കപിൽ സിബൽ: നമസ്-കാരം, നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ 2024 ജൂലെെ മൂന്നിന് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. പഴയ ഇന്ത്യൻ പീനൽ കോഡിനു (ഐപിസി) പകരം ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) 1973 ലെ ക്രിമിനൽ പ്രൊസീജിയർ കോഡിനു (സിആർപിസി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും (ബിഎൻഎസ്എസ്) തെളിവ് നിയമത്തിനുപകരം (Evidence Act) ഭാരതീയ സാക്ഷ്യസംഹിതയുമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഈ നിയമങ്ങൾ ഇനി അതാത് കാലത്ത് കോടതികളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകും. എന്നാൽ ഈ നിയമങ്ങളുടെ സ്വഭാവത്തെക്കുറിച്ചും അവ തയ്യാറാക്കിയ രീതിയെ സംബന്ധിച്ചും ഒട്ടേറെ വിവാദങ്ങൾ ഉയർന്നുവന്നിരിക്കുന്നു. ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം 2023ൽ ഈ നിയമങ്ങൾ അവതരിപ്പിച്ചുകൊണ്ട് – – 2024 ജൂലെെ ഒന്നിന് ഇവ പ്രാബല്യത്തിലായിരിക്കുന്നു – ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനയിൽ പറയുന്നത്, കൊളോണിയൽ കാലഘട്ടത്തിലെ നുകത്തിന്റെ പിടിയിൽനിന്നും മോചനം നേടാൻ അദ്ദേഹം ആഗ്രഹിക്കുന്നതായാണ്; ഈ നിയമങ്ങളെല്ലാം തന്നെ കൊളോണിയൽ കാലത്തെ നിയമങ്ങളാണെന്നും ഇപ്പോൾ നാം കൊളോണിയൽ കാലത്തെ നിയമങ്ങൾക്കുപകരം കൂടുതൽ ആധുനികമായ നിയമങ്ങൾക്ക് രൂപം നൽകിയിരിക്കുകയാണെന്നുമാണ്.
ഐപിസിയുടെയും തെളിവ് നിയമത്തിന്റെയും സിആർപിസിയുടെയും 90 മുതൽ 95 ശതമാനം വരെ നിലനിർത്തിയിട്ടുണ്ട്. 5 മുതൽ 7 ശതമാനം വരെ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളൂ; ആ മാറ്റങ്ങളാകട്ടെ വളരെയേറെ വിവാദങ്ങൾക്കിടയാക്കിയിരിക്കുകയുമാണ്. ഇപ്പോൾ ഇക്കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനെത്തിയിട്ടുള്ള പാനലിസ്റ്റുകളെ പരിചയപ്പെടുത്തുന്നതിനുമുൻപ് (അവരെല്ലാം തന്നെ വളരെ പ്രശസ്തരായ വ്യക്തികളാണ്) ഒരു വസ്തുത സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ഭരണഘടനയിൽ ഒരു വകുപ്പുണ്ട് – അനുഛേദം 21; ഒരാളിന്റെയും ജീവനും സ്വാതന്ത്ര്യവും കവർന്നെടുക്കപ്പെടാൻ പാടില്ലയെന്നാണ് അതിൽ പറയുന്നത്; നിയമം വഴി സ്ഥാപിതമാകുന്ന നടപടിക്രമങ്ങൾ ആളുകളുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്ന വിധത്തിലാകണം. അതിനാൽ ഈ മൂന്ന് ക്രിമിനൽ നിയമങ്ങളും ഈ പരിധിയിൽ വരുന്നതാണ്; പീനൽ കോഡ് പ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യം നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സ്വാതന്ത്ര്യവും ജീവനും കവർന്നെടുക്കപ്പെടും. നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാനമായ നടപടിക്രമങ്ങളാണ് ക്രിമിനൽ പ്രൊസീജിയർ കോഡ്; ഭരണഘടനയുടെ 21–ാം അനുഛേദം നിർദേശിക്കുന്നതനുസരിച്ചുള്ള നിയമവുമാണത്. നിങ്ങൾ കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള വസ്തുതകളെക്കുറിച്ച് വിവരിക്കുന്നതാണ് തെളിവ് നിയമം.
അതിനാൽ ഈ മൂന്ന് നിയമങ്ങളും ഭരണഘടനയുടെ അനുഛേദം 21ന്റെ ഭാഗമാണ്. അതുകൊണ്ട് ഈ നിയമങ്ങൾ ഭരണഘടനയുടെ അനുഛേദം 21മായി പൊരുത്തപ്പെട്ടുപോകുന്നതാണോ അല്ലേയെന്ന പരിശോധനയാണ് ഇവിടെ നടത്തുന്നത്. എന്നാൽ, അതിലേക്ക് കടക്കും മുൻപ് നമ്മോടൊപ്പമുള്ള പാനലിസ്റ്റുകളെ നമുക്ക് പരിചയപ്പെടാം. നിങ്ങൾക്കെല്ലാം അറിയുന്നതുപോലെ, ചിദംബരം പ്രശസ്തനും പ്രമുഖനുമായ അഭിഭാഷകനാണ്; അദ്ദേഹം വർഷങ്ങളായി ഈ രംഗത്തുണ്ട്; ആറ് – ഏഴ് തവണ അദ്ദേഹം ശിവഗംഗയിൽനിന്നുള്ള പാർലമെന്റംഗമായിരുന്നു (ഇപ്പോൾ അദ്ദേഹം മത്സരിച്ചില്ല; അദ്ദേഹത്തിന്റെ മകൻ കാർത്തിയാണ് അവിടെ നിന്നുള്ള പാർലമെന്റംഗം); 1997ൽ ബജറ്റ് അവതരിപ്പിച്ചത് അദ്ദേഹമാണ്; അതിനുമുൻപ് അദ്ദേഹം വാണിജ്യ മന്ത്രിയായിരുന്നു; അതിനുംമുൻപ് അദ്ദേഹം രാജീവ് ഗാന്ധിയുടെ കാലത്ത് വാണിജ്യ വകുപ്പിലെ സഹമന്ത്രിയായിരുന്നു; പേഴ്സണൽ വകുപ്പിലെ മന്ത്രിയായിരുന്നിട്ടുണ്ട്; അദ്ദേഹം ഒൻപത് ബജറ്റുകൾ അവതരിപ്പിച്ചു. അദ്ദേഹം ധനമന്ത്രിയായിരുന്നു; ആഭ്യന്തരമന്ത്രിയായിരുന്നു. അപ്പോൾ സർക്കാർ പക്ഷത്തുനിന്ന് എങ്ങനെയാണ് നിയമങ്ങൾക്ക് രൂപം നൽകുന്നതെന്നും ഈ നിയമങ്ങൾ എങ്ങനെയാണ് വേണ്ട നിലവാരം ഇല്ലാത്തതായതെന്നും വിശദീകരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹം തന്നെയാണ്. നമ്മോടൊപ്പം ജസ്റ്റിസ് മദൻ ലോക്കൂർ ഉണ്ട്; നിശ്ചയമായും നിങ്ങൾക്കെല്ലാം അറിവുള്ളതുപോലെ അദ്ദേഹം ആന്ധ്രയിലെ ചീഫ് ജസ്റ്റിസായിരുന്നു; ഗൗഹാത്തി ചീഫ് ജസ്റ്റിസായിരുന്നു; സീനിയർ അഭിഭാഷകനായിരുന്നു; പിന്നീട് കുറേക്കാലം അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു; ഒടുവിൽ നിരവധി വർഷക്കാലം അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായിരുന്നു. ഒട്ടേറെ സുപ്രധാന വിധി ന്യായങ്ങൾ അദ്ദേഹത്തിന്റേതായുണ്ട് – പ്രത്യേകിച്ചും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. നമ്മോടൊപ്പം മുക്ത ഗുപ്തയുണ്ട്; അവരുടെ ബിരുദം സുവോളജിയിലാണ് (ജ. മുക്ത ഗുപ്ത: ഞാനൊരു ശാസ്ത്ര വിദ്യാർഥിയാണ്) അതെ, താങ്കളൊരു സയൻസ് വിദ്യാർഥിയാണ്; എന്നാൽ എനിക്കതറിയില്ലായിരുന്നു; പക്ഷേ, ഞാനത് കണ്ടെത്തി. 2009 മുതൽ 2022 വരെ അവർ ഡൽഹി ഹെെക്കോടതി ജഡ്ജിയായിരുന്നു; വളരെ ശ്രദ്ധേയമായ ചില വിധിന്യായങ്ങൾ അവർ പുറപ്പെടുവിച്ചിട്ടുണ്ട്. അവർ ഡൽഹി നാഷണൽ ടെറിറ്ററിയുടെ ക്രിമിനൽ സെെഡിലാണ് നിൽക്കുന്നത്. വർഷങ്ങളോളം അവർ സിബിഐക്കു വേണ്ടി കേസുകൾ വാദിച്ചിരുന്നു. പാർലമെന്റാക്രമണ കേസിൽ പ്രോസിക്യൂട്ടർ എന്ന നിലയിൽ വിചാരണ നടത്തിയത് അവരാണ്. നിതീഷ് കടാര കേസും മറ്റു നിരവധി പ്രധാനപ്പെട്ട കേസുകളും അവർ കെെകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ അവർ ഈ നിയമങ്ങളെക്കുറിച്ച് രാജ്യത്തുടനീളം പ്രഭാഷണങ്ങൾ നടത്തുകയാണ്; കൂട്ടത്തിൽ ഐഎഎസ് അക്കാദമിയിലും അവരുണ്ട്.
അങ്ങനെ ഈ സംവാദത്തിൽ ശരിക്കും പ്രമുഖരായ മൂന്ന് വ്യക്തികളാണ് നമ്മോടൊപ്പമുള്ളത്. അപ്പോൾ നമുക്ക് ചിദംബരം ജിയിൽനിന്ന് തുടങ്ങാം. ഈ നിയമങ്ങൾ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിന്ന് മുക്തമാവുന്നുണ്ടോ?
പി ചിദംബരം: മെക്കാളെ പ്രഭുവിനുള്ള ഒരു മരണാനന്തര ബഹുമതിയാണ്, ആദരാഞ്ജലിയാണ് ഈ നിയമങ്ങൾ എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യൻ പീനൽ കോഡിന്റെ 90 മുതൽ 95 ശതമാനം വരെ അതേപടി നിലനിർത്തിയിട്ടുണ്ട്. 511 സെക്ഷനുകളുണ്ട് – 23 +2 അധ്യായങ്ങൾ. 18 അധ്യായങ്ങൾ പഴയ പീനൽ കോഡിൽനിന്ന് അതേപടി പകർത്തിയതാണ്. ഒരു വാക്കുപോലും മാറ്റിയിട്ടില്ല; കുത്തും കോമയുമൊന്നും മാറ്റിയിട്ടില്ല. അപ്പോൾ, വാസ്തവത്തിൽ, മെക്കാളെ പ്രഭുവിന്റെ ഭാഷയൊന്ന് മെച്ചപ്പെടുത്താൻ പോലും നിങ്ങൾക്ക് പ്രാപ്തിയില്ലെന്ന് സമ്മതിക്കുകയാണ്; നിങ്ങളുടെ കഴിവില്ലായ്മയാണ് ഇതിൽ പ്രകടമാകുന്നത്.
ഈ പുതിയ നിയമങ്ങൾ തയ്യാറാക്കിയ രീതിയെക്കുറിച്ചു തന്നെ എനിക്ക് എതിർപ്പുണ്ട്. 1860ലെ ഇന്ത്യൻ പീനൽ കോഡും 1872ലെ ഇന്ത്യൻ തെളിവ് നിയമവും 1973ലെ സിആർപിസിയുമാണ് നിങ്ങൾ പരിഷ്കരിക്കുന്നതെങ്കിൽ ആ ചുമതല നിയമ കമ്മിഷനെ ഏൽപിക്കുകയായിരുന്നു വേണ്ടത്. നിയമ കമ്മിഷൻ എന്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്? നിയമങ്ങൾ പരിഷ്കരിക്കേണ്ടതെങ്ങനെയെന്ന് ഗവൺമെന്റിനെ ഉപദേശിക്കുക മാത്രമാണ് നിയമ കമ്മിഷന്റെ ചുമതല. ഏതെങ്കിലുമൊരു നിയമം മൊത്തത്തിൽ പൊളിച്ചെഴുതാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, നിയമ കമ്മിഷന് അയയ്ക്കുകയാണ് വേണ്ടത്. ഇപ്പോൾ സർക്കാർ നിയമ കമ്മിഷനെ മറികടന്നിരിക്കുകയാണ്. യൂണിവേഴ്സിറ്റികളിൽ മുഴുവൻ സമയ ജോലിയുള്ള ഏതാനും ചില പ്രൊ-ഫസർമാരെയാണ് ഈ ജോലി ഏൽപ്പിച്ചത്; നിയമത്തിന്റെ കരട് എഴുതി തയ്യാറാക്കുന്ന ജോലി അവർ പാർട്ട്ടെെമായാണ് ചെയ്തത്. അവരെക്കൊണ്ടാവും വിധം നന്നായി ചെയ്തു; പക്ഷേ അതു പോരായിരുന്നു. അതുകൊണ്ടാണ് ഇതാകെ പഴയതിന്റെ വെറും പകർപ്പായി മാറിയത്. ഈ നടപടിക്രമത്തെ ഞാൻ ശക്തമായി എതിർക്കുകയാണ്. യഥാർഥത്തിൽ ഉണ്ടായത് ക്രിമിനൽ നിയമങ്ങളുടെ പൂർണമായ പൊളിച്ചെഴുത്തായിരുന്നില്ല.
