പൊതു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടുകൂടി ഫ്രാൻസിലെ രാഷ്ട്രീയ രംഗമാകെ അനിശ്ചിതത്വത്തിലാണ്. അതേസമയം ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ വിഭാഗത്തിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ ഉറച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷ പുരോഗമനസഖ്യം ആയ ന്യൂ പോപ്പുലർ ഫ്രണ്ടിന് (എൻഎഫ്പി) കേവല ഭൂരിപക്ഷം ഇല്ലെങ്കിലും മുൻതൂക്കം ലഭിച്ചിരിക്കുന്നു. 577 പാർലമെൻറ് മണ്ഡലങ്ങളുള്ള ഫ്രാൻസിൽ കേവലം ഭൂരിപക്ഷം 289 ആണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടുകൂടി 182 സീറ്റോടുകൂടി പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ന്യൂ പോപ്പുലർ ഫ്രണ്ട് ഉയർന്നു വന്നിരിക്കുന്നു. പ്രസിഡന്റായ ഇമ്മാനുവൽ മക്രോണിന്റെ ലിബറൽ പാർട്ടിക്ക് 168 സീറ്റും തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിക്ക് 143 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. ആർക്കുംതന്നെ കേവല ഭൂരിപക്ഷം ഇല്ലെങ്കിലും മക്രോൺ ഗവൺമെന്റിന്റെ ഭരണകാലത്ത് രാജ്യത്ത് നടപ്പാക്കിയ തികച്ചും ജനവിരുദ്ധമായ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണവും ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ബദൽ രാഷ്ട്രീയ പ്രസ്ഥാനത്തിനുവേണ്ടിയുള്ള ജനങ്ങളുടെ അന്വേഷണത്തിന്റെയും ആകെതുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്നു വ്യക്തമാണ്.
അതിവേഗ സ്വകാര്യവത്കരണവും തൊഴിലാളിവിരുദ്ധ നയങ്ങളും നടപ്പാക്കിക്കൊണ്ട് മുന്നോട്ടുപോയ മക്രോണിന്റെ നവലിബറൽ ഗവൺമെന്റിനെതിരായി രാജ്യത്ത് വിവിധ വിഭാഗം ജനങ്ങളിൽനിന്നും കഴിഞ്ഞ ഭരണകാലയളവിലുണ്ടായ നിരന്തര സമരങ്ങളുടെയും പണിമുടക്കുകളുടെയും ഒക്കെ അന്തിമഫലമായി വേണം ഈ തിരഞ്ഞെടുപ്പിനെ കാണുവാൻ. മാക്രോണിന്റെ പെൻഷൻ പരിഷ്കരണത്തിനെതിരെ രാജ്യത്താകെ നിരന്തരമായി നടന്ന സമരം വലിയൊരു തോതിൽ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുന്നതിനിടയായിട്ടുണ്ട് ത്വരിതഗതിയിൽ നവലിബറൽ നയങ്ങൾ നടപ്പാക്കികൊണ്ടിരുന്ന ഗവൺമെന്റിനെതിരായി കൃത്യമായ ബദൽ പ്രകടനപത്രികയും അവതരിപ്പിച്ചു കൊണ്ടാണ് ജീൻ ലൂക്ക് മെലൻഷോണിന്റെ ഫ്രാൻസ് ആൻബൗഡ് (France Unbowed) പാർട്ടിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ന്യൂ പോപ്പുലർ ഫ്രണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം ലഭിച്ചാൽ രാജ്യത്തെ പൊതുമേഖലയെ ശക്തിപ്പെടുത്തുമെന്നും ജീവിത ചെലവ് പ്രതിസന്ധിക്ക് കൃത്യമായ പരിഹാരം കാണുമെന്നും എൻഎഫ്പി ഉറപ്പുനൽകി. മിനിമം ശമ്പളം 1400 യൂറോയിൽ നിന്നും 1600 യൂറോ ആക്കി വർദ്ധിപ്പിക്കുമെന്നും അടിയന്തരമായി വിലക്കയറ്റം നിയന്ത്രിക്കുമെന്നും എൻപിഎഫിന്റെ പ്രകടനപത്രികയിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഈ പ്രകടനപത്രിയിൽ ജനങ്ങളെ ആകർഷിച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം എൻഎഫ്പി അധികാരത്തിൽ വന്നാൽ പെൻഷൻ പ്രായത്തിൽ വർദ്ധനവ് വരുത്തിക്കൊണ്ട് മക്രോൺ ഗവൺമെന്റ് വരുത്തിയ പരിഷ്കാരം റദ്ദ് ചെയ്യുമെന്നുള്ളതായിരുന്നു.
കൃത്യമായ ജനപക്ഷ ആശയങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ഈ പുത്തൻ ജനകീയമുന്നണി, എൻഎഫ്പി, തീവ്ര വലതുപക്ഷ പ്രസ്ഥാനമായ നവ ഫാസിസ്റ്റുകളുടെ നാഷണൽ റാലി പാർട്ടി അധികാരത്തിൽ വരാതിരിക്കുവാൻ ശ്രദ്ധേയമായ ചില ചൂവടുവെപ്പുകൾ നടത്തുകയും ചെയ്തു. നാഷണൽ റാലിക്ക് മുന്നേറ്റം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ട ചില മണ്ഡലങ്ങളിലെ ത്രികോണ മത്സരം ഒഴിവാക്കിക്കൊണ്ട് പോപ്പുലർ ഫ്രണ്ട് അവിടങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിക്കുകയുണ്ടായി. വംശീയവിദ്വേഷവും വെറുപ്പും ആയുധമാക്കുന്ന മരിയ ലെ പെനിന്റെ നാഷണൽ റാലി അധികാരത്തിൽ വന്നാൽ അത് രാജ്യത്തെയാകെ താറുമാറാകുമെന്ന കൃത്യമായ ധാരണ എൻപിഎഫിന് ഉണ്ടായിരുന്നു.
