Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിയന്ത്രം, മനുഷ്യൻ, തൊഴിൽ

യന്ത്രം, മനുഷ്യൻ, തൊഴിൽ

കെ എസ് രഞ്ജിത്ത്

സാമ്പത്തിക വളർച്ചാ നിരക്കുകൾ ഉയരുമ്പോഴും തൊഴിൽ മേഖല നിശ്ചലമായി നിൽക്കുക, പുത്തൻ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിന്റെ ഫലമായി ഉല്പാദനക്ഷമതയിൽ കാര്യമായ വർധന ഉണ്ടാകുമ്പോഴും ശരാശരി വരുമാനത്തിൽ ഒരുവിധത്തിലുള്ള ഉയർച്ചയും ഉണ്ടാകാതിരിക്കുക. 1990 കൾക്ക് ശേഷമുള്ള അമേരിക്കൻ സാഹചര്യമാണിത്. Great Decoupling എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ പിടിയിൽ അമേരിക്ക മാത്രമല്ല വികസിത മുതലാളിത്ത രാജ്യങ്ങളും ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളും ഒരേപോലെ അകപ്പെട്ടിരിക്കുകയാണ്. സാങ്കേതിക വിദ്യകളുടെ കുതിച്ചുചാട്ടം, വിശേഷിച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രയോഗം, ഒരു മാന്ത്രിക ദണ്ഡ് ചുഴറ്റുന്നതുപോലെ മാനവരാശി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയാകെ ഒറ്റയടിക്ക് പരിഹരിച്ചുകളയും എന്നുള്ള ടെക്നോക്രാറ്റുകളുടെ പ്രതീക്ഷയ്ക്ക് യോജിക്കുന്ന രീതിയിലല്ല ഇന്നത്തെ ലോക സ്ഥിതിഗതികളുടെ പോക്ക്;ശരാശരി വരുമാനം 1990 കളേക്കാൾ കുറഞ്ഞിരിക്കുന്നു,തൊഴിലില്ലായ്മയാകട്ടെ ഗണ്യമായി വർധിച്ചിരിക്കുന്നു.

സാങ്കേതിക വിദ്യകളുടെ പ്രയോഗത്താൽ നിർമിക്കപ്പെടുന്ന അപ്പത്തിന്റെ വലുപ്പം കൂടിയിരിക്കുന്നു. പക്ഷേ അതിന്റെ വിതരണമാകട്ടെ ഏറ്റവും അസമമായ രീതിയിലും. അധിക സമ്പത്ത് ഉല്പാദിപ്പിക്കപ്പെടുമ്പോൾ കിട്ടേണ്ട ന്യായമായ പങ്ക് എല്ലാവർക്കും ലഭിക്കുന്നില്ല. ഒരു വശത്ത് സാങ്കേതികവിദ്യകളും സാമ്പത്തിക വളർച്ചയും ഉണ്ടാകുമ്പോഴും മഹാഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം ജീവിത യാഥാർഥ്യങ്ങൾ കൂടുതൽ കടുക്കുകയാണ് എന്ന് സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിൽ നഷ്ടത്തിന്റെ രീതിയിലും, യഥാർത്ഥ വേതനത്തിന്റെ ഇടിവിന്റെ രൂപത്തിലും, സ്ഥിരം തൊഴിലുകളുടെ വമ്പിച്ച തകർച്ചയുടെ രൂപത്തിലും വലിയ പ്രതിസന്ധിയിലേക്ക് തൊഴിലെടുക്കുന്നവർ നീങ്ങുന്ന കാഴ്ച എവിടെയും ദൃശ്യമാണ്. ചെറിയ വരുമാനം തേടി പല രൂപത്തിലുള്ള പാർട്ട് ടൈം പണികളിലേക്കും, ഗിഗ് വർക്കുകളിലേക്കും തൊഴിലാളി സമൂഹം കൂട്ടത്തോടെ നീങ്ങുന്ന കാഴ്ചയാണ് ഇന്നത്തെ ലോകം വരച്ചു കാട്ടുന്നത്.

