പുതിയ കാലത്ത് വൈജ്ഞാനിക മേഖലയിലും തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രതിഫലനമുണ്ടാകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. വിജ്ഞാനം പകര്‍ന്നു നൽകുക എന്നതിനപ്പുറത്തേക്ക് ജ്ഞാനോല്പാദനം നടത്തുക, നൈപുണിയും തൊഴിൽ പരിശീലനവും ലഭ്യമാക്കുക എന്ന തരത്തിലേക്കാണ് ഉന്നത വിദ്യാഭ്യാസ മേഖല മാറിക്കൊണ്ടിരിക്കുന്നത്.
ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിൽ ടെക്നോളജിക്കൽ മേഖലയിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് മേഖലയിലും ഉള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും വലിയ പരിഷ്കരണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രണ്ടു മേഖലകളിലും പുതിയ കരിക്കുലം തന്നെ മുന്നോട്ടുവയ്ക്കുകയും ചെയ്തു. ജ്ഞാനോല്പാദനത്തിനും നൈപുണി പരിശീലനത്തിനും ഒരുപോലെ പ്രാമുഖ്യം നൽകുന്ന ദ്വിമുഖ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രോഗ്രാമുകളെയും കോഴ്സുകളെയും പരിഷ്കരിക്കുന്നത്. എൽഡിഎഫ് സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തിവരുന്ന ഈ പരിഷ്കാരങ്ങളുടെ ഭാഗമായാണ് നാലു വര്‍ഷ ബിരുദ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ടെക്നോളജിക്കൽ മേഖലയിലെ എല്ലാ മാറ്റങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് അവസാനത്തെ ഒരു വര്‍ഷക്കാലം വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും ഇന്‍ഡസ്ട്രിയൽ എക്സ്പീരിയന്‍സ് ലഭ്യമാക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ടെക്നോളജിക്കൽ മേഖലയിലെ കരിക്കുലം പരിഷ്കരിച്ചിട്ടുള്ളത്. ക്യാമ്പസുകളിൽ നിന്നു മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനം ലഭിക്കുന്ന സാമ്പ്രദായിക രീതിക്കപ്പുറത്തേക്ക് കടന്ന് ക്യാമ്പസുകളോടൊപ്പം തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, പ്രായോഗിക പരിശീലനം, ഫീൽഡ് വിസിറ്റ് പോലെയുള്ള വ്യത്യസ്ത മണ്ഡലങ്ങള്‍ക്കും തുല്യ പ്രാധാന്യം ലഭ്യമാക്കുകയാണ്.
ഗുണമേന്മയുള്ള പഠനവും പഠനരീതികളും അവലംബിച്ചുകൊണ്ട് ഗവേഷണം, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുകയും നവീനമായ അധ്യാപനരീതിയിലൂടെ വിദ്യാര്‍ത്ഥികളുടെ മാനസികവും സാമൂഹികവുമായ പുരോഗതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പരിഷ്കരിച്ച കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളെയും ഒറ്റ അച്ചിൽ വാര്‍ത്തെടുക്കാതെ വിദ്യാര്‍ത്ഥികളുടെ താല്പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസൃതമായ രീതിയിൽ അവരുടെ കരിയറും കരിക്കുലവും സ്വയം ഡിസൈന്‍ ചെയ്യാം എന്നുള്ളതാണ് ഇതിന്റെ സവിശേഷത. തൊഴിൽ രംഗത്തേക്ക് പോകേണ്ടവര്‍ക്ക് തൊഴിൽ രംഗത്തിനാവശ്യമായ നൈപുണികളും പരിശീലനവും ഉറപ്പുവരുത്തുന്ന രീതിയിലും ഗവേഷണ-–അധ്യാപന മേഖലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനനുസൃതമായ രീതിയിലും പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും.
