Monday, September 9, 2024

ad

Homeലേഖനങ്ങൾ‌‌സ്വേച്ഛാധികാരത്തിന്‌ പ്രഹരമേൽപ്പിക്കുന്ന കോടതി ഇടപെടലുകൾ

‌‌സ്വേച്ഛാധികാരത്തിന്‌ പ്രഹരമേൽപ്പിക്കുന്ന കോടതി ഇടപെടലുകൾ

കെ ടി കുഞ്ഞിക്കണ്ണൻ

സ്വേച്ഛാധികാരത്തിന്റെ തിരുമന്തൻതലകൾക്ക് നമ്മുടെ കോടതിയുടെ ഭാഗത്തുനിന്നും തുടർച്ചയായി പ്രഹരമേറ്റുകൊണ്ടിരിക്കുകയാണ്. ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം അതൊരാശ്വാസമാണ്. മൃതമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ അതിജീവനസാധ്യതകളിലേക്ക് വിരൽചൂണ്ടുന്ന ശുഭസൂചനയാണ്. പാർലമെന്ററി ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും അത്യന്തം അപകടകരമായ അപചയത്തിലൂടെ കടന്നുപോകുമ്പോൾ മോഡി സർക്കാരിന് കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തിരിച്ചടികൾ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ്. ഭരണഘടനയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ച് അമിതാധികാര പ്രയോഗം നടത്തുന്ന മോഡി സർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് ലഭിച്ച് തിരിച്ചടികളിൽ ഒടുവിലത്തേതാണ് ന്യൂസ്‌ക്ലിക്ക് സ്ഥാപകനും ഉന്നതനായ സാമൂഹ്യശാസ്ത്രജ്ഞനുമായ പ്രബീർ പുർകായസ്ഥയുടെ അറസ്റ്റും റിമാൻഡും റദ്ദുചെയ്തുകൊണ്ടുള്ള വിധി.

18‐-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനുശേഷം കേന്ദ്രത്തിന്റെ അന്യായനീക്കങ്ങൾക്ക് തടയിടുന്ന തുടർച്ചയായ ഇടപെടലുകൾ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിയെന്നത് ഇനിയും മരിച്ചിട്ടില്ലാത്ത നമ്മുടെ ജനാധിപത്യത്തിന്റെ, നീതിന്യായ സംവിധാനങ്ങളുടെ ഇടപെടൽ സാധ്യതയെയാണ് കാണിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌റിവാളിന് തിരഞ്ഞെടുപ്പ് പ്രചരണം നടത്താൻ കഴിയുംവിധം ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് മോഡി സർക്കാരിന്റെ കുടിലമായ നീക്കങ്ങളെ തടയുകയായിരുന്നു കോടതി. രണ്ടരവർഷം പഴക്കമുള്ള ഡൽഹി മദ്യനയ കേസിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമാണ് ഇ.ഡിയെ ഇറക്കി കേസെടുക്കുന്നത്. കെജ്‌റിവാളും ഇന്ത്യാ മുന്നണിയും ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാനുള്ള മോഡിയുടെ വാമനബുദ്ധിയായിരുന്നു കെജ്‌റിവാളിന്റെ അറസ്റ്റും. കോടതി ആ ലക്ഷ്യത്തെ പൊളിച്ചുകൊടുത്തു.

