ലോകചരിത്രത്തിൽ വലിയ പ്രധാന്യമുള്ള ഒരു രാജ്യമാണ് ഫ്രാൻസ്. വലിയ രാഷ്ട്രീയ വിപ്ലവങ്ങളുടെയും, ലോകത്തെ മാറ്റിമറിച്ച തത്വചിന്തകളുടെയുമെല്ലാം ജന്മനാടാണിത്. ഫ്രഞ്ച് വിപ്ലവം യൂറോപ്പിനെയാകെ ഇളക്കിമറിക്കുകയുണ്ടായി. ഫ്രാൻസിലെ വോൾട്ടയറും മൊണ്ടോസ്ക്യൂവുമെല്ലാം ഉയർത്തിവിട്ട രാഷ്ട്രീയ‐തത്വശാസ്ത്രങ്ങൾ ലോകത്തിന്റെ തന്നെ വൻമാറ്റങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. ആധുനിക കാലഘട്ടത്തിൽ പാരീസിൽ നടന്ന “പാരീസ് കമ്മ്യൂൺ’ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ലോകത്തെ ആദ്യത്തെ പരാജയപ്പെട്ട വിപ്ളവമാണ്. രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് എന്നും ഫ്രാൻസ് വേദിയായിട്ടുണ്ട്.
ലോകചരിത്രത്തിലും ആധുനികലോകത്തിന്റെ ഗതിവിഗതികളിലും സുപ്രധാനസ്ഥാനമാണ് ജർമ്മനിക്കുള്ളത്. ജർമ്മൻ രാഷ്ട്രീയ‐തത്വശാസ്ത്രങ്ങൾ ലോകഗതിയെത്തന്നെ മാറ്റിമറിച്ചിട്ടുള്ളതാണ്. ഹെഗലിയൻ സിദ്ധാന്തങ്ങളും, മാർക്സിയൻ തത്വശാസ്ത്രവും എല്ലാം ജർമ്മനിയുടെ സംഭാവനകൾ തന്നെയാണ്. ജർമ്മൻ ഫിലോസഫിക്ക് ലോകത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഒന്നും, രണ്ടും ലോകയുദ്ധങ്ങളുടെ പ്രധാനകാരണക്കാരും ജർമ്മൻ രാഷ്ട്രീയനേതൃത്വം തന്നെയായിരുന്നു. ജർമ്മൻ ചാൻസിലറായ അഡോൾഫ് ഹിറ്റ്ലർ ലക്ഷോപലക്ഷം ജൂതരെ കൊലപ്പെടുത്തുകയും ഏറ്റവും ഭീകരമായ ഒരു സ്ഥിതിവിശേഷം ലോകത്തുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ജർമ്മനിയുടെ വിഭജനവും അതിന്റെ ഏകീകരണവുമെല്ലാം ലോകചരിത്രത്തിന്റെ വളരെ സുപ്രധാനമായ ഒരേടാണ്.
ഇപ്പോൾ നടന്ന യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിൽ പലതിലും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടനൽകിയിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് രാഷ്ട്രങ്ങളാണ് ഫ്രാൻസും ജർമ്മനിയും. യൂറോപ്യൻ യൂണിയനിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി പരാജയപ്പെട്ടതിനാൽ ഫ്രാൻസ് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പാർലമെന്റ് പിരിച്ചുവിടാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചിരിക്കുന്നു. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ പാർട്ടിയും ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജർമ്മൻ ചാൻസലറും വലിയവെല്ലുവിളിയെ നേരിടുകയാണ്. ഫ്രാൻസിലേതുപോലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ അടിസ്ഥാനത്തിൽ ജർമ്മനിയിലും പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം വിവിധപാർട്ടികൾ ശക്തമായി അവിടെ ഉന്നയിക്കാനും തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് വലിയവെല്ലുവിളിയാണ് ചാൻസലർ ഒലാഫ് ഷോൾസ് ഇപ്പോൾ നേരിടുന്നത്.
യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ പാർലമെന്റ് പിരിച്ചുവിട്ടിരിക്കുകയാണല്ലോ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ. ദേശീയഅംസബ്ലിയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ജൂൺ 30നും, രണ്ടാംഘട്ടം ജൂലൈ 7നും നടക്കുമെന്നും മാക്രോൺ അറിയിച്ചു. ഫ്രാൻസിലെ യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ച് ഒരു മണിക്കൂറിന് ശേഷം എലിസി പാലസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്റിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. എക്സിസ്റ്റ് പോളുകൾക്ക് ശേഷം നാഷണൽ റോലി നേതാവ് ജോർദ്ദാൻ ബെർഡെല്ല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മക്രോണിന്റെ പ്രഖ്യാപനം വന്നത്. രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എടുത്തുകാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മക്രോൺ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ അവഗണിക്കാൻ കഴിയുന്നതല്ലെന്നും, ഏറ്റവും ന്യായമായ തീരുമാനം എടുക്കാനുള്ള ഫ്രഞ്ച്ജനതയുടെ ശേഷിയിൽ വിശ്വസിക്കുന്നതായും മക്രോൺ വ്യക്തമാക്കി.
21 രാജ്യങ്ങളിലായി നടന്ന യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പ് തീവ്രവലതുപക്ഷ പാർട്ടികൾക്ക് മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രാരംഭസൂചനകൾ. ഫ്രാൻസിൽ മരീൻ ലേ പെന്നിന്റെ നാഷണൽ റാലിപാർട്ടി 30 ശതമാനം വോട്ടുകളുമായി ഭൂരിപക്ഷം നേടി. മക്രോണിന്റെ റിനൈസൺസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 15.2 ശതമാനം വോട്ടുകളിൽ ഒതുങ്ങി. ജർമ്മനിയിൽ പ്രതിപക്ഷമായ ക്രിസ്ത്യൻ ഡെമോക്രാറ്റിക്ക് യൂണിയന്റെയും, ക്രിസ്ത്യൻ സോഷ്യൽ യൂണിയന്റെയും യാഥാസ്ഥിതിക സഖ്യം 30 ശതമാനത്തോളം വോട്ടുകൾ നേടി. തീവ്രവലതുപക്ഷ എ എഫ് ഡി പാർട്ടി 16.5 ശതമാനം വോട്ടുകളോടെ രണ്ടാമത് എത്തി. ചാൻസലർ ഒലാഫ് ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും (എസ്പിഡി) മൂന്നാം സഖ്യകക്ഷിയായ ബിസിനസ്സ് അനുകൂല ഫ്രീഡെമോക്രാറ്റിക് പാർട്ടിയും (എഫ്ഡിപി) യഥാക്രമം 14 ശതമാനവും, 5 ശതമാനവും വോട്ടുനേടി.
ഇറ്റലിയിൽ ജോർജ്ജിയ മെലാനിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി മുന്നിട്ട് നിൽക്കുന്നു. ഓസ്ട്രിയയിൽ തീവ്രവലതുപക്ഷ ഫ്രീഡം പാർട്ടി ഏകദേശം 26 ശതമാനം വോട്ടും ഭരണകക്ഷിയായ കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടി (ഒ ഇ വി പി) 24 ശതമാനവും, സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 23 ശതമാനവും, ഗ്രീൻസ് പാർട്ടിക്ക് 11 ശതമാനവും വോട്ടുകൾ നേടി. യൂറോപ്യൻ പ്യൂപ്പിൾസ് പാർട്ടി (ഇപിപി) 189 ജനപ്രതിനിധികളുമായി ഏറ്റവും വലിയ കക്ഷിയായേക്കും. 