വർഗപരമായ പ്രാധാന്യവും പ്രത്യയശാസ്ത്രത്തിന്റെ മേൽക്കെെയും വീണ്ടെടുക്കൽ 3
തൊഴിലാളിവർഗത്തിലെ ഏറ്റവും പുരോഗതി പ്രാപിച്ച വിഭാഗം എന്ന നിലയിലുള്ള, വ്യാവസായിക തൊഴിലാളികളുടെ അസ്തിത്വത്തെത്തന്നെ നവമാർക്സിസ്റ്റുകളും പല നിറക്കാരായ പരിഷ്കരണവാദികളും നിഷേധിക്കുകയാണ്. ചരിത്രത്തിന്റെ തടവുകാരെന്ന് ട്രേഡ് യൂണിയനുകളെ അവർ കുറ്റപ്പെടുത്തുന്നു. അതേസമയം അസംഘടിത മേഖലകളിലുള്ളവർ, സ്വയം തൊഴിലിലേർപ്പെടുന്നവർ, പ്ലാറ്റ്ഫോം തൊഴിലാളികൾ, വീട്ടു ജോലിക്കാർ, സ്കീം തൊഴിലാളികൾ തുടങ്ങി തൊഴിലാളിവർഗത്തിലെ വർധിച്ചുകൊണ്ടിരിക്കുന്ന വിവിധ വിഭാഗങ്ങൾക്ക് ട്രേഡ് യൂണിയനുകൾ അർഹമായ ശ്രദ്ധ നൽകുന്നുമില്ല എന്നും ആരോപിക്കുന്നു.
യാഥാർഥ്യം നമ്മോട്
വിളിച്ചോതുന്നത് എന്താണ്?
എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളിലെയും അംഗത്വത്തിൽ ഇന്ന് ഏകദേശം 90 ശതമാനവും അസംഘടിതമേഖലയിൽനിന്നുള്ളവരാണ്. അവരാണ് തൊഴിൽസേനയിലെ അങ്ങേയറ്റം അരക്ഷിതമായ വിഭാഗം എന്ന കാര്യം സ്പഷ്ടമാണ്. ഇവയിൽ ഏറെപ്പേരും പരിമിതമായ ഉപജീവന സാഹചര്യംമൂലം നിത്യജീവിതത്തിനായി പാടുപെടുന്നവരുമാണ്. തീർച്ചയായും അവർ എണ്ണത്തിൽ അതിശക്തരാണ്; അതേസമയം അവർ പ്രതീക്ഷയറ്റവരുമാണ്. രാഷ്ട്രീയ സംവാദങ്ങൾക്കു വേദിയാകാൻ ഏറ്റവും എളുപ്പം സാധിക്കുന്നതും രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് ബഹുജന കാഴ്ചപ്പാട് നൽകാൻ പ്രാപ്തിയുമുള്ള തൊഴിലാളികളുടെ കൂട്ടമാണവർ.
എന്നിരുന്നാലും, ഒരു വർഗാധിഷ്ഠിത ട്രേഡ് യൂണിയനെ സംബന്ധിച്ചിടത്തോളം തൊഴിലാളിവർഗത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ മുൻഗണന നിശ്ചയിക്കാൻ കഴിയുന്നത് അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്കോ ദുരിതത്തിനോ കേവലം എണ്ണത്തിലുള്ള ആധിക്യത്തിനോ അല്ല. മറിച്ച് അടിസ്ഥാനപരമായ മാനദണ്ഡം മൂലധനവാഴ്ചയെ ഇല്ലാതാക്കുകയും ഭരണകൂട വാഴ്ചയെ എതിർക്കുകയും അവയെ നിർവീര്യമാക്കുകയും ചെയ്യുന്നതിനുള്ള അതിന്റെ കഴിവാണ്. അതുകൊണ്ടാണ് വെെദ്യുതി, കൽക്കരി, പെട്രോളിയം, ട്രാൻസ്പോർട്ട്, പ്രതിരോധം, ധനകാര്യം തുടങ്ങിയ മേഖലകളെ തന്ത്രപരമായ മേഖലകളായി കാണുന്നത്; അതുകൊണ്ടാണ് വലിയ മൂലധന നിക്ഷേപമുള്ള മാനുഫാക്ചറിങ്/ സേവന വ്യവസായങ്ങളും അഭൂതപൂർവമായ സാങ്കേതിക പുരോഗതികളും തൊഴിലിന്റെ ഘടനാമാറ്റവും (restructuring) നിർണായകമാവുന്നത്.
