Monday, October 14, 2024

ad

Homeരാജ്യങ്ങളിലൂടെഅർജന്റീനയിൽ തീവ്രവലതുപക്ഷ പരിഷ്‌കാരങ്ങൾക്കെതിരെ ജനങ്ങൾ

അർജന്റീനയിൽ തീവ്രവലതുപക്ഷ പരിഷ്‌കാരങ്ങൾക്കെതിരെ ജനങ്ങൾ

പത്മരാജൻ

ജൂൺ രണ്ടാമത്തെ ആഴ്‌ചയിൽ അർജന്റീനയുടെ സെനറ്റ്‌ ‘‘അർജന്റീനക്കാരുടെ സ്വാതന്ത്ര്യത്തിനായി താവളങ്ങളും ആരംഭബിന്ദുക്കളുമുണ്ടാക്കാനുള്ള നിയമം’ (ലേ ബേസസ്‌) എന്ന പേരിൽ ഒരു ബില്ല്‌ പാസാക്കി. ഇത്‌ പേര്‌ സൂചിപ്പിക്കുന്നതുപോലെ അർജന്റീനയിലെ ജനങ്ങൾക്ക്‌ സ്വാതന്ത്ര്യം ഉറപ്പാക്കാനോ അവരുടെ ക്ഷേമം ലാക്കാക്കിയുള്ളതോ അല്ല; മറിച്ച്‌ ഹാവിയർ മിലെയ്‌യുടെ തീവ്രവലതുപക്ഷ ഗവൺമെന്റ്‌ സാന്പത്തിക‐രാഷ്‌ട്രീയ പരിഷ്‌കാരം ലക്ഷ്യമിട്ട്‌ കൊണ്ടുവന്ന നിയമമാണ്‌. അതിന്റെ ഗുണഭോക്താക്കളാകട്ടെ രാജ്യത്തും വിദേശങ്ങളിലുമുള്ള കൂറ്റൻ കോർപ്പറേറ്റ്‌ കന്പനികളാണ്‌ അതിസന്പന്നരായ ഒരുകൂട്ടം ആളുകൾ മാത്രമാണ്‌.

ഇതിനെതിരെ സെനറ്റിൽ ബില്ല്‌ പാസ്സാക്കിയ ദിവസം തന്നെ ആ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ പതിനായിരക്കണക്കിനാളുകളാണ്‌ നിയമനിർമാണസഭയ്‌ക്കു മുന്നിൽ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയത്‌. നിരവധി സാമൂഹ്യസംഘടനകളുടെയും രാജ്യത്തെ പ്രമുഖ ട്രേഡ്‌ യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തിലാണ്‌ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടത്‌. ജനങ്ങൾ പ്രതിഷേധിക്കുമ്പോൾ പ്രസിഡന്റിന്റെ ഓഫീസും സന്പന്നവർഗവും ആഹ്ലാദത്തിമിർപ്പിലായിരുന്നു. രാജ്യം നിരവധി വർഷങ്ങളായി കാത്തിരുന്ന പരിഷ്‌കരണങ്ങൾക്കാണ്‌ ഇതോടെ തുടക്കം കുറിക്കുന്നത്‌ എന്നാണ്‌ വൈസ്‌ പ്രസിഡന്റ്‌ വിക്ടോറിയ വില്ലാറുവേൽ പ്രസ്‌താവിച്ചത്‌.

