Sunday, July 14, 2024

ad

Homeകവര്‍സ്റ്റോറിരൂക്ഷമായ തൊഴിലില്ലായ്മയും 
രാഷ്ട്രീയ വെല്ലുവിളികളും

രൂക്ഷമായ തൊഴിലില്ലായ്മയും 
രാഷ്ട്രീയ വെല്ലുവിളികളും

ആർ രാംകുമാർ

മകാലിക ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വികസന പ്രശ്നം ഏത് എന്ന ചോദ്യത്തിന് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നത് തന്നെയാണ് ഉത്തരം. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ സാമൂഹ്യ മാധ്യമങ്ങളിൽ കറങ്ങി നടന്ന ഒരു തമാശയുണ്ടായിരുന്നു. ‘‘ഒരു അമേരിക്കക്കാരനും ജപ്പാൻകാരനും ഇന്ത്യക്കാരനും സംസാരിച്ചിരിക്കുകയായിരുന്നു. അമേരിക്കക്കാരൻ പറഞ്ഞു: ഞങ്ങളുടെ നാട്ടിൽ ഒരാൾക്ക് ഒരു കിഡ്നി ശസ്ത്രക്രിയ കഴിഞ്ഞു. വെറും 2 മണിക്കൂറിനുള്ളിൽ അയാൾ ജോലി അന്വേഷിച്ച് ഇറങ്ങി. അപ്പോൾ ജപ്പാൻകാരൻ പറഞ്ഞു: ഞങ്ങളുടെ നാട്ടിൽ ഒരാൾക്ക് ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു. വെറും 6 മണിക്കൂറിനുള്ളിൽ അയാൾ ജോലി അന്വേഷിച്ച് ഇറങ്ങി. അപ്പോൾ ഇന്ത്യക്കാരൻ പറഞ്ഞു: ഞങ്ങൾ ഒരാളെ ഒരു കസേരയിൽ ഒന്ന് ഇരുത്തിയതേയുള്ളൂ. ഉടൻ ഒരു രാജ്യം മുഴുവൻ ജോലി അന്വേഷിച്ച് ഇറങ്ങി’’.

ഒരു തമാശയെങ്കിലും ഇന്ത്യയിൽ ഇന്ന് കൊടികുത്തിവാഴുന്ന തൊഴിലില്ലായ്മയുടെ ദുരിതാവസ്ഥയെ ഇത് വരച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന എല്ലാ സർവേകളിലും സാമ്പത്തിക ദുരിതങ്ങളുടെ പ്രാധാന്യത്തെയാണ് വോട്ടർമാർ ഉയർത്തിക്കാട്ടിയത്. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് നാട്ടിലെ പ്രധാന പ്രശ്നങ്ങൾ എന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഇന്ത്യയിലെ വോട്ടർമാർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. മുൻ വർഷങ്ങളിലെ പോലെ വർഗീയ വികാരങ്ങളെയോ തീവ്രദേശീയ വികാരങ്ങളെയോ കൊണ്ട് ഈ ജീവിതപ്രശ്നങ്ങളെ മൂടിവെച്ചുകൊണ്ട് ഒരിക്കൽ കൂടി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് നൽകാൻ അവർ വിസമ്മതിച്ചു.

ലോകമെമ്പാടും ഇന്ന് തൊഴിലില്ലായ്മ ഒരു ഗുരുതര വികസന പ്രശ്നമായി മാറിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ വലതുപക്ഷ പാർട്ടികളുടെയും സർക്കാരുകളുടെയും വരവിനും വളർച്ചയ്ക്കും ഇത് വഴിതെളിച്ചിട്ടുണ്ട്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപും ഫ്രാൻസിൽ മേരി ലെ പെന്നും തുർക്കിയിൽ റിസേപ് എർദോഗാനും ഹംഗറിയിൽ വിക്ടർ ഓർബാനും അർജന്റീനയിൽ ഹാവിയേർ മിലിയും ബ്രസീലിലെ ജെയർ ബോൾസനാരോയും ഇറ്റലിയിലെ ജോർജിയ മെലോണിയും ഒക്കെ ഈ പ്രതിഭാസത്തിന്റെ ഉൽപ്പന്നങ്ങളാണ്. വലതുപക്ഷ പോപ്പുലിസം ആണ് ഇവർ പിന്തുടരുന്നത് എന്നാണ് ചില സാമൂഹ്യ ശാസ്ത്രജ്ഞർ വിലയിരുത്താറുള്ളത്. നവ-ദേശീയത, സാമൂഹിക യാഥാസ്ഥിതികത, സാമ്പത്തിക ദേശീയത എന്നിവയെ പ്രാഥമികമായി പ്രതിനിധീകരിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് വലതുപക്ഷ പോപ്പുലിസം. ഈ പ്രത്യയശാസ്ത്രങ്ങളെ പ്രധാനമായി ഊട്ടി വളർത്തുന്നത് നവലിബറൽ നയപരിപാടികൾ മൂലം വളർന്നുവന്നിട്ടുള്ള തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മ ക്രമാതീതമായി ഉയരുമ്പോൾ അതിനു കാരണക്കാരായ നവലിബറൽ പരിപാടികളുടെ വക്താക്കളായ ലിബറൽ ജനാധിപത്യവാദികളെത്തന്നെ തള്ളി മാറ്റി വലതുപക്ഷ പോപ്പുലിസ്റ്റുകൾ വളരുകയും അധികാരത്തിലെത്തുകയും ചെയ്യുന്നതാണ് ഇന്ന് ലോകമെമ്പാടും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടപ്പിൽ വരുത്തപ്പെട്ട നവലിബറിൽ പരിഷ്കാരങ്ങൾ സാമ്പത്തിക വളർച്ചയെ മുരടിപ്പിക്കുകയും തൊഴിലില്ലായ്മയെ വളർത്തുകയും ചെയ്തു. ഇടതുപക്ഷ പാർട്ടികളെ സാമ്രാജ്യത്വവുമായി കൈകോർത്ത് പിടിച്ച് അധികാരത്തിൽ നിന്നകത്തി, സമ്പദ്ഘടനയെ ഗുരുതരമായ സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിട്ട രണ്ടാം യുപിഎ സർക്കാരിന്റെ ഉൽപ്പന്നമായിരുന്നു നരേന്ദ്ര മോദിയെ 2014ൽ അധികാരത്തിലേക്കെത്തിച്ച രാഷ്ട്രീയ പരിസരം. ആ പരിസരത്തിനുള്ളിൽ നിന്നുകൊണ്ട് തൊഴിലില്ലായ്മയെ കോൺഗ്രസിന്റെ ഭരണപരാജയത്തിന്റെ തെളിവായി ഉയർത്തിക്കാട്ടിക്കൊണ്ട് യുവാക്കളുടെ വോട്ടുകൾ സംഭരിക്കാൻ മോദിക്ക് കഴിഞ്ഞു. പക്ഷേ ഭരണത്തിൽ എത്തിയതിനു ശേഷം തൊഴിലില്ലായ്മയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോദിക്ക് കഴിഞ്ഞില്ല. മാത്രമല്ല, ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യയിൽ ഇന്ന് നിലവിലുള്ളത്. ഈ വിഷയമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്.