1993ലെ മാനവ വികസന റിപ്പോർട്ട് ഒരു കാര്യം ചൂണ്ടിക്കാട്ടി. ലോകത്തിലെ പല പ്രദേശങ്ങളിലും തൊഴിൽ രഹിത വളർച്ച (Jobless growth ) എന്ന പുതിയൊരു പ്രതിഭാസം അരങ്ങേറുന്നു. ഉല്പാദന വർധന ഉണ്ടാകുമ്പോഴും മൊത്തം തൊഴിൽ വർധന പുറകോട്ടു പോകുന്നു . വ്യാവസായികമായി ഉയർന്ന രാജ്യങ്ങളിലടക്കം ഈ പ്രതിഭാസം അരങ്ങേറുന്നു . 1973–87 കാലയളവിൽ താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക വളർച്ച വികസിത രാജ്യങ്ങളിലുണ്ടായി. പക്ഷേ ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ വർധനയിൽ കാര്യമായ ഇടിവുണ്ടായി. ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ ആദ്യം അരങ്ങേറിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മൊത്തം ആഭ്യന്തരോത്പാദനത്തിൽ (GDP) കൂലിയുടെ തോത് ഇടിയുന്ന പ്രവണത 1980 കൾ മുതൽക്കേ ദൃശ്യമായിരുന്നു.

ധുനിക സാങ്കേതിക വിദ്യയും
സമ്പദ്‌വ്യവസ്ഥയും
ആധുനിക സാങ്കേതിക വിദ്യകൾ സമ്പദ്‌വ്യവസ്ഥയിലും തൊഴിൽ രംഗത്തും ഉണ്ടാക്കുന്ന മാറ്റങ്ങൾ പരമ്പരാഗത സാമ്പത്തികശാസ്ത്ര സങ്കല്പങ്ങൾ പലതിനെയും അടിസ്ഥാനപരമായിത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗം ഉല്പാദനക്ഷമത വർധിപ്പിക്കും , ഇത് സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടും , അത് തൊഴിൽ രംഗത്ത് പുതിയ ഉണർവ് സൃഷ്ടിക്കും – ഇതാണ് സാങ്കേതികവിദ്യയും ഉല്പാദനവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണ. ഈ വാദത്തെ തിരിച്ചിടുകയാണെങ്കിൽ അതിനെ ഇങ്ങനെയും പറയാം ; കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കണമെങ്കിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഉല്പാദനരംഗത്ത് കൂടുതൽ ഉപയോഗിക്കണം.

ഡേവിഡ് റിക്കാർഡൊ

ഈ സങ്കല്പങ്ങളെ ആധാരമാക്കിയ സാമ്പത്തിക മാതൃകകളെയാണ് നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്രം മുന്നോട്ടു വെയ്ക്കുന്നത് . നോബൽ ജേതാവായ സോളോയും സ്വാനും ചേർന്ന് രൂപപ്പെടുത്തിയ സാമ്പത്തിക വികസനത്തിന്റെ മാതൃക ഇക്കാര്യത്തിൽ ഏറെ പ്രസിദ്ധമാണ് . സാമ്പത്തിക പ്രവർത്തനത്തിന് ആക്കം കൂട്ടുവാൻ മൂലധനത്തിന്റെ വർധനയ്‌ക്കൊപ്പം സാങ്കേതിക വിദ്യയുടെ വളർച്ചയും കൂടി കണക്കിലെടുക്കുന്ന ഒന്നാണ് ഈ മാതൃക . എങ്ങിനെയാണ് ഒരു സമ്പദ്‌വ്യവസ്ഥ വളരുകയും രാജ്യം അഭിവൃദ്ധിപ്പെടുകയും ചെയ്യുക എന്ന ചോദ്യത്തിന്റെ പരമമായ ഉത്തരമായി പൊതുവെ സ്വീകരിക്കപ്പെടുന്നത് ഈ മാതൃകയാണ്. എന്നാൽ സാമ്പത്തിക വളർച്ച ഉണ്ടാകുന്നതുകൊണ്ടുമാത്രം ജനജീവിതം അഭിവൃദ്ധിപ്പെടുന്നില്ല എന്നും അത് എല്ലാവർക്കും തൊഴിൽ നൽകുന്നതിൽ വിജയിക്കുന്നില്ല എന്നും സമീപദശകങ്ങളിലെ സ്ഥിതിവിവര കണക്കുകൾ തെളിയിക്കുന്നു . മാത്രവുമല്ല ഡിജിറ്റൽ യുഗത്തിന്റെ കാലഘട്ടത്തിൽ , ഉല്പാദന മേഖലയിലും സേവന മേഖലയിലും പുതുതായി കടന്നുവരുന്ന നിർമിത ബുദ്ധിയടക്കമുള്ള സാങ്കേതികവിദ്യകൾ ഗണ്യമായ തോതിൽ തൊഴിൽ മേഖലയിൽ വിപരീതഫലം ഉളവാക്കുന്നു എന്നും ലഭ്യമായ കണക്കുകൾ വെളിവാക്കുന്നു.

