Friday, October 18, 2024

ad

Homeമുഖപ്രസംഗംജനാധിപത്യത്തെ 
പടിക്കുപുറത്തു 
നിർത്തിയ 
സ്പീക്കർ തിരഞ്ഞെടുപ്പ്

ജനാധിപത്യത്തെ 
പടിക്കുപുറത്തു 
നിർത്തിയ 
സ്പീക്കർ തിരഞ്ഞെടുപ്പ്

പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് അർഹമായ പ്രാധാന്യം നൽകുന്നതാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. അത് പാടെ അവഗണിക്കപ്പെടുന്നത് സേ-്വച്ഛാധിപത്യസമീപനത്തിന്റെ ലക്ഷണമാണ്. കഴിഞ്ഞ പത്തുവർഷക്കാലത്തെ മോദി വാഴ്ചയിൽ നാം കണ്ടത് ഈ സേ-്വച്ഛാധിപത്യ സമീപനമാണ്. 2024 ലെ ജനവിധി ഈ സമീപനത്തിൽ തിരുത്ത് ആവശ്യപ്പെടുന്നതാണ്. അതാണ് ബിജെപിയുടെ ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടതിൽ ദൃശ്യമാകുന്നത്. പ്രതിപക്ഷത്തുനിന്ന് ഏറെക്കുറെ ഭരണപക്ഷത്തിനുള്ളതിനോടടുത്ത അംഗസംഖ്യ ലഭിച്ചതും, ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ജനഹിതത്തിന്റെ പ്രതിഫലനമാണ്. എന്നാൽ അത് ചെവിക്കൊള്ളാൻ ബിജെപിയോ മോദിയോ തയ്യാറല്ലയെന്നാണ് തുടക്കത്തിൽ തന്നെ കാണുന്നത്.

നിയമനിർമാണസഭകളിൽ പ്രതിപക്ഷത്തിന്റെ സ്വരത്തിന് അർഹമായ ഇടം നൽകുകയെന്നത് ഉറപ്പാക്കേണ്ടത് സഭാനാഥനായ സ്പീക്കറാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലവും, പ്രത്യേകിച്ചും മോദിയുടെ രണ്ടാമൂഴത്തിൽ, അത്തരം നിലപാടല്ല സ്പീക്കറിൽ നിന്നുണ്ടായത്. ഇപ്പോൾ 18–ാം ലോക്-സഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതായതോടെ അതിലൊരു മാറ്റമുണ്ടാകുമെന്ന് കരുതിയവരെ നിരാശപ്പെടുത്തുന്നതാണ് തുടക്കം മുതലുള്ള മോദിയുടെ സമീപനം. മോദിക്ക് ഭരിക്കാൻ വേണ്ട പാർലമെന്ററി ഭൂരിപക്ഷം ഉറപ്പാക്കിയ ഘടകകക്ഷികൾ– ജെഡിയുവും ടിഡിപിയും – സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടിട്ടും അത് നൽകാൻ തയ്യാറായില്ല എന്നു മാത്രമല്ല, സ്പീക്കറായി ബിജെപി നിയോഗിച്ചത് കഴിഞ്ഞ തവണ പാർലമെന്ററി മര്യാദകളെയെല്ലാം കാറ്റിൽ പറത്താൻ മോദി–അമിത് ഷാ ദ്വന്ദ്വത്തിന് കൂട്ടുനിന്ന തനി ആർഎസ്എസ്സുകാരനായ ഓം ബിർളയെ തന്നെയാണ‍്. പുതിയ സഭയുടെ സ്പീക്കറെന്ന നിലയിൽ തുടക്കത്തിൽ തന്നെ പാർലമെന്ററി മര്യാദകളും നടപടിക്രമങ്ങളും ലംഘിക്കുന്ന സമീപനമാണ് ഓം ബിർളയിൽ നിന്നുണ്ടായിരിക്കുന്നത്.

സഭാസമ്മേളനത്തിന്റെ തുടക്കത്തിൽതന്നെ അജൻഡയിൽ ഇല്ലാത്ത പ്രമേയവുമായി സ്പീക്കർ എണീറ്റത് നടപടിക്രമങ്ങൾ പാലിക്കാതെയാണ്. അടിയന്തരാവസ്ഥയ്ക്കെതിരായോ മറ്റെതെങ്കിലും വിഷയത്തിലോ പ്രമേയം കൊണ്ടുവരണമെങ്കിൽ അത് ബിസിനസ് ഉപദേശക സമിതി തീരുമാനപ്രകാരമോ പ്രതിപക്ഷവുമായി ആലോചിച്ചോ ആയിരിക്കണമായിരുന്നു. ഈ പാർലമെന്ററി നടപടിക്രമത്തെയാണ് സ്പീക്കർ തുടക്കത്തിൽ തന്നെ ലംഘിച്ചിരിക്കുന്നത്. മോദിയുടെ കയ്യാളായി നിൽക്കാനാണ് താൻ ശ്രമിക്കുന്നത് എന്നാണ് സ്പീക്കർ ഓം ബിർള ഇതിലൂടെ വ്യക്തമാക്കുന്നത്.

