Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിപുതിയ ക്രിമിനൽ നിയമങ്ങൾ 
ഉടൻ നടപ്പാക്കരുത്
എന്തുകൊണ്ട്?

പുതിയ ക്രിമിനൽ നിയമങ്ങൾ 
ഉടൻ നടപ്പാക്കരുത്
എന്തുകൊണ്ട്?

ഇന്ദിര ജയ്സിങ്/കരൺ ഥാപ്പർ

രൺ ഥാപ്പർ: ‘ദി വയറി’നുവേണ്ടിയുള്ള പ്രത്യേക അഭിമുഖത്തിലേക്ക് സ്വാഗതം. ഇപ്പോഴത്തെ നിലപാടനുസരിച്ച്, ജൂലെെ ഒന്നുമുതൽ പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും പ്രാബല്യത്തിൽ വരികയാണ്; എന്നാൽ രാജ്യത്തെ ഏറ്റവും പ്രമുഖയും ഏറ്റവുമധികം അംഗീകരിക്കപ്പെടുന്ന അഭിഭാഷകരിൽ ഒരാളുമായ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ദിര ജയ്സിങ് ഈ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രിക്ക് കത്തയച്ചു. തന്റെ നിർദേശം പരിഗണിക്കപ്പെടുന്നില്ലെങ്കിൽ എന്തു ചെയ്യുന്നതിനെക്കുറിച്ച് അവർക്ക് വലിയ ഉത്കണ്ഠയുണ്ട്. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച്, തന്റെ ഉത്കണ്ഠകളെക്കുറിച്ച് അവർ നേരിട്ടുതന്നെ പ്രതികരിക്കുകയാണ്.

മിസ്സിസ് ജയ്സിങ് തിങ്കളാഴ്ച (ജൂലെെ 22) ഇന്ത്യൻ എക്സ്പ്രസ്സി’ൽ എഴുതിയ ലേഖനത്തിൽ താങ്കൾ പുതിയ ക്രിമിനൽ നിയമങ്ങൾ തിരക്കിട്ട് നടപ്പാക്കരുതെന്നും ജൂലെെ ഒന്നു മുതൽ അത് പ്രാബല്യത്തിലാക്കരുതെന്നും ആവശ്യപ്പെടുകയുണ്ടായി. നിയമമന്ത്രിയുടെ മുന്നിൽ എന്തുകൊണ്ടാണ് താങ്കൾ ഈ ആവശ്യമുന്നയിച്ചത് എന്ന കാര്യത്തെക്കുറിച്ച് താങ്കളുമായി ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒന്നാമത്തേത്, വ്യത്യസ്തങ്ങളായ രണ്ട് നീതി നിർവഹണ സമ്പ്രദായങ്ങൾ ഒരേ സമയം സമാന്തരമായി നടപ്പാക്കപ്പെടുന്നതിലെ അപകടം തന്നെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ?

ഇന്ദിര ജയ്സിങ്

ഇന്ദിര ജയ്സിങ്: ഒരാൾ ഒരു കുറ്റകൃത്യം ചെയ്യുന്ന കാലത്ത് അത് അന്നത്തെ നിയമപ്രകാരം ക്രിമിനൽ നടപടി അല്ലെങ്കിൽ, ഒരാളെയും കുറ്റവാളിയായി വിധിക്കാനാവില്ല എന്നതാണ് നിയമത്തിന്റെ അടിസ്ഥാനതത്വം. ഇപ്പോൾ ഇതിനർഥം പഴയ നിയമപ്രകാരം ചെയ്യുന്ന ഒരു കാര്യം അന്നത് കുറ്റകൃത്യം ആയിരുന്നെങ്കിലും ഇപ്പോൾ നിയമലംഘനം ആവണമെന്നില്ല എന്നാണ്. ഇവ പ്രാമാണിക നിയമങ്ങൾ എന്നാണറിയപ്പെടുന്നത്.

കുറ്റകൃത്യമെന്തെന്ന് നിർണയിക്കുന്ന നിയമമാണ് പ്രാമാണിക നിയമം; മുൻപ് കുറ്റകൃത്യമല്ലാതിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ കുറ്റകൃത്യമാണ്; നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്ന് വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ ഈ നിയമങ്ങൾ പ്രയോഗിക്കാനാവൂ. നമ്മുടെ നിലവിലുള്ള നിയമങ്ങൾ പ്രകാരം ഇത് ശരിയല്ല. ഇപ്പോഴത്തെ നമ്മുടെ നടപടി ക്രമമനുസരിച്ചുള്ള നിയമം, അതായത് ക്രിമിനൽ നടപടി ചട്ടം (CRPC) എന്നറിയപ്പെടുന്ന നിയമം, കുറ്റാരോപിതനോട് മുൻവിധിയൊന്നും കൂടാതെ, മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ കഴിയും. 2024 ജൂലെെ ഒന്നിനു മുൻപ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ള ഓരോ പ്രഥമവിവര റിപ്പോർട്ടിനും (എഫ്ഐആർ) പഴയ നിയമം മാത്രമേ ബാധകമാകുകയുള്ളൂ. ജൂലെെ ഒന്നിനുശേഷം ഫയൽ ചെയ്യപ്പെടുന്ന എഫ്ഐആറുകളെ സംബന്ധിച്ചിടത്തോളം ബാധകമാകുന്നത് പുതിയ നിയമവും.

പഴയ നിയമമനുസരിച്ചുള്ള നടപടിക്രമം പ്രകാരം വിചാരണ ചെയ്യപ്പെടുകയാണെങ്കിലോ പുതിയ നിയമത്തിലെ നടപടിക്രമമനുസരിച്ച് വിചാരണ ചെയ്യപ്പെടുകയാണെങ്കിലോ ഓരോ കേസും കെെകാര്യം ചെയ്യപ്പെടുന്നത് വ്യത്യസ്തമായിട്ടായിരിക്കും. ഒരു കുറ്റാരോപിതനെ പ്രതിനിധീകരിച്ചുകൊണ്ട് എനിക്ക് പുതിയ നിയമം മുൻവിധിയോടുകൂടിയുള്ളതാണെന്നു പറയാൻ കഴിയും; അതുകൊണ്ട് കോടതികൾ പഴയ നിയമവും പുതിയ നിയമവും ഒരേപോലെ കെെകാര്യം ചെയ്യേണ്ടതായി വരുന്നു.

കരൺ ഥാപ്പർ

കരൺ ഥാപ്പർ: ഈ രണ്ടു കേസുകളും നമുക്ക് വെവ്വേറെ പരിശോധിക്കാം. അങ്ങനെയാണെങ്കിൽ ശ്രോതാക്കൾക്ക് /വായനക്കാർക്ക് ഇത് മനസ്സിലാക്കാൻ എളുപ്പമായിരിക്കും. മൂന്നാമത്, താങ്കൾ പറയുന്നത് ഒരു എഫ്ഐആർ പ്രകാരം നേരത്തെ കുറ്റം ചുമത്തപ്പെട്ടിട്ടുള്ള ആളുകളുടെ കേസ് വിചാരണ ചെയ്യുന്നതും വിധിക്കുന്നതും ഇനിയും പഴയ നിയമപ്രകാരം ആയിരിക്കും. അതായത്, പഴയ പീനൽ കോഡുപ്രകാരം; അതേ സമയം, പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള കുറ്റകൃത്യങ്ങൾ ചാർജു ചെയ്യപ്പെടുന്നത് പുതിയ നിയമപ്രകാരമായിരിക്കും. അതിനർഥം ഒരേ സമയം ഈ രണ്ടു നിയമങ്ങളും നിലനിൽക്കുമെന്നാണ്. പഴയ നിയമം പ്രകാരം അപ്പീലുകൾ നിലവിലുള്ളിടത്തോളം, കെെകാര്യം ചെയ്യപ്പെടുന്നത് പഴയ നിയമപ്രകാരം തന്നെയാണോ എന്ന് അർഥമാക്കുന്നുണ്ടോ? ഇരുപത് വർഷത്തിലേറെക്കാലം ഇതിങ്ങനെ തുടരും. അതുകൊണ്ട് ഇരുപത് വർഷത്തോളം നമ്മുടെ കോടതികളിൽ പഴയ നിയമപ്രകാരം കേസുകൾ വാദിക്കുന്നത് തുടരും. ചില തരത്തിൽ അന്തിമവിധി ന്യായത്തിൽ എത്തുന്നതിന് അപ്പീലുകൾക്ക് വിവിധ ദശകളിലൂടെ കടന്നുപോകേണ്ടതായിവരും. പുതിയ നിയമപ്രകാരമുള്ള കേസുവാദത്തിനൊപ്പംതന്നെ അപ്പീലിന്റെ വിവിധ ദശകളിലൂടെ പോകേണ്ടതായി വരും. ഒരു പക്ഷേ അടുത്ത 20 വർഷത്തെക്കുകൂടി ഇതു തുടരുമോ?

ഇന്ദിര ജയ്സിങ്: അതെ. ശരിയാണ്. അതുകൊണ്ടാണ് നാം പറയുന്നത് ഇന്ത്യൻ പീനൽ കോഡ് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് എന്ന്; ക്രിമിനൽ നടപടി ചട്ടത്തിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്; പക്ഷേ 1973ൽ അതിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടേതായ ജുഡീഷ്യൽ വ്യാഖ്യാനങ്ങളും ഇവയ്ക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യൻ പീനൽ കോഡുമായും ക്രിമിനൽ നടപടി ചട്ടവുമായും ബന്ധപ്പെട്ട് സാധ്യമാകുന്നത്ര പരിധിവരെ നിയമത്തിന് ഒരു വ്യക്തതയുണ്ട്. പുതിയ നിയമത്തെ സംബന്ധിച്ചിടത്തോളം അത്തരത്തിലൊരു വ്യക്തത കെെവരിക്കുന്നതിന് ഇനിയൊരു 50 വർഷം വേണ്ടി വരും. അതുകൊണ്ട് അതേ വരെ മജിസ്ട്രേട്ടുമാരെ സംബന്ധിച്ചിടത്തോളം നിയമത്തിലെ ഓരോ വകുപ്പിനെ സംബന്ധിച്ചും സുപ്രീംകോടതി വ്യാഖ്യാനമുണ്ടാകുന്നതുവരെ എന്തുചെയ്യണം എന്ന് അറിയാൻ കഴിയാത്ത അവസ്ഥയുണ്ടാകും. നമ്മുടെ രാജ്യത്തുള്ള ലക്ഷക്കണക്കിന് മജിസ്ട്രേട്ടുമാരിൽ ഒാരോരുത്തരും വ്യത്യസ്തമായി നിയമത്തെ വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ടാവും.