ഡേവിഡ് റിക്കാർഡൊ
ഡ്രവർ സ്വാൻ

2008ൽ പാശ്ചാത്യ ലോകം അതിഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചു, വിശേഷിച്ച് ആഗോള മുതലാളിത്തത്തിന്റെ കേന്ദ്രമായ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഈ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു . മുതലാളിത്ത ലോകത്ത് അടിക്കടിയുണ്ടാകുന്ന മാന്ദ്യങ്ങളുടെ പൊതുസ്വഭാവം അത് ആരംഭിച്ചുകഴിഞ്ഞാൽ ഏതാനും വർഷങ്ങൾ നീണ്ടുനിൽക്കുകയും തുടർന്ന് അതിൽ നിന്നും മോചനം നേടുകയും ചെയ്യാറുണ്ട് എന്നതാണ് . സാമ്പത്തിക ഉല്പാദന വളർച്ചയുടെ കാര്യത്തിൽ അമേരിക്കയും തിരിച്ചു കരകയറി . നിക്ഷേപങ്ങൾ തിരികെ വന്നു ,ആഭ്യന്തരോത്പാദനം പൂർവസ്ഥിതിയിലെത്തി. പക്ഷേ തൊഴിൽ രംഗത്ത് കാര്യങ്ങൾ സംഭവിച്ചത് വ്യത്യസ്തമായിട്ടാണ്.

മാന്ദ്യങ്ങൾ എല്ലായ്-പോഴും രൂക്ഷമായ തൊഴിലില്ലായ്മയെ സൃഷ്ടിക്കും. 2008ലെ മാന്ദ്യ കാലത്തും അതുണ്ടായി. മെയ് 2007 നും ഒക്ടോബർ 2009 നും ഇടയിൽ തൊഴിലില്ലായ്മ 5.7 ശതമാനം വർദ്ധിച്ചു. രണ്ടാം ലോകയുദ്ധാനന്തരമുള്ള ഏറ്റവും വലിയ വർദ്ധനവായിരുന്നു ഇത്. പക്ഷേ ജൂൺ 2009 ൽ മാന്ദ്യം അവസാനിച്ചു എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷവും തൊഴിലില്ലായ്മ നിരക്കിൽ കാര്യമായ കുറവുണ്ടാകാത്തത് പല സാമ്പത്തിക വിദഗ്ധരും അമ്പരപ്പോടെയാണ് നോക്കിക്കണ്ടത് . 2010 ൽ വ്യാവസായിക നിക്ഷേപം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിന്റെ 95 ശതമാനത്തോളം വളർന്നു. പക്ഷേ മാന്ദ്യത്തിനുശേഷം അമേരിക്കൻ കമ്പനികൾ തൊഴിലാളികളെ പറഞ്ഞുവിടുന്നത് അവസാനിപ്പിച്ചുവെങ്കിലും പുതിയ തൊഴിലിലേക്ക് ആളുകളെ എടുക്കുന്ന പ്രക്രിയ പുനരാരംഭിച്ചില്ല. എന്നുപറഞ്ഞാൽ നിക്ഷേപങ്ങളത്രയും മൂലധന പ്രധാനമായതായിരുന്നു. യന്ത്രങ്ങൾ വാങ്ങിക്കൂട്ടി, പക്ഷേ ആളുകളെ ജോലിക്ക് എടുക്കുന്നത് നിർത്തി.