ഈ മേഖലകൾ അധ്വാനസമയത്തിന്റെ ഒരു സെക്കന്റിന്റെ ഒരംശത്തിൽനിന്നുപോലും കൃത്യമായും മിച്ചം ഉൗറ്റിയെടുക്കുന്നത് ഉറപ്പാക്കുന്നതിനായി നിരന്തരം രൂപമാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. അതുവഴി അധ്വാനത്തിന്റെ ഓരോ യൂണിറ്റിലെയും മിച്ചമൂല്യം അതിതീവ്രമായി ഊറ്റിയെടുക്കപ്പെടുകയാണ്. ഉൽപാദനത്തിനായുള്ള ഉപകരണങ്ങളുടെ ആധുനികവൽക്കരണത്തോടൊപ്പം അധ്വാനശക്തിയുടെ അസന്ദിഗ്ധാവസ്ഥയും വളർന്നുകൊണ്ടിരിക്കുന്നു എന്നതാണ് വിരോധാഭാസം; ഇന്ത്യയിലെ ആധുനിക മാനുഫാക്ചറിങ് മേഖലയിലെയും സേവന മേഖലയിലെയും മൂലധനത്തിന്റെ ഗതിയും ഇങ്ങനെ തന്നെയാണ്. നിർമിത ബുദ്ധിയുമായും നാലാം വ്യാവസായിക വിപ്ലവവുമായും ബന്ധപ്പെട്ട എല്ലാ സംവാദങ്ങളും കാണിക്കുന്നതും മൂലധനത്തിനുപോലും ഈ ഘടനാമാറ്റത്തിന്റെ (restructuring) സാമൂഹ്യമായ പ്രത്യാഘാതത്തെ നേരിടാൻ അത്ര എളുപ്പമല്ലെന്നാണ്.
കരാർവൽക്കരണം, താൽക്കാലികവൽക്കരണം, ട്രെയിനിഷിപ്പ്, അപ്രന്റീസ്ഷിപ്പ് എന്നിങ്ങനെ വേതന വിഹിതത്തിൽ തുടർച്ചയായ വെട്ടിക്കുറവുവരുത്താൻ കഴിയുന്ന അസ്ഥിരമായ (Nonregular) തൊഴിൽ ബന്ധങ്ങളുടെ മറ്റെല്ലാ രൂപങ്ങളും അടിച്ചേൽപ്പിക്കുന്നത് തൊഴിലാളികളുടെ പോരാട്ടശേഷിയെ ഇല്ലാതാക്കുകയെന്ന മുതലാളിത്ത രൂപകൽപനയുടെ അവിഭാജ്യഘടകമാണ്. തന്ത്രപരവും ആധുനികവുമായ മാനുഫാക്ച്ചറിങ്/ സേവന മേഖലകളിലെ എല്ലാതരങ്ങളിലുമുള്ള അസ്ഥിര തൊഴിലാളികൾ, ആധുനിക ഇന്ത്യയിലെ, സാമൂഹ്യ പരിവർത്തനത്തിനായുള്ള പോരാട്ടത്തെ നയിക്കാനുള്ള ശേഷിയും ഊർജവും കൊണ്ട് ശാക്തീകരിക്കപ്പെട്ട ഏറ്റവും പുരോഗമിച്ചതും സാധ്യതയുള്ളതുമായ തൊഴിലാളിവർഗമാണ്.