കരൺ ഥാപ്പർ: തീർച്ചയായും.

ഇന്ദിര ജയ്സിങ്: അപ്പോൾ കുറ്റാരോപിതനുള്ള അവകാശങ്ങളുടെ സ്ഥിതി എന്തായിത്തീരും എന്നതാണ് എന്റെ ചോദ്യം.

കരൺ ഥാപ്പർ: തീർച്ചയായും അതുതന്നെയാണ് കാര്യം. താങ്കളിപ്പോൾ പറയുന്നത് നടപടിക്രമങ്ങൾ സംബന്ധിച്ച നിയമം അതായത് സിആർപിസി മുൻകാല പ്രാബല്യത്തോടുകൂടി പ്രയോഗിക്കാൻ കഴിയും എന്ന വസ്തുതയെക്കുറിച്ചാണല്ലോ സർക്കാർ അഥവാ ഭരണകൂടം ഒരോ കേസിലും മുൻകാല പ്രാബല്യത്തോടെ പ്രയോഗിക്കപ്പെടുന്നു എന്നുറപ്പാക്കുകയും അതിന് ശ്രമിക്കുകയും ചെയ്യും. കുറ്റാരോപിതരാകട്ടെ അങ്ങനെ ആകാതിരിക്കാനും ശ്രമിച്ചേക്കും. അതുകൊണ്ടുതന്നെ നടപടിക്രമമനുസരിച്ചുള്ള നിയമം ബാധകമാണോ അല്ലയോ എന്നതു സംബന്ധിച്ച് കുറ്റാരോപിതരും സർക്കാരും തമ്മിൽ തർക്കത്തിന് ഇതു വഴിയൊരുക്കുന്നു. അപ്പോൾ വീണ്ടും അതിനെക്കുറിച്ച് തീർപ്പുകൽപ്പിക്കേണ്ടതായി വരും. അവയിന്മേലെല്ലാം അപ്പീലുകളുമുണ്ടാകും. അതിനാൽ 20 വർഷത്തോളം കാലം ഒരേ സമയത്തും സമാന്തരമായും രണ്ട് നിയമസംവിധാനങ്ങൾ ഇവിടെ നിലനിൽക്കുക മാത്രമല്ല, മറിച്ച് നടപടി ക്രമപ്രകാരമുള്ള നിയമം ബാധകമാണോ അല്ലയോ എന്നതിനെ സംബന്ധിച്ച് അനന്തമായ തർക്കങ്ങൾ വളർന്നുവരികയും ചെയ്യും. അവയും അപ്പീലിന്റെ വിവിധ ദശകളിലൂടെ കടന്നുപോകേണ്ടതായും വരും.

ഇന്ദിര ജയ്സിങ്: അതെ തീർച്ചയായും. പക്ഷേ, അടിസ്ഥാനപരമായി നമ്മെ ഉത്കണ്ഠപ്പെടുത്തുന്ന ഒരു കാര്യം ഇക്കാലമത്രയും കുറ്റാരോപിതന് എന്തു സംഭവിക്കുന്നു എന്നതാണ്. കുറ്റാരോപിതൻ ഇക്കാലമത്രയും കസ്റ്റഡിയിലായിരിക്കും. ശരിയാണ്. അപ്പോൾ ഇതിനെല്ലാം വ്യക്തത വരുന്നതുവരെ കുറ്റാരോപിതന് ജാമ്യത്തിൽ കഴിയാൻ പറ്റുമെന്നതിന് എന്തുറപ്പാണുള്ളത്? നിയമത്തിൽ അത്തരമൊരുറപ്പുമില്ല.

അപ്പോൾ താങ്കൾ പറഞ്ഞത് തികച്ചും ശരിതന്നെയാണ്. ഇപ്പോൾ ഞാനുയർത്തുന്ന ചോദ്യം കുടിശ്ശികയായിട്ടുള്ള വിഷയങ്ങൾ നിങ്ങൾ പരിഗണിക്കുമോ എന്നതാണ്.

കരൺ ഥാപ്പർ: അതിലേക്ക് ഞാൻ ഇപ്പോൾ തന്നെ വരാം. ആദ്യത്തെ കാര്യം നമുക്കാദ്യം പൂർത്തിയാക്കാം; എന്നിട്ട് നമുക്ക് രണ്ടാമത്തേതിലേക്ക് കടക്കാം. കാരണം നിയമപോരാട്ടവും തർക്കങ്ങളും നടക്കുമ്പോൾ തന്നെ കുറ്റാരോപിതൻ കസ്റ്റഡിയിലായിരിക്കും. പഴയ നിയമമനുസരിച്ചുള്ള നടപടിക്രമമായിരിക്കുമോ പുതിയ നിയമമനുസരിച്ചുള്ള നടപടിക്രമമായിരിക്കുമോ ബാധകമാകുന്നത് എന്നതാകും തർക്കവിഷയം. അതിനർഥം കുറ്റാരോപിതനെ സംബന്ധിച്ചിടത്തോളം കസ്റ്റഡിയുടെ ദെെർഘ്യം വർധിക്കുമെന്നതാണ്. ചിലപ്പോഴതിന് വളരെയേറെ കാലദെെർഘ്യം ഉണ്ടാകും.

ഇന്ദിര ജയ്സിങ്: ഏതെങ്കിലുമൊരു ജഡ്ജി ജാമ്യം അനുവദിക്കാൻ തീരുമാനിക്കുന്നതുവരെ ഇതായിരിക്കും അവസ്ഥ. ചെറിയൊരുദാഹരണം പറയാം. വീഡിയോ കോൺഫറൻസിലൂടെ വിചാരണ നടത്താൻ അനുവദിക്കപ്പെടുന്നുണ്ട്. ശരിയാണ്. ഇപ്പോൾ തന്നെ അഭിഭാഷകർ പറയാറുള്ളത്, തങ്ങളുടെ കക്ഷിയുമായി തങ്ങൾക്കെങ്ങനെയാണ് ബന്ധപ്പെടാൻ കഴിയുന്നത‍് എന്നാണ്. എന്റെ കക്ഷി അതായത് കുറ്റാരോപിതൻ ഏതോ ഒരു ജയിലിലിരുന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു; അപ്പോൾ ഞാൻ കോടിതിയിൽ സാക്ഷിയെ അതായത് പൊലീസ് കൊണ്ടുവരുന്ന സാക്ഷിയെ ക്രോസ് വിസ്താരം നടത്തുന്നത് എങ്ങനെ സാധ്യമാകും? എന്റെ കക്ഷിയെ വേണ്ടവിധം പ്രതിരോധിക്കുന്നതിന് അവനുമായി അഥവ അവളുമായി സംസാരിക്കുന്നതിനുള്ള അവസരം എങ്ങനെയാണ് എനിക്ക് ലഭിക്കുക? ഞാൻ പ്രതിനിധീകരിക്കുന്ന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്നതിന് എനിക്ക് അവരുമായി സംസാരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ വീഡിയോ കോൺഫറൻസ് സംവിധാനമാണ് നടപ്പാക്കപ്പെടുന്നതെങ്കിൽ എനിക്ക് ഇത് ചെയ്യാൻ കഴിയില്ല. മാത്രമല്ല ഈ വീഡിയോ കോൺഫറൻസ് സംവിധാനം പുതിയ കേസുകൾക്കു മാത്രമാണോ കുടിശ്ശികയുള്ള പഴയ കേസുകൾക്കും ബാധകമാണോ എന്നതിനെക്കുറിച്ചും തർക്കങ്ങളുണ്ട്. അഭിഭാഷകർ തടസ്സവാദങ്ങൾ ഉന്നയിക്കും. ഈ പ്രശ്നങ്ങളിലെല്ലാം ആരാണ് തീർപ്പുകൽപ്പിക്കാൻ പോകുന്നത്?

കരൺ ഥാപ്പർ: നടപടിക്രമങ്ങൾ സംബന്ധിച്ച നിയമങ്ങളിന്മേൽ തർക്കങ്ങളുണ്ടാവുകയും ഇരുപക്ഷത്തുനിന്നും അവ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു എന്ന വസ്തുതയ്ക്ക് ഒരു അനന്തരഫലം കൂടിയുണ്ട്. അതായത്, നമ്മുടെ ക്രിമിനൽ നിയമങ്ങളുടെ ഉറപ്പും അനന്തര-ഫലത്തെക്കുറിച്ച് മുൻകൂട്ടികാണാനാകും എന്നതുമാണ് നമ്മുടെ നിയമസംവിധാനത്തിന്റെ മൗലികമായ തത്വം. അതാകെ സംശയത്തിന്റെ നിഴലിലാകും എന്നതാണ് ഇതിന്റെ അനന്തര-ഫലം. ക്രിമിനൽ നിയമം നിലവിൽ വരുമ്പോഴുള്ള നടപടിക്രമങ്ങളുടെ സ്വഭാവവും പ്രകൃതവും സംബന്ധിച്ച് പൗരർക്ക് പൂർണമായ വ്യക്തതയില്ല. നടപടിക്രമങ്ങളെക്കുറിച്ചുള്ള പഴയ നിയമമാണോ പുതിയ നിയമമാണോ ബാധകമാകുന്നത് എന്ന് ഏതെങ്കിലുമൊരു തലത്തിലുള്ള ജുഡീഷ്യൽ അതോറിറ്റി ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കുന്നതുവരെ അവർ കാത്തിരിക്കേണ്ടതായി വരും. അവർ അതിനൊരു ഉത്തരം കണ്ടെത്തുന്നതുവരെ അനിശ്ചിതത്വം നിലനിൽക്കും. ആ അനിശ്ചിതത്വം നിയമത്തിൽ വ്യക്തതയില്ലായ്മ ഉണ്ടാക്കും.

ഇന്ദിര ജയ്സിങ്: നോക്കൂ കരൺ, ഇതെല്ലാം തന്നെ നമ്മുടെ ഭരണഘടനയുമായിട്ടാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ 21–ാം അനുച്ഛേദം വളരെ കൃത്യമായാണ് വ്യക്തമാക്കിയിട്ടുള്ളത്. നിയമം മൂലം സ്ഥാപിതമായ നടപടിക്രമങ്ങൾ കൂടാതെ ഒരാളുടെയും ജീവനും സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ പാടില്ല. അപ്പോൾ നിയമത്തിൽ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് പൊതുമണ്ഡലത്തിൽ തർക്കങ്ങൾ നിലനിൽക്കെ നിയമംമൂലം സ്ഥാപിതമായതാണ് ഈ നടപടിക്രമങ്ങളെന്ന് നമുക്കെങ്ങനെ പറയാൻ കഴിയും?

