Sunday, September 8, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്മാർക്സിന്റെ സെയിസ് (Say`s Law) വിമർശനം

മാർക്സിന്റെ സെയിസ് (Say`s Law) വിമർശനം

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 48

മുതലാളിത്ത ഉല്പാദന സമ്പ്രദായത്തെ വിശകലനം ചെയ്ത , ക്ലാസ്സിക്കൽ അർത്ഥശാസ്ത്രത്തിന്റെ അടിയുറച്ച വിശ്വാസം ഉല്പാദിക്കപ്പെടുന്ന ചരക്കുകളെല്ലാം സ്വാഭാവികമായും വിറ്റഴിക്കപ്പെടുമെന്നായിരുന്നു. ഈ വിശ്വാസത്തെയാണ് സെയിസ്‌ നിയമം (say’s law) സമർത്ഥിച്ചത്. കമ്പോളം നിയന്ത്രിക്കുന്ന ഒരു ഉല്പാദന വ്യവസ്ഥയിൽ അമിതോല്പാദനം എന്നൊരു പ്രതിഭാസം ഉണ്ടാവുകയില്ല എന്നും ഒരു ചരക്കിന്റെ ഉല്പാദനം മറ്റൊരു ചരക്കിന്റെ ആവശ്യകത സൃഷ്ടിക്കുമെന്നും അത് സ്വാഭാവികമായും കൈമാറ്റം ചെയ്യപ്പെടുമെന്നും സെയിസ്‌ നിയമം അനുശാസിക്കുന്നു. ഉത്പാദനമാണ് ഡിമാന്റിന്റെ സ്രഷ്ടാവ് എന്നത് ഈ നിയമത്തിന്റെ അടിസ്ഥാന പ്രമാണമാണ്. ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞനും ബിസിനസ്സുകാരനായ ജീൻ ബാപ്റ്റിസ്റ്റ് സെ ആണ് ഈ ആശയത്തെ രൂപപ്പെടുത്തിയത്. 1803ൽ പുറത്തിറക്കിയ A Treatise on Political Economy എന്ന പുസ്തകത്തിലാണ് സെ ഈ ആശയം മുന്നോട്ടുവെച്ചത്. സാമ്പത്തിക പ്രവർത്തനങ്ങളിൽ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങൾ ആവശ്യമില്ല എന്ന സ്വതന്ത്ര വ്യാപാര സിദ്ധാന്തത്തിന്റെ അടിസ്ഥാനമായി സെ നിയമം മാറി. അമിതോല്പാദനം അസാധ്യമാണെന്നായിരുന്നു സെ നിയമം അടിവരയിട്ടു പറഞ്ഞത്. കാരണം ഒരുല്പന്നം നിർമിക്കപ്പെടുന്ന വേളയിൽ തന്നെ അത് പൂർണമായും വാങ്ങാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടും.

