Thursday, November 21, 2024

ad

Homeമുഖപ്രസംഗംവർഗീയ ധ്രുവീകരണത്തിനുള്ള
 ഗൂഢനീക്കം

വർഗീയ ധ്രുവീകരണത്തിനുള്ള
 ഗൂഢനീക്കം

രാജ്യത്തെ വർഗീയാടിസ്ഥാനത്തിൽ ധ്രുവീകരിക്കാനുള്ള സംഘപരിവാറിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് സുപ്രീംകോടതിയുടെ ജൂലെെ 22ന്റെ തീരുമാനം. കൻവാർ യാത്ര കടന്നുപോകുന്ന വഴിയിലുള്ള കടയുടമകൾ തങ്ങളുടെ പേരും മേൽവിലാസവും കടയുടെ മുന്നിൽ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവാണ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എസ് വി ഭാട്ടിയും ഉൾപ്പെടുന്ന ബെഞ്ച് സ്റ്റേ ചെയ്തത്. പശ്ചിമ യുപിയിലെ മുസഫർ നഗർ പൊലീസ് സൂപ്രണ്ടാണ് വിവാദപരമായ നിർദ്ദേശം ആദ്യം പുറപ്പെടുവിച്ചത്. തുടർന്ന് ആദിത്യനാഥ് സർക്കാർ തന്നെ ഉത്തരവിറക്കുകയാണുണ്ടായത്. പിന്നാലെ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരും സമാനമായ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു.

വാരണാസിയിലും ഹരിദ്വാറിലും നിന്ന് ഗംഗാജലം ശേഖരിച്ച് തങ്ങളുടെ പ്രദേശത്തേക്ക് കൂട്ടത്തോടെ കാൽനടയായി ശ്രാവണമാസാരംഭത്തിൽ കൊണ്ടുപോകുന്നതാണ് കാവടിയാത്ര, കൻവാർ യാത്ര എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉത്സവം. ലക്ഷക്കണക്കിന് ശിവഭക്തർ കടന്നുപോകുന്ന വഴിയരികിലെ കച്ചവടക്കാർക്കാണ് ബിജെപി സർക്കാരുകൾ പേരു വിവരം എഴുതിവെയ്ക്കണമെന്ന നിർദ്ദേശം നൽകിയത്. കൃത്യമായ മതവിവേചനവും ധ്രുവീകരണവും ലക്ഷ്യമിട്ടാണ് ഇത്തരമൊരുത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാണ്. ഹിന്ദുക്കളായ കടയുടമകൾ ആ കടകളിൽ ജോലി ചെയ്യുന്ന മുസ്ലിങ്ങളായ ജോലിക്കാരെ ഒഴിവാക്കണമെന്നും നിർദ്ദേശിക്കപ്പെട്ടിരുന്നു.

യഥാർഥത്തിൽ നൂറ്റാണ്ടുകളായി ഹിന്ദുക്കൾക്കൊപ്പം ആ പ്രദേശങ്ങളിലെ മുസ്ലിങ്ങളും സഹകരിച്ചും പങ്കാളികളായും വോളന്റിയർമാരായി സേവനം നടത്തിയും ആഘോഷിക്കുന്ന ഒരുത്സവമാണ് കൻവാർ യാത്ര. അതിലാണ് ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാരുകൾ വർഗീയതയുടെ വിഷ വിത്തുകൾ എറിയാൻ ശ്രമിച്ചത്. മുസ്ലീങ്ങളുടെ കടകൾ ബഹിഷ്കരിക്കാനും തെരഞ്ഞുപിടിച്ച് ആക്രമണമഴിച്ചുവിടാനുമുള്ള ആർഎസ്എസ് പദ്ധതി നടപ്പാക്കാൻ സൗകര്യമൊരുക്കാനാണ് വിവാദമായ ഉത്തരവ് ലക്ഷ്യമിട്ടത്. കഴിഞ്ഞ വർഷം ഈ ഉത്സവവേളയിൽ ചില സ്ഥലങ്ങളിൽ മുസ്ലീങ്ങളുടെ കടകൾക്കുനേരെ ആർഎസ്എസുകാർ ആക്രമണമഴിച്ചുവിട്ടിരുന്നു. ഈ വർഷം അത് വ്യാപകമായും സംഘടിതമായും നടത്താനുള്ള നീക്കമാണ് സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവിലൂടെ തടയപ്പെട്ടത്.