ഭാഷാ പഠനരീതികളിലും നിലവിലുള്ള കോര്‍-കോംപ്ലിമെന്ററി രീതികളിൽ നിന്നു വ്യത്യസ്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന മേജര്‍, മൈനര്‍ എന്ന പുതിയ ആശയമാണ് നടപ്പിലാക്കിയിരിക്കുന്നത്. അറിവ് നേടുന്നതിനോടൊപ്പം ഭാഷാപ്രാവീണ്യം, വിമര്‍ശനാത്മകചിന്ത, നൈപുണ്യവികസനം, അനലറ്റിക്കൽ സ്കിൽ, മൂല്യാധിഷ്ഠിതവും പാരിസ്ഥിതികവുമായ ഉത്തരവാദിത്വം, സംരംഭകത്വം മുതലായവ വിദ്യാര്‍ത്ഥികളിൽ വളര്‍ത്തി അവരെ ആധുനിക കാലത്തെ തൊഴിലിനു പ്രാപ്തരാക്കുന്ന വിധത്തിൽ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നൽകുന്ന ഒരു പദ്ധതിയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍ കേവലം തൊഴിൽശാലകള്‍ക്ക് വേണ്ടിയുള്ള ഒരു ബിരുദം കരസ്ഥമാക്കുകയല്ല. മറിച്ച്, സംരംഭകത്വ മേഖലയിൽ വളരുന്നതിനും പുതിയ ജ്ഞാനോല്പാദനം നടത്തുന്നതിനും ഉതകുന്ന വിധത്തിൽ അവരുടെ കഴിവുകള്‍ വികസിപ്പിക്കുക എന്നതിനാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. പരമ്പരാഗത കോഴ്സുകളെയടക്കം ആധുനികവൽക്കരിക്കുന്ന കാഴ്ചപ്പാടാണ് പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സയന്‍സ് പഠിക്കുന്നവര്‍ സാമൂഹ്യ സാംസ്കാരിക മാനവിക വിഷയങ്ങള്‍ പഠിച്ചുകൂടെന്നോ മറിച്ചോ ഉള്ള വിലക്കുകള്‍ ഇനി മുതൽ ഉണ്ടാവില്ല. കോംപ്ലിമെന്ററി ഇലക്ടീവ് എന്ന രീതി ഇനിയില്ല.
ഉദാഹരണമായി ഫിസിക്സ് ബിരുദത്തിനു ചേരുന്ന ഒരു വിദ്യാര്‍ത്ഥി കെമിസ്ട്രിയും മാത്തമാറ്റിക്സും മാത്രം പഠിക്കുന്ന നിലവിലെ രീതിയിൽ നിന്നു വ്യത്യസ്തമായി വിദ്യാര്‍ത്ഥിയുടെ താല്പര്യാനുസൃതം ഫിസിക്സിനോടൊപ്പം ഇലക്ട്രോണിക്സ് പോലെയുള്ള വൊക്കേഷണൽ കോഴ്സുകള്‍, അല്ലെങ്കിൽ ഫിസിക്സിനോടൊപ്പം മാത്തമാറ്റിക്സ്, കെമിസ്ട്രി ഇവയിൽ ഏതെങ്കിലും ഒന്നു മാത്രമോ അല്ലെങ്കിൽ ഫിസിക്സിനോടൊപ്പം സാഹിത്യമോ സംഗീതമോ പഠിക്കാനുള്ള സാധ്യതകളടക്കമുള്ള സംവിധാനമാണ് ഉറപ്പുവരുത്തുന്നത്. തൊഴിലിൽ ഊന്നൽ നൽകിയോ ഗവേഷണത്തിൽ ഊന്നൽ നൽകിയോ പഠിക്കാം. ഇതിലേതു രീതിയിലും പഠനപരിശീലനങ്ങളോടെ മൂന്നു വര്‍ഷ-സാധാരണ ഡിഗ്രിയോ നാലുവര്‍ഷ-ഓണേഴ്സ് ഡിഗ്രിയോ കരസ്ഥമാക്കാന്‍ കഴിയും.
