ഒരു സമൂഹത്തിന് ആവശ്യമായ അടിസ്ഥാന കായിക സൗകര്യങ്ങളുടെ ലഭ്യത, ഫലപ്രദമായ വിന്യാസം, ഗുണനിലവാരമുള്ള കായിക പഠനം എന്നിവ ഉറപ്പുവരുത്തുന്ന സംഘടിതവും ബോധപൂർവ്വവുമായ പ്രക്രിയയാണ് കായിക വികസനം. വ്യക്തിഗതവും സാമൂഹികവുമായ നേട്ടങ്ങൾ ഉറപ്പുവരുത്തുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ അടിസ്ഥാനതലം മുതൽ വരേണ്യവർഗംവരെയുള്ള എല്ലാവരിലും കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുകയെന്നത് ഇതിൽ പ്രധാനമാണ്. സമൂഹത്തിലെ എല്ലായിടങ്ങളിലും കായികപരമായ അവസരങ്ങളുടെ വേരോട്ടം ശക്തമായി പ്രോത്സാഹിപ്പിക്കുകയാണ് കായിക വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാകുന്നതിനുള്ള നൂതന വികസന മാതൃകയുടെ പട്ടികയിൽ കായിക സമ്പദ് വ്യവസ്ഥയെക്കൂടി കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽനൽകിവരികയാണ്. കായികമേഖലയിലെ വിവിധ ഘടകങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് സമ്പത്ത് സൃഷ്ടിക്കുകയും കായിക വികസനത്തിനുവേണ്ടി അത് വിനിയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനാണ് കായിക സമ്പദ്‌വ്യവസ്ഥയിൽ മുഖ്യമായും പ്രാധാന്യം നൽകുന്നത്. കായികപരമായ പുരോഗതി കൈവരിക്കുന്തോറും മാനവികതയുടെ വളർച്ചയെയും സമാനനിലയിൽ ഉയർത്തിക്കൊണ്ടുവരാനും കേരളം ഇതിലൂടെ ഉദ്ദേശിക്കുന്നു. ഇത്തരത്തിൽ ദീർഘവീക്ഷണമുള്ളതും ഭാവിയിലെ കായിക നേട്ടങ്ങളെ പ്രതീക്ഷിച്ചുകൊണ്ടുള്ളതുമായ ഫലപ്രദമായ ഇടപെടൽ സംസ്ഥാനവ്യാപകമായി കഴിഞ്ഞ കുറെനാളുകളായി നടന്നുവരികയാണ്. നമ്മുടെ സംസ്ഥാനത്ത് ഭരണം നിർവഹിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ കായികപരമായ പുരോഗതി വർദ്ധിപ്പിക്കുവാനും വെൽനസ് എന്ന കാഴ്ചപ്പാട് വ്യാപിപ്പിക്കുവാനും ഉതകുന്ന നിലയിലുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.
കളിക്കളങ്ങളാൽ സമ്പന്നമാകുന്ന കേരളം
ഗ്രാമ നഗര വ്യത്യാസമന്യേ എല്ലായിടങ്ങളിലും കളിക്കളങ്ങൾ നിർമ്മിച്ചു നൽകുന്നതിൽ ഫലപ്രദമായ ഇടപെടൽ നടന്നുവരികയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മാധ്യമശ്രദ്ധ നൽകുന്ന കായിക മേളയായ സംസ്ഥാന സ്കൂൾ കായികോത്സവം മുൻകാലങ്ങളിൽ സിന്തറ്റിക് ട്രാക്കുകളുള്ള ചുരുക്കം ചില ജില്ലകളിൽ മാത്രമായിരുന്നു നടന്നിരുന്നത്. ഏതാനും ജില്ലകളിൽ പരിമിതപ്പെട്ട് സംഘടിപ്പിച്ചിരുന്ന സംസ്ഥാന സ്കൂൾ കായിക മാമാങ്കം ഇന്ന് നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടത്തുവാൻ കഴിയുന്ന നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. അത്യാധുനിക സ്റ്റേഡിയങ്ങൾ പുതുതായി രൂപപ്പെട്ടു വന്നത് കായിക സൗകര്യങ്ങളുടെ വികേന്ദ്രീകൃതരൂപത്തിന്റെ ഉദാത്തമായ മാതൃകയായി ലോകത്തിനു മുന്നിൽ നിൽക്കുകയാണ്. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുവാൻ ലക്ഷ്യമിട്ട് ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ എന്ന പദ്ധതി നടപ്പിലാക്കി. ഈ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയം സമയബന്ധിതമായി നാടിന് സമർപ്പിക്കുവാൻ സാധിച്ചു. ഓരോ പ്രദേശത്തെയും ജനങ്ങളുടെ കായിക ക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി കളിക്കളങ്ങൾ നിർമ്മിച്ചു നൽകുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ആദ്യഘട്ടമായി 124 പഞ്ചായത്തുകളിലെ കളിക്കളനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. നഗരകേന്ദ്രീകൃതമായി മാത്രം കായിക പരിശീലന സൗകര്യങ്ങൾ നിലവിലുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഗ്രാമങ്ങളിലെ പ്രതിഭാധനരായ കായികതാരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും സർക്കാർ പ്രത്യേകം ശ്രദ്ധ നൽകിവരുന്നു. ബോക്സിങ്ങിലെ പുതിയ താരങ്ങളെ വാർത്തെടുക്കുന്നതിനുവേണ്ടി രൂപീകരിച്ച പദ്ധതിയായ പഞ്ച്, ഫുട്ബോളിലെ താല്പര്യം വർദ്ധിപ്പിക്കുവാനായി ആവിഷ്കരിച്ച പദ്ധതിയായ ഗോൾ, പുതിയ ബാസ്കറ്റ്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിനുവേണ്ടി തുടങ്ങിയ ഹൂപ്സ്, അത്ലറ്റിക്സിൽ മികച്ച താരങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി ആരംഭിച്ച സ്‌പ്രിന്റ്, ജൂഡോ താരങ്ങൾക്ക് വേണ്ടി ആരംഭിച്ച ജൂഡോകോ തുടങ്ങിയ നിരവധി പദ്ധതികൾ വളരെ കാര്യക്ഷമമായ രീതിയിൽ കായിക യുവജനകാര്യാലയത്തിന്റെ മേൽനോട്ടത്തിൽ നടന്നുവരികയാണ്.
അടിസ്ഥാന സൗകര്യ വികസനത്തിന് നൽകിവരുന്ന പ്രത്യേക ശ്രദ്ധ
ഏറ്റവും ഫലപ്രദമായ രീതിയിൽ കായിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യ വികസനവും വളരെ മികച്ച രീതിയിൽ നടന്നുവരികയാണ്. കായികപരിശീലന മേഖലയിൽ തികഞ്ഞ പ്രൊഫഷണൽ സമീപനം കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടും കായിക യുവജനകാര്യവകുപ്പിന്റെ തനതുഫണ്ടും ഉപയോഗിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി 1700 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്. എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളും ഫിറ്റ്നസ് സെന്ററുകളും പൂർത്തീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് സ്വതന്ത്രമായ രീതിയിൽ ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളാണ് ഇത്തരം സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കുന്നതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. അന്തർദേശീയ നിലവാരമുള്ള സഹ താരങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ഹൈ പെർഫോമൻസ് അക്കാദമികൾ നിലവിൽ പ്രവർത്തിച്ചുവരികയാണ്. കായിക മത്സരങ്ങളുടെ ഫലപ്രദമായ നടത്തിപ്പിനും സർട്ടിഫിക്കറ്റുകളുടെ ശരിയായ വിതരണത്തിനും അനുയോജ്യമായ നിലയിൽ ഇ-‐സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുവാൻ തീരുമാനിച്ചതിലൂടെ ഈ മേഖലയിൽ നിന്നിരുന്ന തെറ്റായ പ്രവണതകൾക്ക് ശാശ്വതമായ പരിഹാരവും സുതാര്യതയും ഉറപ്പാക്കുവാൻ സാധിച്ചിട്ടുണ്ട്. കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് സ്കൂളുകളിൽ മികച്ച കായിക അന്തരീക്ഷം നിലനിർത്തുവാനും മികച്ച കായിക സൗകര്യങ്ങൾ ഒരുക്കുവാനും സാധിച്ചിട്ടുണ്ട്. പുതിയ താരങ്ങളുടെ കടന്നുവരവിന് ഇത് ഏറെ പ്രചോദനമായിട്ടുണ്ട്.
സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്പോർട്സ് കേന്ദ്രീകൃതമായ പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കുവാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കായിക യുവജന കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ വിവിധ കായിക നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി നടന്നുവരുന്നു. അന്താരാഷ്ട്ര കായിക പങ്കാളിത്തത്തിന്റെ ഭാഗമായി കേരളവും ക്യൂബയും കൈകോർത്തുകൊണ്ട് തിരുവനന്തപുരത്ത് വച്ച് രാജ്യാന്തര ചെസ്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത് വേറിട്ട അനുഭവമായി. സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ കായിക പദ്ധതികൾ ഏകോപിപ്പിക്കുന്നതിനുവേണ്ടിയുള്ള കർമ്മപദ്ധതികൾ കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇതിലൂടെ ഗുണനിലവാരമുള്ള പ്രവർത്തനങ്ങൾ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുവാനും കായിക പദ്ധതികളുടെ ആവർത്തനം ഒഴിവാക്കുവാനും സർക്കാർ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കുവാനും ലക്ഷ്യമിടുന്നു. തീരദേശത്തുള്ള കുട്ടികളുടെ കായിക കരുത്ത് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ തീരദേശ ഗെയിംസ് വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്.
പ്രതീക്ഷയോടെ കായിക നയം നടപ്പിലാക്കുമ്പോൾ
എല്ലാവർക്കും സ്പോർട്സ് എന്ന പ്രധാനപ്പെട്ട ആശയത്തെ മുൻനിർത്തി കായികരംഗത്ത് മികവ് വർദ്ധിപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്ത് കായിക നയം അവതരിപ്പിക്കപ്പെട്ടത്. കായിക പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലും പ്രാദേശിക തലത്തിൽ മികച്ച കായിക പ്രകടനം ഉറപ്പാക്കുന്നതിലും കായിക നയം ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. വളരെ സമഗ്രവും വികസിതവുമായ കായിക ആവാസ വ്യവസ്ഥ വിഭാവനം ചെയ്യുന്ന സംസ്ഥാനത്തിന്റെ വൈവിധ്യമാർന്ന കായിക ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിന് നൂതനമായ കായിക നയം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കായിക മേഖലയെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകയും കായികാനുബന്ധ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്‌തു. കായിക സമ്പദ്ഘടന വിലപ്പെടുത്തുവാനുള്ള ശ്രമങ്ങളും ഫലപ്രദമായി നടന്നുവരികയാണ്. കമ്മ്യൂണിറ്റി സ്പോർട്സ്, കായിക സാക്ഷരത തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് എല്ലാ വിഭാഗം ആളുകൾക്കിടയിലും പ്രചരണം വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. പ്രീപ്രൈമറി, പ്രൈമറി കാലഘട്ടത്തിലെ കുട്ടികളിൽ സമഗ്രമായ ആരോഗ്യവും കായിക ക്ഷമതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി എസ്.സി.ഇ.ആർ.