തൊഴിൽരഹിത വളർച്ച
എഴുപതുകളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 3 – 3.5 ശതമാനമെന്ന നിരക്കിലായിരുന്നു. അതേ കാലയളവിൽ തൊഴിലിലുണ്ടായ വർദ്ധന 3 ശതമാനവും .എന്നാൽ കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാനിരക്ക് 5–8 ശതമാനത്തിനിടയിലായിരുന്നുവെങ്കിൽ ഇതേ കാലയളവിൽ തൊഴിലിലുണ്ടായ വളർച്ച ഒരു ശതമാനത്തിനു താഴെ മാത്രയായിരുന്നു . സമ്പദ്ശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ Employment elasticity ഏതാണ്ട് ഒന്നിനടുത്തുനിന്ന് അതിന്റെ പത്തിലൊന്നായി (0.1) കുറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം , 7 ശതമാനം നിരക്കിൽ സാമ്പത്തിക വളർച്ചയുണ്ടായിക്കൊണ്ടിരിക്കുമ്പോഴും തൊഴിൽ വളർച്ച 0 .6 ശതമാനം മാത്രമാണ് . അതായത് Employment elasticity 0.1 ൽ നിന്നും വീണ്ടും കുറയുന്നു എന്നർത്ഥം.

ഇന്ത്യയിൽ പ്രതിവർഷം 18 വയസ്സ് പൂർത്തിയാകുന്നവരുടെ എണ്ണം 18 ദശലക്ഷമാണ്. കാർഷിക മേഖലയിൽ പണിയെടുക്കുന്ന 10 കോടി ജനങ്ങൾ ഈ മേഖലയിൽ ഇതിനകം തന്നെ അധികപ്പറ്റാണ്. പുതുതായി തൊഴിൽ തേടിയെത്തുന്നവരെ അല്പം പോലും ഉൾക്കൊള്ളാൻ ഇന്നത്തെ സ്ഥിതിയിൽ ഇന്ത്യൻ കാർഷിക മേഖലയ്ക്ക് കഴിയില്ല. പ്രതിവർഷം 20 ലക്ഷം തൊഴിലുകളെങ്കിലും പുതുതായി കണ്ടെത്തിക്കൊണ്ടേയിരിക്കണം. എന്നാൽ വസ്തുതകൾ എന്താണ് ? സ്വതന്ത്രഇന്ത്യയുടെ 45 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. 2016–-17 ൽ 41.27 കോടി ആൾക്കാർ വിവിധ മേഖലകളിലായി തൊഴിലെടുത്തുകൊണ്ടിരുന്ന സ്ഥാനത്ത് 2022–-23 ൽ പണിയെടുക്കുന്നവർ 40.57 കോടി മാത്രമാണ്. അതായത് 70 ലക്ഷം തൊഴിലുകളുടെ നഷ്ടം! ഇന്ത്യയും അമേരിക്കയും മറ്റ് മുതലാളിത്ത രാജ്യങ്ങളുമെല്ലാം ഏതാണ്ട് സമാനമായ സാഹചര്യത്തെയാണ് നേരിടുന്നത്.

അമേരിക്കയുടെ മൂർത്ത സാഹചര്യങ്ങളെ മുൻനിർത്തി ഈ സ്ഥിതിവിശേഷത്തെ വിശകലനം ചെയ്യുന്ന പഠനങ്ങൾ ഏറെ നടന്നിട്ടുണ്ട്. ഈ പ്രതിഭാസം മൂന്ന് രീതിയിൽ വിശദീകരിക്കപ്പെടുന്നുണ്ട് . ഒന്ന്, ഇത് കേവലം ചാക്രികമായ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായ ഒന്നാണ്. അതിനാൽ തികച്ചും സ്വാഭാവികമാണ്. 2007 നു ശേഷം അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മൊത്തത്തിൽ വളരുന്നില്ല,അതിനാൽ കൂടുതൽ ആളുകളെ ജോലിക്കെടുക്കേണ്ടതില്ല. രണ്ട്, ഇത് കേവലമൊരു ചാക്രിക കുഴപ്പമല്ല, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഒരു ദീർഘകാല മാന്ദ്യത്തിന്റെ പിടിയിലാണ്. ഇതിന് അടിസ്ഥാനപരമായ പല കാരണങ്ങളുമുണ്ട്. വൻതോതിലുള്ള സാങ്കേതിക നവീകരണങ്ങൾ കൊണ്ടും മറ്റ് പല നടപടികളിലൂടെയും ഇത് പരിഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ . മൂന്ന്, തൊഴിലുല്പാദനത്തിന്റെ കാലഘട്ടം അവസാനിച്ചിരിക്കുന്നു എന്ന നിരീക്ഷണമാണ്. പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവന്ന് സാമ്പത്തിക വളർച്ച കൂട്ടി തൊഴിലില്ലായ്മ പരിഹരിക്കാനാവും എന്ന പരമ്പരാഗത വിശ്വാസത്തിനു നേർ വിപരീതമായി, സാങ്കേതികവിദ്യയുടെ അമിതമായ പ്രയോഗങ്ങൾ ഉള്ള തൊഴിലിനെ തന്നെ ഇല്ലാതാക്കി എന്ന നിരീക്ഷണമാണിത്.

