Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിനിർമിത ബുദ്ധിയും 
തൊഴിലും

നിർമിത ബുദ്ധിയും 
തൊഴിലും

പ്രൊഫ. പ്രഭാത് പട്നായക്

ങ്ങൾക്കുപകരം നിർമിതബുദ്ധിയെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ പണിമുടക്കിയ ഹോളിവുഡിലെ തിരക്കഥാ രചയിതാക്കൾ ഉന്നയിച്ചത് മൗലികമായ ഒരു വിഷയമാണ്. ആ സംഘർഷത്തിന് പരിഹാരമായതോടെ ആ വിഷയം പിന്നണിയിലേക്ക് മാറിയെങ്കിലും അതിപ്പോഴും മൗലികമായ ഒന്നു തന്നെയാണ്. നിർമിത ബുദ്ധിയുടെ അവതരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്; എന്നാൽ ഇവിടെ നമ്മെ ഉത്ക്കണ്ഠപ്പെടുത്തുന്ന കാര്യം അതു സൃഷ്ടിക്കുന്ന വലിയ തോതിലുള്ള തൊഴിലില്ലായ്മയാണ്.

മുതലാളിത്ത വ്യവസ്ഥയ്ക്കുകീഴിൽ നിർമിത ബുദ്ധി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സവിശേഷമായ പ്രശ്നമാണിത്; എന്നാൽ ഇന്ന് മുതലാളിത്തമാണ് ലോകത്തിലെ ഏറെ ഭാഗങ്ങളിലും നിലനിൽക്കുന്നത്; അതുകൊണ്ടുതന്നെ തൊഴിലാളിവർഗത്തിനുനേരെ നിർമിതബുദ്ധിയുടെ പ്രയോഗം ഉയർത്തുന്ന ഭീഷണി അതീവ ഗൗരവമുള്ളതുതന്നെയാണ്. സോഷ്യലിസ്റ്റ് സമൂഹത്തെ പോലെയുള്ള, ജോലി പങ്കുവെയ്ക്കുകയും ഉൽപന്നം പങ്കുവെയ്ക്കുകയും ചെയ്യുന്ന നെെതികതയുള്ള സമൂഹത്തിലാണെങ്കിൽ മനുഷ്യന്റെ അധ്വാനഭാരം ലഘൂകരിക്കുന്ന നിർമിത ബുദ്ധി കൊണ്ടുവരുന്നതിനെ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന അടിസ്ഥാനത്തിൽ എതിർക്കാൻ കഴിയില്ല; അതിനെതിരെ ഉയർന്നുവരുന്ന ധാർമികവും മറ്റുമായ തരത്തിലുള്ള ഏത് എതിർപ്പും തള്ളിക്കളയാവുന്നതാണ്; എന്നാൽ മുതലാളിത്ത സമൂഹത്തിന്റെ പ്രവർത്തന രീതി ജോലി പങ്കുവയ്ക്കുന്നതോ ഉൽപന്നം പങ്കിട്ടെടുക്കുന്നതോ അല്ല.

