Sunday, September 8, 2024

ad

Homeലേഖനങ്ങൾനവലിബറൽ ആശയങ്ങളുടെ അപകടം

നവലിബറൽ ആശയങ്ങളുടെ അപകടം

കെ എ വേണുഗോപാലൻ

മ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മധ്യവർഗത്തെക്കുറിച്ച് മാർക്സും എംഗത്സും പ്രതിപാദിക്കുന്നുണ്ട്’’. “മധ്യവർഗ്ഗത്തിന്റെ വിഭാഗങ്ങൾ എന്ന നിലയ്‌ക്കുള്ള തങ്ങളുടെ നിലനിൽപ്പിനെ നാശത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഇടത്തരക്കാർ, ചെറുകിട വ്യവസായികൾ, ചെറുകിട കച്ചവടക്കാർ, കൈവേലക്കാർ,കൃഷിക്കാർ തുടങ്ങിയവരെല്ലാം തന്നെ ബൂർഷാസിക്കതിരായി പോരാടുന്നു. അതുകൊണ്ട് അവർ വിപ്ലവകാരികളല്ല യാഥാസ്ഥിതികരാണ്, പോരാ പിന്തിരിപ്പന്മാരാണ്. കാരണം അവർ ചരിത്രത്തിന്റെ ചക്രം പിറകോട്ട് തിരിക്കാനാണ് ശ്രമിക്കുന്നത്. ഇനി സംഗതിവശാൽ അവർ വിപ്ലവകാരികളായി തീരുകയാണെങ്കിൽ അതിനുള്ള കാരണം അവർ താമസിയാതെ തൊഴിലാളി വർഗ്ഗത്തിലേക്ക് മാറുമെന്ന വസ്തുത മാത്രമാണ്. അപ്പോൾ തങ്ങളുടെ ഭാവി താൽപര്യങ്ങളെയാണ്, ഇന്നത്തെ താത്പര്യങ്ങളെയല്ല അവർ സംരക്ഷിക്കുന്നത്. തൊഴിലാളിവർഗത്തിന്റെ നിലപാടിൽ സ്വയം പ്രതിഷ്ഠിക്കുവാൻ വേണ്ടി അവർ അവരുടെ നിലപാട് ഉപേക്ഷിക്കുന്നു’’. ഇങ്ങനെ ചാഞ്ചാടുന്ന നിലപാടുള്ള ഒരു വിഭാഗമായാണ് മധ്യവർഗത്തിനെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിക്കുന്നത്.

സിപിഐ എം 1964ൽ അംഗീകരിച്ച പാർട്ടി പരിപാടിയിൽ ഇന്ത്യയിലെ ഇടത്തരക്കാരുടെ അന്നത്തെ സ്ഥിതി വിശദീകരിച്ചിട്ടുണ്ട്. ‘‘നഗരത്തിലെ ഇടത്തരക്കാരുടെ ജീവിതം ഇതിനേക്കാൾ ഒട്ടും മെച്ചമല്ല. ഉയർന്ന ജീവിത ചെലവ്, താഴ്ന്ന ശമ്പളം, മോശമായിക്കൊണ്ടിരിക്കുന്ന ജീവിത നിലവാരം – ഇതാണവരുടെ സ്ഥിതി. ഈ അടുത്തകാലത്ത് മധ്യവർഗക്കാരുടെ തൊഴിലില്ലായ്മ രൂക്ഷമായി വർദ്ധിച്ചിട്ടുണ്ട്. തൊഴിലാളി വർഗ്ഗത്തെ നേരിടുന്ന അതേ ജീവിതപ്രശ്നങ്ങൾ തന്നെയാണ് ഗവൺമെന്റ്‌ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും ബാങ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും പള്ളിക്കൂടങ്ങളിലും കലാശാലകളിലും അതുപോലുള്ള മറ്റ് സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന മധ്യവർഗക്കാരായ ശമ്പളക്കാരെയും നേരിടുന്നത്. കല, സാഹിത്യ, ശാസ്ത്രീയ, സാംസ്കാരിക രംഗങ്ങളിൽ നമ്മുടെ മധ്യവർഗക്കാർ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നുണ്ട്.

