Thursday, November 21, 2024

ad

Homeസിനിമമലയാളസിനിമയുടെ പുതിയ ആകാശങ്ങളിലേക്കുയരുന്ന ഗഗനചാരി

മലയാളസിനിമയുടെ പുതിയ ആകാശങ്ങളിലേക്കുയരുന്ന ഗഗനചാരി

രാഹുൽ ആർ നാഥ്‌

ഗനചാരി, അരുൺ ചന്ദുവിന്റെ സംവിധാനത്തിൽ അരുൺ ചന്ദുവും ശിവസായിയും ചേർന്ന്‌ എഴുതിയ തിരക്കഥയിൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ് അപോക്കലിപ്റ്റിക് sci-fi സിനിമയാണ്‌. വളരെ വ്യത്യസ്തവും ബോൾഡും ആയ ഒരു പരീക്ഷണം തന്നെയായിരുന്നു ഗഗനചാരി. മലയാളത്തിൽ വിരലിലെണ്ണാവുന്ന വളരെ കുറച്ചു സിനിമകൾ മാത്രം ചെയ്തുവന്ന മോകുമെന്ററി പാറ്റേണിൽ കഥപറയുന്ന സിനിമ അതിലെ ഡാർക്ക് ഹ്യൂമർ കൊണ്ട് നമ്മെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. കാലം എത്രമാറിയാലും, ശാസ്ത്രം എത്ര പുരോഗമിച്ചാലും മാറാത്ത മനുഷ്യന്റെ ചിന്തകളും കാഴ്‌ചപ്പാടുകളും ഒരു സയൻസ് ഫിക്ഷന്റെ സഹായത്തോടെ വളരെ ഭാഗിയായി പറഞ്ഞുവെയ്ക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിരിക്കുന്നു. സംവിധായകനായ അരുൺ ചന്തു ഒരുക്കിയ തിരക്കഥയുടെ ഫ്ലോ കാണുന്നത് തന്നെ രസമാണ്. അതിലേക്ക് പല കാര്യങ്ങളും ചേർത്തിരിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തിന്റെ ഭാവനയെപ്പറ്റി ഓർത്തുപോയി. ഭാവനകൾക്ക് അതിരുകൾ ഇല്ലല്ലോ.

സിനിമ നടക്കുന്നത് 2050ലാണ്. ഒരു ഡിസ്റ്റോപ്പിയൻ കേരളം, തുടർച്ചയായ പ്രളയവും യുദ്ധങ്ങളും കണ്ടുമടുത്ത മനുഷ്യർ, ചന്ദ്രനിലേക്കുള്ള വിസ കാത്തിരിക്കുന്ന ലോകം. ഭൂമി അതിന്റെ നാശത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു. അന്യഗ്രഹജീവികളുടെ കടന്നുവരവ് മനുഷ്യന് വളരെ സാധാരണമായി മാറിയിരിക്കുന്നു, ഈ തരത്തിൽ വളരെ വ്യത്യസ്തമായ ഫാന്റസികളും നൊസ്റ്റാൾജിയകളും തമാശയിൽ കോർത്തുകൊണ്ട് വളരെ ലളിതമായാണ് സിനിമ മുന്നോട്ടു പോകുന്നത്.

യുദ്ധം എണ്ണയ്ക്കും പെട്രോളിനും സ്വർണത്തിനും വേണ്ടി മനുഷ്യർ തുടർന്നുകൊണ്ടിരിക്കുന്നു. എന്തൊക്കെ ഇല്ലാതായാലും മനുഷ്യന് തമ്മിൽ തല്ലാൻ കാരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും എന്ന് പറഞ്ഞു വെയ്ക്കുന്നു ഗഗനചാരി. ശാസ്ത്ര പരീക്ഷണ സിനിമകൾ പൊതുവെ സ്വീകരിക്കപ്പെടാതെപോകുന്നിടത്തു ഗഗനചാരിയെ വ്യത്യസ്തമാക്കുന്നത്, വളരെ ഗൗരവമേറിയ കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന രീതിയാണ്. സിനിമയുടെ ആദ്യാവസാനം വരെയും ശുദ്ധഹാസ്യം ഉൾപ്പെടുത്തി പ്രേക്ഷകരെ സിനിമയിൽ എൻഗേജ്ഡ് ആക്കിയിരിക്കുന്നു. എല്ലാം നശിച്ചാലും ഒരു കാര്യവും ഇല്ലെങ്കിലും മലയാളികൾ ചേർത്തുപിടിക്കുന്ന കാലഹരണപ്പെട്ട ഐഡിയോളോജികളെ സിനിമയിൽ വിമർശിക്കുന്ന വിധം പ്രശംസ അർഹിക്കുന്നതാണ്.

കുട്ടിക്കാലത്തു കാർട്ടൂണിലൊക്കെ നമ്മൾ കണ്ടുമറന്നതുപോലെ ഒരു ശാസ്ത്രജ്ഞനും അയാളുടെ കൂട്ടാളികളും, അവർക്കിടയിലേക്ക് വരുന്ന ഒരു അന്യഗ്രഹജീവിയും. ഇവരുടെ ജീവിതത്തിലൂടെ പുരോഗമിക്കുന്ന കഥ, വളരെ ലളിതവും ഹാസ്യസമ്പന്നവുമാണ്.