35 സീറ്റുകളുമായി സോഷ്യലിസ്റ്റുകളുടേയും ഡെമോക്രാറ്റുകളുടേയും മധ്യ‐ഇടതുപക്ഷപുരോഗമന സംഖ്യമാണ് രണ്ടാമത്തെ കക്ഷി. ബ്രദേഴ്സ് ഓഫ് ഇറ്റലി ഉൾപ്പെടുന്ന യൂറോപ്യൻ കൺസർവേറ്റീവ് ആന്റ് റിഫോമിസ്റ്റ് ഗ്രൂപ്പിന് 72 സീറ്റുകളും, തീവ്രവലതുപക്ഷ ഐഡന്റിറ്റി ആന്റ് ഡെമോക്രസി 58 സീറ്റുകളും നേടി. ജർമ്മനിയിലും ഫ്രാൻസിലും ഗ്രീൻസ് പാർട്ടിക്ക് വോട്ടുവിഹിതം 20ൽ നിന്ന് 12 ശതമാനമായി കുറഞ്ഞു. അതേസമയം സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഇടതുപക്ഷ ഗ്രീൻപാർട്ടികൾ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. സ്വീഡൻ, ഡെൻമാർക്ക്, ഫിൻലാന്റ് എന്നിവിടങ്ങളിലെ തീവ്രവലതുപക്ഷ പോപ്പുലറിസ്റ്റ് പാർട്ടികൾക്ക് വോട്ടുവിഹിതം കുറയുകയും ചെയ്തു.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ നേതൃപദവിക്ക് വലിയവെല്ലുവിളിയാണ് യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് ഉയർത്തിയിരിക്കുന്നത്. വലതുപക്ഷ പാർട്ടികളുടെ വലിയമുന്നേറ്റം ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് അടുത്തവർഷത്തെ പൊതുതിരഞ്ഞെടുപ്പിലും തിരിച്ചടിയായേക്കുമെന്നാണ് സൂചന. സോഷ്യൽ ഡെമോക്രാറ്റിക്ക്, ഗ്രീൻസ്, ഫ്രീ ഡെമോക്രാറ്റിക്ക് പാർട്ടി ഉൾപ്പെടുന്ന ഭരണസഖ്യത്തിന് മൂന്നിലൊന്ന് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് വെറും 13.9 ശതമാനം വോട്ടുമാത്രമാണ് കിട്ടിയത്. ഗ്രീൻസിന്റെ വോട്ടുവിഹിതം 5 വർഷംമുമ്പുള്ള 20.5 ശതമാനത്തിൽ നിന്നും 11.9 ശതമാനത്തിലേക്ക് താഴ്ന്നത് വലിയ നിരാശയാണ് ആ പാർട്ടിയിലുണ്ടാക്കിയിരിക്കുന്നത്.
യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പാർലമെന്റ് പിരിച്ചുവിട്ടതുപോലെ ജർമ്മനിയിലെ ഷോൾസും സമാനമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ പൊതുതിരഞ്ഞെടുപ്പ് നടത്തില്ലെന്നും, 2025 വരെ അധികാരത്തിൽ തുടരുമെന്നുമാണ് സർക്കാർ വക്താവ് അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ ഷോൾസിന് അധികാരത്തുടർച്ചയുണ്ടാകാനുള്ള സാധ്യതയില്ല. റഷ്യ‐ഉക്രൈൻ യുദ്ധംമുതൽ ബജറ്റ് വരെയുള്ള എല്ലാകാര്യങ്ങളിലും സഖ്യത്തിനുള്ളിലെ നിരന്തരമായ വലിയ സംഘർഷങ്ങൾ സർക്കാർ തകരുമെന്ന ഉഹാപോഹങ്ങൾക്ക് ആക്കംകൂട്ടുന്നുണ്ട്. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ മോശം പ്രകടനത്തിനുള്ള ഒരു കാരണം സഖ്യത്തിലെ കിടമത്സരവും പ്രശ്നങ്ങളുമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
2025ലെ ഫെഡറൽ ബജറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ഇതിൽ ഏറ്റവും രൂക്ഷം. സാമൂഹികചെലവുകൾ വെട്ടിക്കുറച്ച് പണം ലാഭിക്കാനാണ് ധനകാര്യമന്ത്രിയും എഫ്.ഡി.പി നേതാവുമായ ക്രിസ്റ്റ്യൻ ലിൻഡനറുടെ പദ്ധതി. സംസ്ഥാനം സമ്പാദിക്കുന്ന അത്രയും പണം മാത്രമേ ചെലവഴിക്കാവൂ എന്ന ഭരണഘടനയിലെ ഡെറ്റ് ബ്രേക്ക് നിയമമനുസരിച്ചുള്ള ബജറ്റിൽ സഖ്യകക്ഷികൾക്ക് എതിർപ്പുണ്ട്. ബജറ്റടക്കം എഫ് ഡി പി രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമായതിനാൽ ബജറ്റിൽ മാറ്റം വരുത്താൻ ലിന്റനൽ തയ്യാറല്ല. സഖ്യം നിലനിർത്തുന്നതിനുവേണ്ടി ഷോൾസും ബജറ്റ് രൂപരേഖയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്.