കപിൽ സിബൽ: ശരി, മദൻജി, ഇക്കാര്യത്തിൽ താങ്കളുടെ കാഴ്ചപ്പാടെന്താണ്?
മദൻ ലോക്കൂർ: ഞാൻ അദ്ദേഹവുമായി യോജിക്കുകയാണ്. കൊളോണിയൽ അംശങ്ങളുമായി ബന്ധമുള്ള കുറേ കാര്യങ്ങൾ അദ്ദേഹം പറഞ്ഞതുപോലെ ഇതിലുണ്ട്. എന്നാൽ ഇന്ത്യൻ പീനൽ കോഡിൽ ഉപയോഗിച്ചിട്ടുള്ള ചില വാക് പ്രയോഗങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ‘‘A Woman quick with a child’’ എന്നൊരു പ്രയോഗമുണ്ട് ഐപിസിയിൽ. കഴിഞ്ഞ 100 വർഷത്തിനിടയിൽ ആരെങ്കിലും ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല; ശരിയല്ലേ? പക്ഷേ പുതിയ ബിഎൻഎസിൽ അത് കാണുന്നുണ്ട്. trepan (കുഴൽ രൂപത്തിലുള്ള ഈർച്ചവാൾ) എന്നറിയപ്പെടുന്ന സർജറി ചെയ്യാനുള്ള ഒരു തരം ഉപകരണത്തെക്കുറിച്ച് ഇതിൽ പറയുന്നുണ്ട്. ആ ഉപകരണത്തെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടാവുമെന്ന് എനിക്കറിയില്ല. ഐപിസിയിലെ ഒരു വിശദീകരണത്തിലും ഇപ്പോൾ ബിഎൻഎസിലും അത് കാണുന്നുണ്ട്; ഒരാൾ കുതിരപ്പുറത്തുനിന്ന് വീഴുകയും തലയോട്ടിക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ സർജൻ trepan ഉപയോഗിക്കുന്നു എന്നാണ് വിശദീകരണം. ഇപ്പോൾ ഒരാൾ കുതിരപ്പുറത്തുനിന്ന് വീഴുന്നതും തലയോട്ടിക്ക് പരിക്കേൽക്കുന്നതും ഒരു സർജൻ trepan നുമായി അയാൾക്കുചുറ്റും കറങ്ങുന്നതും ഇന്ന് എത്ര പേർക്ക് ഊഹിക്കൻ കഴിയും.
പേരിനു വേണ്ടി മാത്രം നടത്തിയ ഒരഭ്യാസം മാത്രമാണിത് എന്നാണ് ഞാൻ അർഥമാക്കുന്നത്. അതാണ് ഒരു കാര്യം. ‘ഭാരതീയ’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതുകണ്ട് ഞാനൽപ്പം അസ്വസ്ഥനാണെന്നതാണ് മറ്റൊരു കാര്യം. ഇന്ത്യൻ പീനൽ കോഡ്, ഇന്ത്യൻ കോൺട്രാക്ട് ആക്ട്, ഇന്ത്യൻ സക്സെഷൻ ആക്ട് (ഇന്ത്യൻ പിന്തുടർച്ചാ നിയമം) എന്നിവയെല്ലാം ബ്രിട്ടീഷ് പാർലമെന്റ് തയ്യാറാക്കിയതാണ്, ഇന്ത്യയ്ക്ക് ബാധകമാക്കാൻ വേണ്ടി. ഇപ്പോൾ പുതിയ നിയമത്തിനായി എന്തിനാണ് ‘ഭാരതീയ’ അഥവാ ‘ഇന്ത്യൻ’ എന്ന പദം ഉപയോഗിക്കുന്നത്? ഇന്ത്യൻ പാർലമെന്റാണ് ഇപ്പോൾ ഇത് ചെയ്യുന്നത്. അതുകൊണ്ട് ന്യായ്സംഹിത എന്നു മാത്രം മതിയെന്നാണ് ഞാൻ അർഥമാക്കുന്നത്.
കപിൽ സിബൽ: ഈ പ്രാവശ്യം ടി 20 ക്രിക്കറ്റ് വേൾഡ് കപ്പിൽ ഇന്ത്യ വിജയിച്ചു.
മദൻ ലോക്കൂർ: അപ്പോൾ ‘ഭാരതീയ’ എന്ന വാക്ക് എന്തിനാണ് നിങ്ങൾ പ്രയോഗിക്കുന്നത്. ഇന്ത്യക്കാർ എന്നതിനുപകരം ‘ഭാരതീയ’ എന്ന വാക്കുപയോഗിക്കുന്നതിന് ഞാൻ എതിരല്ല; എന്നാൽ ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന ഒരു നിയമത്തിന് ഇതിന്റെ ആവശ്യമില്ല. ഉദാഹരണത്തിന്, നമ്മുടെ ‘ജെെവ വെെവിധ്യ നിയമ’ത്തിനെ നമ്മളാരെങ്കിലും ‘ഭാരതീയ ജെെവ വെെവിധ്യനിയമം’ എന്ന് വിളിക്കുമോ? ധനനിയമത്തെ നിങ്ങൾ’ ഭാരതീയ ധന നിയമം’ എന്ന് വിളിക്കുമോ? എന്തിനാണ് ഇത് ചെയ്യുന്നത്?
കപിൽ സിബൽ: സംഗതി വളരെ രസകരമാണ്; അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് എനിക്കും ചിലത് പറയാനുണ്ട്. താങ്കൾ ഇക്കാര്യം സൂചിപ്പിച്ചല്ലോ?; പക്ഷേ ഇത് ‘ഭാരതീയ ന്യായ് സംഹിത’യാണ്. ഈ ശീർഷകത്തിൽ എനിക്ക് മനസ്സിലാകാത്തത് ന്യായ സംഹിതയിലെ പീനൽ കോഡ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്നത് ആരാണെന്നാണ്? ഭരണകൂടം. ഒരു വ്യക്തിക്ക് നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല; ശരിയല്ലേ? ഈ പ്രോസിക്യൂഷന്റെ ലക്ഷ്യമെന്താണ്? ഏതെങ്കിലും ഒരാൾ ഒരു വ്യക്തിക്കെതിരെയല്ല, മറിച്ച് സമൂഹത്തിനെതിരെയാണ് കുറ്റകൃത്യം നടത്തുന്നത്. എല്ലാ കുറ്റകൃത്യങ്ങളും സമൂഹത്തിനെതിരായവയാണ്; അതിനാൽ നിയമത്തിന്റെ ലക്ഷ്യം നീതി നിർവഹണമല്ല. നിയമത്തിന്റെ ലക്ഷ്യം കുറ്റം ചെയ്തതായി കണ്ടെത്തുന്നയാളെ ശിക്ഷിക്കലാണ്. അപ്പോൾ ‘ന്യായ്’ എന്ന വാക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും. ‘ന്യായ് ’ എന്നു പറഞ്ഞാൽ ഒരാൾ മറ്റൊരാളിനെതിരെ ഒരു കേസ് കൊടുക്കുകയും കോടതി ഇതിൽ ആരുടെ ഭാഗത്താണ് ശരിയെന്ന് തീരുമാനിക്കുകയും ചെയ്യുന്നതാണ്. അപ്പോഴാണ് അത് നീതിനിർവഹണമാകുന്നത്. ഇവിടെയാകട്ടെ, നിങ്ങൾ ശിക്ഷിക്കുകയാണ്. നിയമത്തിന്റെ ലക്ഷ്യം തന്നെ വ്യക്തിയെ ശിക്ഷിക്കലാണ്. അതിനാൽ, എന്റെ അഭിപ്രായത്തിൽ ‘ഭാരതീയ’, ‘ന്യായ്’ എന്നീ വാക്കുകൾ അനുഛേദം 21ന്റെ ഉദ്ദേശ്യവുമായി പൊരുത്തപ്പെടുന്നതല്ല.
മുക്ത ഗുപ്ത: ബിഎൻഎസിനെക്കുറിച്ച് എനിക്ക് പറയാനുള്ളത്, അതിന്റെ ആമുഖത്തിൽ പറയുന്ന കാര്യവുമായി ബന്ധപ്പെട്ടാണ്. ശിക്ഷാ നിയമ വ്യവസ്ഥകളെയാകെ കൂട്ടിയോജിപ്പിക്കുന്നതിനാണ് ഈ നിയമമെന്നാണ് ആമുഖത്തിൽ പറയുന്നത്. എംസിഒസിഎ, ജിസിഒസിഎ, എപിസിഒസിഎ (മഹാരാഷ്ട്ര/ഗുജറാത്ത്/ആന്ധ്രപ്രദേശ് കൺട്രോൾ ഓഫ് ഓർഗനെെസ്ഡ് ക്രൈം ആക്ട്) എന്നിങ്ങനെയുള്ള പ്രത്യേക നിയമങ്ങളിൽനിന്നുള്ള ചില ശിക്ഷാ നിയമവകുപ്പുകൾ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. ബിഎൻഎസിൽ 111,112 എന്നീ വകുപ്പുകളിലായി ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്. പദാനുപദമുള്ള നിർവചനമാണ്. ഇപ്പോൾ ഇങ്ങനെ ചേർത്തതിന്റെ ഫലമായി പൊലീസിന് ഒന്നുകിൽ ബിഎൻഎസിലെ വകുപ്പുകളനുസരിച്ചോ അല്ലെങ്കിൽ പ്രത്യേക നിയമത്തിലെ വകുപ്പുകളനുസരിച്ചോ കേസെടുക്കാവുന്നതാണ്. അതേപോലെ, ബിഎൻഎസിലെ 113–ാം വകുപ്പ് കെെകാര്യം ചെയ്യുന്നതും ഭീകര പ്രവർത്തനം തടയൽ നിയമത്തിലെ കുറ്റകൃത്യത്തെയാണ്. നിർവചനം നൽകിയിരിക്കുന്നതും യുഎപിഎയിലെ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിർവചനം തന്നെയാണ്.
ബിഎൻഎസ് പ്രകാരം കേസെടുക്കണമോ യുഎപിഎ പ്രകാരം കേസെടുക്കണമോയെന്നത് പൊലീസിന്റെ വിവേചനാധികാരമാണ്. രണ്ടിനും നടപടിക്രമങ്ങൾ വ്യത്യസ്തമാണ്. പ്രോസിക്യൂഷന് ചില വിവേചനാധികാരങ്ങൾ ലഭ്യമാണെങ്കിൽ, പ്രത്യേക സ്റ്റാറ്റ്യൂട്ടുകളിൽ ചില നിയന്ത്രണങ്ങളുണ്ട്. നിയമങ്ങളിൽ ഭേദഗതി വരുത്താനും ഒന്നിച്ചുകൊണ്ടുവരാനുമാണ് ഗവൺമെന്റ് ഉദ്ദേശിച്ചതെങ്കിൽ, ഈ വ്യവസ്ഥകളെല്ലാം ഒരേ സമയം ബിഎൻഎസിലേക്ക് കൊണ്ടുവരാമായിരുന്നു; എന്നാൽ പ്രത്യേക സ്റ്റാറ്റ്യൂട്ടുകൾ റദ്ദു ചെയ്തിട്ടുമില്ല. എല്ലാ ശിക്ഷാ വ്യവസ്ഥകളും ഒരു സ്റ്റാറ്റ്യൂട്ടിലേക്ക് ഒരുമിച്ച് കൂട്ടിച്ചേർക്കാമായിരുന്നു; വ്യത്യസ്ത സ്റ്റാറ്റ്യൂട്ടുകളിലായിരിക്കുന്നതിനെക്കാൾ അത് ലളിതവുമാകുമായിരുന്നു. ഒരു പ്രൊവിഷനെക്കുറിച്ചുള്ള വ്യാഖ്യാനം തന്നെ എല്ലാത്തിനും ബാധകമാക്കാനും കഴിയുമായിരുന്നു.