ജനസംഖ്യാ ലാഭാംശം അഥവാ 
ഡെമോഗ്രഫിക് ഡിവിഡന്റ്
ഒരു സമൂഹത്തിന്റെ ജനസംഖ്യയിൽ 15 മുതൽ 59 വയസ്സ് വരെ പ്രായമായവരാണ് പണിയെടുക്കാൻ കെൽപ്പുള്ളവർ എന്ന് പൊതുവേ കണക്കാക്കപ്പെടുന്നത്. ഈ പ്രായത്തിനിടയിലുള്ളവർ മൊത്തം ജനസംഖ്യയുടെ എത്ര ശതമാനമാണെന്ന് നമുക്ക് കണക്കാക്കാം. ഇത് മൊത്തം ജനസംഖ്യയുടെ 50 ശതമാനം കടക്കുമ്പോൾ ജനസംഖ്യ ലാഭാംശത്തിന്റെ വാതിലുകളും തുറക്കപ്പെടുന്നു. വികസനത്തിന്റെ ആദ്യ നാളുകളിൽ മരണനിരക്കിലുണ്ടാകുന്ന കുറവാണ് ഇതിന് കാരണമാകുന്നത്. ഏകദേശം 65 ശതമാനം വരെ പോയതിനു ശേഷം ഇത് വീണ്ടും മടങ്ങി 50 ശതമാനത്തിന് താഴേക്ക് വരും. കാരണം വികസന പ്രക്രിയ പുരോഗമിക്കുമ്പോൾ ജനന നിരക്കും കുറയും. അങ്ങനെ കാലക്രമേണ 59 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിലെ ശതമാനം ഉയരുകയും ചെയ്യും. 15 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവരുടെ ജനസംഖ്യയിലെ ശതമാനം 50 ശതമാനം കടക്കുന്നത് മുതൽ 50 ശതമാനത്തിലേക്ക് മടങ്ങി എത്തുന്നതുവരെയുള്ള വർഷങ്ങളാണ് ഒരു സമ്പദ്ഘടനയിലെ ജനസംഖ്യ ലാഭാംശത്തിന്റെ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നത്. കാരണം പണിയെടുക്കാൻ കെൽപ്പുള്ളവരുടെ ജനസംഖ്യയിലെ ശതമാനം ഉയരുന്നത് ആ സമ്പദ്ഘടനയിൽ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള അധ്വാനശേഷിയുടെ ലഭ്യതയെയാണ് വർദ്ധിപ്പിക്കുന്നത്.

ഇന്ത്യയുടെ കാര്യത്തിൽ ഈ പ്രായത്തിനിടയിൽ ഉള്ളവരുടെ ജനസംഖ്യയിലെ ശതമാനം ഇന്ന് ഏകദേശം 63 ശതമാനമാണ്. അതായത് ഏകദേശം 138 കോടി വരുന്ന ജനസംഖ്യയിൽ ഏകദേശം 86 കോടി ജനങ്ങൾ. ഇത് 2041 ആകുമ്പോൾ ഏകദേശം 66 ശതമാനം ആകുമെന്നും, പിന്നീടത് കുറഞ്ഞ് 2055 ആകുമ്പോൾ 50 ശതമാനമായി ചുരുങ്ങും എന്നുമാണ് പൊതുവിൽ കണക്കാക്കപ്പെടുന്നത്.

