Thursday, November 21, 2024

ad

Homeസിനിമസിനിമയിലെ കലികാലം

സിനിമയിലെ കലികാലം

ജി പി രാമചന്ദ്രന്‍

തുര്‍യുഗങ്ങളിലെ നാലാമത്തെ യുഗമായ കലിയുഗമാണ് ഇപ്പോള്‍ നിലവിലുള്ളത് എന്നാണ് ഹിന്ദു വിശ്വാസികള്‍ കരുതുന്നത്. അക്കാര്യത്തിനോടൊന്നും തര്‍ക്കത്തിന് മുതിരുന്നില്ല. അധര്‍മ്മങ്ങള്‍ നടനമാടുന്ന യുഗമാണ് കലിയുഗമെന്നാണ് ഇതിന്റെ വിശദീകരണം. ഇപ്രകാരമല്ലാത്ത ഒരു യുഗമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ തിട്ടമില്ല. എന്നാല്‍, സിനിമയില്‍ പ്രത്യേകിച്ചും ഇന്ത്യന്‍ സിനിമയില്‍ കലികാലമാണെന്നാണ് ചില സിനിമകള്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നത്.
കല്‍ക്കി 2898 എഡി എന്ന പാന്‍ ഇന്ത്യന്‍ സിനിമ കഷ്ടപ്പെട്ട് കണ്ടുതീര്‍ന്നപ്പോള്‍ പ്രാഥമികമായി തോന്നിയ കാര്യമാണിത്. ഇരുട്ടിന്റെ ഗുഹകളിലും പാതാളങ്ങളിലും നിന്ന് രക്ഷപ്പെട്ട പ്രതീതിയാണ് സിനിമ കണ്ടു പുറത്തു വന്നപ്പോള്‍ ഉണ്ടായത്. എന്നാല്‍, പുറത്താകട്ടെ സിനിമയെ സംബന്ധിച്ച് വാഴ്ത്തിപ്പാടലുകളാണ് എങ്ങും. ആകെ സ്ഥലജലവിഭ്രാന്തിയിലായെന്നത് പറയേണ്ടതില്ലല്ലോ. അതു മാത്രമല്ല, മൂന്നു മണിക്കൂര്‍ ഇരുട്ടിലിരുന്ന് പുറത്തു വരുമ്പോഴാണ് ഇടിത്തീ പോലെ അക്കാര്യം എഴുതിത്തെളിഞ്ഞത്. കല്‍ക്കിയുടെ അടുത്ത ഭാഗങ്ങള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും! അതും രണ്ടാം ഭാഗത്തില്‍ തീര്‍ന്നു കൊള്ളണമെന്നുമില്ല. കല്‍ക്കി സിനിമാറ്റിക് യൂണിവേഴ്‌സ് എന്നൊക്കെയാണ് അടിച്ചുവിട്ടിരിക്കുന്നത്. എന്തായാലും കാണികളെ പരിക്ഷീണരാക്കുക എന്ന കാര്യത്തില്‍ കല്‍ക്കി ഒന്നാം ഭാഗം തന്നെ മഹാവിജയം നേടിയിരിക്കുന്നു.

സൂപ്പര്‍താരങ്ങളായ അമിതാബ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പാദുക്കോണ്‍, ശോഭന, ദുല്‍ക്കര്‍ സല്‍മാന്‍, വിജയ് ദേവരക്കൊണ്ട തുടങ്ങി പശുപതി, അന്നാബെന്‍, എസ് എസ് രാജമൗലി, സന്തോഷ് നാരായണന്‍, രാം ഗോപാല്‍ വര്‍മ്മ എന്നിങ്ങനെ ഇന്ത്യന്‍ സിനിമയുടെ ഒരു സൂപ്പര്‍ സ്റ്റോര്‍ തന്നെയാണ് കല്‍ക്കി 2898 എഡി എന്ന് താരനിര നോക്കിയാല്‍ തോന്നും. എന്നാല്‍, ഈ സിനിമയുടെ വിനോദ മൂല്യം എന്താണ് എന്ന കാര്യമാണ് ഒട്ടും പിടികിട്ടാത്തത്.

ഹിന്ദു പുരാണ കഥകളും കായിക പ്രകടനങ്ങളും തെലുങ്കു സിനിമയിലെ നൃത്ത-ഗാന-സംഘട്ടന-പ്രണയ പ്രമേയ ഖണ്ഡങ്ങളും സയന്‍സ് ഫിക്ഷന്റെ ചട്ടക്കൂടിലേയ്ക്ക് ഉരുക്കിയൊഴിച്ചിരിക്കുകയാണ് കല്‍ക്കി എന്നു പ്രാഥമികമായി വിലയിരുത്താം. ഗാര്‍ഡിയനില്‍ ലെസ്ലി ഫെല്‍പെരിന്‍ അഭിപ്രായപ്പെടുന്നതു പോലെ, ഇതെല്ലാം കൂകിപ്പായുന്ന തീവണ്ടി പോലെ അതിവേഗത്തില്‍ മിന്നിമറയുകയാണെന്നു മാത്രം.

