Sunday, September 8, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കർഷക സമരനായകൻ എം കുമാരൻമാസ്റ്റർ

കർഷക സമരനായകൻ എം കുമാരൻമാസ്റ്റർ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 38

ടകര അടക്കാത്തെരുവിലെ കുറുമ്പ്രനാട് താലൂക്ക്് കോൺഗ്രസ് ഓഫീസിൽ 1934‐35 കാലത്തെ ഒരുനേരത്ത് മുറിക്കയ്യൻ ബനിയനും മുട്ടോളമെത്തുന്ന മുണ്ടുംമാത്രമുടുത്ത, പ്രസന്നവദനനായ ഒരു ചെറുപ്പക്കാരൻ കടന്നുവന്നു. അപ്പോൾ അവിടെ ഇരിപ്പുണ്ടായിരുന്നവരിലധികവും ബഹുമാനപുരസ്സരം എഴുന്നേറ്റുനിന്നു. പതിനാറോ പതിനേഴോ വയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടിയും അക്കൂട്ടത്തിലുണ്ടായിരുന്നു. അവൻ അടുത്തുളളയാളോട് തിരക്കി, ആഗതൻ ആരാണ്? അയാൾ ചെവിയിൽ പറഞ്ഞു‐ പി.കൃഷ്ണപിള്ള.

ആ കുട്ടിയുടെ അടുത്തേക്ക് കൃഷ്ണപിള്ള വന്നു. കയ്യിലിരിക്കുന്ന പുസ്തകം ഏതാണെന്ന് ചോദിച്ചു. കുമാരനാശാന്റെ നളിനി. പുസ്തകം വാങ്ങി കടലാസുകൾ മറിച്ചുനോക്കി, തിരികെ കൊടുക്കുമ്പോൾ എന്താണ് പേരെന്ന് കൃഷ്ണപിള്ള ചോദിച്ചു. കുമാരൻ. വാധ്യാരാണോ? അതേ എന്നു മറുപടി. കവിതകൾ മാത്രം വായിച്ചാൽപ്പോരാ, രാഷ്ട്രീയവും വായിക്കണമെന്ന് സ്നേഹപൂർവം ഉപദേശം. വായനശാലയിൽ പോയാൽ കിട്ടുമെന്നും. വടകര പഴങ്കാവിലെ എം.കുമാരന് പിന്നെയധികം ആലോചിക്കേണ്ടിവന്നില്ല. പഴങ്കാവിൽ ആയിടെ കേളു ഏട്ടൻ സ്ഥാപിച്ച വായനശാലയുണ്ട്‐ കൈരളി. അവിടെപ്പോയി ചോദിപ്പോൾ കിട്ടിയ പുസ്തകം ജയപ്രകാശ് നാരായണന്റെ സോഷ്യലിസം എന്തിന് എന്ന പുസ്തകമാണ്. പി.നാരായണൻ നായർ തർജമചെയ്ത് മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ പുസ്തകം. രാഷ്ട്രീയത്തിൽ നേരത്തതന്നെ ആകൃഷ്ടനായിരുന്നെങ്കിലും പുതിയൊരു സാമൂഹ്യവ്യവസ്ഥയെക്കുറിച്ച്‌ മനസ്സിലാക്കാനുള്ള തുടക്കം ആ പുസ്തകത്തിലൂടെയായിരുന്നു. കൃഷ്ണപിള്ളയുടെ സ്നേഹസ്പർശം കുമാരൻ മാസ്റ്ററെ പുതിയൊരു പാതയിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു.

