Sunday, November 3, 2024

ad

Homeലേഖനങ്ങൾശ്രീ നാരായണ ഗുരുവും ജനാധിപത്യ പ്രസ്ഥാനങ്ങളും

ശ്രീ നാരായണ ഗുരുവും ജനാധിപത്യ പ്രസ്ഥാനങ്ങളും

ആർ പാർവതി ദേവി

‘വാദിക്കാനും ജയിക്കാനുമല്ല ;അറിയാനും അറിയിക്കാനും’ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് 1924 മാർച്ച് 3, 4 തീയതികളിൽ ആലുവയിൽ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ സർവമതസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ ആധുനിക ജനാധിപത്യ കേരളത്തിന്റെ സൃഷ്ടിക്ക് ഗുരുവിന്റെ ദർശനവും പ്രവർത്തനങ്ങളും എങ്ങനെ സഹായിച്ചുവെന്ന പരിശോധന പ്രസക്തമാണ്. സമദർശനത്തിന്റെ ഊർജസ്രോതസ്സായ ഗുരുവിൽനിന്നും ഉത്ഭവിച്ച ജനാധിപത്യധാരകളാണ് ഇന്നത്തെ കേരളത്തിന് അടിത്തറയിട്ടതെന്ന യാഥാർഥ്യം ആർക്കും നിഷേധിക്കാനാകുന്നതല്ല. ഇത് പറയുമ്പോൾതന്നെ ചരിത്രവത്കരിച്ചുകൊണ്ടു മാത്രമേ നവോത്ഥാനത്തിന്റെ രാജശില്പിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിനെയും വിലയിരുത്താനാകൂ. ഓരോ സംഭവവും ഓരോ വ്യക്തിയും കാലഘട്ടത്തിന്റെ സൃഷ്ടിയാണെന്ന ധാരണയാണ് ഇതിന്റെ അടിസ്ഥാനം.

1888ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് ശ്രീനാരായണഗുരു സാമൂഹ്യവിപ്ലവത്തിന് തിരികൊളുത്തുകയായിരുന്നു. ഗുരു ഒരു അവധൂതനായി സഞ്ചരിക്കുന്ന കാലത്താണ് അരുവിപ്പുറത്തെ പ്രകൃതിഭംഗിയും സ്വച്ഛതയും ഗുരുവിനെ ആകർഷിച്ചതും അവിടെ ഒരു ക്ഷേത്രം നിർമിച്ചതും. ബ്രാഹ്മണർക്ക് മാത്രം അവകാശമുണ്ടായിരുന്ന ഒരു പ്രവൃത്തി ഗുരു സ്വയം ഏറ്റെടുത്തു നടപ്പാക്കുകയായിരുന്നു. ഗുരു എവിടെപ്പോയാലും അദ്ദേഹത്തെ കാണാനും അനുഗ്രഹം വാങ്ങാനും ചികിത്സ തേടാനും മറ്റുമായി അനേകർ ചുറ്റും കൂടുന്ന സ്ഥിതിയായിരുന്നു അന്ന്. അവിടെ അന്ന് ഗുരുവിന്റെ ഒപ്പം കൂടിയവർ രൂപീകരിച്ച കൂട്ടായ്മയായ വാവൂട്ട് സംഘം ശ്രീനാരായണ ധർമപരിപാലനയോഗമായി വളരുകയായിരുന്നു. ശിവപ്രതിഷ്ഠക്കുശേഷം ക്ഷേത്രം പരിപാലിക്കാനായി വാവൂട്ട് സംഘം അരുവിപ്പുറം ക്ഷേത്രപരിപാലനസമിതിയായി മാറി. 1903ൽ ജോയിന്റ്‌ സ്റ്റോക് കമ്പനി നിയമ പ്രകാരം ക്ഷേത്രപരിപാലനസമിതി എസ്എൻഡിപി യോഗം ആയി രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഈഴവ സമുദായത്തിൽ ജനിച്ചു എന്ന ഒറ്റ കാരണത്താൽ തിരുവിതാംകൂറിൽ ജോലി ലഭിക്കാതെ മൈസൂറിൽ പോകേണ്ടി വന്ന ഡോ പൽപ്പു സ്വാമി വിവേകാനന്ദനുമായി നടത്തിയ ദീർഘ ചർച്ചയുടെ ഫലമാണ് ശ്രീനാരായണ ധർമപരിപാലന യോഗം (എസ് എൻഡിപി യോഗം). ഡോ.പല്പു ഇതിനു മുൻപ് ഈഴവ സമാജങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും അവയൊന്നും മുന്നോട്ടുപോയില്ല. കേരളത്തിലെ ഏറ്റവും വികൃതമായ ജാതിവ്യവസ്ഥ നേരിൽ കണ്ടു ബോധ്യപ്പെട്ട സ്വാമി വിവേകാനന്ദനാണ് ഒരു സംഘടനയെന്ന ആശയം പൽപ്പുവുമായി പങ്കുവച്ചത്. മദിരാശിയിലെ ഒരു യോഗത്തിൽ കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ പ്രസ്താവിച്ചതും ഈ പശ്ചാത്തലത്തിലാണ്. സ്വസമുദായത്തിലെ ആത്മീയ ഗുരുവിന്റെ നേതൃത്വത്തിൽ സാമൂഹ്യപ്രസ്ഥാനം ഉണ്ടാകണമെന്ന് ഒരു വെളിപാട് പോലെയാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഗുരുവിനും ആ ആശയം സ്വീകാര്യമായി.