ലളിതമായ ഒരുദാഹരണം കൊണ്ട് ഇക്കാര്യത്തിൽ മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാൻ കഴിയും. നിർമിത ബുദ്ധിയുടെയോ അതിനായുള്ള മറ്റേതെങ്കിലും അധ്വാനം ലഘൂകരിക്കുന്ന നൂതന സംവിധാനത്തിന്റെയോ സഹായത്തോടെ അതിനുമുൻപ് ആവശ്യമായിരുന്നതിന്റെ പകുതി അധ്വാനശക്തികൊണ്ട് 100 ഉൽപന്നം ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് സങ്കൽപിക്കുക; അപ്പോൾ മുൻപത്തെ 100 തൊഴിലാളികളുടെ സ്ഥാനത്ത് പുതിയ സാഹചര്യത്തിൽ 50 തൊഴിലാളികളെക്കൊണ്ട് അത്രയും ഉൽപാദനം നടത്താൻ കഴിയുന്നു. സോഷ്യലിസ്റ്റ് സമൂഹത്തിലാണെങ്കിൽ ഓരോ തൊഴിലാളിയും അയാൾ അല്ലെങ്കിൽ അവൾ മുൻപു ചെയ്തിരുന്നതിന്റെ പകുതി സമയം ജോലി ചെയ്താൽ മതിയാകും; എന്നാൽ അവർക്ക് മുൻപു ലഭിച്ചിരുന്ന അതേ കൂലി നിരക്കു തന്നെ ലഭിക്കുകയും ചെയ്യും. അങ്ങനെ അധ്വാനം ലഘൂകരിക്കുന്ന നൂതന കണ്ടുപിടുത്തത്തിന്റെ പ്രയോജനം ഓരോ തൊഴിലാളിക്കും ലഭിക്കുന്ന വിശ്രമ സമയം വർധിക്കുന്നുവെന്നതാണ്; എന്നാൽ അതേസമയം തന്നെ അയാൾക്കോ അവൾക്കോ മുൻപു ലഭിച്ചിരുന്ന അത്ര തന്നെ ചരക്കുകളും സേവനങ്ങളും ലഭ്യമാവുകയും ചെയ്യുന്നു.

മറ്റൊരു വിധത്തിൽ നോക്കിയാൽ, 100 പേരടങ്ങുന്ന മൊത്തം തൊഴിൽസേനയും മുൻപത്തെ അത്ര തന്നെ സമയം ജോലി ചെയ്യുകയും അതേസമയം ഇരട്ടി ഉൽപന്നം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു; നേരത്തെ ലഭിച്ചിരുന്നതിനെക്കാൾ കൂടുതൽ വിശ്രമസമയം ഉണ്ടാവില്ല; എന്നാൽ മുൻപു ലഭിച്ചിരുന്നതിന്റെ ഇരട്ടി കൂലി നിരക്ക് ലഭിക്കും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സോഷ്യലിസ്റ്റ് സമൂഹത്തിൽ ഓരോ യൂണിറ്റ് ഉൽപാദനത്തിനും ആവശ്യമായ അധ്വാനത്തിന്റെ അളവ് പകുതിയാക്കുന്നതാവും പുതിയ ഓരോ കണ്ടുപിടുത്തവും; അത് തൊഴിലാളികളെ കൂടുതൽ സന്തുഷ്ടരാക്കും; ഒന്നുകിൽ അത് മുൻപു ലഭിച്ചിരുന്നത്ര ചരക്കുകളും സേവനങ്ങളും ലഭിക്കുന്നതിനൊപ്പം കൂടുതൽ വിശ്രമ സമയം ലഭിക്കുന്നതാകും അല്ലെങ്കിൽ മുൻപു ചെയ്തിരുന്ന അത്ര തന്നെ പണിയെടുക്കുമ്പോൾ കൂടുതൽ ചരക്കുകളും സേവനങ്ങളും ലഭിക്കുന്നു.

