Tuesday, September 17, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്യന്ത്രങ്ങളെക്കുറിച്ച് മാർക്സ്

യന്ത്രങ്ങളെക്കുറിച്ച് മാർക്സ്

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 51

“ഇന്നോളം കണ്ടുപിടിക്കപ്പെട്ട യന്ത്രങ്ങളേതെങ്കിലും മനുഷ്യന്റെ അധ്വാനഭാരം ലഘൂകരിച്ചിട്ടുണ്ടോ എന്ന കാര്യം സംശയാസ്പദമാണ്’’. Principles of political economy എന്ന വിഖ്യാത അർത്ഥശാസ്ത്ര ഗ്രന്ഥത്തിൽ ജോൺ സ്റ്റുവർട്ട് മിൽ യന്ത്രത്തെക്കുറിച്ച് നടത്തുന്ന ഈ പരാമർശത്തോടെയാണ് മൂലധനത്തിലെ ‘യന്ത്രങ്ങളും ആധുനിക വ്യവസായവും’ 15‐ാം ആധ്യായം മാർക്സ് ആരംഭിക്കുന്നത്. മൂലധനത്തിലെ ദൈർഘ്യമേറിയ അധ്യായമാണിത്. എന്തുകൊണ്ടാവും തന്റെ ഏറ്റവും സുപ്രധാനമായ അർത്ഥശാസ്ത്ര ഗ്രന്ഥത്തിൽ യന്ത്രങ്ങളെക്കുറിച്ച് മാർക്സ് സുദീർഘമായി ഉപന്യസിച്ചിട്ടുണ്ടാവുക. യന്ത്രങ്ങളെ ആഴത്തിൽ നിർവ്വചിക്കാൻ ശ്രമിക്കുക, യന്ത്രങ്ങളുടെ ചരിത്രപരമായ വികാസത്തെ അവതരിപ്പിക്കുക, ഒരു ചരക്കിന്റെ മൂല്യം യന്ത്രങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുക, പരമ്പരാഗത തൊഴിൽ സേനയിലേക്ക് പുതിയ വിഭാഗങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ യന്ത്രങ്ങൾ ഇടയാക്കിയതെങ്ങനെ, തൊഴിൽദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കുന്നതിനും അധ്വാനം കൂടുതൽ തീവ്രമാക്കുന്നതിനും അതിടയാക്കിയതെങ്ങനെ എന്ന് സമർത്ഥിക്കുക, പുതിയ രീതിയിലുള്ള തൊഴിൽസംഘടനകൾ രൂപംകൊള്ളുന്നതിന്‌ അതെങ്ങനെ ഇടയാക്കി എന്ന് വിശദീകരിക്കുക എന്നിങ്ങനെ യന്ത്രങ്ങളെക്കുറിച്ച് മാർക്സ് സുദീർഘമായി പറഞ്ഞുപോകുന്നുണ്ട് ഈ അധ്യായത്തിൽ. ഒന്നര നൂറ്റാണ്ടിനു മുൻപ് എഴുതപ്പെട്ട ഈ പ്രബന്ധങ്ങൾക്ക്, അതും കായികാധ്വാനത്തെ കേന്ദ്രകരിച്ചും വൻകിട നിർമ്മാണശാലകൾ കേന്ദ്രീകരിച്ചും ഉല്പാദനപ്രവർത്തനങ്ങൾ നടത്തപ്പെട്ടിരുന്ന ഒരു കാലത്തെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, ഡിജിറ്റൽ സാങ്കേതികവിദ്യകളെ ആസ്പദമാക്കിയ സേവനമേഖലയുടെയും നിർമിതബുദ്ധിയുടെയും ഈ കാലത്ത് എന്താണ് പ്രസക്തി എന്ന ചോദ്യം സ്വാഭാവികമാണ്. ചുരുങ്ങിയ വാക്കുകളിൽ ഈ കാര്യങ്ങൾ വിശദമാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ആധുനിക വ്യവസായം അധ്വാനോപകരണങ്ങളെ കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത്. ലഘു കരുക്കളിൽനിന്ന് (Tools) യന്ത്രങ്ങൾ രൂപപ്പെട്ടതെങ്ങിനെ, അല്ലെങ്കിൽ കൈത്തൊഴിൽ പണിക്കോപ്പുകൾക്കും യന്ത്രങ്ങൾക്കും തമ്മിലുള്ള വ്യത്യാസമെന്ത് എന്നാണ് മാർക്സ് ആദ്യം അന്വേഷിക്കുന്നത്. യന്ത്രത്തിനും കരുവിനും തമ്മിൽ കാതലായ വ്യത്യാസമൊന്നുമില്ല എന്ന ചരിത്രേതരമായ പണ്ഡിതലോകത്തിന്റെ അഭിപ്രായങ്ങളോട് മാർക്സ് വിയോജിക്കുന്നു. കരുവിനെ പ്രവർത്തിപ്പിക്കുന്ന ശക്തി മനുഷ്യനാണ്; യന്ത്രങ്ങളുടെ കാര്യത്തിലാകട്ടെ മനുഷ്യനല്ല, മൃഗമോ (കുതിര, കാള തുടങ്ങിയ) ജലമോ കാറ്റോ ഒക്കെയാണ്. 1735ൽ ജോൺ വ്യാറ്റ് തന്റെ നൂൽനൂൽപ്പ് യന്ത്രം കണ്ടുപിടിക്കുകയും 18‐ാം നൂറ്റാണ്ടിലെ വ്യവസായവിപ്ലവത്തിന് അത് അടിത്തറയിടുകയും ചെയ്തപ്പോൾ തന്റെ യന്ത്രം മനുഷ്യനെക്കൊണ്ടല്ലാതെ കഴുതയെക്കൊണ്ട് പ്രവർത്തിപ്പിക്കാനാവുമെന്ന് അദ്ദേഹം സൂചിപ്പിക്കുകപോലും ചെയ്തില്ല. എങ്കിലും കഴുതയ്ക്കാണ് ആ ജോലി ചെയ്യേണ്ടിവന്നതെന്ന് മാർക്സ് ഹാസ്യരൂപേണ പറയുന്നുണ്ട്. ‘വിരലുകൾ ഉപയോഗിക്കാതെ നൂൽ നൂൽക്കാവുന്ന യന്ത്രം’ എന്നാണ് അദ്ദേഹം അതിനെ വിവരിച്ചത്.