അതായത് 2041 വരെയുള്ള സമയമാണ് സാമ്പത്തിക വളർച്ച അതിവേഗം വർദ്ധിപ്പിക്കാൻ ഇന്ത്യയുടെ പക്കൽ ഉള്ളത്. കൂടുതൽ അധ്വാനശേഷിയുള്ളവർ ജനസംഖ്യയിൽ ഉണ്ടാവും; മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നവർ ജനസംഖ്യയിൽ താരതമ്യേന കുറവാകും; ജനന നിരക്കുകൾ കുറയുന്നതുമൂലം കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ സേനയിൽ ചേരാൻ കഴിയും; വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുന്നതിനൊപ്പം പൊതുവിൽ തൊഴിൽ സേനയുടെ ക്ഷമതയും ഉയർന്നു നിൽക്കും. ഇവയൊക്കെയാണ് ഈ ലഭ്യമായ സമയത്ത് ഇന്ത്യയുടെ പക്കൽ ഉള്ള അവസരങ്ങൾ. ഈ സമയത്തിനുള്ളിൽ സാധ്യതകൾ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പിന്നീട് ഇന്ത്യയ്ക്കു പുറത്തു നിന്ന് ഇറക്കുമതി ചെയ്യാൻ നമ്മൾ നിർബന്ധിതരായേക്കാവുന്ന തൊഴിലാളികളെ വെച്ചാവും നമുക്ക് സാമ്പത്തിക വളർച്ചയും ഉത്പാദനവും സംഘടിപ്പിക്കേണ്ടി വരിക (ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലും ഭാഗികമായി കേരളത്തിലും ഇതു തന്നെയാണല്ലോ സ്ഥിതി).

തൊഴിലും സാമ്പത്തിക വളർച്ചയും
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തൊഴിലുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങൾ അഞ്ച് ഘട്ടങ്ങളിലൂടെ കടന്നു പോയി എന്നു പറയാം. ഒന്നാമതായി, ആസൂത്രണ പ്രക്രിയ ആരംഭിച്ച 1950കളിലും 1960കളിലും ഒക്കെ ഉണ്ടായിരുന്ന ഒരു അനുമാനം ആസൂത്രണ പ്രക്രിയ സാമ്പത്തിക വളർച്ച ഉണ്ടാക്കുമെന്നും ആ സാമ്പത്തിക വളർച്ച വഴി തൊഴിലുകളുടെ ഉൽപാദനം നടന്നു കൊള്ളും എന്നുമായിരുന്നു. എന്നാൽ 1970കളോടുകൂടി ഈ അനുമാനം തെറ്റാണെന്ന് ബോധ്യമായി. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ആഭിമുഖ്യത്തിലുള്ള തൊഴിൽ പരിപാടികൾ ആവിഷ്കരിക്കാൻ ആരംഭിച്ചു. അങ്ങനെയാണ് ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം അഥവാ ഐആർഡിപി, ഡെവലപ്മെന്റ് ഓഫ് വിമൻസ് ഇൻ റൂറൽ ഏരിയാസ് അഥവാ DWCRA, ജവഹർ റോസ്ഗാർ യോജന എന്നിങ്ങനെയുള്ള സർക്കാർ സ്കീമുകൾ ആരംഭിക്കപ്പെട്ടത്.

ഇവമൂലം 1980കളിൽ തൊഴിൽ സ്ഥിതി മെച്ചപ്പെട്ടെങ്കിലും 1991ൽ ആരംഭിച്ച ഉദാരവൽക്കരണ പരിഷ്കാരങ്ങൾ സ്ഥിതിഗതികൾ വീണ്ടും മാറ്റി മറിച്ചു. സാമ്പത്തിക വളർച്ചയാണ് അത്യാവശ്യം എന്നും അതുവഴി തൊഴിലുകളുടെ വളർച്ച താനേ ഉണ്ടായിക്കൊള്ളും എന്നുമുള്ള പഴയ അനുമാനത്തിലേക്ക് ഇന്ത്യ മടങ്ങിപ്പോയി. തൊഴിൽ നിയമങ്ങൾ തൊഴിലുകളുടെ ഉൽപാദനത്തിന് തടസ്സമായി നിൽക്കുന്നു എന്ന് നവലിബറല്‍ പരിഷ്കാരികൾ വിധിയെഴുതി. ആരെയും എപ്പോഴും ജോലിക്ക് നിർത്താനും പിരിച്ചുവിടാനും തൊഴിൽദാതാക്കൾക്ക് സ്വാതന്ത്ര്യം വേണമെന്നും, കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള നിയമനങ്ങളാണ് നല്ലതെന്നും, മിനിമം കൂലി ഉറപ്പാക്കുന്ന തരത്തിലുള്ള നിയമങ്ങൾ ലഘൂകരിക്കണമെന്നും ഒക്കെ ഇവർ വാദിച്ചു. ഇത്തരം നയ മാറ്റങ്ങൾ തൊഴിലില്ലായ്മയുടെ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കി. 2004ൽ “ഇന്ത്യ ഷൈനിങ്’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി പരാജയപ്പെട്ടു.

അങ്ങനെയാണ് നയങ്ങൾ വീണ്ടും മാറിമറിഞ്ഞത്. വീണ്ടും തൊഴിൽ ഉൽപാദനത്തിനുള്ള പുതിയ സർക്കാർ സ്കീമുകൾ നിലവിൽ വന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇതിനൊരു മികച്ച ഉദാഹരണമാണ്. എന്നാൽ 2014ൽ ബിജെപി സർക്കാരിന്റെ വരവോടെ തൊഴിലുകൾ ഉത്പാദിപ്പിക്കാനായുള്ള സ്കീമുകൾ വീണ്ടും ദുർബലപ്പെടുത്തപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ പണം വകയിരുത്താതെ ആ പദ്ധതിയെ തകർക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്.

