Friday, October 18, 2024

ad

Homeരാജ്യങ്ങളിലൂടെബ്രിട്ടനിൽ ലേബർ പാർട്ടിക്ക് മുന്നേറ്റം

ബ്രിട്ടനിൽ ലേബർ പാർട്ടിക്ക് മുന്നേറ്റം

ടിനു ജോർജ്‌

ബ്രിട്ടനിൽ ജൂലൈ 4ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി ലേബർ പാർട്ടി അധികാരത്തിൽ വന്നിരിക്കുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ 209 സീറ്റുകൾമാത്രം ലഭിച്ച ലേബർ പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ 412 സീറ്റ് ലഭിച്ചു. അതേസമയം ഏതാണ്ട് 15 വർഷത്തോളമായി അധികാരത്തിലിരുന്ന ടോറികൾക്ക് (കൺസർവേറ്റീവുകൾ) തിരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 121 സീറ്റാണ്. ലിബറൽ ഡെമോക്രാറ്റുകൾക്ക്‌ 70 സീറ്റും ഗ്രീൻ പാർട്ടിക്കും നിജൽ ഫാറഷിന്റെ റിഫോം യുകെയ്ക്കും നാല് സീറ്റുകൾ വീതവും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 37 സീറ്റ് ഉണ്ടായിരുന്ന എസ്‌എൻപി പാർട്ടിക്ക് ഇത്തവണ 9 സീറ്റിൽ ഒതുങ്ങേണ്ടിവന്നു.

ലേബർ പാർട്ടി നേടിയെടുത്ത മുന്നേറ്റം എന്ന് കാണുന്നതിനേക്കാൾ കൂടുതൽ ബ്രിട്ടനിലെ ഈ തിരഞ്ഞെടുപ്പു ഫലത്തെ കഴിഞ്ഞ ഒന്നര ദശാബ്ദകാലമായി കാൻസർവേറ്റീവുകൾ സ്വീകരിച്ചുപോന്ന ജനവിരുദ്ധ നയസമീപനങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്ക് കാണുന്നതാവും കൂടുതൽ ശരി. 15 വർഷക്കാലം അധികാരത്തിലിരുന്ന ടോറി ഗവൺമെന്റുകൾ രാജ്യത്തിന്റെ ജനക്ഷേമകരമായ എല്ലാ പദ്ധതികളെയും തകർത്തു തരിപ്പണമാക്കി. ഒരുകാലത്ത് സമ്പുഷ്ടമായിരുന്ന ബ്രിട്ടനിലെ സാമൂഹ്യ സുരക്ഷാ ശൃംഖല പൂർണമായി നശിപ്പിച്ചു; തൊഴിലാളികൾക്ക് പണിമുടക്കുന്നതിനുള്ള അവകാശം നിഷേധിച്ചു; ദേശീയ ആരോഗ്യ സംവിധാനത്തിനുമേൽ ടോറി ഗവൺമെന്റ്‌ നടത്തിയ കടന്നുകയറ്റം രാജ്യത്ത് അത്യന്തം മാരകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്; ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പൗരരുടെ അടിസ്ഥാനാവശ്യങ്ങളിൽനിന്നും ഗവൺമെന്റ്‌ പടിപടിയായി പിൻവാങ്ങിക്കൊണ്ടിരുന്നു; അഭയാർത്ഥികൾക്കെതിരായ നയങ്ങൾ കൈക്കൊണ്ട ഋഷി സുനകിന്റെ ഗവൺമെന്റ്‌ അഭയാർത്ഥികളെ റുവാണ്ടയിലെ ഡിറ്റൻഷൻ സെന്ററിലേക്ക് നാടുകടത്തി; രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ ജീവിത ചെലവ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന്, വർദ്ധിച്ചുവരുന്ന ജീവിതചെലവ്‌ നിയന്ത്രിക്കുന്നതിനു വേണ്ട നയങ്ങൾ സ്വീകരിക്കുന്നതിൽ ടോറി ഗവൺമെന്റ്‌ പൂർണ്ണ പരാജയമായി; അടുത്തിറങ്ങിയ ഒരു റിപ്പോർട്ടിൽ പറയുന്നത് പോഷകപ്രദമായ ആഹാരത്തിന്റെ കുറവ് ബ്രിട്ടനിലെ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു എന്നും അവർ ഉയരം കുറഞ്ഞവർ ആവുകയും പോഷകാഹാരക്കുറവ് മൂലമുള്ള നിരന്തര രോഗങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നു എന്നുമാണ്. ഇതെല്ലാം കൺസർവേറ്റീവുകളുടെ ജനവിരുദ്ധ സമീപനത്തിന്റെ ഭാഗമാണെന്ന് ജനങ്ങൾ വിലയിരുത്തി. എല്ലാത്തിനുമൊടുവിൽ രാജ്യത്ത് ജനങ്ങളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് കൺസർവേറ്റീവ് പാർട്ടി ബ്രെക്സിറ്റ് നടപ്പാക്കി. ഇത്തരത്തിൽ കഴിഞ്ഞ 15 വർഷക്കാലം രാജ്യത്ത് നടപ്പാക്കി വന്ന ഓരോ നയസമീപനത്തിലും തങ്ങൾ സാധാരണക്കാരായ ഭൂരിപക്ഷ ജനതയുടെ താൽപര്യത്തിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നവരാണ് എന്ന് ടോറികൾ കാണിച്ചുകൊടുക്കുകയായിരുന്നു. തീവ്ര വലതുപക്ഷ പാത സ്വീകരിച്ച ടോറി ഗവൺമെന്റിനോടുള്ള ജനങ്ങളുടെ ശക്തമായ എതിർപ്പുതന്നെയാണ് ലേബർ പാർട്ടിയുടെ മുന്നേറ്റത്തിന് വഴിതെളിച്ചത്.

