Friday, October 18, 2024

ad

Homeപുസ്തകംജർമൻ യാത്രയുടെ ഓർമകൾ

ജർമൻ യാത്രയുടെ ഓർമകൾ

ഗിരീഷ്‌ ചേനപ്പാടി

യാത്രകൾ പലർക്കും പലതരത്തിലാണ്‌ അനുഭവവേദ്യമാകുന്നത്‌. അത്‌ ട്രെയിനിലായാലും കരയിലായാലും ജലാശയങ്ങളിലൂടെയായാലും വായുമാർഗമായാലും അതു പകരുന്ന അനുഭൂതി അവാച്യമാണ്‌. സർഗാത്മക മനസ്സും ദർശനഗരിമയുമുള്ള ഒരു എഴുത്തുകാരൻ സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും ചരിത്രത്തലൂടെയുമെല്ലാം ആ യാത്രയെ ആനയിക്കും. ആ യാത്രകളിൽ അദ്ദേഹം അനുഭവിച്ച ഹർഷോത്മാദങ്ങളും പൊള്ളിക്കുന്ന ജീവിതയാഥാർഥ്യങ്ങളുമെല്ലാം വായനക്കാർക്കായി വരിച്ചിടും. അനുഭവവർണനകളുടെ സത്യസന്ധതകൊണ്ടും ആത്മാർഥതകൊണ്ടും അത്‌ വായനക്കാരുടെയും അനുഭവമായി മാറും. അശോകൻ ചരുവിലിന്റെ ‘ജർമൻ ദിനങ്ങൾ’ എന്ന കൃതി അത്തരത്തിലൊന്നാണ്‌.

ഗ്രന്ഥകാരനൊപ്പം വായനക്കാരും യാത്രികരാകുന്നു; ഗ്രന്ഥകാരന്റെ അനുഭവങ്ങൾ വായനക്കാരുടേതു കൂടിയായി മാറുന്നു. വായനക്കാർ ഒരുതരം പരകായപ്രവേശത്തിലെത്തുന്നു എന്നു പറഞ്ഞാൽ തെറ്റാവില്ല. മൂന്നു ഭാഗങ്ങളായാണ്‌ ഈ പുസ്‌തകം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്‌. അതിൽ ആദ്യഭാഗം ജർമനിയിലൂടെ അദ്ദേഹം നടത്തിയ യാത്രകളാണ്‌. ജർമൻ യാത്രാദിനങ്ങൾ എന്നാണ്‌ ആ ഭാഗത്തിന്‌ പേരു നൽകിയിരിക്കുന്നത്‌. അശോകന്റെ രണ്ടു മക്കളും‐ രാജയും ഹരികൃഷ്‌ണനും‐ വ്യത്യസ്‌ത മാർഗങ്ങളിലൂടെ ജർമനിയിൽ എത്തപ്പെട്ടവരാണ്‌. മൂത്ത മകൻ രാജ ജർമൻകാരിയെ തന്നെയാണ്‌ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതും. അശോകന്റെ ജീവിതപങ്കാളി രജനി ജീവിച്ചിരുന്നപ്പോൾ അവർക്കൊപ്പവും മക്കൾക്കൊപ്പവും തനിച്ചും അശോകൻ നടത്തിയ യാത്രകളും അനുഭവങ്ങളുമാണ്‌ ഈ ഭാഗത്ത്‌ വിവരിക്കുന്നത്‌.

അശോകന്റെ ജർമൻ കാഴ്‌ചകളിൽ അവിടത്തെ വ്യക്തികളും സംസ്‌കാരവും പ്രകൃതിയുമെല്ലാം കടന്നുവരുന്നു. അതേസമയം അദ്ദേഹം സ്വന്തം ജീവിതാനുഭവങ്ങളിലൂടെ, താൻ സ്വന്തം നാട്ടിൽ കണ്ടതും അനുഭവിച്ചതും ആസ്വദിച്ചതുമായ മുഹൂർത്തങ്ങളും സംഭവങ്ങളും കടന്നുവരുന്നു. അവയെ കൃത്യതയോടെ അടയാളപ്പെടുത്തി കാഴ്‌ചകൾക്ക്‌ കൂടുതൽ മികവ്‌ നൽകുന്നു.

