Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിഒരു തീവണ്ടിയപകടത്തിന്റെ കഥ

ഒരു തീവണ്ടിയപകടത്തിന്റെ കഥ

ജി വിജയകുമാർ

1995 മെയ് പതിനാലിന് രാത്രി ചെന്നെെയിൽനിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന നെല്ലെെ എക്സ്പ്രസും ഈറോഡിൽനിന്ന് ജോലാർപ്പേട്ടിലേക്ക് പോകുന്ന എംറ്റി സൂപ്പറും ഇവിടെവച്ചാണ് കൂട്ടിയിടിച്ചത്. രണ്ടുവണ്ടികളുടെയും എഞ്ചിനുകൾ പൂർണമായി തകർന്നു. ബോഗികളും വാഗണുകളും ഇരുവശത്തേക്കും ചിതറിവീണു. നെല്ലെെ എക്സ്പ്രസിന്റെ കമ്പാർട്ടുമെന്റുകളധികവും തെറിച്ചുവീണത് ട്രാക്കിന്റെ വലതുവശത്തേക്കായിരുന്നു. അവയുടെ അവശിഷ്ടങ്ങളിപ്പോഴും അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്. വീലും ആക്സിലും പോലെ വീണ്ടുമുപയോഗിക്കാവുന്ന പ്രധാന ഭാഗങ്ങൾ മാത്രമേ കൊണ്ടുപോയിട്ടുള്ളൂ. അന്ന് ചോരയിൽ കുതിർന്ന ഈ മണ്ണിലാണ് നൂറോളം മനുഷ്യരുടെ ജീവൻ പൊലിഞ്ഞുപോയത്. 52 എന്നാണ് ഔദ്യോഗിക കണക്ക്. 73 എന്ന് അനൗദ്യോഗികമായി മറ്റൊരു കണക്കുമുണ്ട്.’’

ഈ തീവണ്ടിയപകടത്തിന്റെ കഥ പറയുകയാണ് അഥവാ അതിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ് ‘‘പച്ച, മഞ്ഞ, ചുവപ്പ്’’ എന്ന നോവൽ. ദീർഘകാലം റെയിൽവേ ജീവനക്കാരനായിരുന്ന, 2003ൽ പ്രശസ്ത സേവനത്തിനുള്ള റെയിൽവേ ബോർഡിന്റെ അവാർഡ് നേടിയ പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായി ഔദ്യോഗികരംഗത്തുനിന്നും വിരമിച്ച ടി ഡി രാമകൃഷ്ണൻ തന്റെ റെയിൽവേ ജീവിതാനുഭവങ്ങളിൽ ചാലിച്ചെടുത്തതാണ് ഹൃദയഹാരിയായ ഈ നോവൽ.

രചനാശെെലി തന്നെ വേറിട്ടതാണ്. ‘‘ബലി’’ എന്ന ആദ്യ അധ്യായം റെയിൽവേയ്ക്കായി ജീവിതം ‘‘ബലിയർപ്പിച്ച’’ രാമചന്ദ്രൻ എന്ന സ്റ്റേഷൻ മാസ്റ്ററുടെ ഓർമകളിൽനിന്നാണ് ഇതൾ വിരിയുന്നത്. ലോക്കൂർ തീവണ്ടിയപകടം ഇയാളുടെ കൃത്യവിലോപം മൂലമാണെന്ന് ‘‘കണ്ടെത്തൽ’’ നടത്തി. തന്റെ നിരപരാധിത്വം തെളിയിക്കാനായി ആവോളം ശ്രമിച്ച് പരാജയപ്പെട്ട, ഒരു വലിയ ചതിയുടെ, ഗൂഢാലോചനയുടെ ഇരയായിരുന്നു രാമചന്ദ്രൻ. അപകടം നടന്ന അതേസ്ഥാനത്ത് എത്തി മരണപ്പെട്ടവരുടെ ‘‘ആത്മാക്കൾക്ക്’’ മോചനം ലഭിക്കാനായി ബലിയിട്ടശേഷം സ്വയം റെയിലിൽ തലവച്ച് ആത്മാഹൂതി നടത്തിയ രാമചന്ദ്രന്റെ മാനസിക വ്യാപാരമായാണ് നോവൽ തുടങ്ങുന്നത്.

