Monday, September 9, 2024

ad

Homeസിനിമആരുടെ രാമൻ, ആരുടെ രാവണൻ

ആരുടെ രാമൻ, ആരുടെ രാവണൻ

കെ എ നിധിൻ നാഥ്‌

2020ൽ ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയാണ്‌ പ്രസന്നാ വിത്തനാഗെയുടെ പാരഡൈസിന്റെ കഥാഭൂമിക. ഭക്ഷ്യ, ഇന്ധന ക്ഷാമം രൂക്ഷമായ കാലത്തിന്റെ ബാക്കിപത്രമായി രാജ്യം പാപ്പരായതായി പ്രഖ്യാപിക്കുന്ന ദിവസത്തിലാണ്‌ കേശവും (റോഷൻ മാത്യു) അമ്മുവും (ദർശന രാജേന്ദ്രൻ) തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കാൻ ശ്രീലങ്ക/പാരഡൈസിൽ എത്തുന്നത്‌. അവർ താമസിക്കുന്ന ഹോട്ടലിൽ രാത്രിയിൽ മോഷണം നടക്കുന്നു. തുടർന്ന്‌ നടക്കുന്ന സംഭവവികാസങ്ങളിലൂടെ ഇവരുടെ മാനസികതലങ്ങളും ലങ്കയുടെ സ്ഥിതിയും കാണിക്കുകയാണ്‌ സിനിമ. വളരെക്കുറച്ച്‌ കഥാപാത്രങ്ങളുള്ള സിനിമയിൽ ഇവരുടെ അതിഗംഭീരമായ പ്രകടനമാണ്‌ സിനിമയുടെ ഈടുറപ്പ്‌. പ്രശസ്‌ത ശ്രീലങ്കൻ സംവിധായകനായ പ്രസന്ന സൃഷ്ടിച്ചെടുത്ത കഥാപരിസരവും അതിനെ കഥാഘടനയിലേക്ക്‌ സന്നിവേശിപ്പിക്കുന്ന പരിചരണ മിടുക്കുമാണ്‌ പാരഡൈസിന്റെ മികവ്‌. രാഷ്‌ട്രീയ സിനിമയായി നിൽക്കാതെ എന്നാൽ രംഗങ്ങളിൽ, സംഭാഷണങ്ങളിൽ, വന്നുപോക്കുകളിൽ രാഷ്‌ട്രീയം നിറഞ്ഞുനിൽക്കുന്ന രാഷ്‌ട്രീയ സിനിമയാണിത്‌. സിനിമയുടെ പേര്‌ മുതൽ ഈ തെളിച്ചമുണ്ട്‌. സംഘർഷഭൂമിയിലെ കഥപറച്ചിൽ എന്ന്‌ തോന്നിപ്പിക്കാതെ രാജീവ്‌ രവിയുടെ ക്യാമറ കഥപറച്ചിലിനെ ചേർത്തുപിടിക്കുന്നുണ്ട്‌.

വിനോദസഞ്ചാരികളുടെ പറുദീസയാണ്‌ ശ്രീലങ്ക. എന്നാൽ കഥാകാലം ആ നാടിന്റെ തകർച്ചയുടേതാണ്‌. വൈകുന്നേരം ഭക്ഷണം കഴിക്കുന്നത്‌ മെഴുകുതിരി വെളിച്ചത്തിന്റെ നടുവിലാണ്‌. അമ്മുവിന്റെ ‘ഹൗ റൊമാന്റിക്’ എന്ന്‌ കാൻഡിൽ ലൈറ്റ്‌ ഡിന്നർ നിമിഷത്തെ വിശേഷിപ്പിക്കുമ്പോൾ ‘പവർകട്ട്‌ മേഡം’ എന്നാണ്‌ ജീവനക്കാരൻ മറുപടി പറയുന്നത്‌. വിനോദസഞ്ചാരിയെ ആനന്ദിപ്പിക്കുന്ന ആ ലോകം തദ്ദേശീയ ജനതയുടെ ദുരിതത്തിന്റേതാണ്‌. കേസ്‌ അന്വേഷിക്കാൻ ഇന്ധനമില്ലാതെ നട്ടംതിരിയുന്ന പൊലീസിന്റെ മറുകാഴ്‌ച സഞ്ചാരികൾക്ക്‌ ആവശ്യത്തിന്‌ ഇന്ധനം കിട്ടുന്ന ഭൂമികയാണ്‌. ഇത്തരത്തിൽ സിനിമയിലുടനീളം ഒരേ കാഴ്‌ചയുടെ രണ്ട്‌ അടരുകളുള്ള രണ്ട്‌ തലങ്ങളിലാണ്‌ സിനിമ വളരുന്നത്‌.