1918 ജൂലൈ 27ന് വടകര പഴങ്കാവിൽ ഇല്ലത്തുകണ്ടി ആണ്ടിയുടെയും മഠത്തിൽ മാണിയുടെയും മൂന്നാമത്തെ മകനായാണ് കുമാരന്റെ ജനനം. പുളിഞ്ഞോളി സ്കൂളിലും ശിവാനന്ദവിലാസം സ്കൂളിലും കൊളങ്ങരേത്ത് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് വടകര ഹയർ എലമെന്ററി സ്കൂളിൽ. അവിടെ അധ്യാപകനായിരുന്നു പി.ആർ. നമ്പ്യാർ. അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ്. സ്കൂളിലെ സാഹിത്യസമാജം സെക്രട്ടറി എം.കുമാരനായിരുന്നു. സമാജത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്് പി.ആർ. നമ്പ്യാർ. സമാജത്തിലെ പ്രവർത്തനത്തിലൂടെ പ്രസംഗത്തിലേക്കും കവിതയെഴുത്തിലേക്കും. വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോഴേക്കും പ്രാസംഗികനായി ശോഭിച്ചു. നിരന്തരമായി കവിതയെഴുത്തും തുടങ്ങി. കളരികളുടെ നാടായ വടകരയിൽ അന്നൊക്കെ കുട്ടികൾ കളരിയിൽ പോകാതിരിക്കുന്നത് കുറച്ചിലായാണ് കരുതിപ്പോന്നത്. കളരിപ്പയറ്റിൽ ചെറുപ്പത്തിലേ വൈദഗ്ധ്യം നേടിയ കുമാരനെ രാഷ്ട്രീയ എതിരാളികൾക്ക് ഭയമായിരുന്നു. ജാതീയമായ ഉച്ചനീചത്വം കൊടികുത്തിവാഴുകയായിരുന്ന അക്കാലത്ത് ക്ഷേത്രമുറ്റത്ത് പലപ്പോഴും കുമാരന് അവഹേളനത്തിനിരയാവേണ്ടിവന്നു. എന്നാൽ പിന്നെപ്പിന്നെ ചെറുക്കാൻ തുടങ്ങിയപ്പോൾ എതിരാളികൾ ഭയന്നു പിന്മാറാൻ തുടങ്ങി.

വാഗ്ഭടാനന്ദനും ആത്മവിദ്യാസംഘവുമാണക്കാലത്ത് വടകരമേഖലയിൽ സാമൂഹ്യവിപ്ലവത്തിന്റെ വിത്തുകൾ വിതച്ചുകൊണ്ടിരുന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ കുമാരൻ വാഗ്ഭടാനന്ദഗുരുവിൽ ആകൃഷ്ഠനായി. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രമായി ആത്മകാഹളം വാരിക 1929‐ൽലാണ് പ്രസിദ്ധീകരണമാരംഭിത്. തുടക്കംമുതലേ അതിന്റെ വായനക്കാരനായിരുന്നു കുമാരൻ. 1933ൽ കാരക്കാട്ടുവെച്ച്‌ വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ മിശ്രഭോജനം സംഘടിപ്പിച്ചു. സംഭവത്തെക്കുറിച്ച്‌ കേട്ടറിഞ്ഞ കുമാരനും സഹപാഠികളായ കണ്ണങ്കുഴി കുഞ്ഞിക്കേളുക്കുറുപ്പും പി.ടിചാത്തുപ്പണിക്കരും സ്കൂളിൽ പോകാതെ കാരക്കാട്ടേക്കു തിരിച്ചു. മിശ്രഭോജനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ കുമാരന് വീട്ടിൽ ലഭിച്ചത് നിരാസമായിരുന്നു. അമ്മ പോലും മിണ്ടിയില്ല. സഹോദരീഭർത്താവ് വീട്ടിലെത്തി ഭർത്സിച്ചു. കുടുംബത്തെയും സമുദായത്തെയും അപമാനിച്ചതായി കുറ്റപ്പെടുത്തി അയാൾ ഭാര്യയെ തിരിച്ചയച്ചു.

ഈ സംഭവങ്ങൾക്കെല്ലാം ശേഷമാണ് തന്റെ വഴി പൊതുപ്രവർത്തനത്തിന്റേതാണ് എന്ന് കുമാരൻ തീർച്ചപ്പെടുത്തുന്നത്‌. പഴങ്കാവിൽ യുവജനസംഘം രൂപവൽക്കരിക്കുന്ന പ്രവർത്തനത്തിലാണ് ആദ്യം മുഴുകിയത്. തറമ്മൽ കൃഷ്ണ പണിക്കർ എന്ന സഹപ്രവർത്തകനൊപ്പം കുമാരൻ പ്രദേശത്തെ വീടുകളിലെല്ലാം പോയി ചെറുപ്പക്കാരുമായി സംസാരിച്ചു. ബാല്യത്തിൽത്തന്നെ ബീഡി തെറുപ്പും ചുരുട്ടുനിർമാണവും നെയ്‌ത്തുമടക്കമുള്ള തൊഴിൽരംഗങ്ങളിലായിക്കഴിഞ്ഞ അവരോട് രാത്രിയിൽ യുവജനസംഘം ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. മലയാളവും ഇംഗ്ലീഷും ഹിന്ദിയുമെല്ലാം അവിടെ അഭ്യസിപ്പിച്ചുകൊണ്ട്് പരുതിയൊരു തുടക്കം. മെല്ലെമല്ലെ അവരെയെല്ലാം പുരോഗമനപ്രസ്ഥാനത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു.