1964ൽ പാർട്ടി പരിപാടി തയ്യാറാക്കുമ്പോൾ ഇതായിരുന്നു ഇന്ത്യയിലെ മധ്യവർഗക്കാരുടെ സ്ഥിതിയെങ്കിൽ 2000ൽ പാർട്ടി പരിപാടി കാലോചിതമാക്കിയപ്പോൾ സ്ഥിതിഗതികളിൽ ചില മാറ്റങ്ങൾ വന്നിരുന്നു. അപ്പോഴേക്കും നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചിട്ട് ഒരു ദശകത്തോളമായിരുന്നു. അതുകൊണ്ടുതന്നെ ഇടത്തരക്കാരിൽ വന്ന ചില മാറ്റങ്ങൾ കാലോചിതമാക്കിയ പരിപാടിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ‘‘മുതലാളിത്തം കൂടുതൽ വികസിക്കുകയും ഉദാരവൽക്കരണ നയങ്ങൾ കൂടുതൽ വിപുലമാവുകയും ചെയ്തതോടെ, മധ്യവർഗക്കാർക്കിടയിൽ തന്നെയുള്ള വേർതിരിവ് കൂടുതൽ അഗാധമായിട്ടുണ്ട്. മധ്യവർഗക്കാരിൽ മുകൾ തട്ടിലുള്ള ഒരു വിഭാഗം നേട്ടമുണ്ടാക്കിയിട്ടുണ്ട്. മധ്യവർഗത്തിലെ മറ്റുള്ളവരുടെ കാഴ്ചപ്പാടിനോട് അവർ യോജിക്കുന്നില്ല’’ എന്ന് കലോചിതമാക്കിയ പരിപാടി വ്യക്തമാക്കി. ഈ മുകൾത്തട്ടുകാരായ മധ്യവർഗം നവലിബറൽ നയങ്ങളുടെ അനുകൂലികളും വക്താക്കളുമാണ്.

മധ്യവർഗക്കാരിലെ ഈ മേൽത്തട്ട് വിഭാഗത്തിന്റെ സവിശേഷതകൾ എന്തെല്ലാം എന്നറിയണമെങ്കിൽ മധ്യവർഗം തന്നെ രൂപപ്പെട്ടത് എങ്ങനെ എന്ന് പഠിക്കേണ്ടതുണ്ട്. മുതലാളിത്തത്തിന്റെ ഒരു ഉൽപ്പന്നമാണ് മധ്യവർഗം. സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയിൽ മധ്യവർഗം രൂപപ്പെട്ടത് കാർഷികേതര മേൽജാതി വിഭാഗങ്ങളിൽ നിന്നായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കാർഷിക പരിഷ്കരണങ്ങളുടെ ഭാഗമായി ആ നിയമങ്ങളുടെ ഗുണഭോക്താക്കളായ കാർഷികവർഗ്ഗങ്ങളിൽ നിന്ന് കൂടുതൽ കൂടുതൽ ആളുകൾ മധ്യവർഗത്തിന്റെ ഭാഗമായി മാറി. എൺപതുകളിൽ പിന്നാക്ക ജാതികളിൽ നിന്നും ദളിത് ജനവിഭാഗത്തിൽ നിന്നുപോലും (സംവരണ നയങ്ങളുടെ ഭാഗമായി) മധ്യവർഗക്കാർ ഉയർന്നു വരികയും മധ്യവർഗം വിപുലീകരിക്കപ്പെടുകയും ചെയ്തു. തൊണ്ണൂറുകളിൽ നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതോടെ സേവനമേഖല വൻതോതിൽ വിപുലീകൃത മാവുകയും പുതിയ മധ്യവർഗ വിഭാഗങ്ങൾ വളർന്നു വരികയും ചെയ്തു.