പി ചിദംബരം: ജനപ്രാതിനിധ്യ നിയമത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പുതിയ നിയമത്തിൽ കൊണ്ടുവന്നിരിക്കുന്നു.
കപിൽ സിബൽ: എന്നാൽ കൊളോണിയൽ കാലത്തിന്റെ ഹാങ്ങോവർ സംബന്ധിച്ച വിഷയത്തിലേക്ക് കടന്നാൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയേണ്ട രണ്ട് പ്രൊവിഷനുകളുണ്ട്. ഒന്ന് സംശയത്തിന്റെ പേരിൽ ഒരാളെ അറസ്റ്റുചെയ്യാനും പൊലീസ് കസ്റ്റഡിയിൽ 15 ദിവസം വരെ വയ്ക്കാനും കഴിയുന്ന വ്യവസ്ഥ. പൊലീസിന് ഒരാളെ 15 ദിവസം വരെ കസ്റ്റഡിയിൽ വയ്ക്കാൻ അനുവദിക്കുന്ന ഒരു പീനൽ കോഡ് ലോകത്തൊരിടത്തുമില്ല. അതാണ് കൊളോണിയൽ കാലഘട്ടത്തിന്റെ ഹാങ്ങോവറായി നിൽക്കുന്നത്. പൊലീസ് കസ്റ്റഡിക്കുള്ള കാരണമെന്താണ്? കുറ്റാനേ-്വഷണം നടത്താൻ നിങ്ങൾക്കവകാശമുണ്ടോ? നിങ്ങൾ കുറ്റാനേ-്വഷണം നടത്തുന്നു. തെളിവുകൾ എന്തെങ്കിലും കണ്ടെത്തിയോ? നിങ്ങളെന്നെ ശിക്ഷിക്കുകയോ പ്രോസിക്യൂട്ട് ചെയ്യുകയോ ആണ്.പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ആവശ്യമെന്താണ്? ബ്രിട്ടീഷുകാർ നമ്മെ ഭരിച്ചിരുന്നപ്പോഴാണ് ഇതെല്ലാം നടന്നത്. ഇതാണ് കൊളോണിയൽ കാലഘട്ടത്തിന്റെ ഹാങ്ങോവർ.
രണ്ടാമത്തേത് രാജ്യദ്രോഹമാണ്. കൊളോണിയൽ കാലത്തിന്റെ കൂടുതൽ വിപുലമായ രൂപത്തിലുള്ള ഹാങ്ങോവറാണത്. ഭരണകൂടത്തിന്റെ സുരക്ഷയ്ക്കോ അഖണ്ഡതയ്ക്കോ നിങ്ങൾ ഭീഷണിയാകുന്ന നിമിഷം നിങ്ങളെ തടവിലാക്കാം. ഇവ രണ്ടുമാണ് കൊളോണിയൽ കാലത്തിന്റെ അവശിഷ്ടമായ ശരിക്കുള്ള വ്യവസ്ഥകൾ; അവ നിലനിർത്തിയിരിക്കുകയാണ്. അപ്പോൾ കൊളോണിയൽ കാലത്തിന്റെ അവശിഷ്ടങ്ങളെ ഒഴിവാക്കുകയാണെന്ന് നിങ്ങൾ പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? വാസ്തവത്തിൽ, കോളനി മേധാവികളുണ്ടാക്കിയ വ്യവസ്ഥകളെ ഇപ്പോൾ ഗവൺമെന്റ് ശാശ്വതമാക്കുകയാണ്. മുക്ത ഗുപ്ത, ലോകത്ത് ഏതെങ്കിലും രാജ്യത്ത് പൊലീസ് കസ്റ്റഡി അനുവദിക്കുന്നുണ്ടോയെന്ന് താങ്കൾക്ക് കാര്യം നന്നായി അറിയാമായിരിക്കുമല്ലോ?
മുക്ത ഗുപ്ത: ലോകത്തെല്ലായിടത്തും പൊലീസിന് അറസ്റ്റുചെയ്യാനുള്ള അടിസ്ഥാനം ഒരാളെ സംശയിക്കാൻ തക്ക യുക്തിസഹമായ കാരണമുണ്ടായിരിക്കണമെന്നതാണ്; പക്ഷേ അതൊരിക്കലും പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മനിഷ്ഠമായ സംതൃപ്തിയായിരിക്കരുത്. ഇവിടെയാകട്ടെ ഉപയോഗിച്ചിരിക്കുന്ന വാക്കു തന്നെ, ‘‘മതിയായ സംശയം’’ എന്നതാണ്. സിആർപിസിയുടെ 41–ാം വകുപ്പ് അതേപടി നിലനിർത്തിയിരിക്കുകയാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘മതിയായ അടിസ്ഥാനം’ എന്നായിരുന്നെങ്കിൽ അതിനർഥം ഒരാളെ അറസ്റ്റുചെയ്യാൻ വേണ്ട എന്തെങ്കിലും വ്യക്തമായ തെളിവുകൾ പൊലീസ് ഉദ്യോഗസ്ഥന്റെ കെെവശം ഉണ്ടെന്നാണ്. അങ്ങനെ, ഈ വ്യവസ്ഥകളിൽ ഇപ്പോഴും വിരോധാഭാസം തുടരുന്നുണ്ട്; അതിനുപുറമെ അതിൽ ഒരു ചേർച്ചയുമില്ല. ‘‘കുറ്റകൃത്യം നടന്നത് എവിടെയാണെന്നത് പരിഗണിക്കാതെ ഏതു പ്രദേശത്തും’’ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള വ്യവസ്ഥയും കൊണ്ടുവന്നിട്ടുണ്ട്. സിആർപിസിയിലെ സെക്ഷൻ 154; ഇപ്പോൾ ബിഎൻഎസ്എസിലെ സെക്ഷൻ 173 ആയിരിക്കുന്നു. ഇപ്പോൾ സിആർപിസി 154ൽ അധികമായി ചേർത്തത്, ‘‘കുറ്റകൃത്യം നടന്നത് എവിടെയാണെന്നത് പരിഗണിക്കാതെ ഏതു പ്രദേശത്തും’’ എന്നതു മാത്രമാണ്. അതിനർഥം, ഒരു കുറ്റകൃത്യം നടന്നത് ഒരു സംസ്ഥാനത്താണെങ്കിൽ, മറ്റൊരു സംസ്ഥാനത്ത് എഫ്ഐആറിടാൻ കഴിയുമെന്നാണ്; കുറ്റാനേ-്വഷണം നടത്തുന്നതുൾപ്പെടെ അവിടെയായിരിക്കും; അറസ്റ്റ് നടത്തുന്നതുൾപ്പെടെ ഇതിനിടയ്ക്കുള്ള എല്ലാ നടപടിക്രമങ്ങളും അവിടെയായിരിക്കും. ബിഎൻഎസ്എസിന്റെ സെക്ഷൻ 185 പ്രകാരം ഇത് കൂടുതൽ ബലപ്പെടുത്തുന്നുമുണ്ട്; അതിൽപ്പറയുന്ന മറ്റൊരു കാര്യം എവിടെയാണോ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അവിടെയുള്ള മജിസ്ട്രേട്ട് ആയിരിക്കും കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്നത് എന്നാണ്.
കപിൽ സിബൽ: അതിനാൽ, ഗുജറാത്ത് പൊലീസിന് ഡൽഹിയിൽ വന്ന് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യുകയും കേസനേ-്വഷണം നടത്തുകയും ചെയ്യാം. ഒരു കുറ്റസമ്മത മൊഴിയുണ്ടാക്കാം; അതനുസരിച്ചുള്ള ചാർജ് ഷീറ്റ് ഫയൽ ചെയ്യണം എന്നുമാത്രം.
മുക്ത ഗുപ്ത: വിചാരണ നടത്തേണ്ടത് എവിടെയെന്നതു സംബന്ധിച്ച വ്യവസ്ഥകൾ അവ്യക്തമാണ് (verbum), സിആർപിസിയിലുള്ളതുപോലെയാണിത്; ഇതിന്റെ തനിപ്പകർപ്പാണ് ബിഎൻഎസ്എസിലെ സെക്ഷൻ 197.
പി ചിദംബരം: ഒരു സംസ്ഥാനത്തെ പൊലീസിന് എങ്ങനെയാണ് മറ്റൊരു സംസ്ഥാനത്ത് കുറ്റാനേ-്വഷണം നടത്താൻ കഴിയുന്നത്? സിബിഐക്കുപോലും സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ കുറ്റാനേ-്വഷണം നടത്താനാവില്ല. കുറ്റകൃത്യത്തിന്റെ ഭാഗമോ നടപടിയുടെ ഭാഗമോ സംഭവിച്ചത്, ആ സംസ്ഥാനത്തിനുള്ളിലായിരിക്കണം.
മുക്ത ഗുപ്ത: അതുവേണ്ട, ഉപയോഗിച്ചിട്ടുള്ള വാക്ക് ‘‘ഏത് പ്രദേശത്തുവച്ചാണെന്നത് പരിഗണിക്കാതെ’’ എന്നാണ്.
പി ചിദംബരം: ഫെഡറലിസത്തിനെതിരായിരിക്കുമല്ലോ അത്?
കപിൽ സിബൽ: അവർ അങ്ങനെയാണ് ചെയ്യാൻ പോകുന്നത്. ഏത് സ്ഥലത്തുവെച്ചും ആരെയും അവർ അറസ്റ്റ് ചെയ്യും. കൊളോണിയൽ മേധാവിത്വത്തിന്റെ നിയമത്തെക്കാൾ ഏറെ മോശപ്പെട്ടതായിരിക്കും ഇത്.
പി ചിദംബരം: അവർ പൊലീസിന്റെ അധികാരപരിധി വർധിപ്പിക്കുകയും മജിസ്ട്രേട്ടുമാരുടെ വിവേചനാധികാരത്തെ നിയന്ത്രിക്കുകയുമാണെന്നാണ് ഞാൻ കരുതുന്നത്. ഞാൻ മനസ്സിലാക്കിയതനുസരിച്ച് 15 ദിവസം പൊലീസ് കസ്റ്റഡിക്കുള്ള അധികാരം, ഏതു പ്രദേശത്തും എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നതുമെല്ലാം ആദ്യത്തെ 15 ദിവസത്തിനകമെന്നാണ്. ഇപ്പോഴത്തെ നിയമം നടപ്പാക്കിക്കൊണ്ടിരിക്കുന്ന രീതിയിലാണ് ഇതും. ഇന്ന്, 15 ദിവസമെന്നത് പലതായി വേർപെടുത്താം; അതിനെ 40 മുതൽ 60 ദിവസം വരെ വ്യാപിപ്പിക്കാം; മൊത്തത്തിൽ 60 മുതൽ 90 ദിവസം വരെ കസ്റ്റഡിയിൽ വയ്ക്കാം. അതിന്റെയർഥം ഫലത്തിൽ 40ദിവസത്തിനും 60 ദിവസത്തിനുമിടയ്ക്കല്ലാതെ ഈ രാജ്യത്ത് ഒരാളിനും ജാമ്യം കിട്ടില്ലയെന്നാണ്. കാരണം പൊലീസ് അറസ്റ്റ് ചെയ്ത് മൂന്നുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി വാങ്ങുന്നു; എന്നിട്ടവർ മജിസ്ട്രേട്ടിനോട് പറയുന്നത് ഒരാഴ്ചത്തെ സമയം കൂടി വേണമെന്നാണ്.അപ്പോൾ പാവം മജിസ്ട്രേട്ടിന് എന്തുചെയ്യാനാവും? അദ്ദേഹം മൂന്നു ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വിടുന്നു; പൊലീസ് കസ്റ്റഡി കഴിയുമ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ പോവുന്നു. അതിനാൽ 40–60 ദിവസത്തേക്ക് ഒരാൾക്കും ജാമ്യം കിട്ടില്ല.
കപിൽ സിബൽ: നിങ്ങൾ ജാമ്യം ആവശ്യപ്പെടുകയാണെങ്കിൽ അനേ-്വ ഷണം പൂർത്തിയായിട്ടില്ല എന്നായിരിക്കും പൊലീസ് പറയുന്നത്. കുറ്റാനേ-്വഷണത്തിനായി 12 ദിവസം ലഭിക്കുന്നു; പൊലീസ് കസ്റ്റഡിയിൽവയ്ക്കുന്നു. അങ്ങനെ ഒരാൾക്കും ജാമ്യം ലഭിക്കില്ല.
