Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിഗുരുവിന്റെ സന്ദേശങ്ങൾ

ഗുരുവിന്റെ സന്ദേശങ്ങൾ

ക്ഷേത്രനിർമ്മാണത്തെ
 പ്രോത്സാഹിപ്പിക്കരുത്
1917- (1092)ൽ ഗുരു നൽകിയ ഈ സന്ദേശത്തിൽ ഇനി ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുതെന്നും വിദ്യാലയങ്ങളാണ് ആവശ്യമെന്നും ആഹ്വാനം ചെയ്യുന്നു.

‘‘ഇനി ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തിൽ ജനങ്ങൾക്കു വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം പണിയുവാൻ പണം ചെലവിട്ടതു ദുർവ്യയമായി എന്നു ദുഃഖിക്കാൻ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തത്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല. നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രങ്ങൾ വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു വിദ്യാലയങ്ങൾ ഉണ്ടാക്കുവാനാണ് ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കുവാൻ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ പൊതു ആരാധനാ സ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേർക്കുവാൻ ക്ഷേത്രങ്ങൾ വഴി കഴിയുമെന്നു കരുതിയിരുന്നു. അനുഭവം നേരെമറിച്ചാണ്. ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്കു വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്’’.

‘‘നാം ജാതി–മതങ്ങൾ വിട്ടിരിക്കുന്നു’’

1916 മെയ് 28-ന് ശ്രീനാരായണഗുരു പുറപ്പെടുവിച്ച വിളംബരമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ‘പ്രബുദ്ധകേരളം’ എന്ന മാസികയുടെ (1918) ജൂൺ-–ജൂലൈ ലക്കത്തിലാണ് ജാതിമതങ്ങളിൽ ഉൾപ്പെടുന്നില്ലെന്നും പിൻഗാമികളും അത്തരക്കാരായിരിക്കണമെന്നും പറഞ്ഞുകൊണ്ടുള്ള 
വിളംബരം പ്രസിദ്ധീകരിക്കപ്പെട്ടത്.

ആലുവ, 1916 മെയ് 28

‘‘നാം ജാതി–മതങ്ങൾ വിട്ടിട്ട് ഇപ്പോൾ ഏതാനും സംവൽസരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അത് ഹേതുവായി പലർക്കും നമ്മുടെ വാസ്തവത്തിൽ വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും നാം അറിയുന്നു.

നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ച് നമ്മുടെ ശിഷ്യവർഗത്തിൽ നിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവണ്ണം ആലുവ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.

ഈ വസ്‌തുത പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യം ചെയ്തിരിക്കുന്നു’’.

എന്ന്, നാരായണഗുരു (ഒപ്പ്)

 

പുലയസമാജത്തിൽ നടത്തിയ പ്രസംഗം

1916-ൽ തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ എന്ന സ്ഥലത്ത് വച്ച് സംഘടിപ്പിക്കപ്പെട്ട പുലയസമാജത്തിന്റെ സമ്മേളനത്തിൽ കൂടിയ അധഃസ്ഥിതരായ പുലയജനവിഭാഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ഗുരു നടത്തിയ പ്രസംഗമാണ് ചുവടെ ചേർത്തിരിക്കുന്നത്.

ഗുരു പങ്കെടുത്ത ഈ യോഗത്തിൽ അയ്യൻകാളിയും പങ്കെടുത്തിരുന്നു.

