Sunday, September 8, 2024

ad

Homeരാജ്യങ്ങളിലൂടെധന ബില്ല്: 2024 പ്രതിഷേധിച്ച ജനങ്ങളെ അടിച്ചമർത്തി കെനിയൻ സർക്കാർ

ധന ബില്ല്: 2024 പ്രതിഷേധിച്ച ജനങ്ങളെ അടിച്ചമർത്തി കെനിയൻ സർക്കാർ

ആര്യ ജിനദേവൻ

വില്യം റൂട്ടോ സർക്കാർ മുന്നോട്ടുവച്ച ജനദ്രോഹകരമായ ധന ബില്ലിനെതിരെ ജൂൺ 18ന് കെനിയൻ തലസ്ഥാനത്ത് പ്രതിഷേധിച്ച ജനങ്ങൾക്കുനേരെ നിഷ്ഠുരമായ അടിച്ചമർത്തലാണ് കെനിയൻ സർക്കാരും പോലീസും ചേർന്ന് നടത്തിയത്. കെനിയയിലെ മനുഷ്യാവകാശപ്രവർത്തന സംഘങ്ങളുടെ കണക്കനുസരിച്ച്, 300നും 400നും ഇടയ്ക്ക് പ്രവർത്തകരെയാണ് സർക്കാരിനെതിരെ റാലി നടത്തി എന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. പാർലമെന്റ്‌ കെട്ടിടത്തിന് മുന്നിലേക്ക് റാലി നടത്തി കൃത്യം ഉച്ചയ്ക്ക് രണ്ടുമണിക്ക് അവിടെ കുത്തിയിരിപ്പ് സമരം നടത്താനായിരുന്നു വിവിധ പൗര സംഘടനകളും ഇടതുപക്ഷ വിഭാഗങ്ങളും ചേർന്ന് സംഘടിപ്പിച്ച സമരത്തിന്റെ ലക്ഷ്യം. എന്നാൽ പ്രക്ഷോഭകർ പാർലമെന്റിനു മുന്നിലെത്തുന്നത് തടഞ്ഞുകൊണ്ട് വഴിമധ്യേ പോലീസ് സേന അതിക്രൂരമായി അവരെ ആക്രമിച്ചു. ജലപീരങ്കിയും കണ്ണീർവാതകവും എല്ലാമുപയോഗിച്ചുകൊണ്ട് പോലീസ് നടത്തിയ അതിക്രൂരമായ ആക്രമണത്തെ ചെറുത്തുകൊണ്ട് പ്രക്ഷോഭകർ ഒരു ദിവസം മുഴുവനും ശക്തമായി നിലകൊണ്ടു; അവരുടെ ശബ്ദം അധികാര കേന്ദ്രങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കി. തൊട്ടടുത്ത ദിവസംതന്നെ ഗവൺമെന്റ് ഏതാനും ചില നികുതികൾ, അതായത് പാചക എണ്ണ, മൊബൈൽ പണമിടപാടുകൾ, മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്കുമേലുള്ള നികുതികൾ പിൻവലിക്കുകയുണ്ടായി. സമരം കൂടുതൽ ശക്തമാകുമെന്ന ഭയംകൊണ്ടും അതുപോലെതന്നെ ജനരോഷത്തെ താൽക്കാലികമായി തടയുന്നതിന് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമത്തിന്റെ ഭാഗമായുമാണ് സർക്കാർ അതിനു തയ്യാറായത്. സംഘടിക്കുവാനും സമരം ചെയ്യുവാനുമുള്ള തങ്ങളുടെ അടിസ്ഥാന അവകാശത്തെയാണ് ഗവൺമെന്റ് ആക്രമിച്ചതെന്നു പ്രക്ഷോഭകർ പറയുന്നു.