യന്ത്രത്തിന്റെ അനാറ്റോമിയാണ് മാർക്സ് പിന്നീട് വിവരിക്കുന്നത്. സമ്പൂർണവികസിതമായ യന്ത്രസംവിധാനത്തിൽ മൂന്ന് വ്യത്യസ്ത ഘടകങ്ങളുണ്ടായിരിക്കും‐ -ചാലക ഘടകം (the motor mechanism), പ്രേക്ഷക ഘടകം (the transmitting mechanism), പ്രവർത്തന ഘടകം (the tool).

ആവിയന്ത്രത്തിന്റെയോ, വൈദ്യുതിയുടെയോ, മറ്റേതെങ്കിലും പ്രകൃതിശക്തിയുടെയോ സഹായത്താൽ ചാലകഘടകം യന്ത്രത്തെയാകെ ചലിപ്പിക്കുന്നു. പല ചക്രങ്ങളുടെയും ഗീയറിന്റെയും ഫ്‌ളൈവീലിന്റെയുമൊക്കെ സഹായത്താൽ പ്രേക്ഷകഘടകം ചലനത്തെ നിയന്ത്രിക്കുന്നു. ഈ രണ്ടുഘടകങ്ങൾ പ്രവർത്തകഘടകത്തെ ചലിപ്പിക്കുന്നു, അധ്വാനവിധേയമായ വസ്തുവിനെ രൂപാന്തരപ്പെടുത്തുന്നു. പ്രവർത്തനഘടകത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാറ്റമാണ് വ്യവസായവിപ്ലവം കൊണ്ടുവന്നത്. കൈത്തൊഴിലുകൾ വ്യവസായമായി മാറുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത് പ്രവർത്തനഘടകമാണ്. പ്രവർത്തകഘടകത്തിൽ നമുക്ക് കാണാൻ കഴിയുന്നത് കൈത്തൊഴിലുകാരൻ നേരത്തെ ഉപയോഗിച്ച അതേ പണിക്കോപ്പുകളും ഉപകരണങ്ങളുമാണ്. മനുഷ്യന്റെ പണിയായുധങ്ങളെന്ന നിലവിട്ട് അവ യന്ത്രത്തിന്റെ പണിയായുധങ്ങളായി എന്നുമാത്രം. നൂല്പുയന്ത്രത്തിലെ സ്പിൻഡിലുകളും, അറപ്പുയന്ത്രത്തിലെ വാളുകളും, കശാപ്പുയന്ത്രത്തിലെ കത്തികളും ഉദാഹരണങ്ങൾ. മുൻപ് തൊഴിലാളി ഉപയോഗിച്ചിരുന്നതിന് സദൃശമായ കരുക്കൾ ഉപയോഗിച്ച് അതേ പ്രവർത്തനങ്ങൾ നടത്തുന്ന മെക്കാനിസമാണ് യന്ത്രമനുഷ്യന്റെ കൈകളിൽനിന്നും പണിയായുധങ്ങൾ എടുത്തുമാറ്റി യന്ത്രത്തോടെ അവയെ വെച്ചുപിടിപ്പിക്കുന്നതോടെ അവ വലിയൊരു മാറ്റത്തിന് തുടക്കമിടുന്നു. ഒരൊറ്റ നൂൽപ്പുകാരനെ കൊണ്ട് രണ്ടു നൂല്പുചക്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വിഫലശ്രമങ്ങൾ ജർമനിയിൽ നടന്നിരുന്നുവെന്ന് മാർക്സ് ചൂണ്ടിക്കാട്ടുന്നു. യന്ത്രത്തറികൾ വരുന്നതോടെ നൂറുനൂൽപ്പുകാരനെ ഒരേസമയം പ്രവർത്തിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. ഒരു കൈത്തൊഴിലുകാരന് ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെ എണ്ണത്തെ നിയന്ത്രിച്ചിരുന്ന ശാരീരിക പരിമിതിയെ യന്ത്രം മറികടന്നു; അതിന് ഒരേസമയം നിരവധി പണിയായുധങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ശേഷി കൈവന്നു.

