ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതു ഭ്രാന്തന്മാരില്‍നിന്നും ഉപദ്രവം വരാതിരിക്കാന്‍ മറ്റുള്ളവരും ഭ്രാന്തന്മാരാകണമെന്നു പറയുന്നതുമാതിരിയുള്ള ഭ്രാന്തായേ വരികയുള്ളു. ഈ ഭ്രാന്തു ഇപ്പോള്‍ ഒരു സമുദായത്തിനു മാത്രമാണെന്നു ഞാന്‍ പറയുന്നില്ല. ഒരു വശത്തു മാത്രമായിരുന്നെങ്കില്‍ അതു താനെ അസ്തമിക്കുമായിരുന്നു.
ശ്രീനാരായണ സ്മരണ നിറഞ്ഞു നില്‍ക്കുന്ന ശിവഗിരിയില്‍ നിന്ന്, ശ്രീനാരായണ സന്ദേശം രാജ്യമാകെ പരത്താന്‍ ദൃഢപ്രതിജ്ഞരായി പോകുന്ന നിങ്ങള്‍, നിങ്ങളുടെ പ്രദേശങ്ങളില്‍ സമുദായ സൗഹാര്‍ദ്ദം പരത്തുന്ന ശ്രീനാരായണ ധര്‍മ്മഭടന്മാരും ആകുമാറാകട്ടെ. പ്രായോഗികതയിലേക്കുള്ള പ്രയാണത്തില്‍ പല കാര്യങ്ങളും സ്മരിക്കേണ്ടതുണ്ട്. ഹിന്ദുക്കള്‍ ഒന്നാകാന്‍ പ്രസംഗിക്കുന്നതു ശരിതന്നെ; എന്നാല്‍, അവിടെ നില്‍ക്കാതെ വേറെ വല്ലവരേയും അകറ്റണമെന്നു പറയുന്നതു നിങ്ങള്‍ വിശ്വസിക്കരുത്. ശ്രീനാരായണീയരായ നിങ്ങള്‍ ഈ പ്രചരണത്തിന്റെ വലയില്‍ പെടരുതെന്നാണ് എന്റെ സര്‍വശക്തിയുമുപയോഗിച്ചു ഞാന്‍ പറയുന്നത്. സമുദായ സൗഹാര്‍ദ്ദത്തിനു വിപരീതമായി യാതൊരടിയും നിങ്ങള്‍ വയ്ക്കരുത്. തല്ക്കാല പ്രയോജനത്തിനുവേണ്ടി നിങ്ങള്‍ വഴിതെറ്റിപ്പോകരുത്. ഈ രാജ്യത്ത് ഒരു സമുദായത്തിനും ദോഷകരമായ യാതൊന്നും നിങ്ങള്‍ ചെയ്യരുത്. ഇനി പ്രസംഗകര്‍ വന്നു അവര്‍ക്കു പറയാനുള്ളതു പറഞ്ഞു കൊള്ളട്ടെ. എന്നാല്‍ ഈ കാര്യം നിങ്ങള്‍ മറക്കരുത്. ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല. പക്ഷേ മറ്റുള്ളവരെ വെറുപ്പിക്കുന്ന ദീര്‍ഘമായ, ഘോരഘോരമായ, ചതുരചതുരമായ പ്രസംഗങ്ങള്‍ ഈയിടെ നടക്കുന്നുണ്ട്. ഇവിടെ എല്ലാവരും കഴിയുന്നതും യോജിപ്പോടു കൂടികഴിയാന്‍ ശ്രമിക്കണം. സ്നേഹം എത്ര സുഖമുള്ള ഏര്‍പ്പാടാണ് ! ഞാന്‍ കാഞ്ഞിരക്കുരു ചവച്ചാല്‍ എന്റെ ഉള്ളം എപ്പോഴും നീറിക്കൊണ്ടിരിക്കും. സ്നേഹം തന്നെയാണ് സ്നേഹത്തിന്റെ പ്രതിഫലം.
