Friday, October 18, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കല്ലാട്ടും മഞ്ജുനാഥറാവുവും

കല്ലാട്ടും മഞ്ജുനാഥറാവുവും

കെ ബാലകൃഷ്‌ണൻ

വിപ്ലവപ്പാതയിലെ ആദ്യപഥികർ‐41

കേരളത്തിലെ തൊഴിലാളിവർഗവിപ്ലവപ്രസ്ഥാനത്തിന്റെ ആദ്യത്തെ ഏറ്റവും പ്രധാനകേന്ദ്രം കോഴിക്കോടായിരുന്നുവല്ലോ. പി.കൃഷ്ണപിള്ളയും കെ.പി.ഗോപാലനും എൻ.സി.ശേഖറും എ.കെ.ജി.യും കോഴിക്കോട്ടെ ഓരോ സ്ഥാപനത്തിലുമെത്തി ക്ഷമാപൂർണമായ പ്രവർത്തനം നടത്തിയാണ് ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ച് സമരശക്തി വളർത്തിയത്. കെ.ദാമോദരനും ടി.കെ.രാജുവും മഞ്ജുനാഥറാവുവും കല്ലാട്ട് കൃഷ്ണനും ആദ്യകാലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽത്തന്നെയാണ് ഏർപ്പെട്ടത്. കല്ലാട്ടാകട്ടെ മലബാറിൽ സംഘടിത വിദ്യാർഥിപ്രസ്ഥാനത്തിന്റെ ആദ്യത്തെ നായകരിലൊരാളുമായി.

1930ൽ കോഴിക്കോട്ട് സാമൂതിരി കോളേജിൽ പഠിക്കാനെത്തിയ കെ.ദാമോദരൻ സ്വന്തംനിലയ്ക്ക് കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു വിദ്യാർഥിസംഘടന രൂപീകരിച്ചിരുന്നു. എന്നാൽ അഖിലേന്ത്യാടിസ്ഥാനത്തിൽ വിദ്യാർഥിപ്രസ്ഥാനമുണ്ടാകുന്നത് 1936ലാണ്. അതിന്റെ സംസ്ഥാനഘടകം അഥവാ മലബാർ ഘടകം 1937ലാണുണ്ടാകുന്നത്. കോഴിക്കോട്ട് സാമൂതിരി കോളേജിൽ നടന്ന സമ്മേളനം സൗമ്യേന്ദ്രനാഥ ടാഗോറാണ് ഉദ്ഘാടനംചെയ്തത്. കെ.വിജയരാഘവൻ സെക്രട്ടറിയും ഇ.കെ.നായനാർ ജോയിന്റ് സെക്രട്ടറിയുമായ കമ്മിറ്റിയെയാണ് രൂപീകരണസമ്മേളനം തിരഞ്ഞെടുത്തത്. സംഘടനയുടെ രണ്ടാമത് സമ്മേളനം തലശ്ശേരിയിൽ നടന്നപ്പോൾ ഉദ്ഘാടനം ചെയ്യാനെത്തിയത് ബാട്ലിവാലയാണ്. ബാട്ലിവാലയെ പോലീസ് അറസ്റ്റുചെയ്യാനെത്തിയപ്പോൾ വിദ്യാർഥികൾ തടഞ്ഞു. ബലപ്രയോഗമായി. ഒടുവിൽ അറസ്റ്റ്‌ നടന്നപ്പോൾ വിദ്യാർഥികൾ പോലീസ്‌ സ്‌റ്റേഷൻ വളഞ്ഞ് മുദ്രാവാക്യം വിളിച്ചു.ഈ സംഭവം മലബാറിലാകെ ദേശീയപ്രസ്ഥാനത്തിന് ആവേശം പകർന്നു. കോഴിക്കോട് സമ്മേളനത്തിനും തലശ്ശേരി സമ്മേളനത്തിനും നേതൃത്വംനൽകിയവരിലൊരാൾ കല്ലാട്ട് കൃഷ്ണനായിരുന്നു. തലശ്ശേരി സമ്മേളനത്തിലും അറസ്റ്റിൽ പ്രതിഷേധിച്ചുള്ള യോഗത്തിലും പ്രധാന പ്രസംഗകരിലൊരാൾ ഇ.കെ.ഇമ്പിച്ചിബാവയായിരുന്നു. തലശ്ശേരിയിൽ നടന്ന സമ്മേളനത്തിൽ എ.ഐ.എസ്.എഫിന്റെ കേരളഘടകം സെക്രട്ടറിയായി കല്ലാട്ട് കൃഷ്ണനെ തിരഞ്ഞെടുത്തു. വിദ്യാർഥിപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.എസ്.പി. തീരുമാനമനുസരിച്ച്് എ.ഐ.എസ്.എഫിന്റെ വെസ്റ്റ് കോസ്റ്റ് മേഖലാ സമ്മേളനം 1938‐ൽ മംഗലാപുരത്ത് നടന്നു. അതിൽ മലബാറിൽനിന്ന് പങ്കെടുത്തത് കല്ലാട്ട് കൃഷ്ണനും ഇമ്പിച്ചിബാവയും ഇ.കെ.നായനാരുമാണ്.