‘‘ദർശനമുള്ള വ്യക്തിക്കേ എഴുത്തുകാരനാകാൻ കഴിയൂ, അല്ലാത്തവർക്ക്‌ അക്ഷരങ്ങളിൽ മരിച്ചുവീഴാനേ കഴിയൂ’’ എന്ന്‌ പ്രഗത്ഭ നിരൂപകൻ കെ പി അപ്പൻ എഴുതിയിട്ടുണ്ട്‌. സർഗാത്മക സാഹിത്യത്തിൽ എന്നതുപോലെ യാത്രാവിവരങ്ങളിലും അശോകൻ എന്ന എഴുത്തുകാരന്റെ ദർശനങ്ങൾ കടന്നുവരുന്നു. അത്‌ വായനക്കാർക്ക്‌ അൽപംപോലും ആയാസം തോന്നാത്തവിധം അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിയുന്നു. അതുകൊണ്ടുതന്നെ അത്‌ സർഗാത്മകതലത്തിലെ മറ്റൊരു യാത്രകൂടിയായി പരിണമിക്കുന്നു. വർത്തമാനവും ഭൂതവും കാലങ്ങളുടെ ഇടവേളകളില്ലാതെ സഹകരിക്കുകയും സഹവർത്തിക്കുകയും ചെയ്യുന്നു.

സർഗാത്മക സാഹിത്യത്തിലെന്നപോലെ സഞ്ചാരസാഹിത്യത്തിലും ഉന്നതശീർഷനായ എസ്‌ കെ പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ വായിച്ച അനുഭവമാണ്‌ അശോകന്റെ ജർമൻ യാത്രയ്‌ക്ക്‌ കൂട്ടായിട്ടുള്ളത്‌. അശോകൻ അതേക്കുറിച്ച്‌ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘‘ഇരിഞ്ഞാലക്കുടയിൽ സി ആർ കേശവൻ വൈദ്യരുടെ വിവേകോദയം പബ്ലിക്കേഷൻസ്‌ എസ്‌ കെയുടെ യാത്രാവിവരണങ്ങൾ ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക എന്നിങ്ങനെ ഭൂഖണ്ഡങ്ങൾ തിരിച്ച്‌ വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയിരുന്നു. വൈദ്യരുടെ തന്നെ എസ്‌എൻ പബ്ലിക്‌ ലൈബ്രറിയിൽനിന്നെടുത്ത്‌ അതു മുഴുവൻ വായിച്ചു. പിന്നീട്‌ എവിടെ പോകുമ്പോഴും എസ്‌ കെ കൂടെയുണ്ടായിരുന്നു’’.

എസ്‌ കെ അനുഭവിച്ചതും വായനക്കാരിലേക്ക്‌ അനുഭൂതിയുടെ വെളിച്ചം പകർന്നതുമായ ലോകം ആകെ മാറിയെന്നുള്ളത്‌ വാസ്‌തവം. എങ്കിലും അന്നും ഇന്നും താരതമ്യം ചെയ്യാൻ കഴിയുന്ന തരത്തിൽ വിശാലമായ ഒരു സാധ്യത പിൽക്കാല എഴുത്തുകാർക്കായി നൽകാൻ എസ്‌ കെയ്‌ക്ക്‌ സാധിച്ചു.

ജർമനിയിൽ വൃദ്ധജനങ്ങൾ കൂടുന്ന കാര്യം വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നുകൊണ്ടാണ്‌ അശോകൻ തന്റെ ജർമൻ കാഴ്‌ചകൾ ആരംഭിക്കുന്നത്‌.