വിചാരണ തീരാൻ നിരവധി വർഷം എടുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീമകൊറോഗാവ് കേസിൽ സാമൂഹ്യപ്രവർത്തകൻ ഗൗതം നവലാഖക്ക് ഇപ്പോൾ സുപ്രീംകോടതി ജാമ്യം നൽകിയത്. ഭീമ കൊറേഗാവ്‌ കേസിൽ നേരത്തെതന്നെ സുപ്രീംകോടതി യു.എ.പി.എ പ്രകാരം സർക്കാർ ജയിലിലടച്ച 7 പേർക്ക് ജാമ്യം നൽകിയിരുന്നു. മോഡി സർക്കാരിന്റെ ഗൂഢാലോചനാപരവും ജനാധിപത്യവിരുദ്ധവുമായ നീക്കങ്ങൾക്കുള്ള ശക്തമായ താക്കീതാണ് ഈ കോടതി ഇടപെടലുകളെല്ലാം. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽബോണ്ട് സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതി വിധിച്ചത്. കോർപ്പറേറ്റുകളും ബി.ജെ.പി ഉൾപ്പെടെയുള്ള ഭരണവർഗപാർടികളും തമ്മിലുള്ള രഹസ്യപണമിടപാട് സംവിധാനമായിരുന്നു ഇലക്ടറൽബോണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഇലക്ടറൽബോണ്ട് റദ്ദുചെയ്തുകൊണ്ടുള്ള വിധിന്യായത്തിലൂടെ സുപ്രീംകോടതി വൻകിട കോർപ്പറേറ്റുകളും മോഡിയും തമ്മിലുള്ള ചങ്ങാത്തം വെളിച്ചത്തുകൊണ്ടുവന്നു. കോടതി ആവശ്യപ്പെട്ടപ്രകാരം ഇലക്ഷൻകമ്മീഷന് പൂർണവിവരം നൽകാൻ എസ്.ബി.ഐ വിമുഖത കാണിച്ചതും അതിനായി കൂടുതൽ സമയം വേണമെന്ന എസ്.ബി.ഐയുടെ നിലപാടും കോടതി കർശനമായ ഇടപെടലിലൂടെ തന്നെ പൊളിച്ചു. കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പിനുമുമ്പ് ഇലക്ടറൽബോണ്ടുവഴി കോർപ്പറേറ്റുകളുടെയും അധാർമ്മിക ബിസിനസ്സുകാരുടെയും കൈകളിൽനിന്ന് ബി.ജെ.പിക്ക് ലഭിച്ച പണത്തിന്റെ വിവരങ്ങൾ പുറത്തുവരാതിരിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. അതെല്ലാം കോടതി ഇടപെട്ട് തടഞ്ഞു. ഫെഡറൽ തത്വങ്ങളെയാകെ കുഴിച്ചുമൂടിക്കൊണ്ട് നിയമപരമായി വായ്പയെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ കേരളം നൽകിയ കേസിലും സുപ്രീംകോടതി ചരിത്രപരമായ ഇടപെടലാണ് നടത്തിയത്. അങ്ങേയറ്റം സ്വേച്ഛാധികാര വാഞ്ഛയോടെ മോഡി സർക്കാർ നടത്തിയ ഓരോ നീക്കങ്ങളെയും കോടതി ഇടപെടൽ വഴി തടയപ്പെടുന്നതാണ് കണ്ടത്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്നാണ് മെയ് 15-ന് സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവനയിൽ നിരീക്ഷിച്ചിട്ടുള്ളത്. അറസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് എഴുതി നൽകാതെയാണ് പ്രബീർ പുർകായസ്ഥയെ ഡൽഹി പോലീസ് സ്‌പെഷ്യൽസെൽ അറസ്റ്റുചെയ്തതെന്നകാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. റിമാൻഡ് അപേക്ഷയുടെ പകർപ്പുപോലും നൽകിയില്ലെന്നും നിയമത്തെ മറികടക്കാനായി നിഗൂഢമായ രീതിയിൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി പോലീസ് റിമാൻഡ് ഉത്തരവ് സമ്പാദിക്കുകയായിരുന്നുവെന്നുമുള്ള ഗുരുതരമായ കുറ്റമാണ് സുപ്രീംകോടതി വിധിപ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ളത്. അറസ്റ്റിലായ വ്യക്തിക്ക് താൽപര്യമുള്ള അഭിഭാഷകനെവെച്ച് റിമാൻഡ് അപേക്ഷയെ എതിർക്കാനുള്ള നിയമപരമായ അവകാശത്തെയാണ് പോലീസ് പ്രബീർ പുർകായസ്ഥക്ക് നിഷേധിച്ചത്.