മുക്ത ഗുപ്ത: ബിഎൻഎസ്എസിലെ സെക്ഷൻ 480ൽ ഒരു പ്രൊവിഷനുണ്ട്; ‘ആദ്യത്തെ 15 ദിവസത്തിനുശേഷവും കുറ്റാരോപിതനെ പൊലീസ് കസ്റ്റഡി ആവശ്യപ്പെടുന്നത്, കുറ്റാരോപിതന് ജാമ്യം നിഷേധിക്കാനുള്ള ഒരേയൊരു കാരണമാകില്ല. എന്നാൽ നമുക്കെല്ലാം അറിയാവുന്നതുപോലെ ഏതെങ്കിലും ഒരു കാരണം മതി,കുറ്റാരോപിതനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അപ്പോൾ ജാമ്യം ലഭിക്കുന്നത് അതീവ ദുഷ്കരമായി മാറും.
മദൻ ലോക്കൂർ: കുറ്റാരോപിതനായ ആളിന്റെ കാഴ്ചപ്പാടിൽ നിന്നും ഈ പ്രശ്നത്തെ കാണേണ്ടതാണ്. അയാൾ മൂന്ന് ദിവസമായി പൊലീസ് കസ്റ്റഡിയിലാണ്. അയാൾക്ക് ജഡ്ജി മൂന്നു ദിവസത്തിനുശേഷം ജാമ്യം അനുവദിക്കുമെന്ന് കണക്കാക്കിയാൽ അടുത്ത ഏഴ് ദിവസം അയാൾ ജാമ്യത്തിലായിരിക്കും. എന്നാൽ പൊലീസ് പിന്നെയും അയാളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെടും. അങ്ങനെ അയാൾ പൊലീസ് കസ്റ്റഡിയിലേക്ക് മടങ്ങുന്നതിനുമുൻപ് മൂന്ന് ദിവസമോ ഒരാഴ്ചയോ അയാൾക്ക് വീട്ടിൽ കഴിയാൻ പറ്റുന്നു. ഒരു ഷട്ടിൽ കോക്കിനെ പോലെ അയാളെ വീടിനും കസ്റ്റഡിക്കും ഇടയ്ക്കായി പൊലീസ് തട്ടിക്കളിക്കുന്നു.
മുക്ത ഗുപ്ത: അയാൾ ജാമ്യത്തിലല്ലെങ്കിൽ, അറസ്റ്റ് പാടില്ലെന്ന വിലക്കോടെ അയാളെ വിട്ടയക്കുകയാണെങ്കിൽ അവർക്ക് അയാളെ പൊലീസ് കസ്റ്റഡിയിലാക്കാൻ പറ്റില്ല.
പി ചിദംബരം: അതുകൊണ്ടാണ് മജിസ്ട്രേട്ട് അയാൾക്ക് ജാമ്യം അനുവദിക്കാതിരിക്കുന്നത്.
മുക്ത ഗുപ്ത: അതുകൊണ്ടാണ് ബിഎൻഎസ്എസിലെ അനുഛേദം 480ലെ വ്യവസ്ഥ ജാമ്യം നിഷേധിക്കുന്നതിനുള്ള കാരണമായിരിക്കുന്നത്.
കപിൽ സിബൽ: നിങ്ങളെ ഇതേവരെ അവർ കസ്റ്റഡിയിൽ എടുത്തില്ലല്ലോ എന്നായിരിക്കും മജിസ്ട്രേട്ട് പറയുന്നത്. പൊലീസിന് എപ്പോൾ വേണമെങ്കിലും അയാളെ ചോദ്യം ചെയ്യണമെന്നും സാക്ഷികളെ കാണണമെന്നുമെല്ലാം ആവശ്യപ്പെടാം. 60 ദിവസം കൊണ്ട് ചാർജ് ഷീറ്റ് നൽകേണ്ട കേസിൽ 40 ദിവസത്തിനുമുൻപ് ഒരാൾക്കും ജാമ്യം കിട്ടില്ല; 90 ദിവസം വരെ ചാർജ് ഷീറ്റ് നൽകാൻ സമയമുള്ള കേസുകളിൽ 60 ദിവസമെങ്കിലും കഴിയാതെ ജാമ്യം കിട്ടില്ല. അപ്പോൾ എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നത്? എന്നിട്ട് നിങ്ങൾ പറയുന്നത് കൊളോണിയൽ കാലത്തെ തുടച്ചുനീക്കുകയാണെന്നാണ്. എന്തായാലും എനിക്കിതൊന്നും മനസ്സിലാകുന്നതേയില്ല.
പി ചിദംബരം: നോക്കൂ; നിരവധി വിധി ന്യായങ്ങളിൽ സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്, ഒരാളിനെ അറസ്റ്റ് ചെയ്യുമ്പോൾ ആ അറസ്റ്റിന്റെ നിയമസാധുതയെക്കുറിച്ച് ഒരു മജിസ്ട്രേട്ട് പരിശോധിക്കണമെന്നാണ്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് അറസ്റ്റ് ചെയ്യാൻ അധികാരമുണ്ടെന്നതിനർഥം അറസ്റ്റ് ചെയ്യേണ്ടത് ആവശ്യമാണെന്നല്ല എന്നാണ്. എന്നാൽ ഈ നിയമം, നിയമത്തെ സംബന്ധിച്ച ഇത്തരം സംഭവവികാസങ്ങളൊന്നും പ്രതിഫലിപ്പിക്കുന്നതല്ല.
കപിൽ സിബൽ: എന്നാൽ കഴിഞ്ഞകാലങ്ങളിൽ ഇത് സംഭവിച്ചിരുന്നു. 41A പ്രകാരം പോലും, ശിക്ഷ ഏഴ് വർഷം മുൻപുള്ളതായിരിക്കുമ്പോൾ, അയാളെ വിളിച്ചുവരുത്താം, അറസ്റ്റു ചെയ്യാം. ഇതിനൊന്നും കാരണം കാണിക്കേണ്ടതില്ല.
പി ചിദംബരം: എന്നാൽ അവർ ക്രിമിനൽ നിയമസംഹിതയെ ആധുനികവൽക്കരിക്കുകയാണെങ്കിൽ അവർ ചെയ്യേണ്ടത് നിയമസാധുതയും അനിവാര്യതയും കണക്കിലെടുക്കണമെന്നതാണ്.
മുക്ത ഗുപ്ത: വാസ്തവത്തിൽ, അവർ അമേഷ് കുമാർ ജഡ്ജ്മെന്റ് കൂടി കൂട്ടിച്ചേർക്കണം.
എന്നാൽ അതിനെല്ലാമപ്പുറം, അറസ്റ്റ് ചെയ്യുന്ന സമയത്ത് കുറ്റാരോപിതന് തന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്ന് അറിയാനുള്ള അവസരം നിഷേധിച്ച് അറസ്റ്റു ചെയ്യുന്നതിന്റെ നിയമസാധുത നിശ്ചയിക്കാൻ പോവുകയാണെന്ന് സങ്കൽപിച്ചു നോക്കൂ. യുക്തിസഹവും ന്യായവുമായ നിയമമാണ് ഉണ്ടാവേണ്ടതെങ്കിൽ എന്തിനാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നത് എന്ന് കൃത്യമായ കാരണങ്ങൾ പറയേണ്ടതായിവരും; അപ്പോൾ ആ കാരണങ്ങൾ കുറ്റാരോപിതനെ അറിയിക്കേണ്ടതുമാണ്; അങ്ങനെ ആയാൽ മാത്രമേ അയാൾക്ക് ജാമ്യം ആവശ്യപ്പെടാൻ കഴിയൂ. അങ്ങനെയല്ലെങ്കിൽ, ആ വാദപ്രതിവാദം വിചാരണക്കോടതി ജഡ്ജിയും പ്രോസിക്യൂട്ടറും തമ്മിലുള്ളതായിപ്പോകും. എങ്ങനെയാണ് തന്നെ അറസ്റ്റ് ചെയ്തതിന്റെ കാരണങ്ങൾ കുറ്റാരോപിതന് അറിയാൻ കഴിയുന്നത്; അയാളുടെ അറസ്റ്റ് നിയമാനുസൃതമാണോയെന്ന് അയാൾ എങ്ങനെ അറിയും? നിയമത്തെ ആധുനികവൽക്കരിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ ഇക്കാര്യമാണ് ആദ്യം മെച്ചപ്പെടുത്തേണ്ടത്.
പി ചിദംബരം: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വന്നിട്ടുള്ള, ശ്രദ്ധേയമായ സുപ്രീംകോടതി വിധികൾ ഒന്നുംതന്നെ ഈ പുതിയ നിയമത്തിൽ പ്രതിഫലിച്ചിട്ടില്ല. നാം കോടതിയിലേക്കുതന്നെ തിരിയേണ്ടതായി വരുന്നു; പുതിയ നിയമം വന്നിട്ടുണ്ടെങ്കിലും തത്വങ്ങൾ ബാധകമാക്കപ്പെടണം.
മുക്ത ഗുപ്ത: പുതിയ നിയമത്തിലെ 90 മുതൽ 95 ശതമാനംവരെ പഴയതിന്റെ തനിപ്പകർപ്പ് മാത്രമാണ്. മാറ്റങ്ങൾ വരുത്തിയിട്ടുള്ള മിക്കവാറും വകുപ്പുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്; എന്നാൽ അവയ്ക്കൊന്നും തുടർച്ച ഉണ്ടായില്ല. ഒരു വകുപ്പ് അതിലുണ്ടെങ്കിൽ അതിന് സ്വാഭാവികമായ ഒരു പരിണാമം ഉണ്ടാകുന്നതുവരെ അത് തുടരണം. എന്നാൽ പാതിവഴി വരെ ഭേദഗതികൾ ഉണ്ടാകുന്നുണ്ട്; എന്നാൽ പിന്നീട് ഭേദഗതികളൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ട് ആ വകുപ്പുകൾ വായിക്കുമ്പോൾ വളരെയേറെ പരസ്പരവിരുദ്ധമായവ നിലനിൽക്കുന്നതായി തോന്നും; കാരണം ഒരു വകുപ്പിൽ മാറ്റം വരുത്തുകയും മറ്റുള്ളവയിൽ മാറ്റമൊന്നുമില്ലാതെ നിലനിർത്തുകയും ചെയ്യുക എന്നതുതന്നെ. ഞാൻ പറഞ്ഞതുപോലെ, മറ്റൊരു സംസ്ഥാന പൊലീസ് നടത്തുന്ന ചാർജ് ഷീറ്റിന്മേലുള്ള അനേ-്വഷണം പോലെയാണ് വിചാരണ. ചാർജ് ഷീറ്റാകട്ടെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് തിരികെ പോകും വിധത്തിലുമാണ്. അങ്ങനെയാകുമ്പോൾ ആര് ജാമ്യം അനുവദിക്കും? ഇതേ വരെ ഉണ്ടായ വിചാരണത്തടവിന് എന്തു സംഭവിക്കും? എപ്പോഴാണ് ബന്ധപ്പെട്ട രേഖകൾ അയച്ചുകൊടുക്കുന്നത്; കേസിന്റെ അധികാരപരിധിയിലുള്ള കോടതിയിലേക്ക് രേഖകൾ കെെമാറുന്നതിനിടയ്ക്ക് വിചാരണത്തടവു കാലത്തെ ആ ഘട്ടത്തെക്കുറിച്ച് എന്താണ് പറയുക? കാരണം, വിചാരണ നടത്താൻ അർഹനായ മജിസ്ട്രേട്ട് അതാകെ പരിശോധിച്ച് വിചാരണ നടത്തും. നിയമാനുസൃതമുള്ള അധികാരപരിധിയിലുള്ള കോടതിയിലേക്ക് പ്രശ്നം കെെമാറാൻ പോലും അവർക്ക് കഴിയില്ല. 90–ാമത്തെ ദിവസമാണ് ഇത് സംഭവിക്കുന്നതെന്ന് കരുതുക; എന്നിട്ട് ബന്ധപ്പെട്ട കോടതിയിലേക്ക് കേസ് കെെമാറുന്നു; അപ്പോൾ ഈ കസ്റ്റഡി കാലത്തെ എന്തു വിളിക്കും? അത് നിയമവിരുദ്ധമായ തടവിലിടൽ അല്ലേ?
