Thursday, November 21, 2024

ad

Homeമുഖപ്രസംഗംജനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന നയപ്രഖ്യാപനം

ജനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന നയപ്രഖ്യാപനം

വര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍ നിയമസഭയില്‍ ചെയ്ത പ്രസംഗം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വരുംവര്‍ഷത്തേക്കുള്ള നയപ്രഖ്യാപനമാണ്. സംസ്ഥാനത്തെ ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങളും ആ പ്രസംഗത്തില്‍ ഉണ്ട്. അതിന്‍റെ പ്രാധാന്യം കുറച്ചുകാണിക്കാനായി സംസ്ഥാനത്തെ ചില സര്‍ക്കാര്‍വിരുദ്ധ മാധ്യമങ്ങള്‍ ചില പൊടിക്കൈകള്‍ നടത്തി; ആ പ്രസംഗത്തില്‍ ഗവര്‍ണര്‍ എത്ര തവണ “എന്‍റെ സര്‍ക്കാര്‍” പോലുള്ള പ്രയോഗങ്ങള്‍ നടത്തി എന്ന് എണ്ണിതിട്ടപ്പെടുത്തി. നയപ്രഖ്യാപനത്തിന്‍റെ ഉള്ളടക്കത്തില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള ‘ചീപ്പ്’ പരിപാടിയായി അതിനെ ജനങ്ങള്‍ കാണും.
നുണ നൂറ്റൊന്നാവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അത് സത്യമെന്നു വിശ്വസിക്കും എന്ന ഹിറ്റ്ലറുടെ പ്രചാരണ തന്ത്രജ്ഞന്‍ ഗീബല്‍സിന്‍റെ സിദ്ധാന്തം പ്രയോഗിക്കുന്നവയാണ് നമ്മുടെ വലതുപക്ഷ മാധ്യമങ്ങള്‍ (യഥാര്‍ഥത്തില്‍ ആ വാക്കുകള്‍ വിശ്വസിക്കുന്നത് ഈ മാധ്യമങ്ങള്‍ തന്നെയാണ്). അതിന്‍റെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗത്തിലെ യഥാര്‍ഥ ഉള്ളടക്കം വെളിപ്പെടുത്താതെ അതിനെക്കുറിച്ച് ഉപരിപ്ലവമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍ എന്തൊക്കെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നതിന്‍റെ രത്നച്ചുരുക്കമാണ് വാസ്തവത്തില്‍ നയപ്രഖ്യാപന പ്രസംഗം. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളെയും നടപടികളെയും മറ്റും സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ വിയോജിപ്പും വിമര്‍ശനവും ഉണ്ട്.
വ്യക്തമായ നയരേഖ എല്‍ഡിഎഫ് അംഗീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ചിട്ടയോടെ നടപ്പാക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. അതിനുതന്നെയാണ് ഇപ്പോഴും ശ്രമിക്കുന്നത്. ഓരോ വര്‍ഷത്തെയും നയപ്രഖ്യാപന പ്രസംഗത്തിലെ ഉള്ളടക്കം പ്രകടനപത്രികയിലെ പല ഇനങ്ങളും ചേര്‍ന്നതാണ്. അങ്ങനെയാണ് പ്രകടനപത്രികയിലെ മൊത്തം ഉള്ളടക്കം അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്നതില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വിജയിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നയപ്രഖ്യാപനത്തിന്‍റെ ഉള്ളടക്കം സമകാലിക ഇന്ത്യയിലെയും കേരളത്തിലെയും യാഥാര്‍ഥ്യങ്ങളെ ആസ്പദമാക്കിയിരിക്കുന്നു. ഇന്ത്യന്‍ സമൂഹത്തിന്‍റെ അടിസ്ഥാനകാഴ്ചപ്പാടുകളായ മതനിരപേക്ഷത, ഫെഡറലിസം, ബഹുസ്വരത എന്നിവ ഇന്നത്തെ സാഹചര്യത്തില്‍ വലിയ വെല്ലുവിളി നേരിടുന്നു. അവയെ പ്രതിരോധിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് കേരളം എന്ന നയപ്രഖ്യാപനത്തിനു വലിയ പ്രാധാന്യമുണ്ട് ഇന്ന്. മത-ഭാഷ മൗലികവാദങ്ങളും എല്ലാ സ്വേച്ഛാധിപത്യപ്രവണതകളും രാജ്യത്തിന്‍റെ ഐക്യത്തിനും ഭദ്രതയ്ക്കും ഭീഷണിയാണ് എന്ന പ്രസംഗത്തിലെ മുന്നറിയിപ്പ് ഇടതുപക്ഷ ജനാധിപത്യ നിലപാടിന്‍റെ വിളംബരമാണ്, ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുമാണ്. കഴിഞ്ഞ 75 വര്‍ഷമായി വളര്‍ത്തിയെടുത്ത ജനങ്ങളുടെ ഐക്യത്തിനും പുരോഗതിക്കും അതൊരു മുന്നറിയിപ്പാണ്.
കേരളം കഴിഞ്ഞകാലത്ത് വിദ്യാഭ്യാസം, ആരോഗ്യം, ജനക്ഷേമം, പിന്നാക്കവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും പുരോഗതിയും, കൃഷി, വ്യവസായം, സംരംഭകത്വം, ടൂറിസം, സ്ത്രീ ശാക്തീകരണം മുതലായി സംസ്ഥാനത്തിനു പ്രധാനമായ പല രംഗങ്ങളിലും മുന്നേറിയിട്ടുണ്ട്. അതിനെ മുന്നോട്ടുകൊണ്ടു പോകുന്നതിനു വ്യക്തമായ നിര്‍ദേശങ്ങള്‍ നയപ്രഖ്യാപനത്തിലുണ്ട്. കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനെ ലാക്കാക്കി ഉന്നതവിദ്യാഭ്യാസം കാലോചിതമായി പരിഷ്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ അതിലുണ്ട്. ഇതിനുപകരിക്കുംവിധം ഗവേഷണവും നൈപുണ്യ വികസനവും പരിഷ്കരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പുതിയ വിജ്ഞാനമേഖലകളില്‍ പഠനവും ഗവേഷണവും വളരുന്ന തലമുറയ്ക്ക് ഉറപ്പാക്കേണ്ടതുണ്ട്. സംരംഭകത്വം വിപുലമായി വളര്‍ത്തേണ്ടതാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് മറ്റു പ്രദേശക്കാരെയും രാജ്യക്കാരെയും ആകര്‍ഷിക്കുംവിധത്തില്‍ വിജ്ഞാനമേഖലയെ സമഗ്രമായി വികസിപ്പിക്കാനുള്ള ലക്ഷ്യബോധവും നയപ്രഖ്യാപനത്തിലുണ്ട്.
വിവിധ വികസന, ക്ഷേമ സൂചികകളില്‍ കേരളം ദേശീയമായി മാത്രമല്ല, അന്തര്‍ദേശീയമായും മുന്നിലാണ്, അതേസമയം നിരന്തരശ്രദ്ധയും പിന്തുണയും ഇല്ലെങ്കില്‍ ഈ മുന്നേറ്റം നിലനിര്‍ത്താന്‍ കഴിയില്ല എന്നുള്ള തിരിച്ചറിവ് നയപ്രഖ്യാപനം സ്മരിക്കുന്നു. അതോടൊപ്പം വ്യവസായ സൗഹൃദാന്തരീക്ഷം സ്ഥായിയായി ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യവും ഊന്നുന്നു. ഒരു ലക്ഷം പുതിയ സംരംഭം ഈ സാമ്പത്തികവര്‍ഷം ആരംഭിക്കണമെന്നു ബജറ്റില്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നു. എട്ടുമാസങ്ങള്‍ക്കുള്ളില്‍ ആ ലക്ഷ്യം കൈവരിച്ച് സംസ്ഥാനം മുന്നേറുകയാണ്. ഈ പദ്ധതിയെ ചെറുകിട വ്യവസായ മേഖലയിലെ മാതൃകയായി രാജ്യം തന്നെ അംഗീകരിച്ച് അനുമോദിച്ചിട്ടുണ്ട്. വ്യവസായരംഗത്ത് ഇത് ഒറ്റപ്പെട്ട പ്രവര്‍ത്തനമല്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ കേന്ദ്രം അടച്ചുപൂട്ടി വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അത് വാങ്ങി നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത് പൊതുമേഖലാ സംരംഭങ്ങളെ ആദായകരമായി എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നതിന് ഒരു മാതൃകയാണ്. സംസ്ഥാനത്തിന്‍റെ ഈ ഉദ്യമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. രാജ്യത്തെയും വിദേശത്തെയും വന്‍ കുത്തകകളുടെ തോളില്‍ കൈയിട്ടിരിക്കുന്ന മോദി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുമേഖലാ വികസന നീക്കത്തെ സമീപിക്കുന്നത് ഒട്ടും സൗഹൃദപരമായല്ല.
സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജനം എല്‍ഡിഎഫിന്‍റെ പ്രധാന ലക്ഷ്യമാണ്. ഓരോ വര്‍ഷവും അക്കാര്യത്തില്‍ കൈവരിച്ച പുരോഗതി വിലയിരുത്തി മുന്നോട്ട് പോവുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സംസ്ഥാനത്ത് 20 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കുക എല്‍ഡിഎഫ് ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ തൊഴില്‍ ക്ഷമതയില്‍ കേരളം മൂന്നാം സ്ഥാനത്തെത്തിയത് ഈ രംഗത്തെ പ്രവര്‍ത്തന പുരോഗതിയുടെ സൂചികയാണ്. അഭിമാനം കൊള്ളാന്‍ അത് എല്ലാ കേരളീയര്‍ക്കും വക നല്‍കുന്നു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വക കണ്ടെത്താനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ കിഫ്ബിയെ പ്രയോജനപ്പെടുത്തിയത്. അതുവഴി, 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ആ സര്‍ക്കാരിന്‍റെ കാലാവധി തീര്‍ന്നപ്പോഴേക്ക് 73,000 ത്തില്‍പരം കോടിരൂപയുടെ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ഈ വിജയം കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കിഫ്ബിയുടെ കടത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ കടത്തില്‍പെടുത്തിയത്.
കേരളത്തിന്‍റെ തീവണ്ടിയാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തിലാണ് റെയില്‍വേ ബോര്‍ഡുമായി ചേര്‍ന്ന് സില്‍വര്‍ലൈന്‍ പദ്ധതി കേരളം ആവിഷ്കരിച്ചത്. അതിന് അംഗീകാരം നല്‍കാത്തത് ജനങ്ങളുടെ ഗതാഗത ആവശ്യങ്ങള്‍ നിഷേധിക്കലാണ്.
ഇതെല്ലാം കേരളത്തോടും കേരളീയരോടുമുള്ള കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്‍റെ ശത്രുതാപരമായ സമീപനത്തിന്‍റെ തെളിവാണ്. അത് സംസ്ഥാനങ്ങളോടെല്ലാമുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്‍റെ ഫെഡറല്‍ ഘടനയിലും അതില്‍ ഊന്നിയുള്ള വളര്‍ച്ചയിലും താല്‍പ്പര്യമുള്ളവരെല്ലാം മോദി സര്‍ക്കാരിന്‍റെ സങ്കുചിതമായ സമീപനത്തിനെതിരെ യോജിച്ച് അണിനിരക്കേണ്ടതുണ്ട്. $

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + twelve =

Most Popular