തങ്ങളെ ‘ആക്രമിക്കാൻ’ വരുന്നവർക്കു നേരെയുള്ള അമൃതയുടെ വെടിയേൽക്കുന്നത്‌ കേശവിനാണ്‌. ഇതിന്‌ സാക്ഷിയായ തങ്ങൾക്കൊപ്പമുള്ള ടൂർ ഗൈഡ്‌ ആൻഡ്രൂസ്‌ (ശ്യാം ഫെർനാന്റോ) മൊഴി നൽകുന്നത്‌ ‘മേഡം അക്രമകാരികളിൽനിന്ന്‌ രക്ഷനേടാൻ വെടിവെച്ചപ്പോൾ സാർ പെട്ടെന്ന്‌ മുന്നിൽ വന്നു പെട്ടുവെന്നാണ്‌’. ആൻഡ്രുവിന്റെ മൊഴിയിൽ സ്വയം വിശ്വസിക്കുന്നുണ്ടോയെന്ന്‌ അമ്മു ചോദിക്കുന്നുണ്ട്‌. ഇതുപോലെ സ്വയം വിശ്വസിക്കുന്നുണ്ടോയെന്ന്‌ അമ്മു സിനിമയുടെ തുടക്കത്തിൽ ആൻഡ്രൂവിനോട്‌ ചോദിക്കുന്നുണ്ട്‌. ശ്രീലങ്കയുടെ രാമ–-രാവണ വിശ്വാസത്തെക്കുറിച്ച്‌ പറയുമ്പോൾ ‘ഒരു നാൾ രാവണൻ ഉണർന്ന്‌ ലങ്കയെ രക്ഷിക്കും’ എന്ന ഉറച്ച പ്രതീക്ഷ പങ്കുവെക്കുമ്പോഴാണത്‌. ഇത്തരത്തിൽ ഉള്ളർഥത്തിലും ഉൾകാഴ്‌ചയുടെ വിശാലതയിലുമാണ്‌ പാരഡൈസ്‌ പൂർണമാകുന്നത്‌.

രാമന്റെ ‘ഇന്ത്യ’യും രാവണന്റെ ലങ്കയും എന്ന തലത്തിനുള്ള ആലോചനയ്‌ക്ക്‌ സിനിമ അടിത്തറയിടുന്നുണ്ട്‌. നായക–- പ്രതിനായക സങ്കൽപങ്ങളുടെ വാർപ്പ്‌ മാതൃകകൾ ഉടച്ചുവാർക്കേണ്ടതിനെക്കുറിച്ച്‌ നിശബ്ദമായി ഓർമ്മിപ്പിക്കുന്നുണ്ട്‌. മിത്തുകൾ കാലത്തിനും ഇടത്തിനും അനുസരിച്ച്‌ മാറ്റപ്പെടുന്നുവെന്ന്‌ ഓർമിപ്പിക്കുന്നുണ്ട്‌. അതേസമയം നമ്മുടെ ഉൾബോധ്യങ്ങളെ തിരുത്താൻ ആഹ്വാനം ചെയ്യുന്നുമുണ്ട്‌. രാമന്റെ വിജയഗാഥ കേൾക്കുന്ന ഇന്ത്യൻ പരിസ്ഥിതിയിലേക്ക്‌ രാവണനെ യുദ്ധം ചെയ്ത് തോൽപ്പിച്ച സീതയുടെ വീരകഥ ജൈന രാമായണത്തിനെ പിൻപറ്റി പറയുന്നു.

എല്ലാം ഏകധ്രുവത്തിൽ പറയുന്ന കാലത്ത്‌ 300ൽ അധികം രാമായണങ്ങൾ ഉണ്ടെന്ന്‌ ഓർമിപ്പിക്കുന്ന പാരഡൈസ്‌ ഒരു രാഷ്‌ട്രീയ സിനിമാ ദൗത്യമായും ഉയരുന്നുണ്ട്‌. സ്‌ത്രീകളെ സംരക്ഷിക്കാൻ പുരുഷൻ വരണമെന്ന്‌ വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യം രാമൻ രക്ഷിച്ച സീത എന്ന വ്യവസ്ഥയോടുള്ള ചോദ്യം കൂടിയാണ്‌. ഓരോ രാമായണവും പറയുന്നത്‌ വ്യത്യസ്ത കഥകളാണെന്ന്‌ അമ്മു പറയുന്നുണ്ട്. മിത്തുകളും കഥാപാത്രങ്ങളും കൽപിത കഥകളാണെന്നും, അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഉണ്ടാക്കുന്നതാണെന്നും സിനിമ പറഞ്ഞു വെക്കുന്നു.

മോഷണത്തിന്റെ സംശയമുന പൊലീസ്‌ സൃഷ്ടിച്ചെടുക്കുന്നത്‌ തൊഴിലാളികളിലേക്കാണ്‌, തമിഴരായവരാണവർ. കേശവിന്‌ അവരെ സംശയിക്കാൻ ഒരു നിമിഷം പോലും വേണ്ടിവരുന്നില്ല. ഈ സന്ദർഭം ഇന്ത്യയിലേക്ക്‌ മാറ്റിസ്ഥാപിച്ചാൽ പൊലീസിന്റെ കസ്റ്റഡി മർദനമേറ്റ്‌ വീഴുക ദളിതരും മുസ്ലിങ്ങളുമായിരിക്കും. സിനിമയുടെ പൊലീസിങ്‌ ഇന്ത്യയിലെ ഭരണകൂട വേട്ട ഓർമപ്പെടുത്തുന്നതാണ്‌. എല്ലായിടത്തും ഭൂമിക മാറിയാലും അധികാരവർഗ വേട്ടയുടെ ഇരകൾ ഒന്നാണെന്ന്‌ പാരഡൈസ്‌ വിളിച്ചുപറയുന്നുണ്ട്‌. ഇത്തരത്തിൽ വൈരുധ്യങ്ങളിൽനിന്നുകൊണ്ടുള്ള കഥപറച്ചലിന്റെ മിടുക്കാണ്‌ പാരഡൈസ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + 20 =

Most Popular