14–ാമത്തെ അധ്യായംമുതൽ 24–ാമത്തെ അധ്യായം വരെ ‘‘ചതിയുടെ പിന്നാമ്പുറങ്ങൾ’’ എന്ന പേരിൽ രാമചന്ദ്രൻ തന്റെ ജീവനൊടുക്കുന്നതിനുമുൻപായി രേഖപ്പെടുത്തിവച്ച അനുഭവകഥനമാണ്. റെയിൽവേയിൽ രൂഢമൂലമായ അഴിമതിയിലേക്കും കെടുകാര്യസ്ഥതയിലേക്കും വിരൽചൂണ്ടുന്ന ഈ ഭാഗത്ത് പണത്തിനുവേണ്ടിയുള്ള ആർത്തിയും അതിനായി എന്തു ക്രൂരകൃത്യവും ചെയ്യാൻ മടിക്കാത്ത ചില നരാധമന്മാരെയും നോവൽ തുറന്നുകാണിക്കുന്നുണ്ട്.

ഈ അപകടത്തിനു പിന്നിലെ യാഥാർഥ്യങ്ങൾ ചുരുൾ നിവരുന്നത് മാധ്യമപ്രവർത്തകയായ ജ്വാല എന്ന യുവതി നടത്തുന്ന അനേ-്വഷണത്തെതുടർന്നാണ്. തീവണ്ടിയപകടത്തിൽ കൊല്ലപ്പെട്ട ടിടിആർ തോമസിന്റെ പുത്രിയാണ് ജ്വാല അന്ന തോമസ് എന്ന മാധ്യമപ്രവർത്തക. പത്രത്തിന് അനേ-്വഷണാത്മക റിപ്പോർട്ടു തയ്യാറാക്കാനുള്ള നടപടികളുടെ ഭാഗമായി ജ്വാല പാലക്കാട് റെയിൽവേ ഡിവിഷനിലെ അസിസ്റ്റന്റ് ഓപ്പറേഷൻസ് മാനേജർ സേഫ്ടി ആയി ജോയിൻ ചെയ്ത അരവിന്ദ് എന്ന യുവ ഓഫീസറെയാണ് ബന്ധപ്പെടുന്നത്. അയാളാകട്ടെ ആത്മഹത്യ ചെയ്ത സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രന്റെ പുത്രനും. തങ്ങൾ ആരാണെന്ന് തിരിച്ചറിഞ്ഞ ജ്വാലയും അരവിന്ദും തുടർന്നുള്ള അനേ-്വഷണം കൂട്ടായി നടത്താൻ ധാരണയിലെത്തുന്നു. ഉന്നത സ്വാധീനമുള്ള, എന്തും ചെയ്യാൻ മടിക്കാത്ത, ക്രൂരന്മാരായ ചില ഉദ്യോഗസ്ഥരായിരുന്നു കാൽനൂറ്റാണ്ടു മുൻപു നടന്ന അപകടത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞ അവർ അരവിന്ദിനൊപ്പം സിവിൽ സർവീസ് കോച്ചിങ് ക്ലാസിലുണ്ടായിരുന്ന അരുണ എന്ന ഐപിഎസ് ഉദ്യോഗസ്ഥയെ ബന്ധപ്പെടുന്നു. സേലം എഎസ്-പിയായ അരുണ ഒൗദ്യോഗികമായി തന്നെ കേസ് രജിസ്റ്റർ ചെയ്ത് അനേ-്വഷണം തുടങ്ങുന്നു. പഴുതടച്ചുള്ള, ഊർജിതമായ അനേ-്വഷണത്തിനും കൂട്ടായ നീക്കങ്ങൾക്കുമൊടുവിൽ ചുരുങ്ങിയനാൾ കൊണ്ടുതന്നെ ട്രെയിൻ അപകടത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തികളെ കണ്ടെത്തി, നേരിട്ടുത്തരവാദികളായവരെ അഴികൾക്കുള്ളിലടയ്ക്കുകയും ചെയ്യുന്നതോടെ ഉദേ-്വഗജനകമായ ഈ നോവൽ അവസാനിക്കുന്നു.