തൊഴിലിനൊപ്പം കുടുംബജീവിതവും സുഗമമായി കൊണ്ടുപോകാൻ കഴിയുമോ എന്ന ആശങ്കമൂലം ചെറുപ്പക്കാർ പലരും വിവാഹം കഴിക്കാൻ മടിക്കുന്നു. വിവാഹിതർ തന്നെ കുട്ടികൾ വേണ്ടെന്ന ചിന്താഗതിക്കാരാണത്രേ. റിട്ടയർമെന്റിനുവേണ്ടി കാത്തിരിക്കുകയും അതിനുശേഷം ജീവിതം തുടങ്ങാമെന്നു കരുതുകയും ചെയ്യുന്നവരാണ്‌ ജർമൻ ജനതയിൽ നല്ലൊരു വിഭാഗവുമെന്ന്‌ അശോകൻ നിരീക്ഷിക്കുന്നു. വൃദ്ധസദനങ്ങളിലെ അന്തേവാസികൾ പൊതുവെ ‘ഹാപ്പി’യാണ്‌. അശോകന്റെ മകൻ രാജയുടെ ജർമനിയിലെ താമസസ്ഥലം ഒരു വൃദ്ധസദനത്തിനടുത്താണ്‌. അതുകൊണ്ടാകാം അശോകൻ ആദ്യംതന്നെ വൃദ്ധജനങ്ങളെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയത്‌.

ജർമനിയിലെ എസ്സെനിലുള്ള രാജയുടെ താമസസ്ഥലത്തുനിന്ന്‌ ഇതരസ്ഥലങ്ങളിലേക്കുള്ള യാത്രകൾ മനോഹരമായി തന്നെ അദ്ദേഹം വരച്ചിടുന്നു. പുത്രവധു ജർമൻകാരി നാദിയയുടെയും അവളുടെ വീട്ടുകാരുടെയും സഹായം യാത്രയിലും അവിടുത്തെ സംസ്‌കാരം മനസ്സിലാക്കുന്നതിലുമെല്ലാം അശോകന്‌ തുണയാകുന്നുണ്ട്‌.

ജർമൻ നഗരങ്ങളുടെ ഒരു പൊതുചിത്രം വായനക്കാർക്കായി അശോകൻ വരച്ചിടുന്നതിങ്ങനെയാണ്‌: ‘‘മനുഷ്യന്‌ സുരക്ഷിതമായി സഞ്ചരിക്കാനാവുന്നു എന്നതാണ്‌ ജർമനി പോലുള്ള യൂറോപ്യൻ നഗരങ്ങളുടെ ഒരു ഗുണം. കാൽനടക്കാരെയും നഗരങ്ങൾ പരിഗണിക്കുന്നു. ഹൈവേ ഒഴിച്ചുള്ള എല്ലാ റോഡുകളിലും സൗകര്യപ്രദമായ ഫുട്ട്‌പാത്തുകളുണ്ട്‌. കൂടാതെ നടക്കാൻവേണ്ടി മാത്രമുള്ള ചെറുതും വലുതുമായ പാതകൾ. വഴിയോരങ്ങളിൽ ഇടവിട്ട്‌ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുമുണ്ട്‌. മുതിർന്ന പൗരരെ സംബന്ധിച്ച്‌ ഇത്‌ പ്രധാനമാണ്‌. സൈക്കിൾ യാത്രക്കാർക്ക്‌ പുന്തിയ പരിഗണനയുണ്ട്‌. കുട്ടികളും മുതിർന്നവരും മാത്രമല്ല വൃദ്ധജനങ്ങളും സൈക്കിളിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നു. മാത്രമല്ല അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. കൈക്കുഞ്ഞുങ്ങളെ ടെയിലറിൽ സുരക്ഷിതമായി ഇരുത്തിയാണ്‌ യാത്രകൾ. ജർമനിയിൽ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ള ഒരു വാഹനം അല്ലെങ്കിൽ വസ്‌തു സൈക്കിളാണത്രേ’’…

