ഒടുവിൽ ജൂലിയൻ അസാൻജെ ജയിലിൽനിന്ന് പുറത്തെത്തിയിരിക്കുന്നു. ജൂൺ 24ന് വൈകുന്നേരം ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽനിന്ന് പുറത്തിറങ്ങിയ അസാൻജെയെ അപ്പോൾതന്നെ ബ്രിട്ടനിൽനിന്ന് പുറത്താക്കുകയും ചെയ്‌തു. കഴിഞ്ഞ 5 വർഷത്തിലധികമായി അസാൻജെ ബെൽമാർഷ് ജയിലിലായിരുന്നു. 10 വർഷത്തിലധികമായി വിക്കിലീക്‌സിന്റെ സഹസ്ഥാപകനും പ്രസാധകനുമായ ജൂലിയൻ അസാൻജെയെ അമേരിക്കൻ ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. ബെൽമാർഷ് ജയിലിലായിരിക്കെ അമേരിക്കയിൽ വിചാരണ ചെയ്യാനായി അസാൻജെയെ വിട്ടുകിട്ടണമെന്ന അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ആവശ്യത്തിനെതിരെ നിയമയുദ്ധം നടത്തുകയായിരുന്നു.
ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്‌ട്രീയ അഭയം അനുവദിച്ചതിനെത്തുടർന്ന്, അവിടെനിന്ന് പുറത്തുപോകാൻ കഴിയാതെ ഒരുവിധത്തിൽ തടവുകാരനെപ്പോലെ കഴിയുകയായിരുന്നു അസാൻജെ. എംബസിയിൽനിന്ന് പുറത്തുവന്നാൽ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്‌ത് അമേരിക്കയ്‌ക്ക് കൈമാറും. അതൊഴിവാക്കാനാണ് ഇക്വഡോർ എംബസിയിൽ അദ്ദേഹം കഴിഞ്ഞിരുന്നത്. ഇടതുപക്ഷക്കാരനായ, സാമ്രാജ്യത്വവിരുദ്ധ ചേരിയിൽ ഉറച്ചുനിന്നിരുന്ന റാഫേൽ കോറിയ പ്രസിഡന്റായിരിക്കെയാണ് ഇക്വഡോർ ജൂലിയൻ അസാൻജെയ്‌ക്ക് രാഷ്‌ട്രീയ അഭയം നൽകിയത്. എന്നാൽ ഇക്വഡോറിലേക്ക് പോകാൻ ലണ്ടനിലെ ഇക്വഡോർ എംബസിയിൽനിന്ന് പുറത്തുകടന്നാലുടൻ പിടികൂടി അമേരിക്കയ്‌ക്ക് കൈമാറാൻ ബ്രിട്ടീഷ് പൊലീസ് കാത്തുകെട്ടി കിടക്കുകയായിരുന്നു. എന്നാൽ റാഫേൽ കോറിയ അധികാരമൊഴിഞ്ഞശേഷം ഇക്വഡോർ പ്രസിഡന്റായ ലെനിൻ മൊറേനയെ സമ്മർദത്തിലാക്കി അമേരിക്ക അസാൻജെയ്‌ക്ക് ഇക്വഡോർ നൽകിയിരുന്ന രാഷ്‌ട്രീയ അഭയം റദ്ദാക്കുകയാണുണ്ടായത്. അതേത്തുടർന്ന് എംബസി ഉദ്യോഗസ്ഥർ അസാൻജെയെ അവിടെനിന്ന് പുറത്താക്കി ബ്രിട്ടീഷ് പൊലീസിന് വിട്ടുകൊടുക്കുകയായിരുന്നു. എന്നാൽ അസാൻജെയും സുഹൃത്തുക്കളും നടത്തിയ നിയമപോരാട്ടത്തിൽ അദ്ദേഹത്തെ അമേരിക്കയ്‌ക്ക് കൈമാറുന്നത് ബ്രിട്ടീഷ് കോടതി തടഞ്ഞതാണ് രക്ഷയായത്.
എന്താണ് അമേരിക്ക അസാൻജെക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ? 18 കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അതിൽ 17 എണ്ണവും കുപ്രസിദ്ധമായ ചാരപ്രവർത്തനം തടയൽ നിയമവുമായി ബന്ധപ്പെട്ടവയാണ്. അതുപ്രകാരം അമേരിക്കയിൽ 175 വർഷം വരെ അദ്ദേഹം ജയിലിൽ കിടക്കേണ്ടതായി വരും‐ അതായത് അമേരിക്കൻ ജയിലിൽനിന്ന് ജീവനോടെ പുറത്തുവരില്ലെന്നർഥം. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ കടന്നാക്രമണങ്ങൾക്കു പിന്നിലെ വസ്‌തുതകൾ അമേരിക്കൻ യുദ്ധകാര്യവകുപ്പിലെ രഹസ്യ രേഖകൾ ചോർത്തിയെടുത്ത് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതാണ് അമേരിക്കൻ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. മാത്രമല്ല വിക്കിലീക്‌സിലൂടെ ലോകരാജ്യങ്ങളിലാകെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ പുറത്തുകൊണ്ടുവന്നതിലൂടെ അമേരിക്കൻ ഭരണകൂടത്തിന്റെ ഭീകരരൂപമാണ് ജൂലിയൻ അസാൻജെ ലോകത്തിനു മുന്നിൽ തുറന്നുകാണിച്ചത്. അമേരിക്ക മുഖ്യശത്രുവായി പ്രഖ്യാപിച്ച് വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ അസാൻജെക്ക് ലോകത്തെങ്ങും സുഹൃത്തുക്കൾ വർധിക്കുകയായിരുന്നു.
ആ നിലയിൽ ലോകത്താകെ അസാൻജെക്ക് അനുകൂലമായി ഉയർന്നുവന്ന പൊതുജനാഭിപ്രായവും ഐക്യരാഷ്‌ട്രസഭയിലടക്കം വിഷയം ഉന്നയിക്കപ്പെട്ടതുമാണ് ഇപ്പോൾ അസാൻജെയുടെ മോചനത്തിന് വഴിയൊരുക്കിയത്. എന്നാൽ അസാൻജെയെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച് മാപ്പ് നൽകുകയായിരുന്നു അമേരിക്ക ചെയ്‌തത്. അതു വേണ്ടായിരുന്നുവെന്ന അഭിപ്രായമാണ് വിജയ്‌പ്രസാദിനെപ്പോലെയുള്ള പലരും പ്രകടിപ്പിച്ചിട്ടുള്ളത്. ♦