ടി വികസിപ്പിച്ച് കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ നടന്നുവരുന്ന പദ്ധതിയാണ് ഹെൽത്ത് കിഡ്സ്, കായിക യുവജനകാര്യ വകുപ്പിന്റെ മേൽനോട്ടത്തിൽ വിദ്യാലയങ്ങൾക്ക് ആവശ്യമായ കായിക ഉപകരണങ്ങൾ വിതരണം ചെയ്യും. കുട്ടിയുടെ കായികപ്രകടനങ്ങൾ വിലയിരുത്തുന്നതിന് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യതയും ഉപയോഗപ്പെടുത്തുന്നുണ്ട്. ആരോഗ്യമുള്ള ഒരു ഭാവിതലമുറയെ വാർത്തെടുക്കുന്നതിന് ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. ഈ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനു വേണ്ടി ഈ വർഷത്തെ ബജറ്റിൽ 6.5 കോടി രൂപ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. സാഹസിക കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരളത്തിലെ പാരിസ്ഥിതിക വൈവിധ്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. പാരാഗ്ലൈഡിങ് സർഫിംഗ്, മൗണ്ടൻ ബൈക്കിങ്, വാട്ടർ വൈറ്റ് റാഫ്റ്റിംഗ് എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കായിക സാഹസിക മത്സരങ്ങൾക്ക് സംസ്ഥാനം ആതിഥേയത്വം വഹിക്കും. ഇത് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ സാഹസികമായ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ തദ്ദേശീയരായ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര കായിക ഉച്ചകോടിയും(ISSK) തുടർ പ്രതിഫലനവും
കേരളത്തെ ഇന്ത്യയിലെ സ്പോർട്സ് ഹബ്ബാക്കി മാറ്റുവാനും സൂപ്പർ പവർ ആയി ഉയർത്തുവാനും ലക്ഷ്യമിട്ടാണ് കായിക യുവജനകാര്യ വകുപ്പിന്റെ മേൽനോട്ടത്തിൽ അന്താരാഷ്ട്ര കായിക ഉച്ചകോടി സംഘടിപ്പിച്ചത്. 2024 ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബ് ആണ് ഈ ആഗോള പരിപാടിക്ക് വേദിയായായത് . “ശരിയായ കായിക മനോഭാവത്തിലൂടെ സാമൂഹിക പരിവർത്തനം’ എന്നതായിരുന്നു കായിക ഉച്ചകോടിയുടെ മുഖ്യ തീം. ലോകത്തിനു പരിചിതമായതും അല്ലാത്തതുമായ കായിക വികസിത സാധ്യതകളെ പരിചയപ്പെടുത്തുകയും കേരള സാഹചര്യത്തിൽ ഇവ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ആഗോള ഉച്ചകോടിയിലൂടെ പ്രധാനമായും ഉദ്ദേശിച്ചത്. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം സംഘടിപ്പിച്ച കായിക ഉച്ചകോടിയിൽ കായിക സാമ്പത്തിക വ്യവസ്ഥയിലൂന്നിയുള്ള നിരവധി സെഷനുകൾ ഭാഗമായിരുന്നു. 25 പദ്ധതികളിലായി 5025 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുവാൻ സാധിച്ചു. കേരളം വിഭാവനം ചെയ്യുന്ന കായിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഊർജ്ജം പകരുന്ന പദ്ധതികളാണ് ഈ നിക്ഷേപങ്ങളിലൂടെ ലഭ്യമായിരിക്കുന്നത്. കാലവിളംബം ഇല്ലാതെ തന്നെ ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കായിക വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 2281 മുഴുവൻ സമയ പ്രതിനിധികൾ, 8 രാജ്യങ്ങളിൽ നിന്നുള്ള 13 വിദേശ അതിഥികൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 35 കായിക വിദഗ്ധർ എന്നിവർ സജീവമായി ഈ മെഗാ ഈവന്റിൽ പങ്കാളികളായി. 47 ഗവേഷണ പ്രബന്ധങ്ങളാണ് ഉച്ചകോടിയിൽ അവതരിപ്പിച്ചത്. ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സ്റ്റാർട്ടപ്പ് പിച്ചിൽ 18 സ്റ്റാർട്ടപ്പുകൾ ആശയങ്ങൾ അവതരിപ്പിച്ചു. 41 കായിക അസോസിയേഷനുകൾ, 14 ജില്ലാ സ്പോർട്സ് കൗൺസിലുകൾ എന്നിവർ തയ്യാറാക്കിയ മാസ്റ്റർപ്ലാനുകളും അവതരിപ്പിച്ചു. 632 മൈക്രോ സമ്മിറ്റുകളും, 14 ജില്ലാ സമ്മിറ്റുകളും അന്താരാഷ്ട്ര ഉച്ചകോടിക്ക് മുന്നോടിയായി പൂർത്തിയാക്കുവാൻ സാധിച്ചിരുന്നു. നൂറിലധികം വൺ ടു വൺ ബിസിനസ് മീറ്റിങ്ങുകളും 55 കമ്പനികൾ പങ്കെടുത്ത സ്പോർട്സ് എക്സിബിഷനും ഉച്ചകോടിയുടെ മാറ്റുയർത്തുന്നതിൽ നിർണായകമായി.