പഴയ സോഷ്യലിസ്റ്റ്‌ ജർമനി (ജർമൻ ജനാധിപത്യ റിപ്പബ്ലിക്‌‐ ജിഡിആർ)യുടെ സ്വാധീനം ഇന്നത്തെ ഏകീകൃത ജർമനി പിന്തുടരുന്ന കാര്യം അശോകൻ നിരീക്ഷിക്കുന്നു. അതിലൊന്ന്‌ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ലഭിക്കുന്ന സാമൂഹ്യപിന്തുണയാണ്‌. ഗർഭകാലത്തുമാത്രമല്ല; കുഞ്ഞുങ്ങൾ വളരുന്ന കാലത്തും ദന്പതികൾക്ക്‌ പ്രത്യേകം പ്രത്യേകം അവധി ലഭിക്കും. സ്‌കൂളിൽ ചേർക്കപ്പെടുന്ന കുട്ടികളെ പ്രത്യേകം നിരീക്ഷിക്കാൻ സംവിധാനമുണ്ട്‌. അവർക്ക്‌ സ്വതന്ത്രമായും സുരക്ഷിതമായും വളരാനുള്ള സാഹചര്യം വീടുകളിലുണ്ടോ എന്ന കാര്യം അധികൃതർ പ്രത്യേകം പരിശോധിക്കും. കുട്ടികളുടെ സുരക്ഷയിൽ വീഴ്‌ചവരുത്തിയാൽ മാതാപിതാക്കളായാലും അധ്യാപകരായാലും നിയമനടപടികൾ നേരിടേണ്ടിവരും.

വീടുകളിലെ പ്രതികൂലമായ അന്തരീക്ഷമാണല്ലോ പലരെയും ജീവിതത്തിൽ വഴിതെറ്റിക്കുന്നത്‌. ആ നിലയ്‌ക്ക്‌ ഗവൺമെന്റിന്റെ കരുതലിനെ സമ്മതിച്ചുകൊടുക്കുകതന്നെ വേണം.

രാജയുടെയും നാദിയയുടെയും വിവാഹം ജർമനിയിൽ വെച്ചാണ്‌ നടത്തപ്പെട്ടത്‌. രജിസ്റ്റർ വിവാഹമായിരുന്നു അവരുടേത്‌. അപേക്ഷിച്ച്‌ രണ്ടുവർഷം കഴിഞ്ഞാണ്‌ അനുമതി ലഭിച്ചത്‌. ഇരുവരെയും കുറിച്ച്‌ അന്വേഷിക്കാനാണ്‌ അത്രയും സമയം സർക്കാർ എടുത്തത്‌. രാജ, വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ജർമൻ എംബസി നിയോഗിച്ച വ്യക്തി കാട്ടൂരിൽ വന്ന്‌ അന്വേഷിച്ച കാര്യം അശോകൻ വിവരിക്കുന്നു. അതാണ്‌ ജർമൻ പൗരർക്ക്‌ സർക്കാർ നൽകുന്ന കരുതൽ.

ജൂൺ, ജൂലൈ, ആഗസ്‌ത്‌ എന്നീ മാസങ്ങളാണ്‌ ജർമനിയിൽ വേനൽക്കാലം. ഒരു വേനൽക്കാലത്ത്‌ ജർമനിയിൽ ചെലവഴിച്ച അശോകൻ പറയുന്നു: ‘‘വേനലിന്റെ തുടക്കം ഇവിടെ ആഘോഷമാണ്‌. ആളുകൾ കൂട്ടമായി വീടുവിട്ട്‌ പൊതുസ്ഥലങ്ങളിലേക്ക്‌ പ്രവേശിക്കും. പാർക്കുകളും കളിസ്ഥലങ്ങളും ജനസാന്ദ്രമാവും. പാർക്കുകളിൽ മാത്രമല്ല സാധാരണ പുൽമൈതാനങ്ങളിലും ഫുട്ട്‌പാത്തുകളിലും കലുങ്കുകളിലും ആളുകൾ വെയിലാസ്വദിച്ചു കിടക്കുന്നത്‌ കാണാം. കുടുമബങ്ങൾ ഒത്തുചേർന്ന്‌ പലതരം കളികളിൽ ഏർപ്പെടും. നീന്തൽക്കുളങ്ങൾ സജീവമാകും’’.