1931ൽ തന്റെ 13‐ാം വയസ്സിലാണ് മഠത്തിൽ കുമാരൻ ആദ്യമായി ഒരു രാഷ്ട്രീയപരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരളരാഷ്ട്രീയസമ്മേളനം. വടകര നാരായണനഗറിൽ നടന്ന സമ്മേളനത്തിലേക്ക്് മുതിർന്ന ഒരു സുഹൃത്ത്് കുമാരനെയും ഒപ്പം കൂട്ടുകയായിരുന്നു. ആന്ധ്രകേസരി ടി.പ്രകാശം, നരിമാൻ തുടങ്ങിയവരുടെ പ്രസംഗം കേൾക്കാനാണ് അവർ പോയത്. കോൺഗ്രസ്സിനെക്കുറിച്ചും ദേശീയസ്വാതന്ത്ര്യസമരത്തെക്കുറിച്ചുമെല്ലാം കൂടുതലായി മനസ്സിലാക്കുന്നത് ആ സമ്മേളനനഗരയിൽവെച്ചാണ്. 1935ൽ കോൺഗ്രസ് ഓഫീസിൽവെ്് കൃഷ്ണപിള്ളയുമായി കൂടിക്കണ്ടതിനുശേഷമാണ് ഇടതുപക്ഷത്തേക്ക് തിരിയുന്നതെന്ന് നേരത്തെ സൂചിപ്പിച്ചു.

എലിമെന്ററി സ്കൂളിനപ്പുറം പഠിക്കാൻ സാമ്പത്തികം അനുവദിക്കാത്തതിനാൽ 1934‐ൽ ശിവാനന്ദവിലാസം സ്കൂളിൽ അധ്യാപകനായി ചേർന്നു. അധ്യാപകനായതോടെ സാമൂഹ്യപ്രവർത്തനത്തിൽ കൂടുതൽ സജീവമായി. നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത്് ജയിലിലായിരുന്ന കേളു ഏട്ടൻ ജയിൽമോചിതനായി എത്തിയതോടെ വടകരയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഘടകം രൂപവൽക്കരിച്ചു. സി.വി.ചാത്തുമാസ്റ്റർ സെക്രട്ടറിയായ കമ്മിറ്റിയിൽ എം.കുമാരൻ മാസ്റ്ററും അംഗമായിരുന്നു. പി.ആർ.നമ്പ്യാരും എം.കെ.കുഞ്ഞിരാമനുമെല്ലാം നേതൃനിരയിലുണ്ടായിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ താലൂക്ക് സെക്രട്ടറി മൊയാരത്ത് ശങ്കരനായിരുന്നു. മൊയാരത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ കുമാരൻ മാസ്റ്ററും സജീവ പങ്കാളിയായി. അതിനിടയിലാണ് മലബാറിൽ എയിഡഡ്് സ്കൂൾ അധ്യാപകരുടെ സംഘടന രൂപപ്പെടുന്നത്. 1936 ഏപ്രിൽ 5, 6 തീയ്യതികളിൽ വടകരയിൽ ചേർന്ന ടീച്ചേഴ്‌സ് യൂണിയൻ സമ്മേളനത്തിൽ കുമാരനും പ്രതിനിധിയായി. പി.ആർ. നമ്പ്യാർ സെക്രട്ടറിയായി അഖില മലബാർ എയിഡഡ് എലമെന്ററി ടീച്ചേഴ്‌സ് യൂണിയൻ രൂപംകൊണ്ടു. അതിന്റെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയിൽ കുമാരൻ അംഗമായി. വടകര ചീനംവീട് സ്കൂളിൽ അധ്യാപകനായിരുന്ന പി.ആർ. നമ്പ്യാരെ പിരിച്ചുവിട്ടതിനെതിരെ വലിയ സമരം നടന്നു. ചീനംവീട് സ്കൂളിനടത്തുതന്നെ ടീച്ചേഴ്‌സ് യൂണിയൻ ബദൽ സ്കൂൾ സംഘടിപ്പിച്ചു. അതിന് നേതൃത്വം നൽകിയവരിലൊരാൾ കുമാരൻ മാസ്റ്ററായിരുന്നു. ശനിയൻസഭാ ബഹിഷ്കരണമടക്കമുള്ള പിന്നീടുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ കുമാരനടക്കമുള്ളവരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി. സ്കൂളിൽനിന്ന് പുറത്താക്കി. നേതാക്കളായ പി.ആർ., ടി.സി., തുടങ്ങിയവരെ ജയിലിലടച്ചു.