എന്നാൽ, മുതലാളിത്ത സമൂഹത്തിൽ അധ്വാനം ലഘൂകരിക്കുന്നതിനുള്ള ഇത്തരം ഏതു കണ്ടുപിടിത്തവും ഉടൻ തന്നെ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുന്നതിന് ഇടയാക്കും; മുൻപ് നമ്മൾ പറഞ്ഞ ഉദാഹരണത്തിലെ കാര്യം തന്നെ നോക്കാം: പുതിയ സംവിധാനങ്ങൾ കൊണ്ടുവരുന്നതിലൂടെ ചെലവ് കുറയ്ക്കുന്നതിനും ലാഭം വർധിപ്പിക്കുന്നതിനുമായി ഉടൻ തന്നെ 50 തൊഴിലാളികളെ സ്ഥാപനത്തിൽനിന്നും പുറത്താക്കുന്നു; അങ്ങനെ പുതുതായി തൊഴിൽരഹിതരാകുന്ന 50 പേരും കൂടി ചേർന്ന് തൊഴിലാളികളുടെ കരുതൽ സേനയുടെ എണ്ണം വർധിപ്പിക്കുന്നു; അത് തൊഴിലാളികളുടെ വിലപേശൽ ശക്തിയെ ക്ഷയിപ്പിക്കുന്നു; കൂലി നിരക്ക് ഒരു കാരണവശാലും വർധിക്കില്ലെന്നു മാത്രമല്ല, അതു കുറയാനും സാധ്യതയുണ്ട്. ആയതിനാൽ മുതലാളിത്തത്തിൻകീഴിൽ അധ്വാനം ലഘൂകരിക്കുന്ന കണ്ടുപിടുത്തങ്ങൾ ലഭ്യമാകുന്നത് തൊഴിലാളികളുടെ അവസ്ഥ കൂടുതൽ വഷളാകുന്നതിനിടയാക്കുന്നു – ഒരു വശത്ത് അതു തൊഴിലില്ലായ്മ വർധിപ്പിക്കുന്നു; മറുവശത്ത് യഥാർഥ കൂലി കുറയ്ക്കുകയും ചെയ്യുന്നു. മനുഷ്യൻ കഠിനാധ്വാനം ചെയ്യുന്നത് ലഘൂകരിക്കുന്നതിനും മനുഷ്യന്റെ സന്തോഷം വർധിപ്പിക്കുന്നതിനും സാധ്യതയുള്ള ഒരു കണ്ടുപിടുത്തം (സോഷ്യലിസത്തിൻകീഴിലാണെങ്കിൽ യഥാർഥത്തിൽ സ്ഥിതി ഇങ്ങനെ തന്നെയായിരിക്കും) മുതലാളിത്തത്തിൻ കീഴിൽ തൊഴിലാളികളുടെ അവസ്ഥ കൂടുതൽ ദുരിതപൂർണമാകുന്നതിനിടയാക്കും. അതുകൊണ്ട് മുതലാളിത്ത സാമൂഹിക ക്രമത്തിനുള്ളിൽ നിർമിത ബുദ്ധി കൊണ്ടുവരുന്നത് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വിനാശകരമായിരിക്കും ഫലം.

ഈ രീതിയിൽ വാദിക്കുന്നത് ലുഡെെറ്റുകളുടെ തെറ്റായ വാദഗതികൾ പിന്തുടരുന്നതുപോലെയാകും; യന്ത്രങ്ങൾ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന്, തൊഴിലില്ലായ്മ വർധിപ്പിക്കുമെന്ന് കരുതിയ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ ബ്രിട്ടനിലെ തുണിമിൽ തൊഴിലാളികളുടെ ഒരു സംഘമായ ലുഡെെറ്റുകൾ യന്ത്രങ്ങളെ തല്ലിത്തകർക്കുകയാണുണ്ടായത്. എന്നാൽ യന്ത്രങ്ങൾ തൊഴിലില്ലായ്മക്ക് കാരണമാകുന്നുവെന്ന ലുഡെെറ്റുകളുടെ വാദം തെറ്റാണെന്ന് പറയാനാവില്ല; പക്ഷേ, മുതലാളിത്തംമൂലം ഉയർന്നുവരുന്ന ഒരു പ്രതിഭാസമാണിത് എന്ന് ലുഡെെറ്റുകൾക്ക് കാണാനായില്ല. സാങ്കേതികവിദ്യക്ക് സഹജമായുള്ളതും അതു കാരണമുണ്ടാകുന്നതുമായ ഒന്നായിട്ടാണ് തൊഴിലില്ലായ്മയെന്ന സാമൂഹിക പ്രതിഭാസത്തെ അവർ തെറ്റായി കണ്ടത്; എന്നാൽ ആ പ്രതിഭാസത്തെ അവർ തിരിച്ചറിഞ്ഞത് തെറ്റല്ല, പക്ഷേ അതിന്റെ കാരണത്തെ കണ്ടെത്തുന്നതിലാണ് അവർക്ക് പിശകു പറ്റിയത്. അതേസമയം, തൊഴിൽ ലഭ്യതയ്ക്ക് യന്ത്രങ്ങൾ ഗുണകരമാകുമെന്ന് പറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞർ സെെദ്ധാന്തികമായി തെറ്റായ നിലപാടാണ് സ്വീകരിച്ചത്.