കപിൽ സിബൽ: ഇവയെല്ലാം തന്നെ വളരെയേറെ ഗൗരവസ്വഭാവമുള്ള വിഷയങ്ങളാണ്. രാജ്യദ്രോഹം സംബന്ധിച്ച ബിഎൻഎസിലെ പുതിയ വ്യവസ്ഥ ഞാൻ വായിക്കട്ടെ. അതിൽ പറയുന്നത് ഇങ്ങനെയാണ്: ‘‘ചുവടെ ചേർക്കുന്നവയെ ശിക്ഷാർഹമായ കുറ്റകൃത്യമായി കാണുന്നു: രാജ്യത്തെ വിഭജിക്കൽ, സായുധകലാപം, അട്ടിമറി പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രേരിപ്പിക്കുകയോ പ്രേരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യൽ, വിഘടന പ്രവർത്തന ചിന്താഗതി പ്രോത്സാഹിപ്പിക്കൽ, ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തൽ. വാക്കുകളിലൂടെയോ പ്രതീകങ്ങളിലൂടെയോ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ വഴിയോ കെെമാറ്റം ചെയ്യൽ, പണം നൽകി പ്രോത്സാഹിപ്പിക്കൽ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ കുറ്റകൃത്യങ്ങൾ.’’ അപ്പോൾ നിങ്ങൾ ഒരു പ്രതിഷേധ പ്രകടനം നടത്തിയാൽ, ബന്ദ് നടത്തിയാൽ, ഏതെങ്കിലും രൂപത്തിലുള്ള അക്രമം ഉണ്ടായാൽ അതെല്ലാം അട്ടിമറി പ്രവർത്തനമാകും; അത് ഇന്ത്യയുടെ ഐക്യത്തെ ബാധിക്കും; വിദേ-്വഷ ജനകമെന്ന് പറയാവുന്ന ചില പ്രസംഗങ്ങളുണ്ട്; അതിന്റെ പേരിൽ നിങ്ങളെ ജീവപര്യന്തം ജയിലിലടയ്ക്കാം; ജീവിതകാലമത്രയും! ഇതാണ് രാജ്യദ്രോഹത്തിന്റെ നിർവചനം. ഇത് 124 എയെക്കാൾ വിപുലമായതാണ്.
ഇനി ഭീകരതയെ സംബന്ധിച്ച മറ്റൊരു നിർവചനം ഞാൻ നൽകാം. ഇതിലും ഏറെ ഗുരുതരമാണത്. ‘‘രാജ്യത്തിന്റെ ഐക്യത്തെയോ അഖണ്ഡതയെയോ സുരക്ഷയെയോ സാമ്പത്തിക സുരക്ഷയെയോ അപകടപ്പെടുത്താൻ ലക്ഷ്യമാക്കുന്ന പ്രവർത്തനങ്ങളെല്ലാം ഉൾപ്പെടുന്നു.’’ അത് ഭീകരതയായിത്തീരുന്നു!
മുക്ത ഗുപ്ത: സാമ്പത്തിക സുരക്ഷ ഇതിനകം തന്നെ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്.
മദൻ ലോക്കൂർ: ഒരു സംഘടനയിലെ മെമ്പർഷിപ്പു തന്നെ ഒരാളെ ഭീകരപ്രവർത്തകനാക്കി മാറ്റും.
മുക്ത ഗുപ്ത: അതെ, യുഎപിഎ പ്രകാരം അതാണ് നടക്കുന്നത്.
കപിൽ സിബൽ: ‘‘ജനങ്ങൾക്ക് നേരെയോ ഏതെങ്കിലും ജനവിഭാഗങ്ങൾക്കു നേരെയോ ഭീകരാക്രമണം നടത്തുക.’’ അപ്പോൾ ഭീകരാക്രമണം എന്നാൽ എന്താണ് അർഥമാക്കുന്നത്? ഏതു വിധത്തിലും നിങ്ങൾക്കതുചെയ്യാം.
മദൻ ലോക്കൂർ: നോക്കൂ, ഞാൻ കണ്ട പ്രശ്നങ്ങളിലൊന്ന് ഈ നിയമങ്ങളുമായി ബന്ധപ്പെട്ടവ മാത്രമല്ല, മറിച്ച് പൊതുവിൽ നിയമം പ്രയോഗിക്കുന്നതിന്റെയോ നടപ്പിലാക്കുന്നതിന്റെയോ പ്രശ്നം കൂടിയാണ്. പൊലീസ് അവർ ചിന്തിക്കുന്ന രീതിയിൽ നിയമം നടപ്പാക്കും. അത് ശരിയാണോ തെറ്റാണോ എന്നതൊന്നും അവർക്ക് പ്രശ്നമല്ല. ഉദാഹരണത്തിന് ഒരു ട്വീറ്റ് തന്നെ രാജ്യദ്രോഹമാകാൻ ധാരാളം മതി. ഇന്നുതന്നെ ആരെങ്കിലുമൊരാൾ അട്ടിമറിയെന്ന് പൊലീസ് ചിന്തിക്കുന്ന വിധത്തിൽ ട്വീറ്റ് ചെയ്താൽ പുതിയ ബിഎൻഎസ് പ്രകാരം അയാളെ ജയിലിലടയ്ക്കും. അതിനാൽ നിയമം നടപ്പാക്കലും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
കപിൽ സിബൽ: ഈ സ്വഭാവത്തിലുള്ള നിയമങ്ങൾ വളരെ ശ്രദ്ധാപൂർവം നിർവചിക്കപ്പെടണം.
മദൻ ലോക്കൂർ: അതെല്ലാം വളരെ കൃത്യമായിരിക്കണം.
കപിൽ സിബൽ: ഇതാണ് പ്രശ്നം. നിർവചനങ്ങൾ അവ്യക്തമായി ഒഴുക്കൻ മട്ടിൽ പറയുന്നതുമൂലം പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടംപോലെ ചെയ്യാൻ കഴിയും.
പി ചിദംബരം: കപിൽ, എനിക്ക് തോന്നുന്നത് സാമ്പത്തിക സുരക്ഷയെന്നത് പിന്നീട് ഒഴിവാക്കപ്പെട്ടുവെന്നാണ്. ഏത് സെക്ഷനിൽ എന്താണ് താങ്കൾ വായിക്കുന്നത്?
കപിൽ സിബൽ: ഭീകരതയെ സംബന്ധിച്ച ഭാഗമാണ് ഞാൻ വായിക്കുന്നത്.
പി ചിദംബരം: ഭീകരതയോ? 152. അത് 124എ യ്ക്ക് സമാനമായതാണല്ലേ?
കപിൽ സിബൽ: അല്ല. 123എ രാജ്യദ്രോഹമാണ്. ഞാൻ പറയുന്നത് ഭീകരതയെക്കുറിച്ചാണ്. വളരെയധികം ഗൗരവമുള്ള ഭാഗമാണത്. വലിയൊരു സാമ്പത്തിക കുംഭകോണം ഭീകരതയാണ്.
പി ചിദംബരം: 152ഉം പ്രയോഗിക്കുന്നുണ്ട്: ‘‘സാമ്പത്തികപരമായ മാർഗങ്ങൾ പ്രയോഗിച്ച് വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്നവർ’’ തുടങ്ങിയവ. ധനപരമായ മാർഗങ്ങളിലൂടെ ഒരാൾ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുകയാണെങ്കിൽ, അയാൾ ശിക്ഷിക്കപ്പെടും; അനുച്ഛേദം 152 പ്രകാരമായിരിക്കുമത്. ഈ ശിക്ഷ ജയിൽവാസം ഉൾപ്പെടെയുള്ളതാണ്.
കപിൽ സിബൽ: എന്ത് മാനസികാവസ്ഥയോടെയാണ് ഇവർ ഈ നിയമങ്ങൾ എഴുതിയുണ്ടാക്കിയത്? എനിക്ക് മനസ്സിലാകുന്നില്ല.
പി ചിദംബരം: അവരിൽ ഒരാൾപോലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരല്ല, മഹേഷ് ജഠ്മലാനി ഒഴികെ. മറ്റെല്ലാവരും പ്രൊഫസർമാരാണ്. ഞാൻ ആ പേരുകൾ കണ്ടതാണ്.
കപിൽ സിബൽ: ഞാൻ ഇത് നിങ്ങളുമായി (മദൻ ലോക്കൂറുമായി) പങ്കുവയ്ക്കാം. നിശ്ചയമായും നിങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഈ ശുപാർശകളെകുറിച്ച് അവ്യക്തമായ ഒരു കുറിപ്പ് നൽകിയിരിക്കും. എന്നാൽ എനിക്കറിയാവുന്ന ഒരു വസ്തുതയുണ്ട‍്; സുപ്രീംകോടതിയിലെ പ്രമുഖരായ പല അഭിഭാഷകരുടെയും പേരുകൾ കമ്മിറ്റി മുൻപാകെ സാക്ഷികളായി വരാൻ നൽകിയിരുന്നു; അവർ ആരും വിളിക്കപ്പെട്ടില്ല.
പി ചിദംബരം: ഞങ്ങൾ സാക്ഷികളായി ജഡ്ജിമാരുടെ ഒരു പട്ടിക തന്നെ നൽകി. ഒരാളെയും വിളിച്ചില്ല. ചെയർമാൻ ഞങ്ങളുടെ പട്ടികയെ കയ്യോടെ നിരസിച്ചു. ജഡ്ജിമാരെയും അഭിഭാഷകരെയും ജൂറിസ്റ്റുകളെയും കമ്മിറ്റി വിളിക്കേണ്ടതുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്; പക്ഷേ ഒരാളെയും വിളിച്ചിട്ടില്ല.
കപിൽ സിബൽ: ഞെട്ടിപ്പിക്കുന്നതാണിത്. സംഘടിത കുറ്റകൃത്യങ്ങളെ സംബന്ധിച്ച നിർവചനത്തിന്റെ കാര്യം തന്നെ നോക്കൂ. അതാണ് കൂടുതൽ രസകരമായ കാര്യം. ‘‘സംഘടിത കുറ്റകൃത്യങ്ങളിൽ തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, കൊലപാതകം, ഭൂമി തട്ടിയെടുക്കൽ സാമ്പത്തിക കുംഭകോണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.’’ ‘‘സെെബർ സിൻഡിക്കേറ്റുകൾക്കു വേണ്ടി നടത്തുന്ന സെെബർ കുറ്റകൃത്യങ്ങളും’’ സംഘടിത കുറ്റകൃത്യമായി മാറുന്നു. സംഘടിത കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുകയോ ചെയ്യുന്നത് വധശിക്ഷയോ ജീവപര്യന്തം ജയിൽ വാസമോ ശിക്ഷയായി ലഭിക്കാൻ ഇടയുള്ള കുറ്റകൃത്യങ്ങളാണ‍്.
മുക്ത ഗുപ്ത: പിഎംഎൽഎ നിയമപ്രകാരം വിശ്വാസവഞ്ചന ക്രിമിനൽ കുറ്റമല്ല എന്നതാണ് ഇരട്ടത്താപ്പ്. അതേസമയം, ഈ സാമ്പത്തിക കുറ്റകൃത്യം ഒരു സംഘടിത കുറ്റകൃത്യമാണ്. അതേ സമയം ഐപിസി 420 പ്രകാരം വഞ്ചന വളരെ ചെറിയ സംഘടിത കുറ്റകൃത്യമാണ്; പിഎംഎൽഎ 120 പ്രകാരം ഇത് ഷെഡ്യൂൾ ചെയ്യപ്പെട്ട ഒരു കുറ്റവുമാണ്.
പി ചിദംബരം: വഞ്ചന ചെറിയൊരു സംഘടിത കുറ്റകൃത്യമാണ്; അത് അവരെ സംബന്ധിച്ചിടത്തോളം തീരെ നിസ്സാരമാണ്.
മുക്ത ഗുപ്ത: നോക്കൂ, പുതിയ നിയമത്തിലെ അനുച്ഛേദം 112 വഞ്ചന, മോഷണം, പിടിച്ചുപറി, അനധികൃതമായി ടിക്കറ്റ് വിൽക്കൽ എന്നിവ ഉൾപ്പെടുന്നു. വഞ്ചന ചെറിയൊരു സംഘടിത കുറ്റകൃത്യം മാത്രമാണ്. ഇതിനു നൽകാവുന്ന ശിക്ഷ കുറഞ്ഞത് ഒരു വർഷവും പരമാവധി 7 വർഷമാണ്. ഇപ്പോൾ സെക്ഷൻ 46 പ്രകാരം കെെവിലങ്ങ് വ്യവസ്ഥ ചെയ്യുന്ന ഒരു ഉപവിഭാഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗുരുതരാവസ്ഥയും മാനദണ്ഡമായി കണക്കാക്കാനാവില്ലെന്ന് പ്രേംശങ്കർ ശുക്ല കേസിൽ സുപ്രീംകോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് ഭരണഘടനയുടെ അനുച്ഛേദം 21ന്റെ ലംഘനവുമാണ്. ഇപ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗുരുതരാവസ്ഥയും മാനദണ്ഡമാക്കപ്പെട്ടിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായിരിക്കും അത് തീരുമാനിക്കുന്നത്.
