Sunday, September 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകൊൽക്കത്തയിൽ ഇടതുപക്ഷ നേതൃത്വത്തിൽ സിയോണിസ്റ്റ്‌ വിരുദ്ധ പ്രക്ഷോഭം

കൊൽക്കത്തയിൽ ഇടതുപക്ഷ നേതൃത്വത്തിൽ സിയോണിസ്റ്റ്‌ വിരുദ്ധ പ്രക്ഷോഭം

കെ ആർ മായ

കൊൽക്കത്തയിലെ ചൗരംഗ്‌ റോഡ്‌ ജൂൺ 26ന്‌ വ്യത്യസ്‌തമായ ഒരു സമരത്തിന്‌ സാക്ഷ്യം വഹിച്ചു. അവിടെ സ്ഥിതിചെയ്യുന്ന യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ ഓഫ്‌ ഇൻഫർമേഷൻ സെന്ററിനു (യുഎസ്‌ഐസി) മുന്നിലേക്ക്‌ ആയിരക്കണക്കിന്‌ പ്രക്ഷോഭകർ ചെങ്കൊടിയുമേന്തി ഒഴുകിയെത്തി. അമേരിക്കയുടെ പിന്തുണയോടെ പലസ്‌തീനിൽ നടക്കുന്ന വംശഹത്യക്കെതിരെ, അത്‌ മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമാണ്‌ എന്ന്‌ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ്‌ പശ്ചിമബംഗാളിലെ ഇടതുപക്ഷ പ്രവർത്തകർ ഒന്നടങ്കം കൊൽക്കത്തയിലെ സെൻട്രൽ ബിസിനസ്‌ ഡിസ്‌ട്രിക്റ്റിലെ തെരുവുകൾ ചെങ്കടലാക്കിയത്‌. റാലിയായി നീങ്ങവെ മമതയുടെ പൊലീസ്‌ അവരെ തടഞ്ഞു. അതിൽ പ്രതിഷേധിച്ച്‌ അവർ അവിടെ കുത്തിയിരുന്നു. ഇസ്രയേലിന്റെ നൃശംസതകളെ തുറന്നുകാട്ടുന്നതും ഗാസയ്‌ക്ക്‌ ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതുമായ പ്ലക്കാർഡുകളും കൊടികളും കട്ടൗട്ടുകളും ഉയർത്തിപ്പിടിച്ച്‌, രണ്ടുമണിക്കൂറോളം അവർ തെരുവിലിരുന്നു.

സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സിപിഐ (എംഎൽ), എസ്‌യുസിഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകൾ അണിനിരന്ന റാലിയെ ബിമൻബസു അഭിസംബോധന ചെയ്‌തു. ‘‘1960കളിൽ കൊൽക്കത്തയിൽ നമ്മളുയർത്തിയ ‘‘ഗോബാക്ക്‌ മക്‌നമാറ’’ മുദ്രാവാക്യം മുതൽ ഇക്കാലം വരെയും സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ പാരന്പര്യം നമ്മളുയർത്തിപ്പിടിച്ചിട്ടുണ്ട്‌. അതിന്റെ തുടർച്ചയാണിതും’’ എന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അറുതിയില്ലാതെ തുടരുകയാണ്‌. മനുഷ്യരാശിക്കാകെ തന്നെ എതിരായ ഈ യുദ്ധത്തെ അമേരിക്ക പിന്തുണയ്‌ക്കുക മാത്രമല്ല സർവസന്നാഹങ്ങളും എത്തിക്കുകയും ചെയ്യുന്നു. ഗാസയിൽ ഇതിനകം 50000ത്തിലേറെ പേർ കൊല്ലപ്പെട്ടു; അതിലും ഇരട്ടിയിലേറെപ്പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഗാസയിലെ കൂട്ടക്കുരുതിയിൽ പ്രതിഫലിക്കുന്നത്‌, ഇസ്രയേലിന്റെ സാമ്രാജ്യത്വമോഹങ്ങളാണ്‌; ഇസ്രയേൽ സയണിസത്തിന്റെ ഒടുങ്ങാത്ത അധിനിവേശ അധീശാധിപത്യത്വരയാണ്‌.

പലസ്‌തീൻ ജനതയെ അവരുടെ സ്വന്തം രാജ്യത്തുനിന്ന്‌ തുടച്ചുനീക്കാനുള്ള ശ്രമത്തിനെതിരെ ലോകമെന്പാടും പ്രതിഷേധങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങളെല്ലാം തന്നെ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച്‌ സിപിഐ എമ്മിന്റെ നേതൃത്വത്തിലാണ്‌ നടന്നത്‌. അതിന്റെ ഭാഗമായാണ്‌ കൊൽക്കത്തയിൽ സിപിഐ എം, സിപിഐ (എംഎൽ) തുടങ്ങി ഇടതുപക്ഷ സംഘടനകളുടെ നേതൃത്വ
ത്തിൽ ഇസ്രയേൽ സയണിസത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്‌. ഈ പ്രതിഷേധങ്ങൾ ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല; ഇസ്രയേൽ ഗാസയ്‌ക്കുനേരെ നടത്തുന്ന ആക്രമണങ്ങളും കൂട്ടക്കുരുതിയും അവസാനിക്കുംവരെ പ്രതിഷേധങ്ങൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − 9 =

Most Popular