ഡേവിഡ് റിക്കാർഡോ ആയിരുന്നു ഈ സാമ്പത്തിക ശാസ്ത്രജ്ഞരിൽ പ്രമുഖൻ. തൊഴിലാളികളുടെ സ്ഥാനത്ത് യന്ത്രങ്ങളെ കൊണ്ടുവരുന്നത് തൽക്കാലം കുറേപ്പേർ കൂടി തൊഴിൽരഹിതരാക്കുമെന്നുണ്ടെങ്കിലും അത് പരിഹരിക്കാനാകുമെന്നാണ് അദ്ദേഹം വാദിച്ചത്. കൂലി എപ്പോഴും കഷ്ടിച്ച് ജീവിച്ചുപോകാൻവേണ്ട തലത്തിൽനിന്ന് മാറില്ലെന്നതാണ് അദ്ദേഹത്തിന്റെ വാദം. യന്ത്രങ്ങൾ വരുന്നതോടെ ലാഭത്തിന്റെ മാർജിൻ വർധിക്കുകയും തന്മൂലം ലാഭനിരക്ക് ഉയരുകയും ചെയ്യും. മുതലാളിത്ത സമ്പദ്ഘടനയിൽ ഒരിക്കലും മൊത്തം ഡിമാൻഡിൽ കുറവുണ്ടാവില്ലെന്ന സേയുടെ നിയമത്തിൽ വിശ്വസിച്ചിരുന്നയാളാണ് റിക്കാർഡൊ; അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വാദിച്ചത് മൊത്തം കൂലിയും ചെലവാക്കുകയും ചെലവാക്കാത്ത ലാഭമാകെ സമ്പാദ്യമാക്കുകയും അത് നിക്ഷേപിക്കുകയും ചെയ്യുമ്പോൾ ലാഭനിരക്കിലുണ്ടാകുന്ന വർധനവ് നിക്ഷേപ നിരക്ക് വർധിക്കുന്നതിനിടയാക്കുമെന്നാണ്; അതായത്, മൂലധനത്തിന്റെ വളർച്ചാനിരക്ക് വർധിക്കുമെന്നാണ്; ആയതിനാൽ ഉൽപ്പാദനത്തിന്റെയും തൊഴിലിന്റെയും വളർച്ചാനിരക്കും വർധിക്കുമെന്നും അദ്ദേഹം വാദിച്ചു.

യന്ത്രങ്ങൾ വരുന്നത് തൽക്കാലത്തേക്ക് കുറച്ച് തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെങ്കിലും അത് തൊഴിൽ വളർച്ചാനിരക്കും ഉയർത്തുമെന്നും അതിനാൽ കുറച്ചുകാലം കഴിയുമ്പോൾ താൽക്കാലികമായി പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിലില്ലായ്മ ഇല്ലാതാവുമെന്നു മാത്രമല്ല യന്ത്രങ്ങളുടെ വരവിന് മുൻപുണ്ടായിരുന്നതിനെക്കാൾ കൂടുതൽ തൊഴിൽ വളർച്ചയുണ്ടാകുമെന്നുമാണ് ഇതിന്റെ അർഥം. അതായത്, യന്ത്രങ്ങൾ തൽക്കാലത്തേക്ക് തൊഴിലില്ലായ്മ വർധിപ്പിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ യന്ത്രങ്ങളുടെ അഭാവത്തിൽ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ഉയർന്ന തൊഴിലവസരങ്ങൾ ഉണ്ടാകുന്നതിന് യന്ത്രങ്ങൾ ഇടയാക്കുമെന്നും വാദിക്കപ്പെട്ടു.