പൊതുവിൽ മധ്യവർഗം എന്നാണറിയപ്പെടുന്നതെങ്കിലും അത് ഏകതാന സ്വഭാവമുള്ള ഒന്നല്ല. അതിന് നിരവധി അടരുകൾ ഉണ്ട്. അതിൽ സേവനമേഖലയിൽ ജോലി ചെയ്യുന്നവരും മറ്റുള്ളവരുടെ അധ്വാനശക്തി വിലയ്ക്കു വാങ്ങുന്ന ചെറുകിട സംരംഭകരും പെറ്റി ബൂർഷ്വാസികളുമൊക്കെയുണ്ട്. ഗ്രാമീണ മധ്യവർഗ്ഗവും നാഗരിക മധ്യവർഗ്ഗവും തമ്മിലും വ്യത്യാസങ്ങളുണ്ട്. അതിൽ തന്നെ നാഗരികമധ്യവർഗത്തിനിടയിൽ വ്യത്യസ്തങ്ങളായ നിരവധി അടരുകളുണ്ട്. സാമ്പത്തിക രംഗത്ത് അവർ വഹിക്കുന്ന പങ്കിനനുസരിച്ച് സ്ഥലപരവും സാമൂഹ്യവുമായ വ്യത്യസ്തതകളുമുണ്ട്. തൊഴിൽ, വരുമാനം, മൂലധനത്തിന്റെയും സ്വത്തിന്റെയും ഉടമസ്ഥത ഇതൊക്കെയാണ് വ്യത്യസ്തതകൾക്ക് ആധാരമായിരിക്കുന്നത്.

മധ്യവർഗത്തിനകത്തുണ്ടായ മാറ്റങ്ങൾ
നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്ത്യയിലെ ഇന്നത്തെ മധ്യവർഗ്ഗത്തിനകത്ത് രണ്ടു വിഭാഗങ്ങളുണ്ട്. അതിലൊന്ന് പരമ്പരാഗത മധ്യവർഗ്ഗമാണ്. മറ്റേത് നവലിബറൽ നയങ്ങളുടെ ഭാഗമായി രൂപപ്പെട്ട നവമധ്യവർഗമാണ്. ഇതിൽ പരമ്പരാഗത മധ്യവർഗ്ഗം എന്നു പറയുന്നത് കേന്ദ്ര-‐സംസ്ഥാന ജീവനക്കാർ, അധ്യാപകർ, ഇൻഷ്വറൻസ്‐-ബാങ്ക് ജീവനക്കാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ മറ്റു ബുദ്ധിജീവി വിഭാഗങ്ങൾ എന്നിവരൊക്കെ ഉൾക്കൊള്ളുന്നതാണ് പരമ്പരാഗത മധ്യവർഗം. ഇവരിൽ നല്ലൊരു പങ്കും അവരുടെ ഒഴിവു സമയം രാഷ്ട്രീയപ്രവർത്തനത്തിനും യൂണിയൻ പ്രവർത്തനത്തിനും സാമൂഹ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി നീക്കിവെച്ചിരുന്നവരാണ്. എന്നാൽ നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതോടെ പ്രൊഫഷനലുകളിൽ നല്ലൊരുപങ്കും അവരുടെ ഒഴിവുസമയം തങ്ങളുടെ തൊഴിലുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്കും ബിസിനസുകളിലേക്കുമായി മാറി. രക്ഷിതാക്കൾ എന്ന നിലയിൽ അവരിൽ പലരും തങ്ങളുടെ മക്കൾക്ക് ജോലി കിട്ടുന്നതിനും അതിനാവശ്യമായ വിദ്യാഭ്യാസം നൽകുന്നതിനു മുൻഗണന കൊടുക്കുകയും ചെയ്‌തു. അതിലേക്ക് മാത്രമായി ഒതുങ്ങാനുള്ള പ്രവണത പ്രകടിപ്പിക്കുകയും ചെയ്‌തു. അവരുടെ ഭാവി തലമുറയും വിദ്യാഭ്യാസം, തൊഴിൽ എന്നീ ലക്ഷ്യങ്ങളിലേക്ക് മാത്രമായി ചുരുങ്ങി.
പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ പലരും ഉയർന്ന വരുമാനം ലഭിക്കുന്നവരും അതുകൊണ്ടുതന്നെ തങ്ങളെ തൊഴിലാളിയായി കാണാതെ മധ്യവർഗമായി കാണുന്നവരുമാണ്. അവരിൽ നല്ലൊരു വിഭാഗം തൊഴിലാളി വർഗ പ്രസ്ഥാനങ്ങളിൽ നിന്ന് വിട്ടുപോകുകയും നവലിബറൽ നയങ്ങളെ പിന്തുണയ്‌ക്കുന്നവരുമായി മാറി. അവർ മറ്റു തൊഴിലാളികൾക്കിടയിൽ നവലിബറൽ നയങ്ങളെക്കുറിച്ച് മിഥ്യാധാരണകൾ പ്രചരിപ്പിക്കുന്നതിന് മുൻകൈയെടുത്തു. കുലീനതൊഴിലാളി വിഭാഗത്തിൽ പെട്ടവരായി അവർ മാറി.