നടപടിക്രമം പാലിക്കാതെയുള്ള അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് വിധിച്ച് കോടതി അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നാണ് നിർദ്ദേശിച്ചത്. ജസ്റ്റിസ് ഭൂഷൺ ആർ ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് ഈ വിധിപ്രസ്താവനയിലൂടെ നടത്തിയിരിക്കുന്ന നിരീക്ഷണം വളരെ പ്രധാനവും കേന്ദ്രസർക്കാരിന്റെ തങ്ങൾക്കനഭിമതരായ മാധ്യമപ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമതിരായ ഗൂഢാലോചനാപരമായ നീക്കങ്ങളിലേക്ക് വിരൽചൂണ്ടുന്നതുമാണ്. വിധിപ്രസ്താവനയിൽ പറയുന്നത് പ്രബീർപുർകായസ്ഥയെ ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവിടേണ്ടതായിരുന്നുവെങ്കിലും കുറ്റപത്രം സമർപ്പിച്ചതിനാൽ വിചാരണകോടതി തീരുമാനിക്കുന്ന ജാമ്യവ്യവസ്ഥപ്രകാരം മോചിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്നുവെന്നാണ്. അതായത് ന്യൂസ്‌ക്ലിക്കിനും പ്രബീർ പുർകായസ്ഥക്കുമെതിരായ ഈ കേസ് നിലനിൽക്കാത്തതാണെന്നും പ്രബീറിനെ വിട്ടയക്കണമെന്നും എന്നാൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്ന കേസായതുകൊണ്ട് വിചാരണനടപടികൾ പൂർത്തീകരിക്കേണ്ട നടപടിക്രമങ്ങളുള്ളതുകൊണ്ടും മാത്രമാണ് ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിട്ടയക്കാനുമാണ് കോടതി നിർദ്ദേശിച്ചത്.

സുപ്രീംകോടതിയുടെ ഈ ഉത്തരവ് മാധ്യമസ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ അംഗീകാരമായിത്തന്നെ കാണേണ്ടതുണ്ട്. മോഡി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും വർഗീയ അജൻഡകളെയും അതിശക്തമായി വിമർശിച്ചിരുന്ന ന്യൂസ്‌ക്ലിക്കിന്റെ എഡിറ്റർ ഇൻചീഫ് പ്രബീർ പുർകായസ്ഥയെയും എച്ച്.ആർ മാനേജർ അമിത്ചക്രവർത്തിയെയും 2023 ഒക്ടോബർ 3-നാണ് അറസ്റ്റുചെയ്തത്. ഒരുതെളിവുമില്ലാത്ത കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ചൈനാനുകൂലപ്രചരണം നടത്താൻ ന്യൂസ്‌ക്ലിക്ക് പണംപറ്റി പ്രവർത്തിക്കുന്നുവെന്ന ആരോപണങ്ങളുടെ പേരിലാണ് ഈ കേസ് കെട്ടിച്ചമച്ചത്. ഒരുതെളിവുമില്ലാത്ത ആരോപണങ്ങളുടെ പേരിലെടുത്ത കേസ് എന്ന നിരീക്ഷണമാണ് ഇപ്പോൾ സുപ്രീംകോടതിയുടെ വിധിന്യായം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുക. നിയമപരമായ എല്ലാ നടപടിക്രമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് പ്രബീറിനെ അറസ്റ്റുചെയ്തതും ജയിലിലടച്ചതും.

മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തതിനുശേഷമാണ് പോലീസ് വാട്‌സ്ആപ്പിലൂടെ അഭിഭാഷകന് റിമാൻഡ് അപേക്ഷ അയച്ചുകൊടുത്തത്. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള തന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് പുർകായസ്ഥക്ക് ഇപ്പോൾ സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. നേരത്തെ ഡൽഹി ഹൈക്കോടതി പുർകായസ്ഥയുടെ അറസ്റ്റ് ശരിവെച്ചുകൊണ്ട് നടത്തിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. ജനദ്രോഹനയങ്ങൾക്കും ഭരണകൂട ഭീകരതക്കുമെതിരെ നിരന്തരം ശബ്ദമുയർത്തുന്നതിനാലാണ് ന്യൂസ്‌ക്ലിക്കിനെതിരായി ബി.ജെ.പി സർക്കാർ നടപടി സ്വീകരിച്ചത്.