രാജ താമസിക്കുന്ന എസ്സെൻ പശ്ചിമജർമനിയിൽ ഉൾപ്പെട്ട നഗരമാണ്‌. ഹരികൃഷ്‌ണൻ ജോലിചെയ്യുന്നതാകട്ടെ പൂർവജർമനിയുടെ ഭാഗമായ കുലംഗ്‌സ്‌ ബോണിലാണ്‌. കടൽത്തീരങ്ങളും കാടും മലയും നിറഞ്ഞ ആ പ്രദേശത്തിന്റെ കാലാവസ്ഥ വ്യത്യസ്‌തമാണ്‌. വർഷത്തിൽ മുക്കാൽപങ്കും അവിടെ കടുത്ത തണുപ്പാണത്രേ. അശോകന്റെ ജർമൻ കാഴ്‌ചയിൽ ഈ പ്രദേശങ്ങളുടെ വർണനകൾ കടന്നുവരുന്നുണ്ട്‌.

യാത്രക്കാരെ പൊതുഗതാഗതത്തിലേക്ക്‌ ആകർഷിക്കാൻ ജർമൻ സർക്കാർ ഏർപ്പെടുത്തിയ ഒന്പതു യൂറോ ടിക്കറ്റുമായാണ്‌ അശോകൻ ഒറ്റയ്‌ക്ക്‌ പല സ്ഥലങ്ങളിലും യാത്രചെയ്‌തത്‌. കുടുംബാംഗങ്ങളുമായി ചേർന്നു യാത്രചെയ്‌തത്‌ വേറെ. ഈ യാത്രകളിൽ ജർമൻ ജനതയുടെ ചിന്തയും ആചാരമര്യാദകളും ജീവിതരീതികളും പുഴകളുടെയും അരുവികളുടെയും ഭംഗിയും മനോഹാരിതയുമെല്ലാം ഗ്രന്ഥകാരന്റെ വിവരണങ്ങളിൽ കടന്നുവരുന്നു.

2018ലെ അശോകന്റെ യാത്രയിൽ ജീവിതപങ്കാളി രജനിയും കൂട്ടിനുണ്ടായിരുന്നു. അന്ന്‌ രോഗബാധിതയായിരുന്ന രജനി ആരോഗ്യപ്രശ്‌നങ്ങളെ അവഗണിച്ച്‌ യാത്ര ശരിക്കും ആസ്വാദ്യമാക്കിയ കാര്യം അശോകൻ അനുസ്‌മരിക്കുന്നു. ബർലിൻ നഗരത്തിലാണ്‌ അന്നവർ താമസിച്ചത്‌. അവിടെനിന്ന്‌ നിരവധി സ്ഥലങ്ങളിലേക്ക്‌ ടൂർ പാക്കേജുകളുടെ ഭാഗമായി അവർ സന്ദർശിച്ചു. ലിപ്‌സിഗ്‌, ചെക്ക്‌ റിപ്പബ്ലിക്കിലെ പ്രാഗ്‌ എന്നിവിടങ്ങളിലൊക്കെ അവർ യാത്രചെയ്‌തു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലൊന്നാണ്‌ പ്രാഗ്‌. വിൽട്ടാവ നദിയുടെ കരയിലുള്ള ഈ നഗരം പഴയ ചെക്കോസ്ലാവാക്യയുടെ തലസ്ഥാനമാണല്ലോ.

പശ്ചിജർമനിയിലെ പ്രധാനപ്പെട്ട ഒരു പട്ടണമായ ഡോർട്ട്‌മുണ്ടിലാണ്‌ അശോകന്റെ പുത്രവധുവിന്റെ വീട്‌. അശോകന്റെ സന്ദർശനം അവിടേക്കുകൂടിയാകുക എന്നത്‌ സ്വാഭാവികം മാത്രം. ലോകപ്രശസ്‌തമായ ഫുട്ട്‌ബോൾ ക്ലബും മ്യൂസിയവും സ്ഥിതിചെയ്യുന്ന പട്ടണം കൂടിയാണിത്‌. അശോകൻ പറയുന്നു: ‘‘ഫുട്ട്‌ബോളിന്റെ മാത്രമല്ല കലയുടെയും സംഗീതത്തിന്റെയും നഗരമാണ്‌ ഡോർട്ട്‌മുണ്ട്‌. ലോകയുദ്ധങ്ങളുടെയും നാസി ഭീകരതയുടെയും ഏറെ മുറിവുകളേറ്റ നഗരമെന്നും പറയാം….’’