ബുദ്ധിജീവികൾ
ഇക്കാലയളവിൽ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന് മധ്യവർഗ ബുദ്ധിജീവികളിൽ ഉണ്ടായിരുന്ന സ്വാധീനത്തിൽ വൻതോതിൽ കുറവ് സംഭവിച്ചു. കേരളത്തിലടക്കം പലരും സ്വത്വ രാഷ്ട്രീയത്തിന്റെ വാക്താക്കളായി മാറി. ഉത്തരാധുനിക ചിന്താഗതിയുടെ വിള നിലങ്ങളായി ഗവേഷണ കേന്ദ്രങ്ങൾക്കും മാറ്റം സംഭവിച്ചു. സർവ്വകലാശാലകളിലും മറ്റുന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഒക്കെ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് കുറഞ്ഞു. ബിസിനസ് സ്കൂളുകളും മാനേജ്മെന്റ് വിദ്യാഭ്യാസകേന്ദ്രങ്ങളുമൊക്കെ നവലിബറൽ ചിന്താഗതിയുടെ പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റി. സാമൂഹിക സങ്കല്പനങ്ങളെ രൂപപ്പെടുത്തുന്നതിൽ വിപണി മൂല്യങ്ങൾ വൻതോതിൽ സ്വാധീനം ചെലുത്താൻ തുടങ്ങി.

നവമധ്യവർഗം
ഈ വിഭാഗം പ്രാഥമികമായി സേവന മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും ആഗോളവൽക്കരണത്തിന്റെ ഭാഗമായി ശാക്തീകരിക്കപ്പെട്ടവരുമാണ്. ഈ ജനവിഭാഗത്തിന്റെ മൂല്യങ്ങളും ജീവിതാഭിലാഷങ്ങളും ഒക്കെ സമൂഹത്തിൽ വൻതോതിൽ വ്യാപിച്ചിട്ടുണ്ട്. ഇത് പ്രാധ്യാന്യമർഹിക്കുന്ന പുതിയ ഒരു പ്രവണതയാണ്. ഐ ടി, ബിപി ഒ (പുറംപണി കൊടുക്കലുമായി ബന്ധപ്പെട്ട ബിസിനസ്), ഫാർമസ്യൂട്ടിക്കൽ, പാശ്ചാത്തലവികസനം, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ‐- ആരോഗ്യ മേഖലകൾ, മാധ്യമം, വിനോദ സഞ്ചാരം, വാർത്താവിനിമയം, യാത്ര, ഇവന്റ് മാനേജ്മെന്റ് മാളുകൾ നഴ്സിംഗ്, റിയൽ എസ്റ്റേറ്റ്, കോർപ്പറേറ്റ് ഓഫീസുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ വിഭാഗത്തിലെ ഭൂരിപക്ഷം പേരും പ്രവർത്തിക്കുന്നത്. ഇവരെ തന്നെ വീണ്ടും മൂന്നായി തരം തിരിക്കാം.

ഇതിൽ ആദ്യത്തെ വിഭാഗം ഉയർന്ന ശമ്പളം പറ്റുന്നവരും അതുകൊണ്ടുതന്നെ ആധുനിക ജീവിതശൈലി സ്വീകരിച്ചിട്ടുള്ളവരുമാണ്. ഐടി രംഗത്തും ധനരംഗത്തും പ്രവർത്തിക്കുന്നവരാണ് ഇവരിൽ ഏറിയപങ്കും. ഇതിൽ നാം മനസ്സിലാക്കി വെക്കേണ്ട ഒരു കാര്യം ഈ രംഗത്ത് പ്രവർത്തിക്കുന്നവരിൽ തന്നെ മിച്ചമൂല്യം ഉൽപാദിപ്പിക്കുന്നവർ താഴെത്തട്ടിലുള്ള തൊഴിലാളികളാണ് എന്നതാണ്‌. എന്നാൽ അവർ നോളജ് പ്രൊഫഷണൽസ്‌ ആയാണ് അറിയപ്പെടുന്നത്. മാത്രമല്ല നാം ഓർമിച്ചിരിക്കേണ്ട മറ്റൊരു കാര്യം ഐടി രംഗത്ത് പ്രവർത്തിക്കുന്നവരിൽ 20‐-25 ശതമാനം പേർ ഡ്രൈവർമാർ,തോട്ടം പരിപാലിക്കുന്നവർ, ക്ലീനർമാർ, ഹൗസ് കീപ്പിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ ഒക്കെ ഉൾപ്പെടുന്ന സാധാരണ തൊഴിലാളികളാണ് എന്നതാണ്‌. ഇവർ തൊഴിലാളിവർഗത്തിന്റെ പരിധിയിൽ വരുന്നവരാണ്.