വെളിപ്പെടുത്തലുകളും തിരിച്ചടികളും ക്ഷോഭങ്ങളും ഉദ്വേഗങ്ങളും നല്‍കാനായി നിരവധി സംഘട്ടനങ്ങളും യുദ്ധങ്ങളും കൊലകളും പുനര്‍ജന്മങ്ങളും എല്ലാമാണ് സിനിമയിലുള്ളത്. പ്രാചീനകാലത്തില്‍ നിന്ന് ഭാവിയിലേക്കും തിരിച്ചും എല്ലാം സമയയാത്ര ചെയ്താലേ ഇതെല്ലാം ഉള്‍ക്കൊള്ളാനാവുകയുള്ളൂ. മഹാഭാരതയുദ്ധത്തില്‍ നിന്ന് ഭാവിയിലുണ്ടായേക്കാവുന്ന സമ്പൂര്‍ണ നാശത്തിലേയ്ക്കും തിരിച്ചും സഞ്ചരിക്കുകയാണ് സിനിമ. കാശിയിലെ കോംപ്ലക്‌സില്‍ അതിക്രൂരനും നിഷ്ഠുരനുമായ പ്രതിനായകന്‍ വാഴുന്നു. സുപ്രീം യാസ്‌ക്കിന്‍ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കമല്‍ ഹാസനാണ്. കല്‍ക്കിയ്ക്കു പുറകെ എത്തിയ ഇന്ത്യന്‍ രണ്ടു കൂടിയായതോടെ, ഉലകനായകനായ കമലിന്റെ കാര്യം ഏതാണ്ട് തീരുമാനമായിട്ടുണ്ട്.

കോംപ്ലക്‌സ് എന്ന വിചിത്ര ലോകത്തില്‍, കൃത്രിമമായി ഗര്‍ഭധാരണം നടത്തപ്പെട്ട യുവതികളില്‍ നിന്ന് ചില കോശങ്ങള്‍ വേര്‍തിരിച്ചെടുത്ത് പരീക്ഷണങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ് അധികാരികള്‍. ഫാസിസത്തിന്റെ ആനന്ദങ്ങളിലിപ്രകാരമുള്ള പരീക്ഷണങ്ങളുള്‍പ്പെടും എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ അധികാരാനന്ദചരിത്രത്തില്‍ കല്‍ക്കിയുടെ സ്ഥാനം എന്തായിരിക്കും എന്ന കാര്യം വിലയിരുത്താറായിട്ടില്ല.

മഹാഭാരതത്തെ മട്രിക്‌സും മാഡ്മാക്‌സുമായി ലയിപ്പിച്ചാല്‍ കല്‍ക്കിയുടെ വണ്‍ലൈനായി എന്നാണ് ലെസ്ലി ഫെല്‍പെരിന്‍ നിരീക്ഷിക്കുന്നത്. ബ്ലാക്ക് പാന്തര്‍ സിനിമകളില്‍ വിഭാവനം ചെയ്യപ്പെടുന്ന ആഫ്രോഫ്യൂച്ചറിസത്തിന് സമാന്തരമായി ഇന്തോഫ്യൂച്ചറിസത്തിലേയ്ക്കാണോ കല്‍ക്കി ലക്ഷ്യമിടുന്നത് എന്നും ലെസ്ലി ഫെല്‍പെരിന്‍ സംശയിക്കുന്നു. എന്നാല്‍, സമ്പൂര്‍ണ വിനാശത്തിനു ശേഷമുള്ള ലോകത്തില്‍, പഴയ സിനിമകളില്‍ പതിവുള്ള രാജാക്കന്മാരും രാജാങ്കണങ്ങളും അവരുടെ നീതിയുമാണ് ബാക്കി നില്‍ക്കുക എന്ന യുക്തി പ്രവര്‍ത്തനക്ഷമമാകുമ്പോഴുണ്ടാകുന്ന വികാരവിജൃംഭണങ്ങളാണ് ഏറ്റവും കൗതുകകരം.

അറുനൂറ് കോടി ചെലവിട്ട് നിര്‍മ്മിച്ച കല്‍ക്കി ആയിരം കോടി ബോക്‌സോഫീസില്‍ നിന്ന് നേടി എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി, പരീക്ഷണശാലയിലാണ് പിറക്കുക എന്നാണ് കല്‍ക്കി അവതരിപ്പിക്കുന്ന ന്യായം. ദശാവതാരകഥയെ ശാസ്ത്ര ഭാവന കൊണ്ട് സാധൂകരിക്കുകയാണോ അതോ ശാസ്ത്ര-സാങ്കേതിക യുക്തികളെ ഹൈന്ദവപുരാണ വിശ്വാസം കൊണ്ട് പൊലിപ്പിക്കുകയാണോ സംവിധായകനായ നാഗ് അശ്വിന്റെയും സഹ തിരക്കഥാകൃത്തുക്കളുടെയും ഉദ്ദേശ്യം എന്ന് പറയാറായിട്ടില്ല.