കേവല ഭൂരിപക്ഷത്തിൽ എത്താൻ സാധിച്ചില്ലെങ്കിലും നവലിബറല്‍ നയങ്ങൾ അതിവേഗത്തിൽ നടപ്പിലാക്കുന്ന മക്രോൺ വിഭാഗത്തെയും തീവ്രവലതുപക്ഷ ഫാസിസ്റ്റ് സംഘടനയായ നാഷണൽ റാലിയെയും പിന്നിലാക്കിക്കൊണ്ട് ന്യൂ പോപ്പുലർ ഫ്രണ്ട് കൈവരിച്ച ഈ മുന്നേറ്റം ഏറെ സുപ്രധാനമാണ്. അതേസമയം തിരഞ്ഞെടുപ്പിൽ ആരും തന്നെ വിജയിച്ചിട്ടില്ല എന്ന നിലപാടാണ് മാക്രോൺ സ്വീകരിച്ചിരിക്കുന്നത്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തെ, അതിൻറെ മുന്നേറ്റത്തെ അംഗീകരിക്കുവാൻ ഒരിക്കലും മക്രോണ് തയ്യാറല്ല. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ എൻഎഫ്പിക്ക് ഗവൺമെൻറ് രൂപീകരിക്കുവാൻ വേണ്ട നടപടികൾ പതുക്കെ ആക്കികൊണ്ട് എൻഎഫ്പിക്ക് ഉള്ളിൽ തന്നെ വിള്ളൽ ഉണ്ടാക്കി തന്റെ പാർട്ടിക്ക് ഭൂരിപക്ഷം നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ് മാക്രോൺ. പുതിയ ഗവൺമെൻറ് രൂപീകരിക്കുന്നതിനുവേണ്ടി രാജിവയ്ക്കുവാൻ ഒരുങ്ങിയ നിലവിലെ പ്രധാനമന്ത്രി ഗബ്രിയേൽ അട്ടലിനെ മാക്രോൺ സമയമായിട്ടില്ല എന്ന് പറഞ്ഞ് തടഞ്ഞു. അതേസമയം എൻഎഫ്പി എന്ന മുന്നണി രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്ത മെലൻഷോണിന്റെ ഫ്രാൻസ് ആൻബൗഡ് പാർട്ടിയിൽനിന്നും നിർദ്ദേശിച്ച പ്രധാനമന്ത്രി സ്ഥാനാർത്ഥി ഹ്യുജെറ്റോ ബെല്ലോയെ മുന്നണിയിൽ അംഗമായ സോഷ്യലിസ്റ്റ് പാർട്ടി തിരസ്കരിച്ചു. എൻ എഫ് പി യിലെ 4 കക്ഷികളിൽ മറ്റു മൂന്നു കക്ഷികളും ബെല്ലോയെ അംഗീകരിക്കുമ്പോൾ സോഷ്യലിസ്റ്റ് പാർട്ടി അതിനു തയ്യാറാവാതിരിക്കുന്നത് മുന്നണിയിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. സോഷ്യലിസ്റ്റ് പാർട്ടിയെ തങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുവരുന്നതിന് പണം വഴിയും മറ്റു കുതന്ത്രങ്ങൾ വഴിയുമുള്ള ശ്രമത്തിലാണ് മാക്രോൺ എന്നും കരുതപ്പെടുന്നു. അത്തരത്തിൽ ജനവിധിയെ അട്ടിമറിക്കുവാനുള്ള പതിനെട്ടടവും പയറ്റുകയാണ് മക്രോൺ. എന്തുതന്നെയായാലും അത്രമേൽ പ്രതിലോമകരമായ സാഹചര്യത്തിൽ, അധികാരത്തിലിരുന്ന ലിബറൽ പ്രസ്ഥാനത്തെയും രാജ്യത്താകെ വെറുപ്പ് പടർത്തുന്ന നവ ഫാസിസ്റ്റ് പ്രസ്ഥാനത്തെയും പിന്നിലാക്കിക്കൊണ്ട് ഇടതുപക്ഷ പുരോഗമന കൂട്ടായ്മയായ ന്യൂ പോപ്പുലർ ഫ്രണ്ട് നേടിയ ഈ മുന്നേറ്റം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പടർത്തുന്ന, നവലിബറല ആശയങ്ങൾ അതിവേഗം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. ബ്രിട്ടനിൽ ലേബർ പാർട്ടിയും ഇറാനിൽ മസൂദിന്റെ പരിഷ്കരണ പ്രസ്ഥാനവും നേടിയ വിജയത്തിന് പിന്നാലെ ഫ്രാൻസിലെ പുത്തൻ ജനകീയ മുന്നണിയുടെ വിജയവും ആഗോള സാമ്രാജ്യത്വത്തിനും തീവ്ര വലതുപക്ഷത്തിനുമേറ്റ കടുത്ത തിരിച്ചടിയുമാണ്. ♦