നഗരത്തിൽ തന്നെയാണ്‌ നാദിയയുടെ വീട്‌. വീടിനു ചുറ്റും വിസ്‌തൃതമായ വയലുകളുള്ള കാര്യം അനുസ്‌മരിക്കുന്ന അശോകൻ വയലുകളും കാടുകളും നഗരത്തോട്‌ ചേർന്നുകിടക്കുന്നതും ജർമനിയുടെ സൗഭാഗ്യമാണെന്ന്‌ ചൂണ്ടിക്കാട്ടുന്നു.

നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച അശോകൻ ബാൾട്ടിക്‌ കടലിന്റെ തീരങ്ങളിലും ശാന്തി തേടിയെത്തുന്നുണ്ട്‌. കടലിനെ ശാന്തതയോടെ വീക്ഷിക്കുന്ന അദ്ദേഹം കടൽത്തീരത്തെത്തുന്ന നിരവധിപേരെയും കൗതുകത്തോടെ വീക്ഷിക്കുന്നു. അതിലൂടെ തന്റെ ജീവിതദർശനങ്ങൾക്ക്‌ മിഴിവു വർധിപ്പിക്കുന്നു.

ജർമനിയിലെ ഏറെ സ്ഥലങ്ങളിൽ യാത്രചെയ്‌ത അദ്ദേഹം ഹിറ്റ്‌ലറുടെ കൊടും ക്രൂരതയ്‌ക്ക്‌ ഇരയായി വംശഹത്യക്കിരയായ ജൂതരെ അനുതാപത്തോടെ അനുസ്‌മരിക്കുന്നു; ഫാസിസത്തിന്റെ പിടിയിലകപ്പെട്ട ഒരു ജനത അനുഭവിക്കേണ്ടിവരുന്ന പീഡകൾ എത്ര ഭയാനകമാണെന്ന്‌ ഓർമിപ്പിക്കുന്നു; സമകാലിക ഇന്ത്യൻ സാഹചര്യം എത്രമാത്രം ആശങ്കകൾ നിറഞ്ഞതാണെന്ന്‌ വായനക്കാരെ അദ്ദേഹം ഓർമിപ്പിക്കുന്നു.

ഈ പുസ്‌തകത്തിന്റെ രണ്ടാംഭാഗത്ത്‌ ശ്രീലങ്കൻ സന്ദർശനത്തിന്റെ ഓർമകളാണ്‌ അശോകൻ വരച്ചിടുന്നതെന്ന്‌ ആദ്യമേ സൂചിപ്പിച്ചുവല്ലോ. ശിവഗിരി മഠത്തിലെ സന്ന്യാസിമാരോടൊത്താണ്‌ അദ്ദേഹം ശ്രീലങ്ക സന്ദർശിച്ചത്‌. അന്നത്തെ ശിവഗിരിമഠം ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികളുടെ നേതൃത്വത്തിലുള്ള സംഘാംഗമായാണ്‌ അദ്ദേഹം ശ്രീലങ്കയ്‌ക്ക്‌ പോയത്‌.

ശ്രീനാരായണ ഗുരുവിന്റെയും എ കെ ജിയുടെയും സിലോൺ (പഴയ ശ്രീലങ്ക) യാത്രകൾ അശോകൻ അനുസ്‌മരിക്കുന്നുണ്ട്‌. ബുദ്ധക്ഷേത്രവും സന്ന്യാസിമാരെയുമെല്ലാം സന്ദർശിച്ചതിന്റെ അനുഭവങ്ങൾ അശോകന്റെ വിവരങ്ങളിൽ കടന്നുവരുന്നുണ്ട്‌.