ക്രൈം ത്രില്ലർ സ്വഭാവമുള്ള നോവൽ ഇന്ത്യൻ റെയിൽവേ നേരിടുന്ന യഥാർഥ പ്രശ്നങ്ങളിലേക്ക്, സുരക്ഷപോലും പണമുണ്ടാക്കാനുള്ള ഉപാധിയാക്കപ്പെടുന്ന ഇരുണ്ട നിലവറകളിലേക്ക് വെളിച്ചം വീശുന്നു. റെയിൽവേ അപകടങ്ങളെക്കുറിച്ചും റെയിൽവേ കെെക്കൊള്ളുന്ന അനന്തര നടപടികളെക്കുറിച്ചും അരവിന്ദിന്റെ ചിന്ത ഇങ്ങനെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്: ‘‘ഓരോ ആക്സിഡന്റുകളും റെയിൽവേ ഓപ്പറേഷനിൽ സംഭവിക്കുന്ന സുരക്ഷാപരമായ വീഴ‍്ചകളെക്കുറിച്ച് വളരെ വ്യത്യസ്തമായ ഉൾക്കാഴ്ചകളാണ് തന്നത്. എങ്കിലും അവയ്ക്കൊരു പൊതുസ്വഭാവമുണ്ടായിരുന്നു. എപ്പോഴും അപകടങ്ങളുടെ ഉത്തരവാദിത്വം ചുമത്തി ശിക്ഷിക്കുന്നത് ക്ലാസ് ത്രീ, ക്ലാസ് ഫോർ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരെയായിരിക്കും.’’

റെയിൽ അപകടങ്ങളെക്കുറിച്ച് പഠിച്ച് പത്രത്തിൽ സ്ഥിരമായി പരമ്പര എഴുതാറുള്ള ജ്വാലയുടെ വാക്കുകളിലൂടെ : ‘‘റെയിൽവേയിലെ അധികാര സംവിധാനത്തിന്റെ താൽപ്പര്യങ്ങൾക്കുള്ളിൽനിന്ന് ടെക്നിക്കലായ കാര്യങ്ങളിൽ മാത്രം ഊന്നിക്കൊണ്ടാണ് എല്ലാ എൻക്വയറികളും നടക്കാറുള്ളത്. അതുകൊണ്ടാണ് ഐലന്റ് എക്സ്പ്രസ് അഷ്ടമുടിക്കായലിലേക്ക് മറിയാൻ കാരണം ടൊർണാഡോയാണെന്ന നിഗമനത്തിലെത്തുന്നത്. അത്തരം വിചിത്ര വാദങ്ങൾക്കപ്പുറത്ത് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും അങ്ങനെ സംഭവിക്കാനുണ്ടായ സാഹചര്യങ്ങളെന്താണെന്നും ഹ്യൂമൻ എററാണെങ്കിൽ അതിലേക്ക് നയിച്ച കാരണങ്ങളെന്താണെന്നും കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഞാൻ നടത്തുന്നത്.’’