25 വർഷം കഴിഞ്ഞപ്പോൾ കേരളത്തിലെത്തിയ മഹാകവി രവീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടത് കേരളം ഭ്രാന്താലയമല്ല, തീർഥാലയം ആണെന്നാണ്. കേരളത്തിൽ പരിവർത്തനത്തിന്റെ കൊടുങ്കാറ്റു വീശിയ കാൽ നൂറ്റാണ്ടാണ് മഹാകവിയെ കൊണ്ടത് പറയിപ്പിച്ചത്. ആ കൊടുംകാറ്റ് ജനാധിപത്യത്തിന്റെയായിരുന്നു. ചാന്നാർ ലഹള പോലെയുള്ള ചില പ്രക്ഷോഭങ്ങൾ അരുവിപ്പുറം പ്രതിഷ്ഠക്ക് മുൻപ് നടന്നിട്ടുണ്ടെങ്കിലും അതൊന്നും ഒരു പ്രസ്ഥാനത്തിന്റെ രൂപം കൈക്കൊണ്ടില്ല. എന്നാൽ ശ്രീനാരായണഗുരു അന്നത്തെ ജീർണിച്ച സാമൂഹ്യവ്യവസ്ഥയുടെ അടിക്കല്ലിലാണ് പ്രഹരം ഏൽപ്പിച്ചത്. ജാതിവ്യവസ്ഥ പേശീബലം നല്കിയിരുന്ന ജന്മിത്വത്തെയാണ് ഗുരു നേർക്കുനേർ എതിരിട്ടത്. എല്ലാ മനുഷ്യരും സമന്മാരാണെന്ന് ഗുരു അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുമ്പോൾ തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയിൽ കാണാൻ പോലും പാടില്ലാത്തവരുമായി പലതട്ടുകളിൽ ചിതറിക്കിടന്നിരുന്ന ഒരു സമൂഹത്തിന് അത് ഉൾക്കൊള്ളാനാകുന്നതായിരുന്നില്ല. ഫ്യൂഡൽ വർഗ ബന്ധങ്ങളിൽ കുടുങ്ങി, പ്രാകൃതമായ വിശ്വാസങ്ങളിൽ അഭിരമിച്ച ആ സമൂഹത്തിലേക്ക് ജനാധിപത്യമെന്ന ആധുനിക മൂല്യസംഹിതയുടെ പ്രകാശമാണ് ഗുരുവിന്റെ സമദർശനം പ്രദാനം ചെയ്തത്. സിദ്ധാന്തം മാത്രമോ പ്രയോഗം മാത്രമോ മതിയാവില്ലെന്ന തിരിച്ചറിവ് ഗുരുവിനുണ്ടായിരുന്നുവെന്നു വേണം മനസ്സിലാക്കാൻ. കൃത്യമായ ഒരു ആശയസംഹിതക്കൊപ്പം പ്രയോഗപദ്ധതി കൂടി അങ്ങനെയാണ് ആവിഷ്കരിക്കപ്പെട്ടത്.