ഉത്തരവാദഭരണപ്രക്ഷോഭം നടക്കുന്ന സന്ദർഭത്തിൽ അതിനെ സഹായിക്കാൻ എ.കെ.ജി.യുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലേക്ക് നടത്തിയ ജാഥയുടെ ഭാഗമായി വിദ്യാർഥികളുടെ ഒരു ജാഥയുമുണ്ടായിരുന്നു. കല്ലാട്ട് കൃഷ്ണനും ഇ.കെ.നായനാരും നയിച്ച ആ ജാഥക്ക് തൃശൂർ വരെയേ പോകാനായുള്ളു. പോലീസ് പിടിച്ചുമർദ്ദിക്കുകയും തിരിച്ചയക്കുകയുമായിരുന്നു.

തലശ്ശേരി സ്വദേശിയായ കല്ലാട്ട് ബി.ഇ.എം.പി. സ്കൂളിൽനിന്ന് മട്രിക്കുലേഷൻ കഴിഞ്ഞശേഷം കോഴിക്കോട്ട് മലബാർ ക്രിസ്ത്യൻ കോളേജിൽ ചേർന്നതായിരുന്നു. കോഴിക്കോട്ട് അന്ന് ശക്തിപ്പെട്ടുവരാൻ തുടങ്ങിയ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ കല്ലാട്ട് അതിവേഗം ആകൃഷ്ടനായി. കൃഷ്ണപിള്ളയും ടി.കെ.രാജുവുമടക്കമുള്ള നേതാക്കളുടെ ആകർഷണവലയത്തിലായതോടെ പഠനം ഉപേക്ഷിച്ച് മുഴുവൻസമയ പ്രവർത്തകനാവുകയായിരുന്നു. ഒരേസമയത്ത് വിദ്യാർഥിസംഘടന കെട്ടിപ്പടുക്കുന്ന പ്രവർത്തനത്തിലും തൊഴിലാളിസംഘടനാ പ്രവർത്തനത്തിലും മുഴുകുകയായിരുന്നു.