അപകട സ്ഥലത്ത് പലപ്പാഴും കാണാറുള്ള കൊള്ളയടിക്കലിനെക്കുറിച്ച് പറയുന്നതും ശ്രദ്ധേയമായ നിരീക്ഷണമാണ്: ‘‘റെയിൽവേയിൽ ശവംതീനികൾ എന്നു വിളിക്കേണ്ട വളരെ ചെറിയൊരു വിഭാഗം ജീവനക്കാരുണ്ട്. മറ്റെന്തൊക്കെ പോരായ്മകളുണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ബഹുഭൂരിപക്ഷം റെയിൽവേ ജീവനക്കാർക്കും അപമാനമാണവർ. ഡിപ്പാർട്ടുമെന്റ്, ഗ്രേഡ് തുടങ്ങിയ വ്യത്യാസങ്ങളില്ലാതെ ഉയർന്ന ഓഫീസർമാരിൽ മുതൽ ഏറ്റവും താഴെ തട്ടിലുള്ള ജീവനക്കാരിൽ വരെ വളരെ അപൂർവമായി അത്തരക്കാരെ കാണാം….. ഒരു ആക്സിഡന്റ് സംഭവിച്ചാലുടനെ സ്പോട്ടിലേക്ക് കുതിക്കുന്ന ശവംതീനി ഓഫീസർ ചിന്തിക്കുന്നത് ഈ അവസരം ഉപയോഗിച്ച് എങ്ങനെയൊക്കെ ധൂർത്തടിക്കാമെന്നും പണം സമ്പാദിക്കാമെന്നുമാണ്. റെസ്ക്യൂ ഓപ്പറേഷനുവേണ്ടി സ്റ്റേഷൻ കളക്ഷനിൽനിന്ന് ആവശ്യാനുസരണം പണമെടുക്കാം. അത് വിവേചനാധികാരമനുസരിച്ച് ചെലവഴിക്കാം. ഓഡിറ്റിങ്ങിൽ ചോദ്യം ചെയ്യപ്പെടില്ല. അപകടത്തിൽപെട്ട യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിനും പരിക്കേറ്റവർക്ക് എത്രയുംവേഗം ചികിത്സ ലഭ്യമാക്കുന്നതിനും അവർക്കുവേണ്ട ആഹാരവും യാത്രാസൗകര്യവും ഏർപ്പെടുത്തുന്നതിനുമൊക്കെയാണ് ഈ പണം ഉപയോഗിക്കേണ്ടത്. അപകടം നടന്ന സ്ഥലത്തെ ട്രാക്ക് അറ്റകുറ്റപ്പണികൾ ചെയ്ത് എത്രയും വേഗം ഉപയോഗയോഗ്യമാക്കുന്നതിനും ഇങ്ങനെ പണമുപയോഗിക്കാം. എന്നാൽ ശവംതീനികൾ ഈ പണമുപയോഗിക്കുക സ്വന്തം ധൂർത്തിനാണ്. റെസ്ക്യു ഓപ്പറേഷന്റെ കണക്കിൽ വില കൂടിയ ഷൂവും സെ-്വറ്ററും കോട്ടും തൊപ്പിയുമൊക്കെ വാങ്ങിയവരുമുണ്ട്. അവർ ആ ദിവസങ്ങളിൽ നഗരത്തിലെ ഫെെവ് സ്റ്റാർ ഹോട്ടലിൽനിന്ന് കൊണ്ടുവരുന്ന വില കൂടിയ ഭക്ഷണം മാത്രമേ കഴിക്കൂ. അതിനുപുറമേ വ്യാജ വൗച്ചറുകളുണ്ടാക്കി പതിനായിരങ്ങൾ തട്ടിയെടുക്കുകയും ചെയ്യും. പി കെയുമായി താരതമ്യം ചെയ്യുമ്പോൾ ഇവരെല്ലാം വെറും കുറുനരികളാണ്. താഴ്ന്ന ഗ്രേഡിലുള്ളവരുടെ ക്രൂരതയും ഓഫീസർമാരുടെ തന്ത്രങ്ങളുമുണ്ടായിരുന്ന പി കെ ഒരു കഴുതപ്പുലി തന്നെയായിരുന്നു’’.

