ഐക്യകേരളം രൂപപ്പെട്ട ശേഷം ആദ്യം അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ച സുപ്രധാന നടപടികളിലൊന്നായിരുന്നു പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തുക എന്നത്. പിന്നീടിങ്ങോട്ടു വന്ന പുരോഗമന സര്‍ക്കാരുകളും ആ പാത തന്നെ പിന്തുടര്‍ന്നു. എന്നാൽ, രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനായി ഭക്ഷ്യധാന്യ ഉത്പാദനത്തിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങളിലേക്കും നാണ്യവിളകളിലേക്കും കേരളത്തിന് തിരിയേണ്ടിവന്നു. അവയുടെ കയറ്റുമതിയിലൂടെ രാജ്യത്തിനു കേരളം നേടിക്കൊടുക്കുന്ന വിദേശ കറന്‍സി കണക്കിലെടുക്കാമെന്നും സംസ്ഥാനത്തിനു നഷ്ടപ്പെടുത്തേണ്ടിവരുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് കേന്ദ്രം നികത്തിക്കൊള്ളാം എന്നും വാഗ്ദാനം നൽകിയാണ് നമ്മെ ഇതിലേക്കു വഴിതിരിച്ചു വിട്ടത്. എന്നാൽ, ആ വാഗ്ദാനം ഒരിക്കലും നിറവേറ്റപ്പെട്ടില്ല.
അതുകൊണ്ടുതന്നെ നാണ്യവിളകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഉൽപ്പാദനം വര്‍ദ്ധിച്ചെങ്കിലും ഭക്ഷ്യക്കമ്മി പരിഹരിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ശ്രമകരമായി മാറി. കേന്ദ്രസഹായം സ്വീകരിച്ച് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുക എന്നതുമാത്രമായിരുന്നു പോംവഴി. എന്നാൽ കേന്ദ്രത്തിൽ മാറിമാറി അധികാരത്തിൽ വന്ന സര്‍ക്കാരുകള്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ഭക്ഷ്യവിഹിതം നിഷേധിക്കുക പതിവായിരുന്നു. കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ അത്തരം ഒരു സമീപനം സ്വീകരിച്ചപ്പോഴാണ് സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം നേടിയെടുക്കുന്നതിനു വേണ്ടി എകെജിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തേണ്ടിവന്നത്. കേന്ദ്രസര്‍ക്കാര്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് അനുവദിച്ചതോടെയാണ് അതുവരെ റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്ന പൊതുവിതരണ സംവിധാനത്തെ വിഭജിച്ച് സിവിൽ സപ്ലൈസ് എന്ന പ്രത്യേക വകുപ്പ് രൂപീകരിച്ചത്.
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിലും അന്നു മുതൽക്കിങ്ങോട്ട് ചുക്കാന്‍ പിടിച്ചത് സിവിൽ സപ്ലൈസ് വകുപ്പായിരുന്നു. ആ വകുപ്പിനെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറയ്ക്കുന്ന നിലയാണ് ഇന്നിപ്പോള്‍ ഉണ്ടാകുന്നത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിനു മുന്‍പ് കേരളത്തിന് 16.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയതോടെ കേരളത്തിനു ലഭ്യമാക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണാക്കി കുറച്ചു. 14.25 ലക്ഷം മെട്രിക് ടണ്ണിൽ 10.26 ലക്ഷം മെട്രിക് ടണ്ണും 43 ശതമാനം വരുന്ന മുന്‍ഗണനാ വിഭാഗത്തിനാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
സംസ്ഥാനത്തിനുള്ള ഒരു മാസത്തെ അരിയുടെ ടൈഡ് ഓവര്‍ വിഹിതം കേവലം 33,294 മെട്രിക് ടണ്ണാണ്. ഇത് സംസ്ഥാനത്തെ 57 ശതമാനം വരുന്ന മുന്‍ഗണനേതര വിഭാഗത്തിന് ആവശ്യമായ തോതിൽ അരി നൽകുന്നതിന് പര്യാപ്തമല്ല. മാത്രമല്ല, 33,294 മെട്രിക് ടണ്‍ എന്ന പ്രതിമാസ സീലിങ്, ഉത്സവങ്ങള്‍, ദുരന്തങ്ങള്‍ എന്നിങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ കാര്‍ഡുടമകള്‍ക്ക് കൂടുതൽ അരി നൽകുന്നതിന് തടസ്സമാവുകയുമാണ്.
ഈയൊരു പശ്ചാത്തലത്തിലാണ് എഫ്.സി.ഐ വഴി നടത്തുന്ന ഓപ്പണ്‍ മാര്‍ക്കറ്റ് സെയ്ൽസ് സ്കീമിൽ സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയിൽ സപ്ലൈകോ പങ്കെടുത്തുകൊണ്ട് അവശ്യ സാധനങ്ങള്‍ വാങ്ങി വിൽപ്പന നടത്തിവന്നിരുന്നത്. പൊതുവിപണിയിലുള്ള വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിൽ സംസ്ഥാനത്തിന്റെ നിര്‍ണ്ണായകമായ ഒരു ഇടപെടലായിരുന്നു ഇത്. എന്നാൽ, കേരളം നടത്തുന്ന ഫലപ്രദമായ വിപണിയിടപെടലിനുപോലും തടയിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
കേരളം ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒഎംഎസ് സ്കീം അനുസരിച്ച് ലേലത്തിൽ പങ്കെടുക്കാന്‍ കഴിയാത്ത നിബന്ധനകളാണ് ഇപ്പോള്‍ കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഫെഡറൽ സംവിധാനത്തിൽ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണിത്. രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് നിരക്കാത്ത അത്തരമൊരു നിബന്ധനയുണ്ടാക്കിയിട്ടാണ് സപ്ലൈകോ 24 രൂപാ നിരക്കിലും കേരളത്തിലെ റേഷന്‍ കടകളിൽ 10 രൂപ 90 പൈസ നിരക്കിലും നൽകി വന്നിരുന്ന അതേ അരി, ഭാരത് റൈസ് എന്ന പേരിൽ 29 രൂപാ നിരക്കിൽ കേന്ദ്രസര്‍ക്കാര്‍ വിപണിയിൽ ഇറക്കുന്നത്.
കേന്ദ്രം 18 രൂപ 59 പൈസാ നിരക്കിലാണ് ആ അരി വാങ്ങുന്നത്. എന്നിട്ടാണ് 29 രൂപാ നിരക്കിൽ വിൽക്കുന്നത്. അതായത്, വാങ്ങുന്ന വിലയേക്കാള്‍ 10.41 രൂപ കൂട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് അരി വിൽക്കുന്നത്. കേരള സര്‍ക്കാര്‍ ലഭ്യമാക്കുന്നതാകട്ടെ വാങ്ങുന്ന വിലയെ അപേക്ഷിച്ച് കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കള്‍ക്കു നൽകാനായി 11 രൂപയോളം സബ്സിഡി നൽകിക്കൊണ്ടാണ്. രണ്ടു സര്‍ക്കാരുകളുടെ രണ്ട് സമീപനങ്ങളാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. ഒരെണ്ണം ലാഭേച്ഛ മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊന്ന് പൊതുജന ക്ഷേമവും സാമൂഹിക പുരോഗതിയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു.