യന്ത്രങ്ങൾ കൊണ്ടുവരുന്നത് തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന ട്രേഡ് യൂണിയനുകളുടെ വാദത്തെ എതിരിടാനുള്ള മുഖ്യ ആശയമായി റിക്കാർഡോയുടെ വാദഗതികളാണ് ഇപ്പോഴും നിലനിൽക്കുന്നത്; എന്നാൽ വ്യക്തമായ രണ്ടു കാരണങ്ങളാൽ ഈ വാദഗതി തെറ്റാണ്. ഒന്നാമത്തേത് ഇതു സൂചിപ്പിക്കുന്നത് ഒരൊറ്റ പ്രാവശ്യം യന്ത്രം കൊണ്ടുവരുന്നതിനെയാണ്; യന്ത്രം കൊണ്ടുവരുന്നത് (അഥവാ അധ്വാനം ലഘൂകരിക്കാനുള്ള കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കുന്നത്) നിരന്തരമുണ്ടാകുന്ന പ്രക്രിയയാണെങ്കിൽ, ഇങ്ങനെ ഓരോ തവണ യന്ത്രങ്ങൾ കൊണ്ടുവരുമ്പോഴും അതുമൂലമുണ്ടാകുന്ന തൊഴിലില്ലായ്മയും തലമുറകളിലേക്ക് കെെമാറി വരുന്ന ഒരു നിരന്തര പ്രക്രിയയായിരിക്കും; അങ്ങനെയാകുമ്പോൾ തുടക്കത്തിലുണ്ടായിരുന്നതിനെക്കാൾ ഉയർന്ന തൊഴിൽ ലഭ്യത യന്ത്രങ്ങൾ മൂലമുണ്ടാകുമെന്ന വാഗ്ദാനം യാഥാർഥ്യമാകുന്ന ദിനം വിദൂര ചക്രവാളത്തിൽപോലും വരാനുള്ള സാധ്യതയില്ല. എത്രകാലം കാത്തിരുന്നാലും യഥാർഥത്തിലുള്ള തൊഴിൽ വളർച്ച യന്ത്രങ്ങൾ നിരന്തരം കൊണ്ടുവരുന്നതിനുമുമ്പ് ഉണ്ടായിരുന്നതിലും കുറവുതന്നെ ആയിരിക്കും.

എന്നാൽ, ചുവടെ ചേർക്കുന്ന കാര്യവുമായി ബന്ധപ്പെട്ടതാണ് കൂടുതൽ പ്രാധാന്യമുള്ള ഒരു സംഗതി: മുതലാളിമാർ നിക്ഷേപം നടത്തുന്നത് വിപണി വിപുലപ്പെട്ട് വരുമെന്ന് അവർ പ്രതീക്ഷിക്കുമ്പോഴാണ്; മറിച്ച് ലാഭത്തിന്റെ മാർജിൻ കണ്ടുകൊണ്ടല്ല. അതിനാൽ അധ്വാന ലഘൂകരണംമൂലം തൊഴിലാളികളുടെ കൂലിച്ചെലവ് കുറയുന്നതുമൂലമായിരിക്കും ലാഭനിരക്ക് കൂടുന്നത്. യന്ത്രങ്ങൾ കൊണ്ടുവന്ന കാലഘട്ടത്തെ ഇപ്പോൾ നമുക്കൊന്ന് പരിശോധിക്കാം. റിക്കാർഡൊ തന്നെ സമ്മതിക്കുന്നതുപോലെ തൽക്കാലം തൊഴിലവസരങ്ങൾ കുറയും; യഥാർഥ കൂലി കഷ്ടിച്ച് ജീവിച്ചുപോകാൻ പറ്റുന്ന തരത്തിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്നതിനാൽ കൂലിച്ചെലവും അതുകൊണ്ടുതന്നെ തൊഴിലാളികളുടെ ഉപഭോഗവും യന്ത്രങ്ങൾ കൊണ്ടുവരാതിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നതിലും കുറഞ്ഞുവരും; മുതലാളിമാരാകട്ടെ, തങ്ങളുടെ ലാഭത്തിന്റെ ചെറിയൊരു വിഭാഗം മാത്രമേ ഉപഭോഗത്തിനായി വിനിയോഗിക്കൂ (വാസ്തവത്തിൽ, കൂടുതൽ വ്യക്തതയ്ക്കുവേണ്ടി വേണമെങ്കിൽ അവർ തങ്ങളുടെ ലാഭമാകെ സമ്പാദ്യമാക്കി മാറ്റുമെന്ന് നമുക്ക് പരിഗണിക്കാം). ആയതിനാൽ ആ കാലഘട്ടത്തിൽ സമ്പദ്ഘടനയിലെ മൊത്തം ഉപഭോഗത്തിൽ ഇടിവുണ്ടാകും; അപ്പോൾ നിക്ഷേപം വർധിക്കാതിരിക്കുന്നത് എന്തുകൊണ്ടെന്നറിയാൻ മറ്റു കാരണങ്ങളൊന്നും തേടേണ്ടതില്ല. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിലെ മൊത്തം ഡിമാൻഡിലും തന്മൂലം ഉൽപ്പാദനത്തിലും ഇടിവുണ്ടാകുമെന്ന് വരുന്നു. അത്തരമൊരവസ്ഥയിൽ റിക്കാർഡോ പറഞ്ഞതുപോലെ നിക്ഷേപവളർച്ച മുൻപുണ്ടായിരുന്നതിനെക്കാൾ വർധിക്കുന്നതിനുപകരം കുറയുകയാണുണ്ടാവുക. അതുകൊണ്ടുതന്നെ തൊഴിലവസരങ്ങളുടെ വളർച്ചയും കുറയും.