ഒന്നാമതായി പരിഗണിക്കേണ്ട കാര്യം ക്രിമിനൽ നിയമത്തിൽ അനിശ്ചിതത്വവും ഉറപ്പില്ലായ്മയും പാടില്ല എന്നതാണ്. കാരണം നമ്മൾ ഒരാളിന്റെ ജീവിതവും സ്വാതന്ത്ര്യവുമാണ് അതുപ്രകാരം നിഷേധിക്കുന്നത്. എന്നാൽ ഇപ്പോൾ ഇവിടെ അവതരിപ്പിച്ചിരിക്കുന്ന നിയമത്തിൽ ഈ രണ്ടു ഘടകങ്ങളുമുണ്ട് – ഒരേ സമയം അനിശ്ചിതത്വവും അവ്യക്തതയും.

കരൺ ഥാപ്പർ: തീർച്ചയായും. ഇനി നമുക്ക് താങ്കളുന്നയിച്ച അടുത്ത പോയിന്റിലേക്ക് വരാം. കേസുകൾ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനന്തരഫലം എന്തായിരിക്കും? ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ താങ്കൾ പറയുന്നത് നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പ്രകാരം 83,000ത്തിലധികം ക്രിമിനൽ കേസുകൾ കെട്ടിക്കുന്നതായാണ്. ഇപ്പോൾ ഈ കുടിശ്ശിക 30 ശതമാനം കണ്ട് വർധിച്ചിരിക്കുന്നതായും താങ്കൾ പറയുന്നു. ഇത് അക്ഷരാർഥത്തിൽ നീതിനിഷേധത്തിനിടയാക്കുമെന്നും താങ്കൾ കൂട്ടിച്ചേർക്കുന്നു. കെട്ടിക്കിടക്കുന്ന കേസുകൾ 30 ശതമാനം കണ്ട് വർധിക്കുകയാണെന്നത്, 40 ശതമാനം പോലും ആകാനുള്ള സാധ്യതയുണ്ട് എന്നത് ശരിക്കും ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണല്ലോ.

ഇന്ദിര ജയ്സിങ്: അതെ. പ്രഥമവും പ്രധാനവുമായ വിഷയം നമ്മുടെ സംവിധാനം–എക്സിക്യൂട്ടീവോ ലെജിസ്ലേച്ചറോ ജുഡീഷ്യറിയോ – ഒന്നുംതന്നെ കുടിശ്ശികയായിട്ടുള്ള കേസുകളുടെ വർധന എത്രത്തോളമാണെന്ന് വിശകലനം നടത്തിയിട്ടുണ്ടോ എന്നതാണ്. നിയമമന്ത്രിക്ക് ഞാനെഴുതിയ കത്തിൽ ഇത്തരം എന്തെങ്കിലും പരിശോധന നടത്തിയിട്ടുണ്ടെങ്കിൽ അത് നമ്മളുമായി പങ്കുവയ്ക്കണമെന്ന ഒരാവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ഈ കത്തിന് ഇതേവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് ഇതിന്റെ ഒരു പകർപ്പ് അയച്ചിരുന്നെങ്കിലും ഒരു പ്രതികരണവും ഇതുവരെ കണ്ടില്ല. അതുകൊണ്ട് രാജ്യത്തെ കെട്ടിക്കിടക്കുന്ന കേസുകൾ വർധിക്കുന്ന് എത്രത്തോളമെന്ന് വിശകലനം ചെയ്യാനുള്ള ഒരു ഡാറ്റാബേസും നമ്മുടെ മുന്നിലില്ല. 83,000 എന്ന കണക്ക് ഞാൻ കണ്ടെത്തിയത് നാഷണൽ ജുഡീഷ്യൽ ഗ്രിഡിൽനിന്നാണ് എന്നതിനാൽ അതിനെക്കുറിച്ച് ആർക്കും തർക്കമുന്നയിക്കാനുമാവില്ല.

നിലവിലുള്ള നിയമപ്രകാരം 30 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകളുണ്ടെന്ന് നാം അൽപമൊന്ന് ശ്രദ്ധിച്ച് ഗ്രിഡിലെ ഡാറ്റ പരിശോധിച്ചാൽ കാണാനാകും. എന്താണിതിനർഥം? അതിവേഗം നീതി നടപ്പാകുന്നത് മൗലികാവകാശമാണെന്നു പറയുന്ന സുപ്രീംകോടതി ഈ ഗിരിപ്രഭാഷണങ്ങളിലൂടെ നമുക്ക് എന്ത് സന്ദേശമാണ് നൽകുന്നത്? വളരെ മനോഹരമായി അവകാശങ്ങളെക്കുറിച്ചു പറയുമ്പോൾ യഥാർഥത്തിൽ അനുഭവവേദ്യമാകുന്നത്, എപ്പോഴാണ്, എവിടെയാണ്? ഇതാണ് ഇന്നത്തെ സാഹചര്യം. ഈ രാജ്യത്ത് ആളുകൾ നിയമപരമായ വിചാരണ നേരിടുകയാണ്. നിങ്ങൾക്കറിയാമല്ലോ കരൺ, ഇത് പൂർവാർജിതമാണ്. നിയമ നടപടിയ്ക്കിടെയാണ് സ്റ്റാൻസ്വാമി മരണപ്പെട്ടത് എന്ന് നിങ്ങൾക്കറിയാമല്ലോ. അതോടെ എല്ലാം അവസാനിച്ചു. അദ്ദേഹത്തിന് താൻ കുറ്റക്കാരനല്ലെന്നു പ്രഖ്യാപിക്കുന്നത് അറിയാനുള്ള അവകാശംപോലും ലഭിച്ചില്ല.

കരൺ ഥാപ്പർ: ശരിയാണ്. താങ്കൾ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. അതായത് കെട്ടിക്കിടക്കുന്ന കേസുകൾ 40 ശതമാനം വരെ വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് താങ്കൾ പറയുന്നത്.

ഇന്ദിര ജയ്സിങ്: ഞാൻ നടത്തിയ അനേ-്വഷണത്തിൽ കണ്ട അനൗദ്യോഗികമായ ഒരു കണക്കാണിത്. ഇതാണ് ഔദ്യോഗികമായ കണക്കെന്ന് ഞാൻ അവകാശപ്പെടുന്നില്ല. നമ്മുടെ സംവിധാനം എന്തുകൊണ്ടാണ് സ്വന്തമായി ഇക്കാര്യം കണക്കാക്കാതിരിക്കുന്നതെ ന്നും അതിനനുസരിച്ചുള്ള പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കാത്തതെന്നുമാണ് എന്റെ ചോദ്യം.

കരൺ ഥാപ്പർ: ഇൗ ഘട്ടത്തിൽ താങ്കളോട് വളരെ ലളിതമായ, എന്നാൽ ഏറെ നിർണായകമായ ഒരു ചോദ്യം ചോദിക്കട്ടെ. നമ്മൾ ഇതേ വരെ ചർച്ച ചെയ്തുകൊണ്ടിരുന്നതെല്ലാം മൗലികമായ ചില വിഷയങ്ങളാണ്. എങ്ങനെയാണ് സമാന്തരമായ രണ്ടു നിയമസംവിധാനങ്ങൾക്ക് ഇരുപതോ ഇരുപത്തിയഞ്ചോ വർഷം വരെ ഒന്നിച്ചുനിന്ന് പ്രവർത്തിക്കാൻ കഴിയുക എന്ന കാര്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചു. ഇതെല്ലാം തന്നെ അപ്പീലുകൾ എത്ര കാലം വരെ നീണ്ടുപോകും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. നടപടിക്രമം സംബന്ധിച്ച ഏതു നിയമമാണ് ബാധകമാകുന്നത് എന്ന കാര്യത്തിൽ തർക്കമുണ്ടാകുന്നത് എങ്ങനെയാണെന്നതിനെക്കുറിച്ചും, എങ്ങനെയാണ് നടപടിക്രമങ്ങളെക്കുറിച്ചുള്ള പുതിയ നിയമം അടിച്ചേൽപ്പിക്കുന്നതെന്നതിനെക്കുറിച്ചും പഴയ നിയമത്തിൽ ഉറച്ചുനിൽക്കാൻ കുറ്റാരോപിതൻ ശ്രമിക്കുമെന്ന കാര്യവയ്യെക്കുറിച്ചും അങ്ങനെ വീണ്ടും ഈ വിഷയം നിയമനടപടികളിലേക്ക് പോവുകയും ഒടുവിൽ അപ്പീലിൽ എത്തുകയും ചെയ്യുമെന്നതിനെക്കുറിച്ചുമെല്ലാം നാം ചർച്ച ചെയ്തതാണ്. അതും പതിറ്റാണ്ടുകൾ നീണ്ടുനിന്നില്ലെങ്കിലും വർഷങ്ങളോളം തുടരും. ഞാൻ പറഞ്ഞതുപോലെ ഇവയെല്ലാം തന്നെ മൗലികമായ വിഷയങ്ങളാണ്.

ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനു തീരുമാനിക്കുംമുൻപ് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഗവൺമെന്റ് മതിയായ വിധത്തിൽ കൂടിയാലോചന നടത്തിയിരുന്നോ? കേസുകൾ കെട്ടിക്കിടക്കുന്നത് എങ്ങനെയാണ് വർധിക്കുന്നത് എന്നതിനെക്കുറിച്ചും 30 ശതമാനത്തിന്റെ വർധനയാണോ 40 ശതമാനത്തിന്റെ വർധനയാണോ ഉണ്ടാകുന്നത് എന്നതിനെയും കുറിച്ചും കൃത്യമായ പരിശോധനയൊന്നും നടത്തിയിട്ടില്ല എന്ന് താങ്കൾ തന്നെ മുൻപ് ചൂണ്ടിക്കാണിച്ചതാണ്. നമ്മൾ ചർച്ച ചെയ്ത മറ്റു വിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും കൂടിയാലോചന നടത്തിയിട്ടുണ്ടോ? തൊട്ടുതൊട്ടുവരുന്ന ഇപ്പോഴത്തെ രണ്ട് സമാന്തര നിയമവ്യവസ്ഥകൾ ഇപ്പോൾ പ്രാബല്യത്തിലുണ്ട് എന്ന വസ്തുതയും ഏതു നിയമമനുസരിച്ചുള്ള നടപടിക്രമങ്ങളാണ് പിന്തുടരേണ്ടത് എന്നതിനെക്കുറിച്ച് അനന്തരമായ തർക്കങ്ങൾ തുടരുന്നുണ്ട് എന്നതിനെക്കുറിച്ചും നാം ചർച്ച ചെയ്തുകഴിഞ്ഞു. അവയെക്കുറിച്ച് എന്തെങ്കിലും കൂടിയാലോചന നടന്നിട്ടുണ്ടോ? അങ്ങനെ നടന്നിട്ടുണ്ടെന്നാണ് ഗവൺമെന്റ് നിർബന്ധപൂർവം പറയാൻ ശ്രമിക്കുന്നത്. ഇതിന് നിങ്ങളുടെ മറുപടിയെന്താണ്?