ജനസംഖ്യാപരമായ പരിവർത്തനത്തോടെ യുവജനങ്ങൾ ജനസംഖ്യയുടെ ഭൂരിഭാഗമായി മാറി. അവർ യഥാർഥത്തിൽ മൂലധനത്തിനെതിരായ പോരാട്ടത്തെ നയിക്കാനും ചൂഷിതരും തൊഴിലെടുക്കുന്നവരുമായ മറ്റു ജനവിഭാഗങ്ങളെയും കൂടി കൂട്ടിയോജിപ്പിക്കാനും പ്രക്ഷോഭത്തിൽ അണിനിരത്താനും കഴിയുന്ന ശക്തിയാണ്. വിപ്ലവാഭിമുഖ്യത്തെ നിരായുധീകരിക്കുന്നതിനായി നടക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ ശ്രമങ്ങൾക്കിടയിൽ തന്ത്രപരവും ബഹുജനാടിത്തറയിലൂന്നിയതുമായ വ്യക്തവും മൂർത്തവുമായ സങ്കൽപനത്തിന് ഊന്നൽ നൽകുകയെന്നത്. ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യവുമാണ്.
മുന്നോട്ടുള്ള പാത ചരിത്രത്തിൽനിന്നും
കണ്ടെത്താനാകും!
അതിനാൽ, പ്രതിസന്ധിയെ സാമൂഹിക പരിവർത്തനത്തിനായുള്ള ഒരു സാധ്യതയാക്കി മാറ്റുന്നതിനുള്ള പ്രായോഗിക പ്രവർത്തനത്തിൽ ഇന്ത്യൻ തൊഴിലാളിവർഗം വരുത്തേണ്ട ദിശാമാറ്റം എന്തായിരിക്കണം? തീർച്ചയായും അതിനുള്ള ഉത്തരത്തെ ഒറ്റ വാചകത്തിലൊതുക്കാനാവില്ല. മൂർത്തമായ പ്രവർത്തന പദ്ധതിയിലേക്കുള്ള പ്രയാണത്തിന് നമ്മുടെ കൂട്ടായ ഭാവനയെ ഉദ്ദീപിപ്പിക്കുന്നതിന് 1905ലെ വിപ്ലവക്കൊടുങ്കാറ്റിന്റെ ദിനങ്ങളിലെ റഷ്യൻ തൊഴിലാളി വർഗത്തിന്റെ ചരിത്രത്തെ നമുക്ക് പുനരാനയിക്കാം.
ക്രൂരമായ റഷ്യൻ സാറിസ്റ്റ് വാഴ്ചയിൽ 1905 ജനുവരിയിൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും രാഷ്ട്രീയമായ പ്രാതിനിധ്യവും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി രൂപീകരണവും ആവശ്യപ്പെട്ട് സെന്റ് പീറ്റേഴ്സ് ബർഗിൽ ഒരു ലക്ഷം ഫാക്ടറി തൊഴിലാളികൾ, പണിമുടക്കുകയും പടുകൂറ്റൻ പ്രകടനം നടത്തുകയും ചെയ്തു. പണിമുടക്കിയ തൊഴിലാളികൾക്കുനേരെ സാറിന്റെ പട്ടാളം വെടിയുതിർത്തു. കുറഞ്ഞത് 122 പട്ടണങ്ങളിലെയും പ്രദേശങ്ങളിലെയും പത്തു ലക്ഷത്തിലധികം തൊഴിലാളികൾ പങ്കെടുത്ത, രണ്ടു മാസത്തിലേറെ നീണ്ടുനിന്ന പണിമുടക്ക് തരംഗത്തിന് ഈ സംഭവം ഇടയാക്കി. സെപ്തംബർ ആയപ്പോഴേക്കും പ്രിന്റർമാരും ടെെപ്പ് സെറ്റർമാരും മറ്റ് വിഭാഗങ്ങളിലെ തൊഴിലാളികളും ഉൾപ്പെടെ പണിമുടക്ക് സമരത്തിൽ അണിനിരന്നു. ഒക്ടോബർ ആദ്യവാരത്തിൽ റെയിൽവേ തൊഴിലാളികൾ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തതതോടെ സാർഭരണകൂടം കടുത്ത അടിച്ചമർത്തൽ നടപടികളാരംഭിച്ചു.