അതുകൊണ്ട് യന്ത്രങ്ങൾ കൊണ്ടുവരുന്നത് ദീർഘകാലാടിസ്ഥാനത്തിലാണെങ്കിലും ഹ്രസ്വകാലത്തേക്കാണെങ്കിലും തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന പഴയവാദം, തൊഴിലാളികൾ ഉയർത്തുന്ന വാദം ഇപ്പോഴും പ്രസക്തം തന്നെയാണ്. എന്നാൽ എന്തുകൊണ്ടാണ് റിക്കാർഡോയ്ക്കെതിരായ നമ്മുടെ വാദം നിർദേശിക്കുന്നതുപോലെ യന്ത്രങ്ങളുടെ വരവുമൂലം യൂറോപ്പിൽ യഥാർഥത്തിൽ തൊഴിലില്ലായ്മ ക്രമാനുഗതമായി വർധിക്കാതിരുന്നത്? ഇതിന് വ്യക്തമായ രണ്ട് കാരണങ്ങളുണ്ട്: അതിൽ ഒന്ന്, യൂറോപ്പിൽനിന്ന് ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്കുണ്ടായ വൻതോതിലുള്ള കുടിയേറ്റമാണ്; അവിടങ്ങളിലെത്തിയ കുടിയേറ്റക്കാർ തദ്ദേശവാസികളെ ആട്ടിയോടിക്കുകയും അവരുടെ ഭൂമി കെെവശപ്പെടുത്തുകയും ചെയ്തു. ഇതാണ് യൂറോപ്യൻ സമ്പദ്ഘടനകളിൽ തൊഴിലില്ലായ്മ കുറഞ്ഞ നിൽക്കാനും അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നതിനെക്കാൾ കൂലിനിരക്ക് ഉയരുന്നതിനും ഇടയാക്കിയത്. ഡബ്ല്യു ആർതർ ലെവിസിന്റെ അഭിപ്രായത്തിൽ ‘‘ദെെർഘ്യമേറിയ പത്തൊൻപതാം നൂറ്റാണ്ടി’’ൽ 5 കോടി യൂറോപ്യന്മാരാണ് കാനഡയിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും ന്യൂസിലണ്ടിലേക്കും ദക്ഷിണാഫ്രിക്കയിലേക്കുമായി കുടിയേറിയത്; ഒന്നാം ലോകയുദ്ധത്തിനു മുൻപും പത്തൊൻപതാം നൂറ്റാണ്ടാകെയുമുള്ള നീണ്ടകാലഘട്ടത്തെയാണ് ‘‘ദെെർഘ്യമേറിയ നൂറ്റാണ്ട്’’ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.