നിലവിലുള്ള പാർലമെന്ററി കീഴ്-വഴക്കമനുസരിച്ച് ഡെപ്യൂട്ടി സ്പീക്കറായി പ്രതിപക്ഷത്തുനിന്നൊരാളെയാണ് തിരഞ്ഞെടുക്കേണ്ടത്. ബിജെപി അതിന് തയ്യാറല്ലയെന്നതിനാൽ കഴിഞ്ഞ 5 വർഷവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴും ഇതു സംബന്ധിച്ച് പ്രതിപക്ഷവുമായി ചർച്ച ചെയ്യാൻ പോലും മോദി തയ്യാറായിട്ടില്ല. മുൻപെന്ന പോലെ ഇനിയും പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ട് ജനാധിപത്യവിരുദ്ധമായി മുന്നോട്ടുപോകാൻ തന്നെയാണ് മോദിയുടെ ഭാവമെന്നതിന്റെ മറ്റൊരു സൂചനയാണിത്.

ഇതേ നിലപാടാണ് പ്രോടേം സ്പീക്കറുടെ കാര്യത്തിലും ബിജെപിയും മോദിയും സ്വീകരിച്ചത്. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന ആളെയാണ് പ്രോടേം സ്പീക്കറാക്കേണ്ടത് എന്ന കീഴ്-വഴക്കം മറികടന്നാണ് ബിജെപി അംഗമായ ഒഡീഷയിൽനിന്നുള്ള ഭർതൃഹരി മേഹ്ത്താബിനെ പ്രോടേം സ്പീക്കറായി നിയോഗിച്ചത്. 8 തവണ ലോക്-സഭാംഗമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ച് 7 തവണ മാത്രം ലോക്-സഭാംഗമായിട്ടുള്ള ബിജെപിക്കാരനെ മോദി പ്രോടേം സ്പീക്കറായി നിർദേശിച്ചപ്പോഴും പാർലമെന്ററി ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ചിരിക്കുകയാണ്. മാത്രമല്ല, ദളിതനായ കൊടിക്കുന്നിൽ സുരേഷിനെ നിയമിക്കാതിരുന്നത് ഒരു ദളിതനുമുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ താൻ തയ്യാറല്ലെന്ന മോദിയുടെ സവർണാധിപത്യ മനോഭാവത്തെകൂടിയാണ് സൂചിപ്പിക്കുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ പാർലമെന്റിന്റെ തന്നെ ഭാഗമായ ഇന്ത്യയുടെ പ്രഥമ പൗര രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അകറ്റിനിർത്തിയതിലൂടെ വെളിവാക്കപ്പെട്ട ആർഎസ്എസ്സിന്റെയും ബിജെപിയുടെയും സവർണാധിപത്യ മനോഭാവം തന്നെയാണ് പ്രോടേം സ്പീക്കറെ നിശ്ചയിച്ചതിലും നാം കണ്ടത്. പ്രോടേം സ്പീക്കറെ നിശ്ചയിച്ചതിൽ പ്രകടമാകുന്ന ഒരു കാര്യം 2024 മാർച്ചുവരെ, കഴിഞ്ഞ ആറുതവണയും ബിജു ജനതാദൾ അംഗമായിരുന്ന ഭർതൃഹരി മേഹ്ത്താബിനെ പ്രോടേം സ്പീക്കറായി നിയമിച്ചതിലൂടെ മോദി രാജ്യത്തിനുനൽകുന്ന സന്ദേശം മറ്റു പാർട്ടികളെ പിളർക്കലും പണം നൽകിയോ അനേ-്വഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയോ കൂറുമാറ്റിക്കലും ഇനിയും തുടരുമെന്നു തന്നെയാണ്. ജനാധിപത്യത്തോടും ജനാധിപത്യസംവിധാനങ്ങളോടുമുള്ള മോദിയുടെ ഫാസിസ്റ്റ് മനോഭാവമാണ് ഇതിലെല്ലാം പ്രകടമാകുന്നത്.