ഈ നിർണായകമായ ദശാസന്ധിയിൽ, റഷ്യൻ തൊഴിലാളിവർഗം ചരിത്രപരമായ ഒരു കുതിച്ചുചാട്ടം നടത്തി. അത് തുടർന്നുള്ള വർഷങ്ങളിൽ മനുഷ്യ നാഗരികതയുടെ ഗതിതന്നെ എന്നെന്നേക്കുമായി മാറ്റിയെഴുതി. ഒക്ടോബർ പത്തുമുതൽ, സെന്റ് പീറ്റേഴ്സ് ബർഗിലെ ഫാക്ടറികളിലെ തൊഴിലാളികൾ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി പണിമുടക്കുന്ന തൊഴിലാളികളുടെയാകെ പൊതുവായ ഒരു യോഗം സംഘടിപ്പിക്കുന്നതിനായി പ്രതിനിധികളെ അയയ്ക്കാൻ തുടങ്ങി. ഫാക്ടറി തലത്തിലുള്ള സ്ട്രൈക് കമ്മിറ്റി രൂപീകരണത്തിനൊപ്പം പ്രതിനിധികളെയും തിരഞ്ഞെടുക്കാൻ തുടങ്ങി. മൂന്നുദിവസത്തിനുള്ളിൽ 96 ഫാക്ടറികളെ പ്രതിനിധീകരിച്ച് 226 പ്രതിനിധികൾ ഒത്തുചേർന്നു. ഒക്ടോബർ 12ന് ഈ സംഘം ‘‘തൊഴിലാളി ഡെപ്യൂട്ടികളുടെ സോവിയറ്റ്’’ എന്ന പേര് സ്വീകരിക്കാൻ തീരുമാനിച്ചു; 22 അംഗങ്ങളുള്ള താൽക്കാലിക കമ്മിറ്റിയെ തിരഞ്ഞെടുത്തു. സ്വന്തമായി ഒരു പത്രം പ്രസിദ്ധീകരിക്കാനും ആരംഭിച്ചു.
തൊഴിലാളികളുടെ പൊതുവായതും രാഷ്ട്രീയവുമായ പ്രാതിനിധ്യത്തിന്റെ കേന്ദ്രമായി സോവിയറ്റ് മാറി. പെട്ടെന്നുതന്നെ തൊഴിലാളികളുടെ സ്വന്തം പാർലമെന്റായും അതുമാറി. നേരിട്ടുള്ള ജനാധിപത്യപ്രയോഗമെന്ന ആശയവുമായി താഴേത്തട്ടിൽനിന്ന് കെട്ടിപ്പടുത്ത ആദ്യത്തെ വിപ്ലവകേന്ദ്രവും ഇതായിരുന്നു. 1905ലെ സെന്റ്പീറ്റേഴ്സ് ബർഗ് സോവിയറ്റ്, റഷ്യയിലെമ്പാടുമുള്ള ഫാക്ടറി തൊഴിലാളികളുടെയും കർഷകരുടെയും പട്ടാളക്കാരുടെയും സോവിയറ്റുകളുടെ രൂപീകരണത്തിനായുള്ള വഴിയൊരുക്കുകയും അത് ‘‘എല്ലാ അധികാരവും സോവിയറ്റിന് ’’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് 1917 ലെ വിപ്ലവത്തിൽ കലാശിക്കുകയും ചെയ്തു.