ആദ്യ വര്‍ഷം നിര്‍ബന്ധ ഫൗണ്ടേഷന്‍ കോഴ്സുകളാണ്. ആദ്യത്തെ രണ്ടുവര്‍ഷം വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളും പഠിക്കും. വിഷയങ്ങള്‍ തമ്മിൽത്തമ്മിലും ജീവിത സാഹചര്യവുമായും ഉള്ള ബന്ധം മനസ്സിലാക്കിയുള്ള പഠനം. നാനാ വിഷയങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കിയും ഇഷ്ടമുള്ള ഒരു മേഖലയെ കൂടുതൽ മനസ്സിലാക്കിയും ആകും പഠനം നടപ്പാവുക.
പഠനത്തിലൂടെ തങ്ങളുടെ കഴിവുകളെ വികസിപ്പിക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. അത്തരത്തിൽ ആര്‍ജ്ജിക്കുന്ന അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയേണ്ടതുണ്ട്. കാലത്തിനനുസരിച്ചു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയണം. പഠനത്തിലൂടെ എന്തൊക്കെ കഴിവുകള്‍ നേടണം എന്ന ബോധം അപ്പോഴാണ് വിദ്യാര്‍ത്ഥികളിൽ ഉണ്ടാവുന്നത്. പരീക്ഷയ്ക്കു വേണ്ടിയുള്ള പഠിപ്പിക്കലോ പരീക്ഷ മാത്രം മുമ്പിൽക്കണ്ടുള്ള പഠിക്കലോ ഇനിയുണ്ടാവരുത്. വൈജ്ഞാനിക മേഖലയിൽ തങ്ങള്‍ക്കു താല്പര്യമുള്ളതെന്തും വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാം. അതാണ് ഈ നാലുവര്‍ഷ ബിരുദത്തിന്റെ ഗുണം.
വിദ്യാര്‍ത്ഥികളുടെ അഭിരുചിയും താല്പര്യവും മനസിലാക്കി അടുത്ത നാലു വര്‍ഷം, അതായത് ഒരു ബാച്ച് വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ത്തിയാകുന്നതു വരെയുള്ള മാറ്റങ്ങളെ സസൂക്ഷ്മമായി സര്‍വകലാശാലകളും കോളേജുകളും ഉന്നത വിദ്യാഭ്യാസ വകുപ്പും വിലയിരുത്തേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഏതര്‍ത്ഥത്തിലാണോ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ടുപോകുന്നതിനുള്ള സാധ്യതകള്‍ തുറന്നുവെക്കേണ്ടത് ആ അര്‍ത്ഥത്തിൽ നിലവിലുള്ള പ്രോഗ്രാമുകളും കോഴ്സുകളും സമഗ്രമായി പരിഷ്കരിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ നമുക്ക് ഇനി മുന്നോട്ടുപോകുവാന്‍ സാധിക്കുകയുള്ളു.
അതുകൊണ്ടുതന്നെ നിലവിലെ മാറ്റങ്ങള്‍, ടീച്ചിങ് – ലേര്‍ണിംഗ് – ഇവാല്യുവേഷന്‍ രീതികളിലാണ് കൊണ്ടുവന്നിട്ടുള്ളതെങ്കിൽ, അടുത്ത ഘട്ടത്തിൽ നിലവിലുള്ള പ്രോഗ്രാമുകളുടെ തന്നെ പുനർനിർമ്മാണം ആണ് നടത്തേണ്ടത്. ടീച്ചിങ് – ലേര്‍ണിംഗ് – ഇവാല്യുവേഷന്‍ രീതികളിൽ വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുള്ള തങ്ങളുടെ കഴിവുകളെ ഉയര്‍ത്തുവാന്‍ കഴിയുന്ന തരത്തിലുള്ള സാധ്യതകള്‍ കൂടി ഉറപ്പുവരുത്തിയിട്ടുണ്ട്. എക്സാമിനേഷന്‍ ഓണ്‍ ഡിമാന്‍ഡ് അടക്കമുള്ള മികച്ച കാഴ്ചപ്പാടുകളാണ് ഈ കരിക്കുലം പരിഷ്കരണത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ചിട്ടുള്ളത്.