പി ചിദംബരം: നിരവധി പിന്തിരിപ്പൻ വ്യവസ്ഥകൾ ഇതിനകത്തുണ്ട്. ഉദാഹരണത്തിന് വ്യഭിചാരം തിരികെ കൊണ്ടുവരപ്പെട്ടു. ഏകാന്ത തടവ് ശിക്ഷയെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതിനെല്ലാം പുറമെ സാക്ഷികളെയെല്ലാം ഇലക്ട്രോണിക് മാർഗങ്ങളുപയോഗിച്ച് പുറത്താക്കാമെന്നും അവർ പറയുകയാണ്. സാക്ഷികൾ ക്രോസ് വിസ്താരം ചെയ്യപ്പെടണം. നിങ്ങൾക്ക് നേരിട്ടുള്ള ബന്ധമുണ്ടായിരിക്കണം. സർവോപരി, ഒരു പിൻഗാമിക്ക് ഈ പ്രമാണം തെളിയിക്കാൻ കഴിയണം. ഒരാൾ തയ്യാറാക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്ത ഒരു പ്രമാണത്തെ നിങ്ങൾ എതിർക്കുകയാണെങ്കിൽ തന്റെ മുൻഗാമി തയ്യാറാക്കിയത് തന്നെയാണതെന്ന് അയാൾ വന്ന് തെളിവ് നൽകണം. ഇവ പിന്തിരിപ്പൻ വ്യവസ്ഥകളാണ്. ഇവയെല്ലാം എത്രയും വേഗം എതിർക്കുന്നുവോ അത്രയും നല്ലത്.
കപിൽ സിബൽ: ആൾക്കൂട്ട കൊലപാതകത്തിന് നൽകപ്പെട്ടിട്ടുള്ള ഒരു നിർവചനം ഞാൻ അവതരിപ്പിക്കട്ടെ– ‘‘ഏതെങ്കിലുമൊരു പ്രത്യേക കാരണംമൂലം അഞ്ചോ അതിലധികമോ ആളുകൾ ചേർന്ന് കൊലപാതകമോ ഗുരുതരമായ പരിക്കേൽപ്പിക്കലോ ചെയ്യുന്നത് കുറ്റകൃത്യമാണ്.’’ വംശം, ജാതി, ലിംഗം (sex), ഭാഷ അഥവാ വ്യക്തിപരമായ വിശ്വാസം എന്നിവയാണ് കാരണങ്ങളായി പറയുന്നത്. ഇത്തരം കൊലപാതകങ്ങൾക്കു ജീവപര്യന്തം തടവോ വധശിക്ഷയോ ആണ് നൽകപ്പെടേണ്ടത്. നിങ്ങൾ ആരെയെങ്കിലും ചുമതലപ്പെടുത്തുക, അഞ്ചുപേരെ കൂടി ചേർക്കുക, എന്നിട്ട് അനുച്ഛേദം 149 പ്രകാരം പ്രവർത്തിക്കുക, അതിനെയാണ് ആൾക്കൂട്ട ആക്രമണം എന്നു വിളിക്കുന്നത്. അപ്പോൾ അവർ മുൻപത്തെ 153 എ (ശത്രുത വളർത്തൽ) സംബന്ധിച്ച് ഒരു കാര്യവും ചെയ്യില്ല. അക്കാര്യത്തിൽ അവർ ഒന്നും ചെയ്തിട്ടില്ല. പരിഷ്കരിക്കപ്പെടേണ്ടത് ആ നിയമമാണ്. ഇവിടെ അവരുടെ ഏറ്റവും വിശ്വസ്തരായ പ്രമാണിമാർ യഥാർഥത്തിൽ നിയമത്തെ ദുരുപയോഗിക്കുന്നു. ആരും അവർക്കെതിരെ ഒരു നടപടിയുമെടുക്കില്ല. അതിനെ കൂടുതൽ ആധുനികമാക്കാൻ മറ്റൊരു നിയമനിർമാണമാണ് നടത്തേണ്ടത്. എന്നാൽ അതൊന്നും ചെയ്തിട്ടില്ല. ഈ ഇലക്ട്രോണിക് മാർഗം നല്ലൊരു ചുവടുവയ്പാണെന്ന് നിർദേശിക്കുകയാണ്. നാം ഇലക്ട്രോണിക് കാലഘട്ടത്തിലേക്കാണ് കടക്കുന്നത് എന്നതിനാൽ ഒരാൾക്ക് ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിക്കേണ്ടതായി വരുന്നു. എന്നാൽ ഇതിനുവേണ്ട പശ്ചാത്തല സൗകര്യങ്ങൾ എവിടെയാണുള്ളത്?
മുക്ത ഗുപ്ത: അവർ അതിനായി അഞ്ചുവർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ അതിനകം സമീപസംസ്ഥാനങ്ങളുടെ സഹായത്തോടെ നിങ്ങൾ സഹായിക്കും.
മദൻ ലോക്കൂർ: ചിദംബരം പറഞ്ഞതെന്താണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ഒരു സാക്ഷിയെ നിങ്ങൾക്ക് ക്രോസ് വിസ്താരം നടത്തണമെങ്കിൽ, അവിടെ നിങ്ങൾ മുന്നിൽ തന്നെ ഉണ്ടായിരിക്കണം. ഞാൻ അർഥമാക്കുന്നത്, നിങ്ങൾക്ക് പ്രത്യേക പെരുമാറ്റരീതിയും ശരീരഭാഷയും ഉണ്ടായിരിക്കണമെന്നാണ്.
മുക്ത ഗുപ്ത: അദ്ദേഹം എന്ത് വിലയിരുത്തലാണ് നടത്തുന്നതെന്ന് നിങ്ങൾക്കറിയാൻ പറ്റില്ല– അത് ഇലക്ട്രോണിക്കാണെങ്കിൽ. പ്രഫുൽ ബിദ്വായിയുടെ കേസിൽ സുപ്രീംകോടതി മുന്നോട്ടുവച്ച മാർഗനിർദേശങ്ങൾപോലും നിരത്തി അദ്ദേഹം ഒരു സ്ഥലത്ത് ഹാജരാകണം, തെളിവുകൾ നിരീക്ഷിക്കാൻ ആരെങ്കിലുമൊരാൾ ഉണ്ടായിരിക്കണം. അയാൾ ഹെെക്കമ്മീഷനിലായിരിക്കണം. ഇക്കാര്യങ്ങളിലെല്ലാം തീർപ്പു കൽപ്പിക്കാൻ കഴിയുന്ന ഒരുദ്യോഗസ്ഥനുണ്ടായിരിക്കണം. അതിനുശേഷം മാത്രമേ സാക്ഷിയെ നാടുകടത്താൻ സാധിക്കൂ. അപ്പോൾ ഇലക്ട്രോണിക്കലായി സാക്ഷി നിങ്ങളുടെ മുന്നിൽ മൊഴി നൽകിയെന്നും അയാൾ അത് വായിക്കുകയാണെന്നും നിങ്ങൾക്കറിയില്ല.
പി ചിദംബരം: അയാൾ നൽകുന്ന തെളിവുകൾ അംഗീകരിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? അയാൾ നിങ്ങളുമായി മുഖാമുഖം ബന്ധപ്പെടുന്നില്ലങ്കിൽ നിങ്ങൾ അയാളുടെ കണ്ണിലേക്ക് നോക്കണം. അയാൾ കണ്ണുകൾ താഴ്ത്തുകയും ചെയ്താൽ അവന്റെ ചടുലതകൾ ജഡ്ജിയുടെ കണ്ണിൽപ്പെടേണ്ടതാണ്. അയാൾ പ്രത്യക്ഷത്തിൽ തന്നെ കള്ളം പറയുകയാണെന്നും അയാൾ കുറ്റാരോപിതന്റെ അഭിഭാഷകന്റെ കണ്ണിലോ കുറ്റാരോപിതന്റെ കണ്ണിലോ നോക്കാൻ തയ്യാറാകുന്നില്ലെന്നും തിരിച്ചറിയണം.
കപിൽ സിബൽ: കമ്യൂണിറ്റി സേവനത്തെ സംബന്ധിച്ച് ഈ കാര്യം താങ്കൾ ഒരു ഘട്ടത്തിൽ ഉന്നയിച്ചിട്ടുണ്ട്.
പി ചിദംബരം: ഇത് മറ്റൊരു വിഷയമാണ്. ആദ്യം നിങ്ങളിക്കാര്യം നിർവചിക്കണം എന്നാണ് ഞാൻ പറഞ്ഞത്; ഉദാഹരണത്തിന്, പൂനയിലുള്ള ഒരാളോടോ മറ്റാരെങ്കിലോടുമോ ഒരു 300 പേജോ 300 വാക്കോ എഴുതാനാണ് ആവശ്യപ്പെടുന്നതെങ്കിൽ–അതാണോ കമ്യൂണിറ്റി സേവനം?
മുക്ത ഗുപ്ത: അതിനാൽ, ഗവൺമെന്റ് ബിഎൻഎസ്എസിലെ വിശദീകരണത്തിൽ പറയുന്നത് കോടതി നിർദേശിച്ച ഒരു ജോലി അവർ പ്രതിഫലം വാങ്ങാതെ ചെയ്യുകയാണെന്നാണ്. അതാണ് നൽകപ്പെട്ടിരിക്കുന്ന നിർവചനം. ബിഎൻഎസ് പ്രകാരം നൽകപ്പെട്ടിട്ടുള്ള ഒരു ശിക്ഷയാണിത്. എന്നാൽ ബിഎൻഎസ്-സിയിലെ നിർവചനപ്രകാരം അത് കോടതി നിർദേശമനുസരിച്ച് പ്രതിഫലം പറ്റാതെ ചെയ്യുന്ന ജോലിയാണെന്നാണ്.
പി ചിദംബരം: എന്താണ് കമ്യൂണിറ്റി സേവനം? ഉദാഹരണത്തിന‍്-, ഒരു ഗുരുദ്വാരയിൽ കർസേവ ചെയ്യാൻ ആരോടെങ്കിലും നിങ്ങൾക്ക് പറയാൻ കഴിയും. ആരോടെങ്കിലും ക്ഷേത്രത്തിൽ പോകാനും ഭജനപാടാനും നിങ്ങൾക്ക് പറയാനാകും. ഇതെല്ലാമാണോ കമ്യൂണിറ്റി സേവനം?
കപിൽ സിബൽ: ഇതെല്ലാം എന്ത് തീർപ്പാണ് കൽപ്പിക്കേണ്ടതെന്ന് ജഡ്ജി തീരുമാനിക്കുന്നതിനെ ആശ്രയിച്ചിരിക്കും.
പി ചിദംബരം: അതിനാൽ നിങ്ങൾ അതിന് കൃത്യമായ നിർവചനം നൽകിയിരിക്കണം.
കപിൽ സിബൽ: ഏതൊക്കെ കേസുകളിലാണ് നിയമപ്രകാരം കമ്യൂണിറ്റി സേവനം ആവശ്യമുള്ളതെന്ന് നോക്കാം. 5000 ഡോളറിൽ താഴെയുള്ള സ്വത്തു മോഷണം അല്ലെങ്കിൽ ആത്മഹത്യാശ്രമം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് നൽകാവുന്നതാണ് ഈ ശിക്ഷ.
പി ചിദംബരം: ഒാരോ നിയമലംഘനത്തിനും പ്രതിഷേധത്തിനും ഇത് വേണ്ടിവരും.
കപിൽ സിബൽ: അത്തരക്കാർ സാമൂഹ്യസേവനം നൽകേണ്ടതുണ്ട്. അതിലും പ്രധാനപ്പെട്ട കാര്യം മദ്യപിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ആളുകളെ ശല്യപ്പെടുത്തുകയും ചെയ്യുന്നതാണ്. ഉദാഹരണത്തിന്, ഒരുകൂട്ടം ചെറുപ്പക്കാർ അമിതമായി മദ്യപിക്കുകയും മറ്റുള്ളവരെ ശല്യപ്പെടുത്തുകയും ചെയ്താൽ അതിനുള്ള ശിക്ഷയായി അവർ കമ്യൂണിറ്റി സേവനം ചെയ്യേണ്ടതായി വരും. ഞാൻ അർഥമാക്കുന്നത്, ഇതെല്ലാം എങ്ങോട്ടേക്കുള്ള നീക്കമാണെന്നാണ്?
മുക്ത ഗുപ്ത: കമ്യൂണിറ്റി സേവനം ശിക്ഷയായി കണക്കാക്കപ്പെടുന്ന ഒരനുബന്ധ വ്യവസ്ഥയും ഇപ്പോൾ നിലവിലില്ല. ശിക്ഷ അനുഭവിച്ചതിന്റേതായ ഒരപമാനം ഉണ്ടാകുമോ? മുൻപ് പ്രൊബേഷൻ അനുവദിക്കപ്പെടുന്നതുപോലെയുള്ള സ്ഥിതിയാണോ? ശിക്ഷ അനുഭവിച്ചതിന്റേതായ അപമാന ബോധമൊന്നും ഇക്കാര്യത്തിൽ ഉണ്ടാവില്ല.