ഈ നോവലിലെ വില്ലൻ കഥാപാത്രങ്ങളിലൊരാളാണ് പി കെ എന്ന പാട്രിക് കരുണാകരൻ എന്ന സേലം ഡെപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ട്. ഇയാളും അയാൾക്കൊപ്പമുള്ള ഗുണ്ടാസംഘവുമാണ് (ഇയാൾക്ക് വനംകൊള്ളക്കാരൻ വീരപ്പനുമായും ബന്ധമുണ്ട്) അപകടസ്ഥലത്ത് ആദ്യമെത്തിയത്. സിഗ്നൽ മാനിപ്പുലേഷൻ നടത്തി ട്രെയിനുകൾ കൂട്ടിയിടിക്കുന്നതിന് നേതൃത്വം നൽകിയവരിൽ പ്രധാനിയും ഈ നരാധമൻ തന്നെയായതുകൊണ്ടാണ് ലോക്കൂർ കൊടുംകാട്ടിൽ ആദ്യമെത്തി മരിച്ചവരെയും പരിക്കേറ്റവരെയും കൊള്ളയടിക്കാനും ഇയാൾക്ക് കഴിഞ്ഞത്. കൊള്ളയടിക്കലിനെ ചെറുത്തവരെ കൊലപ്പെടുത്താനും ഈ കാപാലിക സംഘം മടിച്ചില്ല. അങ്ങനെ കൊല്ലപ്പെട്ടവരിൽ ഒരാളാണ് ടിടിആർ തോമസ് – ജ്വാലയുടെ പിതാവ്.

റെയിൽവെയിലെ ബ്യൂറോക്രസിയുടെ സ്വഭാവത്തിലേക്ക് വിരൽചൂണ്ടുന്ന ഒരു സംഭാഷണശകലമുണ്ട്, അരവിന്ദ്, ജ്വാലയോട് പറയുന്നതായി : ‘‘റെയിൽവെയിൽ മേലുദ്യോഗസ്ഥർക്ക് വലിയ പവറാണ്. അതേത് തട്ടിലാണെങ്കിലും. അവർ താഴെയുള്ളവരുടെ അഭിപ്രായങ്ങളെ പരിഗണിക്കുന്നതേയില്ല. ഇതൊക്കെ ഞങ്ങൾക്കറിയാത്തതാണോ എന്ന ഭാവമാണ്. സീനിയർ ഒരിക്കൽ ഞാനെന്തോ അഭിപ്രായം പറഞ്ഞപ്പോൾ ‘തലയിരിക്കുമ്പോൾ വാലാടണ്ട’ എന്നു പറഞ്ഞ് കീഴുദ്യോഗസ്ഥന്മാരുടെ മുന്നിൽവെച്ച് ഇൻസൾട്ട് ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല’’. റെയിൽവെ അപകടങ്ങൾക്കും റെയിൽവെയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾക്കും യാത്രാ ദുരിതത്തിനും പിന്നിലുള്ള യഥാർഥ കുറ്റവാളികൾ റെയിൽവെ ബോർഡിലെയും മറ്റും ഉന്നതരാണെന്ന് വിരൽചൂണ്ടുകയാണിവിടെ.

റെയിൽവെയിലെ അഴിമതിക്കെതിരെ നീങ്ങുന്ന സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രനോട് സഹപ്രവർത്തകൻ പറയുന്ന വാക്ക് ഇതിലും ശ്രദ്ധേയമാണ് – ‘‘രാമചന്ദ്രാ, റെയിൽവെ ഓഫീസർ എന്നു പറഞ്ഞാൽ സാക്ഷാൽ പരമശിവനാ. എപ്പഴാ ദേഷ്യപ്പെട്ട് നെറ്റിക്കണ്ണ് തുറക്കാന്നറിയില്ല. നിങ്ങള് ഭസ്മമായിപ്പൂവും. അവരെ പിണക്കാതിരിക്കണതാ ബുദ്ധി. ട്രെയിനില് കള്ളന്മാര് ചന്ദനം കൊണ്ടുപോയാ തനിക്കെന്താ? സ്റ്റേഷൻ മാസ്റ്റർ ഫോറസ്റ്റുകാരുടെ പണിയെടുക്കണോ?’’.