തീർച്ചയായിട്ടും ഈ വിധി മോഡി സർക്കാരിന്റെ വർഗീയധ്രുവീകരണ നയങ്ങൾക്കും കോർപ്പറേറ്റ് കൂട്ടുകെട്ടിനും എതിരായ മാധ്യമങ്ങളുടെയും ജനങ്ങളുടെയും സ്വതന്ത്രമായ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ്. അധികാരത്തിലിരിക്കുന്ന പാർടിയുടെ ചിന്താധാരയോട് വിയോജിക്കുന്നവരെയും വിമർശനമുള്ളവരെയും തെളിവൊന്നുമില്ലാതെ കള്ളക്കേസുകളിൽ കുടുക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന നയമാണ് മോഡിസർക്കാർ 2014 മുതൽ സ്വീകരിച്ചുവരുന്നത്. എതിർപ്പിന്റെ ശബ്ദങ്ങളെ ഇല്ലാതാക്കാനും ജനങ്ങളിൽ ഭയം സൃഷ്ടിക്കാനുമാണ് കള്ളക്കേസുകളും അറസ്റ്റുകളും വ്യാപകമാക്കുന്നത്. 2018 ജനുവരി 2-ന് ഭീമാകൊറേഗാവിലുണ്ടായ സംഭവങ്ങളുടെ അന്വേഷണത്തിന്റെ പേരിലാണ് ഇന്ത്യയിലെ പ്രമുഖരായ ഇടതുദളിത് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവർത്തകരെയും മോഡി സർക്കാർ സംഘടിതമായി വേട്ടയാടിയത്.

ഭീമാകൊറേഗാവ് സംഭവത്തെ നരേന്ദ്രമോഡിയെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധിപ്പിച്ചാണ് രാജ്യത്തെ ശ്രദ്ധേയരായ ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒരുതെളിവുമില്ലാതെ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. 2018-ൽ ഭീമാകൊറേഗാവിലുണ്ടായ കലാപത്തിൽ നരേന്ദ്രമോഡിയെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മഹാരാഷ്ട്ര പോലീസും കേന്ദ്ര ഏജൻസികളും ഭീകരത സൃഷ്ടിച്ചത്. കള്ളക്കേസുകൾ കെട്ടിച്ചമച്ചുണ്ടാക്കി തങ്ങളുടെ എതിരാളികളെ വേട്ടയാടുകയെന്നത് എല്ലാ ഫാസിസ്റ്റുകളുടെയും ജന്മസ്വഭാവമാണ്. ദളിതർ ന്യൂനപക്ഷങ്ങൾക്കും ചൂഷിതവർഗങ്ങൾക്കുംവേണ്ടി സംസാരിക്കുന്നവരെ ഭീകരവാദികളാക്കി മുദ്രയടിച്ച് വേട്ടയാടുകയെന്നതാണ് സംഘപരിവാർ സർക്കാരുകളുടെ പരിപാടി തന്നെ.