മെക്കാനിക്കൽ എൻജിനീയറിങ്ങിനെ സാമൂഹികശാസ്ത്രവുമായി ചേർത്തുവായിക്കുന്ന ഉജ്വല വിശകലനമാണ് ഇവിടെ മാർക്സ് നടത്തിയിരിക്കുന്നത്. മനുഷ്യനുമായി ബന്ധപ്പെട്ട ഒന്നിനെയും സാമൂഹിക പ്രക്രിയകളിൽ നിന്നും അടർത്തിമാറ്റാനാവില്ല എന്ന കാഴ്ചപ്പാടിന്റെ തികഞ്ഞ ഉദാഹരണമാണീ വിശകലനം.

പരസ്പരപൂരകങ്ങളായ വ്യത്യസ്ത യന്ത്രങ്ങളുടെ ശൃംഖലതന്നെ ഉപയോഗപ്പെടുത്തി, അധ്വാനവിധേയമാകുന്ന വസ്തുവിന്റെമേൽ പരസ്പരബന്ധിതങ്ങളായ പ്രത്യേക പ്രവർത്തന പ്രക്രിയകൾ നടത്തുമ്പോഴാണ് ഫാക്ടറി വ്യവസ്ഥ രൂപപ്പെടുന്നത്. നിർമാണത്തൊഴിൽ സമ്പ്രദായങ്ങളിൽ ഓരോ പ്രത്യേകജോലിയും ചെയ്യുന്നത് തൊഴിലാളികൾ തന്നെയാണ്. അവർ കൈത്തൊഴിലുപകരണങ്ങൾ ഉപയോഗിച്ച് ഒറ്റയായോ സംഘം ചേർന്നോ പണിയെടുക്കുന്നു. തൊഴിലാളികൾക്ക് ഇണങ്ങുന്ന രീതിയിൽ പ്രവർത്തനങ്ങൾ സജ്ജമാക്കും. തൊഴിൽ വിഭജനത്തിന്റെ കർത്തൃനിഷ്ഠമായ ഈ തത്വം യന്ത്രങ്ങളുപയോഗിച്ചുള്ള ഫാക്ടറി സമ്പ്രദായത്തിൽ അംഗീകരിക്കപ്പെടുന്നില്ല. തൊഴിലെടുക്കുന്നവനും തൊഴിലും തമ്മിലുള്ള അന്യവൽക്കരണം ഇവിടെ ആദ്യമേ നടപ്പിലാകുന്നു. ഫാക്ടറി മുഴുവൻ നിറഞ്ഞു നിൽക്കുന്ന യന്ത്രരാക്ഷസൻ എന്നാണ് മാർക്സ് ഇതിനെ കുറിക്കുന്നത്. അവന്റെ ആസുരശക്തി എണ്ണമറ്റ പ്രവർത്തനങ്ങളുടെ ഭീകരമായ ഭ്രമണങ്ങളായി പരിണമിക്കുന്ന ഇടമാണ് ഫാക്ടറി.