ഇത് ലളിതമായി വിശദീകരിക്കാം. 100 രൂപ വിലയുള്ള ഒരു ചരക്ക് ഉല്പാദിക്കപ്പെടുന്നു എന്ന് വിചാരിക്കുക. ചരക്കിന്റെ വിലയ്ക്ക് സമാനമായ കൂലി ഇതോടൊപ്പം വിതരണം ചെയ്യപ്പെടും എന്ന് സെ പറഞ്ഞു. ഈ പണം ഉപയോഗിച്ച് ഈ ചരക്ക് മുഴുവനും ഉപഭോക്താക്കൾ വാങ്ങും. അങ്ങനെ, ഉണ്ടാക്കുന്നത് മുഴുവനും വിറ്റഴിക്കപ്പെടും. എത്രത്തോളം കൂടുതൽ ഉല്പാദിപ്പിച്ചാലും അത് മുഴുവനും ഇത്തരത്തിൽ വിറ്റഴിക്കപ്പെടും. സമ്പദ്‌വ്യവസ്ഥ സുഗമമായി മുന്നോട്ടു പോകും. എന്നാൽ കാര്യങ്ങൾ പോയത് ഈ വഴിക്കായിരുന്നില്ല. മുതലാളിത്തലോകം തുടർച്ചയായ ഉല്പാദനകുഴപ്പങ്ങളിലും അമിതോല്പാദനത്തിലും ചെന്നകപ്പെട്ടു. സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പല കാരണങ്ങളാലും സപ്ലൈക്കനുസരിച്ച് ഡിമാൻഡ് ഉയർത്തിനിർത്താൻ കഴിഞ്ഞില്ല. ഈ പ്രതിസന്ധിയുടെ വിശകലനത്തിൽ നിന്നാണ് മാർക്സ് തന്റെ സാമ്പത്തിക സിദ്ധാന്തങ്ങൾ കരുപ്പിടിപ്പിക്കുന്നത്. മാർക്സ് നടത്തിയ അടിസ്ഥാന വിമർശനങ്ങളോട് യോജിക്കാത്ത, കെയ്ൻസിനെപ്പോലുള്ള ബൂർഷ്വാ അർത്ഥശാസ്ത്രകാരന്മാർ തന്നെ പില്കാലത്ത് ഇതിന്റെ വിമർശകരായി. 19‐ാം നൂറ്റാണ്ടിലുടനീളം മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ പ്രധാന ആശയമായി നിലകൊണ്ട സെ നിയമം 1930ലെ ലോക സാമ്പത്തിക കുഴപ്പത്തോടെ കടുത്ത വിമർശനത്തിന് ഇരയായി.

സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ (economic agents) തങ്ങളുടെ ചരക്കുകളും സേവനങ്ങളും പണത്തിനായി കൈമാറുന്നു. ഇതിനു തുല്യമായ ഡിമാന്റ് സ്വാഭാവികമായി രൂപപ്പെടുന്നു. ചരക്കുകളും സേവനങ്ങളും വാങ്ങുവാനുള്ള ഒരു മീഡിയം മാത്രമാണ് പണം. വില്പനയ്ക്ക് വെയ്ക്കുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും തുല്യമായ ഡിമാൻഡ് മുതലാളിത്ത വ്യവസ്ഥയിൽ ഉണ്ടാകും എന്നതാണ് സെ നിയമത്തിന്റെ അടിസ്ഥാനം (Supply creates its own demand). ഇത്തരത്തിൽ ഉല്പാദനത്തിന് തുല്യമായ ഡിമാന്റ് സൃഷ്ടിക്കപ്പെടുന്നതുകൊണ്ട് ഒരിക്കലും അമിതോല്പാദനം ഉണ്ടാകില്ല എന്നതായിരുന്നു വ്യവസായിക വിപ്ലവത്തെ തുടർന്ന് രൂപപ്പെട്ട ഈ ബൂർഷ്വാ അർത്ഥശാസ്ത്ര സങ്കല്പത്തിന്റെ അടിസ്ഥാനം. ചരക്കുകളുടെ വിറ്റഴിക്കലിലൂടെ ആർജിക്കപ്പെടുന്ന പണം പൂർണമായും ചെലവഴിക്കപ്പെടും എന്ന നിഗമനവും ഇതോടൊപ്പം സെയിസ്‌ മുന്നോട്ടു വെച്ചു. അക്കാലത്തെ അർത്ഥശാസ്ത്രകാരന്മാരായ ജെയിംസ് മില്ലും ഡേവിഡ് റിക്കാർഡോയും സെ നിയമത്തെ പൂർണമായും പിന്തുണച്ചു. എന്നാൽ സാമ്പത്തിക മാന്ദ്യമുണ്ടാകില്ല എന്ന സെയുടെ നിരീക്ഷണത്തോട് തോമസ് മാൽത്തൂസും ജോൺ സ്റ്റുവർട്ട് മില്ലും പൂർണമായും യോജിച്ചില്ല.