കല്ലാട്ട് മുഴുവൻസമയ പ്രവർത്തകനും പോരാളിയുമാകുന്നതിന് മുമ്പേതന്നെ കൃഷ്ണപിള്ളയുടെയും എൻ.സി.ശേഖറന്റെയും കെ.പി.ഗോപാലന്റെയുമൊക്കെ സഹപ്രവർത്തകനായി ട്രേഡ് യൂനിയൻ മേഖലയിൽ വീരോജ്ജ്വലമായി പ്രവർത്തിക്കാൻ തുടങ്ങിയ വിപ്ലവകാരിയാണ് മഞ്ജുനാഥ റാവു. മുപ്പതുകളുടെ തുടക്കത്തിലാണ് കോഴിക്കോട് സംഘടിത തൊഴിലാളിപ്രസ്ഥാനം നിലവിൽവരുന്നത്. 1928‐ൽ റെയിൽവേ സമരത്തിൽ കോഴിക്കോട്ടുള്ള തൊഴിലാളികൾ പങ്കെടുത്തിരുന്നു. അതിന് പുറമേനിന്ന് നേതൃത്വം നൽകിയത് യു.ഗോപാലമേനോനാണ്.1931‐ൽ കോഴിക്കോട്ടെ കോമൺ വെൽത്ത് കമ്പനിയിലും പണിമുടക്കുണ്ടായെങ്കിലും സംഘടിത നേതൃത്വമോ രാഷ്ട്രീയ പിൻബലമോ ഉണ്ടായിരുന്നില്ല. 1934 അവസാനം കണ്ണൂരിൽചേർന്ന കെ.പി.സി.സി. യോഗമാണ് ട്രേഡ്് യൂണിയൻ സംഘടിപ്പിക്കുന്നതിന് കൃഷ്ണപിള്ള കൺവീനറും കെ.പി.ഗോപാലൻ, സർദാർ ചന്ദ്രോത്ത് കുഞ്ഞിരാമൻനായർ എന്നിവർ അംഗങ്ങളുമായി ഉപസമിതി രൂപീകരിച്ചത്. അക്കാലത്ത് സംഘടിതതൊഴിൽ മേഖല പ്രധാനമായും കോഴിക്കോട്ടാണുണ്ടായിരുന്നതെന്നതിനാൽ ഇടതുപക്ഷ കോൺഗ്രസ് നേതാക്കൾ കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചു. ആദ്യമായി കോഴിക്കോട്ട് തൊഴിലാളികൾക്കായി ഒരു നിശാപാഠശാല ആരംഭിച്ചു. കൃഷ്ണപിള്ളയും കേരളീയനും കെ.പി.ഗോപാലനുമാണ് പാഠശാലയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതെങ്കിലും പ്രധാനപ്പെട്ട ഒത്താശകൾ ചെയ്തതും പ്രകടമായി നേതൃത്വനൽകിയതും എച്ച് മഞ്ജുനാഥറാവു, പി.കെ.രാമുണ്ണി നായർ, സാരാഭായി പട്ടേൽ തുടങ്ങിയവരുമാണ്. നിശാപാഠശാലയുടെ പ്രവർത്തനത്തോടെ മഞ്ജുനാഥറാവു കോഴിക്കോട്ടെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പ്രധാനനേതാവായി വളരുകയായിരുന്നു. സോഷ്യലിസത്തെക്കുറിച്ചും തൊഴിലാളിവർഗത്തെക്കുറിച്ചും റഷ്യൻവിപ്ലവത്തെക്കുറിച്ചുമെല്ലാമുള്ള ക്ലാസാണ് നിശാപാഠശാലയിൽ നടത്തിപ്പോന്നത്.

കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ 1934‐ലാണ് കാലിക്കറ്റ് ലേബർ യൂണിയൻ ആരംഭിക്കുന്നത്. വിവിധ തൊഴിൽശാലകളുടെ മുമ്പിൽച്ചെന്നുനിന്ന് ജോലികഴിഞ്ഞുപോകുന്ന തൊഴിലാളികളുമായി കൃഷ്ണപിള്ളയും എ.കെ.ജി.യും സംസാരിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച നോട്ടീസ് നൽകും. അങ്ങനെ ഏറെ നാളത്തെ ശ്രമത്തിനുശേഷമാണ് 17 തൊഴിലാളികളെ സംഘടിപ്പിക്കാനും ലേബർ യൂണിയൻ രൂപീകരിക്കാനും സാധിച്ചത്. അടുത്തപടിയായി ഓട്ടുകമ്പനി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയനുണ്ടാക്കുകയായിരുന്നു. 1935 ജനുവരിയിൽ നടന്ന യൂണിയൻ രൂപീകരണയോഗത്തിൽ കെ.കേളപ്പനാണ് അധ്യക്ഷത വഹിച്ചത്. യോഗത്തിൽ പങ്കെടുത്തതിന്റെ പേരിൽ 25 തൊഴിലാളികളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിടലിനെതിരെയും വിവിധ ആനുകൂല്യങ്ങൾക്കുമായി ഓട്ടുകമ്പനി തൊഴിലാളികൾ 1935 ഏപ്രിൽ നാലിന് പണിമുടക്കാരംഭിച്ചു. തൊഴിലാളികൾ ആഴ്ചയിൽ 60 മണിക്കൂർ ജോലിചെയ്യണമെന്നത് 54 മണിക്കൂറാക്കാൻ ഇതിനിടെ ഔദ്യോഗികമായി ഉത്തരവുണ്ടായിരുന്നു. എന്നാൽ ഉടമകൾ ആ ഉത്തരവ് ദുർവ്യാഖ്യാനംചെയ്ത് വേതനം ആറുദിവസത്തേതിന് പകരം അഞ്ചരദിവസത്തേതാക്കി വെട്ടിക്കുറച്ചു. ഇതിനെതിരെ തൊഴിലാളികൾ സമരത്തിനൊരുങ്ങിക്കൊണ്ടിരിക്കെയാണ് മലബാർ ഓട്ടുകമ്പനിയിലെ രണ്ടു തൊഴിലാളികളെ യൂണിയനിൽ ചേർന്നുവെന്നതിന്റെ പേരിൽ പിരിച്ചുവിട്ടത്. ഈ സംഭവങ്ങളിൽ പ്രതിഷേധിച്ച് കെ.പി.ഗോപാലൻ മലബാർ ടൈൽ കമ്പനിക്ക് സമീപം നിരാഹാരസമരമാരംഭിച്ചു. കോഴിക്കോടിനെ മാത്രമല്ല മലബാറിനെയാകെ പിടിച്ചുകുലുക്കുന്ന സമരമായി, മുന്നേറ്റമായി അത് വളർന്നു. നിരാഹാരം 10 ദിവസം നീണ്ടുനിന്നു. കൃഷ്ണപിള്ള, എ.കെ.ജി., സർദാർ ചന്ദ്രോത്ത് തുടങ്ങിയ നേതാക്കൾക്കൊപ്പം മഞ്ജുനാഥറാവുവും സമരത്തിന് നേതൃത്വംനൽകി. ഈ സമരത്തെ തുടർന്ന് ഫറോക്കിലെ ഓട്ടു കമ്പനികൾ, കോഴിക്കോട്ടെ പ്രസ്സുകൾ, സോപ്സ് തുടങ്ങിയ തൊഴിൽശാലകളിലെല്ലാം സമരങ്ങളുണ്ടായി. കൃഷ്ണപിള്ളയ്‌ക്കും കെ.പി.ക്കും മഞ്ജുനാഥറാവുവിനുമെതിരെ കേസുകൾ ചാർജുചെയ്യപ്പെട്ടു. തൊഴിൽസമരം 54 മണിക്കൂറായി കുറച്ചതിനെ ദുർവ്യാഖ്യാനംചെയ്ത് അരദിവസത്തെ വേതനം തടഞ്ഞ നടപടി സമരത്തെ തുടർന്ന് പിൻവലിക്കപ്പെട്ടു. പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ തിരിച്ചെടുത്തു.