കണക്കിലെ കളികൾ
മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഉള്ള ആദ്യത്തെ ഔദ്യോഗിക സർവ്വേ 2017-–18ൽ നടക്കേണ്ടതായിരുന്നു. നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ അഥവാ എൻഎസ്എസ്ഒ ആണ് ഈ കണക്കുകൾ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. എന്നാൽ പലരെയും അമ്പരിപ്പിച്ചുകൊണ്ട് ഈ സർവ്വേയുടെ വിവരങ്ങൾ പുറത്തുവിടാൻ മോദി സർക്കാർ തയ്യാറായില്ല. അതിനു കാരണം എന്തെന്ന് ചില പത്രക്കാർ കണ്ടെത്തി പുറത്തു വിട്ടു. 2011-–12നും 2017–-18നും ഇടയ്ക്ക് തൊഴിലില്ലായ്മയിൽ അനിതരസാധാരണമായ ഒരു വർദ്ധനവ് ഉണ്ടായി എന്നാണ് ഈ സർവ്വേ ഫലങ്ങൾ കാണിച്ചത്. വെറും 2.2 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനം ആയി ഉയർന്നു. ഇതു മൂലമാണ് സർവ്വേ വിവരങ്ങൾ പുറത്തുവിടാൻ മോദി സർക്കാർ തയ്യാറാകാതിരുന്നത്. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളും നോട്ട് നിരോധനവും അശാസ്ത്രീയമായ ജിഎസ്ടി പരിഷ്കാരങ്ങളും ഒക്കെ ചേർന്ന് വരുത്തിവെച്ചതായിരുന്നു ഈ വിന. ഇത് മാത്രമല്ല, ഈ 6 വർഷ കാലയളവിൽ 1.6 കോടി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. 3 കോടി പേർക്ക് കാർഷിക മേഖലയിൽ തൊഴിൽ നഷ്ടമായി. അവരിൽ ഏകദേശം 2 കോടിയോളം പേർ കാർഷികേതര മേഖലയിലേക്ക് തൊഴിൽ തേടി എത്തിയെങ്കിലും വെറും 45 ലക്ഷം പേർക്ക് മാത്രമാണ് അവിടെ തൊഴിൽ ലഭിച്ചത്.

2017–18ലേ സർവ്വേ ഫലങ്ങൾ പുറത്തു വിടാതിരുന്നത് ആഗോളതലത്തിൽ തന്നെ മോദി സർക്കാരിന് മോശം പേരുണ്ടാക്കി. അതിനു ശേഷം ഈ സർവേ വിവരങ്ങൾ കൃത്യമായി പുറത്തു വിടാൻ സർക്കാർ നിർബന്ധിതമായി. ഏറ്റവും അവസാനത്തെ കണക്ക് ലഭ്യമായിട്ടുള്ളത് 2022-–23ലേതാണ്.

2024ലെ തിരഞ്ഞെടുപ്പും
 തൊഴിലില്ലായ്മക്കണക്കുകളും
എൻഎസ്എസ്ഒ യുടെ സർവ്വേ കണക്കുകൾ തിരഞ്ഞെടുപ്പുകാലത്ത് വലിയ ചർച്ചയായിരുന്നു. ഈ കണക്കുകളിലെ മാറ്റങ്ങൾ തങ്ങൾക്ക് അനുകൂലമാണ് എന്നും 2017നു ശേഷം തൊഴിലില്ലായ്മയിൽ കുറവുണ്ടായി എന്നും മോദി സർക്കാർ അവകാശപ്പെട്ടു. കോവിഡ് സമയത്തും അതിനു ശേഷവും ഇന്ത്യയിൽ തൊഴിൽ ലഭ്യതയിൽ വലിയ വർദ്ധനവ് ഉണ്ടായി എന്നായിരുന്നു ഈ വാദത്തിന്റെ ചുരുക്കം. എന്താണ് വസ്തുത എന്ന് പരിശോധിക്കാം. എൻഎസ്എസ്ഒ യുടെ കണക്കുകൾ പറയുന്നത് ഇങ്ങനെയാണ്: 2017-–18 നും 2022-–23 നും ഇടയ്ക്ക് തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായി കുറഞ്ഞു. പക്ഷേ ഈ കണക്കുകൾ മാത്രം പറഞ്ഞുപോയാൽ പൂർണ്ണമായ കഥ വെളിപ്പെടില്ല. തൊഴിലില്ലായ്മ നിരക്കുകൾ എന്തുകൊണ്ട് കുറഞ്ഞു എന്ന പരിശോധന നമ്മളെ കൊണ്ടെത്തിക്കുന്നത് വളരെ ഗൗരവമേറിയ ചില പ്രതിഭാസങ്ങളിലേക്കാണ്. നാലു ഭാഗങ്ങളായി ഈ വാദം ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കാം.