രണ്ടാമത്തെ വിഭാഗം മെച്ചപ്പെട്ട വേതനം കിട്ടുന്നവരെങ്കിലും ആധുനിക ജീവിതം നയിക്കാനുള്ള വേതനം ലഭിക്കാത്തവരാണ്. മാധ്യമങ്ങൾ, പാശ്ചാത്തല വികസനം, കോർപ്പറേറ്റ് ഓഫീസുകൾ എന്നിവയിലെ ജീവനക്കാർ ഈ വിഭാഗത്തിൽപെടുന്നു.

മൂന്നാമത്തെ കൂട്ടർ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ചിട്ടി ഫണ്ടുകളിലും മറ്റും മേലധികാരികളായി പ്രവർത്തിക്കുന്നവരാണ്. അവരിൽ ചിലർക്ക് ശമ്പളത്തിനു പുറമെ കിമ്പളത്തിനും സാധ്യതയുണ്ട്. ഇത്തിൾക്കണ്ണി സ്വഭാവത്തിലുള്ളതാണ് ഇവരുടെ തൊഴിൽ മേഖല.

തൊഴിൽ മേഖലയിലെ സ്ഥിതിഗതികൾ
ചൂഷണം ശക്തിപ്പെടുത്തുന്നതിന് ഭരണവർഗ്ഗം പുതിയ രീതികൾ അവലംബിച്ചിട്ടുണ്ട്. താരതമ്യേനെ ഉയർന്ന ശമ്പളം എന്നതിനർത്ഥം ഉയർന്ന നിരക്കിലുള്ള ചൂഷണം എന്നു കൂടിയാണ്.

ഈ രംഗത്ത് തൊഴിലെടുക്കുന്ന മിക്കവാറും എല്ലാ വ്യക്തികളുടെയും പ്രകടനം സമയാധിഷ്ഠിതമായി രേഖപ്പെടുത്തപ്പെടുന്നു. അവസാനത്തെ വിശദാംശങ്ങൾ വരെ കണക്കാക്കുകയും സമയാധിഷ്ഠിതമായി നൽകുന്ന അന്ത്യശാസനങ്ങൾ യാന്ത്രികമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ശമ്പളം നൽകുന്നത് രണ്ട് ഭാഗങ്ങളായിട്ടാണ്. അതിൽ ഒരു ഭാഗം ഏകീകരിക്കപ്പെട്ട രീതിയിലാണെങ്കിൽ മറ്റേഭാഗം നൽകുന്നത് വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. സാധാരണ അമ്പത് ശതമാനം മാത്രമാണ് ഏകീകൃത രീതിയിൽ നൽകുന്നത്. ബാക്കി കണക്കാക്കുന്നത് ഒരു ടീമിന്റെ പ്രകടനപരമായ സൂചികയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ കൂടുതൽ പണിയെടുക്കുന്ന വ്യക്തിക്ക് കൂടുതൽ ശംബളം കിട്ടിക്കൊള്ളണമെന്നില്ല. ഹെൽത്ത് ഇൻഷുറൻസ്, പ്രൊവിഡന്റ്‌ ഫണ്ട് എന്നിവയൊക്കെ നൽകുന്നത് ആദ്യ പകുതിയുടെ അടിസ്ഥാനത്തിലാണ്. 8 മണിക്കൂർ തൊഴിൽ സമയം ഇവർക്ക് ബാധകമല്ല. 11-‐12 മണിക്കൂർ വരെ തൊഴിലെടുക്കേണ്ടതായിവരുന്നു. അങ്ങനെ മുതലാളിത്ത ചൂഷണം അതിന്റെ പാരമ്യത്തിലാണ് ഇന്ന്‌ മേഖലയിൽ നടക്കുന്നതെങ്കിലും ഇവരെ സംഘടിപ്പിക്കുക എളുപ്പമല്ല.