റെയിൽവെ അപകടങ്ങൾക്കു പിന്നിൽ റെയിൽവെ അധികൃതരുടെ കെടുകാര്യസ്ഥതയോ ഉന്നതതലങ്ങളിലെ അഴിമതിയോ ഉദേ-്യാഗസ്ഥരുടെ ആർത്തിയോ ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനമോ മാത്രമല്ല, റെയിൽവെ സുരക്ഷാ ഉപകരണങ്ങളുണ്ടാക്കി വിൽപന നടത്തുന്ന അന്താരാഷ്ട്ര കമ്പനികളുടെ കൊള്ളലാഭക്കൊതിയും കഴുത്തറുപ്പൻ മത്സരവും കാരണമാകുന്നുവെന്നിടത്തേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയുമാണ് ഈ നോവലിൽ ടി ഡി രാമകൃഷ്ണൻ. അത്തരമൊരു മൾട്ടി നാഷണൽ കമ്പനിയിലെ സേഫ്ടി വിദഗ്ദ്ധനായ ഉന്നത ഉദ്യോഗസ്ഥനായ, ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരിക്കെ അഴിമതിയിൽ പിടിക്കപ്പെടുമെന്നായപ്പോൾ അമേരിക്കയിലേക്ക് കടന്ന സണ്ണി എബ്രഹാമിന്റെ വാക്കുകൾ ഭയപ്പെടുത്തുന്നതാണ് – ‘‘ആന്റി കൊളീഷൻ ഡിവെെസുകൾ വിൽക്കണമെങ്കിൽ നമ്മളാദ്യം കൊളീഷനുണ്ടാക്കേണ്ട സ്ഥിതിയാണ്’’. ഇത്തരമൊരു കൊളീഷനാണ് (കൂട്ടിമുട്ടൽ) സേലത്തിനടുത്ത ലോക്കൂറിൽ നടന്നത് എന്ന സംഭ്രമജനകമായ സാധ്യതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് പച്ച, മഞ്ഞ, ചുവപ്പ് എന്ന നോവൽ.

ഇത് വെറുമൊരു വസ്തുതാ കഥനമല്ല, സങ്കൽപ്പത്തിൽനിന്ന് ഇതൾ വിരിയുന്ന മനോഹരമായ ഒരു നോവലാണ്. എന്നാൽ വസ്തുതകൾ പലപ്പോഴും ഫിക്-ഷനെക്കാൾ അധികം ഭീകരവുമാണല്ലോ. ‘‘300 ശതമാനം ലാഭം കിട്ടുമെന്നുണ്ടെങ്കിൽ മൂലധനം അതിന്റെ ഉടമയെത്തന്നെ കൊന്നു കെട്ടിത്തൂക്കുമെന്ന്’’ ബ്രിട്ടീഷ് ട്രേഡ് യൂണിയൻ നേതാവായ ഡണ്ണിങ്ങിനെ ഉദ്ധരിച്ച് മാർക്സ് വ്യക്തമാക്കുന്നത് എത്രത്തോളം ശരിയാണെന്ന് ഈ നോവൽ പറയാതെ പറയുന്നു.

കേവലം അപകടത്തിന്റെ ചുരുളഴിക്കൽ മാത്രമല്ല, ഈ നോവലിലെ പ്രതിപാദ്യം. ഒപ്പം മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും സങ്കീർണതയുമെല്ലാമുള്ള മനോഹരമായ ഈ നോവൽ വായന തുടങ്ങിയാൽ വായിച്ചു പൂർത്തിയാക്കാതെ അടച്ചു വയ്ക്കാനാവാത്തവിധം ഉദേ-്വഗജനകമാണ്, ഉള്ളുലയ്ക്കുന്നതുമാണ്.

പച്ച, മഞ്ഞ, ചുവപ്പ് 
(നോവൽ)
ടി ഡി രാമകൃഷ്ണൻ
പ്രസാ: ഡിസി ബുക്സ്
വില: ₹ 499

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × two =

Most Popular