സിലോൺ ഒരുകാലത്ത്‌ മലയാളികളുടെ പ്രവാസകേന്ദ്രമായിരുന്നു. സിലോണിൽ ഒന്നുമില്ലാതെ പോയി ജോലിചെയ്‌തും ബിസിനസ്സും വ്യവസായവും ചെയ്‌തും പണമുണ്ടാക്കി ജീവിതം കരുപ്പിടിപ്പിച്ചവർ നിരവധിയാണ്‌. അശോകന്റെ പിതാവും കുറേക്കാലം സിലോണിലുണ്ടായിരുന്നു. ദീർഘകാലം സിലോണിൽ താമസിച്ച അച്ഛമ്മ പറഞ്ഞുകൊടുത്ത സിലോൺ സൗഭാഗ്യങ്ങളുടെ ഓർമകൾ അശോകനിലും നൊസ്റ്റാൾജിയയായി രൂപപ്പെട്ടിട്ടുണ്ട്‌.

അശോകൻ അടയാളപ്പെടുത്തുന്നത്‌ ശ്രദ്ധിക്കുക: ‘‘പ്രധാനമായും മധ്യകേരളത്തിൽ നിന്നുള്ളവരാണ്‌ സിലോൺ പ്രവാസത്തിൽ പങ്കാളികളായത്‌, പെരിയാറിനും ഭാരതപ്പുഴയ്‌ക്കും ഇടയ്‌ക്കുള്ള ദേശങ്ങളിൽനിന്ന്‌. കാനോലിക്കനാലിന്റെ ഇരുകരകളിലുമുള്ള ഗ്രാമങ്ങളിലെ വീടുകളിൽ ആരോഗ്യമുള്ള ഒരു യുവാവുണ്ടെങ്കിൽ അദ്ദേഹം അന്ന്‌ കൊളംബിലേക്കു പോയിരിക്കും. പഴയ ബ്രിട്ടീഷ്‌ മലബാറിന്റെ ഭാഗമായ നാട്ടിക മണപ്പുറത്ത്‌ മനുഷ്യജീവിതം അൽപമെങ്കിലും മെച്ചപ്പെട്ടത്‌ കൊളംബിൽ നിന്നുള്ള വരവുകൊണ്ടാണ്‌’’.

രണ്ടു ലോകയുദ്ധങ്ങൾ തകർത്ത ജനജീവിതത്തിന്റെ കെടുതികളെ ഒരു പരിധിവരെ മധ്യകേരളത്തിലെ മലയാളികൾ മറികടന്നത്‌ സിലോൺ പ്രവാസത്തിലൂടെയാണ്‌. സാംസ്‌കാരികമായ കൊടുക്കൽവാങ്ങലുകളും ഈ പ്രവാസത്തിലൂടെയുണ്ടായിട്ടുണ്ട്‌. അക്കാര്യം അശോകൻ അനുസ്‌മരിക്കുന്നതിങ്ങനെയാണ്‌: ‘‘മധ്യകേരളത്തിലെ സാമാന്യജീവിതത്തിലേക്ക്‌ കലയും സംസ്‌കാരവും വന്നത്‌ സിലോൺ മലയാളികളിലൂടെയാണ്‌. വായനശാലകളും സ്‌കൂളുകളും കലാസമിതികളും അവർ പണമയച്ച്‌ കെട്ടിപ്പൊക്കി. ദേശീയപ്രസ്ഥാനത്തിനും പിന്നീടുണ്ടായ തൊഴിലാളി മുന്നേറ്റത്തിനും അവർ കാരണമായിട്ടുണ്ട്‌. ആദ്യഘട്ടത്തിൽ തോട്ടം മേഖലകളിലേക്കാണ്‌ മലയാളികൾ പോയത്‌. സിലോൺ അതിശീഘ്രം വ്യവസായവൽക്കരിക്കപ്പെട്ടപ്പോൾ വിദ്യാസന്പന്നരുടെയും വിദഗ്‌ധ തൊഴിലാളികളുടെയും ഒഴുക്കുണ്ടായി. ഹോട്ടൽ തുടങ്ങിയ കച്ചവടങ്ങളിൽ മലയാളികൾ മുന്നിൽനിന്നു. സാന്നിധ്യംകൊണ്ട്‌ മലയാളികൾ നഗരം പിടിച്ചടക്കിയപ്പോൾ വൈദ്യന്മാരും ജ്യോതിഷികളും മന്ത്രവാദികളും പിറകെയെത്തി…’’