സംഘാടനം
സേവനമേഖലയിലെ ജോലിയുടെ പാരമ്പര്യേതര സ്വഭാവം, തൊഴിലിന്റെയും തൊഴിൽ ക്ഷമതയുടെയും വൈവിധ്യം, മുതലായവയൊക്കെ വലിയതോതിലാണ് എന്നതിനാൽ വേതനവർധനവിനും ഉയർന്ന ജോലിക്കും തൊഴിലുടമസ്ഥനെ മാറ്റിപ്പിടിക്കുകയോ തൊഴിൽ തന്നെ നിരന്തരം മാറിക്കൊണ്ടിരിക്കുകയോ ചെയ്യുക എന്നത് ഈ മേഖലയിൽ പതിവായിരിക്കുന്നു. തൊഴിൽ സ്ഥിരത എന്നത് മാറുകയും തൊഴിൽ അസ്ഥിരത എന്നത് ഈ രംഗത്ത് സ്വാഭാവിക പ്രക്രിയയായി മാറുകയും ചെയ്തിരിക്കുന്നു. കൂലി കൂടുതലിന് സമരമല്ല തൊഴിൽ മാറലാണ് അഭികാമ്യം എന്നത് ഈ രംഗത്തെ പൊതു സ്ഥിതിയായി മാറിയിരിക്കുന്നു. “സംഘടിത രാവുക’ എന്നത് ഈ രംഗത്ത് കാലഹരണപ്പെട്ട ഒരു സങ്കല്പനമായി മാറിയിട്ടുണ്ട്. കൂട്ടായ വിലപേശൽ, യൂണിയൻവത്കരണം എന്നീ സങ്കല്പനങ്ങളും അപ്രസക്തമായി.

സാംസ്കാരിക രംഗം
നവലിബറൽ നയങ്ങളുടെ നടത്തിപ്പുകാർ അവകാശപ്പെട്ടത്, സാമ്പത്തിക രംഗത്ത് കിനിഞ്ഞിറങ്ങൽ നടക്കുമെന്നും അതിന്റെ ഭാഗമായി സാമ്പത്തിക അസമത്വം കുറയുമെന്നുമായിരുന്നു. എന്നാൽ അസമത്വം വർധിക്കുകയാണുണ്ടായത്. എന്നാൽ വായ്പകൾ, ഊഹക്കച്ചവടം, ശമ്പള വർധനവ് എന്നിവ മൂലം പണത്തിന്റെ വിനിമയം വർദ്ധിച്ചിട്ടുണ്ട്. ഇത് പൊതുവിൽ മധ്യവർഗത്തിന്റെ ജീവിതശൈലിയെ വൻതോതിൽ ബാധിച്ചിട്ടുണ്ട്. മധ്യവർഗത്തിന്റെ സാമൂഹിക അവബോധത്തെ സ്വാധീനിക്കുന്ന ഒരു പുതിയ സംസ്കാരത്തെ രൂപപ്പെടുത്തിയെടുക്കുന്നതിന് നവലിബറലിസത്തിന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യർ തമ്മിൽ തമ്മിലുള്ള ബന്ധങ്ങൾ കുറഞ്ഞുവരികയും മനുഷ്യ ജീവിതത്തിൽ പണത്തിനുള്ള സ്വാധീനം വർധിച്ചു വരികയുമാണ്. വസ്ത്രധാരണം, സംസാര രീതി, ശരീരഭാഷ, ഭക്ഷണ രീതി എന്നിവയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. യുവതലമുറയിൽ ഉപഭോഗത്വര വൻതോതിൽ വർധിച്ചിട്ടുണ്ട്. പൊതുജീവിതം പതുക്കെയാണെങ്കിലും ഇല്ലാതായി വരികയാണ്. ഇതൊക്കെയുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിന് സ്വാമിമാരെയും ബാബമാരെയും തീർത്ഥയാത്രകളെയും ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. ഇതിനെയൊക്കെ വർഗീയവാദികൾ നന്നായി മുതലെടുക്കുന്നുമുണ്ട്.