ഒന്നാമതായി, എൻഎസ്എസ്ഒ യുടെ സർവ്വേകളിൽ തൊഴിലെടുക്കുന്നവരെ മൂന്ന് വിഭാഗങ്ങളായാണ് തിരിക്കുന്നത്. സ്വയംതൊഴിൽ ചെയ്യുന്നവർ, കൂലിക്ക് പണിയെടുക്കുന്നവർ, സ്ഥിരമായ ശമ്പളമോ വേതനമോ ഉള്ളവർ. 2017-–18നു ശേഷം മൊത്തം തൊഴിൽസേനയിൽ കൂലിക്ക് പണിയെടുക്കുന്നവരുടെയും സ്ഥിരമായ ശമ്പളമോ വേതനമോ ഉള്ളവരുടെയും ശതമാനം കുറഞ്ഞു വരികയും സ്വയംതൊഴിൽ ചെയ്യുന്നവരുടെ ശതമാനം വർദ്ധിക്കുകയും ചെയ്തു.

രണ്ടാമതായി, ഇങ്ങനെ സ്വയംതൊഴിൽ ചെയ്യുന്നവരുടെ ശതമാനം വർദ്ധിച്ചത് നഗരമേഖലകളിൽ ആയിരുന്നില്ല, മറിച്ച് ഗ്രാമീണ മേഖലകളിൽ ആയിരുന്നു.

മൂന്നാമതായി, ഗ്രാമീണ മേഖലകളിൽ ഇങ്ങനെ സ്വയംതൊഴിൽ ചെയ്യുന്നവരുടെ ശതമാനം വർദ്ധിച്ചത് പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകൾക്കിടയിൽ ആയിരുന്നു.
നാലാമതായി, ഗ്രാമീണ മേഖലകളിൽ സ്വയംതൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ കൂടുതൽ പേർ കാർഷിക മേഖലയിലായിരുന്നു പണിയെടുത്തിരുന്നത്. അതായത്, കാർഷിക മേഖലയിലെ സ്വയം തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശതമാനത്തിലെ വർദ്ധനമാണ് പൊതുവിൽ തൊഴിലില്ലായ്മ നിരക്കിലെ കുറവായി കണക്കുകളിൽ പ്രതിഫലിച്ചത്.

ഇതെന്തുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്? കൃത്യമായ കാരണങ്ങളുണ്ട്. കോവിഡ് മഹാമാരിയുടെ വരവോടുകൂടി നഗര മേഖലകളിലെ തൊഴിൽ ലഭ്യതയിൽ വലിയ ഇടിവുണ്ടായി. ഫാക്ടറികളും വ്യാപാര സ്ഥാപനങ്ങളും കമ്പനികളും ഒക്കെ വലിയ തോതിൽ അടച്ചു പൂട്ടി. നഗര മേഖലകളിൽ പണിയെടുത്തിരുന്ന ലക്ഷക്കണക്കിന് പേർ അവരുടെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയത് നമ്മളെല്ലാം കണ്ടതാണ്. ഗ്രാമങ്ങളിലേക്ക് മടങ്ങിയ ഇവർ അവിടെയും മറ്റു തൊഴിലുകൾ കിട്ടാത്ത സാഹചര്യത്തിൽ കാർഷിക മേഖലയിലേക്കാണ് തിരിഞ്ഞത്. അങ്ങനെ കാർഷിക മേഖലയിൽ പണിയെടുക്കുന്ന കർഷകരുടെയും തൊഴിലാളികളുടെയും എണ്ണത്തിലും ശതമാനത്തിലും അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത രീതിയിൽ വർദ്ധനവുണ്ടായി. പുരുഷന്മാരും, എന്നാൽ അവരെക്കാൾ ഏറെ സ്ത്രീകളും, കാർഷിക മേഖലയിൽ അവരുടെ കുടുംബങ്ങളുടെ ചെറിയ ചെറിയ തുണ്ട് ഭൂമികളിൽ എടുക്കാൻ കഴിയുന്ന ചെറിയ ചെറിയ പണികൾ എടുത്ത് കൂടുതൽ ഭക്ഷണം സ്വയം ഉല്പാദിപ്പിച്ച് മഹാമാരിയുടെ ദുരിതങ്ങളെ അതിജീവിക്കാൻ ശ്രമിച്ചു.

ഇതാണ് ഔദ്യോഗിക സർവ്വേ കണക്കുകളിൽ കൂടുതൽ സ്വയംതൊഴിൽ ചെയ്യുന്നവരുടെ ശതമാനത്തിലെ വർദ്ധനവായി പ്രതിഫലിച്ചത്. മുൻപ് സ്വന്തം ഭൂമിയിൽ പണിയെടുത്തിട്ടില്ലാത്ത സ്ത്രീകളും ഈ മേഖലയിലേക്ക് കടന്നുവരാൻ നിർബന്ധിതരായതു മൂലമാണ് ഇവ തൊഴിലില്ലായ്മ നിരക്കുകളിലെ കുറവ് കൂടിയായി പുറത്തു വന്നത്. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള പുതിയ, ആധുനികമായ, കൂടുതൽ വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള, കൂടുതൽ നൈപുണ്യം ആവശ്യമുള്ള, മെച്ചപ്പെട്ട വേതനം പ്രദാനം ചെയ്യുന്ന തൊഴിലുകളുടെ ഉൽപാദനം അല്ല തൊഴിലില്ലായ്മ നിരക്കിലെ കുറവിന് കാരണം. അങ്ങനെയാണ് എന്ന് സ്ഥാപിക്കാൻ മോദി സർക്കാരും അവരുടെ സിൽബന്തികളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൃത്യമായ കണക്കുകൾ പുറത്തു വന്നതോടുകൂടി അവർക്ക് മറുപടിയില്ലാതായി.