ബിജെപി സർക്കാരുകളുടെ ഈ നീക്കത്തിനെതിരെ സിപിഐ എം ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ശക്തമായി രംഗത്തുവന്നിരുന്നു; അത് പിൻവലിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഭരണ മുന്നണിയിലെ ആർഎൽഡി, ജനതാദൾ -(യു) തുടങ്ങിയ ഘടകകക്ഷികളിൽനിന്നും ബിജെപിക്കുള്ളിൽനിന്നുപോലും എതിർപ്പുയർന്നിട്ടും ആരെതിർത്താലും ഉത്തരവ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന ആദിത്യനാഥിന്റെ ധിക്കാരത്തിനാണ് സുപ്രീംകോടതിയിൽനിന്നും കനത്ത പ്രഹരമേറ്റത്. ശ്രാവണമാസത്തിൽ മത്സ്യമാംസാദികൾ വിൽക്കരുതെന്നും കഴിക്കരുതെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും കാലമായി ആർഎസ്എസിന്റെ നേതൃത്വത്തിൽ പ്രചാരണം നടത്തുക മാത്രമല്ല മാംസ വിൽപ്പന നടത്തുന്ന കടകൾക്കുനേരെ ആക്രമണമഴിച്ചുവിട്ട നിരവധി സംഭവങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. ഉത്സവാഘോഷങ്ങളെ വർഗീയ ലഹളകൾക്കുള്ള അവസരമാക്കുകയാണ് ആർഎസ്എസ് ചെയ്യാറുള്ളത്. കൻവാർ യാത്രയോടനുബന്ധിച്ച് വർഗീയ കലാപമഴിച്ചുവിടാനുള്ള, അതിലൂടെ വർഗീയ ധ്രുവീകരണവും രാഷ്ട്രീയ മുതലെടുപ്പും നടത്താനുള്ള ആർഎസ്എസ് നീക്കമാണ് താൽക്കാലികമായെങ്കിലും സുപ്രീംകോടതി ഉത്തരവിലൂടെ തടയപ്പെട്ടത്.

തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സംഘപരിവാർ ശക്തികളെ കൂടുതൽ അക്രമാസക്തരാക്കിയിരിക്കുകയാണെന്നുവേണം കരുതേണ്ടത്. 2025 ആകുമ്പോൾ, അതായത് ആർഎസ്എസ് രൂപീകരണത്തിന്റെ 100–ാം വാർഷികത്തിന്, ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടന തന്നെ പൊളിച്ചെഴുതി ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള, ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള നീക്കത്തിനാണ് ഇന്ത്യൻ ജനത ജനവിധിയിലൂടെ തടസ്സം സൃഷ്ടിച്ചത്. അതിൽ നിരാശരായ ആർഎസ്എസ് രാജ്യത്ത് കൂടുതൽ വർഗീയ ആക്രമണങ്ങൾ അഴിച്ചുവിട്ട് ചേരിതിരിവുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആർഎസ്എസിന്റെ വർഗീയ പദ്ധതികളുടെ പരീക്ഷണശാലയായറിയപ്പെടുന്ന ഗുജറാത്ത് മോഡൽ ആക്രമണങ്ങൾ രാജ്യത്താകെ വ്യാപകമാക്കാനുള്ള നീക്കത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യശക്തികൾ നിതാന്ത ജാഗ്രത പാലിക്കണമെന്നാണ് യുപി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് ഓർമിപ്പിക്കുന്നത്.

ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽനിന്ന് ഉത്തരവുണ്ടാകുന്നതിനു മുൻപു തന്നെ പൊലീസിൽനിന്നും ജില്ലാ ഭരണ സംവിധാനത്തിൽനിന്നും നിർദ്ദേശമുണ്ടാകുന്ന അത്യന്തം അപകടകരമായ അവസ്ഥയും നാം കാണണം. മതനിരപേക്ഷമായ ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത്, അതനുസരിച്ചുമാത്രം പ്രവർത്തിക്കാൻ ബാധ്യസ്ഥമായ ഉദ്യോഗസ്ഥ സംവിധാനം തന്നെ വർഗീയതയുടെ വാൾ വീശി ഉറഞ്ഞുതുള്ളുന്നത് രാജ്യത്തിന്റെ ഭരണസംവിധാനത്തിനകത്താകെ സംഘപരിവാർ പിടിമുറിക്കിയതിന്റെ സൂചനയാണ്.