ഇന്ദിര ജയ്സിങ്: ശരിയാണ്. ഇതിൽ ബന്ധപ്പെട്ട തൽപരകക്ഷിയാരാണെന്നതാണ് കാര്യം. സുപ്രീംകോടതിയിലെ ബാർ അസോസിയേഷനുമായി ചർച്ച ചെയ്തോ? ഇല്ല. ഡൽഹി ഹെെക്കോടതിയിലെ ബാർ അസോസിയേഷനുമായി ചർച്ച ചെയ്തോ? ഇല്ല. ചില ബാർ കൗൺസിലുകൾ തങ്ങളുമായി ഒരാലോചനയും നടത്തിയിട്ടില്ലെന്ന് പറയുകയും ഇക്കാര്യത്തിലുള്ള അവരുടെ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കരൺ, നിയമമന്ത്രി വിളിച്ചുചേർത്ത ഒരു യോഗത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ എനിക്ക് അറിയാൻ കഴിഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് താങ്കൾ ശ്രദ്ധിച്ചുകേൾക്കണം; നിയമമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ‘വേണ്ടപ്പെട്ട’ ചില വ്യക്തികളെ മാത്രമാണ് ക്ഷണിച്ചത്. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആ കൂടിയാലോചനയിൽ പങ്കെടുത്തുവെന്നതാണ്. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തിരുത്താൻ ഞാൻ തയ്യാറാണ്; എന്നാൽ ഇങ്ങനെയാണ് മാധ്യമങ്ങളിൽ പ്രസ്താവിച്ചുകണ്ടത്.

അപ്പോൾ, നിയമമന്ത്രാലയം നടത്തിയ ഒരു കൂടിയാലോചനാ യോഗത്തിലേക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാൻ എങ്ങനെ കഴിയുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ അദ്ദേഹത്തിന്റെ മുന്നിലേക്കാണ് തീർപ്പാക്കുന്നതിന് എത്താൻ പോകുന്നത്; ഈ പുതിയ നിയമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നാണ് ഞാൻ അറിഞ്ഞത്. ഞങ്ങൾ അവയെ സ്വാഗതം ചെയ്യുന്നുവെന്നോ? ഇല്ല; ഞങ്ങളാരും അവയെ സ്വാഗതം ചെയ്യുന്നില്ല; ഈ തർക്കങ്ങളെല്ലാം ഇന്ത്യയുടെ സുപ്രീംകോടതിയിലേ അവസാനിക്കൂ. എന്നാൽ ഈ തർക്കങ്ങളെയെല്ലാം മുളയിലേ നുള്ളിക്കളയാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

കരൺ ഥാപ്പർ: താങ്കൾ വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, വളരെ സൂക്ഷിച്ചു തെരഞ്ഞെടുക്കപ്പെടുന്ന ചിലരോട് മാത്രമാണ് ഇങ്ങനെ കൂടിയാലോചന നടത്തിയത്; ഇതിനെ കൂടിയാലോചന എന്ന് വിളിക്കാമോ എന്നെനിക്കറിയില്ല; പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ചിലരെ മാത്രമാണ് ക്ഷണിച്ചത്. ചീഫ് ജസ്റ്റിസ് അതിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ, അദ്ദേഹവും ആ കൂടിയാലോചനയുടെ ഭാഗമായിട്ടുണ്ടെങ്കിൽ, ആദ്യമേ തന്നെ പറയട്ടെ അദ്ദേഹവുമായി കൂടിയാലോചന നടത്തുന്നത് തെറ്റാണ്; കാരണം പ്രാബല്യത്തിലാകാൻ പോകുന്ന പുതിയ നിയമങ്ങളിൽ രൂപം കൊള്ളുന്ന തർക്കങ്ങൾക്ക് തീർപ്പുകൽപ്പിക്കേണ്ടത് അദ്ദേഹമാണ്.

അതുകൊണ്ട്, ഞാൻ താങ്കളോട് മറ്റൊരു ചോദ്യം ചോദിക്കാം. താങ്കൾ ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം പഴയ നിയമപ്രകാരം കുറ്റാരോപിതനാക്കപ്പെട്ട ആളുകളാണം ഇതിലെ പ്രധാനപ്പെട്ട തൽപ്പരകക്ഷി. അവരിപ്പോൾ കാണുന്നത് പുതിയ നിയമപ്രകാരമുള്ള നടപടിക്രമങ്ങളനുസരിച്ചായിരിക്കണം തങ്ങൾ വിചാരണ ചെയ്യപ്പെടേണ്ടത് എന്ന് സർക്കാർ നിർബന്ധം പിടിക്കുന്നതായാണ്; അങ്ങനെയാകുമ്പോൾ അതവരുടെ വിചാരണയെ ബാധിക്കും. തങ്ങളുടെ ഭാഗം വാദിക്കാനുള്ള അവരുടെ ശേഷിയെയും അത് ബാധിക്കും. ഏതെങ്കിലും വിധത്തിൽ കുറ്റാരോപിതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ? അതോ കുറ്റാരോപിതരുമായി കൂടിയാലോചന നടത്തണമെന്ന് പറയാൻ സാധ്യമല്ലെന്നുണ്ടോ?

ഇന്ദിര ജയ്സിങ്: കുറ്റാരോപിതരെ വളരെ ഫലപ്രദമായി പ്രതിനിധീകരിക്കുന്ന വലിയൊരു വിഭാഗം അറിയപ്പെടുന്ന അഭിഭാഷകരുണ്ട്. അങ്ങനെ നോക്കുമ്പോൾ, അഭിഭാഷക വൃത്തി രണ്ടായി വേർപെടുത്തപ്പെട്ടിട്ടുണ്ടെന്ന് കാണാം; അതിൽ ഒരു ഭാഗത്ത് ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിലെ പ്രോസിക്യൂട്ടർമാരാണ്; മറുഭാഗത്ത് കുറ്റാരോപിതരെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകരും. ഈ രണ്ട് കൂട്ടർക്കും തങ്ങളുടേതായ കാഴ്ചപ്പാടുകളുമുണ്ട്. കുറ്റാരോപിതർക്കായി കോടതികളിൽ ഹാജരാകുന്ന ഞങ്ങളെ ഉത്കണ്ഠപ്പെടുത്തുന്നത് ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്നങ്ങളാണ്. ഒരു പ്രത്യേക വിഭാഗം ആളുകളെന്നനിലയിൽ ഈ വിഭാഗവുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. ജയിലിലുള്ള കുറ്റാരോപിതരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽപോലും (അങ്ങനെ ചെയ്യണമെന്നു തന്നെയാണ് ഞാൻ കരുതുന്നത്). അവരുടെ പ്രതിനിധികളുമായെങ്കിലും കൂടിയാലോചന നടത്തിയിരിക്കണം. അങ്ങനെ എന്തെങ്കിലും കൂടിയാലോചനകൾ നടന്നതായി എനിക്കറിയില്ല. അതുപോലെ ബാർ അസോസിയേഷനുകളുമായി കൂടിയാലോചിക്കാൻ കഴിയും. ഇത്തരത്തിലെന്തെങ്കിലും കൂടിയാലോചന നടന്നതായും എനിക്കറിയില്ല. അപ്പോൾ എന്താണ് ഞാൻ മുന്നോട്ടുവയ്ക്കുന്ന കാര്യം? ഇതിന്റെ ആദിമരൂപം പോലും, നിയമത്തിന്റെ കരട് തയ്യാറാക്കിയതുപോലും ആഭ്യന്തരമന്ത്രാലയം മുൻകെെയടുത്താണ്; നിയമകമ്മീഷനല്ല അത് ചെയ്തത്. ഇങ്ങനെയൊരു കാര്യമേ നടന്നിട്ടില്ല.

കരൺ ഥാപ്പർ: ശരി, ഈ നിയമത്തിന്റെ കരട് തയ്യാറാക്കിയത് നിയമക്കമ്മീഷനല്ല, ആഭ്യന്തരമന്ത്രാലയമാണെന്ന് താങ്കൾക്ക് നല്ല ഉറപ്പുണ്ടല്ലോ!

ഇന്ദിര ജയ്സിങ്: അതെ, അതെ, അതെ.

കരൺ ഥാപ്പർ: മിസ്സിസ് ജയ്സിങ്, നമുക്കിനി ഇവിടെ നിന്ന് ഒരു ചുവടുകൂടി മുന്നോട്ടുപോകാം. പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട പുതിയ കടന്നാക്രമണങ്ങളെയെല്ലാം കുറിച്ച് കൃത്യമായ ചർച്ച നടത്താൻ എനിക്കാവില്ല; എന്നാൽ അതിനെക്കുറിച്ച് താങ്കൾ എഴുതിയിട്ടുള്ള രണ്ടോ മൂന്നോ കാര്യങ്ങളെക്കുറിച്ച് താങ്കളുമായി ചർച്ച നടത്താൻ എനിക്ക് താൽപ്പര്യമുണ്ട്. ഒന്നാമത്തേത് ‘രാജ്യദ്രോഹ’ത്തിന് നിർവചനം നൽകുന്ന ഇന്ത്യൻ പീനൽ കോഡിന്റെ 124 A അനുച്ഛേദത്തെ സംബന്ധിച്ചാണ്. ഇത് ഉപേക്ഷിക്കപ്പെട്ടതായാണ് പറഞ്ഞുകേൾക്കുന്നത്; എന്നാൽ സത്യം ഇങ്ങനെയല്ല; മറിച്ച് ഭാരതീയ ന്യായസംഹിതയുടെ 152–ാം അനുഛേദമായി അത് വീണ്ടും അവതരിപ്പിക്കപ്പെടുന്നതാകട്ടെ ഇന്ത്യയുടെ പരമാധികാരവുമായും സമഗ്രതയുമായും ബന്ധപ്പെട്ട അധിക പരാമർശങ്ങളോടുകൂടിയാണ്. ഇതൊന്നും തന്നെ 124 Aയുടെ മൂലരൂപത്തിൽ ഉണ്ടായിരുന്നതല്ല. ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും സംബന്ധിച്ച ഈ പുതിയ അധിക പരാമർശങ്ങൾ പുതിയ നിയമത്തെ കൂടുതൽ കർക്കശമാക്കുകയാണോ? അതുകൊണ്ടുതന്നെ ഇത് പഴയതിനേക്കാൾ കൂടുതൽ അപകടകരമാണോ!