സുപ്രീംകോടതിയിൽ നിന്ന് കടുത്ത വിമർശനം ഉണ്ടായിട്ടും വിചാരണക്കോടതി ഇഡിയുടെ തടസ്സവാദങ്ങളെല്ലാം തള്ളിക്കളഞ്ഞിട്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്-രിവാളിനെ മോചിപ്പിക്കാതിരിക്കാനുള്ള വഴിതേടുന്നത് വിമതസ്വരങ്ങളോടുള്ള മോദിയുടെയും ആർഎസ്എസ്സിന്റെയും അസഹിഷ്ണുതയുടെ പ്രകടനമാണ്. കേജ്-രിവാളിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കുന്നതല്ലെന്ന് കണ്ടതോടെ സിബിഐയെ ഇറക്കിയിരിക്കുന്നതും പിന്നാലെ ആദായനികുതി വകുപ്പിനെ തയ്യാറെടുപ്പിച്ച് വിടുന്നതും ജനാധിപത്യത്തോടുള്ള ആർഎസ്-എസിന്റെയും വെറുപ്പും വിദേ-്വഷവുമാണ് കാണിക്കുന്നത്. കേന്ദ്ര അനേ-്വഷണ ഏജൻസികളെയും ഭരണഘടനാസ്ഥാപനങ്ങളെയും ചൊൽപ്പടിക്ക് നിർത്തി പ്രതിപക്ഷത്തെ തകർക്കുകയെന്ന ജനാധിപത്യവിരുദ്ധ നിലപാടുതന്നെയാണ് മോദി ഇപ്പോഴും തുടരുന്നത്. ആർഎസ്എസ്സിനും ബിജെപിക്കും അതിന്റെ നേതാവ് മോദിക്കും ജനാധിപത്യം അന്യമായ ആശയമാണെന്നാണ് ഇതും കാണിക്കുന്നത്.

ഭരണഘടനയെ നെഞ്ചോട് ചേർത്തുപിടിക്കുമ്പോഴും അതിൽ ഉമ്മ വയ്ക്കുമ്പോഴും അതിന്റെ അന്തസ്സത്തയെ കാറ്റിൽ പറത്തുന്ന നിലപാടാണ് മോദിയുടേത്. അബുദാബിയിൽ തീപിടുത്തമുണ്ടായി നിരവധി മലയാ‍ളികൾക്ക് പരിക്കേൽക്കുകയും ഒട്ടേറെപ്പേർ മരണപ്പെടുകയും ചെയ്തപ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഇടപെടാനും മലയാളികൾക്ക് ആശ്വാസം പകരാനുമായി ആരോഗ്യമന്ത്രി വീണാജോർജിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയത് നടപ്പാക്കാൻ അനുവദിക്കാതിരിക്കുന്നതിനായി യാത്രാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാട് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ജനഹിതം തിരിച്ചറിഞ്ഞ് ഒരു വിധത്തിലും തിരുത്താൻ തയ്യാറല്ലയെന്നാണ് മോദി ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. അന്തിമപതനം വരെ ഫാസിസ്റ്റുകൾ തിരുത്തലിന് തയ്യാറാവില്ലയെന്ന ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും പിൻഗാമി തന്നെയാണ് താനെന്ന് പൊതുസമൂഹത്തെ ഓർമിപ്പിക്കുകയാണ് മോദി.

ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഫെഡറലിസത്തെയും തകർക്കുക മാത്രമല്ല രാജ്യത്തിനുമേൽ സേ-്വച്ഛാധിപത്യം അടിച്ചേൽപ്പിച്ചുകൊണ്ട് അഴിമതിയുടെ കാര്യത്തിൽ റിക്കാർഡ് ഭേദിക്കുകയുമാണ് മോദി ഭരണം. ഉന്നത വിദ്യാഭ്യാസമേഖലയിലെ പരീക്ഷാ നടത്തിപ്പിൽവരെ മോദിയുടെ അഴിമതിയും കെടുകാര്യസ്ഥതയുടെയും കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. എന്തിന്, രാമക്ഷേത്ര നിർമാണത്തിൽ വരെ അഴിമതി നടന്നുവെന്നാണ് രാമക്ഷേത്രം ആദ്യമഴയിൽ തന്നെ ചേർന്നൊലിക്കുന്നുവെന്ന വാർത്ത വെളിപ്പെടുത്തുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി വാഴ്ചയാണ് മോദിയുടെ നേതൃത്വത്തിൽ ഇന്നു നടക്കുന്നത്. അതെല്ലാം മൂടിവയ്ക്കാനും കോർപറേറ്റ് കൊള്ളയ്ക്ക് അരങ്ങൊരുക്കാനുമാണ് പ്രതിപക്ഷത്തെയും വിമത സ്വരങ്ങളെയും മർദിച്ചൊതുക്കാൻ മോദി ശ്രമിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × three =

Most Popular