സിലോണിൽ മണ്ണിന്റെ മക്കൾ വാദം ശക്തിപ്പെടുകയും വംശീയവിദ്വേഷം തീവ്രമാവുകയും ചെയ്‌തതോടെ മലയാളികളിൽ മഹാഭൂരിപക്ഷത്തിനും തങ്ങളുടെ സന്പാദ്യങ്ങളുൾപ്പെടെ അവിടെ ഉപേക്ഷിച്ചിട്ട്‌ മടങ്ങേണ്ടിവന്നു. അതിൽ അശോകന്റെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധിപ്പേർ ഉണ്ട്‌. ശ്രീലങ്കൻ പ്രവാസത്തിന്റെ മധുരസ്‌മരണകൾ അയവിറക്കിക്കഴിയുന്നവർ അപൂർവമായായാലും ഇന്നും കേരളക്കരയിലുണ്ടെന്ന കാര്യം അശോകൻ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

ബ്രിട്ടനിലൂടെയുള്ള തന്റെ യാത്രകളുടെ സ്‌മരണയാണ്‌ ‘മേപ്പിൾ മരങ്ങൾ സാക്ഷി’ എന്ന മൂന്നാംഭാഗത്ത്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ലണ്ടനിൽ താമസിച്ച്‌ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച അദ്ദേഹം നഗരത്തിന്റെ വിവിധ പ്രദേശങ്ങളുടെയും മനോഹാരിത ഭംഗിയായി അവതരിപ്പിക്കുന്നു. അവിടെ കണ്ട മനോഹരമായ വൃക്ഷമാണ്‌ മേപ്പിൾ.

കോമൺവെൽത്ത്‌ രാജ്യങ്ങളിലെ പിഎസ്‌സി മെന്പർമാർക്കുള്ള പ്രൊഫഷണൽ ഡെവലപ്‌മെന്റ്‌ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാനാണ്‌ 2014ൽ അശോകനും എം കെ സക്കീറും വി എസ്‌ ഹരീന്ദ്രനാഥും ഉൾപ്പെട്ട പിഎസ്‌സി അംഗങ്ങൾ ലണ്ടനിലെത്തിയത്‌.

ലണ്ടൻ ജീവിതം പൊതുവെ ശാന്തമാണെന്ന്‌ അദ്ദേഹം പറയുന്നു പക്ഷേ ജീവിതച്ചെലവുകൾ ഭീമമാണ്‌. ഡബ്ലിൻ നഗരത്തിൽവെച്ച്‌ അവിടത്തെ മലയാളി സുഹൃത്തുക്കൾക്കൊപ്പം ഇന്ത്യൻ റസ്റ്റോറന്റിൽനിന്ന്‌ അശോകൻ മടങ്ങവെ, ഉണ്ടായ ദുരനുഭവം പറയുന്നുണ്ട്‌. ‘‘ഒരു മദ്യശാലയ്‌ക്ക്‌ മുന്നിൽവച്ച്‌ ഉയരമുള്ള ഒരു വെള്ള വൃദ്ധൻ ഞങ്ങൾക്കു നേരെ അതിശക്തമായി അലറി…’’

വംശവിദ്വേഷമാണ്‌ അതിൽ പ്രതിഫലിക്കുന്നതെന്ന്‌ അവിടത്തെ മലയാളി സുഹൃത്തുക്കൾ അശോകനോടു പറഞ്ഞു. എന്നാൽ അയർലണ്ടിൽ അത്തരം കുഴപ്പങ്ങളില്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

സഞ്ചാരാസാഹിത്യത്തിൽ താൽപര്യമുള്ളവരെ മാത്രമല്ല ഏതൊരു ശരാശരി വായനക്കാരനെയും സംതൃപ്‌തിപ്പെടുത്തുന്നതാണ്‌ അശോകന്റെ ഈ പുസ്‌തകം.

ജർമൻ ദിനങ്ങൾ
അശോകൻ ചരുവിൽ
പ്രസാ: ചിന്ത പബ്ലിഷേഴ്‌സ്‌
വില: 290 രൂപ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + three =

Most Popular