1939‐ലായിരുന്നു അത്. എക്കാലത്തേക്കുമായുള്ള ആ പിരിച്ചുവിടലോടെ കുമാരൻ പൂർണസമയ രാഷ്ട്രീയപ്രവർത്തകനായി. മൊയാരത്ത് ശങ്കരനും കേളു ഏട്ടനും പിണറായി പാറപ്രത്തെ കമ്മ്യൂണിസ്റ്റ്് പാർട്ടി രൂപീകരണസമ്മേളനത്തിൽ പങ്കെടുത്തു. സി.എസ്.പി.യുടെ കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറിയായിരുന്ന മൊയാരം കമ്യൂണിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറിയായി. മൊയാരം ഒളിവിൽപോയതോടെ 1940 മധ്യത്തോടെ താലൂക്ക് സെക്രട്ടറിയായി എം.കുമാരനെ നിയോഗിച്ചു. പഴങ്കാവിൽ പാർട്ടി സെൽ രൂപവൽക്കരിച്ചുകൊണ്ടാണ് കുമാരൻ കമ്യൂണിസ്റ്റ്‌ പാർട്ടിയിലെത്തുന്നത്. തൊള്ളായിരത്തിമുപ്പതുകളുടെ അവസാനകാലത്താണ് കർഷകപ്രസ്ഥാനം വടകരമേഖലയിൽ ശക്തിയാർജിക്കുന്നത്. 1936ൽ വട്ടോളിയിൽ പി.കൃഷ്ണപിള്ള നേതൃത്വം നൽകിക്കൊണ്ട്് കർഷകസമ്മേളനം നടന്നിരുന്നു. ഭാരതീയനും കെ.കേളപ്പനും പങ്കെടുത്ത ആ സമ്മേളനത്തിന്റെ സംഘാടകരിൽ കേളു ഏട്ടനൊപ്പം കുമാരനും സജീവമായി ഉണ്ടായിരുന്നു. തുടർന്ന് രണ്ടുവർഷം കഴിഞ്ഞാണ് വടകര കോട്ടപ്പറമ്പിൽ താലൂക്കിലെ കൃഷിക്കാരെയാകെ പങ്കെടുപ്പിച്ച്‌ മഹാസമ്മേളനം നടത്തിയത്. സി.എച്ച്്. കണാരൻ, കേളു ഏട്ടൻ, എം.കുമാരൻ, പി.പി.ശങ്കരൻ എന്നിവർ നേതൃത്വം നൽകിയ ആ സമ്മേളനത്തിന്റെ വിജയത്തെക്കുറിച്ചും പ്രാധാന്യത്തെപ്പറ്റിയും അടിമകളെങ്ങനെ ഉടമകളായി എന്ന ഗ്രന്ഥത്തിൽ വിഷ്ണുഭാരതീയൻ അനുസ്മരിക്കുന്നുണ്ട്.