ബ്രിട്ടീഷ് പാർലമെന്റിൽ ആകെ 650 സീറ്റാണ് ഉള്ളത്. അതിൽ 412 എന്ന് പറയുമ്പോൾതന്നെ അത് ലേബർ പാർട്ടിയുടെ വൻ വിജയമായി കണക്കാക്കാം. എന്നാൽ അതിനേക്കാളുപരി ലേബർ പാർട്ടിയുടെ ഈ വിജയത്തെ മുകളിൽ സൂചിപ്പിച്ച കൺസർവേറ്റീവുകളുടെ നയങ്ങളോടുള്ള ജനങ്ങളുടെ എതിർപ്പിന്റെയും ഒരു ബദൽ അന്വേഷണത്തിന്റെയും ഭാഗമായി കാണുന്നതാണ് കൂടുതൽ ശരി. തീവ്ര മുതലാളിത്ത സമീപനം കൈക്കെൊണ്ട ടോറികളുടെ അത്രത്തോളം പോയില്ലെങ്കിലും തങ്ങളെ നയിക്കുന്ന ഇടതുപക്ഷ ആശയങ്ങളെ കൈവിട്ടുകൊണ്ട് ലേബർ പാർട്ടി കുറേ വർഷമായിവലതുപക്ഷ സമീപനങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, ഇക്കഴിഞ്ഞ ഒന്നര ദശാബ്ദകാലം ടോറികൾ രാജ്യത്തെ ആരോഗ്യ സുരക്ഷാ സംവിധാനത്തിന്മേൽ വലിയ രീതിയിലുള്ള ചെലവുചുരുക്കലും വെട്ടിക്കുറയ്ക്കലുകളും വരുത്തിയിട്ടും ലേബർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പത്രികയിൽ ദേശീയ ആരോഗ്യ സംവിധാനത്തെ ഗവൺമെന്റിനുകീഴിൽ തന്നെ നിർത്തുവാനുള്ള കൂട്ടായ ശ്രമം നടത്തുമെന്ന് പറഞ്ഞിട്ടില്ല. അതിനുപകരം ആരോഗ്യ സുരക്ഷാ സംവിധാനത്തിൽ സ്വകാര്യമേഖലയ്ക്ക് ഒരു പങ്കുണ്ടെന്നും, ആരോഗ്യ സുരക്ഷാ സ്ഥാപനങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് കഴിയുമെന്നുമുള്ള സമീപനമാണ് സ്വീകരിച്ചത്. ബിസിനസ് അനുകൂലവും സ്വകാര്യമേഖലാ അനുകൂലവുമായ ആശയങ്ങൾ സ്വീകരിച്ചതുകൊണ്ടുതന്നെ കൺസർവേറ്റീവുകളുടെ ഭരണത്തിൽ അസംതൃപ്തരായ പരമ്പരാഗത കൺസർവേറ്റീവ് വോട്ടർമാരുടെ പിന്തുണ നേടുന്നതിൽ ലേബർ പാർട്ടി വിജയിച്ചു. അതേസമയംതന്നെ തൊഴിലാളികളും കുടിയേറ്റ വിഭാഗങ്ങളും ഉൾപ്പെടുന്ന ലേബർ പാർട്ടിയുടെ പരമ്പരാഗത വോട്ടർമാർ ആ പാർട്ടിയിൽ നിന്നും അകലുകയും ചെയ്തു. ഏറ്റവും കൂടുതൽ ജനങ്ങളെ അസംതൃപ്തരാക്കിയത് പലസ്തീനിലെ ഇസ്രായേൽ കടന്നാക്രമണത്തിന്റെ കാര്യത്തിൽ ലേബർ പാർട്ടി കൈക്കൊണ്ട നിശബ്ദ – നിഷ്പക്ഷ സമീപനമായിരുന്നു. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ആഹ്വാനങ്ങളൊന്നും തന്നെ ലേബർ പാർട്ടി നടത്തിയിരുന്നില്ല.