യൂറോപ്പിൽ തൊഴിലില്ലായ്മ അത്രയേറെ രൂക്ഷമാകാതിരുന്നതിനുള്ള രണ്ടാമത്തെ കാരണം ഇന്ത്യയെയും ചെെനയെയും പോലെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കോളനികളിലെയും അർധകോളനികളിലെയും മുതലാളിത്ത പൂർവ കമ്പോളങ്ങളിലേക്ക് യൂറോപ്പിൽനിന്നുള്ള ചരക്കുകൾ വിൽപ്പനയ്ക്കെത്തിച്ചതും അവിടെ ഉണ്ടായിരുന്ന തദ്ദേശീയരായ കെെത്തൊഴിലുകാരെ അവരുടെ തൊഴിലിൽനിന്നും പറിച്ചെറിഞ്ഞതും. ഇതു വലിയ തോതിലുള്ള തൊഴിലില്ലായ്മ കയറ്റി അയയ്ക്കലായിരുന്നു. യൂറോപ്പിൽനിന്നുള്ള ചരക്കുകളുടെ കയറ്റുമതി ഈ മുതലാളിത്ത പൂർവ സമ്പദ്ഘടനകളിലെ ‘‘അപവ്യവസായവൽക്കരണ’’ത്തിനു കാരണമാവുകയും തന്മൂലം അവയിൽ തൊഴിലില്ലായ്മക്കിടയാക്കുകയും ചെയ്തതിനു സമാന്തരമായി യൂറോപ്പിനുള്ളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണുണ്ടായത്.

വികസിത രാജ്യങ്ങളിലെ മുതലാളിത്തത്തിന് സാമ്രാജ്യത്വം നൽകിയ ഈ സവിശേഷമായ സേഫ്ടി വാൾവുകൾ മർദനപരവും ഒപ്പം അപലപനീയവുമാണ്; മാത്രമല്ല, ഈ സൗകര്യങ്ങൾ ഇപ്പോൾ വികസിതരാജ്യങ്ങളിലെ മുതലാളിത്തത്തിനുപോലും ലഭ്യമല്ല; അതാണവസ്ഥയെന്നിരിക്കെ, അവികസിത രാജ്യങ്ങളിലെ മുതലാളിത്തത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. വാസ്തവത്തിൽ, കെയ്ൻസ് ചിന്തിച്ചതുപോലെയുള്ള സർക്കാർ ചെലവഴിക്കൽപോലും മുതലാളിത്ത വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഡിമാൻഡ് സൃഷ്ടിക്കുന്നതാണ്; മുതലാളിത്ത പൂർവ കമ്പോളങ്ങൾ മുൻകാലത്ത് ചെയ്തതുപോലെയാണ് ഇതും; അങ്ങനെ സർക്കാർ ചെലവഴിക്കലിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡിമാൻഡ് വികസിത മുതലാളിത്ത രാജ്യങ്ങളിൽ ആഭ്യന്തരമായി തൊഴിലവസരങ്ങൾ വർധിപ്പിച്ചു; പക്ഷേ, നവലിബറൽ കാലത്ത് ഇതു നടക്കില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ ദീർഘകാലമായി തുടരുന്ന മുതലാളിത്ത പ്രതിസന്ധി. ഈ പശ്ചാത്തലത്തിൽ മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ നിർമിതബുദ്ധി വൻതോതിൽ കൊണ്ടുവരുന്നത് തൊഴിലില്ലായ്മ കുത്തനെ വർധിക്കുന്നതിനിടയാക്കും–വികസിത രാജ്യങ്ങളിലും അവികസിതരാജ്യങ്ങളിലും ഒരേപോലെയാകുമിത്. ഇത് ഇപ്പോൾ ശക്തമായി പ്രതികരിക്കുന്ന കലാകാരരുടെയും എഴുത്തുകാരുടെയും മാത്രം പ്രശ്നമല്ല, മറിച്ച് സാധാരണ തൊഴിലാളികളും ഭയാനകമായ അനന്തരഫലങ്ങൾ ഇതുമൂലം നേരിടുകയാണ്. അനുയോജ്യമായ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട്, ഈ ഭയാനകമായ അനന്തരഫലങ്ങൾ ഉണ്ടാകുന്നത് തടയാനായി, തൊഴിലാളികളുടെ ശക്തമായ സമരങ്ങൾ ഉയർന്നുവരേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. .

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + eight =

Most Popular