ഇന്ദിര ജയ്സിങ്: ഇതിൽ രണ്ട് വിഷയങ്ങളുണ്ട്. ഒന്ന്, ഗവൺമെന്റ് സുപ്രീംകോടതിയോട് പറയുന്നത്, നിങ്ങൾ രാജ്യദ്രോഹ നിയമം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടതൊന്നും ഞങ്ങൾ കാര്യമായെടുക്കുന്നില്ലയെന്നാണ്; ഞങ്ങൾക്ക് അത് വീണ്ടും കൊണ്ടുവരാനുള്ള അധികാരമുണ്ടെന്നാണ്. ഞാൻ വ്യക്തമാക്കാനാഗ്രഹിക്കുന്ന ഒന്നാമത്തെ പോയിന്റ് ഇതാണ്: സുപ്രീംകോടതിയുടെ വിധി ന്യായങ്ങൾക്ക് ഗവൺമെന്റ് അൽപ്പവും വിലകൽപ്പിക്കുന്നില്ലയെന്നും അതിനെ പരിഗണനയിലെടുക്കുന്നില്ലയെന്നുമാണ്.

രണ്ടാമത്തെ പോയിന്റാണ് കൂടുതൽ പ്രധാനപ്പെട്ടത്. താങ്കൾക്കറിയാമല്ലോ കരൺ, മുൻപുനടത്തിയ പൊതുപ്രസ്താവനകളിൽ ഞാൻ പറഞ്ഞത്, സർക്കാർ ഞങ്ങളെ ദേശവിരുദ്ധരെന്ന് ആരോപിക്കുകയാണെന്നാണ്; പക്ഷേ, ഇന്ത്യൻ പീനൽ കോഡിൽ ‘ദേശവിരുദ്ധർ’ ആയിരിക്കുക എന്നത് കുറ്റകൃത്യമായി കാണുന്നില്ല. തോന്നുമ്പോഴെല്ലാം സർക്കാർ ആളുകൾക്കെതിരെ ആരോപിക്കുന്ന ഈ കുറ്റകൃത്യങ്ങളെല്ലാം എവിടെയാണ് കാണുന്നത്? ഈ പൊതുവ്യവഹാര ഭാഷകളെല്ലാം നമുക്ക് കാണാൻ കഴിയുന്നത് അവ വിധിന്യായങ്ങളിൽ നുഴഞ്ഞുകയറുമ്പോഴാണ്. ഉദാഹരണത്തിന്, ഇന്ന് ബുദ്ധിജീവികൾ വിളിക്കപ്പെടുന്നത് ‘അർബൻ നക്സലുകൾ’ എന്നാണ്. നിങ്ങൾ വൃത്തികെട്ട വാക്കായി പറയുന്ന അർബൻ നക്സലുകൾ ആയിരുന്നു എന്ന കുറ്റകൃത്യത്തെക്കുറിച്ച് എവിടെയാണ് പരാമർശിക്കുന്നത്? ഇപ്പോൾ ഗവൺമെന്റ് ചെയ്തിരിക്കുന്നത്, ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും എന്ന പദപ്രയോഗത്തിലൂടെ യഥാർഥത്തിൽ, ‘ദേശവിരുദ്ധരായിരിക്കുക’ എന്ന കുറ്റകൃത്യത്തെ നിയമത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുകയാണ്. പൊതുമണ്ഡലത്തിൽ അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇപ്പോൾ ഓരോരുത്തരും ദേശവിരുദ്ധരാണെന്നാണ്. നിശ്ചയമായും ഒൗദ്യോഗിക നയത്തിനെതിരായി നിങ്ങൾ എന്തെങ്കിലും പറയുകയാണെങ്കിൽ അത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി കണക്കാക്കപ്പെടും. അതുകൊണ്ടുതന്നെ ഇത് അഭിപ്രായ പ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യത്തെ നേരിട്ടുബാധിക്കുന്ന വളരെ ഗൗരവമുള്ള വിഷയമാണ്. നിങ്ങൾക്ക് ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ അത് പ്രത്യക്ഷത്തിൽ തന്നെ ബാധിക്കുന്നതാണ്.

കരൺ ഥാപ്പർ: മറ്റു വാക്കുകളിൽ പറഞ്ഞാൽ ഭാരതീയ ന്യായ സംഹിതയുടെ അനുച്ഛേദം 152 യഥാർഥത്തിൽ ഐപിസി 124 എ യെക്കാൾ കൂടുതൽ മാരകമാണെന്നല്ലേ താങ്കൾ പറയുന്നത്? ഈ പുതിയ അനുച്ഛേദം 152 ഒരേ സമയം കൂടുതൽ മാരകവും അതുകൊണ്ടുതന്നെ അസ്വസ്ഥതയുളവാക്കുന്നതുമാണ്.

ഇന്ദിര ജയ്സിങ്: അങ്ങനെ തന്നെയാണ്. സർക്കാരിനോടുള്ള അതൃപ്തി എന്ന വാക്ക് നിയമപ്രകാരം നീക്കം ചെയ്തിട്ട് പകരം ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും എന്ന വാക്കാണ് ചേർത്തത്. അങ്ങനെ അത് മുൻപത്തെ നിയമത്തെക്കാൾ കൂടുതൽ മാരകമായിരിക്കുകയാണ്.

കരൺ ഥാപ്പർ: വാസ്തവത്തിൽ, താങ്കൾ ഉദ്ധരിച്ച ഉദാഹരണത്തിലും ഇന്ത്യൻ എകസ്-പ്രസിൽ താങ്കളെഴുതിയ ലേഖനത്തിലും ഞാൻ ഉദ്ധരിച്ച ഭാഗത്തും താങ്കൾ പറയുന്നത് ഒരു സാധാരണ കലാപത്തെ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള ആക്രമണമായി പെരുപ്പിച്ച് കാണിക്കാനാവുമെന്നാണ്. അതായത്, ഈ അധികപരാമർശത്തിൽ ഉള്ളത് അവർ ലക്ഷ്യം വച്ചിടത്തുതന്നെ കാര്യങ്ങൾ കൊണ്ടെത്തിക്കലാണ്.

ഇന്ദിര ജയ്സിങ്: അതെ, ഇക്കാര്യം ഞാൻ ഇങ്ങനെ വിശദീകരിക്കാം. നോക്കൂ, ജീവിതത്തിൽ ജനങ്ങൾ പല തരത്തിലുള്ള അക്രമങ്ങളിൽ ഏർപ്പെടാറുണ്ട്; ശരിയല്ലേ? ഉദാഹരണത്തിന്, ഞാൻ താങ്കളെ തള്ളിയിടുകയാണെങ്കിൽ, അതിനെ ഒരാക്രമണമായി കണക്കാക്കാവുന്നതാണ്. ഈ കയ്യേറ്റം ഒരു കുറ്റകൃത്യമാണ്; കാരണം അവിടെ അതിൽ അ ക്രമത്തിന്റേതായ ഒരു ഘടകമുണ്ട്. നിങ്ങൾ ചെയ്തത് കലാപം എന്ന് വിളിക്കാവുന്ന എന്തെങ്കിലുമാകാം, നിയമവിരുദ്ധമായ കൂട്ടം ചേരലാകാം നിങ്ങൾ ചെയ്തത്, ആത്യന്തികമായി നിങ്ങൾ ചെയ്തത് ഭീകരത എന്നറിയപ്പെടുന്ന എന്തെങ്കിലുമാകാം. അപ്പോൾ ഈ പെരുപ്പിച്ചുകാട്ടൽ സാധാരണഗതിയിൽ കലാപം എന്നു വിളിക്കാവുന്ന ഒരു കാര്യത്തെ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന കാര്യമായി വിശേഷിപ്പിക്കാൻ ഗവൺമെന്റിനെ പ്രാപ്തമാക്കുന്നു. മുൻപേ തന്നെ അവർ യുഎപിഎ പ്രകാരം ഇത് ചെയ്തിരുന്നു; ഇനി അവർക്ക് ഇന്ത്യൻ പീനൽ കോഡിന് സമാനമായ ന്യായസംഹിതയിലെ വകുപ്പുകൾ പ്രകാരം ചെയ്യാൻ കഴിയും.

എല്ലാത്തിനെയുംകാൾ മോശപ്പെട്ട കാര്യം യുഎപിഎയിലെ വ്യവസ്ഥകൾ നിലനിർത്തിയിട്ടുണ്ടെന്നതാണ്…

കരൺ ഥാപ്പർ: നമുക്കത് പ്രത്യേകം പരിഗണിക്കാം. അത് രണ്ടാമത്തെ പോയിന്റാണ്. ഇത് രണ്ടും തമ്മിൽ കൂട്ടിക്കലർത്തണ്ട; അങ്ങനെ ആയാൽ ശ്രോതാക്കൾ/വായനക്കാർ ആശയക്കുഴപ്പത്തിലാകും.

ഭാരതീയ ന്യായസംഹിതയുടെ അനുച്ഛേദം 152ലെ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും സംബന്ധിച്ച അധികപരാമർശത്തിന്റെ അർഥം ഭീകരതയുടെ പരിധിയിൽ വരാത്ത കുറ്റകൃത്യങ്ങളെയും ഭീകരതയായി ഉയർത്തിക്കാണിക്കാനാവും എന്നാണല്ലോ താങ്കൾ വ്യക്തമാക്കാനാഗ്രഹിക്കുന്നത്; അതിനാൽ വ്യാഖ്യാനവും അതിനുള്ള ശിക്ഷയും കൂടുതൽ കടുത്തതായും മാറുന്നു. അതാണ് ഏറെ ഭയക്കേണ്ട കാര്യം. ശരിയല്ലേ?