വൻകിട ഉല്പാദനവ്യവസ്ഥയുടെ വികാസത്തെ മാർക്‌സ് വ്യക്തമായി കുറിച്ചിടുന്നുണ്ട്. നിർമ്മാണത്തൊഴിൽ യന്ത്രോപകരണങ്ങൾ സൃഷ്ടിച്ചു. അതേ യന്ത്രോപകരണങ്ങൾ ഉപയോഗിച്ചുതന്നെ ആധുനികവ്യവസായം ആദ്യം കൈയടക്കിയ ഉല്പാദനരംഗങ്ങളിൽ നിന്നും കൈത്തൊഴിൽ നിർമ്മാണതൊഴിൽ സമ്പ്രദായങ്ങളെ പാടെ നീക്കംചെയ്തു. ഈ സമ്പ്രദായം വളർച്ച പ്രാപിച്ചപ്പോൾ അത് പഴയ അടിത്തറയെത്തന്നെ പൊളിച്ചുമാറ്റി. പുതിയ ഉല്പാദനരീതികളോട് ബന്ധപ്പെട്ട പുതിയ അടിത്തറ കെട്ടിയുറപ്പിച്ചു. മനുഷ്യശക്തി മാത്രം ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന കാലത്തോളം യന്ത്രങ്ങളുടെ ആകൃതി ചെറുതായിരുന്നു. ആവിയന്ത്രം വരുന്നതുവരെ യന്ത്രോപകരണവ്യവസ്ഥ ശരിക്കും വളർച്ച പ്രാപിച്ചിരുന്നില്ല. അതുപോലെ നിർമ്മാണത്തൊഴിൽ കാലഘട്ടത്തിൽനിന്നും പകർന്നുകിട്ടിയ ഗതാഗതോപാധികളും ആശയവിനിമയോപാധികളും ഈ പുതിയ വ്യവസായ ഘടനയോട് പൊരുത്തപ്പെടാത്ത സ്ഥിതി സൃഷ്ടിക്കപ്പെട്ടു. അവയെല്ലാം ഉടച്ചുവാർക്കപെട്ടു. ആവിക്കപ്പലുകളും തീവണ്ടികളും കമ്പിത്തപാലും നടപ്പിൽ വന്നു.

പുതിയ വ്യവസ്ഥയിലും യന്ത്രത്തെ പ്രവർത്തിപ്പിക്കുന്നയാൾ തൊഴിലാളി തന്നെയാണ്. ഭീകരമായ പ്രകൃതിശക്തികളെയും പ്രകൃതിശാസ്ത്രങ്ങളെയും ഉല്പാദനപ്രക്രിയയയോട് ഇണക്കിച്ചേർത്തുകൊണ്ട് ഉല്പാദനക്ഷമതയിൽ വിപ്ലവകരമായ മുന്നേറ്റം ആധുനിക ഉല്പാദനസംമ്പ്രദായം കൊണ്ടുവന്നു. എന്നാൽ തൊഴിലാളിയുടെ വേതനവർദ്ധനവിന് ഇതിടയാക്കുന്നില്ല. ഒരു യന്ത്രത്തിന്റെ ഉത്പാദനക്ഷമത അളക്കുന്നത് അത് സ്ഥാനഭ്രഷ്ടമാക്കുന്ന മാനുഷികമായ അധ്വാനശക്തിയെ ആസ്പദമാക്കിയാണ്. മുൻപ് 100 തൊഴിലാളികൾ ചേർന്ന് നടത്തിയിരുന്ന ഉല്പാദനപ്രവർത്തനം, യന്ത്രങ്ങളുടെ കടന്നുവരവോടെ 20 പേർക്ക് ചെയ്യാൻ പറ്റുമെങ്കിൽ ഉത്പാദനക്ഷമത അഞ്ചിരട്ടിയായി. പക്ഷേ ഇത് വേതനവർദ്ധനവിനിടയാക്കുന്നില്ല എന്നിടത്താണ് മുതലാളിത്ത വ്യവസ്ഥയിലെ വലിയൊരു വൈരുധ്യം ഒളിഞ്ഞുകിടക്കുന്നത്, മുതലാളിത്ത ഉല്പാദന സമ്പ്രദായത്തിൽ യന്ത്രങ്ങളുടെ കടന്നുവരവ് ഗുണം ചെയ്യുക മൂലധനത്തിനാണ്. ലാഭവിഹിതം വർധിക്കുന്നതിനാണ് അത് വഴിതെളിക്കുന്നത്. നിരവധി ഉദാഹരണങ്ങൾ ഇത് സംബന്ധിച്ച് മാർക്സ് ഇവിടെ കുറിക്കുന്നുണ്ട്. വലിയതോതിലുള്ള സാമൂഹികസമത്വത്തിലേക്ക് യന്ത്രവൽക്കരണങ്ങൾ വഴിതെളിക്കുന്നുവെന്ന് ആധുനിക ചരിത്രം നമുക്ക്‌ കാട്ടിത്തരുന്നുണ്ട്. ഇതൊരു അനിവാര്യതായിട്ടാണ് മുതലാളിത്ത അർത്ഥശാസ്ത്രകാരർ തന്നെ പറയുന്നത്. Creative destruction (സൃഷ്ടിപരമായ നശീകരണം) എന്നാണ് ജോസഫ് ഷംപ്റ്റർ ഇതിനെ വിളിച്ചത്. യന്ത്രവൽക്കരണം മൂലം ഒരിടത്തു തൊഴിൽ നഷ്ടപ്പെടുമ്പോൾ മറ്റൊരിടത്ത് പുതിയ തൊഴിലുകൾ ഉണ്ടാകുമെന്നാണ് വാദം. വർത്തമാനലോകത്തെ യാഥാർഥ്യങ്ങൾ ഇതിനെ നിരാകരിക്കുന്നതാണ്. jobless growth (തൊഴിൽരഹിത വളർച്ച) എന്ന പ്രതിഭാസമാണ് എവിടെയും ഇന്ന് കണ്ടുവരുന്നത്. ഡിജിറ്റൽ യുഗത്തിൽ ഇത് തീവ്രമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. നിർമിതബുദ്ധിയുടെയൊക്കെ കടന്നുവരവ് മനുഷ്യന്റെ സാന്നിധ്യം പല മേഖലകളിലും അനാവശ്യമാക്കി മാറ്റുകയും ചെയ്യന്നു.