ജെർമി റിഫ്കിൻ 1995 ൽ ‘End of Work’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിരീക്ഷിക്കുന്നത് ഇങ്ങിനെയാണ്: “ഇന്ന് സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഉണ്ടാകുന്ന സാങ്കേതിക മാറ്റങ്ങൾ ദശലക്ഷങ്ങളെ തൊഴിലില്ലായ്മയിലേക്ക് തള്ളിനീക്കുകയാണ്…….. വിവര സാങ്കേതികവിദ്യയുടെ യുഗം ആരംഭിച്ചിരിക്കുന്നു. വളരെ സങ്കീർണമായ സോഫ്ട്‍വെയർ ആപ്ലിക്കേഷനുകൾ, ഏതാണ്ട് സമ്പൂർണ്ണമായ തോതിൽ തൊഴിൽരഹിതരുടെ ഒരു ലോകം സൃഷ്ടിച്ചേക്കും.കാർഷിക മേഖലയിലും നിർമ്മാണ മേഖലയിലും സേവനമേഖലയിലും യന്ത്രങ്ങൾ അതിവേഗത്തിൽ മനുഷ്യനു പകരംവെയ്ക്കപ്പെടുകയാണ് . ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സമ്പദ്‌വ്യവസ്ഥകൾ ഏതാണ്ട് പൂർണമായും ഓട്ടോമേറ്റ് ചെയ്യപ്പെടും ….അടുത്ത ദശകത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി ഇത് മാറാൻ പോവുകയാണ്“ . റിഫ്കിന്റെ ഭാവനകൾ എത്ര കണ്ട് യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നുവെന്നത് ഒരു ചോദ്യമാണെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന യന്ത്രവും മനുഷ്യനും തൊഴിലും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം പല വസ്തുതകളും നമുക്ക് കാട്ടിത്തരുന്നുണ്ട് . ഒരു വശത്ത് പുതിയ സാങ്കേതിക വിദ്യകൾ മൂലം തൊഴിൽ നഷ്ടപ്പെടുന്നവരുടെയും മറുവശത്ത് ഇതേ സാങ്കേതിക വിദ്യകൾ സൃഷ്ടിച്ച തൊഴിലുകൾ തേടുന്നവരുടെയും ചരിത്രമാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾ.