എന്നാൽ ഈ കണക്കിലെ സങ്കീർണതകൾ ഒന്നും ഇന്ത്യയിലെ തൊഴിൽ തേടി അലയുന്ന യുവജനങ്ങൾക്ക് ആവശ്യമുണ്ടായിരുന്നില്ല. സ്വന്തം കയ്പേറിയ അനുഭവങ്ങളിൽ നിന്ന് അവർക്ക് തൊഴിലില്ലായ്മയുടെ രൂക്ഷത നേരിട്ടറിയാമായിരുന്നു. ഒരു ഉദാഹരണം ഇതാ: ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ, ഒട്ടു മിക്ക കുടുംബങ്ങളിൽ നിന്നും ഒരാളെങ്കിലും സൈന്യത്തിൽ ജോലി ചെയ്യുന്നുണ്ട്. രൂക്ഷമായ തൊഴിലില്ലായ്മയിൽ നിന്ന് കുറച്ചെങ്കിലും പരിരക്ഷ അവർക്ക് കിട്ടിയിരുന്നത് സൈന്യത്തിലെ തൊഴിലുകളിൽ നിന്നായിരുന്നു. അപ്പോഴാണ് മോദി സർക്കാർ സൈന്യത്തിലെ സ്ഥിരം നിയമനങ്ങൾ വേണ്ടെന്നു വയ്ക്കുകയും അഗ്നിവീർ എന്ന പ്രതിലോമകരമായ ഒരു പദ്ധതി കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തത്. സൈന്യത്തിലെ സ്ഥിരം തൊഴിലുകൾ അവസാനിപ്പിച്ച്, നാലു വർഷത്തെ കോൺട്രാക്ട് നിയമനങ്ങൾ മാത്രമായി അവയെ ചുരുക്കി, പൊതുവിൽ സൈനികർക്ക് ലഭ്യമായ ആനുകൂല്യങ്ങളും പെൻഷനും ഒക്കെ അവർക്ക് നിഷേധിച്ച് സർക്കാരിന്റെ ചെലവ് ചുരുക്കുക എന്ന ഒരു ഒറ്റ ലക്ഷ്യം മാത്രം മുൻനിർത്തി അവതരിപ്പിച്ച പദ്ധതിയാണ് അഗ്നിവീർ. ഈ പദ്ധതിക്ക് എതിരായി അതിരൂക്ഷമായ ജനവികാരമാണ് ഉത്തരേന്ത്യയിലാകെ അലയടിച്ചത്. ബിജെപിയുടെ ഒട്ടേറെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് ഈ പദ്ധതിക്കെതിരെയുള്ള വികാരം മൂലമായിരുന്നു എന്ന് പല കണക്കുകളും സൂചിപ്പിക്കുന്നു.

മോദി സർക്കാരിന്റെ വാദങ്ങൾ
രണ്ട് പൊള്ളയായ വാദങ്ങൾ ഉയർത്തിയാണ് തൊഴിലില്ലായ്മ കുറഞ്ഞില്ല എന്ന യാഥാർത്ഥ്യത്തെ ഖണ്ഡിക്കാൻ മോദി സർക്കാർ ശ്രമിച്ചത്.

ഒന്നാമതായി, പി എം മുദ്ര എന്ന പദ്ധതി മൂലം കോടിക്കണക്കിന് പേർക്ക് പുതിയ തൊഴിലുകൾ ലഭിച്ചു എന്ന ഒരു വാദം മോദി സർക്കാർ ഉയർത്തി. എന്തായിരുന്നു യാഥാർത്ഥ്യം? കുറച്ചു വർഷങ്ങൾക്കു മുൻപ് ഷിംല ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ ലേബർ ബ്യൂറോ എന്ന സ്ഥാപനം പിഎം മുദ്ര പദ്ധതിയെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. ഈ പഠനത്തിൽ കണ്ടത് മുദ്ര ലോണുകൾ ലഭിച്ചവരിൽ 20 ശതമാനം പേർ മാത്രമാണ് ആ പണം ഉപയോഗിച്ച് പുതിയ എന്തെങ്കിലും സ്ഥാപനങ്ങൾ തുടങ്ങിയത് എന്നായിരുന്നു. പുതിയ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ ആണല്ലോ പുതിയ തൊഴിലുകളും സൃഷ്ടിക്കപ്പെടുക. നിലവിലെ സ്ഥാപനങ്ങളിലെ തന്നെ ആവശ്യങ്ങൾക്ക് ലോൺ എടുത്താൽ പരിമിതമായി മാത്രമേ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നുള്ളൂ.