1930കളിലെ മഹാമാന്ദ്യം സെയുടെ നിഗമനങ്ങളെയെല്ലാം അടിമുടി തകർത്തു. മുതലാളിത്ത ലോകത്തെമ്പാടും ചരക്കുകൾ കെട്ടിക്കിടന്നു. തൊഴിലില്ലായ്മ വൻതോതിൽ പെരുകി. വിലക്കയറ്റം കുതിച്ചുയർന്നു. സാധനങ്ങൾ വാങ്ങാൻ കാശില്ലാതെ ആൾക്കാർ നെട്ടോട്ടമോടി. ഇതിനുള്ള പരിഹാരം തേടി ബൂർഷ്വാ അർത്ഥശാസ്ത്രകാരന്മാരും നെട്ടോട്ടമോടി. സെയുടെ സിദ്ധാന്തങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് കെയ്ൻസ് സമർത്ഥിച്ചു. ഡിമാന്റ് വർധിപ്പിക്കുക എന്നതാണ് ആവശ്യമെന്നും സപ്ലൈ അല്ല സുപ്രധാനമെന്നും കെയ്ൻസ് വാദിച്ചു. ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കുകയാണ് വേണ്ടതെന്നും സാമ്പത്തിക മാന്ദ്യത്തെ അങ്ങിനെയേ മറികടക്കാനാവൂ എന്നുമുള്ള തിരുത്തൽ ബൂർഷ്വാ അർത്ഥശാസ്ത്രത്തിൽ കെയ്ൻസ് വരുത്തി. പോൾ ക്രൂഗ്‌മാനെപ്പോലുള്ള വർത്തമാനകാലത്തെ കെയ്നീഷ്യൻ ഇക്കണോമിസ്റ്റുകളും ഇതേവഴിക്ക് ചിന്തിക്കുന്നവരാണ്. മനുഷ്യരുടെ പക്കൽ പണം എങ്ങനെയും എത്തിക്കുക, അതുവഴി അവരുടെ വാങ്ങൽശേഷി വർധിപ്പിക്കുക, ഉല്പാദനം സ്വാഭാവികമായും ഉയരും ഇതാണ് കെയ്ൻസും ക്രൂഗ്മാനുമൊക്കെ പറയുന്നത്. ഇന്നത്തെ നിയോലിബറൽ പാരഡിമിന്റെ ഒരു തരത്തിലുള്ള വിമർശനം കൂടിയാണിത്.

സ്വതന്ത്ര കമ്പോളത്തെ അടിസ്ഥാനമാക്കിയ ഉല്പാദനവ്യവസ്ഥയിൽ എല്ലാവർക്കും തൊഴിൽ (Full employment) സാധ്യമാണ് എന്നുകൂടി സെ നിയമം പറഞ്ഞുവെയ്ക്കുന്നുണ്ട്. ഈ വാദത്തിന്റെ അർഥം കമ്പോളത്തിൽ ഒരുതരത്തിലുമുള്ള ഇടപെടലും ആരും നടത്തരുത് എന്നാണ്. Laizess Fair എന്ന സർവതന്ത്ര സ്വതന്ത്ര വ്യാപാര സിദ്ധാന്തം അങ്ങിനെ രൂപമെടുത്തു. ആധുനിക മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രമായി അത് മാറി. മൂലധനത്തിന് സർവതന്ത്ര സ്വാതന്ത്ര്യം നൽകിയാൽ എല്ലാം ശരിയാകും എന്ന വിശ്വാസം വേരുപിടിച്ചു. മുതലാളിത്ത ഉല്പാദന വ്യവസ്ഥയെ വെള്ളപൂശുക എന്ന പ്രത്യയശാസ്ത്രധർമ്മമാണ് ഒരർത്ഥത്തിൽ സെ നിയമം നിർവഹിച്ചത്. അതുകൊണ്ടു കൂടിയാണ് മാർക്സ് സെയ്ക്ക് എതിരെയും അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനെതിരെയും കടുത്ത വിമർശനം അഴിച്ചുവിട്ടത്. മാർക്സിന്റെ മിച്ച മൂല്യ സിദ്ധാന്തം സെ നിയമങ്ങളുടെ സമ്പൂർണ നിരാകരണമാണ്.