മദൻ ലോക്കൂർ: അതൊരു ശിക്ഷയാണ്.
മുക്ത ഗുപ്ത: അതൊരു ശിക്ഷ തന്നെ. എന്നാൽ അതുമൂലം അപമാനബോധമുണ്ടാകുമോ എന്നതാണ് വ്യക്തമല്ലാത്തത്. Offenders Actലെ വ്യവസ്ഥകൾ വളരെ വ്യക്തമാണ്. ഒരാളെ പ്രൊബേഷനിൽ (നല്ല നടപ്പിന‍്) വിട്ടാൽ അത് ശിക്ഷയുടേതായ അപമാനബോധം ഉണ്ടാക്കില്ല. പക്ഷേ ഇവിടെ ഇതൊന്നും വ്യക്തമല്ല. ഒരാളെ നിങ്ങൾ സാമൂഹ്യ സേവനത്തിനു വിട്ടാൽ, അത് അയാളിൽ അപമാനബോധമുണ്ടാക്കുമോയെന്ന കാര്യം വ്യക്തമല്ല.
മദൻ ലോക്കൂർ: ഇത് അപമാനബോധമുണ്ടാക്കും; കാരണം ഇതൊരു ശിക്ഷയാണ്.
പി ചിദംബരം: മറ്റൊരു കാര്യം ഉന്നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, മുൻ ജഡ്ജിമാരുടെ തിരുത്തലിന് അത് വിധേയമായിരിക്കും. അസിസ്റ്റന്റ് സെഷൻസ് ജഡ്ജി റാങ്ക് നീക്കം ചെയ്യണം. അസിസ്റ്റന്റ് സെഷൻസ് ജഡ്ജി എന്നൊന്നില്ല. ഒരു ക്രിമിനൽ അഭിഭാഷകൻ, എന്നോടു പറഞ്ഞത് മൂന്ന് വർഷത്തിൽ കവിയാത്ത ജയിൽ ശിക്ഷ നൽകാവുന്ന കുറ്റകൃത്യങ്ങൾ മജിസ‍്ട്രേട്ടും 7 വർഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യങ്ങൾ ചീഫ് ജുഡീഷ്യൽ മജിസ്-ട്രേട്ടും കെെകാര്യം ചെയ്തിരുന്നത് ഇപ്പോൾ സെഷൻസ് ജഡ്ജിയുടെ അധികാരപരിധിയിലാക്കിയിരിക്കുകയാണ്. അത് ശരിയാണെങ്കിൽ എല്ലാവരും ആദ്യം ഹെെക്കോടതിയിലേക്ക് പോകുമോ?
മുക്ത ഗുപ്ത: അല്ല. വിചാരണ നടത്തുന്നത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആയിരുന്നാലും ഏഴ് വർഷത്തിലേറെയുള്ള ശിക്ഷ വിധിക്കുന്നതിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുൻപുതന്നെ വിലക്കുണ്ടായിരുന്നു. വിചാരണ നടക്കുന്നത് സിആർപിസിയിലെ നടപടിക്രമമനുസരിച്ചാണ്. അതിനാൽ ആ നടപടിക്രമം ഇപ്പോൾ നിലനിർത്തിയിട്ടുണ്ട്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് വിചാരണ നടത്താനാവുന്നതാണെങ്കിലും നൽകപ്പെടാവുന്ന ശിക്ഷയ്ക്ക് പരിധിയുണ്ട്. ശരിയാണ്. ഡൽഹിയിലും മറ്റു പല സംസ്ഥാനങ്ങളിലും അസിസ്റ്റന്റ് സെഷൻസ് ജഡ്ജി എന്നൊരു പദവിയില്ല. അഡീഷണൽ സെഷൻസ് ജഡ്ജിമാരേയുള്ളൂ; അവർ സെഷൻസ് ജഡ്ജിമാർക്ക് സമാനരുമാണ്. അതായത് അഡീഷണൽ സെഷൻസ് ജഡ്ജിമാരും ഉൾപ്പെടുന്നതാണ് സെഷൻസ് ജഡ്ജിമാർ. സർക്കാർ ഇപ്പോൾ തേഡ് ക്ലാസ് മജിസ്ട്രേട്ട് തസ്തിക റദ്ദ് ചെയ്തിരിക്കുന്നു. അപ്പോൾ ആ സ്ഥാനത്ത് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടുമാരാകും ഇനി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും ഇതിൽ ഉൾപ്പെടും. ഇതിനു പുറമെ സെക്കൻഡ് ക്ലാസ് മജിസ്ട്രേട്ടുമാരുണ്ട്; അപ്പോൾ ജുഡീഷ്യൽ ഓഫീസർമാരുടെ നാല് കാറ്റഗറി മാത്രമേയുള്ളൂ; നാലാമത്തേത് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടാണ്.
പി ചിദംബരം: ഒന്നാമത്തെ അപ്പീൽ ഹെെക്കോടതിയിലേക്കാകുന്നത് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. ഏഴുവർഷത്തിൽ താഴെയുള്ള ശിക്ഷ വിധിക്കാവുന്ന കേസുകളിലെല്ലാം സെഷൻസ് ജഡ്ജിമാരായിരിക്കണം അപ്പീൽ കേൾക്കേണ്ടത്.
മുക്ത ഗുപ്ത: ഇപ്പോഴും അത് സെഷൻസ് ജഡ്ജിയുടെ അടുത്തേക്കാണ് പോകുന്നത്.
പി ചിദംബരം: താങ്കൾ പറയുന്നത് ഞാൻ അംഗീകരിക്കുന്നു; പക്ഷേ, ചെന്നെെയിലെ ക്രിമിനൽ അഭിഭാഷകർ എന്നോട് പറഞ്ഞത് ഹെെക്കോടതിയിലേക്കാണ് അപ്പീൽ പോകേണ്ടത് എന്നാണ്.
കപിൽ സിബൽ: ഇനി നമുക്ക് മറ്റൊരു വിഷയത്തിലേക്ക് കടക്കാം. പഴയ നിയമപ്രകാരം, തടവ് ശിക്ഷ 10 വർഷമായിരിക്കുകയും നിങ്ങൾ 5 വർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്തുവെന്നാണെങ്കിൽ സ്വാഭാവികമായിത്തന്നെ നിങ്ങൾ മോചിപ്പിക്കപ്പെടും. പുതിയ നിയമം പറയുന്നത്, മറ്റൊരു കുറ്റകൃത്യത്തിന്റെ പേരിൽ കൂടി നിങ്ങൾ ചാർജ് ചെയ്യപ്പെടുകയാണെങ്കിൽ നിങ്ങളെ അങ്ങനെ മോചിപ്പിക്കില്ല. ഇതിനർഥം, ഏതെങ്കിലും ചെറിയൊരു കുറ്റകൃത്യത്തിന്റെ പേരിൽ നിങ്ങൾ ചാർജ് ചെയ്യപ്പെടുകയാണെങ്കിൽ നിങ്ങളെ ജയിലിൽനിന്ന് മോചിപ്പിക്കില്ല–ഏത് കാറ്റഗറിയിൽപെട്ട കുറ്റകൃത്യമാണെന്ന് സർക്കാർ പറയുന്നുമില്ല, ഏത് ചെറിയ കേസുമാകാം.
പി ചിദംബരം: അല്ല. ഒരേ കേസിലാണെങ്കിൽ പോലും രണ്ട് സെക്ഷനുകളുണ്ട്; രണ്ടും രണ്ട് കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടാവുന്നതാണ്.
കപിൽ സിബൽ: അതെ. ഒരു കാര്യത്തിനുതന്നെ ആ വ്യവസ്ഥ ബാധകമാകുമെന്ന് ഞാൻ കരുതുന്നില്ല. ഇത് മറ്റൊരു കേസുമായി ബന്ധപ്പെടുത്തിയുള്ളതാണ്. ഒരേ കേസിന്റെ ഭാഗമല്ല.
മുക്ത ഗുപ്ത: ഇത് വ്യത്യസ്തമായ ഒരു കുറ്റകൃത്യമാണ്. ഒരേ രീതിയിലുള്ള കുറ്റകൃത്യമല്ല. അങ്ങനെയല്ലെങ്കിൽ നിരവധി കുറ്റകൃത്യങ്ങളുള്ള സ്ഥിതിക്ക് ഒരു കേസിന്റെ പേരിൽ ഒരാൾ ഒരിക്കലും മോചിപ്പിക്കപ്പെടില്ല.
മദൻ ലോക്കൂർ: പൊലീസ് നിങ്ങൾ പറയുന്നതിനോട് യോജിക്കുമോ? അവർക്ക് അവരുടേതായ വ്യാഖ്യാനമുണ്ട്.
പി ചിദംബരം: എന്നാൽ നിരവധി കേസുകൾ എന്ന പ്രയോഗമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒന്നോ അതിലേറെയോ കുറ്റകൃത്യങ്ങൾ എന്നതും നിരവധി കേസുകൾ എന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?
കപിൽ സിബൽ: അനേകം കുറ്റകൃത്യങ്ങളടങ്ങിയ ഒരു കേസ് എന്നാണ്. കാരണം നിങ്ങളെ സംഘടിത കുറ്റകൃത്യ നിയമപ്രകാരം ചാർജ് ചെയ്യാം; സാധാരണ നിയമത്തിലെ വകുപ്പുകൾ പ്രകാരവും ചാർജ് ചെയ്യാം, ഇപ്പോൾ പോലും നിങ്ങളെ നിരവധി കുറ്റകൃത്യങ്ങൾക്ക് ചാർജ് ചെയ്യാവുന്നതാണ്.
പി ചിദംബരം: ഇത്തരത്തിൽ അവ്യക്തത സൃഷ്ടിക്കുന്ന ഭാഷ ഉപയോഗിക്കുന്നതെന്തിനാണ്? ഇതിന് വ്യക്തതയുണ്ടായിരിക്കണം.
കപിൽ സിബൽ: അത് മറ്റൊരു വിഷയമാണ്. എന്നാൽ, ഞാൻ പറഞ്ഞതുപോലെ, ഇത് തിടുക്കപ്പെട്ട് ചെയ്തതാണ്; ഈ ഗവൺമെന്റ് ഭീമമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണെന്ന് ലോകത്തിനുമുന്നിൽ മേനി നടിക്കാനാണ് ഇത് ചെയ്തത്; ഞങ്ങൾ ക്രിമിനൽ നീതി നിർവഹണ സംവിധാനത്തെയാകെ ആധുനികവൽക്കരിച്ചിരിക്കുകയാണെന്ന് കാണിക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇതിന് നീതി നിർവഹണവുമായി ഒരു ബന്ധവുമില്ലെന്നത് മറ്റൊരു കാര്യം. ആളുകളുടെ മനസ്സിൽ ഭീതി ഉണർത്തുകയും ശിക്ഷ വർധിപ്പിക്കുകയുമാണ് ഇതിനു പിന്നിലുള്ളത്.