ഇത് മാത്രമല്ല. മുദ്ര പദ്ധതിയിൽ മൂന്നുതരം ലോണുകളാണ് നൽകുന്നത്. 50,000 രൂപയിൽ താഴെ ഉള്ള ലോണുകളുടെ പേര് “ശിശു’. 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള ലോണുകളുടെ പേര് “കിഷോർ’. 5 ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയ്ക്കുള്ള ലോണുകളുടെ പേര് “തരുൺ’. മുദ്ര പദ്ധതിയിലെ ഏകദേശം 78 ശതമാനം ലോൺ അക്കൗണ്ടുകളും “ശിശു’ ലോണുകളുടേതാണ്. ഒരു ശരാശരി “ശിശു’ ലോണിൽ കൊടുക്കുന്ന വായ്പ ഏകദേശം 30,000 രൂപ മാത്രം. ഈ 30,000 രൂപ നിക്ഷേപിച്ച് നിലവിൽ വരുന്ന സ്ഥാപനങ്ങൾക്ക് 20 ശതമാനം ലാഭനിരക്ക് ഉണ്ടാവും എന്ന് തൽക്കാലം അനുമാനിക്കാം. അങ്ങനെയെങ്കിൽ ഒരു വർഷം കിട്ടുന്ന ലാഭം വെറും 6000 രൂപ മാത്രം. ഇതേ അനുമാനം ഉപയോഗിക്കുമ്പോൾ, ഒരു ശരാശരി “കിഷോർ’ ലോണിൽ നിന്ന് ലാഭമായി കിട്ടാൻ സാധ്യത ഉള്ളത് ഒരു വർഷം 25,000 രൂപ മാത്രം. “തരുൺ’ ലോണുകളിൽ ആണ് കാര്യം അല്പമെങ്കിലും ഭേദം. ഒരു വർഷം ഏകദേശം 1,55,000 രൂപയാകും ലാഭം. പക്ഷേ മൊത്തം ലോൺ അക്കൗണ്ടുകളിൽ 2 ശതമാനത്തിൽ താഴെ മാത്രമാണ് “തരുൺ’ ലോൺ അക്കൗണ്ടുകൾ. ചുരുക്കത്തിൽ, മുദ്ര പദ്ധതി വഴി സർക്കാർ പറയുന്ന വാദങ്ങൾ ശരിയാണെന്ന് സമ്മതിച്ചാൽ പോലും വളരെ ചെറിയ വരുമാനം മാത്രമാണ് ഈ നിക്ഷേപങ്ങൾ മൂലം വായ്പ എടുത്തവർക്ക് ലഭിച്ചിട്ടുണ്ടാവുക. അതുകൊണ്ടു തന്നെ കാര്യമായ തൊഴിലുകളും ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കാൻ സാധ്യതയില്ല.

രണ്ടാമതായി മോദി സർക്കാർ ആശ്രയിച്ചത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അഥവാ ഇപിഎഫ്ഒ-യുടെ കണക്കുകളാണ്. ഇപിഎഫ്ഒ-യുടെ കണക്കുകളിൽ പുതിയ തൊഴിലാളികളുടെ രജിസ്ട്രേഷനുകൾ എത്ര എന്ന് നോക്കി, അവയെല്ലാം പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിലുകളാണ് എന്ന് അനുമാനിച്ച്, ഏകദേശം 2 കോടിയോളം പുതിയ തൊഴിലുകൾ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ടു എന്ന ഒരു വാദമാണ് ഉയർത്തപ്പെട്ടത്.

ഇതും വളരെ വിചിത്രമായ ഒരു വാദമായിരുന്നു. കാരണം ഇപിഎഫ്ഒ-യുടെ പുതിയ രജിസ്ട്രേഷനുകളുടെ അർത്ഥം പുതിയ തൊഴിലുകൾ എന്നതല്ല. ഒരു തൊഴിൽ സ്ഥാപനത്തിൽ 20ൽ കൂടുതൽ പേർ തൊഴിലിൽ വരുമ്പോഴാണ് അവരുടെ പേര് ഇപിഎഫ്ഒയിൽ ചേർക്കേണ്ടി വരിക. ഒരു സ്ഥാപനത്തിൽ 19 പേർ പണിയെടുത്തിരുന്നു എന്നുവയ്ക്കാം. ഒരാൾക്ക് കൂടി തൊഴിൽ നൽകപ്പെട്ടപ്പോൾ എണ്ണം 20 ആയി. അപ്പോൾ ഇപിഎഫ്ഒ-യിൽ രജിസ്റ്റർ ചെയ്യണം. 20 പേരെയാണ് രജിസ്റ്റർ ചെയ്യുക. അപ്പോൾ 20 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു എന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. പക്ഷേ ഒരു പുതിയ തൊഴിൽ മാത്രമേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ. ഇനി, പലപ്പോഴും പല സ്ഥാപനങ്ങളും കുറച്ചു കാലത്തേക്ക് ഇപിഎഫ്ഒ-യിൽ നിന്ന് ഡീരജിസ്റ്റർ ചെയ്യുകയും പിന്നീട് മടങ്ങിവന്ന് റീരജിസ്റ്റർ ചെയ്യുകയും ചെയ്യാറുണ്ട്. അപ്പോഴും മുകളിൽ പറഞ്ഞ അതേ പ്രശ്നം ഉയർന്നു വരും. ഇതു മാത്രമല്ല, ജിഎസ്ടി സംവിധാനം നിലവിൽ വന്നതിനു ശേഷം അസംഘടിത മേഖലയിൽ ഉണ്ടായിരുന്ന ഒരുപാട് സ്ഥാപനങ്ങൾ സംഘടിത മേഖലയിലേക്ക് ചേർക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഘടിത മേഖലയിലേക്ക് വരുന്ന ഈ സ്ഥാപനങ്ങളും പുതുതായി ഇപിഎഫ്ഒ-യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അതെല്ലാം തന്നെ നിലവിൽ തന്നെ ഉണ്ടായിരുന്ന തൊഴിലുകൾ ആണ്. പുതുതായി സൃഷ്ടിക്കപ്പെട്ടവ അല്ല.