19–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉല്പാദന രംഗത്ത് യന്ത്രങ്ങൾ ദൃശ്യമേ ആയിരുന്നില്ല.എന്നാൽ നൂറ്റാണ്ടിന്റെ മധ്യത്തോടെ കാര്യങ്ങൾ മാറിത്തുടങ്ങി . കൊയ്ത്തു യന്ത്രങ്ങളും, ഉരുക്ക് കലപ്പകളും ട്രാക്ടറുകളും രംഗത്തുവന്നു. വിവിധ മേഖലകളിൽ പണിയെടുക്കുന്നവരുടെ എണ്ണത്തിൽ ഇതുണ്ടാക്കിയ മാറ്റങ്ങൾ വലുതായിരുന്നു. കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ശതമാനം 1875 ൽ പകുതിയായി കുറഞ്ഞു . ഇത് 1900 ആയപ്പോഴേക്കും 50 ശതമാനവും 1940 ൽ 20 ശതമാനവും ആയി മാറി. ഇന്നത് കേവലം 3 ശതമാനം മാത്രമാണ്. ഇതേസമയം 1810 ൽ വ്യാവസായിക മേഖലയിൽ പണിയെടുക്കുന്നവരുടെ എണ്ണം നാമമാത്ര സംഖ്യയിൽ നിന്നും ( 75000 ) മൊത്തം തൊഴിലെടുക്കുന്നവരുടെ മൂന്നിലൊന്നായി ഉയർന്നു .1960 നും 1990 നുമിടയിൽ നിർമിത വസ്തുക്കളുടെ ഉല്പാദനം കണക്കറ്റ് പെരുകിയപ്പോഴും ഇതുണ്ടാക്കാനാവശ്യമായവരുടെ എണ്ണം പകുതിയായി കുറയുകയാണുണ്ടായത് . ഇതിനു സമാന്തരമായി, സേവന മേഖലയിലുണ്ടായ വളർച്ചയാണ് തൊഴിൽ രംഗത്തെ മുന്നോട്ടു കൊണ്ടുപോയത് .1870 ൽ 30 ലക്ഷം പേർ മാത്രം പണിയെടുത്തിരുന്ന സേവനമേഖലയിൽ 1990 ൽ 9 കോടി ജനങ്ങളാണ് പണിയെടുക്കുന്നത്. പക്ഷേ സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ സേവന മേഖലയുടെ സ്ഥിതിയും മാറുകയാണ്. മുൻപ് നിർമ്മാണ മേഖലയിൽ സംഭവിച്ചതുപോലെ ഒരു കൈകൊണ്ട് തൊഴിൽ നൽകുകയും മറു കൈകൊണ്ട് തൊഴിൽ തിരിച്ചെടുക്കുകയുമാണ് സാങ്കേതിക വിദ്യകളുടെ വളർച്ച ഇവിടെയും ചെയ്യുന്നത്. ഡിജിറ്റൽ യുഗത്തിന്റെ ആവിർഭാവത്തോടെ ഇത് കൂടുതൽ തീവ്രമായിരിക്കുന്നു . നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഉൽപാദന പ്രവർത്തനങ്ങൾ ഇതിനെ കൂടുതൽ അനുഭവവേദ്യമാക്കിയിരിക്കുന്നു.

നവലിബറൽ കാലത്തെ സാങ്കേതികവിദ്യാ വളർച്ച
മൂലധന താല്പര്യങ്ങൾ ആത്യന്തികമായി കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു ലോകത്ത് , യന്ത്രങ്ങളുമായുള്ള മത്സരത്തിൽ സാധാരണ മനുഷ്യരുടെ താല്പര്യങ്ങൾ പിന്തള്ളപ്പെടുകയാണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം . ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഒഴിവാക്കിക്കൊണ്ട് മനുഷ്യന് മുന്നോട്ടു പോകാനാവില്ല. അതേസമയം ഈ സാങ്കേതിക വിദ്യകളുടെ അതിവേഗ വളർച്ച കോടിക്കണക്കിന് മനുഷ്യരുടെ ജീവനോപാധികളെയും വേതനത്തെയും വിപരീതമായി ബാധിക്കുന്നുവെന്നത് ഒരു യാഥാർഥ്യമായി മാറിയിരിക്കുന്നു.

