Tuesday, September 17, 2024

ad

Homeരാജ്യങ്ങളിലൂടെപെറുവിൽ പ്രതിഷേധിച്ചവരെ കൊന്നൊടുക്കിയ സൈന്യം പ്രതിക്കൂട്ടിൽ

പെറുവിൽ പ്രതിഷേധിച്ചവരെ കൊന്നൊടുക്കിയ സൈന്യം പ്രതിക്കൂട്ടിൽ

ആര്യ ജിനദേവൻ

പെറുവിൽ ബോധപൂർവം നടത്തിയ നരഹത്യയുടെ പേരിൽ 20 സൈനികോദ്യോഗസ്ഥരെ വിചാരണയ്‌ക്ക്‌ വിധേയരാക്കുകയാണ്‌. 2022ൽ അയാക്കുച്ചോയിൽ നടന്ന പ്രകടനത്തിനുനേരെ നടത്തിയ വെടിവെയ്‌പിൽ ഇവർക്കുള്ള പങ്ക്‌ പരിഗണിച്ചാണ്‌ നടപടി.

2022 ഡിസംബർ 15ന്‌ പെറുവിലെ അയാക്കുച്ചോയിൽ നടത്തിയ, അട്ടിമറിക്കാർക്കെതിരായ പ്രതിഷേധപ്രകടനത്തിനു നേരെയാണ്‌ വെടിവെയ്‌പുണ്ടായത്‌. വെടിവെയ്‌പിൽ 10 പ്രകടനക്കാർ കൊല്ലപ്പെടുകയും 66 പേർക്ക്‌ പരിക്കേൽക്കുകയുമുണ്ടായി. പ്രകടനക്കാരെ കൊലപ്പെടുത്തുകയെന്ന ബോധപൂർവമായ ലക്ഷ്യത്തോടെയാണ്‌ പട്ടാളക്കാർ വെടിവെച്ചത്‌ എന്നാണ്‌ അന്വേഷണത്തിൽ പെറുവിലെ പ്രോസിക്യൂട്ടർ മിറേലാ കൊറോണൽ കണ്ടെത്തിയത്‌.

ഐസിഎൽ റിപ്പോർട്ടേഴ്‌സ്‌ എന്ന പ്രസിദ്ധീകരണത്തിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരി 23നാണ്‌ പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചത്‌. മരിച്ചവരുടെയും പരിക്കേറ്റവരുടെയും മുറിവുകൾ പരിശോധിച്ചാണ്‌ ആരോപണം ഉന്നയിക്കപ്പെട്ടത്‌. പ്രോസിക്യൂട്ടറുടെ അന്വേഷണത്തിലും ആരോപണം സ്ഥിരീകരിക്കപ്പെട്ടു. സൈന്യം ബോധപൂർവം ആളുകളുടെ ശരീരത്തിലേക്ക്‌ വെടിവെയ്‌ക്കുകയാണുണ്ടായത്‌ എന്നാണ്‌ പ്രോസിക്യൂട്ടർ കണ്ടെത്തിയത്‌. മൂന്ന്‌ ഉന്നത സൈനികോദ്യോഗസ്ഥർ ഉൾപ്പെടെ കുറ്റക്കാരാണെന്നും പ്രോസിക്യൂട്ടർ റിപ്പോർട്ട്‌ ചെയ്‌തു. ഈ മൂന്നുപേർക്കു പുറമേ, ആന്റി ടെററിസ്റ്റ്‌ സ്‌ക്വാഡ്‌ എന്ന പ്രത്യേക സൈനികവിഭാഗത്തിൽപെട്ട പട്ടാളക്കാരും നിരായുധരായ പൗരരെ വെടിവെച്ചുകൊന്നതിൽ കുറ്റവാളികളാണെന്ന്‌ അന്വേഷണ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. കുറ്റാരോപിതരിൽ ഒരാളായ ലഫ്‌റ്റനന്റ്‌ കേണൽ ജിമ്മി വെങ്കോവ ബെല്ലോട്ട പറയുന്നത്‌, പ്രതിഷേധക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിർദേശം തങ്ങൾക്ക്‌ നൽകിയിരുന്നില്ലെന്നും അയാക്കുച്ചോ എയർപോർട്ടിനുള്ളിൽ പ്രകടനക്കാർ കടക്കുന്നത്‌ എങ്ങനെയും തടയണമെന്ന്‌ മാത്രമാണ്‌ നിർദേശിച്ചിരുന്നതെന്നുമാണ്‌. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നൽകാറുള്ള സ്വയരക്ഷാ ഉപകരണങ്ങളൊന്നും നൽകാതെ തോക്ക്‌ മാത്രമാണ്‌ നൽകിയിരുന്നതെന്നുമാണ്‌. ഇത്‌ വ്യക്തമാക്കുന്നത്‌ ഈ നരഹത്യയുടെ ഉത്തരവാദികൾ പ്രധാനമായും ഉന്നതാധികൃതരാണെന്നാണ്‌. അക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ പ്രോസിക്യൂട്ടർ മൂന്ന്‌ ജനറൽമാർക്കെതിരെ കേസെടുത്തത്‌.

