Sunday, September 8, 2024

ad

Homeകവര്‍സ്റ്റോറിറെയിൽവേ വികസനം കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന

റെയിൽവേ വികസനം കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന

വി അബ്ദുറഹ്മാൻ

കേരളം നേരിടുന്ന ഗുരുതരമായതും എന്നാല്‍, ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നതുമായ പ്രശ്നം ഏതാണെന്നു ചോദിച്ചാല്‍, ഒരുത്തരമേയുള്ളൂ, ട്രെയിന്‍ ഗതാഗതം. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന മേഖലയാണ് കേരളം. സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിനും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുമായി പതിനായിരക്കണക്കിന് ആളുകളാണ് ദിവസവും ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്നത്. എന്നാല്‍, പുതിയ പാതകളും പുതിയ ട്രെയിനുകളും പാതയിരട്ടിപ്പിക്കലും മെച്ചപ്പെട്ട കോച്ചുകളും അനുവദിക്കുന്നതില്‍ തികച്ചും നിഷേധാത്മകമായ നിലപാടാണ് കേന്ദ്രം എക്കാലവും സ്വീകരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ അതിവേഗ പാതകളും ബുള്ളറ്റ് ട്രെയിനുകളും അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ അര്‍ദ്ധ അതിവേഗ പാതയ്-ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പിന്തുണയും നല്‍കുന്നില്ല.

സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ റെയില്‍വേ വികസനത്തിനുള്ള സംയുക്ത സംരംഭം ആവിഷ്കരിക്കുക എന്ന റെയില്‍വേ മന്ത്രാലയത്തിന്റെ ആശയത്തിന് അനുസൃതമായി, ജെ.വി കമ്പനികളുടെ രൂപീകരണത്തിനായി മുന്നോട്ടുവന്ന ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സംസ്ഥാനത്തെ എല്ലാ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കുന്നതിന് റെയില്‍വേ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. എന്നിട്ടും കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ.

കേരളത്തിന് പ്രത്യേക പദ്ധതികളോ പുതിയ ലൈനുകളോ ട്രെയിനുകളോ ലഭിക്കുന്നില്ലെന്നു മാത്രമല്ല, നേരത്തേ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ആവശ്യമായ പരിഗണനയും നല്‍കുന്നില്ല. പ്രത്യേക സോണ്‍ മുതല്‍ നേമം ടെര്‍മിനലും ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലും ഷൊര്‍ണൂര്‍ മൂന്നാം ലൈനും വരെയുള്ള കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ കോള്‍ഡ് സ്റ്റോറേജിലാകുന്ന സ്ഥിതിയാണിപ്പോഴും. പദ്ധതികള്‍ മുന്നോട്ടുവെക്കുമ്പോള്‍ ഫണ്ടില്ല, പരിഗണനയിലില്ല, പ്രായോഗികമല്ല തുടങ്ങിയ മറുപടികളാണ് കേന്ദ്രം നല്‍കുന്നത്. റെയില്‍വേ വികസന പദ്ധതികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍ കാണുകയും നിരവധി തവണ കത്ത് നല്‍കുകയും ചെയ്തെങ്കിലും സ്ഥിതിയില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത പാലക്കാട് കോച്ച് ഫാക്ടറി, റെയില്‍വെ സോണ്‍ തുടങ്ങിയവ പോലും നിഷേധിക്കപ്പെട്ടു. കോച്ച് ഫാക്ടറിക്കായി സംസ്ഥാനം ഭൂമി നല്‍കിയിട്ടും പരിഗണിച്ചില്ല. 2020 ജൂണില്‍ ഡി.പി.ആര്‍ സമര്‍പ്പിച്ചിട്ടും റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് പദ്ധതിക്ക് അന്തിമാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. കെ- റെയില്‍ സര്‍വെ തടയാന്‍ ബി.ജെ.പിയും യു.ഡി.എഫും മത്സരമായിരുന്നു. ലോക്-സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് ഇതു സംബന്ധിച്ച് കത്തു നല്‍കിയിരുന്നു. നേമം ടെര്‍മിനലിന് 2019 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രി തറക്കല്ലിട്ടെങ്കിലും പദ്ധതിയുടെ എസ്റ്റിമേറ്റിന് ഇതുവരെ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. 2011 ല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. പണമില്ലാത്തതിനാല്‍ ഇടയ്ക്കു നിര്‍ത്തിയ കൊച്ചുവേളി പ്ലാറ്റ്ഫോം വികസനം ഇപ്പോഴും ഇഴയുകയാണ്. കൊല്ലം മെമു ഷെഡ് വികസനത്തിനു 42 കോടി രൂപയുടെ പദ്ധതിക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും തുക അനുവദിച്ചില്ല.