ഇതൊന്നും ആരും പൊതുസമൂഹത്തെ കൃത്യമായി ധരിപ്പിക്കില്ല. മറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനും ചില കേന്ദ്രങ്ങളുടെ ഗിമ്മിക്കുകളെ പുകഴ്ത്താനുമാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ പലരും തയ്യാറാകുന്നത്. അരിയുടെ കാര്യത്തിൽ മാത്രമല്ല ഈയൊരു സമീപനമുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നൽകേണ്ട ഗോതമ്പ് വിഹിതത്തിലും മണ്ണെണ്ണ വിഹിതത്തിലും വലിയ തോതിലുള്ള വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് നൽകി വന്നിരുന്ന 6,459.074 മെട്രിക്ക് ടണ്‍ ഗോതമ്പ് നിര്‍ത്തലാക്കുകയുണ്ടായി. അങ്ങനെ സംസ്ഥാനത്തെ 57 ശതമാനം വരുന്ന ജനവിഭാഗങ്ങള്‍ക്ക് പൊതുവിതരണ സമ്പ്രദായത്തിൽ നിന്നും ഗോതമ്പ് ലഭ്യമാകാത്ത സാഹചര്യമുണ്ടായി. മുന്‍ഗണനേതര വിഭാഗത്തിൽ ഉള്‍പ്പെട്ട ഏകദേശം 50 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഇതു മൂലം റേഷന്‍കടകളിൽ നിന്നും ഗോതമ്പ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
2020–-21 സാമ്പത്തിക വര്‍ഷത്തിൽ 37,056 കിലോ ലിറ്റര്‍ മണ്ണെണ്ണ സംസ്ഥാനത്തിന് ലഭിച്ചിരുന്ന സ്ഥാനത്ത് 2023–-24ൽ 7,776 കിലോ ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് ലഭിച്ചത്. 2024–-25-ൽ അനുവദിക്കുന്നതാവട്ടെ കേവലം 3,120 കിലോ ലിറ്റര്‍ മാത്രമാണ്. മണ്ണെണ്ണ വിഹിതത്തിലുള്ള വെട്ടിക്കുറവ് സംസ്ഥാനത്തെ മത്സ്യതൊഴിലാളികള്‍, മണ്ണെണ്ണ മൊത്തവ്യാപാരികള്‍, റേഷന്‍ വ്യാപാരികള്‍ എന്നിവരെ കടുത്ത തൊഴിൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുകയാണ്. വെട്ടിക്കുറച്ച വിഹിതങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ അതിനു തയ്യാറായിട്ടില്ല.
ഇത്തരം പ്രതിസന്ധികളിലും നമ്മുടെ പൊതുവിതരണ സമ്പ്രദായത്തെയാകെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സപ്ലൈകോയുടെ കാര്യമെടുത്ത് പരിശോധിച്ചാൽ തന്നെ അതു മനസ്സിലാകും. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം 97 സപ്ലൈകോ വിൽപ്പനശാലകളാണ് നവീകരിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി സപ്ലൈകോയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് സംവിധാനവും, ഇ- ഓഫീസ് സംവിധാനവും, സപ്ലൈകോ വാഹനങ്ങളിൽ ജി പി എസ് ഘടിപ്പിക്കലുമെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.
എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നൽകുക എന്നതാണ് എൽഡിഎഫ് സര്‍ക്കാരിന്റെ നയം. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം നാലര ലക്ഷത്തോളം മുന്‍ഗണനാ കാര്‍ഡുകളാണ് വിതരണം ചെയ്തത്. തെരുവോരത്ത് താമസിക്കുന്നവര്‍ക്കും വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും റേഷന്‍കാര്‍ഡ് നൽകി. ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ താമസിക്കുന്ന വെൽഫെയര്‍ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്കായി 7,792 കാര്‍ഡുകളും വിതരണം ചെയ്തു.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി എല്ലാ അതിദരിദ്ര കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
പൊതുവിതരണ സംവിധാനത്തിലെ അടിസ്ഥാനഘടകമാണല്ലോ റേഷന്‍കടകള്‍. അവയെ നവീകരിച്ച് കെ- സ്റ്റോറുകളാക്കി മാറ്റുകയാണ്. 544 റേഷന്‍കടകളെ കെ- സ്റ്റോറുകളാക്കി മാറ്റിയിട്ടുണ്ട്. റേഷന്‍കടകളുടെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തി സ്മാര്‍ട്ട് കാര്‍ഡുകളുടെ സഹായത്തോടെ മിനിബാങ്കിംഗ്, യൂട്ടിലിറ്റി പേയ്മെന്റ്, ചോട്ടു ഗ്യാസ് വിതരണം, മിൽമ ഉൽപന്നങ്ങള്‍, ശബരി ബ്രാന്‍ഡ് ഉൽപന്നങ്ങള്‍, വ്യവസായ – കൃഷി വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍ എന്നിവ കെ- സ്റ്റോറുകളിലൂടെ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. വരുന്ന ഓണത്തിനു മുന്‍പുതന്നെ സംസ്ഥാനത്തെ 1,000 റേഷന്‍കടകളെ കെ- സ്റ്റോറുകളായി മാറ്റും.