ഈ കർഷകസമ്മേളനങ്ങളിലെല്ലാം നടന്ന ചർച്ചകളിൽ ഉയർന്നുവന്ന ആശയങ്ങളിലൊന്നാണ് ദാരിദ്ര്യമകറ്റാൻ ഉല്പാദനവർധനക്കായി കാടുകൾ വെട്ടിത്തെളിച്ച്‌ പുനംകൃഷി നടത്തുകയെന്നത്. പതിനായിരക്കണക്കിനേക്കർ വ്യാപിച്ചുകിടക്കുന്ന കിഴക്കൻ മലയോരത്തെ കൂത്താളി എസ്റ്റേറ്റ് അടക്കമുള്ള സ്ഥലത്തെ കാടുകൾ വെട്ടിത്തെളിച്ച്‌ കൃഷിയിറക്കുക. വന്യമൃഗങ്ങളോടും വിഷജീവികളോടും മല്ലിട്ട് പുനംകൃഷി. നാടുവാഴികളുടെ കാലത്ത് അനുവദിച്ചിരുന്ന പുനംകൃഷി കൂത്താളി എസ്റ്റേറ്റടക്കമുള്ള സ്ഥലങ്ങൾ അറ്റാലടക്കം നിയമപ്രകാരം ബ്രിട്ടീഷ് കമ്പനി ഭരണത്തിന്റേതായപ്പോൾ പുനംകൃഷി തടയപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് സെക്രട്ടറിയായ കുമാരൻ മാസ്റ്റർ 1941‐ൽ കൂത്താളി എസ്റ്റേറ്റ് നടന്നുകാണുകയും പുനം കൊത്ത്് സമരത്തിന്റെ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് നേതൃത്വം നൽകുകയുമായിരുന്നു. കൂത്താളി മൂപ്പിൽ നായരുടെ അധീനതയിലായിരുന്ന സ്ഥലം പുനംകൃഷിക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ തുടക്കം 1941‐ലാണ്. എന്നാൽ ഭൂമി പിടിച്ചെടുക്കലടക്കമുള്ള പ്രത്യക്ഷ പോരാട്ടം തുടങ്ങുന്നത് 1947 ഫെബ്രുവരിയിലാണ്. ഫെബ്രുവരി 21‐ന് അമ്പത് കൃഷിക്കാർ വലിയ തോണികളിൽ പണിയായുധങ്ങളുമായി കൂത്താളിയിലേക്ക് പുറപ്പെട്ടു. അവിടെ അഞ്ചേക്കർ കാടുവെട്ടിത്തെളിച്ച്‌ ചെങ്കൊടി നാട്ടുകയും കൃഷിയിറക്കുകയുമായിരുന്നു. അടുത്തദിവസം സമരപ്രഖ്യാപനമായി പേരാമ്പ്രയിൽ നൂറുകണക്കിന് കൃഷിക്കാർ പങ്കെടുത്ത പ്രകടനം. ചത്താലും ചെത്തും കൂത്താളി എന്ന മുദ്രാവാക്യം കേരളീയനാണ് ജാഥയിൽ വിളിച്ചുകൊടുത്തത്. സമരത്തിന്റെ പ്രധാനനേതാക്കളിലൊരാൾ കേളു ഏട്ടനായിരുന്നു. മൊറാഴ കേസിൽ വധശിക്ഷക്ക്് വിധിക്കപ്പെട്ട കെ.പി.ആർ. 1946‐ൽ ജയിൽമോചിതനായ ശേഷം വടകരമേഖലയിൽ നിരന്തരം വന്നുപോയിരുന്നു. കെ.പി.ആറിന്റെ പ്രസംഗങ്ങളും ക്ലാസുകളുമാണ് താലൂക്കിലാകെ കർഷകരെ ആവേശംകൊള്ളിച്ചത്. പി.ആർ. നമ്പ്യാരുടെ ക്ലാസുകളും പ്രസംഗങ്ങളും കമ്യൂണിസ്റ്റ് ബോധത്തിലേക്ക് ജനങ്ങളെ ഉണർത്തി. ഇപ്പോൾ മടപ്പള്ളി കോളേജ് നിലകൊള്ളുന്ന സ്ഥലത്തിന് അക്കാലത്ത് പേര് കെ.പി.ആർ.ഘട്ട്് എന്നായിരുന്നു. കെ.പി.ആർ പ്രസംഗിക്കുന്ന സ്ഥലം. മുപ്പതുകളുടെ അവസാനം കോൺഗ്രസ് സോഷ്യലിസ്റ്റ് കാലത്തുതന്നെ ഒഞ്ചിയം മേഖലയിൽ കെ.പി.ആർ. സ്ഥിരമായി എത്താറുണ്ടായിരുന്നു തൊട്ടടുത്തുള്ള മറ്റൊരു സ്ഥലം പി.ആർ.സ്ക്വയർ. അവരൊക്കെ സൃഷ്ടിച്ച വൈകാരിക തരംഗമാണ് ഐതിഹാസികമായ കൂത്താളി സമരത്തിലേക്ക് നയിച്ചത്.