പ്രക്ഷോഭരംഗത്ത്‌ അണിനിരന്ന തൊഴിലാളികളെയും സാധാരണ ജനങ്ങളെയും മാത്രമല്ല, നിയമനിർമാണസഭയിലെ പ്രതിപക്ഷാംഗങ്ങളെയടക്കം പൊലീസ്‌ കടുത്ത മർദന നടപടികൾക്ക്‌ വിധേയമാക്കുകയായിരുന്നു. സുരക്ഷാമന്ത്രി പട്രീഷ്യ ബുൾറിച്ചിന്റെ നിർദേശപ്രകാരമാണ്‌ പൊലീസ്‌ കടുത്ത മർദനനടപടികൾ അഴിച്ചുവിട്ടത്‌. പ്രതിപക്ഷത്തെ നിരവധി ജനപ്രതിനിധികളെ പൊലീസ്‌ മർദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്‌. അതുപോലെ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഒട്ടേറെ തൊഴിലാളികളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. പലരെയും നഗ്നരാക്കിശേഷം കുരുമുളക്‌ പൊടി വിതറുകയും ചെയ്‌തതും വ്യാപകമായ പരാതി ഉയർന്നു. അറസ്റ്റ്‌ ചെയ്യപ്പെട്ട ഒട്ടേറെപ്പേരെ ദിവസങ്ങളോളം ഒരു നിയമനടപടിയും കൂടാതെ തുറുങ്കിലടച്ചു. കൊള്ളയും കൊള്ളിവെപ്പും നടത്തി, കലാപമുണ്ടാക്കി എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയാണ്‌ പലരെയും ജയിലിലാക്കിയത്‌.

സെനറ്റിൽ പാസാക്കിയ ഈ വിവാദ ബില്ല്‌ ഇനി ചേന്പർ ഓഫ്‌ ഡെപ്യൂട്ടീസിലും പാസ്സാക്കിയാൽ മാത്രമേ നിയമമാകൂ. ഈ ബില്ല്‌ നിയമമാകുന്നതോടെ സന്പദ്‌ഘടനയ്‌ക്കുമേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും. സാന്പത്തികവും രാഷ്‌ട്രീയവുമായ തീരുമാനങ്ങളെടുക്കാനുള്ള പ്രസിഡന്റിന്റെ അധികാരം ശക്തമാകും‐ അതായത്‌ സർവ അധികാരങ്ങളും പ്രസിഡന്റിൽ നിക്ഷിപ്‌തമാകുമെന്നർഥം. പ്രസിഡന്റിന്റെ തീരുമാനങ്ങളെ നിയമനിർമാണസഭയ്‌ക്ക്‌ ചോദ്യംചെയ്യാനാവില്ല. സർക്കാർ സംവിധാനങ്ങളെ ദുർബലമാക്കുകയും പ്രസിഡന്റിനു നവലിബറൽ നയങ്ങൾ നടപ്പിലാക്കാനുള്ള അവസരവും സ്വാതന്ത്ര്യവും നൽകുന്നതാണ്‌ ഈ ബില്ല്‌. സാന്പത്തികവും നയപരമരവുമായ രംഗങ്ങളിലുള്ള പ്രസിഡന്റിന്റെ ഉത്തരവുകൾ നിയമമെന്നപോലെ ചോദ്യംചെയ്യപ്പെടാൻ സാധ്യതയില്ലാത്ത വിധം നടപ്പാക്കുകയാണ്‌.

രാജ്യത്ത്‌ 20 കോടി ഡോളറിലധികം നിക്ഷേപിക്കുന്ന വൻകിട കന്പനികളെ സർക്കാർ നിയന്ത്രിക്കരുതെന്നാണ്‌ ‘‘ലേ ബേസസ്‌’’ നിയമത്തിന്റെ കാതൽ. മാത്രമല്ല വൻതോതിലുള്ള സ്വകാര്യവൽക്കരണവും ഇതനുസരിച്ച്‌ നിയമത്തിന്റെ ഭാഗമാവുകയാണ്‌. മൈനിങ്‌, ഊർജം എന്നീ മേഖലകളിലുൾപ്പെടുന്ന നാൽപ്പതിലധികം പൊതുമേഖലാ കന്പനികളാണ്‌ സ്വകാര്യവൽക്കരണം കാത്തുനിൽക്കുന്നത്‌. മാത്രമല്ല, തൊഴിലാളിവിരുദ്ധമായ തൊഴിൽ നിയമപരിഷ്‌കരണവും ഇതിന്റെ ഭാഗമായി വരുന്നു. എന്തു വിലകൊടുത്തും ഈ നിയമത്തെ ചെറുത്തു തോൽപ്പിക്കുമെന്നാണ്‌ തൊഴിലാളികൾ വ്യക്തമാക്കുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + twenty =

Most Popular