കരിക്കുലം പരിഷ്കരണത്തിനോടൊപ്പം തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനായി റൂസ ഫണ്ട് വഴിയും പ്ലാന്‍ ഫണ്ട് വഴിയും 1,500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കഴിഞ്ഞ നാലു വര്‍ഷക്കാലം കൊണ്ട് 6,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടന്നിട്ടുണ്ട്. നാലുവര്‍ഷ ബിരുദമടക്കമുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കൂടുതൽ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്.
പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ മാറുന്ന ലോകവുമായി ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കുന്നവരാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയും മറ്റും ലോകത്ത് അനുദിനം വരുന്ന മാറ്റങ്ങളെ മനസിലാക്കുന്നവരും അവയോട് പൊരുത്തപ്പെടുന്നവരുമാണ് അവര്‍. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളുടെ മാറുന്ന താല്പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കുമനുസരിച്ച് നമ്മുടെ കരിക്കുലത്തിനു മാറാന്‍ കഴിയുന്നില്ല എന്ന ആക്ഷേപം ഒരു ന്യൂനതയായി നിലനിന്നിരുന്നു. ഇതിനെ മറികടക്കാന്‍ ഉതകുന്നതാണ് നാലു വര്‍ഷ ബിരുദത്തിന്റെ കരിക്കുലം.
ജോലിക്കാവശ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കാനുള്ള അവസരവുമുണ്ടാവും. ജോലി ചെയ്തു പഠിക്കാനും കഴിയും. മൂന്നുവര്‍ഷ ഡിഗ്രിയെടുത്ത് ജോലിയിലേക്കു പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനാവശ്യമായ രീതിയിൽ കോഴ്സുകള്‍ ചെയ്യാം. നാലുവര്‍ഷം പൂര്‍ത്തിയാക്കി ഓണേഴ്സ് ബിരുദം കരസ്ഥമാക്കി ജോലിയിലേക്കോ തുടര്‍ പഠനമേഖലയിലേക്കോ ഗവേഷണ മേഖലയിലേക്കോ നീങ്ങാന്‍ കഴിയും. ഉയര്‍ന്ന ഗ്രെയ്ഡ് കരസ്ഥമാക്കുന്നവര്‍ക്ക് ഓണേഴ്സിനു ശേഷം നേരിട്ട് പി എച്ച് ഡിക്കു ചേര്‍ന്നു ഗവേഷണം തുടരാം. അങ്ങനെ വൈവിധ്യമാര്‍ന്ന സാധ്യതകള്‍ പുതിയ രീതി വിദ്യാർത്ഥികൾക്ക് കാഴ്ചവയ്ക്കുന്നു.
വിദ്യാര്‍ത്ഥികളുടെ താല്പര്യത്തിനനുസരിച്ച് അവരുടെ കോഴ്സുകളും പ്രോഗ്രാമുകളും ക്രമീകരിക്കാനും ആവശ്യമെങ്കിൽ ക്യാമ്പസിന് പുറത്തുനിന്നും കോഴ്സുകളെടുത്തു പഠിക്കാനുമുള്ള അവസരമാണ് ഇപ്പോള്‍ ഉറപ്പുവരുത്തിയിരിക്കുന്നത്. ഈയവസരത്തിൽ വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത് തങ്ങള്‍ക്ക് ഏത് ദിശയിലാണോ മുന്നോട്ടുപോകേണ്ടത് അതിനു സഹായകമായ എന്തൊക്കെ സംവിധാനങ്ങള്‍ ക്യാമ്പസുകളിൽ വേണമെന്നത് നിര്‍ദ്ദേശിക്കലാണ്. അത്തരം ഇടപെടലുകള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഹായകമാകും.
രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പ്രമുഖ സര്‍വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും നമ്മുടെ കുട്ടികളുണ്ട്. ഏതു നൊബേൽ സമ്മാന ജേതാക്കളുടെ ടീമിലും നമ്മുടെ നാട്ടിൽ നിന്നുള്ള ഒരു സഹായിയെങ്കിലും ഉണ്ടായിരിക്കും. പക്ഷെ ഈ മികവ് നമുക്ക് ഇവിടെ സാദ്ധ്യമാവുന്നില്ല. നമുക്കെന്തുകൊണ്ട് ഇന്‍ ഹൗസ് എക്സലന്‍സ് സാധിക്കുന്നില്ല എന്നത് നമ്മള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. നമ്മുടെ പ്രതിഭകള്‍ ഇവിടം വിടുമ്പോഴേ ലോകനിലവാരത്തിലെത്തുന്നുള്ളൂ. അതെന്തുകൊണ്ടാണ്? പുറംരാജ്യങ്ങളിൽ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് മേഖലയ്ക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നതുകൊണ്ടാണത് എന്ന് ഒരു മറുപടി ലഭിച്ചേക്കാം. എന്നാൽ, വിശദമായി പരിശോധിച്ചാ അതുമാത്രമല്ല കാരണം എന്നു മനസ്സിലാകും.
പരീക്ഷകള്‍ക്കുവേണ്ടി മാത്രം പഠിക്കുന്ന നമ്മുടെ രീതിയും ഇന്‍ഹൗസ് എക്സലന്‍സ് സാധ്യമാകാത്തതിന്റെ ഒരു പ്രധാന കാരണമാണ്. തുടര്‍ച്ചയായി പഠിക്കുന്ന രീതി നമുക്കില്ല. ക്ലാസ്സുമുറിയിലും ലൈബ്രറിയിലും ഇന്റര്‍നെറ്റു വഴിയും തുടര്‍ച്ചയായി പഠനത്തിൽ ഏര്‍പ്പെടുന്ന രീതി വേണം. ഓരോ കോഴ്സും പഠനഫലമായി എന്താണ് ലക്ഷ്യമാക്കുന്നതെന്നു മുന്‍കൂട്ടി മനസ്സിലാക്കി അതു കൈവരിക്കാന്‍ വേണ്ടിയുള്ള പഠനവും ലക്ഷ്യം കൈവരിക്കുന്നുണ്ടോ എന്ന ആത്മപരിശോധനയും വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തുന്നില്ല. ക്ലാസ്സുമുറിയിലെ പഠനത്തിനു പുറമേ ചര്‍ച്ച വഴിയും അസൈന്മെന്റുകള്‍ വഴിയും തുടര്‍ച്ചയായി പഠനം പുരോഗമിക്കണം. അങ്ങനെ പഠിക്കുന്ന രീതിയിലൂടെയാണ് മികവുള്ള വിദേശ സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികളെ കഴിവുള്ള ബിരുദധാരികളാക്കി മാറ്റുന്നത്. അതിലേക്കുള്ള ചുവടുവെപ്പായി നാലു വര്‍ഷ ബിരുദപഠനം മാറണം.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകള്‍ അക്കാദമിക സമൂഹത്തിൽ മാത്രം ഒതുങ്ങി നിൽക്കരുത്. അവയുടെ ജനാധിപത്യവത്കരണം സാധ്യമാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഴിയണം. അങ്ങനെ വിജ്ഞാനസമൂഹമായി നാം പരിവര്‍ത്തനപ്പെടണം. നാലു വര്‍ഷ ബിരുദം ഇതിനെല്ലാം വഴിയൊരുക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ♦