മാർക്സിന്റെ വിമർശനം കുറച്ചുകൂടി ആഴത്തിലുള്ളതായിരുന്നു. സെയുടെ നിഗമനങ്ങളെയല്ല അതിനാധാരമാക്കിയ അടിസ്ഥാന ആശയങ്ങളെയാണ് (premises) മാർക്സ് നിശിത വിമർശനത്തിനിരയാക്കിയത്. മുതലാളിത്ത ഉല്പാദന സമ്പ്രദായത്തിന്റെ ഏറ്റവും സുപ്രധാന സവിശേഷതകളെയാണ് അവ മറച്ചുപിടിക്കുന്നത് എന്നതായിരുന്നു മാർക്സിന്റെ വാദം. സാമ്പത്തികമാന്ദ്യം സൈദ്ധാന്തികമായി അസാധ്യമാണ് എന്ന സെയുടെ വാദത്തെയാണ് മാർക്സ് ഏറ്റവും ശക്തമായി എതിർത്തത്. ക്ലാസിക്കൽ അർത്ഥശാസ്ത്രത്തിന്റെ അടിസ്ഥാന പരികല്പനകളെയെല്ലാംതന്നെ‐ അമിതോല്പാദനം എന്നൊന്ന് ഉണ്ടാവുകയില്ല, ചരക്കുകളെല്ലാം തന്നെ പൂർണമായും പരസ്പരം കൈമാറ്റം ചെയ്യപ്പെടും, കേവലം കൈമാറ്റത്തിനുള്ള ഒരു മാധ്യമം മാത്രമാണ് പണം, ഉല്പാദനത്തിലെ വ്യതിയാനങ്ങളെ കമ്പോളം ശരിയാക്കിയെടുത്തോളും എന്നിങ്ങനെ‐ മാർക്സ് ഇഴകീറി പരിശോധിച്ചു. തന്റെ മിച്ചമൂല്യ സിദ്ധാന്തത്തിലൂടെ, സെ രൂപപ്പെടുത്തിയ നിയമങ്ങൾ തികഞ്ഞ അസംബന്ധമാണ് എന്ന് യുക്തിസഹമായി തെളിയിച്ചു. സെ നിയമവുമായി ചെറിയൊരു സന്ധിക്കു പോലും മാർക്സ് തയാറായിരുന്നില്ല. തൊഴിലാളിയുടെ അധ്വാനമാണ് ഒരു ഉത്പന്നത്തിൽ അടങ്ങിയിരിക്കുന്നതെന്നും ആ അധ്വാനശക്തിയിൽ ഒരു പങ്ക് കൈവശപ്പെടുത്തിക്കൊണ്ടാണ് മുതലാളി ലാഭമെടുക്കുന്നതെന്നും, തൊഴിലാളിക്ക് അയാളുടെ അധ്വാനത്തിന്റെ കൂലി ഭാഗികമായി മാത്രം നൽകി നൽകി ബാക്കി പൂർണമായും മുതലാളി കരസ്ഥമാക്കുകയാണെന്നും മാർക്സ് പറഞ്ഞു. ഈ മിച്ചമൂല്യം ഉടനടി നിക്ഷേപങ്ങളിലേക്ക് തിരികെ പോകുന്നുമില്ല.