ഭീമാകൊറേഗാവ് സംഭവവും അതിനെ തുടർന്നുള്ള ബുദ്ധിജീവി വേട്ടയും മോഡി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതയെയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ജനാധിപത്യവും സ്വാതന്ത്ര്യവും പൗരാവകാശവും നിഷേധിക്കുന്ന, വിമർശിക്കുന്നവരെയും വിയോജിക്കുന്നവരെയും ഭീകരവാദികളായി മുദ്രകുത്തി വേട്ടയാടുന്ന അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്ന സേച്ഛാധിപത്യ ഭീകരതയായിരുന്നു. ഹൈദരാബാദിലെ ഫ്‌ളാറ്റിൽ റെയ്ഡ് നടത്തിയാണ് തെലുങ്ക് കവിയായ വരവരറാവുവിനെ അന്ന് അറസ്റ്റുചെയ്തത്. മുതിർന്ന മാധ്യമ പ്രവർത്തകനും വരവരറാവുവിന്റെ മരുമകനുമായ കെ.വി.കമർനാഥിന്റെയും ഫോട്ടോഗ്രാഫറായ ടി.ക്രാന്തിയുടെയും ഫ്‌ളാറ്റുകളിലും പോലീസ് സംയുക്തസംഘം അഴിഞ്ഞാടി. ഫരീദാബാദിലെ ട്രേഡ്‌യൂണിയൻ നേതാവായ സുധാഭരദ്വാജിനെ സൂരജ്കുണ്ഡിലെ വീട്ടിൽ നിന്നാണ് അറസ്റ്റുചെയ്തത്. സുധാഭരദ്വാജ് അഭിഭാഷകയും പി.യു.സി.എൽ നേതാവുമാണ്. ട്രേഡ് യൂണിയൻ പ്രവർത്തകയാണ്. കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തീകരിച്ച അവർ തന്റെ സമ്പന്നമായ ചുറ്റുപാടുകൾ ഉപേക്ഷിച്ച് തൊഴിലാളികൾക്കും ആദിവാസികൾക്കും ദളിതർക്കുമിടയിൽ പ്രവർത്തിക്കുകയായിരുന്നു. സാമൂഹ്യശാസ്ത്രജ്ഞനും ഉന്നത അക്കാദമിക് പണ്ഡിതനുമായ ഗൗതംനഖ്‌വലെയെ ഡൽഹിയിലെ നെഹ്‌റു എൻക്ലൈവിലെ വീട്ടിൽ നിന്നാണ് അറസ്റ്റുചെയ്തത്. മഹാരാഷ്ട്രയിലെ വെനോൺഗോൺസാലോവ് അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ്. അഭിഭാഷകരായ അരുൺഫെരേര, സൂസൻ അബ്രഹാം എന്നിവരുടെ ഫ്‌ളാറ്റുകളിലും പോലീസ് റെയ്ഡുകൾ നടത്തി. ഈ അഭിഭാഷകരാണ് ഭീമ കൊറേഗാവിലെ അതിക്രമത്തിനിരയായ ദളിത് വിഭാഗങ്ങളുടെ കേസുകൾ കൈകാര്യം ചെയ്യുന്നത്.

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി കുട്ടികൾക്കുവേണ്ടി സ്‌കൂൾ നടത്തുന്ന ഫാദർ സ്റ്റാൻസാമിയുടെ വാസസ്ഥലത്തും റെയ്ഡ് നടത്തിയെങ്കിലും അദ്ദേഹത്തെ അന്ന് അറസ്റ്റുചെയ്തിരുന്നില്ല. പിന്നീട് ഭീമാകൊറേഗാവ് സംഭവവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കള്ളത്തെളിവുകളുണ്ടാക്കി ആ വൃദ്ധസന്യാസിയെ തടവറയിലിട്ട് പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. ഗോവയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫ.ആനന്ദ്‌ തെൽതുംബ്‌ഡെയുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. എഴുത്തുകാരനും ദളിത് നിരീക്ഷകനുമാണ് തുംബ്‌ഡെ. അദ്ദേഹത്തെ അറസ്റ്റുചെയ്ത് യു.എ.പി.എ ചേർത്ത് തുറങ്കലിലടച്ചു.

ഭീമാകൊറേഗാവ് കേസിൽ കഴിഞ്ഞ ജൂൺ മാസം 6-ന് പ്രൊഫ.ഷോമാസെൻ, റോണാവിൽസൺ, സുരേന്ദ്രഗാഡ്ഗിൽ, മഹേഷ്‌റാവത്ത്, സുധീർദാവ്‌ലെ എന്നിവരെയും പൂനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

ദളിതർക്കും ആദിവാസികൾക്കും വേണ്ടി സംസാരിക്കുന്ന ബുദ്ധിജീവികളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ഭരണകൂട തന്ത്രമായിരുന്നു ഇതൊക്കെ. സംഘപരിവാറിനെയും കോർപ്പറേറ്റ് നയങ്ങളെയും വിമർശിക്കുന്നവരെ ഭീകരവാദികളാക്കി വേട്ടയാടാനാണ് ബി.ജെ.പി സർക്കാരുകൾ ശ്രമിച്ചത്. വ്യവസ്ഥയുടെ അനീതിയെയും ദുരധികാര പ്രയോഗങ്ങളെയും വിമർശിക്കുന്നവരെ മാവോയിസ്റ്റുകളാക്കി വേട്ടയാടുകയാണ് ഭരണകൂടം. മനുഷ്യാവകാശ നിഷേധങ്ങൾക്കും ഭരണകൂട അതിക്രമങ്ങൾക്കുമെതിരെ ശബ്ദിക്കുന്ന ബുദ്ധിജീവികളെയും പ്രൊഫഷണലുകളെയും അർബൻ മാവോയിസ്റ്റ് എന്ന് വിളിപ്പേര് നൽകി വേട്ടയാടാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് രാജ്യമെമ്പാടും നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയതയുടെയും അഖണ്ഡതയുടെയും സങ്കുചിത വികാരങ്ങൾ ഉണർത്തി എല്ലാവിധ ഭരണകൂട ഭീകരതയെയും ന്യായീകരിക്കാനാണ് സംഘപരിവാർ ബുദ്ധിജീവികളും അവരുടെ ജിഹ്വകളും നോക്കുന്നത്.

കോവിഡ് മഹാമാരിയുടെ നാളുകളിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചകളെ നേരിയ രീതിയിൽ വിമർശിച്ച മാധ്യമങ്ങളെപ്പോലും വേട്ടയാടുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നവർ എന്നാരോപിച്ച് തങ്ങളെ വിമർശിക്കുന്ന മാധ്യമ ഉടമകളെയും അവയിലെ മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് മോഡി ഭരണത്തിനുകീഴിൽ പതിവായിരിക്കുന്നു. അഗ്രിബിസിനസ്സ് കമ്പനികൾക്കുവേണ്ടി മോഡി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളെ തുറന്നുകാണിച്ചതുൾപ്പെടെയുള്ള കോർപ്പറേറ്റ് വിരുദ്ധ നിലപാടുകളാണ് ന്യൂസ്‌ക്ലിക്കിനെ മോഡി സർക്കാരിന്റെ ശത്രുവാക്കിയത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മാധ്യമസ്വാതന്ത്ര്യം ഏറ്റവും അടിത്തട്ടിലേക്ക് നിപതിച്ചുപോയിരിക്കുന്ന ലജ്ജാകരമായ ഒരു കാലമാണിത്. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പ്രസിദ്ധീകരിച്ച ലോകമാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്. കള്ളക്കേസുകളിൽപ്പെടുത്തി മാധ്യമസ്ഥാപനങ്ങളെ തകർക്കുകയെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ദൈനിക് ഭാസ്‌കറിനുനേരെ നടന്ന റെയ്ഡും കള്ളക്കേസും. ഒന്നുകിൽ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നരേന്ദ്രമോഡിയുടെ ഭീഷണിക്ക് വഴങ്ങി കോർപ്പറേറ്റ് ഹിന്ദുത്വ അജൻഡയുടെ സ്തുതിപാഠകരാകണം അല്ലെങ്കിൽ ഭരണകൂട ഭീകരതയുടെ ഇരകളായി ജയിലറകളിലേക്ക് പോകണമെന്ന അവസ്ഥയാണ് ഇന്ത്യയിൽ. മാധ്യമസ്വാതന്ത്ര്യത്തിനുനേരെ ഉയരുന്ന ഭരണകൂട ഭീകരതയ്‌ക്കും കള്ളക്കേസുകൾക്കുമെതിരായ നീതിയുടെ ഭാഗത്തുനിന്നുള്ള ശക്തമായൊരു താക്കീതാണ് ഇപ്പോൾ സുപ്രീംകോടതി ന്യൂസ്‌ക്ലിക്ക് കേസ് വിധിയിലൂടെ നൽകിയിരിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + twenty =

Most Popular