ജന്മിത്തം അതിന്റെ അന്ത്യശ്വാസം വലിച്ചു തുടങ്ങിയ ഘട്ടം കൂടിയായിരുന്നു അത്. ജന്മിത്തത്തിനെതിരെയുള്ള സമരം ചരിത്രത്തിന്റെ അനിവാര്യതയാണല്ലോ. അങ്ങനെ ഒരു മുതലാളിത്ത ഉത്പാദന വ്യവസ്ഥയിലേക്ക് കേരളത്തെ നയിക്കുവാൻ ഗുരുവിന്റെ ജാതിവിരുദ്ധ ഇടപെടൽകൊണ്ട് സാധ്യമായി. ഗുരു സമൂഹത്തെ വർഗ്ഗരാഷ്ട്രീയത്തിലൂടെ നോക്കിക്കണ്ടുവെന്ന് ഇതിന് അർത്ഥമില്ല. സോഷ്യലിസ്റ്റ് ആശയങ്ങൾ കേരളത്തിലേക്ക് കടന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഗുരു ചരിത്രത്തിന്റെ അനിവാര്യ ദൗത്യം ഏറ്റെടുത്തു എന്നതാണ് വാസ്തവം. കെ ദാമോദരൻ പറയുന്നത് “ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്ന മുദ്രാവാക്യം ഫ്യൂഡൽ സംസ്കാരത്തെ തകർത്ത് ദേശീയസംസ്കാരത്തെ വളർത്താനുള്ള ഒരാഹ്വാനമായിരുന്നു: ഫ്യൂഡൽ വർഗബന്ധങ്ങൾക്കെതിരായി സമരം നടത്താനുള്ള ദേശീയ ബൂർഷ്വാസിയുടെ കാഹളം വിളിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ മുദ്രാവാക്യം ബ്രാഹ്മണ -ജന്മി മേധാവികളെ വിറകൊള്ളിച്ചത് ‘.

ജാതിവ്യവസ്ഥയുടെ ഭാഗമായ വിവാഹം, കുടുംബം, ആചാരങ്ങൾ തുടങ്ങി എല്ലാറ്റിനെയും പരിഷ്കരിക്കാനായിരുന്നു ഗുരുവിന്റെ ശ്രമം. ഒപ്പംതന്നെ വിദ്യാഭ്യാസത്തിനും വ്യവസായത്തിനും പ്രാഥമിക പരിഗണന നൽകി. വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ചു ശക്തരാകുക എന്ന മുദ്രാവാക്യം ഒരുനൂറ്റാണ്ടു മുൻപ് ഒരു ആത്മീയാചാര്യനിൽ നിന്നും ഉണ്ടാകുക എന്നത് അത്ഭുതകരമാണ്. ആധുനിക വ്യവസായങ്ങൾ ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്യുക മാത്രമല്ല ഗുരുവും ശിഷ്യരും ചെയ്തത്. അന്നത്തെ ഏറ്റവും ആധുനികമെന്ന് പറയാവുന്ന ഓട്ടു കമ്പനി ആലുവയിൽ സ്ഥാപിക്കുകയും ചെയ്തു. കമ്പനിയുടെ മേൽനോട്ടത്തിനായി പോകുമ്പോഴായിരുന്നു കുമാരനാശാൻ പല്ലനയാറ്റിൽ വച്ച് റെഡീമർ ബോട്ടപകടത്തിൽ മരിച്ചത്. കൊച്ചി ആസ്ഥാനമായി ഡോ പൽപ്പു മലബാർ എക്കണോമിക് യൂണിയൻ എന്ന കമ്പനിയും നടത്തിയിരുന്നു.

സഹോദരൻ അയ്യപ്പന്റെ മുൻകൈയിൽ നടന്ന മിശ്രവിവാഹവും മിശ്ര ഭോജനവും യാഥാസ്ഥിതികരുടെ സമാധാനം കെടുത്തി.
നൂറോളം ക്ഷേത്രങ്ങളും മഠങ്ങളും ഗുരു സ്ഥാപിച്ചപ്പോൾ അതിനു സാമ്പത്തിക പിന്തുണയുമായി സമ്പന്ന ഈഴവ പ്രമാണിമാർ ഉണ്ടായിരുന്നു. ജാതിവ്യവസ്ഥയും ജന്മിത്തവും അവരുടെ ആത്മാഭിമാനം ഇല്ലാതാക്കുക മാത്രമല്ല എല്ലാ അർത്ഥത്തിലുമുള്ള പുരോഗതിക്ക് പ്രതിബന്ധമായിരുന്നു. ഗുരുവിനെ പിന്തുണയ്‌ക്കേണ്ടത് അവരുടെ സ്വന്തം താത്പര്യം കൂടിയായിരുന്നു. ദരിദ്രകർഷകരും കർഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഉൾപ്പടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുംപെട്ടവർ ഗുരുവിന്റെ അനുയായികളും ശിഷ്യരും ആരാധകരുമായി ഒപ്പം നിന്നു.