കല്‍ക്കിയിലൂടെ ഹോളിവുഡിനെ ഇന്ത്യന്‍ സിനിമ മലര്‍ത്തിയടിച്ചിരിക്കുകയാണ് എന്നാണ്, ചില പി ആര്‍ വാഴ്ത്തുപാട്ടുകളില്‍ സ്തുതിച്ചിരിക്കുന്നത്. അറുനൂറ് കോടിയില്‍ പി ആറിന് ചെലവിട്ടത് നാല്പതിനും അറുപതിനും ഇടയില്‍ കോടി രൂപയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. സിനിമയില്‍ നിലംപരിശാവാത്തവര്‍ പി ആറില്‍ നിലംപരിശാവും എന്നര്‍ത്ഥം.

ഉപഗ്രഹം വിക്ഷേപിക്കുമ്പോള്‍, ചെറുനാരങ്ങ കെട്ടിയിടുന്നതു പോലെയും ഭൂമി പൂജ ചെയ്യുന്നതു പോലെയും, ശാസ്ത്രവും വിശ്വാസവും കൂട്ടിക്കുഴയ്ക്കുകയാണ് വാസ്തവത്തില്‍ കല്‍ക്കിയും ചെയ്യുന്നത്. രാഹുല്‍ ദേശായി ഫിലിം കമ്പാനിയനിലെഴുതിയ ലേഖനത്തില്‍ പറയുന്നതു പോലെ; ഹിന്ദു വിശ്വാസത്തിന്റെ പവിത്രത ഇല്ലാത്ത ലോകം നിലനില്‍ക്കില്ല എന്നാണ് ഈ സിനിമ പറഞ്ഞു വെക്കുന്നത് എന്നു വാദിക്കാം. അതേ സമയം, പുരാണമെന്നത് കഥയാണെന്നും പരിണാമങ്ങളും മാറ്റങ്ങളും അതിന്റെ ഭാഷയാണെന്നും വ്യാഖ്യാനിക്കുകയുമാവാം. മതമുണ്ടായിട്ടും ദൈവമെവിടെയെന്ന ദാര്‍ശനിക ചോദ്യമാണുന്നയിക്കപ്പെടുന്നതെന്നും വിചാരിക്കാം.

അശ്വത്ഥാമാവും (അമിതാബ് ബച്ചന്‍) ഭൈരവയും (പ്രഭാസ്) തമ്മിലുള്ള യുദ്ധം, കല്പനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ളതാണെന്നതു പോലെ വിശ്വാസവും പുരോഗതിയും തമ്മിലുള്ളതുമാണ് എന്നാണ് രാഹുല്‍ ദേശായി പറയുന്നത്. അവിടെ കൃത്യമായ വിജയമോ വിജയിയോ ഇല്ല. മാത്രമല്ല, അവര്‍ യോജിക്കാനും പോകുകയാണ്. അതാണല്ലോ സിനിമാറ്റിക് യൂണിവേഴ്‌സുകളിലെ സ്ഥിരഫോര്‍മുല. കല്‍ക്കിയുടെ ഭ്രൂണം, ഫ്യൂച്ചറിസ്റ്റിക്കായ ഒരു പരീക്ഷണശാലയില്‍ വെച്ച് ഹ്യൂമനോയ്ഡ് എന്നു കരുതപ്പെടുന്ന ഒരു യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെടുന്നു. നാഗരികതയും നമ്മള്‍ കേട്ട് കേട്ട് യാഥാര്‍ത്ഥ്യമായിത്തീര്‍ന്ന കഥകളും തമ്മിലുള്ള സംലയനമാണോ അതോ സംഘര്‍ഷമാണോ ഇതിന്റെ പ്രതീകാത്മകത എന്നും ചര്‍ച്ച ചെയ്യാം.

രാഹുല്‍ ദേശായി പറയുന്നതു പോലെ, തങ്ങളുടെ ദര്‍ശനത്തെ മറച്ചുവെക്കാനുള്ള സ്രഷ്ടാക്കളുടെ പരിശ്രമമാണ് കല്‍ക്കിയെ നിഗൂഢമാക്കുന്നതും അതാര്യമാക്കുന്നതും. പ്രമേയത്തിലെ ലഘൂകരണം കൊണ്ട് അതിന്റെ ആഖ്യാന സങ്കീര്‍ണതയെ പരിഹരിക്കാനാവുന്നില്ല. സിനിമയില്‍ കൊണ്ടുവന്ന സസ്‌പെന്‍സുകളും ട്വിസ്റ്റുകളും അതിനെ തന്നെ തിരിഞ്ഞു കൊത്തുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + 20 =

Most Popular