പ്രത്യയശാസ്ത്ര രംഗം
സാർവദേശീയമായിത്തന്നെ ബൗദ്ധിക രംഗത്ത് മാർക്സിസ്റ്റ് വിരുദ്ധ-‐ഇടതുവിരുദ്ധ ആശയങ്ങൾ ഇന്ന് മേൽക്കൈ നേടിയിരിക്കുന്നു. നമ്മുടെ രാജ്യത്തും പിന്തിരിപ്പൻ ആശയങ്ങൾ വൻതോതിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ടായ തിരിച്ചടി നിമിത്തം പുരോഗമന ആശയങ്ങളുടെ വ്യാപനവും തൃപ്തികരമായി നടക്കുന്നില്ല. യുവജനങ്ങൾക്കിടയിൽ ആദ്യം കടന്നുകയറുന്നത് നവലിബറൽ ആശയങ്ങളാണ്. അവരിൽ മേൽത്തട്ടുകാർ അതിവേഗം ഇടതു വിരുദ്ധരായി മാറുന്നു. എന്തു ചെയ്തും പണമുണ്ടാക്കുക എന്നത് അവരുടെ മുഖ്യ ലക്ഷ്യമായി മാറുന്നു. മാധ്യമങ്ങൾക്കും സ്വത്വരാഷ്ട്രീയത്തിനും അവർ എളുപ്പത്തിൽ വിധേയരായിത്തീരുന്നു. പുതിയതായി തൊഴിലാളികളായിത്തീരുന്ന യുവജനങ്ങൾ പലരും കരാർ തൊഴിലാളികളോ താത്കാലിക തൊഴിലാളികളോ ആണ്. അവർ ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെടാൻ തയ്യാറാവുന്നില്ല. പുതിയ വിഭാഗം തൊഴിലാളികളുമായി ബന്ധപ്പെടാൻ ട്രേഡ് യൂണിയൻ നേതൃത്വവും വേണ്ടത്ര ശ്രമിക്കുന്നില്ല. അരാഷ്ട്രീയത ഈ രംഗത്ത് പിടിമുറുക്കുകയാണ്.

ഈ കാര്യങ്ങളൊക്കെ ഏകദേശം ഒരു ദശകം മുമ്പ് സി പി ഐ എം കേന്ദ്ര കമ്മിറ്റി നിയോഗിച്ച കമ്മീഷനുകൾ എത്തിച്ചേർന്ന നിഗമനങ്ങളുടെ ആകെത്തുകയാണ്. ഇതൊക്കെ കണക്കിലെടുത്താണ് സിപിഐ എമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനം കേരളം വലതുപക്ഷവത്കരിക്കപ്പെടുന്നു എന്ന പ്രമേയം അംഗീകരിച്ചത്. മധ്യവർഗവത്കരണവും തൊഴിലാളിവർഗത്തിന്റെ അസംഘടിതത്വവും കേരളത്തിൽ വൻതോതിൽ വർധിച്ചിട്ടുണ്ട്. കായികാധ്വാനം ചെയ്യുന്നവരിൽ ഏറിയകൂറും അതിഥി തൊഴിലാളികളാണ്. അവരെ സംഘടിതരാക്കുന്നതിന് നമുക്ക് വേണ്ടത്ര കഴിഞ്ഞിട്ടില്ല. സംഘടനവത്കരിക്കപ്പെടുന്നവർ തന്നെ വേണ്ടത്ര രാഷ്ട്രീയവത്കരിക്കപ്പെടുന്നില്ല. ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കുന്നത് കുറയുകയും വാട്സാപ്പ് ബന്ധങ്ങൾ വർധിക്കുകയും ചെയ്തിരിക്കുന്നു. അയൽപക്കക്കാർ മാറി ചിന്തിക്കുന്നതുപോലും നമുക്ക് മനസ്സിലാക്കാനാവുന്നില്ല. നവലിബറൽ ആശയങ്ങൾ നമ്മളെയും സ്വാധീനിക്കുകയും പലപ്പോഴും അരാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്നു. ഇതിനെ മറി കടക്കാനായില്ലെങ്കിൽ വലതുപക്ഷവത്കരണം നമ്മെ വിഴുങ്ങും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − one =

Most Popular