2023ൽ റൂട്ടോയുടെ പിൻഗാമികൾ ചെയ്തതുപോലെതന്നെ 2024ലെ ഫിനാൻസ് ബില്ലും കെനിയൻ ജനതയെ കൂടുതൽ അസംതൃപ്തിയിലേക്കും ദുരിതത്തിലേക്കും തള്ളിവിടുന്ന ഒന്നാണ്. കർക്കശവും തലതിരിഞ്ഞതുമായ അതിലെ നിർദ്ദേശങ്ങൾ ഇപ്പോൾതന്നെ ജീവിതചെലവുവർദ്ധനവും മറ്റും മൂലം കഷ്ടതയിലാണ്ടുകിടക്കുന്ന കെനിയൻ ജനതയുടെ ജീവിതം കൂടുതൽ ദുരിതത്തിൽ ആക്കുകയേയുള്ളൂ. 2024 മെയ് 9ന് ദേശീയ അസംബ്ലി ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ധനബില്ല് 2024‐-25 സാമ്പത്തിക വർഷത്തേക്കുള്ള കെനിയയുടെ നികുതി നടപടികളെ അടിവരയിടുന്ന ഒന്നാണ്. വരുമാന നികുതി, വാറ്റ് (VAT), എക്സൈസ് ഡ്യൂട്ടി എന്നിവയിൽ സുപ്രധാനമായ ഭേദഗതി വരുത്തുകയും അതുപോലെതന്നെ നികുതി ഭരണസംവിധാനത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന ബില്ല്‌ അങ്ങേയറ്റം ജനദ്രോഹകരമാണ്. ധനപരമായ കൈമാറ്റങ്ങൾക്കുമേലും അതുപോലെതന്നെ അടിസ്ഥാന ഉൽപ്പന്നങ്ങൾക്കുമേലും 16% വാറ്റു നികുതി ചുമത്തുന്നു എന്നതാണ് ഈ ധനബില്ലിൽ പറഞ്ഞിട്ടുള്ള ഏറ്റവും അപകടകരമായ ഒരു നിർദ്ദേശം. രാജ്യത്തിന് അതിന്റെ സ്വന്തം വിഭവങ്ങൾ കൊണ്ടുതന്നെ പിടിച്ചുനിൽക്കേണ്ടതുകൊണ്ടാണ് നികുതികൾ വർധിപ്പിക്കുന്നത് എന്നാണ് ഗവൺമെൻറിന്റെ ന്യായീകരണം. എന്നാൽ, ഗവൺമെന്റിന്റെ ഇതുവരെയുള്ള ഭരണകാലയളവിൽ അത്യന്തം ചെലവേറിയതും എന്നാൽ അനാവശ്യവുമായ ചെലവഴിക്കലുകൾ ഏറെയാണ് നടത്തിയിട്ടുള്ളത്. ഗവൺമെന്റിന്റെ കടമെടുക്കൽ പരിധിയിൽ പോലും ഗണ്യമായതോതിൽ ഈ കാലയളവിൽ വർധന വരുത്തി; ഭരണാധികാരികളുടെ വിദേശ-‐ദേശീയ യാത്രകൾക്ക് വേണ്ടി ചെലവഴിക്കുന്ന തുക 1240 കോടി ഷില്ലിംഗ് ആയിരുന്നതിന്റെയൊപ്പം 162 കോടി ഷില്ലിംഗിന്റെ വർധനവുണ്ടായി. പാർലമെന്ററി സർവീസ് കമ്മീഷന്റെ ചെലവിൽ 18.5 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പാർലമെന്റ്‌ അംഗങ്ങളുടെ ബില്ലിൽ നാല് ശതമാനത്തിന്റെ അധിക വർദ്ധനവാണ്,അതായത് 400 കോടി ഷില്ലിംഗ്, ഉണ്ടായിട്ടുള്ളത്. ഇത്തരത്തിൽ മറ്റെല്ലാ കാര്യങ്ങളിലും ആർഭാടകരമായ ചെലവഴിക്കൽ നടത്തുന്ന ഗവൺമെന്റ് ഈ ന്യായീകരണം ഉന്നയിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. അതേസമയം ഐഎംഎഫിന്റെ പൂർണ പിന്തുണ ഈ ബില്ലിനുണ്ട്. അതങ്ങനെയേ വരികയുമുള്ളു.- അതായത് ജനദ്രോഹകരമായ എന്തുണ്ടോ അതിനെല്ലാം ഐഎംഎഫിന്റെ പിന്തുണയുണ്ട്. അതാണതിന്റെ രാഷ്ട്രീയം.

ഈ ധന ബില്ലിനെ എതിർത്തുകൊണ്ട് നടത്തിയ പ്രക്ഷോഭത്തിന്റെ ആദ്യപടി സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങൾ ഇതിനെതിരായി പ്രതികരിക്കുകയും പാർലമെന്റ്‌ അംഗങ്ങളെ ഈ ബില്ലിനെ എതിർക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുക എന്നതായിരുന്നു. മുൻകാലങ്ങളിൽ ഉയർന്നുവന്ന പ്രക്ഷോഭങ്ങളിൽനിന്ന് ഇപ്പോഴത്തെ ഈ ജനകീയ പ്രക്ഷോഭത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ സംഘാടനത്തിന്റെ സ്വഭാവമാണ്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് നടത്തിയ ജനവിരുദ്ധമായ നടപടികൾക്കെതിരെ അവിടെ ഉയർന്നുവന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രതിപക്ഷ പാർട്ടിയുടെ നേതാവായ റയില ഒഡിംഗയുടെ നേതൃത്വത്തിൽമാത്രം സംഘടിപ്പിക്കപ്പെട്ടതായിരുന്നുവെങ്കിൽ ഇപ്പോഴത്തെ ഈ പ്രക്ഷോഭസമരം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൃത്യമായ ക്രമീകരണത്തോടും അജൻഡയോടുംകൂടി സംഘടിപ്പിക്കപ്പെടുന്ന ഒന്നാണ്. പ്രത്യേകിച്ചും ഓൺലൈൻ വേദികളിൽ അത് വളരെ ശക്തമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇത്രമാത്രം ശക്തമായതുകൊണ്ടുതന്നെ അതിന്റെ ഡിജിറ്റൽ ആക്ടിവിസം അത്രമേൽ വിജയകരവുമാണ്; പുതുതലമുറയെ മികച്ചരീതിയിൽ സ്വാധീനിക്കുവാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഈ സംഘടിത പോരാട്ടം റൂട്ടോ ഗവൺമെന്റിനെ വിറപ്പിക്കുന്നുണ്ട്. അതുതന്നെയാണ് ജൂൺ 18ന് നടന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാൻ ഗവൺമെന്റ്‌ സ്വീകരിച്ച നടപടിയിലും പിന്നീട് അതിവേഗം തന്നെ ചില നികുതികൾ പിൻവലിക്കാൻ തയ്യാറായതിലും കാണുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − eleven =

Most Popular