“മനുഷ്യർ ഒക്കെ ഒരു ജാതിയാണ്. അവരുടെയിടയിൽ സ്ഥിതി ഭേദമില്ലാതെ ജാതിഭേദം ഇല്ല. ഉണ്ടാകാൻ നിവൃത്തിയുമില്ല. ചിലർക്ക് പണവും പഠിപ്പും ശുചിയും മറ്റും കൂടുതലായിരിക്കും. മറ്റുചിലർക്ക് അതൊക്കെ കുറവായിരിക്കും. ചിലരുടെ നിറമായിരിക്കയില്ല മറ്റുചിലരുടെ നിറം. ഈ മാതിരിയുള്ള വ്യത്യാസങ്ങളല്ലാതെ മനുഷ്യർക്ക് ജാതിവ്യത്യാസമില്ല. പുലയർക്ക് ഇപ്പോൾ ധനവും ശുചിയുമെല്ലാം ഉണ്ടാകും. നിങ്ങൾക്ക് പണമില്ലെന്നു പറയുന്നത് ശരിയല്ല. നിങ്ങളൊക്കെ പണമാണല്ലോ. ദിവസേന വേലചെയ്‌ത്‌ പണമുണ്ടാക്കാതെ നിങ്ങളിൽ ആരുമില്ല. ഇപ്പോൾ അത് മദ്യപാനം ചെയ്‌തും മറ്റും വെറുതേ പോകുന്നു. അതിൽ ഓരോ അണ വീതമെങ്കിലും മാസംതോറും നിങ്ങളൊക്കെ ഒരു പൊതുഭണ്‌ഡാരത്തിൽ ഇട്ടുകൂട്ടിയാൽ അതു കൊണ്ട് നിങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാം. മറ്റാരുടെയും സഹായം കൂടാതെതന്നെ നിങ്ങൾക്ക് വളരെയൊക്കെ സ്വയം സാധിക്കും. മാസംതോറും എല്ലാവരും ഒരു പൊതുസ്ഥലത്ത് സഭകൂടി വേണ്ട കാര്യങ്ങൾ ആലോചിച്ചു ചെയ്യണം. മദ്യപാനം കഴിയുന്നതും നിറുത്തണം. ഇനി കുട്ടികളെ കള്ളുകുടിക്കാൻ അനുവദിക്കരുത്. പ്രായം ചെന്നവരും കഴിയുന്നതും മാറ്റണം. സഭ കൂടി പറയേണ്ടത് മദ്യപാനം മുതലായതുകളെ നിറുത്തുവാനാണ്. മറ്റുള്ളവരും നിങ്ങളെ സഹായിക്കാതിരിക്കില്ല. ഇനിയും കൂടക്കൂടെ നിങ്ങളെ കാണുന്നതിന് ആഗ്രഹമുണ്ട്’’.

 

‘ഈഴവർ’ ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നതല്ല

സംഘടന കൊണ്ട് ശക്തിപ്പെടണമെന്നും ഈഴവർ ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നതല്ലെന്നും ജാതി മതഭേദങ്ങളുണ്ടാകരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് 1102 മകരം 17-ന് ശിവഗിരിയിൽ വെച്ചു കുടിയ മഹായോഗത്തിൽ ഗുരു നൽകിയ സംഘടനാ സന്ദേശമാണ് ചുവടെ ചേർത്തിരിക്കുന്നത്. വക്കീൽ കെ.എം.കൃഷ്‌ണന്റെ അദ്ധ്യക്ഷതയിലാണ് യോഗം കൂടിയത്.

“സംഘടനകൊണ്ടല്ലാതെ യാതൊരു സമുദായത്തിനും അഭിവൃദ്ധിയും ശക്തിയും ഉണ്ടാകുന്നതല്ല. ഈ തത്ത്വം അനുസരിച്ചാണ് ഇരുപത്തഞ്ചുകൊല്ലം മുമ്പേ നാം യോഗം സ്ഥാപിച്ചത്. ഈഴവനെന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നതല്ല. അതിനാൽ ഈ യോഗത്തിൽ ജാതിമതഭേദം നോക്കാതെ ആളുകളെ ചേർക്കാവുന്നതാണ്. യോഗത്തിൽ ധാരാളം അംഗങ്ങൾ ചേരട്ടെ എന്നു നാം ആശംസിക്കുന്നു.’
നാരായണഗുരു (ഒപ്പ്)
ശിവഗിരി,
1102 മകരം 17
(പേജ് 113, ശ്രീനാരായണഗുരുസ്വാമി, മയ്യനാട് കെ.ദാമോദരൻ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular