Sunday, July 14, 2024

ad

Homeചിത്രകലഭാരതീയ ചിത്രകലയുടെ കാൽവെയ്‌പ്പുകൾ

ഭാരതീയ ചിത്രകലയുടെ കാൽവെയ്‌പ്പുകൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

രിത്രാതീത കല എന്നാൽ മനുഷ്യന്റെ ഉൽപത്തിമുതലുള്ള അവർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ/പ്രവൃത്തിയുടെ ചരിത്രം കൂടിയാണെന്ന്‌ ചരിത്ര ഗവേഷകരുടെ അഭിപ്രായങ്ങളിൽനിന്ന്‌ മനസ്സിലാക്കാം. ഓരോ രാജ്യത്തിന്റെയും സംസ്‌കാരവും മനുഷ്യജീവിതവും പരുവപ്പെടുന്നത്‌ അവിടെ വികാസം പ്രാപിക്കുന്ന കലകളുടെയും പരിണാമചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളിലൂടെയാണ്‌. സിന്ധു നദീതട സംസ്‌കാരം, ഈജിപ്‌ഷ്യൻ കല, മെസൊപ്പൊട്ടേമിയൻ കല ഇവയിലൂടെ‐ വൈവിധ്യമാർന്ന സംസ്‌കാരത്തിലൂടെ കടന്നുവന്ന ബൃഹത്തായ ചരിത്രമാണ്‌ നമുക്കുള്ളത്‌. ഗുഹകൾ വാസ്‌തുകലയുടെ പ്രാകൃതരൂപമെന്നപോലെ, ആദിമമനുഷ്യൻ മൃഗങ്ങളെ കീഴ്‌പ്പെടുത്താനും കായ്‌കനികൾ പറിക്കാനുമൊക്കെ രൂപപ്പെടുത്തിയ വസ്‌തുക്കൾ ഒരർഥത്തിൽ ശിൽപകലയുടെ തുടക്കവുമാകുന്നു. അക്കാല ജീവിതരീതികളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട്‌ പ്രകൃതിയും ജീവജാലങ്ങളുമൊക്കെയുള്ള വിശാലമായ ലോകത്തുനിന്ന്‌ ചില രൂപങ്ങൾ ഗുഹാഭിത്തികളിൽ കോറിയിടുക (വരച്ചിടുക)യുണ്ടായി. തങ്ങളുടെ മുന്നിൽ കാണുന്ന മൃഗരൂപങ്ങളാണ്‌ അവർ അധികവും വരച്ചത്‌. ഭാരതത്തിലെ ചരിത്രാതീതകലയ്‌ക്ക്‌ ഒരുലക്ഷം വർഷത്തിെന്റെ പഴക്കമാണ്‌ പറയാനുള്ളത്‌. നിത്യജീവിതവുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കുന്ന രൂപങ്ങളെ പുതിയ ആകൃതിയിൽ ഉപയോഗിച്ചുകൊണ്ട്‌ ആയുധങ്ങളും മറ്റാവശ്യങ്ങൾക്കായുള്ള ഉപകരണങ്ങളും നിർമിക്കാനായി. ഇവയ്‌ക്കും 30000 വർഷങ്ങളുടെ പഴക്കം രേഖപ്പെടുത്തുന്നുണ്ട്‌. മൃഗരൂപങ്ങൾ, വൃക്ഷലതാദികൾ, ജ്യാമിതീയ രൂപങ്ങളിലൂടെയുള്ള മനുഷ്യരൂപങ്ങൾ ഇവയൊക്കെ റിലീഫ്‌ ശിൽപങ്ങളായും ചിത്രരൂപങ്ങളായും ഗുഹാഭിത്തികളെ അലങ്കരിച്ചിരുന്നു. വീടുകൾ എന്ന സങ്കൽപത്തിലേക്ക്‌ മനുഷ്യൻ ചിന്തിച്ചു തുടങ്ങിയതിനുശേഷമാണ്‌ വീടുകളുടെ അലങ്കാരത്തിന്റെ ഭാഗമായിട്ടും ആരാധനയുടെ ഭാഗമായും (ചുവർചിത്രങ്ങൾ) ചുവരിൽ ചിത്രങ്ങൾ വരയ്‌ക്കാൻ തുടങ്ങുന്നത്‌. കേരളത്തിലും ഇതിന്റെ ഭാഗമായുള്ള ശിലാശിൽപങ്ങളും ചുവർചിത്രങ്ങളും ഉണ്ടായിട്ടുണ്ട്‌. പാലക്കാട്‌, ഇടുക്കി, മലപ്പുറം, വയനാട്‌ ജില്ലകളിലെ പല ഭാഗങ്ങളിൽനിന്നും ഇത്തരം ചിത്ര/ശിൽപരൂപങ്ങൾ കണ്ടെത്തിയിട്ടുള്ളതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

മനുഷ്യസംസ്‌കാര ചരിത്രത്തോളംതന്നെ പുരാതനത്വം കൽപിക്കാവുന്ന ഭാരതീയ ചിത്ര‐ശിൽപകല ആർഷസംസ്‌കാര പാരമ്പര്യത്തിന്റെ പിൻബലവും പ്രകടമാക്കുന്നു. പുരാണേതിഹാസങ്ങൾ, ശുക്രനീതിസാരം, വിഷ്‌ണുധർമോത്തരം, പ്രതിമാലക്ഷണം, കാമശാസ്‌ത്രം തുടങ്ങിയ സംസ്‌കൃതഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന വസ്‌തുതകളിലവ വ്യക്തമാക്കുന്നു. ക്രിസ്‌തുവിനും ബുദ്ധനും മുമ്പുള്ള കാലത്തിവിടെ ചിത്ര‐ശിൽപകല വികാസം പ്രാപിച്ചതിനുള്ള തെളിവുകളുമുണ്ട്‌‐ അസംഖ്യം ഗുഹാചിത്രങ്ങളിൽനിന്ന്‌. രാജഘട്ട്‌ പ്രദേശത്തെ സിംഹൻപൂർ, മിർസാപൂർ എന്നീ സ്ഥലങ്ങളിൽ ചിത്രീകരിച്ചിട്ടുള്ള മൃഗങ്ങളുടെയും യുദ്ധരംഗങ്ങളുടെയും ചിത്രീകരണം ചരിത്രാതീതകാലത്തെ ചിത്രകല പ്രചരിച്ചിരുന്നതിന്റെ അടയാളപ്പെടുത്തലാണ്‌. മധ്യപ്രദേശിലെ ‘സിർഗുയ’ ഗുഹാഭിത്തികളിൽ ക്രിസ്‌തുവിന്‌ ഒരു ശതാബ്ദത്തിനു മുമ്പുള്ള ബുദ്ധചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌.

ബിസി 2500ഓളം പഴക്കമുള്ള സിന്ധു നദീതട സംസ്‌കാര പാരമ്പര്യത്തിൽ പ്രതിമാശിൽപവുമായി ബന്ധപ്പെട്ട ശിൽപങ്ങളും ചിത്രങ്ങളുമുണ്ട്‌. ഈ ശിൽപരൂപങ്ങളിൽ ലളിതരേഖകൾ, കോണുകൾ, വൃത്തങ്ങൾ, അർധവൃത്തങ്ങൾ തുടങ്ങിയ ശൈലീസങ്കേതങ്ങളിൽ കാണപ്പെട്ടിരുന്നു. ചിത്രങ്ങളിൽ ഇലകൾ, പൂക്കൾ, ജീവജാലങ്ങൾ എന്നിവയുടെ ആലേഖനവും ഉണ്ടായിരുന്നതായി കാണാം.

ഭാരതീയ ചിത്രകലാചരിത്രത്തിലെന്നും നിത്യസ്‌മാരകമായി മാറിയത്‌ അജന്ത ചുവർചിത്രങ്ങളാണ്‌. സിന്ധു നദിതട സംസ്‌കാരത്തിനുശേഷമുള്ള നീണ്ടകാലത്തെ നിശബ്ദതയ്‌ക്കുശേഷമുള്ള ഉണർവു പകർന്നത്‌ അജന്താ ചുവർചിത്രങ്ങളും ശിൽപരചനകളുമാണ്‌. ബിസി 180നും എഡി 860നും ഇടയ്‌ക്ക്‌ ഇവ രചിക്കപ്പെട്ടതെന്ന്‌ കരുതപ്പെടുന്നു. 1819ൽ യുദ്ധവുമായി ബന്ധപ്പെട്ട പാശ്ചാത്യ പടയാളികളാണ്‌ കാടുമൂടിക്കിടന്ന ഗുഹകളും അതിനുള്ളിലെ ചിത്ര‐ശിൽപരചനകളും കണ്ടെത്തുന്നത്‌. അവ എക്കാലവും ഭാരതീയ ചിത്രകലാകാരർക്ക്‌ പ്രചോദനമാവുകയായിരുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ടും ഉന്നതമായ ആധ്യാത്മികമൂല്യങ്ങളുമായും സൗന്ദര്യസങ്കൽപങ്ങളുമായും ഇഴചേരുന്ന ഉത്‌കൃഷ്‌ടമായ കഥകളാണ്‌ ഈ ചിത്രങ്ങൾക്ക്‌ പറയാനുള്ളത്‌. ഭാരതത്തിലെ പുരാതന ദേശീയ ചിത്രശാലയെന്നറിയപ്പെടുന്ന അജന്താ ഗുഹകൾക്ക്‌ അന്തർദേശീയ പ്രാധാന്യം ലഭിച്ചതും എടുത്തുപറയേണ്ടതാണ്‌.

ഇതിന്‌ സമാനമായും അനുബന്ധമായും പല ശൈലികളും പ്രസ്ഥാനങ്ങളും ഇന്ത്യൻ ചിത്രകലയ്‌ക്ക്‌ ശക്തിപകർന്നിട്ടുണ്ട്‌. 16‐ാം നൂറ്റാണ്ടോടെ ചുവർ ചിത്രകലയുടെ സ്ഥാനം കുറയുകയും മിനിയേച്ചർ ചിത്രങ്ങൾ (ചെറിയ ചിത്രങ്ങൾ)ക്ക്‌ പ്രചാരമുണ്ടാവുകയും ചെയ്‌തു. ഇവയിൽ സാങ്കേതിക വൈദഗ്‌ധ്യത്തിനും ഉദാത്തമായ പ്രതിപാദനരീതിയിലും രാജസ്ഥാനി മിനിയേച്ചർ ചിത്രങ്ങൾ ശ്രദ്ധേയങ്ങളാണ്‌. സംഗീതവുമായും ഇഴചേരുന്നു ഈ ചിത്രങ്ങൾ. 17‐18 നൂറ്റാണ്ടുകൾക്കിടയ്‌ക്കുള്ള പഹാരിചിത്രങ്ങളും തുടർന്നുണ്ടായ മുഗൾ ചിത്രകലയും ഭാരതീയ ചിത്രകലയിൽ വിലപ്പെട്ട സംഭാവനകളാണ്‌ കാഴ്‌ചവെച്ചത്‌. പരമ്പരാഗത ശൈലികളെ മാറ്റിനിർത്തിയും അല്ലാതെയും പുതിയ ശൈലികൾക്ക്‌ രൂപംകൊടുത്തുകൊണ്ടുള്ള ചിത്രരചന എല്ലാ കാലഘട്ടത്തിലുമുണ്ടായിട്ടുണ്ട്‌. 19‐ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലും 20‐ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ്‌ ചിത്രകല വിപ്ലവകരമായ പരിവർത്തനങ്ങൾക്ക്‌ വിധേയമാകുന്നതും പുതിയകാല പ്രസ്ഥാനങ്ങൾ രൂപമെടുക്കുന്നതും.

പ്രാദേശികതലത്തിൽ ശ്രദ്ധേയമായ ചിത്രകലാപ്രസ്ഥാനങ്ങൾ ഇന്ത്യയിൽ പലയിടത്തുമുണ്ടായിട്ടുള്ളതും ചിത്രകലയുടെ വളർച്ചയ്‌ക്ക്‌ സഹായകമായിട്ടുണ്ട്‌. ചിലത്‌ ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്‌.

1850 മുതൽ ഇന്ത്യൻ ചിത്രകലാരംഗത്ത്‌ മാറ്റം കണ്ടുതുടങ്ങി. വിദേശാധിപത്യമാണ്‌ ഇതിന്‌ പ്രധാനമായി വഴിയൊരുക്കിയത്‌. ഭാരതത്തിലെ പരമ്പരാഗതശൈലികൾ മാറ്റിമറിച്ചുകൊണ്ടാണ്‌ വിക്‌ടോറിയൻ ശൈലീസങ്കേതങ്ങൾ കടന്നുവന്നത്‌. കലയിലെ വിക്‌ടോറിയൻ ശൈലിയും പാഠ്യപദ്ധതിയുമൊക്കെ നമ്മുടെ പാരമ്പര്യത്തിന്‌ ചേർന്നതല്ലെന്ന്‌ ദേശീയവാദികളായ ഒരുവിഭാഗം കലാകാരർ തങ്ങളുടെ രചനകളിലൂടെ പ്രതികരിച്ചുതുടങ്ങുകയും വാദിക്കുകയും ചെയ്‌തു. അബനീന്ദ്രനാഥ ടാഗോറിന്റെയും ഇ ബി ഹാവേലിന്റെയും നേതൃത്വത്തിൽ ‘ബംഗാൾ സ്‌കൂൾ’ എന്നൊരു പ്രസ്ഥാനത്തിനും രൂപംകൊടുത്തു. കേരളത്തിലെ ചിത്രകലാരംഗം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ച, രാജാരവിവർമയും കൂട്ടരും ‘ഇന്തോ യൂറോപ്യൻ’ ശൈലി എന്നൊരു സമാന പ്രസ്ഥാനവും വളർത്തിയെടുത്തു. ദേവീ ദേവതാ സങ്കൽപങ്ങൾക്ക്‌ ആധുനികമായ രൂപകൽപനയോടെ സാധാരണ മനുഷ്യരിലൂടെ അവതരിപ്പിക്കുകയായിരുന്നു രാജാരവിവർമ ചെയ്‌തത്‌.

വർഷങ്ങൾ പിന്നിടുമ്പോൾ ഭാരതത്തിൽ ബംഗാൾ സ്‌കൂൾ വളർച്ച മുട്ടുകയും ജാമിനിറോയ്‌, നന്ദലാൽ ബോസ്‌ എന്നീ കൂട്ടായ്‌മയിൽ ന്യൂ ബംഗാൾ സ്‌കൂൾ ശൈലിക്ക്‌ രൂപംകൊടുത്തുവെങ്കിലും ഒറ്റപ്പെട്ട കലാപ്രസ്ഥാനമായി ചുരുക്കം ചിത്രകാരരിലൂടെ പേരിനുമാത്രം നിലനിന്നുപോന്നു. അപ്പോഴും രാജാരവിവർമ ചിത്രങ്ങൾക്ക്‌ പ്രസക്തിയേറുകയും കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക്‌ ചിത്രമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം സ്വന്തം പ്രസ്‌ സ്ഥാപിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്‌തു. സാധാരണക്കാരനും ചിത്രം വാങ്ങി വീടുകൾ അലങ്കരിക്കാൻ കഴിയുന്ന വിപ്ലവകരമായ മാറ്റത്തിനാണ്‌ രാജാരവിവർമ വഴിയൊരുക്കിയത്‌.

ഭാരതീയ സംസ്‌കാരത്തിലും പാരമ്പര്യത്തിലുമൂന്നിയ ചിത്രങ്ങൾ പിൽക്കാലത്ത്‌ ധാരാളമായി പുതിയ കലാകാരർ രചിക്കുകയും സമകാലീന കലയുമായി ഇഴചേർക്കുകയുമൊക്കെ ചെയ്‌തുകൊണ്ട്‌ ഇന്ത്യൻ ചിത്രകലാരംഗം സമ്പന്നമാകുന്ന കാഴ്‌ചയാണിന്നുള്ളത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + 10 =

Most Popular