അധഃസ്ഥിതർ എന്നറിയപ്പെടുന്ന ജനവിഭാഗം തങ്ങളുടെ അവകാശം ആണ് ആത്മാഭിമാനം എന്ന് ആദ്യമായി തിരിച്ചറിഞ്ഞ സന്ദർഭമാണിത്. വഴിനടക്കാനും വിദ്യ അഭ്യസിക്കുവാനും വസ്ത്രം ധരിക്കാനും ഈശ്വരാരാധന നടത്തുവാനുമുള്ള അവകാശത്തെ കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും അവർ കേൾക്കുന്നതു പോലും ആദ്യമായി ഗുരുവിൽ നിന്നായിരിക്കാം. ഇത് കേരളത്തിന്റെ ജനാധിപത്യവത്കരണത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കാം.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ വിപുലമായ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും 1930കളിൽ തൊഴിലാളിവർഗ പ്രസ്ഥാനവും ആരംഭിക്കുമ്പോൾ അതിനുള്ള തറയൊരുക്കം ചെയ്തത് പ്രധാനമായും നാരായണഗുരുവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ആണെന്നതിനു സംശയമില്ല.

നമ്മൾ എപ്പോഴും അഭിമാനത്തോടെ പറയാറുള്ളതുപോലെ നവോത്ഥാനം ഉഴുതുമറിച്ച മണ്ണിലാണ് ജനാധിപത്യം മുളച്ചുപൊന്തിയത്. അതിനു സഹായകമായത് ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും വിത്തുകൾ വിതയ്‌ക്കാൻ ഒരു തൊഴിലാളിവർഗ പ്രസ്ഥാനം അപ്പോഴേക്കും ഇവിടെ ഉദയംചെയ്തതുകൊണ്ടാണ് എന്നത് വിസ്മരിക്കാവുന്ന വസ്തുതയല്ല. അരുവിപ്പുറം പ്രതിഷ്ഠക്കു ശേഷം ഭരണപരമായ പ്രാതിനിധ്യത്തിനുവേണ്ടി ഡോ പൽപ്പുവും ബാരിസ്റ്റർ ജി പി പിള്ളയും ഉൾപ്പടെയുള്ളവരുടെ മുൻകയ്യിൽ അന്നത്തെ രാജഭരണാധികാരികൾക്ക് മുന്നിൽ ഈഴവ മെമ്മോറിയലും മലയാളി മെമ്മോറിയലും സമർപ്പിച്ചുവെങ്കിലും വേണ്ടത്ര ഫലം കാണാതെ പോയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഒരു ശക്തമായ സംഘടന എന്ന ആശയം ഉണ്ടായി വന്നത്.

1903 മെയ് 15 എന്ന തീയതി ചരിത്രത്തിൽ സ്വർണലിപികളിൽ ആലേഖനം ചെയ്യപ്പെടുന്നത് അന്ന് ആദ്യമായി പിന്നോക്കവിഭാഗങ്ങളുടെ സുസംഘടിതമായ ഒരു പ്രസ്ഥാനം എന്ന തരത്തിൽ ശ്രീ നാരായണ ധർമ പരിപാലന യോഗം ജന്മം കൊണ്ടു എന്നതിനാലാണ്. സാമൂഹ്യപരിഷ്‌കരണങ്ങൾ ഏറ്റെടുത്തു നടപ്പാക്കാൻ ഉദ്യമിച്ച യോഗത്തിനായി ‘വിവേകോദയം’ എന്ന പ്രസിദ്ധീകരണവും തുടങ്ങി. സ്വാമി വിവേകാനന്ദനോടുള്ള ആദരവാകാം ഈ പേരിനു പിന്നിൽ. എസ്എൻഡിപി മുന്നോട്ടു വക്കുന്ന ആശയങ്ങൾക്ക് വ്യാപകമായ ജനപിന്തുണ നേടിയെടുക്കുന്നതിൽ വിവേകോദയം വലിയ പങ്കുവഹിച്ചു.

