Sunday, September 8, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്മെർക്കന്റലിസ്റ്റ് കാലത്തെ സമ്പദ് ശാസ്ത്ര സങ്കല്പങ്ങൾ

മെർക്കന്റലിസ്റ്റ് കാലത്തെ സമ്പദ് ശാസ്ത്ര സങ്കല്പങ്ങൾ

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 45

ധുനിക ദേശരാഷ്ട്രങ്ങൾ രൂപീകൃതമാകുന്നത് 16‐ാം നൂറ്റാണ്ട് മുതൽക്കാണ്. പുതുതായി രൂപംകൊണ്ട ദേശരാഷ്ട്രങ്ങൾക്ക് സ്വീകാര്യമായ സാമ്പത്തികനയം എന്ന രീതിയിലാണ് മെർക്കന്റലിസം എന്ന് അറിയപ്പെടുന്ന ആശയങ്ങൾ അർത്ഥശാസ്ത്ര തലത്തിൽ അംഗീകാരം നേടുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം ഇറക്കുമതി നിയന്ത്രിച്ചു നിർത്തുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ആശയമാണ് മെർക്കന്റലിസ്റ്റുകൾ മുന്നോട്ടുവെച്ചത്. അതായത് ഇന്നത്തെ ആഗോളവൽക്കരണത്തിന്റെ വക്താക്കൾ എന്താണോ പറയുന്നത് അതിനു നേർവിപരീതം. സാമ്പത്തിക നയങ്ങൾ ആത്യന്തികമായി തീരുമാനിക്കേണ്ടത് കമ്പോളമാണ് എന്ന ആശയത്തിന്റെ വക്താവായി നാമിന്നു കാണുന്ന ആദം സ്മിത്താണ് ഈ പദപ്രയോഗം ആദ്യമായി നടത്തുന്നത്.

16‐ാം നൂറ്റാണ്ടുമുതൽ 18‐ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ ആധിപത്യം പുലർത്തിയിരുന്ന സാമ്പത്തിക ശാസ്ത്രചിന്താഗതി മെർക്കന്റലിസത്തിന്റേതായിരുന്നു. മുതലാളിത്തത്തിൽ അധിഷ്ഠിതമായ വ്യവസായിക വികസനത്തിന് പിച്ചവെച്ചുതുടങ്ങാൻ ഈ നയസമീപനം ആവശ്യമായിരുന്നു. സ്വന്തം തട്ടകത്തിലെ സാമ്പത്തികസ്ഥിതി സുസ്ഥിരമാക്കിയതിനു ശേഷമാണ് – വിദേശവ്യാപാര മിച്ചം ഉറപ്പുവരുത്തുക, ആവശ്യത്തിന് സ്വർണവും വെള്ളിയും രാജ്യത്ത് ശേഖരിക്കുക, തൊഴിൽസ്ഥിതി മെച്ചപ്പെടുത്തുക – യൂറോപ്യൻ രാഷ്ട്രങ്ങൾ കൊളോണിയൽ അധിനിവേശങ്ങളുമായി ലോകമെമ്പാടും ഇറങ്ങിത്തിരിച്ചത്. അതോടുകൂടി മെർക്കന്റലിസ്റ്റ് നയങ്ങൾക്ക് അർത്ഥശാസ്ത്രചിന്തയിൽ പ്രാമുഖ്യം നഷ്ടപ്പെടുകയും ചെയ്തു. മൂലധനശക്തികളുടെ താല്പര്യാർത്ഥം രൂപംകൊള്ളുന്നതാണ് ഓരോ കാലഘട്ടത്തിലും മേൽകൈ നേടുന്ന സാമ്പത്തിക ആശയങ്ങൾ എന്നതിന് ഇതിനേക്കാൾ നല്ലൊരു ഉദാഹരണം വേറെയുണ്ടാകില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി പോലെയുള്ള, ആ കാലഘട്ടത്തിലെ കച്ചവടക്കാരുടെയും ഉല്പാദകരുടെയും താല്പര്യങ്ങൾ ഉറപ്പുവരുത്തുക എന്നതായിരുന്നു പ്രധാന യൂറോപ്യൻ രാഷ്ട്രങ്ങൾ അനുവർത്തിച്ചു പോന്ന മെർക്കന്റലിസ്റ്റ് നയങ്ങൾക്ക് പിന്നിൽ. ഒരുപക്ഷേ ആധുനിക ദേശരാഷ്ട്രങ്ങളുടെ പിറവിക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന ഘടനാപരമായ സമ്മർദ്ദം, ഇത്തരം സാമ്പത്തിക സമീപനങ്ങൾ അനുവർത്തിക്കപ്പെടുന്നുണ്ട് എന്നത് ഉറപ്പുവരുത്തുക, എന്നതായിരിക്കും.

