Thursday, November 21, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതൊഴിലാളിവിരുദ്ധ വിജ്ഞാപനത്തിനെതിരെ സിഐടിയുവിന്റെ പ്രതിഷേധം

തൊഴിലാളിവിരുദ്ധ വിജ്ഞാപനത്തിനെതിരെ സിഐടിയുവിന്റെ പ്രതിഷേധം

കെ ആർ മായ

മോദി ഗവൺമെന്റ്‌ അധികാരമേറ്റ്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ അതിന്റെ തൊഴിലാളിവിരുദ്ധ, കോർപ്പറേറ്റ്‌ അനുകൂല നയങ്ങൾക്ക്‌ തുല്യം ചാർത്തിയിരിക്കുന്നു, 2024 ജൂൺ 14ന്‌ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ. തൊഴിലാളികൾക്കുള്ള ഇപിഎഫ്‌, ഇഡിഎൽഐ വിഹിതം അടയ്‌ക്കുന്നതിൽ വീഴ്‌ചവരുത്തുന്ന തൊഴിലുടമകൾക്കുള്ള പിഴത്തുക കുത്തനെ കുറയ്‌ക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌ ഈ വിജ്ഞാപനം. തൊഴിലാളികൾ ജീവിതകാലം മുഴുവൻ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സമ്പാദ്യം തട്ടിപ്പറിക്കാനുദ്ദേശിച്ചുള്ളതാണ്‌ ഇതെന്നു വ്യക്തം.

മോദി ഗവൺമെന്റിന്റെ ഈ തീരുമാനത്തെ സിഐടിയു ശക്തമായി അപലപിക്കുകയും വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഇത്‌ സ്വകാര്യമേഖലയിലെ തൊഴിലുടമകളെ അവരുടെ നിയമപരമായ ബാധ്യതയിൽ വീഴ്‌ചവരുത്തുന്നതിന്‌ പ്രോത്സാഹനമേകുമെന്നും സിഐടിയു ചൂണ്ടിക്കാട്ടി. ഇപിഎഫ്‌ (എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌), ഇഡിഎൽഐ (എംപ്ലോയീസ്‌ ഡെപ്പോസിറ്റ്‌ ലിങ്ക്‌ഡ്‌ ഇൻഷുറൻസ്‌ സ്‌കീം) എന്നിവയുൾപ്പെടെയുള്ള തൊഴിലാളികളുടെ വിഹിതം തിരിച്ചടയ്‌ക്കുന്നതിൽ വീഴ്‌ചവരുത്തുന്നതിനുള്ള പിഴത്തുക നിലവിലുള്ളതിൽനിന്നും അഞ്ചിലൊന്നായി വെട്ടിക്കുറയ്‌ക്കുന്നതിന്‌ ഈ വിജ്ഞാപനം അനുമതി നൽകുന്നു. ഇപിഎഫിലേക്കോ ഇഡിഎൽഐയിലേക്കോ ഉള്ള തുക അടയ്‌ക്കുന്നതിൽ കാലതാമസമോ വീഴ്‌ചയോ വരുത്തുകയാണെങ്കിൽ പിഴ ചുമത്തി തൊഴിലുടമയിൽനിന്ന്‌ നഷ്ടം ഈടാക്കാം. ഇതിനു വ്യത്യസ്‌ത നിരക്കുകളുണ്ട്‌. ഇതുവരെയുള്ള വ്യവസ്ഥകളനുസരിച്ച്‌ തിരിച്ചടവിന്റെ കാലതാമസം രണ്ടുമാസത്തിൽ താഴെയാണെങ്കിൽ അഞ്ച്‌ ശതമാനവും നാലുമാസമാണെങ്കിൽ 10 ശതമാനവും നാലിനും ആറുമാസത്തിനുമിടയിലാണെങ്കിൽ 15 ശതമാനവും ആറുമാസത്തിനു മുകളിലുമാണെങ്കിൽ 20 ശതമാനവുമാണ്‌. എന്നാൽ പുതിയ വിജ്ഞാപനമനുസരിച്ച്‌ എല്ലാ പെനാൽറ്റി നിരക്കുകളും പ്രതിവർഷം ഒരു ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നു. അതായത്‌ എല്ലാ പദ്ധതികളിലുംകൂടി പ്രതിവർഷം 12 ശതമാനം അടച്ചാൽ മതി. ചുരുക്കത്തിൽ തൊഴിലാളികളുടെ അധ്വാനത്തിന്റെ ചെലവിൽ തൊഴിലുടമകൾക്ക്‌ ‘‘ബിസിനസ്‌ എളുപ്പ’’മാക്കുകയാണ്‌ മോദി സർക്കാർ ഈ പുതിയ തൊഴിലാളിവിരുദ്ധ തീട്ടൂരത്തിലൂടെ ചെയ്‌തത്‌.

അതുകൊണ്ടുതന്നെയാണ്‌ തൊഴിലാളിവിരുദ്ധവും തൊഴിലുടമകൾക്കനുകൂലവുമായ ഈ വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ രാജ്യത്തുടനീളമുള്ള തൊഴിലാളികളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഒന്നിച്ചണിനിരക്കണമെന്നും സിഐടിയു ആവശ്യപ്പെടുന്നത്‌. മൂന്നാം മോദിവാഴ്‌ച വരാനിരിക്കുന്ന ശക്തമായ വേലിയേറ്റങ്ങൾക്ക്‌ സാക്ഷ്യംവഹിക്കുമെന്ന മുന്നറിയപ്പിന്റെ ആരംഭം കൂടിയാണിത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + 5 =

Most Popular