മുക്ത ഗുപ്ത: അവരുണ്ടാക്കിയ മറ്റൊരു കൂട്ടിച്ചേർക്കൽ കൂടിയുണ്ട്. ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനുമുൻപ് മജിസ്ട്രേട്ടിനുമുൻപാകെ പരാതി ഫയൽ ചെയ്താൽ സിആർപിസി സെക്ഷൻ 156.3ന് സമാനമായ നടപടികളായിരിക്കും തുടർന്നുണ്ടാവുന്നത്. പരാതി ഒരു പൊതുസേവനരംഗത്തെ ഒരുദ്യോഗസ്ഥനെതിരെയാണെങ്കിൽ ആദ്യം ആ ഉദ്യോഗസ്ഥന്റെ വാദം കേൾക്കണം; ഇയാൾക്കെതിരെ എന്തെങ്കിലും കേസെടുത്തിട്ടുണ്ടോയെന്നറിയാൻ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനെയും കേൾക്കണം. രണ്ടാമത്തേതായി, ബിഎൻഎസിലെ 173–4 പ്രകാരം ലളിതകുമാരി കേസിലെ സുപ്രീംകോടതി വിധിന്യായത്തിനു വിരുദ്ധമായി പ്രാഥമിക അനേ-്വഷണം നടത്തണം; പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്നറിയാനാണിത്; അതിനാൽ ഈ ഘട്ടത്തിൽ പോലും പൊലീസിന് ആരോപണത്തിൽ കഴമ്പുണ്ടോയെന്ന അനേ-്വഷിക്കാനേ ആകൂ. ഇത് ലളിതകുമാരി വിധിന്യായത്തിൽനിന്നും വ്യത്യസ്തമാണ്; പരാതിയിൽ ശിക്ഷാർഹമായ ഒരു കുറ്റം കണ്ടെത്താനുണ്ടോയെന്ന് പരിശോധിക്കാനേ ഇതുപ്രകാരം കഴിയൂ. എഫ്ഐആർ രജിസ്റ്റർ ചെയ്യാത, മജിസ്ട്രേട്ടിനുമുന്നിൽ പരാതി നൽകിയാൽ. കുറ്റാരോപിതനെ വിളിച്ചുവരുത്താതെ അദ്ദേഹത്തിന് എഫ-്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനു നിർദേശം നൽകാനാവില്ല. ആദ്യം കുറ്റാരോപിതന് നോട്ടീസയക്കുകയും അയാൾക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യുകയേ മജിസ്ട്രേട്ടിന് ഇതുപ്രകാരം കഴിയൂ. ശിക്ഷാർഹമായ കുറ്റം ചെയ്തിട്ടുണ്ടെന്ന് ആ ഘട്ടത്തിൽ കണ്ടെത്തിയാൽ മാത്രമേ കേസെടുക്കാനാകൂ. അപ്പോൾ ആ ആദ്യഘട്ടത്തെ എന്താണ് വിളിക്കേണ്ടത്? നോട്ടീസ് തയ്യാറാക്കൽ, നോട്ടീസയച്ച് കുറ്റാരോപിതനെ വരുത്തൽ. അതായത്, മജിസ്ട്രേട്ടിന്റെ അധികാരത്തിൽ, നിയന്ത്രണങ്ങളുണ്ടാവുമെന്നർഥം; എന്നാൽ പൊലീസിന്റെ അധികാരത്തെ സംബന്ധിച്ചാണെങ്കിൽ നിയമം ലളിതമാക്കപ്പെട്ടിരിക്കുകയാണ്–എഫ്ഐആർ ഇടൽ, അറസ്റ്റ് ചെയ്യൽ തുടങ്ങിയവയിലെല്ലാം.
കപിൽ സിബൽ: നിയമാനുസൃതം ഇപ്പോൾ മറ്റൊരു വിഷയം കൂടിയുണ്ട്. ലളിതകുമാരി കേസിന്റെ വിധി ന്യായമനുസരിച്ച് ഒരാൾ ശിക്ഷാർഹമായ ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ, ആദ്യം തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇപ്പോൾ അതുപേക്ഷിച്ചിരിക്കുകയാണ്. ഈ പുതിയ നിയമപ്രകാരം പൊലീസ് ഓഫീസർക്ക് എഫ്ഐആർ ഇടണമോയെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരമുണ്ട്; ഇവിടെയാണ് രാഷ്ട്രീയം വരുന്നത്. നിങ്ങൾ ഏതെങ്കിലുമൊരു പാർട്ടിയിലെ അംഗമാണെങ്കിൽ, ആർക്കെങ്കിലും നിങ്ങളെ അറിയാമെങ്കിൽ, അപ്പോൾ പൊലീസ് ഓഫീസർ എഫ്ഐആർ രജിസ്റ്റർ ചെയ്യില്ല; എന്നിട്ട് പ്രാഥമികാനേ-്വഷണം നടത്താൻ തുടങ്ങും; അതിനാണെങ്കിൽ സമയപരിധിയൊന്നുമില്ല. ആ ഉദേ-്യാഗസ്ഥൻ രാഷ്ട്രീയമായോ മറ്റുവിധത്തിലോ നിങ്ങളോട് ശത്രുതയുള്ളയാളാണെങ്കിൽ അയാൾ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യും.
മുക്ത ഗുപ്ത: രണ്ടാഴ്ചയ്ക്കകം പ്രാഥമികാനേ-്വഷണം പൂർത്തിയാക്കണമെന്ന സമയപരിധിയുണ്ട്. എന്നാൽ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് തീരുമാനിക്കാൻ അയാൾ കെെവശം വയ്ക്കും.
കപിൽ സിബൽ: എന്നാൽ അയാൾ അത് ചെയ്യില്ല. ഒരു കേസുമില്ലെന്ന് അയാൾ പറയും. അപ്പോൾ നിങ്ങൾ എന്തുചെയ്യും? എല്ലാം അവിടെ അവസാനിക്കും. ആ ഘട്ടത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ പോലും വ്യവസ്ഥയില്ല.
മദൻ ലോക്കൂർ: പുതിയ നിയമപ്രകാരം, പ്രതിഷേധം രേഖപ്പെടുത്താനാവില്ല.
മുക്ത ഗുപ്ത: പ്രഥമദൃഷ്ട്യാ കേസൊന്നുമില്ലെന്ന് പൊലീസ് പറയുന്ന കേസിൽ അവർ അത് ക്ലോസ് ചെയ്യും. എന്നിട്ട് നിങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേട്ടിനെ സമീപിച്ചാൽ, അവർ ആദ്യം പൊലീസ് റിപ്പോർട്ട് ചോദിക്കും. ഒരു കേസുമില്ലെന്നായിരിക്കും പൊലീസിൽനിന്നുള്ള മറുപടി. ഒരു പരാതിയായി മജിസ്ട്രേട്ട് ആ കേസ് പരിഗണിക്കുകയാണെങ്കിൽ, അദ്ദേഹം ആദ്യം കുറ്റാരോപിതനെ വിളിച്ചുവരുത്തണം, അയാൾക്ക് പറയാനുള്ളത് കേൾക്കണം, എന്നിട്ടു മാത്രമേ കുറ്റാരോപിതനെതിരെ കേസെടുക്കാനാകൂ.
പി ചിദംബരം: എന്നാൽ പരാതിക്കാരൻ എങ്ങനെ സ്വന്തം ഭാഗം വാദിക്കും?
കപിൽ സിബൽ: കാരണം അയാളുടെ കെെവശം രേഖയൊന്നും ഉണ്ടായിരിക്കില്ല.
മുക്ത ഗുപ്ത: കുറ്റാരോപിതൻ ആരെന്നറിയാത്ത ഒരു പരാതിക്കാരന്റെ കേസൊന്ന് സങ്കൽപ്പിച്ചു നോക്കൂ. കുറ്റാരോപിതൻ അജ്ഞാതനാണെങ്കിൽ എന്താകും? പല കേസുകളിലും ഇതാകും സ്ഥിതി.
കപിൽ സിബൽ: അതിനാൽ, ഈ പ്രത്യേക നിയമങ്ങൾ അഭിഭാഷകരെ സംബന്ധിച്ചിടത്തോളം അനിയന്ത്രിതമായ അധികാരം ലഭിക്കലാകും.
കപിൽ സിബൽ: നിശ്ചയമായും, അതുകൊണ്ടാണ് അഭിഭാഷകരുടെ സ്വർഗരാജ്യമെന്ന് പറഞ്ഞത്.
കാരണം, പൊലീസ് ഇഷ്ടംപോലെ എന്തെല്ലാം ചെയ്യുന്നോ അഭിഭാഷകർക്ക് അത്രയേറെ അവസരം ലഭിക്കും; എന്റെ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നോക്കൂ.
പി ചിദംബരം: അതിനിടയ്ക്ക് പൊലീസ് അതിക്രമങ്ങൾമൂലം നീതി മരിക്കും, ജനങ്ങൾ കഷ്ടപ്പെടും. ഇപ്പോഴത്തെ നിലയിൽ പൊലീസിന് ഒട്ടേറെ അധികാരങ്ങളുണ്ട്, നിയന്ത്രണങ്ങൾ വളരെ കുറച്ചും.
മദൻ ലോക്കൂർ: ആരോടും മറുപടി പറയുകയും വേണ്ട.
കപിൽ സിബൽ: ഇതാണ് നിയമത്തിന്റെ ആധുനികവൽക്കരണം. അവർ പറയുന്നു, അവർ തന്നെ ചെയ്യുന്നു. നമ്മുടെ രാജ്യം മധ്യകാലഘട്ടത്തിലേക്ക് പോവുകയാണെന്നതാണ് വസ്തുത. രാജാക്കന്മാർ ചെയ്തതു തന്നെയാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് ഞാൻ അർഥമാക്കുന്നത്. ആരെയും പിടിച്ച് ജയിലിലടയ്ക്കാം. എന്തിനെന്ന് ആരോടും ബോധ്യപ്പെടുത്തേണ്ടതുമില്ല.
പി ചിദംബരം: ശരിയാണ്. ആകെയുള്ള ഒരു പ്രതീക്ഷ, പെട്ടെന്നു തന്നെ കോടതികൾ അഥവാ സുപ്രീം കോടതി തന്നെ, ആളുകളുടെ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്നതും പ്രഥമദൃഷ്ട്യാ തന്നെ ഭരണഘടനാവിരുദ്ധവുമായ ഒരു ഡസൻ പ്രൊവിഷനുകൾ കണ്ടെത്തി പട്ടികപ്പെടുത്തുകയും അവയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുമെന്നുള്ളതാണ്. ഇവിടെ നമ്മൾ ചൂണ്ടിക്കാണിച്ച ഓരോ പ്രൊവിഷനെയും സംബന്ധിച്ച് ഓരോ കേസായി കെെകാര്യം ചെയ്യാനാവില്ല.
കപിൽ സിബൽ: എങ്ങനെയാണ് അനുഛേദം 32 വരുന്നത് എന്ന് ആരെങ്കിലും ഉന്നയിക്കുകയാണെങ്കിലാണ് പ്രശ്നം.|
പി ചിദംബരം: ഇല്ല. നിങ്ങൾക്ക് അനുഛേദം 226 പ്രകാരം കേസ് ഫയൽ ചെയ്യാനാകും. ഭരണഘടനയുടെ അനുഛേദം 32ഉം 21ഉം പ്രകാരം മൗലികാവകാശങ്ങൾ സംബന്ധിച്ച കേസുകൾ സുപ്രീംകോടതിയിൽ വരും; എന്നാൽ അഭിഭാഷകരുടെ വേദികൾ ഒറ്റക്കെട്ടായി നിൽക്കുകയും പട്ടികപ്പെടുത്തുകയും വേണം. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേൽ ഗൗരവതരമായ കടന്നാക്രമണം നടത്തുന്ന 10– 15 പ്രൊവിഷനുകൾ കണ്ടെത്തുകയും അവ സുപ്രീംകോടതിയിൽ എത്തിക്കുകയും വേണം.
കപിൽ സിബൽ: അതെനിക്ക് മനസ്സിലായി. എന്നാൽ അത് ഏതെങ്കിലുമൊരു പ്രത്യേക ബഞ്ചിലേക്കായിരിക്കും പോകുന്നത്; അപ്പോൾ ഈ കാര്യങ്ങളെയാകെ ആ പ്രത്യേക ബഞ്ച് എങ്ങനെയാണ് കാണുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഫലം. ഹെെക്കോടതികൾ ആദ്യം തീർപ്പാക്കട്ടെ, എന്നിട്ട് നമുക്കത് കെെകാര്യം ചെയ്യാം എന്നു പറയുന്നവരുണ്ട്. അതും പ്രശ്നമാണ്. അങ്ങനെ സാഹചര്യമാകെ അതീവ സങ്കീർണമാണ്.
മദൻ ലോക്കൂർ: സിപിസിയുമായി ബന്ധപ്പെട്ട ഭേദഗതികൾ സംബന്ധിച്ച് സിവിൽ അഡ്വക്കേറ്റ്സ് അസോസിയേഷൻ കൊടുത്ത കേസിനെക്കുറിച്ച് താങ്കൾക്കറിയാമല്ലോ. ഇവയാണ് എട്ടോ – ഒമ്പതോ പ്രശ്ന മേഖലകൾ എന്നു പറയുന്ന സങ്കീർണമായ ഒരു ഹർജിയാണത്. ഞാൻ കരുതുന്നത്, സമാനവിധത്തിലുള്ള ഒരു ഹർജി സുപ്രീംകോടതി അനുവദിക്കും എന്നാണ്.
കപിൽ സിബൽ: ഇത് നമ്മുടെ രാജ്യത്ത് മനുഷ്യന്റെ സ്വാതന്ത്ര്യം തന്നെ അപകടപ്പെടുത്തുകയാണ്. നമുക്ക് അവശേഷിക്കുന്ന പരിമിതമായ സ്വാതന്ത്ര്യം പോലും പൊലീസിനെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന്റെ ദയാദാക്ഷിണ്യത്തിനനുസരിച്ച് നിന്നുകൊടുക്കാനാവില്ല. ഈ സംഭാഷണത്തിൽ പങ്കെടുക്കാൻ ഹാജരായതിൽ എല്ലാവർക്കും നന്ദി. ♦
കടപ്പാട്: ദി വയർ