കേരളത്തിൽ ആദ്യമായി കാർഷിക വ്യാവസായിക പ്രദർശനം 1905ൽ കൊല്ലത്ത് സംഘടിപ്പിച്ചത് എസ്‌എൻഡിപിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ആഘോഷങ്ങളുടെ ഭാഗമായി ഒരു വനിതാ സമ്മേളനവും നടത്തി ചരിത്രം സൃഷ്ഠിച്ചു. ഡോ പൽപ്പുവിന്റെ അമ്മ പപ്പമ്മ എന്ന മാത പെരുമാൾ ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷ. സ്വർണാഭരണങ്ങൾ വിറ്റും അമ്മമാർ മക്കളെ പഠിപ്പിക്കാൻ തയ്യാറാകണമെന്ന് പപ്പമ്മ അധ്യക്ഷപ്രസംഗത്തിൽ ആഹ്വാനം ചെയ്തു. പൽപ്പുവിന്റെ ഭാര്യ പി കെ ഭഗവതി ആശംസാപ്രസംഗം നടത്തി. 1914ൽ എസ്‌എൻഡിപി യോഗത്തിന്റെ ബോർഡിലേക്ക് ആദ്യമായി അടിപ്പറമ്പിൽ പാറുക്കുട്ടി എന്ന സ്ത്രീയെ തിരഞ്ഞെടുത്തുകൊണ്ട് വനിതാ പ്രാതിനിധ്യവും ഉറപ്പിച്ചു. ലിംഗനീതി എന്ന സങ്കല്പനം പിന്നെയും എത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാണ് കേരളം ചർച്ചചെയ്തതെന്ന് നമുക്കറിയാം. ജാതിക്കെതിരെ മാത്രമല്ല ജനാധിപത്യ ആശയങ്ങൾക്ക് വേണ്ടി കൂടിയാണ് ഗുരു പരിശ്രമിച്ചതെന്ന് വ്യക്തമാണ്. ദളിത് വിഭാഗങ്ങളോട് ഈഴവർ ചെയ്തിരുന്ന കൊള്ളരുതായ്മയും ഗുരു ശക്തമായി എതിർത്തു. ഇതിൽ ഈഴവ പ്രമാണിമാർക്ക് ഗുരുവിനോട് പ്രതിഷേധവും ഉണ്ടായിരുന്നു.

പിന്നീട് കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഏറ്റെടുത്ത ‘സംഘടിച്ചു ശക്തരാകുക’ എന്ന മുദ്രാവാക്യം ഗുരു ഉയർത്തിയത് കേരളത്തിലെ എല്ലാ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. എല്ലാ അവശവിഭാഗങ്ങളും അക്കാലത്ത് മത്സരബുദ്ധിയോടെ സംഘടിച്ചതായി കാണാം. സംഘടനകളുടെ ഒരു വേലിയേറ്റമാണ് ആ കാലഘട്ടത്തിൽ ഉണ്ടായത്. സാധുജന പരിപാലന യോഗം (1905), അരയസമാജം (1907), പ്രത്യക്ഷ രക്ഷ ദൈവ സഭ (1907), യോഗക്ഷേമ സഭ (1908 ), ഇ എം എസ് സാമൂഹ്യ ഉന്നമന പ്രവർത്തനങ്ങളിലേക്ക് എത്തുന്നത് യോഗക്ഷേമ സഭയിലൂടെയായിരുന്നല്ലോ. വാല സമുദായ പരിഷ്കരണ സഭ (1910), പണ്ഡിറ്റ് കെ പി കറുപ്പന്റെ നേതൃത്വത്തിൽ കല്യാണ ദായിനി സഭ (1912), പുലയ മഹാസഭ (1912), നായർ ഭൃത്യജനസംഘം (1914), നായർ സർവീസ് സൊസൈറ്റി (1915 ), സഹോദര സംഘം (1917), വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ഇസ്ലാം ധർമ്മ പരിപാലന യോഗം (1918 ) തുടങ്ങിയ സംഘടനകൾക്ക് പ്രചോദനമായത് ഗുരുവും അദ്ദേഹത്തിന്റെ ആശയങ്ങളും സംഘടനയുമായിരുന്നു.

വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി ശബ്ദമുയർത്തിയ യോഗം സർക്കാർ ജോലിയിൽ ഈഴവർക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യവും ഉന്നയിച്ചു. മാത്രമല്ല, തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ഇന്ന് തൊഴിലാളിസംഘടനകൾ ഉയർത്തുന്ന പല ആവശ്യങ്ങളും എസ്എൻഡിപി അന്ന് ഉന്നയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. മിനിമം കൂലി, നിശ്ചിത വേല സമയം, തുല്യ ജോലിക്ക് തുല്യ കൂലി, പെൻഷൻ, പ്രസവാവധി, തൊഴിൽ തർക്ക പരിഹാര സംവിധാനം തുടങ്ങി പലതും. കാർഷിക, വ്യാവസായികമേഖലയിലെ പ്രശ്നങ്ങൾ എസ്എൻഡിപി ഏറ്റെടുക്കുകയും പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തിരുന്നു.

സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന എസ്എൻഡിപിയുടെ ആവശ്യം ഭരണകൂടത്തെ ഞെട്ടിച്ചു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുമായി ചേർന്ന് നിവർത്തനപ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയത് ടി കെ മാധവനു ശേഷം എസ്എൻഡിപി യോഗം സെക്രട്ടറിയായിരുന്ന സി കേശവനായിരുന്നു. നിവർത്തന പ്രക്ഷോഭത്തിന്റെ ഫലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും ആ സമരത്തിന്റെ പ്രഭാവവും പ്രസക്തിയും ചുരുക്കി കാണാനാവില്ല. സ്വതന്ത്ര തിരുവിതാംകൂർ വാദത്തെയും സർ സിപി യേയും പിന്നീട് യോഗനേതൃത്വത്തിലേക്ക് അവരോധിതനായ ആർ ശങ്കർ പിന്തുണച്ചതും ഇതിനെതിരെ സി കേശവൻ ആഞ്ഞടിച്ചതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെന്നത് മറ്റൊരു കാര്യം. പക്ഷേ ജനാധിപത്യപ്രക്രിയയിലേക്ക് കേരളത്തെ നയിക്കുന്നതിൽ നിവർത്തന പ്രക്ഷോഭത്തിന്റെ പങ്ക് ചെറുതായി കാണാനാവില്ല.

അധ്വാനിക്കുന്ന ജനവിഭാഗം എന്ന വർഗനിലപാടിൽ, ജാതിക്കതീതമായി സംഘടിക്കാനുള്ള മനക്കരുത്തും സംഘടനാശക്തിയും അക്കാലയളവിൽ വികസിച്ചുതുടങ്ങിയതിനു പിന്നിൽ സംഘടിച്ചു ശക്തരാകുവാനുള്ള ആഹ്വാനത്തിന്റെ പിന്തുണ ഉണ്ടായിരുന്നു.

ആദ്യത്തെ ട്രേഡ് യൂണിയൻ എന്ന് കരുതപ്പെടുന്ന ട്രാവൻകൂർ ലേബർ കോൺഗ്രസ് സ്ഥാപിച്ച ബാടപ്പുറം ബാവ ശ്രീനാരായണ ഭക്തനായിരുന്നു. തന്റെ വീട്ടിലെ ചുമരിൽ കാൾ മാർക്സിന്റെ ചിത്രത്തിനൊപ്പം അദ്ദേഹം സ്ഥാപിച്ചിരുന്ന മറ്റൊരു ചിത്രം ശ്രീ നാരായണ ഗുരുവിന്റെ മാത്രമാണെന്ന് പറയാറുണ്ട്. ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ ഉൾപ്പടെയുള്ള നിരവധി തൊഴിലാളി സംഘടനകൾ രൂപീകൃതമാകുകയും ഇവയുടെ ഊർജ്ജപ്രവാഹത്തിൽ നിന്നും പുന്നപ്ര‐വയലാർ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും ചെയ്തതായി കാണാം. വൈക്കം സത്യാഗ്രഹത്തിൽ നാരായണഗുരുവും എസ്എൻഡിപിയും വഹിച്ച പങ്ക് എല്ലാവർക്കും അറിയാവുന്നതാണ്. ടി കെ മാധവൻ എന്ന ഗുരുശിഷ്യൻ ആണല്ലോ വൈക്കം സമരത്തിന്റെ സുപ്രധാന നേതാവായിരുന്നത്. ക്ഷേത്രപ്രവേശന വിളംബരം തിരുവിതാംകൂർ രാജാവിന് നടത്തേണ്ടിവന്നതിനു പിന്നിലും ഗുരുവിന്റെ ക്ഷേത്രസ്ഥാപനരീതികളും അവർണർ സവർണക്ഷേത്രങ്ങളെ ബഹിഷ്കരിച്ചതുമാണ് എന്നും കാണാവുന്നതാണ്. അവർണർ ക്ഷേത്രങ്ങളിൽ വഴിപാടുകൾ കഴിക്കാതെ വിട്ടു നിന്നതോടെ പല ദേവീദേവന്മാർക്കും വിളക്കിൽ എണ്ണയൊഴിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതിയായിരുന്നുവെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