മാർക്സ് നടത്തിയ വിശകലനങ്ങൾ മനുഷ്യന്റെ കായികവും വൈദഗ്‌ധ്യത്തോടു കൂടിയതുമായ ഇടപെടലുകളെ യന്ത്രങ്ങൾ തുടച്ചുനീക്കുന്നത് സംബന്ധിച്ചാണെങ്കിൽ ഈ നൂറ്റാണ്ട് കാട്ടിത്തരുന്നത്‌ മനുഷ്യന്റെ ബൗദ്ധികമായ ശേഷിയെ യന്ത്രങ്ങൾ പകരംവെയ്ക്കുന്നതാണ്. ആ ഒരർത്ഥത്തിൽ മാർക്സ് നടത്തിയ വിശകലനങ്ങളെ ഇന്നത്തെ ലോകത്തെ ഓട്ടോമേഷൻ പ്രവർത്തനങ്ങളെ വിലയിരുത്താനും ഉപയോഗപ്പെടുത്താവുന്നതാണ്.

യന്ത്രസംവിധാനം തൊഴിലാളികളോട് മത്സരിച്ച് അവരെ പിന്തള്ളുക മാത്രമല്ല ചെയ്യുന്നത്; തുടർച്ചയായി അവരുടെ അനിവാര്യതയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് മാർക്സ് പറഞ്ഞത്. വ്യവസായത്തൊഴിലാളികളിൽ മര്യാദ പുനഃസ്ഥാപിക്കാൻ നിയുക്തമായ ഒരു സൃഷ്ടിയാണ് യന്ത്രവൽക്കരണം എന്ന ഊരെയുടെ പ്രസ്താവത്തെ മാർക്സ് ചൂണ്ടിക്കാട്ടുന്നുണ്ട്. സമകാലിക ജനാധിപത്യത്തിന്റെ പുറന്തോടിനുള്ളിൽ ഈ വസ്തുതകളൊക്കെ വിസ്മരിക്കപ്പെടുന്നു. മാർക്സ് നടത്തിയ ഈ പ്രസ്താവം തന്നെയാണ് നിർമിതബുദ്ധി തൊഴിലുകൾക്കു നേരെ ഉയർത്തുന്ന ഭീഷണിയെകുറിച്ചുള്ള ആശങ്കകൾ പങ്കുവെയ്ക്കുന്നവരും പറയുന്നത്. മൂലധനത്തിലെ യന്ത്രങ്ങളെക്കുറിച്ചുള്ള ഈ അധ്യായം വർത്തമാനലോകത്ത് ഏറെ ചർച്ചചെയ്യപ്പെടുന്ന ഒന്നായി മാറുന്നത് അതിനാലാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × three =

Most Popular