സാധാരണയായി നമ്മൾ കണ്ടുശീലിച്ച സിനിമാരീതിയല്ല ഗഗനചാരിയുടേത്, വളരെ unorthodox കഥപറച്ചിലിനെ നല്ല ഒഴുക്കുള്ള സ്ക്രിപ്റ്റോടു കൂടി പ്രേക്ഷകനിലേക്കു എത്തിച്ചപ്പോൾ സിനിമ നൽകിയ ആസ്വാദനതലം വളരെ വ്യത്യസ്തമായി മാറുന്നു. ഈ കഥയിൽ ലോജിക് എവിടെ എന്ന് ഒരിക്കലും ചോദിയ്ക്കാൻ തോന്നാത്ത വിധം സിനിമ നമ്മളെ എൻഗേജ് ചെയ്യിപ്പിക്കുന്നു.

ഗോകുൽ സുരേഷിന്റെ കരിയറിലെ ബെസ്റ്റ് പ്രകടനം ആണ് ഗഗനചാരിയിലേത്‌. അസാധ്യ കോമഡി ടൈമിങ്ങും ഡയലോഗ് മോഡുലേഷനും ഉള്ള നടനാണ് ഗോകുൽ എന്ന് ചിത്രം കാണുമ്പോൾ പ്രേക്ഷകന് മനസിലാകും. സിനിമയിൽ ഏറ്റവും ആസ്വാദ്യമായതും ഗോകുലിന്റെ പ്രകടനമാണ്. ഞെട്ടിച്ച മറ്റൊരു പ്രകടനം ഗണേഷ്‌കുമാറിന്റേതാണ്. ഗണേഷിന്റെ സിനിമാജീവിതത്തിലെ മികച്ചത്‌ എന്ന് വിശേഷിപ്പിക്കാവുന്ന റോൾ ആണ് ഏലിയാൻ ഹണ്ടർ വിക്ടർ വാസുദേവൻ. മറ്റാരു ചെയ്യുന്നതിനേക്കാൾ ഫ്രഷ്‌നെസ്സ് ഉണ്ടായിരുന്നു ഗണേഷ് ആ വേഷം ചെയ്തപ്പോൾ. അജു വർഗീസും വളരെ രസകരമായി പെർഫോം ചെയ്തിരിക്കുന്നു. സിനിമയിലെ മറ്റൊരു പെർഫെക്ട് കാസ്റ്റിംഗ് ആയിരുന്നു അനാർക്കലിയുടേത്. അന്യഗ്രഹജീവി ഭൂമിയിലേക്ക് വന്ന സിനിമകൾ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്, കോയി മിൽഗെയ, പി കെ എല്ലാം അതിനുദാഹരണമാണ്‌. ഈ സിനിമകളിലെല്ലാം കണ്ട തനിക്കു ചുറ്റുമുള്ളവരുടെ ആത്മബന്ധം സ്ഥാപിക്കുന്ന അവരുടെയെല്ലാം പ്രിയപ്പെട്ട ആളായിമാറി ഒടുവിൽ ഒരുദിവസം മടങ്ങിപ്പോകേണ്ടിവരുന്ന ഒരു ടിപ്പിക്കൽ കഥാപാത്രമാണ് അനാർക്കലിയുടെ ഏലിയാമ്മ. നമുക്ക് പ്രിയപ്പെട്ടവർ എവിടുന്നുള്ളവർ ആയാലും, ഏതു നാട്ടിൽ നിന്ന് വന്നവരാണെങ്കിലും അവർ നമ്മെ വിട്ടുപോകുമ്പോൾ നമുക്കുണ്ടാകുന്ന ശൂന്യത പ്രേക്ഷകനിൽ എത്തിക്കാൻ അനാർക്കലിയുടെയും ഗോകുൽ സുരേഷിന്റെയും പ്രകടനങ്ങൾക്ക് സാധിച്ചിരിക്കുന്നു.

ശങ്കർ ശർമ ചെയ്ത സംഗീതം സിനിമയെ കുറച്ചുകൂടി മെച്ചമുള്ളതാക്കി എന്ന് പറയാം. പശ്ചാത്തല സംഗീതവും സിനിമയുടെ ഒപ്പം തന്നെ ചേർന്നുനിന്നു. സുർജിത് പൈ ഒരുക്കിയ ക്യാമറ ചലനങ്ങൾ തീർത്തും പരന്പരാഗത ശൈലിയിൽനിന്നും വ്യത്യസ്‌തമാണ്‌. അത് സിനിമയുടെ മൂഡിന് വളരെ നന്നായിരുന്നു. മാർവെൽ, ഡിസി, സിനിമകൾ ഒക്കെ കണ്ടു പരിചയിച്ച പ്രേക്ഷകർക്ക് ഒരുപക്ഷേ ഗഗനചാരിയിലെ vfx ഒരു അത്ഭുതമായി തോന്നിയേക്കില്ല, എന്നാൽ മലയാള സിനിമയിലെ പരിമിതികൾ മുൻനിർത്തി ഒന്നാലോചിച്ചാൽ സിനിമയിലെ vfx പ്രത്യേക പരാമർശം തന്നെ അർഹിക്കുന്നു. ഒരു സയൻസ് ഫിക്ഷൻ കഥ പറഞ്ഞു പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നത് അല്പം ബുദ്ധിമുട്ടു നിറഞ്ഞ കാര്യമാണ്, എന്നാൽ വളരെ ലളിതമായിട്ടുള്ള അവതരണത്തിലൂടെ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അതിൽ വിജയിച്ചിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + 16 =

Most Popular