ഇ സ്പോർട്സ് രംഗത്തെ അന്തർദേശീയ കമ്പനികളുടെ പ്രദർശനം മികച്ച ബിസിനസ് അവസരം സംസ്ഥാനത്തു തുറക്കുന്നതിന് വഴിതെളിച്ചു. കൊച്ചിയിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് സിറ്റി പദ്ധതിക്കും കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കേരള ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയങ്ങളും നാല് ഫുട്ബോൾ അക്കാഡമികളും സ്ഥാപിക്കുന്നതിന് 800 കോടി രൂപയുടെ നിക്ഷേപം ഗ്രൂപ്പ് മീരാനും സ്കോർലൈൻ സ്പോർട്സും ചേർന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് . കൊച്ചിയിൽ 650 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കായിക സമുച്ചയമായ ലോഡ്സ് സ്പോർട്സ് സിറ്റിയാണ് മറ്റൊരു പ്രധാന പദ്ധതി. വിവിധ കായിക ഇനങ്ങളേയും അനുബന്ധ പ്രവർത്തനങ്ങളെയും ഒരു കുടയ്ക്കുകീഴിൽ കൊണ്ടുവരുന്ന ബൃഹത്പദ്ധതിയാണിത്. അതിവേഗം വളരുന്ന ഇ-‐സ്പോർട്സ് മേഖലയിൽ മികച്ച നിക്ഷേപം ആകർഷിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. നോ സ്കോപ്പ് ഗെയിമിങ് ഈ രംഗത്ത് കേരളത്തിൽ 350 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ വലിയ വളർച്ചാസാധ്യതകളുള്ള സാഹസിക കായിക വിനോദം, ജല കായിക വിനോദം എന്നീ രംഗങ്ങളിൽ 200 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്തെ പരിചയസമ്പന്നരായ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് വാഗ്ദാനം ചെയ്തു. കോഴിക്കോട് സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് 450 കോടി രൂപയുടെ നിക്ഷേപം പ്രീമിയർ ഗ്രൂപ്പും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫുട്ബോൾ താരം സി. കെ. വിനീതിന്റെ നേതൃത്വത്തിലുള്ള തേർട്ടീൻത്ത് ഫൗണ്ടേഷൻ 300 കോടിയുടെ നിക്ഷേപവുമായി അത്യാധുനിക കായിക പരിശീലനകേന്ദ്രവും ഭവന സമുച്ചയവും ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം കായിക പദ്ധതികൾ താഴെത്തട്ടിലെത്തിക്കുന്നതിന് 100 കോടി ചെലവിൽ സ്പോർട്സ് ഫോർ ഓൾ പദ്ധതിയും ഉച്ചകോടിയുടെ ഭാഗമായി പ്രഖ്യാപിച്ചു.
കായിക ഭവന്റെ രൂപീകരണം
സംസ്ഥാന കായിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി വിഭാവനം ചെയ്ത പുതിയ കായിക ഭവൻ സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കായിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ കായിക ഭവൻ നിർമ്മിക്കുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ കായിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ പ്രവർത്തനം സുഗമമാക്കുവാനും ഫലപ്രദമായ ഏകോപനം സാധ്യമാക്കുവാനും കഴിയും. കായിക യുവജനകാര്യ ഡയറക്ടറേറ്റ്, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, സ്പോർട്സ് കേരള ഫൗണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും പദ്ധതികൾ,നയങ്ങൾ, ഉത്തരവുകൾ എന്നിവ നടപ്പിലാക്കുമ്പോഴുള്ള ആവർത്തനങ്ങളും ആശയക്കുഴപ്പവും ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
സമീപകാല കായിക പ്രകടനങ്ങളും സൂപ്പർ ലീഗ് ആവേശവും