ഇന്ദിര ജയ്സിങ്: അത് ഭയമാണെന്നതിലുപരി പ്രസംഗിക്കുന്നതുതന്നെ കുറ്റകൃത്യമാക്കപ്പെടുകയാണ്. ഏതെങ്കിലുമൊരു കാഴ്ചപ്പാടിനെ പിന്താങ്ങുന്നതുമൂലം നമ്മൾ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുകയാണ് എന്നാണ് അവർ നമ്മളോട് പറയുന്നത്.

കരൺ ഥാപ്പർ: തീർച്ചയായും, ഏതു കാര്യത്തെയും പെരുപ്പിച്ച് കാണിച്ച് അപകടകരമായ ഒന്നാക്കി മാറ്റാൻ കഴിയും.

താങ്കൾ മുന്നോട്ടുവയ്ക്കുന്ന രണ്ടാമത്തെ പോയിന്റിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമുള്ള (യുഎപിഎ) പല കുറ്റകൃത്യങ്ങളെയും പുതിയ ക്രിമിനൽ നിയമത്തിലും കുറ്റകൃത്യങ്ങളായി ആവർത്തിച്ചിട്ടുണ്ട്. ഇതിനർഥം കുറ്റാരോപിതൻ രണ്ട് ചാർജ് ഷീറ്റുകൾ നേരിടേണ്ടതായി വരുമെന്നും ഒരുപക്ഷേ അതേപോലെ തന്നെ അപകടകരമായവിധം, രണ്ട് അനേ-്വഷണ ഏജൻസികൾ– യുഎപിഎ പ്രകാരം എൻഐഎയും പുതിയ ക്രിമിനൽ നിയമപ്രകാരം ലോക്കൽ പൊലീസും – അനേ-്വഷിക്കുമെന്നല്ലേ? മറ്റു വാക്കുകളിൽ പറഞ്ഞാൽ, പുതിയ ക്രിമിനൽ നിയമത്തിലും യുഎപിഎയിലും വ്യക്തമാക്കപ്പെട്ടിട്ടുള്ള തരത്തിലുള്ള ഏതെങ്കിലും കുറ്റകൃത്യത്തിലേർപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയും പുതിയ ക്രിമിനൽ നിയമപ്രകാരവും യുഎപിഎ പ്രകാരവും രണ്ട് ചാർജുഷീറ്റുകളെയും രണ്ട് അനേ-്വഷണ ഏജൻസികളെയും നേരിടേണ്ടതായി വരുമോ?

ഇന്ദിര ജയ്സിങ്: അതേ, നിശ്ചയമായും അവർക്ക് വേണമെങ്കിൽ ഈ രണ്ട് നിയമത്തിലെയും വകുപ്പുകൾ പ്രകാരം ഒരാളിനെതിരെ കുറ്റം ചുമത്താനാകും; എന്നാൽ ഭരണഘടന പ്രകാരം, ഒരേ കുറ്റകൃത്യത്തിന് രണ്ട് ശിക്ഷ വിധിക്കാൻ കഴിയില്ലെന്നേയുള്ളൂ. ഇരട്ട ആപത്ത് നേരിടുമ്പോഴും ശിക്ഷ ഒന്നേയുള്ളൂവെന്നത് ശരിതന്നെയാണ്; എന്നാൽ ആ പ്രക്രിയ തന്നെ ശിക്ഷയാണ്, ശരിയല്ലേ? അതിനാൽ ആ പ്രക്രിയയ്ക്കിടയിൽ ഒരാളിന് വ്യത്യസ്ത ഏജൻസികളെ അഭിമുഖീകരിക്കേണ്ടതായി വരും; എന്നാൽ ഏതാണ് ശരിയായ ഏജൻസിയെന്ന്, ആധികാരിക ഏജൻസിയെന്ന് നിങ്ങൾക്കറിയാനുമാവില്ല.

എന്നാൽ കൂടുതൽ പ്രധാനപ്പെട്ട കാര്യം, നമുക്ക് ലഭിച്ചിരുന്ന സുരക്ഷയും യുഎപിഎ പ്രകാരം കവർന്നെടുക്കപ്പെട്ടിരിക്കുകയാണ് എന്നാണ്. അത് എങ്ങനെ? എന്തുകൊണ്ട്? കാരണം യുഎപിഎ പ്രകാരം അനേ-്വഷണ ഉദ്യോഗസ്ഥൻ, പൊലീസ് സ്റ്റേഷനിലെ ലോക്കൽ അനേ-്വഷണ ഉദ്യോഗസ്ഥനേക്കാൾ ഉയർന്ന തലത്തിലുള്ളയാളാണ്. രാജ്യത്തെ ഏത് സാധാരണ പൊലീസ് സ്റ്റേഷനും ഇപ്പോൾ ഭീകരപ്രവർത്തനത്തെക്കുറിച്ച് അനേ-്വഷിക്കാൻ കഴിയും.

രണ്ടാമത്തെ കാര്യം; യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഗവൺമെന്റ് അനുമതി നൽകണം. അടുത്ത കാലത്ത് യുഎപിഎ നിയമപ്രകാരം അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ അപ്രതീക്ഷിതമായി ഡൽഹി ലഫ്ടനന്റ് ഗവർണർ അനുമതി നൽകിയ കാര്യം നമുക്കറിയാമല്ലോ. എന്നാൽ, ഇനി അത്തരമൊരു അനുവാദംപോലും ആവശ്യമില്ലെന്നു വന്നിരിക്കുന്നു. ഏത് സാധാരണ പൊലീസ് ഉദ്യോഗസ്ഥനും പുതിയ ന്യായ സംഹിത പ്രകാരം ഭീകരപ്രവർത്തനം നടത്തിയതായി ആരോപിച്ച് ആരെ വേണമെങ്കിലും പ്രോസിക്യൂട്ട് ചെയ്യാൻ കഴിയും. പഴയ നിയമപ്രകാരം നിലനിന്നിരുന്ന എല്ലാ സംരക്ഷണവ്യവസ്ഥകളും പൂർണമായും കവർന്നെടുക്കപ്പെട്ടിരിക്കുന്നു– ഒരു സീനിയർ ഉദേ-്യാഗസ്ഥൻ പ്രശ്നം പരിശോധിച്ചിരിക്കണം, ആ സീനിയർ ഉദ്യോഗസ്ഥനു മുകളിലുള്ള ആരെങ്കിലും കേസ് കെട്ടിച്ചമച്ചതാണോയെന്ന് നോക്കേണ്ടതുണ്ട് എന്നിവയാണ് പഴയ നിയമത്തിലെ സംരക്ഷണ വ്യവസ്ഥകൾ.

കരൺ ഥാപ്പർ: തീർച്ചയായും. ഇനി നമുക്ക് താങ്കൾ ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ എഴുതിയിരുന്ന മൂന്നാമത്തെ വിഷയത്തെക്കുറിച്ച് പരിശോധിക്കാം. മൂന്ന് വർഷത്തിലധികവും 7 വർഷത്തിൽ കവിയാതെയുമുള്ള ജയിൽ ശിക്ഷ ലഭിക്കാവുന്ന ഏത് ശിക്ഷാർഹമായ കുറ്റകൃത്യത്തെക്കുറിച്ചും പ്രാഥമികാനേ-്വഷണം ആവശ്യമാണെന്ന് ഭൗരബ് നഗർ സുരക്ഷാ സംഹിത നിർദേശിക്കുന്നതായി ആ ലേഖനത്തിൽ താങ്കൾ പറയുന്നു. ഇതിന്റെ അർഥം അനേ-്വഷണം പൂർത്തിയാകുന്നതുവരെ സ്വാഭാവികമായി എഫ്ഐആർ ഇടനാവില്ലയെന്നല്ലേ? അതിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമാണ്?

ഇന്ദിര ജയ്സിങ്: ഇക്കാര്യം വളരെ, വളരെ ഗൗരവമുള്ളതാണ്. നിശ്ചയമായും, പ്രധാനപ്പെട്ട കാര്യം ഗവൺമെന്റ് സുപ്രീംകോടതിയുടെ വിധിന്യായത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നതാണ്. പുതിയ നിയമനിർമാണത്തിലൂടെ ഗവൺമെന്റ് സുപ്രീംകോടതി വിധിയെ മറികടന്നിരിക്കുകയാണ്; ‘‘പരാതിയിൽ പറഞ്ഞ കാര്യത്തിന്റെ യാഥാർഥ്യം എന്തെന്ന് പരിശോധിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെടേണ്ടത് നിയമപരമായ ബാധ്യതയാണ്; എന്നാൽ പരസ്പരം പോരടിക്കുന്ന രണ്ട് ബിസിനസ് കുടുംബങ്ങളെപ്പോലെയുള്ള എന്തെങ്കിലും വിഷയമാണോ, സ്വന്തം കച്ചവടതാൽപ്പര്യത്തിനായി അവർ പരസ്പരം പരാതി നൽകിയതാണോ എന്ന് പരിശോധിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ പ്രാഥമികാനേ-്വഷണം നടത്താവുന്നതാണ്’’ എന്നാണ് സുപ്രീംകോടതി വിധിയിൽ പറഞ്ഞത്. ഇപ്പോൾ 3 വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് ശിക്ഷ ലഭിക്കാവുന്ന എല്ലാ കേസുകളിലും പ്രാഥമികാനേ-്വഷണം നടത്തുകയാണ്– എന്താണിതിന് അർഥം?