ലോക വിപ്ലവതൊഴിലാളി വർഗമുന്നേറ്റത്തിന്റെ ഈ മഹത്തായ അനുഭവത്തിൽനിന്നും മൂർത്തവും സുപ്രധാനവുമായ മൂന്ന് പാഠങ്ങൾ ഉയർന്നുവരുന്നു. ഒന്നാമതായി, പോരാട്ടത്തിന്റെ നിർണായകമായ ദശാസന്ധിയിൽ ഫാക്ടറി തൊഴിലാളികൾ നടത്തിയ നേരിട്ടുള്ള ജനാധിപത്യത്തിന്റെ (Direct democracy) പ്രയോഗം യഥാർഥത്തിൽ അവർക്ക് ആത്മവിശ്വാസം നൽകുകയും റഷ്യയിലെ തൊഴിലെടുക്കുന്ന മറ്റ് എല്ലാ വിഭാഗങ്ങളിലേക്കും, കർഷകരിലേക്കും പട്ടാളക്കാരിലേക്കും പോലും വിപ്ലവത്തിന്റെ അഗ്നി പടർത്തുകയും ചെയ്തു. രണ്ടാമതായി, സാമ്പത്തികമണ്ഡലത്തിൽ നിന്നും രാഷ്ട്രീയമണ്ഡലത്തിലേക്കുള്ള പോരാട്ടം ഉയർന്ന തലങ്ങളിലക്ക് മാറിയതാണ്. ബഹുജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പൊതുപണിമുടക്ക് എന്ന സമരായുധത്തിലൂടെ എല്ലാ തൊഴിലാളി വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടു നടത്തിയ, വ്യാവസായിക മേഖലയിലെ പൊതുപണിമുടക്കു പരമ്പരയെത്തുടർന്ന്, എല്ലാ അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും നേതൃത്വമായി തൊഴിലാളിവർഗം അറിയപ്പെട്ടു.
മൂന്നാമത്തേതും ഏറ്റവും സുപ്രധാനവുമായത്, നിലവിലെ ഭരണകൂട സംവിധാനത്തെ പൂർണമായും തകർത്തെറിയുകയും, വിപ്ലവപരമായ പ്രതിസന്ധി അപ്പോൾ പരിപക്വമായിട്ടില്ലെങ്കിൽ കൂടിയും അട്ടിമറിക്കുള്ള ഉപാധി എന്ന നിലയിൽ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ഒരു ജനാധിപത്യബദൽ പടുത്തുയർത്തുകയും ചെയ്യുകയെന്നതാണ്.
അധ്വാനിക്കുന്ന ജനവിഭാഗത്തിലെ മറ്റ് എല്ലാ വിഭാഗങ്ങളെയും നയിക്കുന്നതിനു പര്യാപ്തമായ, വ്യക്തമായ സങ്കൽപ്പനത്തോടുകൂടിയ തൊഴിലാളിവർഗത്തിന്റെ സർഗശേഷി കൊണ്ടു മാത്രമേ മാറ്റമില്ലാതെ തുടരുന്ന ഇന്ത്യൻ സമൂഹത്തെ മാറ്റിമറിക്കാനാകൂ. വിപ്ലവകരമായ ഏതൊരു മാറ്റത്തിന്റെയും വസ്തുനിഷ്ഠ സാഹചര്യം, വർഗത്തിന്റെ ആത്മനിഷ്ഠമായ തയ്യാറെടുപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. 1916ലെ റഷ്യയ്ക്കുപോലും 1917നെക്കുറിച്ച് യാതൊരു ഊഹവുമുണ്ടായിരുന്നില്ല ! സിഐടിയുവിന്റെ 55–ാമത് സ്ഥാപകദിനത്തിൽ, തൊഴിലാളിവർഗത്തിന്റെ നടുനായകത്വത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന എല്ലാ നടപടികൾക്കും ആശയങ്ങൾക്കുമെതിരായ രാഷ്ട്രീയവും ആശയപരവുമായ പോരാട്ടമഴിച്ചുവിടുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. സാമൂഹ്യപരിവർത്തനം എന്ന സങ്കൽപനത്താൽ നയിക്കപ്പെടുകയാണെങ്കിൽ തീർച്ചയായും തൊഴിലാളിവർഗം വിജയിക്കുക തന്നെ ചെയ്യും. ലോകത്തെ നല്ല നാളേക്കു നയിക്കുന്നതിനുള്ള ശേഷിയും കരുത്തും നമ്മുടെ പ്രത്യയശാസ്ത്ര മേൽക്കോയ്മയും വീണ്ടെടുക്കുകയെന്നതാണ് വരും നാളുകളിൽ നമുക്കു മുന്നിലുള്ള കടമ. ♦
(അവസാനിച്ചു)