ഗോവയിൽ വച്ച് നടന്ന 37 മത് ദേശീയ ഗെയിംസിൽ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും സർവീസസ് സ്പോർട്സ് കൺട്രോൾ ബോർഡിൽ നിന്നുമുള്ള കായികതാരങ്ങൾ മത്സരിച്ചപ്പോൾ 36 സ്വർണവും 24 വെള്ളിയും 27 വെങ്കലവും ഉൾപ്പെടെ 84 മെഡലുകളോടെ കേരളം അഞ്ചാം സ്ഥാനം നിലനിർത്തി. ഇന്ത്യൻ പുരുഷ 20-20 ക്രിക്കറ്റ് ടീമിൽ ഇടം നേടുവാൻ മലയാളി താരമായ സഞ്ജു സാംസണ് സാധിച്ചത് കേരളത്തിലെ ക്രിക്കറ്റ് മേഖലയ്ക്ക് ആവേശം പകരുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മിന്നുമണിയോടൊപ്പം സജന സജീവൻ, ആശ ശോഭന എന്നീ താരങ്ങൾ കൂടി ഇടംപിടിച്ചത് ഭാവിയിൽ കൂടുതൽ മെഡൽ പ്രതീക്ഷക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടയിൽ ഒളിമ്പിക് സ് പ്രതീക്ഷയായിരുന്ന ലോങ്ങ് ജംപ് താരം എം.ശ്രീശങ്കറിന് അപ്രതീക്ഷിതമായി സംഭവിച്ച പരിക്ക് മെഡൽ നേട്ടത്തിന് തിരിച്ചടിയായി. 2024 ജൂലൈ 26 മുതൽ പാരീസിൽ ആരംഭിക്കുന്ന ലോക കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്ന കേരള താരങ്ങളുടെ മികച്ച പ്രകടനത്തിനായി സംസ്ഥാനമാകെ കാത്തിരിക്കുകയാണ്. കേരള ഫുട് ബോളിന് പുത്തനുണർവ് പകർന്ന് സൂപ്പർ ലീഗ് കേരളയ്ക്ക് ആവേശത്തുടക്കമായി. രണ്ടു വർഷത്തെ തയ്യാറെടുപ്പുകൾക്കൊടുവിലാണ് പ്രൊഫഷണൽ ഫുട്ബോളിന്റെ കേരള മോഡലിന് കിക്കോഫ് മുഴങ്ങുന്നത്. ജനുവരിയിൽ കായികവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ പ്രൊഫഷണൽ ലീഗുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആദ്യ ചുവടുവയ്പ് എന്നനിലയിൽ 6 ടീമുകളാണ് സൂപ്പർ ലീഗിൽ മത്സരിക്കുക. കൊച്ചി, മഞ്ചേരി, കോഴിക്കോട് എന്നീ ഫുട്ബോൾ കേന്ദ്രങ്ങളിൽ നടക്കുന്ന മത്സരങ്ങൾ വലിയ തോതിൽ കാണികളെ ആകർഷിക്കുമെന്നുറപ്പാണ്. നിലവാരമുള്ള മത്സരങ്ങൾ കാണാൻ ഇവിടത്തെ ആസ്വാദകർക്ക് അവസരം ഒരുങ്ങുകയും വളർന്നു വരുന്ന താരങ്ങൾക്ക് വലിയ പ്രചോദനവുമാകുന്നു.
കായികരംഗത്ത് കേരളത്തിന്റെ സമീപകാല മുന്നേറ്റം ശക്തമായ കായിക സംസ്കാരം വളർത്തിയെടുക്കുവാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. കായിക മേഖലയിലെ നിക്ഷേപ സാധ്യതകൾ, നയരൂപീകരണം, ജനങ്ങളുടെ സജീവമായ പങ്കാളിത്തം എന്നിവയിലൂടെ കേരളം ഇന്ത്യയിലെ കായിക മികവിന്റെ ഉദാത്തമായ മാതൃകയായി മാറുന്നു. സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് കായികരംഗത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുവാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ നേട്ടങ്ങൾ മറ്റുള്ള സംസ്ഥാനങ്ങൾക്കുകൂടി പ്രചോദനം നൽകുന്നവയാണ്. കായിക വികസനത്തിന്റെ തുടർച്ചയായി അന്താരാഷ്ട്ര ഈവന്റുകൾ സംഘടിപ്പിക്കുവാനും കായിക ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുവാനും കായികതാരങ്ങൾക്ക് ഏറ്റവും മികച്ച പരിശീലന സംവിധാനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുവാനും ആവശ്യമായ ദീർഘകാല പദ്ധതികൾക്ക് സംസ്ഥാനം രൂപം നൽകിവരികയാണ്. സുസ്ഥിരമായ കായിക വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ മേന്മ ആഗോള ശ്രദ്ധയാകർഷിക്കുന്നു. ഇത്തരത്തിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഒരു സജീവ കായിക കേന്ദ്രം എന്ന നിലയിലുള്ള സംസ്ഥാനത്തിന്റെ പ്രശസ്തി കൂടുതൽ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ♦