സ്വന്തം വാണിജ്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വിവിധ ദേശരാജ്യങ്ങൾ കൈക്കൊണ്ട സമീപനങ്ങളാണ് അക്കാലത്ത് എണ്ണമറ്റ യുദ്ധങ്ങൾക്കിടയാക്കിയത്. ഇതിനായി രൂപീകരിക്കപ്പെട്ട സ്ഥിരം സൈന്യങ്ങളെ പോറ്റുക എന്നത് മറ്റൊരു ഭാരിച്ച ബാധ്യതയായി മാറി. ഇതിനായി പണലഭ്യത ഉറപ്പുവരുത്തേണ്ടത് മെർക്കന്റലിസ്റ്റ് നയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. ഭരണകൂടത്തിനാകട്ടെ ഇതിനായി വൻതോതിലുള്ള നാണയശേഖരം ഉറപ്പാക്കേണ്ടതുമുണ്ടായിരുന്നു. വലിയതോതിലുള്ള നികുതിപിരിവിന് ഇത് തുടക്കമിട്ടു. വിദേശ വാണിജ്യശക്തികളിൽ നിന്ന് സ്വന്തം രക്ഷ ഉറപ്പുവരുത്താനാവശ്യമായ നയങ്ങൾ ഭരണകൂടങ്ങളെക്കൊണ്ട് നടപ്പിൽ വരുത്താൻ ഉദാരമായ നികുതി നൽകേണ്ടത് അങ്ങനെ മെർക്കന്റലിസ്റ്റ് വർഗ്ഗത്തിന്റെ നേരിട്ടുള്ള ആവശ്യമായി മാറി. പ്രാദേശിക ഉല്പാദകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ, വിദേശത്തു നിന്നുമുള്ള ഇറക്കുമതി നിയന്ത്രിക്കാനാവശ്യമായ നയസമീപനങ്ങൾ കൈക്കൊള്ളാൻ – വൻതോതിലുള്ള ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുക, ഇറക്കുമതി ക്വോട്ടകൾ ചുരുക്കി നിശ്ചയിക്കുക, പ്രാദേശിക നിർമാതാക്കൾക്ക് വെല്ലുവിളി ഉയർത്തുന്ന വസ്തുക്കളുടെ ഇറക്കുമതി തന്നെ നിരോധിക്കുക തുടങ്ങിയ സമീപനങ്ങൾ ഭരണകൂടം കൈക്കൊണ്ടു. അതേസമയം ഉല്പാദനോപകരണങ്ങളുടെയും മൂലധനത്തിന്റെയും കയറ്റുമതി പാടെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. വിവിധ ഉല്പാദനത്തുറകളിൽ തങ്ങളാർജ്ജിച്ച നേട്ടങ്ങൾ കൈമോശം വന്നുപോകാതിരിക്കാനുള്ള മുൻകരുതലുകളായിരുന്നു ഇവ. സ്വന്തം രാജ്യത്തെ ഉല്പാദകരുടെ വളർച്ച ഉറപ്പുവരുത്താനാവശ്യമായ നയങ്ങൾ ഒരു മടിയും കൂടാതെ നടപ്പിലാക്കിയവരാണ് ഇന്ന് വികസ്വര രാജ്യങ്ങളുടെ വാതായനങ്ങൾ മലർക്കെ തുറക്കണമെന്ന് ശഠിക്കുന്നവരെന്നത് ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നായി മാറുന്നു. എന്നു മാത്രമല്ല ഈ വിഭിന്ന കാലഘട്ടങ്ങളിലോരോന്നിലും എടുക്കുന്ന സാമ്പത്തിക നയസമീപങ്ങളാണ് ശരിയും ശാസ്ത്രീയവുമെന്ന് ലോകരെയാകെ പഠിപ്പിക്കുവാൻ സിദ്ധാന്തങ്ങൾ ചമയ്ക്കുകയും ചെയ്യുന്നു.

ചരക്കുഗതാഗതം അധികവും കടൽമാർഗേന നടന്നിരുന്ന അക്കാലത്ത്, വാണിജ്യതാല്പര്യങ്ങളുടെ സംരക്ഷണാർത്ഥം നിയമങ്ങൾ പലതും ആവിഷ്‌കരിക്കപ്പെട്ടു. 1651ൽ ഇംഗ്ലണ്ടിലുണ്ടാക്കിയ നാവിഗേഷൻ ആക്ട്, വിദേശ കപ്പലുകൾ തീരദേശത്ത് കച്ചവടം നടത്തുന്നത് നിരോധിച്ചു. അതോടൊപ്പം ഇംഗ്ലീഷ് കപ്പലുകൾ വഴി മാത്രമേ ഇറക്കുമതികൾ നടക്കാവൂ എന്നും ശഠിച്ചു.