സാങ്കേതിക വിദ്യകളുടെ വളർച്ചയുടെ വേഗം നമുക്ക് സങ്കല്പിക്കാവുന്നതിലും വളരെ വലുതാണ് . രാജാവിനെ ചെസ്സുകളി പഠിപ്പിച്ച മിടുക്കൻ പ്രതിഫലമായി ചോദിച്ചു വാങ്ങിയ ഓരോ കള്ളിയിലും പെരുകുന്ന അരിമണിയുടെ കണക്കുപോലെയാണ് ഈ വളർച്ച. ഓരോ അടുത്ത കള്ളിയിലും വെയ്ക്കുന്ന അരിമണികളുടെ എണ്ണം ഇരട്ടിയ്ക്കണമെന്ന ആവശ്യം അംഗീകരിച്ച രാജാവിന് ഒടുവിൽ രാജ്യം മുഴുവൻ നൽകേണ്ടിവന്നുവെന്നാണ് കഥ. കംപ്യൂട്ടർ ചിപ്പുകളുടെ ശേഷിയിലെ വർധനയും സമാനമാണ് . കമ്പ്യൂട്ടിങ് പവർ ഓരോ രണ്ടുവർഷത്തിലും ഇരട്ടിക്കുമെന്നാണ് മൂർസ് നിയമം പറയുന്നത് .കമ്പ്യൂട്ടിങ് പവറിന്റെ നിരന്തരമായ ഈ വർധന ഉണ്ടാക്കുന്ന മാറ്റങ്ങൾ നമുക്ക് മുൻകൂട്ടി വിഭാവനം ചെയ്യാൻ പറ്റുന്നതിനും അപ്പുറമായിരിക്കും. കാരണം മനുഷ്യന്റെ ചിന്താശേഷി തീർത്തും linear ആയ ഒന്നാണെങ്കിൽ സാങ്കേതിക വിദ്യകളുടെ വളർച്ച exponential ആണ്. അതിനാൽ ചെസ്സ് ബോർഡിന്റെ രണ്ടാം പകുതിയിൽ എത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ പോലെ സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രവചനാതീതമായിരിക്കും.

ഇത് ഉല്പാദന വർധനവിൽ മാത്രമല്ല അത് സാധ്യമാക്കുന്ന സാമൂഹിക ഘടനയിലും വലിയ മാറ്റങ്ങൾക്കിടയാക്കും. ഉല്പാദനശക്തികളുടെ ഈ വികാസത്തിനനുസരിച്ച്, വിപ്ലവകരമായ മാറ്റങ്ങൾ മനുഷ്യന്റെ സാമൂഹിക സംഘാടനത്തിൽ വേണ്ടി വരുമെന്നുമാത്രം . ഉല്പാദന ശക്തികളുടെ വളർച്ച ഉൾക്കൊള്ളാനാകാതെ അത് നിലനിൽക്കുന്ന പഴയ ചട്ടക്കൂട് തകരുകയും പുതിയത് നിലവിൽ വരികയും ചെയ്യുമെന്ന മാർക്സിസ്റ്റ് കാഴ്ചപ്പാടും സ്ഥിരീകരിക്കുന്നത് ഇത് തന്നെയാണ്.

മുഖ്യധാരാ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങൾ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ സംഭവിക്കുന്നതെന്ന് 2008 ലെ മാന്ദ്യത്തിനു ശേഷമുള്ള അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കാട്ടിത്തരുന്നു . സാമ്പത്തികോല്പാദനം വർധിച്ചപ്പോഴും തൊഴിലുകൾ പുതുതായി ഉണ്ടാകുന്നില്ല. ഉല്പാദനക്ഷമതയിലുണ്ടായ വർദ്ധന സമൂഹത്തിലെ മുഴുവൻ പേർക്കുമായും പങ്കുവെയ്ക്കപ്പെട്ടില്ല . ഗുരുതരമായ അസമത്വമാണ് ഇതിന്റെ മറ്റൊരു പാർശ്വ ഫലം. ഇത് യാന്ത്രികമായി സംഭവിക്കുന്ന ഒരു കാര്യമല്ല. സാങ്കേതിക വിദ്യയുടെ വളർച്ചയിലുണ്ടായ കുറവല്ല ശരാശരി വരുമാനത്തിലുണ്ടായ മാന്ദ്യത്തിനു കാരണം. നിയോ ലിബറൽ കാലഘട്ടത്തിലെ സാമൂഹിക സ്ഥാപനങ്ങൾ സാധാരണ മനുഷ്യനെ അവഗണിക്കുകയാണ് . തൊഴിലില്ലായ്മ ആരുടേയും പ്രധാന ചർച്ചാ വിഷയമല്ല . എല്ലാ ചർച്ചകളും സാമ്പത്തിക വളർച്ചയിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു . എല്ലാ നയങ്ങളും ആ ലക്ഷ്യത്തെ മാത്രം മുൻനിർത്തി രൂപീകരിക്കുന്നു.