ഒരു മുതലാളിത്ത സമൂഹത്തിൽ ഉല്പാദകരും ഉപഭോക്താക്കളും തീർത്തും വ്യത്യസ്തരാണ്. തങ്ങൾ ഉല്പാദിപ്പിക്കുന്നതിനേക്കാൾ വളരെ കുറവ് മാത്രമാണ് തൊഴിലാളികൾ ഉപഭോഗം ചെയ്യുന്നത്. ഭൂപ്രഭുക്കളെ പോലെയുള്ള വിഭാഗങ്ങളാകട്ടെ ഒന്നും ഉല്പാദിപ്പിക്കാതെ തന്നെ ഉപഭോഗം നടത്തുന്നു. ഉല്പാദനപ്രവർത്തങ്ങളുടെ ലക്ഷ്യം ഉപഭോഗത്തിനാവശ്യമായ ഉപയോഗമൂല്യം സൃഷ്ടിക്കലല്ല, മൂലധന സഞ്ചയത്തിനാവശ്യമായ മിച്ചമൂല്യം സൃഷ്ടിക്കലാണ്. ഉല്പാദിപ്പിക്കപ്പെടുന്ന വിനിമയമൂല്യത്തിന്റെ അളവും ആവശ്യമുള്ള ഉപയോഗമൂല്യത്തിന്റെ അളവും ഒരിക്കലും സമാനമല്ല. ഇവ തമ്മിലുള്ള അന്തരം ആകസ്മികമായി സംഭവിക്കുന്ന ഒന്നല്ല. അത്‌ ചരക്കുല്പാദനത്തെ അടിസ്ഥാനമാക്കിയ മുതലാളിത്ത ഉല്പാദന പ്രക്രിയയയുടെ അടിസ്ഥാന സ്വഭാവമാണ്. ഇത് സ്വാഭാവികമായും അമിതോല്പാദനത്തിലേക്ക് വഴിതുറക്കും. തൊഴിൽരാഹിത്യം സൃഷ്ടിക്കും. മുതലാളിത്ത ഉല്പാദനപ്രക്രിയ അതിനാൽ ഒരിക്കലും സ്വാഭാവികമായി നടക്കുന്ന ഒന്നല്ല. ക്ലാസിക്കൽ ധനശാസ്ത്ര സങ്കല്പങ്ങളെ മാർക്സ് നിരാകരിച്ചത് ഈ വാദങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.

മുതലാളിത്ത കുഴപ്പം ഭാഗികമായ ഒന്ന് മാത്രമായിരിക്കും എന്ന, സെ നിയമങ്ങളെ പരിഷ്കരിച്ച റീകാർഡിയൻ സങ്കല്പങ്ങളോടും മാർക്സ് വിയോജിച്ചു. പണമായി രൂപാന്തരപ്പെടുന്ന ചരക്കിന്റെ ഉല്പാദനം പൊതുകുഴപ്പത്തിലേക്കേ വഴിതെളിക്കൂ എന്ന് മാർക്സ് സംശയലേശമെന്യേ വാദിച്ചു. മിച്ചമൂല്യം സൃഷ്ടിക്കപ്പെടുകയും പണലഭ്യത കുറഞ്ഞിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സപ്ലൈ എല്ലായ്‌പ്പോഴും ഡിമാൻഡിനേക്കാൾ ഉയർന്നുനിൽക്കുക മുതലാളിത്തത്തിൽ അനിവാര്യമാണ്. ഇത് പ്രതിസന്ധിയുടെ കേവലം കാരണമല്ല, അനിവാര്യമായ പ്രതിസന്ധിയാണ് എന്നായിരുന്നു മാർക്സിന്റെ നിഗമനം. അതുകൊണ്ട് ഉല്പാദന പ്രതിസന്ധി മുതലാളിത്തത്തിൽ അനിവാര്യമാണ്. സെ നിയമങ്ങളുടെ നിശിതമായ വിമർശനം മാർക്സ് നടത്തിയത് ഈ പശ്ചാത്തലത്തിലാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − one =

Most Popular