പാർലമെന്റ് ആയ ബുണ്ടെസ്റ്റാഗ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതും അത്ര എളുപ്പമല്ല. പാർലമെന്റിലെ ഭൂരിപക്ഷം എംപിമാരുടെ പിന്തുണ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ ബുണ്ടെസ്റ്റാഗ് പിരിച്ചുവിടാൻ ചാൻസലർക്ക് ഫെഡറൽ പ്രസിഡന്റിന് അപേക്ഷ നൽകാനാകൂ. മാത്രവുമല്ല, സഖ്യകക്ഷികളായ ഗ്രീൻസ്, എഫ് ഡി പി എന്നിവർക്ക് സർക്കാർ പിരിച്ചുവിടാനും താൽപര്യമില്ല. ചാൻസലർ സ്ഥാനവും അധികാരവും നഷ്ടപ്പെടുന്നതിന് പുറമെ തെരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്ന ആശങ്കയും നിലവിലെ ഭരണകക്ഷി എം പി മാരിലുണ്ട്.
യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പുകൾ മുൻകാലങ്ങളിൽ അംഗരാജ്യങ്ങളിൽ വലിയ രാഷ്ട്രീയമാറ്റങ്ങളുണ്ടാക്കാൻ സാഹചര്യമുണ്ടാക്കിയിട്ടില്ല. എന്നാൽ ഇപ്പോൾ നടന്ന യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പു ഫലങ്ങൾ അംഗരാഷ്ട്രങ്ങളുടെ രാഷ്ട്രീയ രംഗത്ത് വലിയമാറ്റങ്ങൾ സൃഷ്ടിക്കുന്ന ചിത്രമാണ് ഫ്രാൻസിൽ നിന്നും ജർമ്മനിയിൽ നിന്നുമെല്ലാം പുറത്തുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ മറ്റ് ചില അംഗരാഷ്ട്രങ്ങളിലും ഉണ്ടാകാനുളള സാധ്യതയും ചില രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്.
വലിയ വാശിയോടും രാഷ്ട്രീയ ദൃഢതയോടും കൂടിയാണ് യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തിരിക്കുന്നതെന്നും ഇതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ ഫ്രാൻസും ജർമ്മനിയും അഭിമുഖീകരിക്കുന്നതെന്നും വ്യക്തമായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഫ്രാൻസിൽ തീവ്രവലതുപക്ഷത്തിനാണ് വിജയമുണ്ടായതെങ്കിൽ, ജർമ്മനിയിൽ മധ്യവലതുപക്ഷമാണ് മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ വലതുപക്ഷത്തിന്റേയും തീവ്രവലതുപക്ഷത്തിന്റേയും മുന്നേറ്റം തന്നെയാണ് ഈ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്. ഈ രാജ്യങ്ങളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ശക്തിസമാഹരിച്ച് മുന്നേറാൻ കഴിഞ്ഞില്ലെങ്കിൽ യൂറോപ്യൻ മേഖലയാകെ വലതുപക്ഷത്തിന്റെ കൈകളിൽ അമരുമെന്നുള്ള കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ യൂറോപ്യൻയൂണിയൻ തിരഞ്ഞെടുപ്പ് യൂറോപ്പിലെ വിവിധരാജ്യങ്ങളിലെ ഇടതുപക്ഷ ‐ പുരോഗമന‐ജനാധിപത്യപ്രസ്ഥാനങ്ങൾക്ക് വിലപ്പെട്ട പാഠമാണ് നൽകുന്നതും. ♦