ഈ കേസ്‌ അന്വേഷിച്ച പ്രോസിക്യൂട്ടർക്ക്‌ മുന്നിലെത്തിയ പട്ടാളക്കാരെല്ലാം നൽകിയ മൊഴി തങ്ങൾ ആകാശത്തേക്കാണ്‌ വെടിവെച്ചത്‌ എന്നാണ്‌. എന്നാൽ ഇത്‌ പച്ചക്കള്ളമാണെന്നാണ്‌ ദൃക്‌സാക്ഷികൾ പ്രോസിക്യൂട്ടർക്ക്‌ മൊഴി നൽകിയത്‌. നൂറിലധികം ദൃക്‌സാക്ഷികളാണ്‌ ഇത്തരത്തിൽ സൈനികോദ്യോഗസ്ഥർക്കു നേരെ വിരൽചൂണ്ടിയത്‌. അതാണ്‌ ഐഡിആർഎൽ റിപ്പോർട്ടർ തയ്യാറാക്കിയ റിപ്പോർട്ടിന്‌ “This is how the army killed in Auacucho“ (ഇങ്ങനെയാണ്‌ അയാക്കുച്ചോയിൽ ആളുകളെ കൊന്നൊടുക്കിയത്‌) എന്ന ശീർഷകം നൽകിയത്‌.

ഭരണാധികാരികളെ ഇത്രമാത്രം പ്രകോപിതരാക്കിയ ആ പ്രതിഷേധപ്രകടനം എന്തിനുവേണ്ടിയായിരുന്നു? പെ റുവിലെ ജനങ്ങൾ 50 ശതമാനത്തിലധികം വോട്ട്‌ നൽകി അധ്യാപകനും ട്രേഡ്‌ യൂണിയൻ പ്രവർത്തകനുമായ, ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ പിന്തുണയുള്ള പെദ്രോ കാസ്റ്റിയൊയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജനങ്ങൾ നിയമാനുസരണം തിരഞ്ഞെടുത്ത ആ പ്രസിഡന്റിനെ നിയമവിരുദ്ധമായി സൈന്യവും പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിരുന്ന വലതുപക്ഷ രാഷ്‌ട്രീയക്കാരും ഒത്തുചേർന്ന്‌ അട്ടിമറിച്ചു. 2022 ഡിസംബർ 7ന്‌ നടന്ന ഈ അട്ടിമറിക്കെതിശരയാണ്‌, ഈ ജനാധിപത്യ ഹത്യക്കെതിരെയാണ്‌ ജനങ്ങൾ തെവുവിലിറങ്ങിയത്‌. ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ട്‌ ഡിസംബർ 15ന്‌ അയാക്കുച്ചോവിൽ നടന്ന പ്രകടനത്തെയാണ്‌ അട്ടിമറിസംഘം പട്ടാളത്തെ ഉപയോഗിച്ച്‌ അടിച്ചമർത്താൻ ശ്രമിച്ചത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − five =

Most Popular