ഈ ഘട്ടത്തിലും കേരളത്തിലാകെ വ്യാപിച്ചുപ്രവർത്തിക്കാൻ നേതൃത്വംനൽകുന്ന ഒരു കേന്ദ്ര ട്രേഡ് യൂണിയൻ പ്രസ്ഥാനം രൂപപ്പെട്ടുവന്നിരുന്നില്ല. 1935 മെയ് 27ന് കോൺഗ്രസ് സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം സമ്മേളനം കോഴിക്കോട്ട് നടക്കുന്നതിന്റെ ഭാഗമായി തലേദിവസം അഖിലകേരളതൊഴിലാളി സമ്മേളനം നടത്തി. അന്ന് കേരളത്തിലാകെ പ്രവർത്തിക്കുന്നതായി 16 തൊഴിലാളി യൂണിയനുകളാണുണ്ടായിരുന്നത്. അവയെ പ്രതിനിധീകരിച്ച് എൻ.സി.ശേഖർ, കെ.കെ.വാര്യർ, പി.എസ്. നമ്പൂതിരി, കെ.പി.ഗോപാലൻ, പി.കെ.ബാലൻ, എ.കെ.ഗോപാലൻ, മഞ്ജുനാഥറാവു, ആർ.സുഗതൻ തുടങ്ങിയവരാണ് സമ്മേളിച്ചത്. സമ്മേളനം പി.കൃഷ്ണപിള്ള സെക്രട്ടറിയായി അഖിലകേരള തൊഴിലാളി സംഘടന രൂപീകരിച്ചു. സമ്മേളനത്തിൽ ബോംബെയിലെ ടി.യു നേതാവും എം.എൻ.റോയിയുടെ അനുയായിയുമായ മിസ് മണിബെൻ കാരയാണ് അധ്യക്ഷത വഹിച്ചത്. അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന എ.ഐ.ടി.യു.സി.യുടെ ഘടകമെന്നനിലയിൽ അഖിലകേരള ട്രേഡ് യൂനിയനായി അത് വികസിക്കാൻ പിന്നെയും രണ്ടുവർഷമെടുത്തു. 1937‐ൽ കോഴിക്കോട്ട് എസ്.എ.ഡാങ്കെയുടെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളി സമ്മേളനത്തിൽ പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുത്തു. ചെങ്കൊടിയേന്തിക്കൊണ്ടുളള പ്രകടനമാണ് നടന്നത്. കേരളത്തിൽ ചെങ്കൊടിയുടെ കരുത്തുതെളിയിച്ച ആദ്യസമ്മേളനം. അടുത്തവർഷം തൃശൂരിലും പിന്നീട് ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലും സമ്മേളനം നടന്നു. 1938ലെ ആ സമ്മേളനത്തിൽ എൻ.സി.ശേഖർ സെക്രട്ടറിയായി തിരുവിതാംകൂറിലെ യൂണിയൻ നേതാക്കളായ പി.എൻ.കൃഷ്ണപിള്ള, ആർ.സുഗതൻ, കൊച്ചിയിലെ പി.ഗംഗാധരൻ, മലബാറിലെ പി.കൃഷ്ണപിള്ള എന്നിവർ പ്രാതിനിധ്യരീതിയിൽ അംഗങ്ങളായ സംസ്്ഥാനസിമിതി രൂപീകരിച്ചു. ഇതാണ് എ.ഐ.ടി.യു.സി. കേന്ദ്രനേതൃത്വം അംഗീകരിച്ച ആദ്യത്തെ എ.ഐ.ടി.യു.സി. കേരളഘടകം.

വിദ്യാർഥിപ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്ന കല്ലാട്ട് കൃഷ്ണൻ ഫറോക്കിലെയും തിരുവണ്ണൂരിലെയും ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ കൃഷ്ണപിള്ളയുടെയും മഞ്ജുനാഥറാവുവടക്കമുള്ളവരുടെയും പ്രധാന സഹായിയായിരുന്നു. കണ്ണൂരിൽനിന്നുള്ള എ.വി.കുഞ്ഞിരാമൻനായരാണ് അക്കാലത്തെ കോഴിക്കോട്ടെ ട്രേഡ്‌ യൂണിയൻ ഓഫീസിന്റെ ചുമതല നിർവഹിച്ചത്.