കഴിയുന്നത്ര സ്വർണശേഖരം രാജ്യത്തുണ്ടാവുക എന്നതാണ് ഏറ്റവും അഭിലഷണീയമെന്ന ചിന്താഗതിയാണ് അന്ന് ആധിപത്യം പുലർത്തിയിരുന്നത്. ആവർത്തിച്ചാവർത്തിച്ചുണ്ടാകുന്ന യുദ്ധങ്ങൾ ഇത് അനിവാര്യമാക്കുകയും ചെയ്തു. ആധുനിക മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രത്തിന് രൂപംകൊടുത്ത ആഡംസ്മിത്ത് ഈ നയസമീപങ്ങളോട് വിയോജിച്ചു. ധനം കൂട്ടിവെയ്ക്കുകയല്ല കച്ചവടം വർധിപ്പിക്കുകയാണ് സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമെന്നായിരുന്നു wealth of nations എന്ന തന്റെ ഏറ്റവും പ്രശസ്തമായ അർത്ഥശാസ്ത്രകൃതിയിലൂടെ അദ്ദേഹം സമർത്ഥിച്ചത്. വാണിജ്യത്തിലേർപ്പെടുന്ന ഇരുകൂട്ടർക്കും കച്ചവടം ഗുണമേന്മ ചെയ്യുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതിനാൽ കച്ചവടത്തിന്, ചരക്കുകളുടെ സ്വതന്ത്രമായ നീക്കത്തിന്, തടസ്സം നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളും ഉപേക്ഷിക്കേണ്ടതുണ്ട് എന്ന സിദ്ധാന്തമായിരുന്നു അദ്ദേഹത്തിന്റേത്. ഭരണകൂടവും കച്ചവടമുതലാളിമാരും തമ്മിലുള്ള അടുപ്പം കാര്യക്ഷമതയെ ഇല്ലാതാക്കുകയേ ഉള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വളർച്ച പ്രാപിച്ച ആധുനിക മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായി ഇത് മാറി. Laizess faire എന്ന് വിളിക്കപ്പെടുന്ന ഈ കാഴ്ചപ്പാട് മെർക്കന്റലിസ്റ്റ് അർത്ഥശാസ്‌ത്ര ചിന്തകളുടെ നേർ വിപരീതമായിരുന്നു .

1860 ആയപ്പോഴേക്കും എല്ലാ മെർക്കന്റലിസ്റ്റ് നയങ്ങളോടും ഇംഗ്ലണ്ട് വിടപറഞ്ഞു. വ്യവസായങ്ങൾക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റി. മൂലധനവും യന്ത്രങ്ങളും കയറ്റുമതി ചെയ്യുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങളും മാറ്റി . അതേസമയം വ്യാവസായിക പുരോഗതിയിൽ ഇംഗ്ലണ്ടിനോളമെത്താത്ത മറ്റ് രാജ്യങ്ങളുമായുള്ള നിരന്തര സംഘർഷങ്ങളിലേക്ക് ഇത് നയിച്ചു. ഒന്നാം ലോകയുദ്ധത്തിനിടയാക്കിയ അടിസ്ഥാന കാരണം ഇതായിരുന്നു.

എന്നാൽ രണ്ടാം ലോകയുദ്ധത്തിനു ശേഷം മെർക്കന്റലിസ്റ്റ് നയങ്ങൾ വീണ്ടും ഭാഗികമായി തിരിച്ചുവന്നു. 1930കളിലെ മഹാമാന്ദ്യം സ്വതന്ത്ര കമ്പോളത്തിന്റെ പ്രത്യയശാസ്ത്രത്തിലുള്ള വിശ്വാസത്തിനു വലിയ മങ്ങലേൽപ്പിച്ചിരുന്നതാണ് ഒരു കാരണം. അതേ കാലഘട്ടത്തിൽ protectionist നയങ്ങൾ പാലിച്ചുപോന്നിരുന്ന സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ കൈവരിച്ച സാമ്പത്തിക പുരോഗതി മറ്റൊരു കാരണമായിരുന്നു. കയറ്റുമതിയുന്മുഖവും ഇറക്കുമതി വിരുദ്ധവുമായ നയങ്ങളെ ഇന്ന് പിന്തുടരുന്നവരെ നിയോ മെർക്കന്റലിസ്റ്റുകൾ എന്നാണ് പൊതുവെ വിളിക്കുന്നത്. സാമൂഹിക സാമ്പത്തിക ശക്തികളുടെ വികാസം എങ്ങിനെയാണ് വ്യത്യസ്തവും പലപ്പോഴും വിഭിന്നവുമായ സാമ്പത്തിക സിദ്ധാന്തങ്ങളെ സൃഷ്ടിക്കുന്നതെന്ന് മെർക്കന്റലിസ്റ്റ് സിദ്ധാന്തത്തിന്റെ ഉയർച്ചയും താഴ്ചയും കാട്ടിത്തരുന്നു.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × one =

Most Popular