ചുരുക്കത്തിൽ, ഇപിഎഫ്ഒ-യിൽ പേര് ചേർത്തവരുടെ എണ്ണം ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കോടിക്കണക്കിന് പുതിയ തൊഴിലുകൾ സൃഷ്ടിച്ചു എന്ന മോദി സർക്കാരിന്റെ വാദവും കളവാണെന്ന് തെളിഞ്ഞു.

ഉപസംഹാരം
മോദി സർക്കാരിന്റെ 10 വർഷം നീണ്ട ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ തൊഴിൽ മേഖലയിൽ അസാധാരണമായ ഒരു പ്രതിസന്ധിയാണ് രൂപപ്പെട്ടത്. പൊതുവിൽ നടപ്പാക്കപ്പെട്ട നവലിബറൽ നയങ്ങൾ മാത്രമായിരുന്നില്ല ഇതിനു കാരണമായത്. നോട്ട് നിരോധനം, അശാസ്ത്രീയമായി നടപ്പിൽ വരുത്തപ്പെട്ട ജിഎസ്ടി പരിഷ്കാരങ്ങൾ, കോവിഡ് മഹാമാരിയുടെ കാലത്തെ സർക്കാരിന്റെ കെടുകാര്യസ്ഥത, മഹാമാരിക്ക് ശേഷവും ചെലവുകൾ വർദ്ധിപ്പിക്കാതെയും നിക്ഷേപങ്ങൾ ദുർബലപ്പെടുത്തിയും സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിൽ ഉണ്ടായ പരാജയം, ഇവയെല്ലാം മൂലമാണ് ഒട്ടും തന്നെ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടാത്ത ഗുരുതരമായ സ്ഥിതി സംജാതമായത്. പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഒരോ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തൊഴിൽ സേനയിലേക്ക് കടന്നു വരുന്ന വിദ്യാസമ്പന്നരായ യുവാക്കളുടെ എണ്ണവുമായി താരതമ്യം ചെയ്താൽ തുലോം പരിമിതമായ പുതിയ തൊഴിലുകൾ മാത്രമാണ് സൃഷ്ടിക്കപ്പെടുന്നത്. മാത്രമല്ല, തൊഴിലില്ലായ്മയുടെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സമൂഹത്തിലെ സ്ത്രീകളും അടിസ്ഥാന വർഗ്ഗത്തിലെ കുടുംബങ്ങളിൽ നിന്ന് തൊഴിൽ തേടുന്നവരുമാണ്.

ഇന്ന് തൊഴിൽ തേടുന്ന യുവാക്കളും യുവതികളും വിദ്യാസമ്പന്നരാണ്. എന്നാൽ അവരുടെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ തൊഴിലുകൾ അല്ല കൂടുതൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്; ഇവിടെയാണ് കാർഷിക മേഖലയിലെ സ്വയംതൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഗൗരവതരമായ പ്രശ്നമായി മാറുന്നത്.

മൂന്നാം മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇന്ത്യയിലെ യുവാക്കളും യുവതികളും ഉറ്റുനോക്കുന്നത് സർക്കാരിന്റെ തൊഴിൽ നയങ്ങളിൽ മാറ്റം ഉണ്ടാകുമോ എന്നതാണ്. അഗ്നിവീർ പോലെയുള്ള പദ്ധതികളിൽ പുനരാലോചന ഉണ്ടാകുമോ? തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ വകയിരുത്തൽ ഉണ്ടാകുമോ? തൊഴിലുറപ്പ് പദ്ധതി നഗരമേഖലകളിലേക്ക് വ്യാപിപ്പിക്കുമോ? ആഭ്യന്തര വ്യാവസായിക-സർവീസസ് മേഖലകളിലെ വളർച്ച ത്വരിതപ്പെടുത്താൻ പുതിയ നടപടികൾ ഉണ്ടാകുമോ? ഇതിനെല്ലാം ആവശ്യമായ പണം കണ്ടെത്തുന്നതിന് കൂടുതൽ നികുതികൾ പിരിച്ചെടുക്കാനോ കൂടുതൽ വായ്പകൾ വാങ്ങാനോ സർക്കാർ തയ്യാറാകുമോ? പൊതുമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും പൊതുമേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും സർക്കാർ തയ്യാറാകുമോ? ഇതൊക്കെ നടക്കണമെങ്കിൽ മോദി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണനം അവസാനിക്കുകയും നവലിബറൽ നയങ്ങളിൽ തിരുത്തലുകൾ വരുത്തുകയും ചെയ്യേണ്ടിവരും. അതിനും സാധ്യത തീരെയില്ല.

തൊഴിലില്ലായ്മയുടെ ദുരിതങ്ങൾ തുടരുന്ന സാഹചര്യത്തിൽ തൊഴിൽ തേടുന്ന യുവാക്കളുടെയും യുവതികളുടെയും ഒരു വലിയ മുന്നേറ്റം ഇന്ത്യയാകെ ഉയർന്നുവരാനുള്ള സാധ്യതയാണ് കാണുന്നത്. അത്തരമൊരു മുന്നേറ്റത്തിന് മാത്രമേ ദേശീയ തലത്തിൽ തന്നെ ഒരു രാഷ്ട്രീയ മാറ്റത്തിന് വഴിതെളിക്കാനും അതുവഴി ജനക്ഷേമത്തിൽ ഊന്നിയുള്ള പുതിയ സാമ്പത്തിക നയങ്ങൾ നടപ്പിൽ വരുത്താനും സാധിക്കൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + nine =

Most Popular