എ.കെ.എസ്.എഫിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്ന കല്ലാട്ട് തന്റെ നാടായ തലശ്ശേരിക്കടുത്ത് പിണറായിയിൽ 1939 ഡിസംബറിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണസമ്മേളനത്തിൽ വോളന്റിയറായി പ്രവർത്തിച്ചു. പാറപ്രം സമ്മേളനത്തോടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ കല്ലാട്ട് 1940 ആദ്യംതന്നെ ഒളിവിൽപോയി. എന്നാൽ ഏതാനും മാസത്തിനകം അറസ്റ്റിലായി. ഒരു വർഷത്തിനുശേഷം ജയിൽമോചിതനായതോടെ ട്രേഡ് യൂണിയൻ രംഗത്ത് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർട്ടി നിയോഗിക്കുകയായിരുന്നു. ദക്ഷിണ റെയിൽവേ ജീവനക്കാരുടെ യൂണിയന്റെ പ്രധാന നേതാക്കളിലൊരാളായി ഇക്കാലത്ത് പ്രവർത്തിച്ചു. 1946ൽ ജോലിസ്ഥിരതയ്‌ക്കുവേണ്ടി റെയിൽവേ തൊഴിലാളികൾ നടത്തിയ സമരത്തിന് നേതൃത്വനൽകി. ആ പ്രവർത്തനത്തിനിടയിൽ 1947 ജനുവരി ആദ്യം വീണ്ടും അറസ്റ്റിലായി. സ്വാതന്ത്ര്യപ്രഖ്യാപനത്തിന് രണ്ടുദിവസം മുമ്പാണ് ജയിൽമോചിതനായത്. 1948ൽ കൊൽക്കത്താ തീസിസിനെ തുടർന്ന്് ഒളിവിൽപോയ കല്ലാട്ട് 1951‐ലാണ് പുറത്തുവന്നത്. ഒളിവിലായിരുന്ന് ഇ.എം.എസ്. അടക്കമുള്ളവർ പുറത്തുവന്ന് പരസ്യപ്രവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗൺഹാളിൽ നടത്തിയ സമ്മേളനത്തിലാണ് കല്ലാട്ടും പ്രത്യക്ഷപ്പെട്ടത്.

കല്ലാട്ടിന്റെ വിവാഹം കേരളത്തിലെ സാമൂഹ്യചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. ബ്രാഹ്മണസമുദായത്തിൽ വിവാഹവിപ്ലവത്തിന് തുടക്കംകുറിച്ച ചളവറയിലെ ഇട്ട്യാംപറമ്പത്ത്് മനയിലെ പ്രിയദത്തയെ തിയ്യസമുദായാംഗമായ കല്ലാട്ട് കൃഷ്ണൻ വിവാഹം കഴിക്കുന്നു. കമ്യൂണിസ്റ്റുകാരനായ കല്ലാട്ട് പാർട്ടിയുടെ മേലുള്ള നിരോധനത്തിന് അയവുവന്നപ്പോൾ പുറത്തിറങ്ങിയതാണ്. പ്രിയദത്ത കമ്യൂണിസ്റ്റ്് നേതാവായ ഐ.സി.പി. നമ്പൂതിരിയുടെ ഇളയ സഹോദരിയാണ്. നമ്പൂതിരി സമുദായത്തിലെ വിധവാവിവാഹം നടത്തി വിവാഹവിപ്ലവത്തിന് തുടക്കംകുറിച്ച കുടുംബമാണ് ഇട്ട്യാംപറമ്പത്ത് മന. നിരോധനഘട്ടത്തിൽ ഐ.സി.പിക്കൊപ്പം ചെറുതുരുത്തിയിലും കിള്ളിമംഗലത്തുമൊക്കെ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. പ്രിയദത്ത കല്ലാട്ടിനെ പ്രണയിക്കുന്ന കാര്യം ഐ.സി.പി.യുടെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. എന്നാൽ കല്ലാട്ട്്് ഇ.എം.എസ്. അടക്കമുള്ളവരോട് കാര്യം പറഞ്ഞിരുന്നു. അങ്ങനെ പാർട്ടി നിരോധനത്തിൽനിന്ന്് പുറത്തുവന്ന ഉടനെ കല്ലാട്ടും പ്രിയദത്തയുമായുള്ള വിവാഹം നടന്നു. പ്രിയദത്ത കോഴിക്കോട്ട് സഹകരണ ബാങ്കിൽ ജീവനക്കാരിയായിരുന്നു. കെ.കേളപ്പൻ, ഇ.എം.എസ്., വി.ടി.ഭട്ടതിരിപ്പാട് എന്നിവരെല്ലാം വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തെക്കുറിച്ച്‌ പിന്നീട് മാത്രമാണറിഞ്ഞതെങ്കിലും പ്രിയദത്തയുടെ (തത്തക്കുട്ടി) മാതാപിതാക്കൾ അതൊരു പ്രശ്നമായെടുക്കാതെ കല്ലാട്ടിന്റെ വീട്ടിൽ പോയി മകളെയും ഭർത്താവിനെയും ആശിർവദിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 1 =

Most Popular