1997ല്‍ അനുവദിക്കപ്പെട്ടതാണ് ശബരി റെയില്‍ പദ്ധതി. റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് പദ്ധതി ചെലവിന്റെ 50% വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതാണ്. അങ്കമാലി-–എരുമേലി-–ശബരി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റും ഡി.പി.ആറും 02.09.2023 ന് കെ.ആര്‍.ഡി.സി.എല്‍ റെയില്‍വേയ്ക്ക് സമര്‍പ്പിച്ചെങ്കിലും റെയില്‍വേ അംഗീകരിച്ചു നല്‍കിയില്ല. നൂറുകണക്കിന് ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ച് വെറുതെ കിടക്കുന്നത്. പദ്ധതി നടത്തിപ്പിനുണ്ടാകുന്ന കാലതാമസം മൂലം പദ്ധതിച്ചെലവ് പല മടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതു കാരണം സംസ്ഥാനം വാഗ്ദാനം ചെയ്ത തുക നല്‍കുന്നത് താങ്ങാനാകാത്ത ബാധ്യതയായി മാറിയിരിക്കുന്നു. 1998 ല്‍ അനുവദിച്ച ഗുരുവായൂര്‍–-തിരുനാവായ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. 2018 ല്‍ പ്രഖ്യാപിച്ച എറണാകുളം – -ഷൊര്‍ണൂര്‍ മൂന്നാം പാതയ്ക്കു നാളിതു വരെ 2000 രൂപയാണ് റെയില്‍വേ അനുവദിച്ചത്.