സ്നേഹം നല്ലത്, ദ്വേഷം ചീത്ത; ഒരുമ നല്ലത്. പിരിവ് ചീത്ത; ഈ കാരും ഞാന്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. ‘‘നിങ്ങള്‍ ഹിന്ദുക്കളുടെ ജാതി ഇല്ലാതാക്കാമെങ്കില്‍ ഞങ്ങള്‍ കൂടി അതില്‍ ചേരാമല്ലോ” എന്നു മനോരമ മുഖപ്രസംഗം എഴിതിയിരിക്കുന്നതു ഞാന്‍ ഈയിടെ കണ്ടു. മതം വ്യക്തികാര്യമാക്കണം. ഞാന്‍ പാളയംപള്ളിയില്‍ കുര്‍ബാനയ്ക്കു പോയിട്ടുണ്ട്, അവിടെ എന്നെ തടഞ്ഞില്ല. ഹിന്ദുവിന്റെ സംസ്കാരം നാം നശിപ്പിക്കരുത്. രക്തവും രക്തവും ചേരുകമൂലം മാത്രമേ ഐക്യമുണ്ടാകൂ. രാഷ്ട്രീയ മിനുക്കുപണി കൊണ്ടൊന്നും ജാതിഭേദങ്ങള്‍ ഒന്നാകയില്ല. ശ്രീനാരായണപതാക പിടിച്ചുകൊണ്ട് നിങ്ങള്‍ മുന്നോട്ടു പോകുക! നായരും ക്രിസ്ത്യാനിയും, മുസ്ലിമും നിങ്ങളെ അനുഗമിക്കും. ശ്രീനാരായണസന്ദേശത്തെ അന്ധവിശ്വാസങ്ങള്‍ക്കു കീഴ്പ്പെടുത്തരുത്. ശ്രീനാരായണസന്ദേശത്തെ അന്ധവിശ്വാസത്തിനു മുമ്പില്‍ കുമ്പിടീക്കരുത്. എനിക്കു ആയിരം നാക്കുണ്ടങ്കില്‍ ആയിരം നാക്കുകൊണ്ടും ഞാന്‍ പറയും ഈ വഴി തെറ്റാണെന്ന്. എനിക്കു ആയിരം പേനയുണ്ടെങ്കില്‍ അതു ആയിരവും വച്ചു ഞാന്‍ എഴുതും ഈ ഗതി തെറ്റാണെന്ന്, ശ്രീനാരായണസന്ദേശം ഒരിക്കലും വിഫലമാകുകയില്ല എന്നുളള വിശ്വാസം എനിക്കുണ്ട്. ധൈര്യമായി ഞാന്‍ പറയുന്നു ഭിന്നതകള്‍ എല്ലാം അവസാനിക്കുമെന്ന്.
(യുക്തിവാദിയായിരുന്ന സഹോരൻ അയ്യപ്പന്‍ ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരില്‍ പ്രമുഖനായിരുന്നു. കമ്മ്യൂണിസം, സോഷ്യലിസം തുടങ്ങിയ നവീന ദര്‍ശനങ്ങള്‍ സ്വന്തം പത്രാധിപത്യത്തിലുള്ള സഹോദരന്‍ മാസികയിലൂടെ ആദ്യമായി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് അയ്യപ്പനായിരുന്നു. ഉജ്ജ്വല ലേഖനങ്ങളും, കുറിപ്പുകളും, പ്രസംഗങ്ങളും കൊണ്ട് മലയാളികളെ അത്ഭുതപരതന്ത്രരാക്കിയ അയ്യപ്പനാണ് ‘കോമ്രേഡ്’ എന്ന വാക്കിന് ഇദംപ്രദമായി‘സഖാവ്’ എന്ന മലയാള പരിഭാഷ ‘ഈഴവോദ്ബോധനം’ എന്ന കവിതയിലൂടെ നല്‍കിയത്. പുലയരോട് ഒരുമിച്ചിരുന്നു മിശ്രഭോജനം നടത്തിയതിലൂടെ ‘പുലയന്‍ അയ്യപ്പന്‍’ എന്ന വിളിപ്പേര് നേടിയ അയ്യപ്പന്‍, കൊച്ചിയില്‍ പൊതുമരാമത്ത് വകപ്പു മന്ത്രിയുമായിരുന്നു. ഗുരുദേവന്റെ മഹാസമാധി ദിനത്തില്‍ ആലപിച്ചതും, തുടര്‍ന്ന് മഹാസമാധിദിന ചടങ്ങുകളില്‍ നാടാകെ ആചരിക്കുമ്പോഴും ആലപിക്കുന്നതുമായ സമാധിഗീതം രചിച്ചതും സഹോദരൻ അയ്യപ്പനാണ്) . ♦