നോക്കൂ. ‘‘പ്രഥമവിവര റിപ്പോർട്ട്’’ എന്നു പറയുന്നത് എന്തുകൊണ്ടാണ്? ‘‘ആദ്യത്തേത്’’ എന്ന പദത്തിനുതന്നെ പ്രാധാന്യമുണ്ട്; ശരിയല്ലേ? കാരണം ഒരാൾ ഒരു സംഭവം നടന്ന ഉടൻ തന്നെ പറയുന്ന കാര്യങ്ങൾ സത്യമായിരിക്കും; നിയമംതന്നെ അംഗീകരിക്കുന്ന കാര്യമാണിത്. പതിനഞ്ചോ ഇരുപതോ ദിവസത്തിനുശേഷം നിങ്ങൾ പറയുന്നതിൽ കൃത്രിമത്വം ഉണ്ടാകാൻ സാധ്യതയുണ്ട്. പൊലീസ് നിങ്ങളെ വഴി തെറ്റിക്കാനിടയുണ്ട്; നിങ്ങളുടെ സുഹൃത്തുക്കളും വഴിതെറ്റിച്ചേക്കാം; വിവരങ്ങളിൽ എരിവും പുളിയും ചേർത്ത് നിങ്ങളുടെ ബന്ധുക്കളും യാഥാർഥ്യം മറച്ചുപിടിച്ചേയ്ക്കാം. ‘‘പ്രഥമ വിവരറിപ്പോർട്ട്’’ എന്നതിന്റെ പ്രാധാന്യം ഇതാണ്. എനിക്ക് എന്തെങ്കിലും സംഭവിക്കുന്ന ആ നിമിഷംതന്നെ ഞാൻ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകും; പരാതി നൽകും; അവർ അത് രേഖപ്പെടുത്തേണ്ടതുമുണ്ട്. ഇപ്പോൾ അത് രേഖപ്പെടുത്തേണ്ടതില്ലെന്ന സ്ഥിതി ഉണ്ടായിരിക്കുന്നു; അത് രേഖപ്പെടുത്താത്ത ഇടയ്ക്കുള്ള കാലത്ത് നിങ്ങൾ പൊലീസിന് കെെക്കൂലി കൊടുക്കുന്നു; അപ്പോൾ അവർ പറയുന്നു– ‘‘ശരി, നിങ്ങൾ ഇത്രയും പണം തന്ന സ്ഥിതിക്ക് ഞാൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും.’’ ആദ്യമേ തന്നെ കോടതിയിൽ പോകുന്നതിനുള്ള കാരണം അതാണ്. പൊലീസ് പ്രഥമവിവര റിപ്പോർട്ട് രേഖപ്പെടുത്തുന്നില്ല. അവർ മധ്യസ്ഥരായി മാറുകയാണ്; ലഭിച്ച വിവരം രേഖപ്പെടുത്താതിരിക്കുന്ന കാലമത്രയും സംഭവിക്കുന്നത് ഇതാണ്. കുറ്റാരോപിതനെയും പരാതിക്കാരനെയും ബന്ധപ്പെട്ട് കേസ് ഒത്തുതീർപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്– ‘‘ഇതെല്ലാം ഒത്തുതീർപ്പാക്കിയാൽ പോരേ?’’ എന്നാണ് അവർ ചോദിക്കുന്നത്.

കരൺ ഥാപ്പർ: നിശ്ചയമായും. ഞാൻ താങ്കൾ പറയുന്നതിനെ ഗൗരവത്തിൽ കാണുന്നു. നമ്മൾ ഈ അഭിമുഖത്തിന്റെ അവസാനത്തോടടുക്കുന്നതിനാൽ ഒരു കാര്യം കൂടി ചോദിച്ചോട്ടെ. ഒരു പാട് വിഷയങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു.

ഈ അഭിമുഖത്തിന്റെ രണ്ടാം പകുതിയിൽ, നമ്മൾ കൃത്യമായും പുതിയ നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്തു; എങ്ങനെയാണ് അവ കൂടുതൽ കർക്കശവും അപകടകരവുമാകുന്നത് എന്നും നാം ചർച്ച ചെയ്തു. ഈ അഭിമുഖത്തിന്റെ ആദ്യ പകുതിയിൽ എങ്ങനെയാണ് ഒരേ സമയം സമാന്തരമായി രണ്ട് സംവിധാനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് എന്ന് നമ്മൾ ചർച്ച ചെയ്തു; അത് ഒരുപക്ഷേ അടുത്ത 20–25 വർഷം വരെ അപ്പീലുകൾ അവസാനിക്കുന്നതുവരെ തുടർന്നേക്കാമെന്നും നാം കണ്ടു. നടപടിക്രമം സംബന്ധിച്ച ഏത് നിയമമാണ് ബാധകമാകുന്നത്– പുതിയതാണോ പഴയതാണോ എന്നതിനെക്കുറിച്ചുള്ള–എന്ന അനന്തമായ തർക്കങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്നും നാം ചർച്ച ചെയ്തു; ഇൗ തർക്കങ്ങളും പതിറ്റാണ്ടുകൾ തന്നെ നീണ്ടു നിന്നേയ്ക്കാം; കാരണം അപ്പീൽ പ്രക്രിയ അവസാനിക്കുന്നതെപ്പോൾ എന്നതിനെ ആശ്രയിച്ചായിരിക്കും അത്.

കെട്ടിക്കിടക്കുന്ന കേസുകൾ 30 ശതമാനം കണ്ട്– 40 ശതമാനം വരെ ആയേക്കാം– വർധിക്കുന്നതെങ്ങനെയെന്നും നാം ചർച്ച ചെയ്തു. ഇതു സംബന്ധിച്ച് ഒരു പരിശോധനയും ഇതേ വരെ സർക്കാർ നടത്തിയിട്ടില്ല. അങ്ങനെ ആശങ്കപ്പെടുത്തുന്ന നിരവധി വിഷയങ്ങളെക്കുറിച്ച് നാം ചർച്ച ചെയ്തു; ഇവിടെയാണ് എന്റെ ചോദ്യം ഉയരുന്നത്; നാം നേരിടുന്ന ഈ വിഷയങ്ങളെക്കുറിച്ചെല്ലാം സുപ്രീംകോടതിയിലോ രാജ്യത്തെ ഏതെങ്കിലും പ്രമുഖ ഹെെക്കോടതിയിലോ ചോദ്യം ചെയ്യുമോ? ഇത് സംഭവിക്കുന്നത് എങ്ങനെ ആയിരിക്കും?

ഇന്ദിര ജയ്സിങ്: അത് ഉറപ്പാണ്. ഇപ്പോൾ തന്നെ പരാതിയുമായി നിൽക്കുന്ന ആളുകളെ എനിക്കറിയാം. നിയമം പ്രാബല്യത്തിൽ വരുന്നതിനുമുൻപുതന്നെ പരാതി ഫയൽ ചെയ്തവർ പോലുമുണ്ട്; ഈ നിയമങ്ങൾ പാസാക്കിയ ഉടൻ നടപ്പാക്കാതെ ഗവൺമെന്റ‍് കാലതാമസം വരുത്തിയതുമൂലം നിയമം പ്രാബല്യത്തിലായില്ല എന്നതുകൊണ്ട് അവർക്ക് പരാതികൾ പിൻവലിക്കേണ്ടതായി വന്നു. സുപ്രീംകോടതിയിൽ ഒന്നല്ല, ഒട്ടേറെ ഹർജികൾ വരും; അതുപോലെതന്നെ ഈ നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ട് എല്ലാ ഹെെക്കോടതികളിലും ഹർജികൾ വരും.

ഈ നിയമങ്ങളെക്കുറിച്ചുള്ള കൂടിയാലോചനകൾ എന്ന പേരിൽ നടത്തപ്പെടുന്ന യോഗങ്ങളിലൊന്നും തന്നെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പങ്കെടുക്കരുതായിരുന്നുവെന്ന് ഞാൻ പറഞ്ഞത് അത് അത്രയേറെ എന്നെ അസ്വാസ്ഥ്യപ്പെടുത്തിയതുകൊണ്ടാണ്; കാരണം, ഈ കേസുകളിലെല്ലാം തീർപ്പുകൽപ്പിക്കുന്നത് അദ്ദേഹമല്ലെങ്കിൽ പോലും അതിനുള്ള ബഞ്ച് രൂപീകരിക്കുന്നതെങ്കിലും അദ്ദേഹമായിരിക്കും; അദ്ദേഹമാകട്ടെ ഇതിനകം തന്നെ ഈ നിയമങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് തന്റെ അഭിപ്രായം പരസ്യപ്പെടുത്തുകയും ചെയ്തു.

കരൺ ഥാപ്പർ: ഞാനൊന്ന് ഇടപെട്ടോട്ടെ! ചീഫ് ജസ്റ്റിസിനെ സംബന്ധിച്ചിടത്തോളം അനുചിതവും തെറ്റുമാണെന്ന് താങ്കൾ വിശ്വസിക്കുന്ന, ഈ കൂടിയാലോചനകളിൽ അദ്ദേഹം പങ്കെടുത്തത് സംബന്ധിച്ച വിഷയം താങ്കൾക്ക് പ്രത്യേകമായി കെെകാര്യം ചെയ്തുകൂടേ? ഈ അഭിമുഖത്തിനിടയിൽ താങ്കൾ രണ്ടു പ്രാവശ്യം ഈ വിഷയം സൂചിപ്പിച്ചു. നേരിട്ട് ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നോ? താങ്കൾ അദ്ദേഹത്തിന് കത്തെഴുതിയോ? അദ്ദേഹത്തിന്റെ മുന്നിൽ ഇതവതരിപ്പിച്ചോ? ഞാനിത് ചോദിക്കാൻ കാരണം, അദ്ദേഹം ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് കേവലം ഔചിത്യമില്ലായ്മ മാത്രമല്ല, മറിച്ച് അദ്ദേഹം സ്വയം അനാശാസ്യമായ ഒരു അവസ്ഥയിൽ ചാടിയിരിക്കുകയുമാണ്; കാരണം, ഇതു സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത ഒരാളെന്ന നിലയിൽ, ഈ നിയമങ്ങൾ സ്വീകാര്യമാണെന്നും അവയിൽ പ്രശ്നങ്ങളില്ലെന്നും പറഞ്ഞിരിക്കുകയുമാണല്ലോ? ഇനിയിപ്പോൾ, ഈ നിയമങ്ങൾ നടപ്പാക്കുന്നതിനിടയിൽ ഉയർന്നുവരുന്ന കേസുകളുടെ വിചാരണ വേളയിൽ വ്യത്യസ്തമായ ഒരഭിപ്രായം അദ്ദേഹത്തിനു രേഖപ്പെടുത്തേണ്ടതായി വരുമല്ലോ. അതുകൊണ്ട് ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടോ?

ഇന്ദിര ജയ്സിങ്: നോക്കൂ, എന്റെ കത്തിന്റെ പകർപ്പ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനും എല്ലാ ഹെെക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാർക്കും അയച്ചിരുന്നു. എന്നാൽ അതിന് ഇതുവരെ ഒരു മറുപടിയും ലഭിച്ചില്ല, പ്രതികരണവും ഉണ്ടായില്ല. എന്നാൽ ഞാൻ താങ്കളോട് ഒരു കാര്യം പറയട്ടെ! അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ച പ്രശ്നത്തിന് ഒരു പരിഹാരവും അദ്ദേഹത്തിനുണ്ടാകും. അദ്ദേഹത്തിന് സ്വന്തം നിഷ്പക്ഷത വ്യക്തമാക്കാൻ ഈ കേസ് കേൾക്കുന്നതിൽനിന്നും സ്വയം വിട്ടുനിൽക്കാം. അല്ലെങ്കിൽ വിട്ടുനിൽക്കണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടുകയുമാവാം. എന്നാൽ ഇത്ര പ്രധാനപ്പെട്ട ഒരു വിഷയം കേൾക്കുന്നതിൽ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്തുകൊണ്ട് വിട്ടുനിൽക്കേണ്ടിവരുന്നു?