ഈ പശ്ചാത്തലത്തിൽ വേണം സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസ് പ്രവർത്തകരാകുന്നതിനെതിരായ വിലക്ക് നീക്കം ചെയ്ത കേന്ദ്ര സർക്കാർ ഉത്തരവിനെ കാണേണ്ടത്. ഔദ്യോഗികവും നിയമപരവുമായ പരിവേഷത്തോടെ ഇന്ത്യയുടെ ഭരണസംവിധാനമാകെ വർഗീയതയുടെ, സംഘപരിവാറിന്റെ പിടിയിൽപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആ ഉത്തരവിനെ കാണേണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാർ സർവീസുകളെ തന്നെ വർഗീയവൽക്കരിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നരേന്ദ്രമോദിയുടെ മൂന്നാം വരവിൽ ഇപ്പോൾ നാം കാണുന്നത്. പാഠപുസ്തകങ്ങൾ വർഗീയവൽക്കരിക്കാൻ തുടർന്നു വരുന്ന നീക്കത്തിനൊപ്പം സിവിൽ സർവീസും പൊലീസ്–സെെനിക സംവിധാനങ്ങളും ആർഎസ്-എസ് അഴിഞ്ഞാട്ടത്തിന്റെ വിളനിലങ്ങളാക്കാനുള്ള തീവ്രശ്രമത്തിലാണ് ഹിന്ദുത്വശക്തികൾ. ജനങ്ങളുടെ എതിർപ്പ് മറികടന്ന് ജനാധിപത്യ വിരുദ്ധമായി തങ്ങളുടെ അജൻഡ നടപ്പിലാക്കാനാണ് സ്വന്തമായി ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത മോദി സർക്കാരിലൂടെ ആർഎസ്എസ് ശ്രമിക്കുന്നത്. ഭരണം നിലനിർത്തുന്നതിനുള്ള ഉൗന്നുവടികളായി പ്രവർത്തിക്കുന്ന എൻഡിഎ ഘടക കക്ഷികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂടെ നിർത്തി, ഭരണഘടനയെത്തന്നെ തകർക്കാനുള്ള ഗൂഢപദ്ധതി നടപ്പാക്കാനുള്ള ശ്രമമാണ് നാനാവിധങ്ങളിൽ ആർഎസ്എസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്.

കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനനുയോജ്യമായ സേ-്വച്ഛാധിപത്യ ഭരണസംവിധാനം പടുത്തുയർത്താൻ വർഗീയ ധ്രുവീകരണത്തിലൂടെ പശ്ചാത്തലമൊരുക്കാനാണ് ഇപ്പോൾ സംഘടിതമായ ശ്രമം നടന്നുവരുന്നത്. 2023 ഡിസംബറിൽ പ്രതിപക്ഷാംഗങ്ങളെയാകെ പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്ത്, ചർച്ചയൊന്നും കൂടാതെ ജനാധിപത്യവിരുദ്ധമായി ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതിയതും ആർഎസ്എസ്–കോർപ്പറേറ്റ് അജൻഡയുടെ ഭാഗം തന്നെയാണ്. എതിർശബ്ദങ്ങളെ തടയാനും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനും അനായാസം പറ്റുന്നവിധം രാജ്യത്തിന്റെ ഭരണസംവിധാനത്തെത്തന്നെ കരുപ്പിടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിയമഭേദഗതികളെയും സർക്കാർ സർവീസിൽ ആർഎസ്എസിനേർപ്പെടുത്തിയിരുന്ന വിലക്കു നീക്കം ചെയ്തതിനെയുമെല്ലാം ഒരേ അജൻഡയുടെ ഭാഗമായാണ് കാണേണ്ടത്. ഈ മഹാവിപത്തിനെതിരെ, രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ–മതനിരപേക്ഷ സംവിധാനത്തെ തകർക്കാനുള്ള നീക്കത്തിനെതിരെയുള്ള മുന്നേറ്റമാണ് ഉയർന്നു വരേണ്ടത്.

കൻവാർ യാത്രാവേളയിൽ വർഗീയ കലാപമഴിച്ചുവിടാനായി ലക്ഷ്യമിട്ട് കടയുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യുപി – ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവുകൾക്കെതിരെ സംയുക്ത കിസാൻ മോർച്ച രംഗത്തുവന്നത്- മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കത്തിനെതിരെ കർഷക ജനസമൂഹം മുന്നിൽ തന്നെയുണ്ടാകുമെന്നതിന്റെ വെളിപ്പെടുത്തലാണ്. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള രാജ്യത്തെ അധ്വാനിക്കുന്ന ജനതയുടെയാകെ മുന്നേറ്റത്തിലൂടെ മാത്രമേ കോർപ്പറേറ്റ് വർഗീയ അജൻഡയെ ചെറുക്കാനാവൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen + seventeen =

Most Popular