കലാ സാംസ്കാരിക രംഗത്തും ജനാധിപത്യത്തിന്റെ വെളിച്ചം പകരുവാൻ ശ്രീനാരായണീയർ മുന്നിലുണ്ടായിരുന്നു. ഗുരുവിന്റെ പ്രിയ ശിഷ്യരായ സഹോദരൻ അയ്യപ്പൻ (സഹോദരൻ), സി കൃഷ്ണൻ (മിതവാദി), കെ സുകുമാരൻ (കേരളകൗമുദി), ടി കെ മാധവൻ (ദേശാഭിമാനി) തുടങ്ങിയവരെല്ലാം പത്രങ്ങൾ തുടങ്ങുകയും പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരു ഒരു പൊതുമണ്ഡലം രൂപീകരിക്കുകയാണ് ചെയ്തതെന്ന് ടെറി ഈഗിൾട്ടനെ ഉദ്ധരിച്ചു കൊണ്ട് പി ഗോവിന്ദപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് വെങ്ങാനൂരിൽ ഗുരു ആരംഭിച്ച കുന്നുംപുറം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സത്യവ്രതൻ ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചത്. പിന്നീട് ഈ കലാരൂപം ഇടതുപക്ഷത്തിന്റെയും തൊഴിലാളിവർഗ്ഗത്തിന്റെയും സ്വന്തം കലയായി മാറുകയും ചെയ്തു. ഇന്ന് സംഘപരിവാർ കഥാപ്രസംഗത്തെയും തട്ടിക്കൊണ്ടുപോകുവാൻ ശ്രമിക്കുന്നുവെന്നത് വാസ്തവമായ വാർത്തയാണ്.

ഇങ്ങനെ അക്കാലഘട്ടത്തിലെ എല്ലാ പൗരാവകാശ ജനാധിപത്യ സാംസ്‌കാരിക പ്രക്ഷോഭങ്ങളിലും ഗുരുവിന്റെ ശിഷ്യരും എസ്എൻഡിപിയും ഭാഗഭാക്കായി. മാത്രമല്ല, പിന്നീട് രൂപപ്പെട്ടു വന്ന വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രത്യയശാസ്ത്രധാരകളുടെയും പ്രഭവകേന്ദ്രം ശ്രീനാരായണഗുരു ആണെന്നതും സവിശേഷമായ പഠനം അർഹിക്കുന്ന വിഷയമാണ്. യുക്തിവാദി സംഘത്തിന് തുടക്കംകുറിച്ചത് സഹോദരൻ അയ്യപ്പനും മിതവാദി കൃഷ്ണനുമാണ്. ഗുരുവിന്റെ ആരാധകനും പ്രിയശിഷ്യനും ആയിരിക്കുമ്പോഴും നിരീശ്വരവാദിയും യുക്തിവാദിയുമായിരുന്നു അയ്യപ്പൻ . റഷ്യൻ വിപ്ലവത്തെക്കുറിച്ച് ആദ്യമായി മലയാളത്തിൽ ലേഖനമെഴുതിയത് സഹോദരൻ അയ്യപ്പനാണ്. ടി കെ മാധവനും സി കേശവനും ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായിത്തീർന്നു. വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയെന്നോണം നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുൻനിര നേതാക്കളായിരുന്ന എ കെ ജിയും പി കൃഷ്ണ പിള്ളയും കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് തുടക്കംകുറിച്ചു. 1935ൽ ആലപ്പുഴയിൽ നടന്ന ഐതിഹാസികമായ കയർതൊഴിലാളി സമരത്തിൽ എസ്എൻഡിപി ശക്തമായ പിന്തുണ നൽകി. ദളിത് വിമോചന സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായ കായൽ സമ്മേളനത്തിന്റെ നേതാവ് കെ പി വള്ളോൻ ഗുരുശിഷ്യനായിരുന്നു. അദ്ദേഹം പുലയസഭയ്‌ക്ക് രൂപം കൊടുത്തു. പിന്നീട് കമ്യൂണിസ്റ്റു പാർട്ടി നേതാവായി. വ്യത്യസ്ത ജനാധിപത്യധാരകൾ ഗുരുവെന്ന ഊർജസ്രോതസ്സിൽ നിന്നും ഉരുവംകൊണ്ടതിന്റെ തെളിവുകളാണിതെല്ലാം. വ്യത്യസ്തതകളെ അംഗീകരിക്കുവാൻ ഗുരു പ്രകടിപ്പിച്ചിരുന്ന ഹൃദയവിശാലത സവിശേഷമായിരുന്നു.