കൂത്താളിസമരത്തിലെ രക്തസാക്ഷിയാണ് ചോയി ഉശിരനായ പോരാളിയായ സഖാവ് ചോയിയെ കോൺഗ്രസ് ഗുണ്ടകൾ പിടിച്ചു പോലീസിലേൽപ്പിച്ച്‌ കൊലചെയ്യുകയായിരുന്നു. മേപ്പയൂരിലെ കിണറുള്ളതിൽ കുമാരന്റെ നാലുമക്കളിലൊരാൾ. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം വ്യക്തിസത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലായ ചോയി ജയിൽമോചിതനായെത്തിയത് കമ്മ്യൂണിസ്റ്റുകാരനായാണ്. പേരാമ്പ്ര മേഖലയിൽ പാർട്ടിയും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കാൻ ചോയി ധീരമായി പ്രവർത്തിച്ചു. കൂത്താളി എസ്റ്റേറ്റിൽ സമരത്തിന്റെ ഭാഗമായി കൃഷിക്കാർ വിളയിച്ച നെല്ലുകുത്തി അവിലാക്കി സന്തോഷസൂചകമായി വിതരണംചെയ്തത് ചോയിയാണ്. സമരത്തിന്റെ പേരിൽ വാറണ്ടുണ്ടായതിനെ തുടർന്ന് ഒളിവിലായ ചോയിയെ പോലീസ് അറസ്ററ് ചെയ്ത് ജയിലിലടച്ചു. ജയിൽമോചിതനായെത്തിയ ചോയി കർഷകസംഘം നേതാവായ കെ.എം. കണ്ണൻ മാസ്റ്ററോടൊപ്പം ഒരു രാത്രിയിൽ ഒരു രഹസ്യയോഗം കഴിഞ്ഞ് മടങ്ങുമ്പോൾ കോൺഗ്രസ്സിന്റെ ദേശരക്ഷാസേനക്കാർ, സേവാദളുകാർ വളയാൻ ശ്രമിച്ചു. ചോയിയും കണ്ണൻമാസ്റ്ററും ഓരോ ദിശയിലേക്ക് ഓടി. മതിൽചാടിക്കടക്കുമ്പോൾ നിലത്തുവീണ ചോയിയെ സേവാദളുകാർ കീഴ്പ്പെടുത്തുകയായിരുന്നു. ചോയിയെ തല്ലിച്ചതച്ച്‌ വലിച്ചിഴുകൊണ്ടുപോയി വെടിവെച്ചുകൊല്ലുകയാണുണ്ടായത്‌. പോലീസുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് രേഖയാക്കിയത്. 1950 മെയ് 19‐നായിരുന്നു ഈ കൊലപാതകം.

കവിയായ കുമാരൻ മാസ്റ്റർ ചോയിയെക്കുറിച്ചെഴുതിയ കവിതയിലെ വരികൾ.

” മുന്നിലുണ്ടാവഴി‐നീ ചോര ചാർത്തിയ
പിന്നിലുണ്ടാ ശക്തി‐ നമ്മൾ ഉയർത്തിയ
എന്തിനും മീതെയുയർന്നുല്ലസിക്കുന്ന
വർഗബോധത്തിന്റെ സർഗാത്മകത്വവും
പോയില്ല നീ ചോയി, മെയ്മാസം തോറും നിൻ
ഉയിർവാതം ഞങ്ങളെ തഴുകിടുന്നു
മായില്ല മായില്ല നിൻ പാദമുദ്രകൾ
മായില്ല മായില്ല നിൻ മുഖമുദ്രകൾ
കൂത്താളി മണ്ണിലെ ഓരോ തരിയിലും
കൂത്താടി നിൽക്കുന്ന പുൽക്കൊടിത്തുമ്പിലും’

പലതവണയായി ദീർഘകാലം ഒളിവിൽ പ്രവർത്തിക്കേണ്ടിവന്ന കുമാരൻ മാസ്റ്റർ 1950 ആദ്യം മുതൽ പാർട്ടി നിയമവിധേയമാകുന്നതുവരെ മലബാർ മേഖലാ സെക്രട്ടറിയായി പ്രവർത്തിക്കുകയുണ്ടായി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 9 =

Most Popular