റെയില്‍വേയുടെ അവഗണനയും കര്‍ണാടകയുടെ നിഷേധാത്മക നിലപാടും കാരണം വൈകുന്ന 3 പദ്ധതികളുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിന് അതിനിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന പദ്ധതികളാണിത്. തലശ്ശേരി – മൈസൂര്‍ റെയില്‍പ്പാതയുടെ റിപ്പോര്‍ട്ട് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തയ്യാറാക്കി റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.പി.ആര്‍ തയ്യാറാക്കി വരികയാണ്. ഈ പാതയുമായി ബന്ധപ്പെട്ട് കേരളത്തില്‍ സര്‍വെ പ്രവൃത്തികളും മറ്റും പുരോഗതിയിലാണ്. കര്‍ണാടക ഭാഗത്തുള്ള അലൈന്‍മെന്റ്- സംബന്ധിച്ച് അവര്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ അതു പുതുക്കുകയുണ്ടായി. 2016-–17 ലെ പിങ്ക് ബുക്കില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ – – നഞ്ചന്‍കോട് പദ്ധതിയ്ക്ക് അനുമതി വേഗത്തിലാക്കാന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ റെയില്‍വേ ബോര്‍ഡിന് കെ.ആര്‍.ഡി.സി.എല്‍ കത്തെഴുതിയിരിക്കുകയാണ്. 2008 ല്‍ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് – – പാണത്തൂര്‍ – – കാണിയൂര്‍ പദ്ധതി കര്‍ണാടകയില്‍ വനഭൂമിയിലൂടെ സര്‍വേ നടത്താനുള്ള തടസം മൂലം മുന്നോട്ടു പോയില്ല. കേരളം പദ്ധതിയുടെ പകുതി ചെലവു വഹിക്കാമെന്ന് 2018 ല്‍ അറിയിച്ചെങ്കിലും റെയില്‍വേ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ കേരളത്തിലേക്ക് ദീര്‍ഘദൂര ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിനുകളിലും നല്ല തിരക്കാണ്. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താല്‍ ബംഗളൂരു, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് ആവശ്യമായതിന്റെ പകുതി ട്രെയിനുകളില്ല. സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാനുള്ള ട്രെയിന്‍ സൗകര്യത്തിന്റെ കാര്യം അതിലും കഷ്ടമാണ്. പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകളിലെ തിക്കിലും തിരക്കിലും യാത്രക്കാര്‍ കുഴഞ്ഞുവീഴുകയാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ വെട്ടിക്കുറച്ചതും ട്രെയിനുകളിലെ കോച്ചുകള്‍ കുറച്ചതും വലിയ പ്രതിസന്ധിയായി. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് പുതിയ വണ്ടികളും കൂടുതല്‍ മെമു സര്‍വീസുകളും വേണ്ടതുണ്ട്. ആഘോഷ അവസരങ്ങളില്‍ ദീര്‍ഘദൂര, ഹ്രസ്വദൂര ട്രെയിനുകളില്‍ ഒരുപോലെ വന്‍തിരക്കാണ്. ഈ സമയം പ്രധാന റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് നടത്തേണ്ടത് അത്യാവശ്യമാണ്. കാലപ്പഴക്കമുള്ളതും വൃത്തിഹീനവുമായ ബോഗികളിലാണ് മലയാളികള്‍ യാത്ര ചെയ്യുന്നത്. പ്രത്യേകിച്ചും കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന വണ്ടികളില്‍. എന്നാല്‍ ഇത്തരം ആവശ്യങ്ങളോട് നിഷേധാത്മക സമീപനമാണ് റെയില്‍വേ സ്വീകരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിലെല്ലാം അനുവദിച്ച ശേഷമാണ് കേരളത്തിന് വന്ദേ ഭാരത് ലഭിച്ചത്. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചതോടെ വേഗതയേറിയ ട്രെയിനുകളുടെ സ്വീകാര്യത കൂടുതല്‍ ബോധ്യമാവുകയായിരുന്നു. അത്രയേറെ യാത്രക്കാരാണ് ഈ ട്രെയിനില്‍ യാത്രചെയ്യുന്നത്. ഇതിനിടെ, വന്ദേഭാരത് ട്രെയിനുകള്‍ക്കായി മറ്റു വണ്ടികള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്നത് വലിയ പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്.

വലിയ ചര്‍ച്ചയാകുന്ന ഒരു വിഷയമാണ് ട്രെയിനുകളിലെ സുരക്ഷ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മോഷണവും ടി.ടി.ഇമാര്‍ക്കു നേരെയുള്ള കയ്യേറ്റവും പതിവാണ്. ആവശ്യത്തിന് സുരക്ഷാ ജീവനക്കാര്‍ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. നിയമന നിരോധനവും മറ്റും നടപ്പാക്കിയ കേന്ദ്ര നിലപാട് തിരുത്തിയാല്‍ മാത്രമേ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കഴിയൂ.

റെയില്‍വേ വികസനത്തില്‍ കടുത്ത അവഗണന തുടരുകയും യു.ഡി.എഫിനൊപ്പം ചേര്‍ന്ന് കേന്ദ്ര ഭരണകക്ഷി വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കേരള ജനത കാണുന്നുണ്ട്. കേരളത്തിലെ റെയില്‍വേ വികസനത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ് വേണ്ടത്.
(കേരളത്തിൽ റെയിൽവേയുടെ ചുമതലയുള്ള മന്ത്രിയാണ് ലേഖകൻ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 1 =

Most Popular