ഗുരുവിന്റെ ജനാധിപത്യബോധമാണ് ഇത് കാണിക്കുന്നത്. മത പരിവർത്തനത്തിൽ ഗുരു വിശ്വസിച്ചിരുന്നില്ല. എന്നാൽ സി വി കുഞ്ഞുരാമൻ ബുദ്ധമതത്തിലേക്കും ചിലർ ക്രിസ്തുമതത്തിലേക്കും വേറെ ചിലർ സിഖ് മതത്തിലേക്കും അന്ന് പരിവർത്തനം ചെയ്തു കൊണ്ട് ജാതിയെ വെല്ലുവിളിച്ചപ്പോൾ ഗുരു അതിനെ എതിർത്തില്ല. മഹാത്മാ ഗാന്ധിയുമായുള്ള ചർച്ചയിൽ മതപരിവർത്തനം സംബന്ധിച്ച പ്രശ്നം ഉയർന്നുവന്നപ്പോൾ ഗുരു പറഞ്ഞത് മതപരിവർത്തനം ചെയ്തവർക്ക് സ്വാതന്ത്ര്യം ലഭിച്ചതായി കാണുന്നു. അതിനാൽ അത് നല്ലതാണെന്ന് കരുതിയാൽ കുറ്റംപറയാനാവില്ലല്ലോ എന്നാണ്. ഏത് മതത്തിലൂടെയും മോക്ഷം ലഭിക്കുമെന്നും ഗുരു പറയുന്നുണ്ട്.

വിശാലമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ഏക മതം എന്ന ആശയത്തിൽ ഉറച്ചുനിൽക്കുകയും ചെയ്ത ഗുരുവിന്റെ പ്രിയ ശിഷ്യൻ സഹോദരൻ അയ്യപ്പൻ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട എന്നു പറഞ്ഞപ്പോൾ അത് പറയാൻ അയാൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു ഗുരുവിന്റെ നിലപാട്.

എസ്എൻഡിപിയുടെ അമിത ജാതിബോധത്തിൽ അസ്വസ്ഥനായ നാരായണ ഗുരു അധികം വൈകാതെ തന്നെ അതിൽ നിന്നും അകന്നു എന്നത് ചരിത്രം. സ്വത്തും സമ്പാദ്യങ്ങളും യോഗത്തിനു വിട്ടുകൊടുത്തതെല്ലാം ഗുരു തിരിച്ചെടുക്കുകയും പുതിയ ഒസ്യത്ത് എഴുതിവയ്‌ക്കുകയും ചെയ്തു.യോഗം രൂപീകരിച്ച് 13 വർഷം കഴിഞ്ഞ് 1916ൽ ഡോ പൽപ്പുവിന് ഗുരു എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു: ‘യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യാഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുമ്പേ തന്നെ മനസ്സിൽ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു’. സ്വത്ത് ബോധാനന്ദൻ നോക്കി നടത്തണമെന്നും അദ്ദേഹത്തിന് ശേഷം തന്റെ ശിഷ്യപരമ്പരയിലെ സന്ന്യാസിമാർ അവർക്കിടയിൽ നിന്നും ഭൂരിപക്ഷാഭിപ്രായപ്രകാരം ഒരു സന്ന്യാസിയെ അധികാരപ്പെടുത്തി മുടക്കം കൂടാതെ നോക്കിനടത്തണമെന്നുമാണ് വിൽപത്രത്തിൽ ഗുരു എഴുതിയിരുന്നത്. ഗുരു പിന്നീട് ഗുരുധർമസംഘം രൂപീകരിച്ചതിനു കാരണം എസ്എൻഡിപിയുടെ അമിത ജാത്യാഭിമാനം ആയിരുന്നു.

ജാതിയെ ഉന്മൂലനം ചെയ്യാനായി ആരംഭിച്ച പ്രസ്ഥാനം ജാതിസംഘടനയായി മാറുന്നത് ഗുരുവിനു അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് വ്യക്തം. യോഗത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന ഡോ പൽപ്പുവും എസ്എൻഡിപിയോട് അകന്നു. “പെരുച്ചാഴി സംഘം’ എന്ന് യോഗത്തെ ഡോ പൽപ്പു വിളിച്ചത് വലിയ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. എസ്എൻഡിപിയുടെ വഴിതെറ്റൽ ഗുരുവിന്റെ കാലത്തുതന്നെ ആരംഭിച്ചുവെന്നതാണ് യാഥാർഥ്യം. ഗുരുവിനെ ദൈവമായി പ്രതിഷ്ഠിക്കുകയും അദ്ദേഹത്തിന്റെ ദർശനത്തെ ചവറ്റു കൊട്ടയിൽ തള്ളുകയുമാണ് ചെയ്തത്. നവോത്ഥാനമൂല്യങ്ങളും ജനാധിപത്യ മതേതരമൂല്യങ്ങളും വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് എസ്എൻഡിപിയെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്ന സമകാലിക സാഹചര്യത്തിൽ ഗുരുവും സർവമത സമ്മേളനവും കൂടുതൽ പ്രസക്തവും പ്രധാനവുമാകുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × four =

Most Popular