വ്യാവസായിക വിപ്ലവത്തിന്റെ വരവോടെ ദശലക്ഷക്കണക്കിന് മനുഷ്യർ കാർഷികവൃത്തികളുപേക്ഷിച്ച് വ്യാവസായിക ജോലികളിലേക്ക് കടന്നുവെങ്കിൽ , അതിനനുസൃതമായ സാങ്കേതിക വൈഭവം ആർജിച്ചുവെങ്കിൽ ,അതിന് കഴിയാതെ വരുന്നുവെന്നതാണ് ഇന്നത്തെ ലോകത്തിന്റെ സവിശേഷത . പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്ന കാര്യത്തിൽ മനുഷ്യരെ സഹായിക്കാൻ ഭരണകൂടങ്ങൾ സവിശേഷ താല്പര്യം എടുക്കണം .സാധാരണക്കാരെ അതിനൊപ്പം കൈപിടിച്ച് കൊണ്ടുപോകാൻ മാനുഷിക വിഭവ വികസനത്തിൽ ഭരണകൂടങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്തണം . ഈ താല്പര്യങ്ങളെല്ലാം ഹനിക്കപ്പെടുന്ന ഒരു നിയോ ലിബറൽ പാരഡൈമിനകത്താണ് നാം ഇന്നകപ്പെട്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം . അതിനാൽ നവീന സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന സാമ്പത്തിക വളർച്ച ഒരു വഴിക്കും തൊഴിലെടുക്കാനുള്ള മനുഷ്യരുടെ ശേഷിയും ലഭ്യമായ തൊഴിലുകളുടെ എണ്ണവും വേറൊരു വഴിക്കും പോവുക എന്ന വിചിത്രമായ പ്രതിഭാസത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും അകപ്പെട്ടിരിക്കുന്നു.

തൊഴിലില്ലായ്‌മ എന്ന പ്രതിഭാസത്തെ സാങ്കേതിക വിദ്യയുടെ വളർച്ചയുമായി മാത്രം ബന്ധപ്പെടുത്തി വിലയിരുത്തുന്നത് ശരിയായിരിക്കില്ല . ഒരു രാജ്യത്ത് നിലനിൽക്കുന്ന സവിശേഷമായ സാമൂഹിക ബന്ധങ്ങൾ , ഭരണകൂടത്തിന്റെ സ്വഭാവം എന്നിവ ഈ പ്രതിഭാസത്തെ നിയന്ത്രിക്കുന്നതിൽ നിർണായക ഘടകങ്ങളാണ് . സാമ്പത്തിക വളർച്ച കൈവരിക്കുമ്പോഴും തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ കാരണം കണ്ടെത്താൻ ഇത്തരം ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂടുമ്പോൾ തൊഴിലില്ലായ്മാനിരക്കിലെ വർധനയ്ക്ക് ചെറിയ ഇടിവ് സംഭവിക്കാമെങ്കിലും അടിസ്ഥാനപരമായ കാരണങ്ങൾ നിലനിൽക്കുന്നിടത്തോളം തൊഴിലില്ലായ്മ വർധിച്ചുകൊണ്ടേയിരിക്കും . സെയ്സ് ലോയ്‌ക്കെതിരെ (Say’s Law ) മൂലധനത്തിൽ മാർക്സ് നടത്തിയ വിമർശനം ഇത്തരത്തിലുള്ള ഒന്നായിരുന്നു . ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കുകൾ അതിന്റെ ആവശ്യക്കാരെ സ്വയം കണ്ടെത്തിക്കൊള്ളുമെന്നും സമ്പദ്‌വ്യവസ്ഥ മുഴുവൻ ആൾക്കാർക്കും തൊഴിൽ നൽകുമെന്നുമുള്ള പഴയ സിദ്ധാന്തം പുതിയ പല രൂപങ്ങളിൽ ഇപ്പോഴും നമ്മുടെ സാമ്പത്തിക ചിന്തയിൽ കറങ്ങി നടക്കുന്നുണ്ട്. ഇത്തരം വാദമുഖങ്ങളുടെ പൊള്ളത്തരം നിയോ ലിബറൽ കാലഘട്ടം കൂടുതൽ വ്യക്തമാക്കിത്തരുന്നുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × four =

Most Popular