സമാധാനവും ഐക്യദാർഢ്യവുമൊക്കെ മുന്നോട്ടുവച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട സ്ഥാനാർത്ഥികളെ ലേബർ പാർട്ടി പൂർണ്ണമായി അവഗണിച്ചു. ഒരുകാലത്ത് ലേബർ പാർട്ടിയുടെ ശക്തനായ നേതാവും 40 വർഷക്കാലം ലേബർ പാർട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്ന ജെറമി കോർബിൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. ഇസ്ലിങ്കൻ നോർത്ത് മണ്ഡലത്തിൽനിന്നും മത്സരിച്ച അദ്ദേഹം എതിരാളിയായ ലേബർ പാർട്ടി സ്ഥാനാർത്ഥി പ്രഫുൽ നർഗുണ്ടിനെക്കാൾ 7000ത്തിനു മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വമ്പിച്ച ജനപിന്തുണയിൽ വിജയിച്ച കോർബിൻ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം നടത്തിയ പ്രതികരണം “തിരിച്ചടികളില്ലാതെ അഭിപ്രായവ്യത്യാസത്തെ അടിച്ചമർത്താൻ ആകില്ല എന്ന താക്കീതാണ് ഈ ഫലം അധികാരത്തിലെറാൻ പോകുന്ന ഗവൺമെന്റിന് നൽകുന്നത്’ എന്നായിരുന്നു. “സമത്വത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആദർശങ്ങൾ അനശ്വരമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

വലതുപക്ഷ ആശയങ്ങളോട് ചെറുതായെങ്കിലും സന്ധിചെയ്യുകയും അവയെ പുണരുകയും ചെയ്തിട്ടുള്ള ലേബർ പാർട്ടി മുന്നോട്ടുവച്ച തിരഞ്ഞെടുപ്പ് പ്രകടനപത്രിക ബ്രിട്ടനിലെ ജനത ഇന്നു നേരിടുന്ന ദുരവസ്ഥയെ മാറ്റിമറിക്കാൻ ഉതകുന്നതല്ല. എന്നിരുന്നാലും ജെറമി കോർബിനെ പോലെയുള്ളവരുടെ സാന്നിധ്യം ശുഭപ്രതീക്ഷ നൽകുന്ന ഒന്നാണ്. അതോടൊപ്പം തീവ്ര വലതുപക്ഷ ആശയങ്ങൾ കൈക്കൊണ്ട കൺസർവേറ്റീവുകളുടെ കാലങ്ങളായ ജനവിരുദ്ധ ഭരണത്തിന് ബദൽ തേടിയ ജനത നൽകിയതാണ് ഈ വിജയം എന്ന തിരിച്ചറിവ് ലേബർ പാർട്ടിക്ക് ഉണ്ടാവുകയും അതിനനുസൃതമായ ജനപക്ഷ നയസമീപനങ്ങൾ കൈക്കൊള്ളുകയും വേണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + eleven =

Most Popular