കരൺ ഥാപ്പർ: ചീഫ് ജസ്റ്റിസിനെ സംബന്ധിച്ചിടത്തോളം കേസ് കേൾക്കുന്നതിൽ നിന്ന്- വിട്ടുനിൽക്കണമെന്ന് പറയുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മാത്രമല്ല, അങ്ങനെ ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെടേണ്ടതായി വരുന്നതും ബുദ്ധിമുട്ടുണ്ടാക്കും. അതിന് ഒരഭിഭാഷകൻ കോടതിയിൽ എണീറ്റുനിന്ന് ഇങ്ങനെ പറയേണ്ടതായി വരും– ‘‘ഈ വിഷയത്തിൽ താങ്കൾ മുമ്പ് സ്വീകരിച്ചിട്ടുള്ള നിലപാട് മൂലം ഈ കേസ് കേൾക്കുന്നതിൽ നിന്നും താങ്കൾ വിട്ടുനിൽക്കണം.’’ ഇങ്ങനെയൊന്ന് സംഭവിക്കുന്നത് ചീഫ് ജസ്റ്റിസിനെ സംബന്ധിച്ചിടത്തോളം വിഷമിപ്പിക്കുന്നതായിരിക്കുമല്ലോ?

ഇന്ദിര ജയ്സിങ്: അദ്ദേഹമാണ് ചീഫ്. താങ്കൾക്കറിയാമല്ലോ അദ്ദേഹമാണ് റോസ്റ്ററിന്റെ അധികാരിയെന്ന്. കേസ് അദ്ദേഹം കേൾക്കണമോ മറ്റേതെങ്കിലും ജഡ്ജി കേൾക്കണമോയെന്ന് തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണ്. എന്തുതന്നെയായാലും ഇത് തികച്ചും അനുചിതം തന്നെയാണ്.

കരൺ ഥാപ്പർ: താങ്കളോട് ഒരു കാര്യം ചോദിച്ചോട്ടെ. ഈ തർക്കങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നു തന്നെയിരിക്കട്ടെ. ഒട്ടനവധി ഹർജികൾ ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും പ്രമുഖ ഹൈക്കോടതികളിലും എത്തുമെന്ന് താങ്കൾക്കുറപ്പാണ്; അങ്ങനെയാണ് താങ്കൾ എന്നോട് പറഞ്ഞതും. എന്നാൽ ഈ ഹർജികളും തർക്കങ്ങളും കേൾക്കുന്നതിനു മുമ്പായി നിയമം പ്രാബല്യത്തിൽ വരുകയാണെങ്കിൽ എന്തായിരിക്കും സ്ഥിതി? കാരണം ജൂലെെ ഒന്നിന് നിയമം പ്രാബല്യത്തിൽ വരുമല്ലോ?

ഇന്ദിര ജയ്സിങ്: വളരെയേറെ ഗൗരവമുള്ള ഒരു ചോദ്യമാണിത്. ഞാൻ ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം (ഞാൻ മാത്രമല്ല, മറ്റു നിരവധി പേർ ഇവയ്ക്ക് പുറമെ മറ്റു ചില വിഷയങ്ങളും ഉന്നയിച്ചിട്ടുണ്ട്) പരിഹാരമുണ്ടാക്കുന്നതുവരെ ഈ നിയമം നടപ്പാക്കുന്നത് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. ഈ നിയമം പാസാക്കിയത് 175ൽ അധികം എംപിമാർ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നപ്പോഴാണെന്ന്- താങ്കൾക്ക് ഓർമ്മയുണ്ടാവുമല്ലോ. പാർലമെന്റിൽ ഒരു ചർച്ചയുമുണ്ടായിരുന്നില്ല. വെറുതെ പാസാക്കുകയായിരുന്നു. അതുകൊണ്ട് ഇതിന്റെ സാധ്യതയെക്കുറിച്ചുതന്നെ സംശയമുയരുന്നുണ്ട്. ആ സ്ഥിതിക്ക് ഒരു തർക്കം ഉയർന്നു വരുമ്പോൾ, പരാമർശിക്കപ്പെടുന്ന തർക്കങ്ങളിലൊന്ന് ഇത് തന്നെയായിരിക്കും – പാർലമെന്റ് പരിശോധന നടത്താത്ത ഒരു നിയമമെങ്ങനെയാണ് സാധുവാകുന്നത്? ഇക്കാര്യത്തിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധന ഉണ്ടായോ?

കരൺ ഥാപ്പർ: ഇടപെടുന്നതിൽ ക്ഷമ ചോദിക്കട്ടെ ! താങ്കൾ പറഞ്ഞു വരുന്നത് 2024 ജൂലൈ ഒന്നിന് തന്നെ ഈ നിയമം പ്രാബല്യത്തിൽ വരുകയാണെങ്കിൽ (സർക്കാർ ലക്ഷ്യമാക്കുന്നതും ഇത് തന്നെയാണ്), അതുവരെയും തർക്കങ്ങൾക്ക് പരിഹാരം കാണുന്നില്ലയെങ്കിൽ നമ്മളാകെ കുഴപ്പത്തിലാകുമെന്നല്ലേ അർത്ഥം.

ഇന്ദിര ജയ്സിങ്: അതു കുഴപ്പം തന്നെയായിരിക്കും. എന്നാൽ കരൺ, താങ്കൾക്കറിയാമല്ലോ, പരിഹാരം വളരെ ലളിതമാണ്. ഇത് നടപ്പാക്കുന്നത് താൽക്കാലികമായി മാറ്റിവയ്ക്കണമെന്നാണ് നിയമമന്ത്രിയോട് എല്ലാവരും ആവശ്യപ്പെടുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റിന് ഈ നിയമങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിന് ഒരവസരം നൽകണം.

കരൺ ഥാപ്പർ: അദ്ദേഹം അങ്ങനെ ചെയ്യാൻ തയ്യാറായില്ലെങ്കിലോ?

ഇന്ദിര ജയ്സിങ്: താങ്കൾ ശരിയായി തന്നെ ചൂണ്ടിക്കാണിച്ചതുപോലെ, അപ്പോൾ നാം ആകെ കുഴപ്പത്തിലാകും.

കരൺ ഥാപ്പർ: അപ്പോൾ അതാണ് പരിഹാരം. എന്താണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിൽ തന്നെ ഗവൺമെന്റ് ഉറച്ചുനിൽക്കുകയാണെങ്കിൽ, അതായത് ജൂലൈ ഒന്നിനുതന്നെ, ഈ മൂന്ന് നിയമങ്ങളും പ്രാബല്യത്തിലാക്കുകയാണെങ്കിൽ നിയമപരമായും ജുഡീഷ്യലായും നാമാകെ കുഴപ്പത്തിലാകും. ഒരേ സമയം നിയമപരവും ജുഡീഷ്യലുമായ കുഴപ്പം!

ഇന്ദിര ജയ്സിങ്: അതെ, അതുകൊണ്ടുതന്നെയാണ്, ഈ നിയമങ്ങളുടെ സാധുതയെക്കുറിച്ച് പരിശോധിക്കാൻ സമയമാവശ്യമാണെന്ന വിഷയം ഉന്നയിക്കണമെന്ന് പറഞ്ഞ് ഇന്ത്യയിലെ പൗരർ സർക്കാരിന്റെ സഖ്യകക്ഷികൾക്ക് കത്തെഴുതിയിരിക്കുന്നത്. ജൂലെെ ഒന്നിനുതന്നെ നിയമം നടപ്പാക്കുന്നത് മാറ്റുന്നുവെന്ന ഒരു വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രം മതി.

കരൺ ഥാപ്പർ: തീർച്ചയായും. ഈ നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്ലാവരോടും മൊത്തത്തിലും വെവ്വേറെയും അഭ്യർത്ഥിക്കുകയാണ്. ഈ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നതിന് ഗവൺമെന്റിൽ സമ്മർദം ചെലുത്താനും സ്വന്തം പക്ഷത്ത് അണിനിരക്കാനും പ്രതിപക്ഷത്തെ രാഷ്ട്രീയ നേതാക്കളോടെല്ലാം ആവശ്യപ്പെടുന്ന കത്തുകൾ എഴുതിയിട്ടുള്ള 3,600 ഓളം പേർക്ക് ഒപ്പമാണ് താങ്കൾ.

എന്നാൽ, ഞാൻ മുന്നോട്ടുവെച്ച പോയിന്റ് ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുകയാണ്. ജൂലെെ ഒന്നു മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുകയാണെങ്കിൽ, (അതാണ് ഗവൺമെന്റിന്റെ ലക്ഷ്യം, ഇന്നത്തെ നിലയിൽ അങ്ങനെ തന്നെ നടപ്പാക്കണമെന്നാണ് ഗവൺമെന്റ് തീരുമാനവും) താങ്കൾ ചൂണ്ടിക്കാണിച്ചതുപോലെ നമ്മൾ നിയമപരവും ജുഡീഷ്യലുമായ കുഴപ്പത്തിൽ അകപ്പെടും. ഞാൻ പറഞ്ഞത് ശരിയല്ലേ?

ഇന്ദിര ജയ്സിങ്: അതെ. നമ്മുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാകും.

കരൺ ഥാപ്പർ: അപ്പോൾ ശരി. ഈ അഭിമുഖം അനുവദിച്ചതിന് താങ്കൾക്ക് നന്ദി. ഇത്രയും സമയം എനിക്കായി ചെലവഴിച്ചതിന് ഞാൻ താങ്കളോട് ഏറെ കടപ്പെട്ടിരിക്കുന്നു. സൂക്ഷിക്കുക, സുരക്ഷിതയായിരിക്കുക.

ഇന്ദിര ജയ്സിങ്: നന്ദി, എന്നെ ക്ഷണിച്ചതിന്, ചോദ്യങ്ങൾ ചോദിച്ചതിന്.
(കടപ്പാട്: ദി വയർ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =

Most Popular