വനമേഖലകള്‍, എത്തിച്ചേരാന്‍ പ്രയാസമുള്ള ദുര്‍ഘട പ്രദേശങ്ങള്‍, ആദിവാസി പ്രദേശങ്ങള്‍, ട്രൈബൽ സെറ്റിൽമെന്റുകള്‍, ലേബര്‍ സെറ്റിൽമെന്റുകള്‍ എന്നിവിടങ്ങളിൽ അധിവസിക്കുന്ന ജനങ്ങള്‍ക്ക് വാതിൽപ്പടിയായി റേഷന്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന് സഞ്ചരിക്കുന്ന റേഷന്‍കടകള്‍ സജ്ജമാക്കി. നിലവിൽ സംസ്ഥാനത്തെ 134 ആദിവാസി ദേശങ്ങളിൽ സഞ്ചരിക്കുന്ന റേഷന്‍കടകളുടെ സേവനം ലഭ്യമാണ്. കൂടുതൽ മേഖലകളിലേക്ക് അവയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
റേഷന്‍കടയിൽ നേരിട്ടെത്തി സാധനം കൈപ്പറ്റാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് റേഷന്‍ ലഭ്യമാക്കുന്ന ‘ഒപ്പം’ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.
100 ശതമാനം ആധാര്‍ സീഡിങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഭക്ഷ്യ ഭദ്രതാനിയമം അനുശാസിക്കുന്ന നിയമ പ്രകാരമുള്ള സോഷ്യൽ ഓഡിറ്റിംഗും നമ്മള്‍ ഇവിടെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഗോഡൗണുകളുടെ നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്. സഹകരണ വകുപ്പിന്റെ സഹായത്തോടെയുള്ള അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തും. ഇത്തരം ഇടപെടലുകളിലൂടെ വിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
ഭക്ഷ്യ ധാന്യങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ഒരു സംസ്ഥാനമാണല്ലോ നമ്മുടേത്. അതുകൊണ്ടുതന്നെ രാജ്യത്താകെ അനുഭവപ്പെടുന്ന വിലക്കയറ്റത്തിന്റെ സ്വാധീനം തീവ്രമായ നിലയിൽ ഇവിടെ അനുഭവപ്പെടേണ്ടതാണ്. എന്നാൽ സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ വിപണി ഇടപെടൽ കാരണം മറ്റേത് സംസ്ഥാനത്തെക്കാളും കുറഞ്ഞതോതിലാണ് കേരളത്തിൽ വിലക്കയറ്റം അനുഭവപ്പെടുന്നത്.
ശക്തമായ പൊതുവിതരണ സമ്പ്രദായം, സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിപണി ഇടപെടലാണ് സംസ്ഥാനത്തെ വിലക്കയറ്റത്തെ വലിയ തോതിൽ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്നത്. ഒരു വര്‍ഷം ശരാശരി 400 കോടി രൂപ വിപണി ഇടപെടലിനായി സപ്ലൈകോ മാത്രം ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ 8 വര്‍ഷം കൊണ്ട് 12,500 കോടിയോളം രൂപയാണ് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി മാത്രം ചെലവഴിച്ചത്.
ഇതെല്ലാം കാരണമാണ് ഉപഭോക്തൃ വിലസൂചിക മാനദണ്ഡങ്ങള്‍ അനുസരിച്ച് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം നിലകൊള്ളുന്നത്. ഈ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടര്‍ന്നുപോകാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. കേവലം വിപണി ഇടപെടൽ എന്നതിലേക്ക് മാത്രമായി സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിപണിയിലെ, വിശേഷിച്ച് ഭക്ഷ്യവിപണിയിലെ ഫലപ്രദമായ ഇടപെടലിന് വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഉൽപ്പാദനം, സംഭരണം, വിതരണശൃംഖലയുടെ നവീകരണം, മൂല്യവര്‍ദ്ധനവ് അങ്ങനെ നിരവധി മേഖലകളിൽ ഇടപെടാന്‍ കഴിയണം. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താൻ സാധിക്കണം. ♦